ഭരതനാട്യം

ഭാരതീയ നൃത്തം
(Bharatanatyam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഇന്ത്യയുടെ ദേശീയ നൃത്തരൂപം എന്ന സ്ഥാനം അലങ്കരിക്കുന്നത് ഭരതനാട്യം ആണ്.[1] ഭരതനാട്യം ജന്മം കൊണ്ട സ്ഥലം തമിഴ്‌നാട് ആണ്.[2][3][4][5][6]ഭരതനാട്യത്തിന്റെ ആദ്യകാലനാമം ദാസിയാട്ടം എന്നായിരുന്നു[7]. ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട അഭിനയ ദർപ്പണ്ണം എന്ന ഗ്രന്ഥമാണ് ഭരതനാട്യത്തിന് ആധാരമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്.[8] ആറാം നൂറ്റാണ്ടു മുതൽക്കുതന്നെ പല്ലവ- ചോള രാജ വംശങ്ങൾ ഈ കലാരൂപം വളർത്തിയിരുന്നതായി പറയപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ചിന്നയ്യ സഹോദരന്മാരാണ്‌ ദാസിയാട്ടം പരിഷ്ക്കരിച്ചത്.[9] .[10]

ഭരതനാട്യം
Native nameபரதநாட்டியம் (തമിഴ്)
Genreഇന്ത്യൻ ശാസ്ത്രീയ നൃത്തങ്ങൾ
Originതമിഴ്നാട്

പേരിനു പിന്നിൽ

തിരുത്തുക

ഭാരതീയ നൃത്തങ്ങളിൽ മുഖ്യസ്ഥാനത്തുള്ളതുകൊണ്ടാവാം ഭരതനാട്യം എന്ന പേർ ലഭിച്ചത്. ഭാവ-രാഗ-താളങ്ങളുടെ ആദ്യാക്ഷരങ്ങളോട് നാട്യം കൂടിചേർത്ത് ഭരതനാട്യം എന്ന പേർ ഈ നൃത്തത്തിന് സിദ്ധിച്ചുവെന്ന് വേദാന്തദീക്ഷിതരെപ്പോലുള്ള നാട്യാചാര്യന്മാർ അഭിപ്രായപ്പെടുന്നു. ഭാരതത്തിലെ എല്ലാ നാട്യങ്ങളേയും പോലെ ഭരതനാട്യത്തിന്റെ ആത്മീയമായ അടിസ്ഥാനം സുവിദിതമാണ്. നാട്യകലയിലുള്ള ഏകാഗ്രതയിലൂടെ സിദ്ധമാകുന്ന അനുഭൂതിയും ആത്മസാക്ഷാത്കാരയത്നത്തിലൂടെയുള്ള അനുഭൂതിയും സമാനമാന്നെന്ന് നാട്യാചാര്യന്മാർ അഭിപ്രായപ്പെടുന്നു.

ഭരതമുനി രചിച്ച നാട്യശാസ്തത്തെ അടിസ്ഥാനമായി സ്വീകരിച്ചതുകൊണ്ടാവാം ഭരതനാട്യം എന്ന പേർ ലഭിച്ചത്‌ എന്ന് പറയപ്പെടുന്നു.ബ്രഹ്മാവ് സൃഷ്ടിച്ച നാട്യവേദത്തിന്റെ അടിസ്ഥാനത്തിൽ ഭരതമുനി നാട്യശാസ്ത്രം നിർമ്മിച്ചുവെന്നാണ് ഐതിഹ്യം.

 
ഭരതനാട്യം നർത്തകി

ഐതിഹ്യം

തിരുത്തുക
 
നാട്യത്തിൻറെ രാജാവ്

നാട്യത്തിന്റെ രാജാവ് എന്ന അർത്ഥത്തിലാണ് ശിവന്‌ നടരാജൻ എന്ന പേരുണ്ടായത്. ഈ പ്രപഞ്ചം തന്നെ ശിവന്റെ നടനശാലയാണ് എന്നാണ് വിശ്വാസം. പ്രപഞ്ചസൃഷ്ടിയുടെ സമയത്ത് ആദ്യം കേൾക്കുന്ന നാദം ശിവനൃത്തസമയത്തുള്ള ശിവന്റെ ഡമരുവിന്റെ നാദമാണെന്നും വിശ്വാസമുണ്ട്. അനേകം ശിവനൃത്തങ്ങളെപ്പറ്റി പ്രകീർത്തിക്കുന്ന ശൈവഗ്രന്ഥങ്ങളുണ്ട്. എല്ലോറയിലും ഭുവനേശ്വരിലും ശിവന്റെ പത്ത് കൈകളുള്ള താണ്ഡവനൃത്തമാതൃകകൾ കാണുന്നുണ്ട്. ഏറ്റവും പ്രസിദ്ധമായത് ചിദംബരത്തെ നടരാജനൃത്തവിഗ്രഹമാണ്. ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളിൽ കാണുന്ന നടരാജവിഗ്രഹങ്ങളിൽ എല്ലാം നാട്യശാസ്ത്രവിധിപ്രകാരമുള്ള കരണങ്ങളുടെ മാതൃകകൾ കാണാവുന്നതാണ്.

നാട്യത്തിന്റെ പഴമ

തിരുത്തുക

നാട്യശാസ്ത്രരചന നടത്തിയത് ഏകദേശം രണ്ടായിരത്തി അഞ്ഞൂറ് കൊല്ലങ്ങൾക്ക് മുമ്പായിരിക്കുമെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. മുമ്പുണ്ടായിരുന്ന നാട്യവും നൃത്തവും ഭരതൻ ക്രോഡീകരിച്ചിരിക്കാമെന്നും അതിൽ തന്റെ അഭിപ്രായങ്ങൾ കൂട്ടിച്ചേർത്തിരിക്കാമെന്നുമാണ് വിദഗ്ദ്ധാഭിപ്രായം. ഭരതനു മുമ്പുതന്നെ ശാസ്ത്രീയനൃത്തങ്ങളും നാട്യവും നിലവിലുണ്ടായിരുന്നതിനും ഭാവരസങ്ങൾ ചർച്ച ചെയ്യപ്പെട്ടിരുന്നുവെന്നതിനും തെളിവാണ് നാട്യശാസ്ത്രത്തിലെ ഈ ശ്ലോകം.

നാട്യശാസ്ത്രത്തിന്റെ ആരംഭം

തിരുത്തുക

നാട്യശാസ്ത്രത്തിലെ ഒന്നാം അദ്ധ്യായത്തിലെ ശ്ലോകമാണിത്‌. ഭരതമുനി രചിച്ച നാട്യശാസ്ത്രത്തിൽ നാട്യത്തിന്റെ സൃഷ്ടിയെപ്പറ്റി ഇപ്രകാരം പറയുന്നു. അതിഗഹനമായ വേദസൂക്തങ്ങളും മന്ത്രങ്ങളും സാധാരണക്കാരന് അപ്രാപ്യമാണ്. എല്ലാ ജനങ്ങൾക്കും മനസ്സിലാക്കാൻ പുതിയ മാർഗ്ഗം ഉണ്ടാകണമെന്ന് സൃഷ്ടികർത്താവായ ബ്രഹ്മാവിന് തോന്നി. ഋഗ്‌വേദത്തിൽനിന്ന് പാഠവും, യജുർവേദത്തിൽ നിന്ന് അഭിനയവും, സാമവേദത്തിൽ നിന്ന് സംഗീതവും, അഥർവവേദത്തിൽ നിന്ന് രസവും സ്വീകരിച്ച് നാട്യം സൃഷ്ടിച്ചു. ഇതിനെ നാട്യവേദം എന്ന അഞ്ചാമത്തെ വേദമായി പരിഗണിച്ചു. എല്ലാ ജനങ്ങൾക്കും കാണാനും ആനന്ദിക്കാനും വേണ്ടി ബ്രഹ്മാവ് തന്റെ പുതിയ സൃഷ്ടി ഭരതന് ഉപദേശിച്ചു കൊടുത്തു. ഭരതനും തന്റെ നൂറ് പുത്രന്മാരും ചേർന്ന് 'പാലാഴി മഥനം' എന്ന കഥ ആദ്യമായി ചിട്ടപ്പെടുത്തി. സന്തുഷ്ടരായ ബ്രഹ്മാവും ദേവന്മാരും ഈ കലാശില്പം ശിവസന്നിധിയിൽ അവതരിപ്പിക്കാൻ ഭരതനോട് ആവശ്യപ്പെട്ടു.

സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സ്ത്രീകളുടെ കുറവ് നികത്തുവാൻ ഭരതൻ ബ്രഹ്മാവിനോട് അപേക്ഷിച്ച പ്രകാരം ഇരുപത്തിനാലു അപ്സരസ്സുകളെ സൃഷ്ടിച്ച് ഭരതനെ ഏൽപ്പിച്ചു. ഭരതപുത്രന്മാരും അപ്സരസ്സുകളും ചേർന്ന് ശിവസന്നിധിയിൽ നാട്യം അവതരിപ്പിച്ചു. സന്തുഷ്ടനായ ശിവൻ താൻ സൃഷ്ടിച്ച ചടുലമായ നൃത്തം നാട്യത്തിൽ ചേർക്കാൻ ഉപദേശിക്കുകയും ശിവന്റെ നൃത്തത്തിലെ പാദക്രിയകൾ, കരണങ്ങൾ, രേചകങ്ങൾ, അംഗഹാരങ്ങൾ മുതലായവ മനസ്സിലാക്കിവച്ചിരിക്കുന്ന തണ്ഡുമുനിയോട് ഈ കല ഭരതനെ പഠിപ്പിക്കാൻ ആവശ്യപ്പെട്ടു. തണ്ഡു പഠിപ്പിച്ചതിനാലാണ് ഈ നൃത്തത്തിന് 'താണ്ഡവം' എന്ന പേർ കിട്ടിയത്. പാർവ്വതി താൻ രൂപം കൊടുത്ത ലാസ്യനൃത്തം അപ്സരസ്സുകളേയും പഠിപ്പിച്ചു. താണ്ഡവും ലാസ്യവും അടങ്ങുന്ന നൃത്തം അങ്ങനെ നാട്യത്തിൽ ചേർത്ത് വിപുലീകരിക്കുകയും കൂടുതൽ ആസ്വാദ്യമാക്കുകയും ചെയ്തു.

