സാമൂതിരി

മലബാറിന്റെ തെക്കേ പകുതി ഭരിച്ചിരുന്ന ഭരണാധികാരികളുടെ സ്ഥാനപ്പേർ
(Zamorin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏകദേശം 750 വർഷക്കാലം കേരളത്തിലെ കോഴിക്കോട് ഉൾപ്പെടുന്ന മലബാറിന്റെ തെക്കേ പകുതി ഭരിച്ചിരുന്ന ഭരണാധികാരികളുടെ സ്ഥാനപ്പേർ ആണ് സാമൂതിരി. യൂറോപ്യന്മാർ എന്നാണ് ഈ രാജാക്കന്മാരെ വിളിച്ചിരുന്നത്. ഇവരുടെ വംശം നെടിയിരിപ്പ് സ്വരൂപം . കുന്നലക്കോനാതിരി എന്നും അവർ അറിയപ്പെട്ടിരുന്നു. ഏറാടിമാർ എന്നുകൂടി അറിയപ്പെട്ടിരുന്ന ഇവർക്ക് ചേരമാൻ പെരുമാളിൽ നിന്നും നാടുവാഴിസ്ഥാനം ലഭിച്ചതായി പറയപ്പെടുന്നു. മാനവിക്രമൻ, മാനവേദൻ എന്നിങ്ങനെ ഒരോ സാമൂതിരിമാരുടേയും പേരുകൾ മാറിമാറി വന്നിരുന്നു. പോർത്തുഗീസുകാർ വാസ്കോ ഡ ഗാമ യുടെ നേതൃത്വത്തിൽ കേരളത്തിൽ എത്തിച്ചേർന്നത് ഒരു മാനവിക്രമൻ സാമൂതിരിയുടെ (1498) കാലത്താണ്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കാലം ഒരു ഭൂവിഭാഗം ഭരിച്ചവരാണ് സാമൂതിരിമാർ. കോഴിക്കോട് ആസ്ഥാനമായി നിന്നുകൊണ്ട് പൊന്നാനിത്തുറയുടേയും ഭാരതപ്പുഴയുടേയും അതിനു തെക്കുള്ള പ്രദേശങ്ങളുടേയും അധീശത്വം നേടാനായുള്ള പരിശ്രമങ്ങൾ സാമൂതിരിമാർ നിരന്തരമായി നടത്തി. ചത്തും കൊന്നും നാട് ഭരിക്കുവാനുള്ള അവകാശം ചേരമാൻ പെരുമാളിൽ നിന്ന് ലഭിച്ചു എന്നു പറയപ്പെടുന്ന സാമൂതിരിമാർക്ക് തുറമുഖങ്ങൾ വഴിയുള്ള കച്ചവടത്തിലൂടെ മദ്ധ്യകാല കേരളത്തിൽ ഏറ്റവും തിളക്കമേറിയ ചരിത്രം സൃഷ്ടിക്കാൻ കഴിഞ്ഞു. കൊച്ചി രാജവംശത്തിലും കോലത്തിരിമാരിലുമുണ്ടായിരുന്ന തരത്തിലുള്ള കുടുംബഛിദ്രങ്ങൾ സാമൂതിരിമാർക്കില്ലാതിരുന്നതും ഇതിനു മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.[2]

