ഭരണങ്ങാനം
9°42′00″N 76°43′40″E / 9.70000°N 76.72778°E കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ഗ്രാമമാണ് ഭരണങ്ങാനം. പാലാ പട്ടണത്തിനു സമീപത്താണ് ഭരണങ്ങാനം. ഏറ്റുമാനൂർ-പൂഞ്ഞാർ സംസ്ഥാന പാതയിൽ പാലായിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് ഭരണങ്ങാനം. വിശുദ്ധ അല്ഫോൻസാമ്മയുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നത് സെന്റ് മേരീസ് പള്ളിയോടു ചേർന്നുള്ള ഒരു ചെറിയ പള്ളിയിൽ ആണ്. അതിനാൽ ഇവിടം ക്രിസ്തീയ തീർത്ഥാടന കേന്ദ്രമായി അറിയപ്പെടുന്നു. ഭരണങ്ങാനം മീനച്ചിലാറിന്റെ തീരത്തായി ആണ് സ്ഥിതിചെയ്യുന്നത്.
ഭരണങ്ങാനം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കോട്ടയം |
ലോകസഭാ മണ്ഡലം | കോട്ടയം |
നിയമസഭാ മണ്ഡലം | പാലാ |
ജനസംഖ്യ | 17,000 |
സാക്ഷരത | 100% |
സമയമേഖല | IST (UTC+5:30) |
ഇവിടത്തെ പ്രധാന കൃഷി റബ്ബർ ആണ്. ഭരണങ്ങാനം പട്ടണത്തിലെ 5 സ്കൂളുകൾ ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കീഴിലാണ്. ഭരണങ്ങാനത്ത് ചില പ്രധാന ഹിന്ദു തീർത്ഥാടനകേന്ദ്രങ്ങളും ഉണ്ട്. മീനച്ചിലാറിന്റെ തീരത്തുള്ള ശ്രീകൃഷ്ണക്ഷേത്രം കേരളത്തിലെ ഒരു പ്രധാന ക്ഷേത്രമാണ്. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലുള്ള ശ്രീകൃഷ്ണ സാന്നിധ്യം മൂലം ഇതിന് ദക്ഷിണഗുരുവായൂർ എന്നുകൂടി പേരുണ്ട്. പ്രശസ്ത മലയാളം സിനിമാനടിയായ മണ്മറഞ്ഞ മിസ്സ് കുമാരി ഭരണങ്ങാനത്തുനിന്നാണ്. ഒ.എഫ്.എം. കാപ് മിഷനറിമാർ നടത്തുന്ന അസ്സീസ്സി ആശ്രമം ഭരണങ്ങാനത്ത് ആണ്. ഇവിടെ നിന്നും എല്ലാ മാസവും അസ്സീസ്സി എന്ന മാഗസിൻ പ്രസിദ്ധീകരിക്കുന്നു.
ഐതിഹ്യം
തിരുത്തുക- ഭരണങ്ങാനം എന്ന പേരുവന്നത് ഇവിടെയുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ചിരപുരാതന ചരിത്രവുമായി ബന്ധപ്പെട്ടാണ്. പാണ്ഡവന്മാരുടെയും പാഞ്ചാലിയുടെയും വനവാസകാലത്ത് യുധിഷ്ഠിരൻ ഇവിടെ വിഷ്ണുപൂജ നടത്തിയിരുന്നു. കുംഭമാസത്തിലെ ശുക്ലപക്ഷ ദ്വാദശിനാളിൽ അദ്ദേഹം ദ്വാദശിപൂജ നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പക്കൽ കൃഷ്ണവിഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. തന്റെ ഭക്തന്റെ ബുദ്ധിമുട്ടു മനസ്സിലാക്കിയ കൃഷ്ണദേവൻ വിഷ്ണുവിന്റെ ഒരു സുന്ദരവിഗ്രഹം വേദവ്യാസനെയും ദേവർഷി നാരദനെയും ഏല്പിച്ച് യുധിഷ്ഠിരനുവേണ്ടി പൂജ നടത്താൻ നിയോഗിച്ചു. യുധിഷ്ഠിരനുവേണ്ടി വിഷ്ണുപൂജ നടത്തിയ അവർ അനുയോജ്യമായ സ്ഥലം കണ്ടെത്തി വിഗ്രഹപ്രതിഷ്ഠ നടത്തുകയും ചെയ്തു. വേദവ്യാസനും ദേവർഷി നാരദനുംഅഭിഷേകം നടത്തിയത് ഇപ്പോൾ മീനച്ചിലാറ് എന്നറിയപ്പെടുന്ന ഗൗനാനദിയിലെ ജലം ഉപയോഗിച്ചായിരുന്നു. പാണ്ഡവരും പാഞ്ചാലിയും അവരുടെ വ്രതം അവസാനിപ്പിച്ച് പാരണവീടൽ നടത്തിയത് ഇവിടെ വച്ചായിരുന്നു. പാരണവീടൽ നടത്തിയ കാട് എന്ന അർഥത്തിൽ പാരണാരണ്യം അഥവാ പാരണകാനനം എന്ന് ഈ സ്ഥലത്തിന് പേരിട്ടത് അവരാണ്. കാലക്രമത്തിൽ പാരണംകാനമായിത്തീർന്ന സ്ഥലപ്പേര് നൂറ്റാണ്ടുകൾ കൊണ്ടാണ് ഭരണങ്ങാനമായി മാറിയത്.അവർ ഇവിടെ ഏതാനും ദിവസം താമസിച്ച് പൂജകൾ നടത്തി. സ്ഥലത്തുണ്ടായിരുന്ന ഒരു ബ്രാഹ്മണനെ ഒരു ക്ഷേത്രമുണ്ടാക്കാനും നിത്യവും പൂജകൾ നടത്താനും നിയോഗിച്ചശേഷമാണ് അവർ ഇവിടെനിന്നു പോയത്. അപ്പോൾ പൂജകൾ നടത്താൻ വേണ്ടത്ര വെള്ളം പുഴയിലില്ലായിരുന്നു. അതിനാൽ ഭീമൻ തന്റെ ഗദയുപയോഗിച്ച് വിഗ്രഹത്തിനു സമീപം ഒരു തീർത്ഥം നിർമ്മിച്ചു. നൂറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും ആദ്യത്തെ അഭിഷേകം മീനച്ചിലാറ്റിലെ ജലമുപയോഗിച്ചും തുടർന്നുള്ള അഭിഷേകങ്ങൾ തീർത്ഥജലമുപയോഗിച്ചുമാണ് ഇന്നും നടത്തുന്നത്.