ചരിത്രം

തിരുത്തുക

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സംഗീതവും നൃത്തവും പാരമ്പര്യമായി അഭ്യസിക്കുകയും ക്ഷേത്രങ്ങളിൽ അവതരിപ്പിക്കുകയും ചെയ്ത് വന്നിരുന്ന ചിന്നയ്യ സഹോദരന്മാരാണ് ഭരതനാട്യത്തെ ഇന്നത്തെ നിലയിൽ വളർത്തിയെടുത്തത്‍[9]. തഞ്ചാവൂരിലെ ഒരു ദേവദാസി കുടുംബത്തിലാണ് ചിന്നയ്യ, പൊന്നയ്യ, ശിവാനന്ദം, വടിവേലു എന്നീ സഹോദരന്മാർ ജനിച്ചത്. കർണ്ണാടകസംഗീതത്തിലെ ത്രിമൂർത്തികൾ എന്നറിയപ്പെടുന്ന ത്യാഗരാജനും, മുത്തുസ്വാമി ദീക്ഷിതരും, ശ്യാമശാസ്ത്രിയും ജീവിച്ചിരുന്ന കാലത്ത് മുത്തുസ്വാമി ദീക്ഷിതരുടെ പക്കൽ നിന്ന് സംഗീതം അഭ്യസിക്കാൻ ഈ സഹോദരന്മാർക്ക് ഭാഗ്യം ഉണ്ടായി. അക്കാലത്ത് തഞ്ചാവൂർ ഭരിച്ചിരുന്നത് മറാഠാ രാജാക്കന്മാരായിരുന്നു. ഇവർ കലകൾക്ക് വളരെയധികം പ്രോത്സാഹനം നൽകിവന്നിരുന്നു. തമിഴ്‌നാട്ടിലെ മിക്ക ക്ഷേത്രങ്ങളിലും ഈശ്വരാരാധന എന്ന നിലയിൽ സംഗീതകച്ചേരികളും നൃത്തവും നടത്തിവന്നിരുന്നു. നൃത്തം അവതരിപ്പിക്കാനുള്ള അവകാശം ദേവദാസി കുടുംബങ്ങൾക്ക് മാത്രമായിരുന്നു. ദേവദാസികൾ അക്കാലത്ത് നടത്തിയിരുന്ന നൃത്തം സദിർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. രാജസദസ്സുകളിലും പ്രഭു കുടുംബങ്ങളിലും സദിർ നടത്തപ്പെട്ടിരുന്നു. ദേവദാസിക്കുടുംബത്തിലെ പാരമ്പര്യത്തിൽ വളരുകയും കലകളിൽ വിദ്വാന്മാർ ആകുകയും ചെയ്ത ചിന്നയ്യ സഹോദരന്മാർ സദിരാട്ടത്തെ പരിഷ്കരിക്കാൻ തീരുമാനിച്ചു. ശാസ്ത്രീമായ കാഴ്ചപ്പാടോടെ പുതിയ അവതരണരീതിയും അതിനാവശ്യമായ കൃതികളും അവർ തന്നെ രചിച്ച് ചിട്ടപ്പെടുത്തി. സദിരിൽ ഉപയോഗിച്ച് വന്നിരുന്ന അടവുകളും അവയുടെ പരിശീലനവും ശാസ്ത്രീയമായി പരിഷ്കരിച്ചു. അങ്ങനെ പരിഷ്കരിച്ച അവതരണരീതിയിലുള്ള നൃത്തം പിന്നീട് 'ഭരതനാട്യം' എന്ന പേരിൽ അറിയപ്പെട്ടു.

വേദങ്ങളിൽ

തിരുത്തുക

അന്നത്തെ മനുഷ്യന്റെ ജീവിതചര്യകളും ആരാധനാസമ്പ്രദായങ്ങളും വിശ്വാസങ്ങളും പൂജാവിധികളും മന്ത്രങ്ങളും എല്ലാം വേദങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു. ആദ്യം രചിക്കപ്പെട്ട ഋഗ്വേദത്തിൽ പ്രകൃതി മനുഷ്യന് നൽകിയ ഏറ്റവും സുന്ദരമായ കാഴ്ച സൂര്യോദയമാണെന്നും, ഒരു സ്ത്രീ നൃത്തം ചെയ്ത് വരുന്നത് പോലെയാണ് അതെന്നും വർണ്ണിച്ചിട്ടുണ്ട്. നൃത്തം അത്രയും മനോഹരമായ കലയായി ആ കാലഘട്ടത്തിൽ വളർന്നിരുന്നു എന്ന് മനസ്സിലാക്കാം.

നാട്യകല വൈദികകാലത്തുതന്നെ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. യജുർവേദത്തിലും ബ്രാഹ്മണങ്ങളിലും നൃത്തത്തെപ്പറ്റി പരാമർശമുണ്ട്‌. അശ്വമേധം പോലുള്ള യാഗങ്ങളിലും രാജസൂയം പോലുള്ള യജ്ഞങ്ങളിലും നൃത്തം ഒരു പ്രധാന ചടങ്ങായിരുന്നു. യാഗം എന്ന ആരാധനാരീതിയിൽ വേദങ്ങളിലെ മന്ത്രങ്ങൾക്ക് ഒരു പ്രത്യേക സംഗീതമുണ്ട്[11]. ആവാഹിക്കുന്നതിന് മുദ്രാപ്രയോഗങ്ങളുണ്ട്. ഓരോ ദേവതക്കും പ്രത്യേക മുദ്രകൾ വേദങ്ങളിൽ നിശ്ചയിച്ചിട്ടുണ്ട്. ഈ മുദ്രകളാണ് നാട്യത്തിനും നൃത്യത്തിലെ അഭിനയത്തിനും ഉപയോഗിച്ചുവരുന്നത്. വേദങ്ങളുടെ സാരാംശങ്ങളെ ഉൾക്കൊണ്ടു പിന്നീട് രചിച്ച ഉപനിഷത്തുകൾ, ബ്രാഹ്മണങ്ങൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ എന്നീ കൃതികളെല്ലാം നൃത്തം, സംഗീതം, നാട്യം എന്നീ കലകൾക്ക് മുഖ്യസ്ഥാനം കൊടുത്തിട്ടുണ്ട്[12].

ഈശ്വരാരാധനയും നൃത്തവും

തിരുത്തുക

യാഗങ്ങൾക്കും മറ്റ് പൂജകൾക്കും നൃത്യനാട്യാദികലകൾ ആരാധനയെന്നോണം നടത്തിയിരുന്നതായി പറയുന്നു. നൃത്തവും സംഗീതവും ഇന്നും ഈശ്വരാരാധനാ രൂപത്തിലാണ് അവതരിപ്പിക്കുന്നത്. കല എന്നത് ഈശ്വരന്റെ വരദാനമാണെന്നും അത് ഈശ്വരാരാധനയ്ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നുമാണ് പണ്ടുകാലം മുതൽ ചിന്തിച്ചുപോന്നിട്ടുള്ളത്.

ഇത്രയധികം രൂപങ്ങളിൽ ഈശ്വരാരാധന നടത്തുന്ന മറ്റൊരു സംസ്കാരവും ലോകത്തിലില്ലെന്ന് പറയാം. വിഷ്ണു പാൽക്കടലിൽ അനന്തൻ എന്ന സർപ്പത്തെ മെത്തയാക്കി അതിൽ ശയിക്കുന്നു. ശിവൻ കൈലാസത്തിന്റെ മുകളിൽനിന്ന് തന്റെ പ്രിയതമയായ പാർവ്വതിയോടൊത്ത് നൃത്തം ചെയ്യുന്നു. ബ്രഹ്മാവാണെങ്കിൽ വിഷ്ണുവിന്റെ പൊക്കിളിൽ നിന്ന് മുളച്ച് പൊങ്ങിയ താമരയിൽ ഇരുന്ന് തപസ്സു ചെയ്യുന്നു. കലകളുടെ പ്രയോക്താവും നൃത്തം ചെയ്യുന്നവനും പുല്ലാങ്കുഴൽധാരിയായി നിൽക്കുന്നു. ഈ കഥാപാത്രങ്ങളും അവരുടെ പ്രവർത്തനങ്ങളും ഭാരതീയ നൃത്തനാട്യാദികലകൾക്ക് ഇന്നും വിഷയമായി സ്വീകരിച്ചുവരുന്നു.

ദൃശ്യകലകൾ മൂന്ന്

തിരുത്തുക

നൃത്തം, നൃത്യം, നാട്യം എന്നിവ മൂന്നും ഒരു കലയുടെ പിരിവുകളായി ചിലർ അഭിപ്രായപ്പെടുന്നു. ദൃശ്യകലകളിൽ പ്രധാനമായ മൂന്നെണ്ണമാണ് ഇവ. നൃത്തവും നൃത്യവും തമ്മിൽ ബന്ധമുണ്ടെങ്കിലും നാട്യം വേറിട്ടുതന്നെ നിൽക്കുന്നു. നൃത്തവും നൃത്യവും ഇല്ലാതെ നാട്യം അവതരിപ്പിക്കാമെന്ന് ദശരൂപങ്ങൾ എന്ന കൃതിയിൽ പറയുന്നു.

താളത്തിനൊത്ത് അംഗചലനങ്ങൾ നടത്തുന്നത് നൃത്തമാണ്. നൃത്തത്തോട് ചേർന്ന് അഭിനയവും ഉണ്ടായാൽ നൃത്യമാകും. നൃത്തം, നൃത്യം എന്നിവയിലൂടെ ഒരു കഥ അവതരിപ്പിക്കുന്നതാണ് നാട്യം എന്നത് പൂർണ്ണമായി ശരിയാണെന്ന് പറയാൻ കഴിയില്ല. നാട്യം എന്ന കല മറ്റ് രണ്ട് കലകളിൽ നിന്നും വേറിട്ടൊരെണ്ണമായി നിൽക്കുന്നു.

നർത്തകിക്ക് വേണ്ട സവിശേഷതകൾ

തിരുത്തുക
  • നല്ല ശരീര വടിവ്.
  • ഐശ്വര്യം തുളുമ്പുന്ന മുഖം.
  • താമരപ്പൂപോലെ സുന്ദരമായ വദനം.
  • യൗവ്വനം നിലനിർത്തണം.
  • ആത്മവിശ്വാസം.
  • ഉന്മേഷവും പ്രസന്നതയും.
  • കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവ്.
  • വിടർന്ന കണ്ണുകൾ.
  • മുദ്രകളും കരണങ്ങളും പ്രകടിപ്പിക്കാനുള്ള കഴിവ്.
  • താളത്തിനൊത്ത് നൃത്തം ചെയ്യാനുള്ള കഴിവ്.
  • ആഭരണങ്ങളാൽ അലങ്കൃതം
  • അധികം വണ്ണമോ തീരെ മെലിഞ്ഞതോ ആയ ശരീരം പാടില്ല
  • അതുപോലെതന്നെ ഉയരം അധികമോ കുറവോ പാടില്ല.

മേല്പറഞ്ഞ ഗുണങ്ങളുള്ള സ്ത്രീയെ നല്ലൊരു നർത്തകിയായി വിശേഷിപ്പിക്കാം[13].

