യമുന (നക്ഷത്രരാശി)

(Eridanus (constellation) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ യമുന (Eridanus). ഖഗോളമധ്യരേഖ ഇതിന്റെ വശത്തുകൂടെ കടന്നുപോകുന്നു. ഈ രാശിയുടെ വടക്കുഭാഗവും തെക്കുഭാഗവും തമ്മിൽ ഡെക്ലിനേഷനിൽ 60 ഡിഗ്രിയോളം അന്തരമുണ്ട്. ആധുനിക നക്ഷത്രരാശികളിൽ വലിപ്പത്തിന്റെ കാര്യത്തിൽ ആറാം സ്ഥാനമാണ്‌ ഇതിന്‌.

യമുന (Eridanus)
യമുന
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
യമുന രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Eri
Genitive: Eridani
ഖഗോളരേഖാംശം: 3.25 h
അവനമനം: −29°
വിസ്തീർണ്ണം: 1138 ചതുരശ്ര ഡിഗ്രി.
 (6-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
24
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
87
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
4
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
4
സമീപ നക്ഷത്രങ്ങൾ: 12
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
അക്കെർണാർ (α Eri)
 (0.46m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
ε Eri
 (10.5 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
കേതവസ് (Cetus)
അഗ്നികുണ്ഡം (Fornax)
അറബിപക്ഷി (Phoenix)
ജലസർപ്പം (Hydrus)
ഘടികാരം (Horologium)
വാസി (Caelum)
മുയൽ (Lepus)
ശബരൻ (Orion)
ഇടവം (Taurus)
അക്ഷാംശം +32° നും −90° നും ഇടയിൽ ദൃശ്യമാണ്‌
ഡിസംബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

നക്ഷത്രങ്ങൾ

തിരുത്തുക

യമുന നക്ഷത്രരാശിയുടെ തെക്കേ അറ്റത്തുള്ള അച്ചർനാർ (ആൽഫ എറിദാനി) എന്ന നക്ഷത്രത്തിന്റെ കാന്തിമാനം 0.5 ആണ്. ഭൂമിയിൽ നിന്ന് 144 പ്രകാശവർഷം അകലെയുള്ള നീല നിറമുള്ള ഒരു മുഖ്യധാരാ നക്ഷത്രമാണിത്. എറിഡാനസ് എന്ന ലാറ്റിൻ പേരിന്റെ അർത്ഥം നദിയുടെ അവസാനം എന്നാണ്. [1] അച്ചർനാർ വളരെ വിചിത്രമായ ഒരു നക്ഷത്രമാണ്. കാരണം ഇത് അറിയപ്പെടുന്ന പരന്ന നക്ഷത്രങ്ങളിൽ ഒന്നാണ്. കേന്ദ്രത്തിൽ നിന്ന് ധ്രുവങ്ങളിലേക്കുള്ളതിനേക്കാൾ ഏകദേശം 50% കൂടുതലാണ് കേന്ദ്രത്തിൽ നിന്ന് മധ്യരേഖയിലേക്കുള്ള ആരം. നക്ഷത്രം വളരെ വേഗത്തിൽ കറങ്ങുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