Zamorin of Calicut

c. 1124 AD–1806 AD
Chera king's Sword given to the Samoothiri of Kozhikode. Engraved from an original sketch.
Chera king's Sword given to the Samoothiri of Kozhikode. Engraved from an original sketch.
സാമൂതിരി തന്റെ സിംഹാസനത്തിൽ, 1898-ൽ വെലോസൊ സൽഗഡോ വരച്ചചിത്രം
സാമൂതിരി തന്റെ സിംഹാസനത്തിൽ, 1898-ൽ വെലോസൊ സൽഗഡോ വരച്ചചിത്രം
സ്ഥിതിKingdom
തലസ്ഥാനംKozhikode
പൊതുവായ ഭാഷകൾMalayalam
മതം
Hinduism
ഭരണസമ്പ്രദായംFeudal Monarchy
ചരിത്രം 
• Dissolution of the Cheras of Cranganore[1]
c. 1124 AD
1806 AD
നാണയവ്യവസ്ഥKozhikode Fanam
മുൻപ്
ശേഷം
Chera dynasty
Company rule in India
Today part ofIndia
കേരളത്തിന്റെ ചരിത്രം എന്ന പരമ്പരയുടെ ഭാഗം
കേരളചരിത്രം
ചരിത്രാതീത കാലം
ചരിത്രാതീത കാലത്തെ കേരളം
 · ഇടക്കൽ ഗുഹകൾ · മറയൂർ
സംഘകാലം
സംഘസാഹിത്യം
മുസിരിസ് · തിണ്ടിസ് 
സമ്പദ് വ്യവസ്ഥ · ഭൂപ്രദേശം · സംഗീതം
ചേരസാമ്രാജ്യം
മുൻകാല പാണ്ട്യൻമാർ
ഏഴിമല രാജ്യം
ആയ് രാജവംശം
മദ്ധ്യ കാലം
കളഭ്രർ
മാപ്പിള
കുലശേഖര സാമ്രാജ്യം
കുലശേഖര ആഴ്‌വാർ
ശങ്കരാചാര്യർ
മദ്ധ്യകാല ചോളസാമ്രാജ്യം
സാമൂതിരി
വേണാട്
കോലത്തുനാട്
തിരുവിതാംകൂർ
പെരുമ്പടപ്പു സ്വരൂപം
കേരളീയഗണിതം
വിജയനഗര സാമ്രാജ്യം
ആധുനിക കാലം
വാസ്കോ ഡ ഗാമ
കുഞ്ഞാലി മരക്കാർ
ആരോമൽ ചേകവർ
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
തിരുവിതാംകൂർ-‍ഡച്ച് യുദ്ധം
കുളച്ചൽ യുദ്ധം
കുറിച്യകലാപം
പഴശ്ശി സമരങ്ങൾ
മൈസൂർ-ഏറാടി യുദ്ധം
പഴശ്ശിരാജ
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
മദ്രാസ് പ്രസിഡൻസി
മൂന്നാമത് ആംഗ്ലോ-മൈസൂർ യുദ്ധം
വേലുത്തമ്പി ദളവ
മലബാർ കലാപം
പുന്നപ്ര-വയലാർ സമരം
ചട്ടമ്പിസ്വാമികൾ
ശ്രീനാരായണഗുരു
മന്നത്ത് പത്മനാഭൻ
അയ്യൻകാളി
തിരു-കൊച്ചി
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
മദ്രാസ് സംസ്ഥാനം
കേരളം

പേരിനു പിന്നിൽ തിരുത്തുക

ക്രിസ്തുവർഷം 1422നു മുൻപ് ഒരു രേഖകളിലും സാമൂതിരി എന്ന പേർ ഇല്ല. മുഹമ്മദ്ബിൻ തുഗ്ലക്കിന്റെ ദൂതനായ ഇബ്ൻ ബത്തൂത്ത 1342 നും 1347 നും ഇടക്ക് മൂന്നു തവണ കോഴിക്കോട് സന്ദർശിച്ചിട്ടുണ്ടെങ്കിലും കുന്നലക്കോനാതിരിയെന്നോ പൂന്തുറേശൻ എന്നോ ആണ് പരാമർശിച്ചു കാണുന്നത്. എന്നാൽ 1422 -ൽ പേർഷ്യൻ രാജാവിന്റെ ദൂതനായ അബ്ദുൾ റസാഖ്, സാമൂതിരി എന്ന പേർ ഉപയോഗിച്ചതായി കാണുന്നുണ്ട്. [3] സാമൂതിരി എന്ന പദത്തിന്റെ ഉത്ഭവത്തെപ്പറ്റിയുള്ള രണ്ട് സ്രോതസ്സുകൾ ഇവയാണ്.