അഭ്യസനം ആരംഭിക്കൽ

തിരുത്തുക
  • തട്ടിക്കുമ്പിടൽ

അഭ്യസനം ആരംഭിക്കുമ്പോൾ വന്ദനം ചെയ്യുന്ന രീതിയെയാണ് 'തട്ടിക്കുമ്പിടൽ 'എന്നു പറയുന്നത്. ആദ്യമായി ഭരതനാട്യം അഭ്യസിക്കാൻ വരുന്ന വിദ്യാർത്ഥി വെറ്റിലയിൽ പഴുത്തടക്കയും അവനവന്റെ കഴിവിനൊത്ത് പണവും വെച്ച് ഗുരുവിന് കൊടുക്കണം. ഗുരു പടിഞ്ഞാറോട്ടും ശിഷ്യ കിഴക്കോട്ടും തിരിഞ്ഞ് നിന്ന് ദക്ഷിണ കൊടുത്ത് ഗുരുവിന്റെ കാലുകൾ തൊട്ട് തൊഴുത് നിൽക്കണം. ഒരു ഗുരുശിഷ്യ ബന്ധത്തിന്റെ തുടക്കം, എന്നും മനസ്സിൽ നിൽക്കാനും, ഗുരുവിൽ തന്റെ എല്ലാം സമർപ്പിച്ച് വിനീതനാകുകയാണെന്ന് കുട്ടിക്ക് തോന്നുവാനും ഇതാവശ്യമാണ്. ഒരു ശിഷ്യയെ സ്വീകരിക്കുന്ന ഗുരു അവരുടെ വളർച്ചയ്ക്ക് വേണ്ടതെല്ലാം ആത്മാർത്ഥമായി ചെയ്യുമെന്ന ശപഥം കൂടിയാണ് ഈ ചടങ്ങ്. വിദ്യ ആവശ്യപ്പെട്ട് വരുന്നവർക്ക് നൽകാനുള്ളത് തന്നിലുണ്ട് എന്നു ഉറപ്പുള്ളവർക്കേ ഇത്തരത്തിൽ ദക്ഷിണ വാങ്ങാനുള്ള അർഹതയുള്ളു. തൊഴുത് നിൽക്കുന്ന ശിഷ്യർക്ക് വന്ദന ശ്ലോകങ്ങൾ ചൊല്ലിക്കൊടുക്കണം. ആദ്യം ഗണപതി സ്തുതിയും പിന്നീട് സരസ്വതി വന്ദനവും അതിനു ശേഷം ശിവസ്തുതിയും അവസാനമായി ഭൂമിദേവിയോട് മാപ്പ് ചോദിക്കുന്ന ഈ ശ്ലോകവും ചൊല്ലണം.

പിന്നീട് രണ്ട് കൈകളിലും കടകമുഖമുദ്രകൾ പിടിച്ച് നെഞ്ചിനു മുന്നിൽ കൊണ്ടു വന്ന് ഭുജങ്ങൾ ചതുരനിലയിൽ നിർത്തി, മുഖം നേരേ പിടിച്ച് മുന്നോട്ട് നോക്കി, സമ പാദത്തിൽ ശരീരം വളയാതെ നിൽക്കണം. വലത്ത് ഇടത്ത് ക്രമത്തിൽ പാദങ്ങൾ നേരേ ഉയർത്തി രണ്ട് പാദങ്ങളും നിലത്ത് തട്ടുക. പിന്നീട് രണ്ട് കൈകളും ശിഖരമുദ്രയാക്കി ചുമലിൽക്കൂടി കൊണ്ടു വന്ന് അതത് വശത്തേക്ക് പതാകകളാക്കി മലർത്തിനീട്ടി മുഴുമണ്ഡല നിലയിൽ ഇരിക്കുക. രണ്ട് പതാകഹസ്തങ്ങളും മുന്നിൽ കൊണ്ടു വന്ന് കമിഴ്ത്തി നിലത്ത് തൊട്ട് തൊഴുക. പിന്നീട് തൊഴുകൈയോട് കൂടി ഗുരുവിന്റെ മുന്നിൽ വെച്ചിരിക്കുന്ന തട്ടുമണയിൽ തൊട്ട് വന്ദിച്ച് പുറകോട്ട് നീങ്ങി ഗുരു നിർദ്ദേശിക്കുന്ന സ്ഥലത്ത് ചെന്നു നിന്ന് അഭ്യസനം ആരംഭിക്കാം.

ചുരുങ്ങിയത് ഒരു മാസക്കാലം നിത്യവും വ്യായാമം വേണ്ടപോലെ ചെയ്തവർക്ക് അടവുകളുടെ പഠനം ആരംഭിക്കാം. അരമണ്ഡല നിലയിൽ കുറെ സമയം ഇരിക്കാനും ശരീരത്തെ ഇഷ്ടം പോലെ ചലിപ്പിക്കാനും കഴിയുമ്പോഴേ അടവ് ആരംഭിക്കാവു. പാദക്രിയകൾ അനുസരിച്ച് അടവുകളെ ഇനം തിരിച്ചിട്ടുണ്ട്. ദേവദാസി വർഗ്ഗത്തിലെ ഗുരുനാഥന്മാർ പറഞ്ഞ് വരുന്ന പേരുകളാണ് ഇന്നും എല്ലാ ഗുരുക്കന്മാരും ഉപയോഗിച്ച് വരുന്നത്. എല്ലാ അടവുകളും ചതുരശ്ര നടയിൽ ഒന്നാം കാലം,രണ്ടാം കാലം,മൂന്നാം കാലം എന്ന ക്രമത്തിൽ ചെയ്തു ശീലിക്കണം. ഇടുപ്പിൽ ഉടൽ അമർന്നുനിന്ന് കാൽമുട്ടുകൾ ഇരുഭാഗങ്ങളിലേക്ക് മടക്കി പാദങ്ങൾ ഉപ്പുറ്റി ചേർത്ത് രണ്ടുഭാഗത്തേക്കും വിടർത്തി നിന്നുകൊണ്ടാവണം അടവുകൾ പരിശീലിപ്പിക്കേണ്ടത്. എല്ലാ അടവുകളും തുടങ്ങേണ്ടത് വലതു കാലിലാണ്.

തട്ടടവ്

തിരുത്തുക

ഇതിൽ കാൽ തട്ടുന്ന ക്രിയ മാത്രമാണുള്ളത്. ഇത് ശീലിക്കുമ്പോൾ പറയുന്ന ചൊല്ല് ‘തെയ്യാതെയ്’. അരമണ്ഡല നിലയിലിരുന്ന് മുട്ട് മടക്കി പാദം നേരെ ഉയർത്തി തറയിൽ തട്ടുന്നു. ഒന്നാമത്തെ അടവിൽ ഒരു കാലിൽ ഒരു തട്ട് വീതം മാറ്റിമാറ്റി ചവിട്ടണം. പിന്നീട് ഒരു കാലിൽ രണ്ട് വീതം. ഇങ്ങനെ എട്ട് അടവുകളാണ് ഈ ഇനത്തിൽ ചെയ്ത് വരുന്നത്.

നാട്ടടവ്

തിരുത്തുക

‘നാട്ടുക’ എന്ന ക്രിയയ്ക്കാണ് ഇതിൽ പ്രാധാന്യം. കൂടാതെ ഈ അടവുകളിൽ തട്ടും കുത്തും വരുന്നുണ്ട്. ഈ അടവുകൾക്കുള്ള ചൊല്ല് ‘തെയ്യും തത്ത തെയ്യും താഹ’ എന്നാണ്. ഈ ഇനത്തിൽ എട്ട് തരത്തിൽ അടവുകൾ ചെയ്തു വരുന്നു.

ചുരുക്കലടവ്

തിരുത്തുക

ഒരു വശത്തേക്ക് കൈകൾ നീട്ടുമ്പോൾ ആ ഭാഗത്തേക്ക് ചരിഞ്ഞു പോകുന്ന തരത്തിലുള്ള അടവുകളാണിത്.ഈ ഇനത്തിൽ വ്യത്യസ്ത രീതിയിൽ കൈകൾ പ്രയോഗിച്ച് അടവുകൾ ചെയ്യുന്നുണ്ട്. ഇതിന് ചൊല്ല് ‘താതൈ തൈത ദിത്തൈ തൈത’.

കുത്തടവ്

തിരുത്തുക

‘കുത്തുക’ എന്ന ക്രിയയ്ക്ക് പ്രാധാന്യമുള്ള അടവാണിത്. ഇതിൽ ‘തട്ടും’ ചേരുന്നുണ്ട്. ഈ ഇനത്തിൽ ആറ് തരത്തിലുള്ള അടവുകളാണ് പരിശീലിപ്പിക്കുന്നത്. ഇതിന് ചൊല്ല് ‘തത്തൈ താഹ ദിത്തൈ താഹ’.

കുതിത്തുമെട്ടടവ്

തിരുത്തുക

പാദങ്ങൾ രണ്ടും ഒരേ സമയത്ത് കുതികാൽ ഉയർത്തി പാദങ്ങളുടെ മുന്നറ്റം നിലത്ത് കുത്തുന്നതാണ് കുതിക്കൽ. അതിന് പിന്നാലെ കുതികാൽ നിലത്ത് തട്ടുകയും ചെയ്യുന്നു. ഇതിനെ കുതിത്തുമെട്ട് എന്നു പറയുന്നു. ഈ ഇനത്തിൽ കൈകളുടെ വിവിധ ദിശയിലേക്കുള്ള പ്രയോഗം കൊണ്ട് അനേകം അടവുകളാക്കി മാറ്റാം. ഇതിന് ചൊല്ല് ‘തൈഹത്തേഹി’.

മർദ്ദിത അടവ്

തിരുത്തുക

ഒരു പാദം പിന്നിൽ കുത്തി ശരീരം അല്പം ഉയർത്തി മറ്റേക്കാൽ നിലത്ത് തട്ടിക്കൊണ്ട് എല്ലാ വശങ്ങളിലേക്കും നീങ്ങി പോകുന്ന അടവാണിത്. കൈകളുടെ ചലന വ്യത്യാസത്തോടെ ഇതും പല അടവുകളായി പരിശീലിപ്പിക്കുന്നു. ഇതിന്റെ ചൊല്ല് ‘തൈഹത്തേഹി’.

മണ്ഡി അടവ്

തിരുത്തുക

മുഴു മണ്ഡല നിലയിൽ ഇരുന്ന് ചെറുതായി ചാടി കാലുകൾ വശങ്ങളിലേക്കും പിന്നോട്ടും നീട്ടിയും, മണ്ഡലങ്ങളിൽ പറയുന്ന മോടിതം എന്ന നിലയിൽ ഇരുന്നും ചെയ്യുന്ന അടവുകളാണ് ഇതിൽ വരുന്നത്. ഇതിന് ചൊല്ല് ‘തൈഹാതേഹി’.

തട്ട്മെട്ടടവ്

തിരുത്തുക

ഒരു പാദം കൊണ്ട് തട്ടുകയും മറ്റേ പാദം കൊണ്ട് മെട്ടുകയും ചെയ്യുന്ന അടവുകളാണ് ഇതിൽ. താളത്തിലെ അഞ്ച് നടകളാണ് ഇതിൽ പ്രയോഗിക്കുന്നത്. ഇതിനെ ജാതി അടവുകൾ എന്നും പറയാറുണ്ട്. ‘തകധിമി’ ‘തക്കിട്ട’ എന്നിവയാണ് ചൊല്ലുകൾ.