ഏതാനും ഇരട്ട നക്ഷത്രങ്ങൾ ഉൾപ്പെടെ എറിഡാനസിൽ ശ്രദ്ധേയമായ മറ്റ് നിരവധി നക്ഷത്രങ്ങളുണ്ട്. ഭൂമിയിൽ നിന്ന് 89 പ്രകാശവർഷം അകലെയുള്ള നീല നക്ഷത്രമാണ് ബീറ്റ എറിഡാനി. കുർസ എന്ന് വിളിക്കപ്പെടുന്ന ഇതിന്റെ കാന്തിമാനം 2.8 ആണ്. ഒറിയോണിന്റെ കാലിന്റെ തെക്കുഭാഗത്താണ് ഇതിന്റെ സ്ഥാനം. തീറ്റ എറിദാനിയെ അകാമർ എന്നും വിളിക്കുന്നു. നീലയും വെള്ളയും നിറങ്ങളുള്ള ഒരു ദ്വന്ദനക്ഷത്രമാണ് ഇത്. ചെറിയ അമച്വർ ദൂരദർശിനികൾ ഉപയോഗിച്ച് വേർതിരിച്ചറിയാൻ കഴിയുന്ന ഈ നക്ഷത്രം ഭൂമിയിൽ നിന്ന് 161 പ്രകാശവർഷം അകലെയാണ്. പ്രാഥമിക നക്ഷത്രത്തിന്റെ കാന്തിമാനം 3.2ഉം ദ്വിതീയനക്ഷത്രത്തിന്റേത് 4.3 ഉം ആണ്. 32എറിദാനി ഭൂമിയിൽ നിന്ന് 290 പ്രകാശവർഷം അകലെയുള്ള ഒരു ദ്വന്ദനക്ഷത്രമാണ്. 4.8 കാന്തിമാനമുള്ള പ്രാഥമികനകഷത്രത്തിന്റെ നിറം മഞ്ഞയും 6.1 കാന്തിമാനമുള്ള ദ്വിതീയനക്ഷത്രത്തിന്റെ നിറം നീല കലർന്ന പച്ചയുമാണ്. ചെറിയ അമച്വർ ദൂരദർശിനി ഉപയോഗിച്ച് 32എറിദാനി വേർതിരിച്ചു കാണാവുന്നതാണ്. ഭൂമിയിൽ നിന്ന് 206 പ്രകാശവർഷം അകലെയുള്ള ഒരു ദ്വന്ദനക്ഷത്രമാണ് 39എറിദാനി. 4.9 കാന്തിമാനമുള്ള പ്രാഥമികനക്ഷത്രം ഓറഞ്ച് നിറത്തിലുള്ള ഭീമൻ നക്ഷത്രമാണ്. ദ്വിതീയനക്ഷത്രത്തിന്റെ കാന്തിമാനം 8 ഉം ആണ്. ഓറഞ്ച് നിറത്തിലുള്ള മുഖ്യധാരാനക്ഷത്രം, വെളുത്ത കുള്ളൻ, ചുവപ്പുകുള്ളൻ എന്നിവ അടങ്ങുന്ന ഒരു ട്രിപ്പിൾ സ്റ്റാർ സിസ്റ്റമാണ് 40എറിദാനി. പ്രധാന നക്ഷത്രത്തിന്റെ കാന്തിമാനം 4.4 ആണ്. വെള്ളക്കുള്ളന്റെ കാന്തിമാനം 9.5ഉം ചുവപ്പുകുള്ളന്റേത് 11ഉം ആണ്. ഭൂമിയിൽ നിന്ന് 16 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. ഭൂമിയിൽ നിന്ന് 27 പ്രകാശവർഷം അകലെയുള്ള രണ്ട് ഓറഞ്ച് നക്ഷത്രങ്ങളടങ്ങുന്ന ഒരു ദ്വന്ദനക്ഷത്രമാണ് പി-എറിദാനി. കാന്തിമാനം 5.8ഉം 5.9ഉം ഉള്ള ഇവയുടെ പരിക്രമണ കാലയളവ് 500 വർഷമാണ്.[1]

വ്യാഴത്തിന് സമാനമായ സൗരയൂഥേതര ഗ്രഹമുള്ള ഒരു നക്ഷത്രമാണ് എപ്‌സിലോൺ എറിഡാനി അഥവാ റാൻ.[2] ഭൂമിയിൽ നിന്ന് 10.5 പ്രകാശവർഷം അകലെയുള്ള ഇതിന്റെ കാന്തിമാനം 3.7 ആണ്. വ്യാഴത്തിന്റെ ഏകദേശ പിണ്ഡമുള്ള ഗ്രഹം 7 വർഷം കൊണ്ടാണ് ഒരു പരിക്രമണം പൂർത്തിയാക്കുന്നത്.[1]

 

എറിഡാനസ് മഹാശൂന്യത

തിരുത്തുക

2007-ൽ കണ്ടെത്തിയ ഒരു വലിയ സൂപ്പർവോയിഡ് (ഗാലക്സികളില്ലാത്ത പ്രപഞ്ചത്തിന്റെ ഒരു പ്രദേശം) ആണ് എറിഡാനസ് സൂപ്പർവോയിഡ്. ഏകദേശം ഒരു ബില്യൺ പ്രകാശവർഷം വ്യാസമുള്ള ഇത് അറിയപ്പെടുന്ന രണ്ടാമത്തെ വലിയ ശൂന്യതയാണ്. ഇതിനേക്കാൾ വലിയ ശൂന്യത കാനിസ് വെനാറ്റിസിയിലെ മഹാശൂന്യത മാത്രമേയുള്ളൂ.