 • ബാർബോസയുടെ ഗ്രന്ഥത്തിൽ പറയുന്നപ്രകാരം നാട്ടൂകാർ താമൂരി എന്ന് പണ്ടേ വിളിച്ചിരുന്നു. ‘സ്വാമി’ ‘തിരി‘ എന്നീ രണ്ടു പദങ്ങൾ ചേർന്നാണ് ഇതുണ്ടായതെന്ന് അദ്ദേഹം പറയുന്നു. [4]
 • എന്നാൽ മറ്റു ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ സമുദ്രത്തിന്റെ അധിപൻ എന്ന അർത്ഥത്തിൽ ആണ് ഈ പദം ഉണ്ടായത്, പിന്നീട് ലോപിച്ച് സാമൂതിരി ആയതാണ്. എന്തായാലും പതിനഞ്ചാം നൂറ്റാണ്ടിന്റെ പകുതിമുതൽ നെടിയിരിപ്പ് സ്വരൂപം സാമൂതിരി എന്ന പേരിൽ ലോകം മുഴുവൻ അറിയപ്പെടാൻ തുടങ്ങി.
 • ചോഴി സമുദ്രി എന്നൊരു മന്ത്രി ചേര രാജാക്കന്മാർക്ക് ഉണ്ടായിരുന്നു. അവർ പൂന്തുറ ഏറാടിമാർ ആയിരുന്നെന്നും അവർ പോറ+അള+തിരി, കുന്ന്+അല+തിരി പോലെ അർത്ഥം വരുന്ന സമുദ്ര+അധീശൻ എന്ന പേർ സ്വീകരിച്ചുവെന്നും അത് സാമൂതിരി ആയെന്നും കരുതുന്നു. [5]

എല്ലാ രാജാക്കന്മാരേയും പോലെ സ്ഥാനപ്പേരിൽ വളരെ കമ്പമുള്ളവരായിരുന്നു സാമൂതിരിമാരും. പൂന്തുറക്കോൻ, കുന്നലക്കോനാതിരി, സമുദ്രാധീശൻ എന്നിങ്ങനെ അറിയപ്പെട്ടിരുന്നതു കൂടാതെ പിൽക്കാലത്ത് ‘ശ്രീമദ്, സകലഗുണസമ്പന്നരാന, സകല ധർമ്മ പരിപാലകരാന, അഖണ്ഡിതലക്ഷ്മി പ്രസന്നരാന, മാഹാമെരുസമാനധീരരാന, മിത്രജനമനോരഞ്ജിതരാന രാജമാന്യ രാജശ്രീ കോഴിക്കോട് മാനവിക്രമസാമൂതിരി മഹാരാജാവ്' എന്നു കൂടി അവർ സ്ഥാനപ്പേർ സ്വീകരിച്ചു. [6]

ചരിത്രം തിരുത്തുക

ക്രിസ്തുവർഷം 1347ലാണ് സാമൂതിരി ഭരണം തുടങ്ങിയതെന്ന് ചില ചരിത്രകാരന്മാർ അവകാശപ്പെടുന്നു. [7]അവസാനത്തെ ചേരരാജവായ ചേരമാൻ പെരുമാൾ പെരുന്തുറയിൽ നിന്നു വന്ന, മാനിച്ചനും വിക്കിരനുമായി കോഴിക്കോടും ചുള്ളിക്കാടും ദാനം ചെയ്തു എന്നാണ് പറയപ്പെടുന്നത്. സാമൂതിരിമാർ ആദ്യം ഏറാടിമാർ എന്നാണ് അറിയപ്പെട്ടിരുന്നത്. ഏറനാടിന്റെ ഉടയവർ ആണ് ഏറാടിയായി ലോപിച്ചത്. ഇവർ നായർ ജാതിയിലെ ഒരു ഉപജാതിയാണ്.[8] പോളനാടിന്റെ അടുത്തുള്ള ഭൂവിഭാഗം ആണ് ഏറനാട്. അക്കാലത്ത് ഇന്നത്തെ കോഴിക്കോടിനു ചുറ്റുമുള്ള പ്രദേശം പയ്യനാട് , പോളനാട്, പൂഴിനാട് എന്നിങ്ങനെ മൂന്നു നാടുകളായാണ് അറിയപ്പെട്ടിരുന്നത്. പോലൂർ, പൊലിയൂറ്, ചെല്ലൂറ്, ചേവൂർ എന്നിങ്ങനെ കോഴിക്കോട്പട്ടണത്തിനു ചുറ്റുമുണ്ടായിരുന്ന ഇരുപത്തിരണ്ട് ഊരുകൾ ചേർന്നതായിരുന്നു പോളനാട്. പൊന്നാനിക്കു ചുറ്റുമുള്ള പ്രദേശമായിരിന്നു പൂഴിനാട്. ഏറാടിമാർ പോളനാടിന്റെ രാജാവായ പോർളാതിരിയുടെ സേനാനായകന്മാരായിരുന്നു. താമസിയാതെ അവർക്ക് നാടുവാഴി സ്ഥാനം ലഭിച്ചു.