കോർവൈ അടവ്

തിരുത്തുക

ദ്രുത കാലത്തിൽ പാദചലനങ്ങളില്ലാത്ത അടവുകളാണ് ഈ വിഭാഗത്തിൽ വരുന്നത്. ഭംഗിയുള്ള നിലകൾ ഇതിന്റെ പ്രത്യേകതയാണ്. പത്ത് തരത്തിൽ ഇവ പഠിപ്പിച്ച് വരുന്നുണ്ട്. ഇതിന്റെ ചൊല്ല് ‘തത്തൈ താം’ ‘തത്തത്തൈ’ ‘തൈ തൈത’ എന്നീ ചൊല്ലുകളിലുള്ള ചില അടവുകളും ഈ അടവ് വിഭാഗത്തിൽ വരുന്നു.

തീർമാന അടവ്

തിരുത്തുക

ഓരോ ജതിയുടെയും അന്ത്യത്തിൽ കൊടുക്കുന്ന തീർമാനങ്ങൾ, അറുതികൾ എന്നിവയിൽ ഈ അടവുകളാണ് ഉപയോഗിക്കുന്നത്. ‘ദിതിതൈ’ എന്ന ചൊല്ലാണ് ഇതിനാധാരം. തൈ ദിതിതൈ, തൈ ത്തൈ ദിതിതൈ, തൈ തൈ തൈ ദിതിതൈ, ദിത്തൈ ദിതിതൈ ത്തൈ, തളാങ്കുതൊം ദിതിതൈ മുതലായ ചൊല്ലുകൾ ഇതിൽ പ്രയോഗിക്കുന്നു. അവസാനമായി പഠിപ്പിക്കുന്നതാണ് ഈ അടവുകൾ.

കൈകാലുകളെ വേണ്ടവിധം യോജിപ്പിച്ച് പ്രവർത്തിപ്പിക്കുന്നതാണ് കരണങ്ങൾ എന്ന് നാട്യശാസ്ത്രത്തിലെ നാലാം അദ്ധ്യായത്തിൽ പറയുന്നു. നൃത്തത്തിന്റെ ഭംഗി കരണങ്ങളെ ആശ്രയിച്ചിരിക്കുന്നു. ശാരീരികാവയവങ്ങളെ കലാപരമായ വിന്യാസത്തിലൂടെയുള്ള, നർത്തകിയുടെ നിലയും ചലനങ്ങളും ഹസ്തമുദ്രകളും ചേർന്ന് കരണങ്ങളുണ്ടാകുന്നു. നാട്യശാസ്ത്രത്തിൽ വിവരിക്കുന്ന സ്ഥാനം, നൃത്തഹസ്തം, ചാരി എന്നിവയാണ് കരണങ്ങളുടെ ഘടകങ്ങൾ. സ്ഥാനം എന്നാൽ നൃത്തനിലയാണ്. കരണങ്ങളുടെ ഭംഗി, ചാരികളെ ആശ്രയിച്ചിരിക്കും. ചാരികൾ എന്ന പദപ്രയോഗം, ചരിക്കുക എന്ന വാക്കിൽ നിന്ന് ഉണ്ടായതാകാം. പാദം, കണങ്കാൽ, തുട, അരക്കെട്ട് എന്നീ അംഗങ്ങൾ കലാപരമായി ചലിപ്പിക്കുന്നതാണ് ചാരികൾ. 16 ആകാശചാരികളെപ്പറ്റിയും 16 ഭൂമിചാരികളെപ്പറ്റിയും ഉള്ള വിവരണം നാട്യശാസ്ത്രത്തിലുണ്ട്. കാലുകളുയർത്തുന്നത് ആകാശചാരികളും നിലത്ത് ഊന്നുന്നത് ഭൂമിചാരികളും ആണ്. നൃത്തകരണങ്ങളുടെ ഭംഗി, ചാരികളുടെ പ്രയോഗചാതുരിയെ ആശ്രയിച്ചിരിക്കും. ചാരികൾ ചേർന്ന് മണ്ഡലങ്ങൾ ഉണ്ടാകുന്നു. 10 ആകാശ മണ്ഡലങ്ങളും 10 ഭൂമിമണ്ഡലങ്ങളും ഉണ്ട്.

മിക്കവാറും കരണങ്ങളിൽ മാറിടത്തിലാണ് ഇടത്തെക്കൈ. കാലിന്റെ നില അനുസരിച്ചായിരിക്കും വലത്തെക്കൈ. തലപുഷ്പപുടം മുതൽ ഗംഗാവതരണം വരെയുള്ള 108 കരണങ്ങൾ നാട്യശാസ്ത്രത്തിലുണ്ട്. ചിദംബരം ക്ഷേത്രഗോപുരത്തിൽ നാട്യശാസ്ത്രത്തിലെ 108 കരണങ്ങളും കൊത്തിവച്ചിട്ടുണ്ട്. ഭരതനാട്യത്തിൽ നൃത്തരൂപങ്ങൾ ആവിഷ്കരിക്കാൻ തമിഴ്‌നാട്ടിലെ നട്ടുവന്മാർക്ക് ചിദംബരത്തിലെ കരണങ്ങളുടെ മാതൃകകൾ പ്രേരണയായിട്ടുണ്ട്. നൃത്തഭംഗി നൃത്തകരണങ്ങളെ ആശ്രയിച്ചിരിക്കുന്നു.

എന്നാണ് അഭിനയദർപ്പണത്തിൽ പറയുന്നത്.

അഭിനയത്തിന്റെ പ്രധാന ലക്ഷ്യം പ്രേക്ഷകനെ ആനന്ദിപ്പിക്കുക എന്നതാണ്. ഭാവം പ്രേക്ഷകനിലേക്ക് പകർന്നുവരുമ്പോഴാണ് രസം ഉദിക്കുന്നത്. പല കഥാപാത്രങ്ങളുടെയും അഭിനയം മാറി മാറി ഒരാൾതന്നെ ചെയ്യുമ്പോൾ ഭാവാഭിനയവും ആംഗികാഭിനയവും മെച്ചപ്പെട്ട രീതിയിൽ തന്നെ ആകണം. സ്വഭാവം അനുസരിച്ച് അഭിനയത്തെ ആംഗികം,വാചികം,ആഹാര്യം,സാത്വികം എന്നീ നാല് വിഭാഗങ്ങളായി നാട്യശാസ്ത്രത്തിൽ തരംതിരിച്ചിരിക്കുന്നു.

അംഗങ്ങളെ കൊണ്ടുള്ള അഭിനയം ആംഗികം. മുദ്രകൾ, തല, കഴുത്ത്, കൈകൾ‍, കാലുകൾ‍, ശരീരത്തിലെ ചലനശേഷിയുള്ള ഭാഗങ്ങൾ എല്ലാം അഭിനയത്തിനു ഉപയോഗിക്കുന്നു. ശരീരത്തിന്റെ ചരിവുകൾ, വളവുകൾ എന്നിവ കൊണ്ട് പല ചിത്രങ്ങൾ സൃഷ്ടിച്ചുകൊണ്ടും ഭാവപ്രകടനം നടത്താം. അംഗങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. കൂടുതൽ ചലനശേഷിയുള്ളവയും നൃത്തത്തിലും അഭിനയത്തിലും അധികമായി ഉപയോഗിക്കുന്നവയും ആയ അവയവങ്ങളാണ് “അംഗങ്ങൾ“. തല, കൈകൾ, മാറ്, അരക്കെട്ട്, പാർശ്വങ്ങൾ, പാദങ്ങൾ എന്നിങ്ങനെ അംഗങ്ങൾ ആറാണ്. അംഗങ്ങളുടെ അത്രതന്നെ അഭിനയത്തിൽ പ്രാധാന്യവും ചലന സ്വാതന്ത്ര്യവുമില്ലാത്തവയും എന്നാൽ അംഗങ്ങളുടെ ചലനത്തെ സഹായിക്കുന്നവയുമായ അവയവങ്ങളാണ് “പ്രത്യാംഗങ്ങൾ“. ഭുജം, കഴുത്ത്, വയറ്, തുടകൾ, മുഴംകാൽ, ചുമലുകൾ എന്നിങ്ങനെ ആറ് പ്രത്യാംഗങ്ങൾ ആണുള്ളത്. മുഖത്തുള്ള അവയവങ്ങളാണ് “ഉപാംഗങ്ങൾ“. ഭാവാഭിനയത്തിൽ ഇവയാണ് ഉപയോഗപ്പെടുന്നത്. മിഴികൾ, ഇമകൾ, പുരികം, കവിൾ, മൂക്ക്, പല്ല്, അധരം, നാക്ക്, മേൽചുണ്ട്, ശ്വാസം എന്നിങ്ങനെ ഉപാംഗങ്ങൾ പത്താണ്. ശ്വാസം അവയവമല്ലെങ്കിലും അഭിനയത്തിൽ അതിന് സ്ഥാനമുള്ളതുകൊണ്ട് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

വാക്കുകൾ കൊണ്ടുള്ള അഭിനയമാണ് വാചികം. പാട്ട് സ്വയം പാടികൊണ്ട് അഭിനയം നടത്തുന്നത് സുഗീതവാചികമെന്നും പിന്നണിയിൽ പാടുകയാണെങ്കിൽ ഉപഗീതവാചികമെന്നും പറയുന്നു. ഭരതനനട്യത്തിൽ പിന്നണിയിൽ പാട്ടുകാരൻ പാടുന്നതിനനുസരിച്ചുള്ള അഭിനയം നർത്തകർ ചെയ്യുന്നതിനാൽ ഇവിടെ ഉപഗീത വാചികമാണ്‌‍.

ആഹാര്യം

തിരുത്തുക

വേഷവിധാനം ധരിച്ചുകൊണ്ടുള്ള അഭിനയം ആഹാര്യം എന്നു പറയുന്നു. നിജാഹാര്യം, അഭിചാരി ആഹാര്യം, വ്യഭിചാരി ആഹാര്യം എന്നു മൂന്ന് വകഭേദങ്ങൾ ഉണ്ടെങ്കിലും ഭരതനാട്യത്തിൽ വ്യഭിചാരി ആഹാര്യം ആണ് നിശ്ചയിച്ചിട്ടുള്ളത്. മറ്റ് ശാസ്ത്രീയ നൃത്തങ്ങളിൽനിന്നും വ്യത്യസ്ത രീതിയിൽ ഉള്ള വേഷമണിയുന്നുണ്ടെങ്കിലും കഥാപാത്രത്തിനു അനുസരിച്ചുള്ള വേഷം ഉപയോഗിക്കുന്നില്ല.

സാത്വികം

തിരുത്തുക
 

മനസ്സിലുദിക്കുന്ന വികാരങ്ങളുടെ പ്രകടനമാണ്‌ സാത്വികാഭിനയം. സാത്വിക ഭാവങ്ങൾ എട്ടെണ്ണമാണെന്ന് നാട്യശാസ്ത്രം പറയുന്നു. സ്തംഭം, സ്വേദം(വിയർപ്പ് തുടയ്ക്കുക, വിശറി വീശുക), രോമാഞ്ചം, സ്വരഭേദം, വേപഥു (വിറയ്ക്കുക), വൈവർണ്യം, അശ്രു(കണ്ണുനീർ തുടയ്ക്കുക), പ്രളയം(ശ്വാസം അടക്കിപിടിച്ച് നിലത്ത് കിടന്നുരുളുക) എന്നിവയാണ് അവ.