വിദൂര വസ്തുക്കൾ

തിരുത്തുക

ഒരു ചെറിയ അമേച്വർ ദൂരദർശിനിയിലൂടെ കാണാൻ കഴിയുന്ന നെബുലയാണ് എൻ.ജി.സി 1535.വലിയൊരു ദൂരദർശിനി ഉപയോഗിച്ചാൽ ഇതിന്റെ ഡിസ്ക് പോലും കാണാൻ കഴിയും. 2000 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 9 ആണ്.[1]

ഐസി 2118 എന്നത് ഒരു പുരാതന സൂപ്പർനോവ അവശിഷ്ടം ആണെന്നു കരുതുന്നു. അല്ലെങ്കിൽ ഓറിയോണിലെ നക്ഷത്രമായ റിഗലിന്റെ പ്രകാശം തട്ടി തിളങ്ങുന്ന ഒരു മങ്ങിയ പ്രതിഫലന നെബുലയായിരിക്കാം.

യമുനയിൽ NGC 1232, NGC 1234, NGC 1291, NGC 1300 എന്നീ ഗാലക്സികൾ അടങ്ങിയിരിക്കുന്നു. ഇതിൽ NGC 1300 ഒരു ബാർഡ് സ്പൈറൽ ഗാലക്സിയാണ്.

NGC 1300 61 മില്യൺ പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഒരു സർപ്പിള ഗാലക്സിയാണ്. 3300 പ്രകാശവർഷമാണ് ഇതിന്റെ വ്യാസം. [3] ഇതിന്റെ നടുവിലൂടെയുള്ള ബാറിന്റെ അസാധാരണമായ ഘടനയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ഉൽക്കാവർഷം

തിരുത്തുക

അടുത്തിടെ കണ്ടെത്തിയ ഉൽക്കാവർഷമാണ് ന്യൂ എറിഡാനിഡ്സ്.എല്ലാ വർഷവും ഓഗസ്റ്റ് 30 നും സെപ്റ്റംബർ 12 നും ഇടയിലാണ് ഇത് കാണുക. ഈ ഉൽക്കാവർഷത്തിനു കാരണം ഒരു അജ്ഞാത ഊർട്ട് മേഘ വസ്തുവാണ്.[4] യമുനയിലെ മറ്റൊരു ഉൽക്കാവർഷമാണ് ഒമൈക്രോൺ എറിഡാനിഡ്‌സ്. നവംബർ 1 നും 10 നും ഇടയിലാണ് ഏറ്റവും കൂടുതൽ കാണുക.[5]

ചിത്രീകരണം

തിരുത്തുക
 
കേതവസ് അതിന്റെ കൈകൾ യമുനയിൽ താഴ്ത്തി വെച്ചിരിക്കുന്നു.1825ൽ യുറാനിയായുടെ കണ്ണാടിയിലെ ചിത്രം.

ആദ്യകാല ആകാശ ചാർട്ടുകളിൽ ഒഴുകുന്ന നദിയായാണ് എറിഡാനസിനെ ചിത്രീകരിച്ചിരിക്കുന്നത്. ശബരനിൽ നിന്ന് ആരംഭിച്ച് കേതവസ്, അഗ്നികുണ്ഡം എന്നിവ കടന്ന് ദക്ഷിണാർദ്ധഗോളത്തിലെ നക്ഷത്രങ്ങളിലേക്ക് വളഞ്ഞുപുളഞ്ഞ് ഒഴുകുന്നു. ജൊഹാൻ ബെയറുടെ നക്ഷത്രമാപ്പിൽ യമുനയെ ഒരു നദിയായാണ് ചിത്രീകരിച്ചിരിക്കുന്നത്.[6]