1341-ൽ പെരിയാർ നദിയിലുണ്ടായ വെള്ളപ്പൊക്കം അന്നത്തെ പ്രധാന വാണിജ്യകേന്ദ്രമായ മുസിരിസ് (ഇന്നത്തെ കൊടുങ്ങല്ലൂർ) തുറമുഖത്തെ നശിപ്പിച്ചപ്പോൾ മറ്റു ചെറിയ തുറമുഖങ്ങൾക്ക് പ്രാധാന്യം ഏറി.[9] അറബികളും മൂറുകളും കോഴിക്കോട് പ്രദേശത്തേയ്ക്ക് പ്രവർത്തന മേഖല മാറ്റി. ചാലിയത്തും ബേപ്പൂർ എന്നിവിടങ്ങളിലും കേന്ദ്രീകരിച്ച അറബികളും മുസ്ലീങ്ങളുമായും ഉള്ള വ്യാപാരത്തിന്റെ മേൽനോട്ടക്കാരായതിനാൽ ഏറാടിമാർ അവരുമായി അടുപ്പത്തിലായിരുന്നു. ഏറാടിമാരുടെ ([നെടിയിരിപ്പ് സ്വരൂപം]]) മേൽക്കോയ്മ അവർ അംഗീകരിച്ചുപോരുകയും ചെയ്തു.

പോർളാതിരിമാരെ കീഴ്പ്പെടുത്തുവാനുള്ള സഹായ വാഗ്ദാനങ്ങൾ മുസ്ലീങ്ങളും മൂറുകളും വാഗ്ദാനം ചെയ്തു. ആദ്യം ആൾപ്പാർപ്പില്ലാത്ത ചുള്ളിക്കാട് പ്രദേശം കൈക്കലാക്കി, പിന്നീട് കോഴിക്കോട് പട്ടണത്തിലെ യുദ്ധത്തിൽ പരാജിതനായിട്ടും പോർളാതിരി നെടിയിരിപ്പിന്റെ സാമന്തനായിരിക്കാൻ ഇഷ്ടപ്പെട്ടില്ല (പണ്ട് സാമന്തപദവിയോടെ രാജ്യം തിരിച്ചുകൊടുക്കുന്ന രീതിയുണ്ടായിരുന്നു). അന്നു മുതൽ തെക്കു ബേപ്പൂർ അഴി മുതൽ വടക്ക് ഏലത്തൂർ വരെയുള്ള കോഴിക്കോട് പട്ടണം സാമൂതിരിയുടെ അധീനതയിലായി.