ഹസ്തമുദ്ര

തിരുത്തുക

ആംഗികാഭിനയത്തിൽ സുപ്രധാനമായ സ്ഥാനമാണ് ഹസ്താഭിനയത്തിന്. ഹസ്താഭിനയം ഹസ്തമുദ്രകളിലൂടെയാണ് നിർവ്വഹിക്കുന്നത്. സംസാരഭാഷയിലെ അക്ഷരമാല പോലെയാണ് ആംഗ്യഭാഷയിലെ ഹസ്തമുദ്രകൾ. നാട്യശാസ്ത്രത്തിലെ ഒമ്പതാം അദ്ധ്യായം ഹസ്തമുദ്രകളെപ്പറ്റിയാണ്. അഭിനയഹസ്തം, നൃത്തഹസ്തം എന്നിങ്ങനെ മുദ്രകൾ രണ്ട് തരത്തിലുണ്ട്. ആശയസം‌വദനത്തിന് ഉപയോഗിക്കുന്നത് അഭിനയഹസ്തങ്ങളാണ്. ഒരു കൈ കൊണ്ട് കാണിക്കുന്ന അസം‌യുക്തം, രണ്ട് കൈകൾ ‍കൊണ്ട് കാണിക്കുന്ന സം‌യുക്തം എന്നിങ്ങനെ മുദ്രകൾ രണ്ട് വിധമുണ്ട്. നാട്യശാസ്ത്രപ്രകാരം അഭിനയഹസ്തങ്ങൾ 37 ആണ്‌ അതിൽ 24 എണ്ണം അസംയുക്തമാണ്‌.

പതാകം, ത്രിപതാകം, കർത്തരീമുഖം, അര്ദ്ധചന്ദ്രം, അരാളം, ശുകതുണ്ഡം, മുഷ്ടി, ശിഖരം, കപിന്ഥം, സൂചീമുഖം, പത്മകോശം, സർപ്പശിരസ്സ്, മൃഗശീർഷം, കാംഗുലം, അലപത്മം, ചതുരം, ഭ്രമരം, ഹംസാസ്യം, ഹംസപക്ഷം, സന്ദംശം, മുകുളം, ഊർണ്ണനാഭം, താമ്രചൂഡം, എന്നിവയാണ് നാട്യശാസ്ത്രത്തിൽ പറയുന്ന ഒരു കൈകൊണ്ട് കാണിക്കുന്ന 24 അസം‌യുക്ത മുദ്രകൾ.

അഞ്ജലി, കപോതം, കർക്കടം, സ്വസ്തികം, കടകാവർദ്ധമാനം, ഉത്സംഗം, നിഷധം, ദോളം, പുഷ്പപുടം, മകരം, ഗജദന്തം, അവഹിത്ഥം, വർദ്ധമാനം എന്നിങ്ങനെ രണ്ട് കൈകൊണ്ട് കാണിക്കുന്ന 13 സം‌യുക്ത മുദ്രകളുണ്ട്.

നൃത്തഹസ്തങ്ങൾ 29 എണ്ണമാണ്. ചതുരശ്രം, ഉദ്വത്തം, തലമുഖം, സ്വസ്തികം, വിപ്രകീർണ്ണം, അരാളകടകാമുഖം, ആവിദ്ധവക്രം, സൂചീമുഖം, രേചിതം, അർദ്ധരേചിതം, ഉത്ഥാനവഞ്ചിതം, പല്ലവം, നിതംബം, കേശബന്ധം, ലതാഖ്യം, കരിഹസ്തം, പക്ഷവഞ്ചിതകം, പക്ഷപ്രദ്യോതകം, ഗരുഡപക്ഷം, ദണ്ഡപക്ഷം, ഊർദ്ധമണ്ഡലി, പാർശ്വമണ്ഡലി, ഉരോമണ്ഡലി, ഉര:പാർശ്വമണ്ഡലം, മുഷ്ടികാസ്വസ്തികം, നളിനീപത്മകോശം, അലപദ്മോൽബണം, ലളിതം, വലിതം എന്നിങ്ങനെയാണു 29 നൃത്തഹസ്തങ്ങൾ. അഭിനയഹസ്തങ്ങളും നൃത്തഹസ്തങ്ങളും ചേർത്ത് 66 മുദ്രകളുടെ പേരുകൾ നാട്യശാസ്ത്രത്തിലുണ്ടെങ്കിലും 64 മുദ്രകളുടെ ലക്ഷണങ്ങളേ പറഞ്ഞിട്ടുള്ളു. ഇന്നു നാട്യശാസ്ത്രത്തിലെ പല മുദ്രകളും പ്രയോഗത്തിലില്ല.

നാട്യശാസ്ത്രം കൂടാതെ നന്ദികേശ്വരന്റെ അഭിനയ ദർപ്പണം, ശുഭകരന്റെ ഹസ്തമുക്താവലി, ശാരംഗദേവന്റെ സംഗീതരത്നാകരം, ഹസ്തലക്ഷണദീപിക, കാർത്തികതിരുന്നാൾ മഹാരാജാവിന്റെ ബാലരാമഭരതം എന്നിവയും ഹസ്താഭിനയത്തെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥങ്ങളാണ്.

പാദസ്ഥാനഭേദങ്ങൾ

തിരുത്തുക
  • സമപാദം
  • മണ്ഡലപാദം
  • കുഞ്ചിതപാദം
  • അഞ്ചിതപാദം
  • പാർശ്വകപാദം
  • താടിതപാദം
  • നാഗബന്ധം
  • പൃഷ്ടകം
  • ഗരുഡനിലപാദം
  • നൃത്തമൂർത്തിപാദം

പാദക്രിയകൾ

തിരുത്തുക

ഭരതനാട്യ ഗുരുനാഥന്മാർ പാദക്രിയകൾക്ക് ഉപയോഗിച്ചു വരുന്ന പേരുകളും ലക്ഷണങ്ങളും ഇപ്രകാരമാണ‍.

  • തട്ടുക
  • നാട്ടുക
  • കുത്തുക
  • താടിക്കുക
  • മെട്ടുക
  • കുതിക്കുക
  • ചുറ്റുക

നാട്യാചാര്യന്മാർ ഭരതനാട്യ അഭ്യസനത്തിൽ ഉപയോഗിക്കുന്ന നിലകളും അവയ്ക്ക് കൊടുത്ത പേരുകളും ഇപ്രകാരമാണ്‌‍.

  • സമം
  • നാട്യാരംഭനില
  • അരമണ്ഡലനില
  • മുഴുമണ്ഡല നില

വിവിധ നൃത്തസമ്പ്രദായങ്ങളിൽ പരിപാടിയിലെ ആദ്യത്തെ ഇനം തന്നെ ആരാധനയായിട്ടാണ് തുടങ്ങുന്നത്. ഇത്തരം ഇനങ്ങൾക്ക് രംഗപൂജ എന്നു പറയാറുണ്ടെങ്കിലും ഗണേശസ്തുതി, ശിവസ്തുതി, വന്ദനനൃത്തം, അഞ്ജലി എന്നിങ്ങനെ പല പേരിലും അറിയപ്പെടുന്നുണ്ട്. അവതരിപ്പിക്കുന്ന പരിപാടിയുടെ തുടക്കത്തിൽ ഈശ്വരാരാധന നടത്തുന്നത് ഒരു ആത്മധൈര്യം ഉണ്ടാകാൻ കൂടിയാണ്.

ദീപം കൈയിൽ പിടിച്ചോ പൂത്താലമെടുത്തോ ആദ്യമായി രംഗപ്രവേശം ചെയ്ത് പ്രേക്ഷകരുടെ നേർക്ക് നോക്കി പൂവിടലും ദീപാരാധന ചെയ്യലും ചിലർ അനുഷ്ഠിക്കുന്ന രംഗപൂജയാണ്. രംഗത്ത് ഒരു വശത്തായി മാല ചാർത്തി, മുന്നിൽ ദീപം തെളിയിച്ച് വെച്ചിരിക്കുന്ന നടരാജ വിഗ്രഹത്തിൽ പുഷ്പാഞ്ജലി ചെയ്തു സദസ്യരെ വന്ദിച്ച് ഇഷ്ടദേവതകളെ സ്തുതിക്കുന്ന ശ്ലോകം പാടി അഭിനയിച്ച ശേഷം അല്പം അടവുകൾ ചെയ്ത് തീർമാനത്തോടെ അവസാനിക്കുന്ന രംഗപൂജയും ചിലർ ചെയ്തു വരുന്നു. നൃത്താഞ്ജലി എന്ന പേരിലും രംഗപൂജ ചെയ്തു വരുന്നു. ഇതിൽ അഷ്ട‌ദിക്‌പാലകരെ വന്ദിച്ചുകൊണ്ട് ചെയ്യുന്ന രീതിയും ഉണ്ട്.

ഭരതനാട്യത്തിന്റെ പൂർവ്വരൂപമായ സദിർ അവതരിപ്പിക്കുമ്പോൾ നർത്തകി രംഗത്തുവരുന്നതിനുമുമ്പ് മേളപ്രാപ്തി,തോഡയമംഗളം എന്നീ ചടങ്ങുകൾ ഉണ്ടായിരുന്നു. ഇഷ്ടദേവതകളെ വന്ദിച്ചുകൊണ്ട് പാട്ടുകാരൻ പാടുകയും അതിന് പിന്നാലെ നട്ടുവൻ ജതി പറയുകയും അത് മൃദംഗത്തിൽ വായിക്കുകയും ചെയ്യുന്ന ചടങ്ങാണ് മേളപ്രാപ്തി. സദസ്യരുടെ ശ്രദ്ധ ആകർഷിക്കാൻ ഈ പരിപാടിക്ക് കഴിവുണ്ട്. അതിന് ശേഷം വന്ദനഗാനം പാടുമ്പോൾ നർത്തകി രംഗത്ത് വന്ന് ഈശ്വരനേയും ഗുരുക്കന്മാരേയും സദസ്യരേയും വന്ദിച്ച്, പിന്നണിസംഗീതോപകരണങ്ങൾ തൊട്ട്തൊഴുത് അത് ഉപയോഗിക്കുന്ന കലാകാരന്മാരെ വന്ദിക്കുന്നു. ഇതാണ് പണ്ടുകാലത്തെ തോഡയമംഗളം.