ആനക്കല്ല് സെന്റ് മേരീസ് ഫെറോനാ പള്ളി
തിരുത്തുകഭരണങ്ങാനത്തെ ആനക്കല്ല് സെൻറ് മേരീസ് ഫൊറോനാ പള്ളി പ്രശസ്തമാണ്. ആനക്കല്ല് എന്ന പേരുവരുവാൻ ഒരു കാരണമുണ്ട്. ഒരു സഹസ്രാബ്ദത്തിനു മുൻപ് ഭരണങ്ങാനത്ത് ഒരു പള്ളി പണിയണമെന്നു തീരുമാനിച്ചപ്പോൾ നാട്ടുകാർ തമ്മിൽ തർക്കമായി. പള്ളി എവിടെ നിർമ്മിക്കും എന്നതായിരുന്നു തർക്കവിഷയം. ചർച്ചകളിലൂടെ രഞ്ജിപ്പ് ഉണ്ടാവില്ലെന്നുറപ്പായതോടെ മധ്യസ്ഥർ ഒരു തീരുമാനമെടുത്തു. അവിടെയുണ്ടായിരുന്ന ആനയുടെ തുമ്പിക്കൈയിൽ പള്ളി നിർമ്മിക്കേണ്ട മൂലക്കല്ല് കെട്ടിക്കൊടുക്കുക. ആന കല്ല് എവിടെ വയ്ക്കുന്നുവോ അവിടെ പള്ളി പണിയും. ഇരുകൂട്ടർക്കും ആ വ്യവസ്ഥ സ്വീകാര്യമായിരുന്നു. അങ്ങനെ, ആയിരം വർഷങ്ങൾക്കും മുൻപ് ആന നടന്നെത്തി ആ കല്ലു വച്ചത് ഇന്ന് പള്ളി നിൽക്കുന്ന സ്ഥലത്തായിരുന്നു. അടുത്തകാലത്ത് പള്ളി സഹസ്രാബ്ദി ആഘോഷിച്ചു. ഭരണങ്ങാനം ഫൊറോനാപ്പള്ളിയിലെ വി. സെബസ്ത്യാനോസിന്റെ തിരുനാൾ പ്രദക്ഷിണവും ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ടുത്സവവും ജനുവരിമാസത്തിൽ ഒരേ ദിവസങ്ങളിലാണ് നടത്തപ്പെടുന്നത്. പ്രദക്ഷിണത്തിൽ ഉപയോഗിക്കുന്ന കോൽവിളക്ക് ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽനിന്ന് നൂറ്റാണ്ടുകൾക്കുമുമ്പ് നല്കപ്പെട്ടിട്ടുള്ളതാണ്. വിളക്കിനു പകരം പള്ളിയിൽനിന്ന് ക്ഷേത്രത്തിനു നല്കിയിട്ടുള്ള മുത്തുക്കുട ക്ഷേത്രത്തിലും ഉപയോഗിക്കുന്നുണ്ട്. (ഇതുപോലെയുള്ള അത്യുദാത്തമായ മതസൗഹാർദ്ദമാതൃകകൾ കേരളത്തിൽ പലയിടത്തും ഉണ്ട്.)
പാപ്പാവേദി
തിരുത്തുക1986 ഫെബ്രുവരി എട്ടിന്, കോട്ടയത്ത് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെയും അൽഫോൻസാമ്മയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത് ഈ വേദിയിൽ വച്ചായിരുന്നു. നാമകരണച്ചടങ്ങിനു ശേഷം ആ വേദി അതേപടി ഭരണങ്ങാനത്ത് അൽഫോൻസാ ചാപ്പലിനു തൊട്ടുമുൻപിലായി പുനർനിർമിച്ചു. ഇരുപതു വർഷത്തിലേറെയായി ഇപ്പോൾ ഇതിവിടെയുണ്ട്.
ചിത്രശാല
തിരുത്തുക-
പള്ളിനടകൾ
-
അല്ഫോൺസാമ്മയുടെ പള്ളിയിലേക്കുള്ള വഴി
-
അല്ഫോൺസാമ്മയുടെ ചാപ്പൽ
-
അല്ഫോൺസാ ചാപ്പലിന്റെ മുഖം
-
അൽഫോൻസാ ചാപ്പലിന്റെ ഉൾവശം.
-
ചാപ്പലിനുള്ളിലെ അൽഫോൻസാമ്മയുടെ കബറിടം
-
അല്ഫോൺസാ ചാപ്പൽ സെമിത്തേരി
-
സെൻറ് മേരീസ് ഹൈസ്കൂൾ
-
പള്ളിയുടെ മണിമാളിക
-
അൽഫോൺസാമ്മയുടെ ശവകൂടീരം