1498 -ൽ വാസ്കോ ഡ ഗാമ കാപ്പാട്ടെത്തുന്നത് മലബാർ തീരത്തെപ്പറ്റി പോർത്തുഗലിൽ ലഭ്യമായ വിവരണങ്ങളിലൂടെയാണ്. അന്ന് സാമൂതിരി പൊന്നാനിയിലാണ് താമസം. അന്നത്തെ നഗരവും തുറമുഖവും പാശ്ചാത്യനാടുകളുടേതുമായി തുലനം ചെയ്യാവുന്ന രീതിയിലുമായിരുന്നു. പോർത്തുഗീസുകാരെ വരവേറ്റെങ്കിലും മൂറുകളുടെ എതിർപ്പുണ്ടായിരുന്നു. ഇതുമൂലം കബ്രാൾ രാഷ്ട്രീയമായി കൊച്ചിക്കാണ് കൂടുതൽ പ്രാധാന്യം കൊടുത്തത്. തന്മൂലം അവർ കൊച്ചിയെ പ്രധാന കേന്ദ്രമാക്കി. കബ്രാൾ കൊച്ചിയുടെ സംരക്ഷകനായി. 1503 -ൽ സാമൂതിരി കൊച്ചി ആക്രമിച്ചു. ആക്രമണത്തിൽ രാജാ ഉണ്ണിരാമൻ കോയിക്കൽ ഒന്നാമനടക്കം മുന്ന് രാജ്യ കുടുബാങ്കങ്ങൾ കൊലചെയ്യപ്പെട്ടു. അതിനു പ്രതികാരമെന്നോണം AD1505-ലെ മാമാങ്കത്തിൽ ചെങ്ങഴിനാട് നാടുവാഴി ആയിരുന്ന ചെങ്ങഴി നമ്പിയാരുടെ നേതൃത്വത്തിൽ വന്ന ചാവേറുകൾ സാമൂതിരിയെ വധിക്കാനായി ശ്രമിച്ചിരുന്നു. പതിനാറായിരം സൈനികർ വരെ സാമൂതിരിയെ സംരക്ഷിച്ചിരുന്നു എന്ന് ചിലയിടങ്ങളിൽ കാണുന്നു. എന്നാൽ ഈ മാമാങ്കത്തിൽ ചെങ്ങഴിനമ്പ്യാരുടെ നേതൃത്വത്തിൽവന്ന ചാവേറുകൾ, സാമൂതിരിയുടെ സുരക്ഷാസന്നാഹങ്ങൾ നിഷ്പ്രഭമാക്കി മുന്നേറിയെങ്കിലും ചെങ്ങഴി നമ്പ്യാർ ഉൾപ്പടെ എല്ലാ ചാവേറുകളും വീരമൃത്യു വരിച്ചതായും, സാമൂതിരി പക്ഷത്തു വലിയ ആൾനാശമുണ്ടായതായും , ചാവേർപാട്ടുകളായ ചെങ്ങഴിനമ്പ്യാർ പാട്ട്, കണ്ടർ മേനവൻ പാട്ട് എന്നിവയിൽ പരാമർശമുണ്ട്. ഇതിനുശേഷമാണ് പോർത്തുഗീസുകാർക്ക് കൊച്ചിക്കോട്ട കെട്ടാൻ അനുമതി ലഭിച്ചത്. കൊച്ചിയിൽ നിന്ന് കുരുമുളക് ലഭിച്ചിരുന്ന അതേ വിലയ്ക്ക് പോർത്തുഗീസുകാർക്ക് നൽകാൻ സാമൂതിരിയും തയ്യാറായി. പകരം കൊച്ചിക്കെതിരെ, യുദ്ധത്തിൽ സാമൂതിരിയെ സഹായിക്കാമെന്ന് പോർത്തുഗീസുകാർ വാഗ്ദാനം ചെയ്തു. എന്നാൽ സാമൂതിരിയുമായി രമ്യതയിൽ അധികകാലം കഴിയാൻ അവർക്ക് സാധിച്ചില്ല, 1525 -ൽ കോഴിക്കോടെ പറങ്കിക്കോട്ട സാമൂതിരി തകർത്തു. പകരം പറങ്കികൾ 1531-ൽ ചാലിയത്ത് കോട്ട സ്ഥാപിച്ചു. 1571-ൽ സാമൂതിരി ഈ കോട്ടയും തകർത്തു. ഇതിനുശേഷം 1766 -ൽ സാമൂതിരിയുടെ തകർച്ച വരെ ഒരു വിദേശകോട്ടയും കോഴിക്കോട് ഉയർന്നിട്ടില്ല.