ഭരതനാട്യ ഇനങ്ങൾ

തിരുത്തുക

ഭരതനാട്യത്തിൽ ആദ്യമായി പരിശീലിക്കുന്നത് അടവുകളാണ്. പലതരം ചുവടുവയ്പ്പുകളാണ് അടവുകൾ. ഏകദേശം ഒരു വർഷക്കാലമെങ്കിലും അടവുകൾ അഭ്യസിക്കണം. പാദക്രിയകൾ അനുസരിച്ച് അടവുകളെ ഇനം തിരിച്ചിട്ടുണ്ട്. അതിനു ശേഷം ജതികളും, നാട്യശാസ്ത്രവിധിപ്രകാരമുള്ള മണ്ഡലങ്ങളും, ചാരികളും കരണങ്ങളും, നൃത്തഹസ്തങ്ങളുടെ കലാപരമായ വിന്യാസവും മറ്റും അഭ്യസിക്കുന്നു.

അലാരിപ്പ്, ജതിസ്വരം,ശബ്ദം, വർണം, പദം, ജാവളി, ശ്ലോകം, തില്ലാന എന്നീ ഇനങ്ങളാണ് ഭരതനാട്യത്തിൽ ഉള്ളത്. അലാരിപ്പും ജതീസ്വരവും തില്ലാനയും ശുദ്ധനൃത്തങ്ങളാണ്.ശുദ്ധനൃത്തത്തിൽ പതാർത്ഥാഭിനയമില്ല. ഇവയുടെ നൃത്തശോഭ കണ്ണിനും കാതിനും കരളിനും കൗതുകം ഉളവാക്കുന്നു.

അലാരിപ്പ്

തിരുത്തുക

പ്രാർത്ഥനാരൂപത്തിലുള്ള അലാരിപ്പ് ഭരതനാട്യത്തിലെ ആദ്യ ഇനമാണ്. പുഷ്പാഞ്ജലിക്ക് സമാനമായി തഞ്ചാവൂർ സഹോദരന്മാർ രൂപകല്പന ചെയ്ത നൃത്തമാണ് അലാരിപ്പ്. പൂജയ്ക്ക് ഉപയോഗിക്കുന്ന അലരിപ്പൂവിൽ നിന്നാണ് ഈ പേര് വന്നത് എന്നു പറയപ്പെടുന്നു. ശിരസ്സിനു മുകളിൽ അഞ്ജലി പിടിച്ച്, ചൊല്ലുകളുടെ താളത്തിനൊത്ത് കഴുത്തിളക്കി, കൈകൾ രണ്ടും പതാകമുദ്ര പിടിച്ച് വശങ്ങളിലേക്ക് മലർത്തിനീട്ടി, ഈശ്വരനേയും ഗുരുക്കന്മാരേയും സദസ്യരേയും വന്ദിച്ച് ആരംഭിക്കുന്നതാണ് അലാരിപ്പ്. അഞ്ജലി ശിരസ്സിന് മുകളിൽ പിടിക്കുന്നത് ഈശ്വരനേയും നെറ്റിക്ക് മുന്നിൽ പിടിക്കുന്നത് ഗുരുക്കന്മാരേയും മാറിനു മുന്നിൽ പിടിക്കുന്നത് സദസ്യരേയും വന്ദിക്കലാണെന്നാണ് സങ്കല്പം.

മുഖചലനങ്ങൾ ലഘുവായും മനോഹരമായും നിർവ്വഹിക്കണം. ഈ മൃദുവായ അംഗചലനത്തെ ലാസ്യത്തിന്റെ പ്രാരംഭാംഗമായ ‘ഡാലം’ എന്നും ‘അംഗഡോല’ എന്നും ഗ്രന്ഥങ്ങളിൽ വർണ്ണിക്കപ്പെട്ടിരിക്കുന്നു.

ജതിസ്വരം

തിരുത്തുക

രണ്ടാമതായി അവതരിപ്പിക്കുന്ന നൃത്തമാണ് ജതിസ്വരം. ഇത് ഒരു സംഗീതകൃതിയാണ്. ജതിസ്വരങ്ങൾ മിക്കവയും രൂപകം, ആദി, മിശ്രചാപ് എന്നീ താളങ്ങളിൽ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചിലത് രാഗമാലികയിലും രചിക്കപ്പെട്ടിട്ടുണ്ട്. ജതിസ്വരത്തിൽ ഒരു രാഗത്തിൽതന്നെ നർത്തകി പല താളങ്ങൾ പ്രയോഗിക്കുന്നു. ഇതിൽ പല്ലവിയും അനുപല്ലവിയും ഉണ്ട്. പല്ലവി വിളംബരകാലത്തിലോ മദ്ധ്യമകാലത്തിലോ ആയിരിക്കും. അനുപല്ലവി ഭൂതകാലത്തിൽ അവസാനിക്കുന്നു. ഏതെങ്കിലും ഒരു രാഗത്തിലുള്ള സ്വരം പാടുമ്പോൾ നർത്തകി പല അടവുകൾ സം‌യോജിപ്പിച്ച് നൃത്തം ചെയ്യുന്നു. അനേകനാളത്തെ പരിശീലനം കൊണ്ട് തുടർന്നുള്ള ഇനങ്ങൾ പഠിച്ച് ഏത് കാലത്തിലും നൃത്തം ചെയ്യാനുള്ള കഴിവ് സമ്പാദിച്ചാൽ മാത്രമേ അലരിപ്പും ജതിസ്വരവും രംഗത്തവതരിപ്പിക്കാൻ പ്രാപ്തിയുണ്ടാകുകയുള്ളു.

മൂന്നാമത്തെ ഇനമായ ശബ്ദത്തിലാണ് ആദ്യമായി അഭിനയം അങ്കുരിക്കുന്നത്. ചെറിയ തോതിൽ ഇഷ്ടദേവനായ നായകനോട് രതീഭാവം പ്രകടിപ്പിക്കുന്നതിന് ഇതിൽ സ്ഥാനമുണ്ട്. നായകന്റെ ഗുണങ്ങളെ പാടിപ്പുകഴ്ത്തുകയാണ് നായിക ചെയ്യുന്നത്. ഈ കൃതികളിൽ രസമായി വളരുന്നത് ശൃംഗാരം തന്നെയാണ്. തഞ്ചാവൂർ സഹോദരന്മാർ ശബ്ദങ്ങൾ രചിച്ചിരുന്നത് തെലുഗു ഭാഷയിലാണ്. അതുകൊണ്ട് ഈ കൃതികൾക്ക് തമിഴ്‌നാട്ടിലും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും പ്രചാരം കിട്ടാതെപോയി. സാധാരണയായി ആടിവരുന്ന ചില ശബ്ദങ്ങൾ ഇവയാണ്.

  • തില്ലൈയമ്പലം തനിൽ നടം ശൈതിടും
  • കന്തനേ ഉനൈ എന്ത നേരമും ചിന്തയിൽ വൈത്ത്
  • ആയർ ചേരിയർ അറിന്തിടാമലും
  • ശീർമികുന്ത ശിവചാപം മുറിത്ത്
  • വേണുഗാനനെ കോരി എന്മനം

വർണ്ണം ആണ് ഭരതനാട്യത്തിലെ ഏറ്റവും മനോഹരമായ ഇനം. ഇത് നൃത്യ വിഭാഗത്തിൽപ്പെടുന്നു. ഒരു കഥാഭാഗം, നർത്തകി തന്നെ അവതരിപ്പിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. മുഖത്തെ ഭാവപ്രകടനങ്ങളിലൂടെയും ആംഗികാഭിനയത്തിലൂടെയും നർത്തകി അർത്ഥസം‌വേദനം നടത്തുന്നു. ഒരു ഭരതനാട്യനർത്തകിയുടെ പ്രാഗല്ഭ്യം പ്രകടമാവുന്നത് വർണ്ണാഭിനയത്തിലൂടെയാണ്.

കൈ പോകുന്നിടത്ത് കണ്ണൂം, കണ്ണ് പോകുന്നിടത്ത് മനസ്സും, മനസ്സ് പോകുന്നിടത്ത് ഭാവവും, ഭാവമുള്ളിടത്ത് രസവും എന്ന അഭിനയദർപ്പണതത്വം വർണ്ണാഭിനയത്തിൽ നർത്തകി പാലിക്കുന്നുണ്ടാകും.

വർണ്ണത്തിലെ കഥാപാത്രങ്ങളെല്ലാം പ്രതീകങ്ങളാണ്. നായകൻ പരമാത്മാവും നായിക ജീവാത്മാവുമാണ്. ജീവാത്മാവ് പരമാത്മാവിനോട് ചേരാൻ വെമ്പുന്നു എന്നതാണ് പ്രമേയത്തിന്റെ പൊരുൾ. നായകനായി ശിവൻ, വിഷ്ണു, ശ്രീകൃഷ്ണൻ, സുബ്രഹ്മണ്യൻ‍ മുതലായ ഈശ്വരന്റെ സുന്ദര സങ്കല്പങ്ങളെ മാത്രമേ അവതരിപ്പിക്കാറുള്ളു. മുൻ കാലങ്ങളിൽ ഒരു വർണ്ണത്തിന്റെ നൃത്തം മുക്കാൽ മണിക്കൂർ വരെ നീണ്ടുനിന്നിരുന്നു. ഇന്ന് ഒരു നൃത്തം തന്നെ ഇത്രയും നേരം കണ്ടിരിക്കാനുള്ള ക്ഷമ പൊതുജനത്തിന് ഇല്ലാതായിരിക്കുന്നു.

ഭരതനാട്യക്കച്ചേരിയെ കൂടുതൽ ഹൃദ്യമാക്കാൻ കഴിയുന്ന വിഭാഗമാണ് പദങ്ങൾ. പദങ്ങളിൽ ലളിത സംഗീതത്തിന്റെ മാധുര്യവും ശാസ്ത്രീയസംഗീതത്തിന്റെ പ്രൗഢിയും കലർന്നതായി കാണാം. പ്രേക്ഷകനെ രസാസ്വാദനത്തിലെത്തിക്കുക എന്ന ഉദ്ദേശ്യമാണ് പദാഭിനയത്തിനുള്ളത്. ഭരതനാട്യത്തിൽ അഭിനയിക്കാൻ യോഗ്യമായ പദങ്ങൾ മുൻ കാലങ്ങളിൽ രചിക്കപ്പെട്ടവയിൽ തന്നെ അധികമുണ്ട്. തമിഴ് ഭാഷയിലെ പദങ്ങൾ മലയാളികൾക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ലാത്തതിനാൽ കേരളത്തിൽ തമിഴ് പദങ്ങളാണ് അധികവും ഉപയോഗിച്ച് വരുന്നത്.

വ്യാസരായർ രചിച്ച ‘കൃഷ്ണാ നീ ബേഗേനെ ബാരോ’ എന്ന കീർത്തനം അഭിനയത്തിന് പറ്റിയ കൃതിയാണ്. കൃഷ്ണനെ വാ എന്ന് വിളിക്കാൻ ആരൊക്കെയുണ്ടാകാം? ഭക്തൻ, പൂജാരി, ജീവിതദുഃഖങ്ങളിൽ പ്പെട്ടുഴലുന്നവർ, അമ്മ, സഖികൾ. കൂടാതെ വസ്ത്രാക്ഷേപസമയത്ത് പാഞ്ചാലി, ഇവരുടെയെല്ലാം ഭാഗം അഭിനയിച്ചുകൊണ്ട് കൃഷ്ണനെ വിളിക്കുന്നതായി അഭിനയിക്കാം.