ചരിത്രവും ഐതിഹ്യങ്ങളും

തിരുത്തുക

എറിഡു എന്ന ബാബിലോണിയൻ പേരിൽ നിന്നാണ് ഗ്രീക്കുകാർ എറിഡാനസ് എന്ന പേര് സ്വീകരിച്ചത്. ബാബിലോണിയയുടെ തെക്ക് ഭാഗത്തുള്ള ഒരു പുരാതന നഗരമായിരുന്നു എറിഡു.[7]

എറിഡാനസിന്റെ പിതാവായ ഹീലിയോസിന്റെ ആകാശ രഥത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഫൈത്തണിന്റെ കഥയുമായി ഈ നക്ഷത്രരാശി ബന്ധപ്പെട്ടിരിക്കുന്നു. ഫൈത്തണിന് പക്ഷേ അതിനെ നിയന്ത്രിക്കാനുള്ള ശേഷി ഇല്ലായിരുന്നു. അതിനാൽ ഭൂമിയെയും ആകാശത്തെയും കത്തിച്ചുകൊണ്ട് വ്യത്യസ്ത ദിശകളിലേക്ക് ആ രഥം നീങ്ങി. സിയൂസ് ഇടപെട്ട് ഒരു ഇടിമിന്നൽ കൊണ്ട് ഫൈത്തണിനെ കൊന്ന് അവനെ ഭൂമിയിലേക്ക് എറിഞ്ഞു. ഈ നക്ഷത്രസമൂഹം ഫൈത്തൺ സഞ്ചരിച്ച പാതയെ പ്രതിനിധാനം ചെയ്യുന്നു. പിൽക്കാലങ്ങളിൽ അത് ആത്മാക്കളുടെ പാതയായി കണക്കാക്കപ്പെട്ടു.

നദികളുമായി ബന്ധപ്പെടുത്തിയും യമുനയെ കുറിച്ച് ഐതിഹ്യങ്ങളുണ്ട്. ഈജിപ്തിലെ നൈൽ നദിയുമായും ഇറ്റലിയിലെ പോ നദിയുമായും ബന്ധിപ്പിക്കുന്ന ഐതിഹ്യങ്ങളുണ്ട്. ആധുനിക നക്ഷത്രരാശിയായ അഗ്നികുണ്ഡത്തിലെ നക്ഷത്രങ്ങൾ ആദ്യകാലത്ത് യമുനയിൽ ഉൾപ്പെട്ടവയായിരുന്നു.[1]

യമുനയിലെ നക്ഷത്രങ്ങളെ ഇന്ത്യൻ ജ്യോതിശാസ്ത്രത്തിൽ പ്രാജിതയ്ക്ക് തൊട്ടുതാഴെയായി ശബരന്റെ തലയോട് ചേർന്ന് ആരംഭിക്കുന്ന നദിയായി ചിത്രീകരിച്ചിരിക്കുന്നു. യമുനയെ സംസ്‌കൃതത്തിൽ സ്രോതസ്വിനി എന്ന് വിളിക്കുന്നു. ശിവന്റെ തലയിലെ ഗംഗയായാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. ശിവരെ പ്രതിനിധീകരിക്കുന്നത് ശബരൻ നക്ഷത്രസമൂഹമാണ്.


  1. 1.0 1.1 1.2 1.3 1.4 Ridpath & Tirion, പുറങ്ങൾ. 146–147.
  2. "Naming Stars". IAU.org. Retrieved 30 July 2018.
  3. Wilkins, Jamie; Dunn, Robert (2006). 300 Astronomical Objects: A Visual Reference to the Universe. Buffalo, New York: Firefly Books. ISBN 978-1-55407-175-3.
  4. Jenniskens, Peter (September 2012). "Mapping Meteoroid Orbits: New Meteor Showers Discovered". Sky & Telescope: 22.
  5. Jenniskens, Peter (September 2012). "Mapping Meteoroid Orbits: New Meteor Showers Discovered". Sky & Telescope: 23.
  6. https://commons.wikimedia.org/wiki/Category:Uranometria#/media/File:Eridanus_uranometria.jpg [bare URL image file]
  7. Babylonian Star-lore by Gavin White, Solaria Pubs, 2008, page 98ff
"https://ml.wikipedia.org/w/index.php?title=യമുന_(നക്ഷത്രരാശി)&oldid=3848864" എന്ന താളിൽനിന്ന് ശേഖരിച്ചത്