ഹൈദരാലിയുടെ മലബാർ ആക്രമണം തിരുത്തുക

ബേദ്‌നൂർ രാജ്യം ഹൈദർ കീഴടക്കിയ വാർത്ത അറിഞ്ഞപ്പോൾ 1763 -ൽ കണ്ണൂരിലെ ആലി രാജ അദ്ദേഹത്തോട് കേരളത്തിലേക്കു വരാനും കോഴിക്കോട് സാമൂതിരിയെ നേരിടാൻ തന്നെ സഹായിക്കുവാനും അഭ്യർത്ഥിച്ചു. അയൽക്കാരനും ശക്തനുമായ കോലത്തിരിയുടെ ശത്രുവായിരുന്ന കണ്ണൂരിലെ ഈ മുസ്ലീം ഭരണാധികാരി മൈസൂർ കേരളം ഭരിച്ച കാലമെല്ലാം അവരുടെ സഖ്യകക്ഷിയായിരുന്നു.[10][11] ഈ ക്ഷണം സ്വീകരിച്ച ഹൈദർ 1766 -ൽ മംഗലാപുരം വഴി 12000 കാലാൾപ്പടയോടും 4000 കുതിരപ്പടയോടും ധാരാളം ആയുധങ്ങളോടും കൂടി മലബാറിലേക്ക് പുറപ്പെട്ടു. ഇക്കാലത്ത് തനിക്ക് അറബിക്കടലിൽ ഒരു തുറമുഖം സ്വന്തമാക്കാൻ ഹൈദർ വളരെയധികം ആഗ്രഹിച്ചിരുന്നു. ബ്രിട്ടീഷുകാരെ നേരിടാൻ ഫ്രെഞ്ചുകാരും സഖ്യകക്ഷികളും തങ്ങളുടെ നിയന്ത്രണത്തിലുള്ള മാഹി വഴി ആയുധങ്ങളും പടക്കോപ്പുകളും കുതിരകളും എത്തിച്ചിരുന്നു. തന്റെ ആധുനികപട്ടാളവുമായി വന്ന ഹൈദർ കോലത്തുനാട്ടിൽ തുടങ്ങി മലബാറിലെ മിക്ക നാട്ടുരാജാക്കന്മാരെയും കീഴടക്കി.

തന്റെ ദീർഘകാലശത്രുവായിരുന്ന കോലത്തിരിയുടെ കൊട്ടാരം കണ്ണൂരിലെ ആലിരാജ പിടിച്ചെടുത്തു കത്തിച്ചു. കോലത്തിരി തന്റെ അനുചരരോടൊപ്പം അന്ന് ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള തലശ്ശേരിയിലേക്ക് രക്ഷപ്പെട്ടു. ഇതിനുശേഷം കോട്ടയം പടയുടെ ചെറിയ എതിർപ്പിനെ തകർത്ത് നാട്ടുകാരായ മുസ്ലീംകളുടെ സഹായത്തോടെ ഹൈദർ കോട്ടയം-മലബാർ പിടിച്ചെടുത്തു.[12] നാട്ടുകാരോട് ചെയ്ത ഗുരുതരമായ ഉപദ്രവങ്ങളെത്തുടർന്ന് ഒട്ടെങ്കിലും കാര്യമായ എതിർപ്പ് ഹൈദർ നേരിട്ടത് കടത്തനാട് നിന്നാണ്.

 
തലശ്ശേരിക്കോട്ട

കടത്തനാട് കീഴടക്കിയശേഷം ഹൈദർ സാമൂതിരിയുടെ തലസ്ഥാനമായ കോഴിക്കോട്ടേക്ക് പട നയിച്ചു. 1757 -ൽ സമ്മതിച്ച പ്രകാരമുള്ള 12 ലക്ഷം നൽകാത്തതാണ് ഇതിനു കാരണമായി ഹൈദർ പറഞ്ഞത്. സാമൂതിരിയുടെ നായർ പടയാളികളെ കൂടാതെ തീയ്യർ പടയും സേനയുടെ ഭാകമായിരുന്നു ഇവരുടെ പടത്തലവനായി ചെറായി പണിക്കർ ഹൈദ്റിനെതിരെ പോരാടി എങ്കിലും പരാജയം ഏറ്റുവാങ്ങി.[13][14][15] ഹൈദർ വരുമ്പോഴേക്കും സാമൂതിരി തന്റെ സ്വന്തക്കാരെയും ബന്ധുക്കളെയും പൊന്നാനിയിലെയും കോട്ടക്കലിലെയും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. ഹൈദർ പറഞ്ഞ പണം നൽകാത്തതിനാൽ സാമൂതിരി വീട്ടുതടങ്കലിൽ ആയിരുന്നു. കൂടാതെ സാമൂതിരിയുടെ ധനമന്ത്രിയെ വേറെവിടെയെങ്കിലും ധനം ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ ജയിലിൽ ഇട്ട് പീഡിപ്പിച്ചിരുന്നു. തന്റെ ദിനചര്യകൾക്കുപോലും സാമൂതിരിയെ അനുവദിച്ചിരുന്നില്ല. ഒടുവിൽ ഗതികെട്ട് തന്റെ കൊട്ടാരത്തിലെ വെടിമരുന്നുശാലയ്ക്ക് തീവച്ച് അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു.[16][17]