ത്യാഗരാജ കൃതികളിൽ പലതും ഭരതനാട്യത്തിൽ അവതരിപ്പിച്ച് വരുന്നുണ്ട്. ‘ക്ഷീര സാഗരശയന’, ‘ബ്രോച്ചേവാരെവരുരാ’ എന്നു തുടങ്ങുന്ന കീർത്തനങ്ങൾ അവയിൽ മുഖ്യമാണ്. വിവിധ ഭാവങ്ങൾ ഉൾക്കൊള്ളുന്നതും, വ്യത്യസ്ത രാഗങ്ങളിൽ ഇണക്കിയതുമായ പദങ്ങൾ ഒന്നിലധികം അവതരിപ്പിക്കാം.

തില്ലാന

തിരുത്തുക

തില്ലാന താളാത്മകമായ ശുദ്ധനൃത്തമാണ്. പ്രത്യേക അക്ഷരങ്ങളെക്കൊണ്ട് ഉണ്ടാക്കുന്ന ചൊൽക്കെട്ടുകൾ രാഗത്തിൽ ആലപിക്കുന്ന കൃതിയാണ് തില്ലാന. തില്ലാനയിൽ പല്ലവിതന്നെ അനേകം ആവർത്തി പാടുകയാണ് ചെയ്യുന്നത്. ഇതിലെ പാട്ടിന്റെ ഗതിക്കനുസരിച്ചല്ല നൃത്തം വരുന്നത്. എന്നാൽ പാട്ടിന്റെ താളത്തിൽ ഒതുക്കിക്കൊണ്ട് താളത്തിന്റെ കണക്കുകൾ ഉണ്ടാക്കി അതിനനുസരിച്ച് നൃത്തംവയ്ക്കുകയാണ് ചെയ്യുന്നത്. ഈ നൃത്തം അംഗങ്ങൾ ചലിപ്പിച്ച് ഭംഗിയുള്ള ശരീരചിത്രങ്ങൾ സൃഷ്ടിച്ച്കൊണ്ടാണ് തുടങ്ങുന്നത്. സവിശേഷമായ അംഗചലനങ്ങളും അതിന്റെ അന്ത്യത്തിൽ വരുന്ന നിലകളും ആകർഷകങ്ങളാണ്.

പല്ലവിക്ക് ശേഷം ചൊൽക്കെട്ടുകൊണ്ട് തന്നെ അനുപല്ലവിയും പാടുന്നു. ഇതിനുശേഷം ഇഷ്ടദേവതയെയോ ഗുരുക്കന്മാരെയോ വന്ദിക്കുന്ന നാലുവരിപ്പാട്ടും പാടുന്നു. |സ്വാതിതിരുനാൾകൃതിയായി ധനാശ്രീരാഗത്തിൽ ആദിതാളത്തിലുള്ള ഒരു തില്ലാനയുണ്ട്. അതിലെ സാഹിത്യം ഹിന്ദുസ്ഥാനിയിലാണ്. പാടാനും നൃത്തം ചെയ്യാനും ഭംഗിയുള്ളതാണ് ഈ കൃതി.

ശ്ലോകം പാടിയാണ് പരിപാടി അവസാനിക്കുന്നത്. അതുവരെ അവതരിപ്പിച്ച നൃത്തങ്ങൾ ഈശ്വര സാക്ഷാത്കാരത്തിന് വേണ്ടിയാണെന്നാണ് വിശ്വസിക്കുന്നത്. അന്ത്യത്തിലെ ശ്ലോകം അതിന് യോജിക്കും വിധം ഭക്തിരസം നിറഞ്ഞുനിൽക്കുന്നതായിരിക്കണം. നാരായണീയത്തിലെ ‘അഗ്രേപശ്യാമി’, ‘യോഗീന്ദ്രാണം’ മുതലായ ശ്ലോകങ്ങൾ ഉത്തമങ്ങളാണ്. ഭക്തിയുടെ പാരമ്യത്തിൽ എത്തുന്നവയാണ് ഇവ.

നട്ടുവാങ്കം

തിരുത്തുക

ഭരതനാട്യം പഠിപ്പിക്കുകയും പ്രേക്ഷകന് ആസ്വാദ്യമായ വിധത്തിൽ തന്റെ ശിഷ്യരെ അരങ്ങിൽ നൃത്തം അവതരിപ്പിക്കുകയും ചെയ്യുക എന്നതാണ് നട്ടുവന്റെ ചുമതല. നൃത്തം സം‌വിധാനം ചെയ്യുക, അഭിനയവും ജതികളും ചിട്ടപ്പെടുത്തി ശിഷ്യരെ പരിശീലിപ്പിക്കുക, നൃത്തം ചെയ്യുമ്പോൾ പാദചലനങ്ങൾക്ക് യോജിക്കും വിധം താളം തട്ടിക്കൊടുക്കുക, പാട്ടുകാർക്കും വാദ്യക്കാർക്കും വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുക, അരങ്ങിൽ അവരെ നിയന്ത്രിക്കുക, പാട്ടിന്റെ വരികളുടെ ഇടവേളകളിൽ വരുന്ന ജതികൾ ഉച്ചരിക്കുക എന്നിവയെല്ലാം നട്ടുവന്റെ കർത്തവ്യങ്ങളാണ്.

കുട്ടികളെ പരിശീലിപ്പിക്കുന്നത് തുടക്കം മുതൽ തന്നെ ശരിയായ രീതിയിൽ താളം കൊട്ടിക്കൊണ്ടായിരിക്കണം. താളം പിടിക്കാൻ ഒരു മരക്കഷണവും വടിയും വേണം. മരക്കഷണത്തിന് 2സെ.മീ. നീളവും 7സെ.മീ. വീതിയും 3സെ.മീ. കനവും ഉണ്ടായിരിക്കണം. കൊട്ടുന്ന മേൽഭാഗം മിനുസപ്പെടുത്തി വക്കുകൾ ഉരുട്ടിയിരിക്കണം. 27സെ.മീ. നീളവും 6സെ.മീ. ചുറ്റളവുമുള്ള ഉരുണ്ട വടിയാണ് കൊട്ടാനുപയോഗിക്കുന്നത്.

വാദ്യോപകരണങ്ങൾ

തിരുത്തുക
 

സംഗീതപശ്ചാത്തലത്തിലല്ലാതെ നൃത്തം സാദ്ധ്യമല്ല. താളവാദ്യങ്ങൾ കൂടാതെയുള്ള ഒരു നൃത്തവും ഇല്ലതന്നെ. ഉദ്ധതമായ താണ്ഡവത്തിനും ഭാവപ്രധാനമായ ലാസ്യത്തിനും യോജിച്ച സംഗീതമില്ലെങ്കിൽ നാട്യരസം നഷ്ടപ്പെടും. വാദ്യോപകരണങ്ങളെപ്പറ്റിയും താളവാദ്യങ്ങളുടെ പ്രയോഗവിധികളെപ്പറ്റിയും നാട്യശാസ്ത്രത്തിലെ 28-മ് അദ്ധ്യായം മുതൽ 33-മ് അദ്ധ്യായം വരെ വിവരിക്കുന്നു.

വാദ്യങ്ങളെ തതം, അവനദ്ധം, ഘനം, സുഷിരം എന്നു നാലായി തിരിച്ചിരിക്കുന്നു. പാട്ടിലെ ശ്രുതിയെ നിയന്ത്രിക്കാൻ തതം (കമ്പി കെട്ടി ഉണ്ടാക്കിയത്) ഇനത്തിൽ പെട്ട തമ്പുരു അല്ലെങ്കിൽ ശ്രുതിപ്പെട്ടി ഉപയോഗിക്കുന്നു. മൃദംഗം, കഞ്ചീര, ഘടം പോലുള്ള അവനദ്ധം (വായ് അടച്ചുകെട്ടി ഉണ്ടാക്കിയ) ഇനത്തിൽ പെട്ട വാദ്യങ്ങളും ഭരതനാട്യത്തിൽ പ്രയോഗിക്കുന്നുണ്ട്. നട്ടുവനാർ ചൊല്ലുകെട്ടു ഉച്ചരിക്കുമ്പോൾ ഉപയോഗിക്കുന്ന താളവും (ചെറിയ ഇലത്താളം) വാദ്യോപകരണങ്ങളിൽ ഉൾപ്പെടും.

വേഷവിധാനം

തിരുത്തുക

ഓരോ നൃത്തസമ്പ്രദായത്തിലും പ്രത്യേക ആടയാഭരണങ്ങളും മുടിക്കെട്ടും ഉണ്ടെങ്കിലും ഭരതനാട്യത്തിൽ വ്യഭിചാരി ആഹാര്യമാണ് തുടരുന്നത്. അതായത് കഥാപാത്രത്തിനനുസരിച്ചുള്ള വേഷം അണിയുന്നില്ല. അഭിനയ ക്രിയകളിലൂടെയാണ് കഥാപാത്രത്തിന്റെ സ്വഭാവം പ്രേക്ഷകന് മനസ്സിലാക്കിത്തരുന്നത്. ഇതിനെ ആഹാര്യാഭിനയം എന്ന് പറയുന്നു. രംഗവേദിയിൽ പരക്കുന്ന പ്രകാശത്തിൽ മുഖാവയവങ്ങൾക്ക് മിഴിവ് നൽകാൻ മുഖത്ത് അനുയോജ്യമായ ചായം തേയ്ക്കുകയും കണ്ണെഴുതുകയും ചുണ്ട് ചുമപ്പിക്കുകയും മറ്റും ചെയ്യുന്നു. മുഖത്തിലും കഴുത്തിലും കരങ്ങളിലും പാദങ്ങളിലും ചെയ്യുന്ന സൗന്ദര്യധാരണം തുല്യ അളവിൽ വരാൻ ശ്രദ്ധിക്കണം. ചമയത്തിന് ഒരു അണിയറ ശില്പിയുടെ സഹായവും ആവശ്യമുണ്ട്.

നടനത്തിന് നയനത്തിന്റെ ഭാവങ്ങൾ കൂടുതൽ ആവശ്യമായതിനാൽ പുരികങ്ങൾ വില്ല് പോലെ ആകൃതിയിൽ കറുത്തമഷികൊണ്ട് വരയ്ക്കേണ്ടതാണ്‌‍. പഴയകാലങ്ങളിൽ കണ്ണുകൾക്കും കൺപീലികൾക്കും പുരികങ്ങൾക്കും കണ്മഷി മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂവെങ്കിൽ, ഈ കാലഘട്ടത്തിൽ നൃത്തരംഗത്ത് നയനങ്ങൾക്ക് സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനായി മസ്ക്കാര, ഐലൈനർ എന്നിവയും ഉപയോഗിച്ചു വരുന്നു.