ധാരാളം പണം കൈവശമുള്ള ഹൈദർ അലി പിന്നീട് പാലക്കാട് വഴി കോയമ്പത്തൂർക്ക് പടനയിച്ചു. പുതുതായി പിടിച്ചെടുത്ത മലബാറിന്റെ മിലിട്ടറി ഗവർണറായി റാസ അലിയെയും സിവിൽ ഗവർണ്ണറായി മുൻ റവന്യൂ ഓഫീസറായ മദണ്ണയെയും ഹൈദർ നിയമിച്ചു.[17]

ജീവിത രീതികൾ തിരുത്തുക

വസ്ത്രധാരണത്തിലോ ശരീരപ്രകൃതിയിലോ രാജാവിന്‌ മറ്റു ഹിന്ദുക്കളിൽ നിന്ന് യാതൊരു പ്രത്യേകതയുമില്ല എന്നാണ്‌ അബ്ദുൾ റസാഖ് വിവരിക്കുന്നത്. അദ്ദേഹത്തിന്റെ വിവരണപ്രകാരം എല്ലാ ഹിന്ദുക്കളേയും പോലെ അദ്ദേഹവും അർദ്ധനഗ്നനാണ്‌. ബഹുഭാര്യത്വം പതിവായിരുന്നു.

സാമൂതിരി ആദ്യമായി പണികഴിപ്പിച്ചത് തളി ക്ഷേത്രത്തിനു പടിഞ്ഞാറായി കണ്ടങ്കൂലഹ്ത്തിനടുത്തുള്ള അമ്പാടിക്കോവിലകമായിരുന്നു. കിഴക്കേ കോവിലകത്തെ ഏറ്റവും പ്രായം ചെന്ന (കാരണവർ) ആൾക്ക് താമസിക്കാനായി മറ്റൊരു കോവിലകവും ഉണ്ടാക്കി. കിഴക്കെ കോവിലകത്തെ പ്രായം ചെന്ന ആളുടെ പേരാണ് തിരുമുൽ‍പാട്. അദ്ദേഹമാണ് പിന്നീട് സാമൂതിരിയായി മാറുക. വയസ്സിന്റെ അളവിൽ അടുത്ത ആൾ ഏറനാടു ഇളം കൂറ് എന്നും പിന്നീട് നമ്പ്യാതിരി തിരുമുൽ‍പാട് എന്നും അതിനു ശേഷം ഏറാൾപാട് എന്നും അറിയപ്പെട്ടു. മൂന്നാമത്തെ കാരണവരെ മുന്നാല്പാട് എന്നും നാലാമത്തെ ആൾ ഏടത്തനാട്ടു തിരുമുൽ‍പാട് എന്നും അഞ്ചാമത്തെ ആൾ നെടിയിരിപ്പിൽ മൂത്ത ഏറാടി എന്നും അടുത്തവരെ യഥാക്രമം എടത്രാൾപ്പാട്, നെടുത്രാൾപ്പാട് എന്നും പറഞ്ഞു പോന്നു. ഇവർക്ക് താമസിക്കാനായാണ് ഏറമ്പിരി കോവിലകം ഉണ്ടാക്കിയത്. 1470 മുതൽ ആരംഭിച്ച രേവതി പട്ടത്താനത്തിനു മൂന്നാൾപാട് സ്ഥിരമായി സാക്ഷ്യം വഹിക്കുമായിരുന്നു. മാമാങ്കാവസരങ്ങളിൽ സാമൂതിരി ഭാരതപ്പുഴയുടെ വലതുവശത്തും ഏറാൾപ്പാട് ഇടതുവശത്തും തമ്പടിച്ചു പാർക്കുകയായിരുന്നു പതിവ്.