നയനങ്ങൾ പോലെതന്നെ അധരങ്ങളും മുഖകാന്തി വർദ്ധിപ്പിക്കുന്ന ഘടകമായതിനാൽ അധരങ്ങൾക്ക് ചായം(ലിപ്സ്റ്റിക്) പൂശുന്നത് അത്യാവശ്യമാണ്. അതുപോലെതന്നെ നെറ്റിയുടെ ആകൃതിക്കനുസരിച്ചായിരിക്കണം നെറ്റിയിൽ സിന്ദൂരം അണിയേണ്ടത്. കൈപ്പത്തികളും കാല്പാദങ്ങളും പണ്ട് മൈലാഞ്ചി കൊണ്ട് അലങ്കരിച്ചിരുന്നുവെങ്കിൽ ഇപ്പോൾ അൽത്തയാണ് ഉപയോഗിക്കുന്നത്.

കേശാലങ്കാരത്തിൻ ആദ്യകാലങ്ങളിൽ യാഥാർത്ഥ പുഷ്പങ്ങളാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് പ്ലാസ്റ്റിക് പുഷ്പങ്ങളും വിഗ്ഗുകളും സ്ഥാനം പിടിച്ചിരിക്കുന്നു.

അണിയേണ്ട ആഭരണങ്ങൾ

തിരുത്തുക

പാദങ്ങളിൽ അണിയുന്ന ചിലങ്കയിലെ മണികൾ നൂറ് മുതൽ ഇരുനൂറു വരെ എന്നതാണ് കണക്ക്. എന്നാൽ ഇന്നു മുപ്പത് മുതൽ നാല്പത് എന്ന സംഖ്യവരെ എത്തിയിരിക്കുന്നു. നൃത്തം ചെയ്യുന്ന സമയത്ത് പാദങ്ങളുടെ ഭാരം കുറയ്ക്കുവാൻ വേണ്ടി ആയിരിക്കാം ഈ സം‌വിധാനം എന്ന് വേണം കരുതാൻ‍. ദേവദാസി സമ്പ്രദായത്തിൽപ്പെട്ട നർത്തകർ അണിഞ്ഞിരുന്ന ആഭരണങ്ങൾ ശുദ്ധമായ സ്വർണ്ണം കൊണ്ട് നിർമ്മിച്ചവയായിരുന്നു. എന്നാൽ ഇപ്പോൾ സ്വർണ്ണം പൂശിയ ആഭരണങ്ങളാണ് അധികവും ഉപയോഗിക്കുന്നത്. ശരീരഭാഗങ്ങളിൽ ധരിക്കുന്ന ആഭരണങ്ങളുടെ പട്ടിക ഇപ്രകാരമാണ്.

കേശം: റാകൊടി, ചുട്ടി, കമ്മൽ, ജിമിക്കി, മാട്ടി, മൂക്ക് വളയം, പില്ലക്ക്.

ഗളം: അഡ്ഡികൈ, മുത്ത് ഹാരം, മാങ്ങ മാല, കാശ് മാല, പതക്കം, നാഗഹാരം.

കരങ്ങൾ: വങ്കി, കല്ല് പതിച്ച വളകൾ, മോതിരങ്ങൾ.

അരക്കെട്ട്: ഒഡ്യാണം

പാദം: കൊലുസ്, മെട്ടി, ചിലമ്പ്.

വസ്ത്രധാരണം

തിരുത്തുക

സദിരാട്ടം, ദാസിയാട്ടം എന്നീ നൃത്തങ്ങളുടെ കാലഘട്ടത്തിൽ ദേവദാസികൾ അണിഞ്ഞിരുന്നത് കസവ് തുന്നിയിട്ടുള്ള പൈജാമയും മേൽവസ്ത്രവും ആയിരുന്നു. ഇ. കൃഷ്ണയ്യർ ആണ്‌‍ ഭരതനാട്യ നൃത്തത്തിനുള്ള വസ്ത്രധാരണം വളരെ ആകർഷണരീതിയിൽ രൂപകല്പന ചെയ്തത്.

അഞ്ച് തരം വസ്ത്രങ്ങൾ ഉൾപ്പെട്ടതാണ്‌‍ ഭരതനാട്യത്തിന്റെ വസ്ത്രധാരണം.

  • പൈജാമ
  • വിശറി
  • പിൻ വസ്ത്രം
  • മേൽ വസ്ത്രം(ബ്ലൗസ്)
  • മേലാക്ക് (ധാവണി)

വടക്കെ ഇന്ത്യയിൽ ഭരതനാട്യനർത്തകർ ഉടയാടകൾക്കുവേണ്ടി ബനാറസ് പട്ട് (സിൽക്ക്) ഉപയോഗിക്കുമ്പോൾ തെക്കെ ഇന്ത്യക്കാർ കാഞ്ചിപുരംപട്ടാണ്‌‍ അണിഞ്ഞ് വരുന്നത്.

പ്രതിഭകൾ

തിരുത്തുക
 
രുഗ്മിണീദേവി അരുണ്ഡേൽ
 
ചിത്ര വിശ്വേശ്വരന്

ഭരതനാട്യത്തിലെ വാഗേയകാരന്മാർ

തിരുത്തുക

ഊത്തുക്കാട് വെങ്കടസുബ്ബയ്യർ

തിരുത്തുക

ഭരതനാട്യം പഠിക്കുന്നവർക്ക് ഒരിക്കലും മറക്കാനാവാത്ത നാമമാണ് വെങ്കടസുബ്ബയ്യർ എന്ന കവിയുടേത്. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും ഇദ്ദേഹത്തിന്റെ ഗാനങ്ങൾ ഉപയോഗിക്കാത്തവർ ഉണ്ടാകാൻ വഴിയില്ല. സാഹിത്യത്തിലും സംഗീതത്തിലും മികച്ച കൃതികളാണ് ഇദ്ദേഹം രചിച്ചിട്ടുള്ളത്. സംസ്കൃതത്തിലും തമിഴിലും ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിലെ താളിയോല ഗ്രന്ഥങ്ങളിൽ നിന്ന് കിട്ടിയ വിവരമനുസരിച്ച് എ.ഡി.1700നും 1765നും ഇടയിൽ ജീവിച്ചിരുന്നു എന്നു കണക്കാക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ “തായേ യശോദ ഉന്തൻ ആയർ കുലത്തുദിത്ത” എന്ന ഗാനം കാവ്യാത്മകതയും സംഗീതവും മനോഹരമായി ഇഴചേർന്ന കൃതിയാണ്. നൃത്തത്തിന് ഉപയോഗിച്ച് വരുന്ന ചില കൃതികൾ ഇവയാണ്‌‍.

പാപനാശം ശിവൻ

തിരുത്തുക

കേരളത്തിലെ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിൽ പിറന്ന് മലയാളവും സംസ്കൃതവും പഠിച്ച് തമിഴിൽ സംഗീത കൃതികൾ രചിച്ച മഹാനായിരുന്നു പാപനാശം ശിവൻ. പാലക്കാട് നൂറണി മഹാദേവ ഭാഗവതർ, സംബ ഭാഗവതർ എന്നിവർ സംഗീതത്തിൽ അദ്ദേഹത്തിന്റെ ഗുരുക്കന്മാരായിരുന്നു. പത്മഭൂഷൻ, ശിവപുണ്യ ഗാനമണി എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ഭരതനാട്യത്തിൽ അദ്ദേഹത്തിന്റെ കൃതികൾ പലതും ഉപയോഗിച്ച് വരുന്നുണ്ട്. “എന്ന തവം ചെയ്തനേ” എന്ന കീർത്തനം പ്രസിദ്ധപ്പെട്ടതാണ്. അദ്ദേഹം രചിച്ച പദവർണ്ണങ്ങൾ ഇവയാണ്:

നൃത്തവിദ്യാലയങ്ങൾ

തിരുത്തുക

ചിത്രശാല

തിരുത്തുക

ഹസ്ത മുദ്രകൾ

തിരുത്തുക
  • അസം‌യുക്തഹസ്തങ്ങൾ
  • സം‌യുക്തഹസ്തങ്ങൾ
  • മടവൂർ ഭാസിയുടെ “ലഘു ഭരതം”
  • പി.ജി.ജനാർദ്ദനന്റെ “നാട്യകല-സിദ്ധാന്തവും പ്രയോഗവും”
  • മൃണാളിനി സാരാഭായിയുടെ “സേക്രഡ് ഡാൻസെസ് ഓഫ് ഇൻഡ്യ”
  • വിവേകാനന്ദ കേന്ദ്ര പത്രിക,ചെന്നൈ പ്രസിദ്ധീകരിച്ച “ഡാൻസെസ് ഓഫ് ഇൻഡ്യ”
  1. "ദേശീയ ചിഹ്നങ്ങളെ കുറിച്ച് പഠിക്കാം; പി.എസ്‌.സി. പരീക്ഷയിൽ മികച്ച റാങ്ക് സ്വന്തമാക്കാം". Retrieved 16 ഒക്ടോബർ 2020.
  2. International Tamil Language Foundation (2000). The Handbook of Tamil Culture and Heritiage. Chicago: International Tamil Language Foundation. pp. p. 1201. {{cite book}}: |pages= has extra text (help)
  3. http://www.britannica.com/eb/article-9079037/bharata-natya
  4. Samson, Leela (1987). Rhythm in Joy: Classical Indian Dance Traditions. New Delhi: Lustre Press Pvt. Ltd. pp. p. 29. {{cite book}}: |pages= has extra text (help)
  5. Banerjee, Projesh (1983). Indian Ballet Dancing. New Jersey: Abhinav Publications. pp. p. 43. {{cite book}}: |pages= has extra text (help)
  6. Bowers, Faubion (1967). The Dance in India. New York: AMS Press, Inc. pp. pp. 13 & 15. {{cite book}}: |pages= has extra text (help)
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 10 മേയ് 2013. Retrieved 25 മാർച്ച് 2014.
  8. [www.indiainfoweb.com/tamil-nadu/dances/bharatnatyam.html "indiainfoweb"]. Retrieved 11 ഓക്റ്റോബർ. {{cite web}}: Check |url= value (help); Check date values in: |accessdate= (help); Unknown parameter |accessyear= ignored (|access-date= suggested) (help)
  9. 9.0 9.1 http://www.indiaparenting.com/indianculture/dances/dance001.shtml
  10. "A walk through India: the famous classical Indian dance forms and their state of origin". Retrieved 16 ഒക്ടോബർ 2020.
  11. പി.ജി.ജനനർദ്ദനൻറെ “നാട്യകല-സിദ്ധാന്തവും പ്രയോഗവും”-ഒന്നാം അദ്ധ്യായം
  12. മടവൂർ ഭാസിയുടെ “ലഘുഭരതം”-അദ്ധ്യായം ആറ്‌
  13. അണ്ണാ സർ‌വ്വകലാശാല - ബി.എ. ഭരതനാട്യം പാഠപുസ്തകം

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=ഭരതനാട്യം&oldid=4122272" എന്ന താളിൽനിന്ന് ശേഖരിച്ചത്