മാനവേദൻ, മാനവിക്രമൻ, വീരരായിരൻ എന്നിങ്ങനെ സ്ഥാനപ്പേർ മാത്രമേ സ്വീകരിക്കാറുള്ളൂ. രേഖകളിലും മറ്റും ഇതാണ് എഴുതുന്നത്. അതിനാൽ ഒരോരുത്തരുടെയും ഭരണകാലം നിർവ്വചിക്കാൻ പ്രയാസമാണ്.

മിക്കവാറും പ്രായമുള്ളവരാണ് സാമൂതിരിമാർ ആയിരുന്നത്. ഇവർ മിക്കവരും മൂപ്പ് കിട്ടിവരുമ്പോഴേയ്ക്കും പ്രായാധിക്യം ബാധിച്ചവരായിരുന്നു. അങ്ങനെ ‘തൃച്ചെവി കേളാത്ത’, ‘തൃക്കൈമേലാത്ത’, തൃക്കാൽ വശമില്ലാത്ത തമ്പുരാന്മാരൊക്കെ താമൂരിയായി വാണിരുന്നു എന്ന് കൃഷ്ണമേനോൻ പ്രതിപാദിക്കുന്നു. ആവാത്ത കാലത്ത് ഭരണമേൽക്കുകയും പെട്ടെന്ന് തീപ്പെടുകയും ചെയ്തിരുന്ന സാമൂതിരിമാർ ആണ് കൂടുതലും. പുതിയ സാമൂതിരിയെ അവരോധിക്കുന്നത് അരിയിട്ടുവാഴിക്കുക എന്ന ചടങ്ങായിരുന്നു. ഇത് നമ്പൂതിരിമാരിലെ പ്രമാണിമാരും രാജ പുരോഹിതരും ചേർന്നാണ് നിർവ്വഹിക്കുക.

കൊട്ടാരങ്ങൾ അത്ര വലുത് എന്ന് പറയാൻ പറ്റില്ല, എന്നാണ്‌ വാർഡും കോർണരും മെമ്മോയറുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. (19 നൂറ്റാണ്ടിൽ)ലോഗന്റെ അഭിപ്രായത്തിൽ ഇവ ലളിതവും മിക്കവയും മരം കൊണ്ടുണ്ടാക്കിയവയുമാണ്. എന്നാൽ ശുചിത്വവും വൃത്തിയും നിറഞ്ഞു നിന്നിരുന്നു. കൊട്ടാരത്തിന്‌‍ ഒരു മൈൽ ചുറ്റളവ് ഉണ്ടായിരുന്നു. ഭിത്തികൾ പൊക്കം കുറഞ്ഞവയും തറ പശുവിന്റെ ചാണകമോ ചാന്തോ മെഴുകിയവയും ആയിരുന്നു. കൂടുതലും ചാന്തു ആയിരുന്നു ഉപയോഗിച്ചിരുന്നത്.

മരുമക്കത്തായം തിരുത്തുക

രാജാക്കന്മാർ മതാചാരപ്രകാരം ഉള്ള വിവാഹം ചെയ്യുക കുറവാണ്. എന്നാൽ നിരവധി ഭാര്യമാരെ വെച്ചിരിക്കും. റാണിക്ക് ഉണ്ടായിരിക്കേണ്ട എല്ലാ സ്ഥാനമാനങ്ങളോടും കൂടിയാണ്‌ ഇവരെ സം‌രക്ഷിക്കുക. അന്ന് ഒട്ടുമിക്ക ഉപജാതികളും മരുമക്കത്തായം ആണ് പിന്തുടർന്നിരുന്നത്.

വയറാട്ടം അഥവാ വയറ ഉഴിച്ചിൽ തിരുത്തുക

കേരളത്തിലെ ഒരു പുരാതന ആചാരമാണ് വയറാട്ടം അഥവാ വയറ ഉഴിച്ചിൽ. [18] കോഴിക്കോട്ടെ സാമൂതിരിമാർ ആചരിച്ചിരുന്നു എന്നതാണ് വയറാട്ടത്തിന്റെ പ്രശസ്‌തി. [19] കോഴിക്കോട്ട് സാമൂതിരിമാർക്ക് നിത്യേന നടത്തിയിരുന്ന ഒരു ആചാരമാണ് വയറാട്ടം. ഇതിനു വയറപ്പണിക്കന്മാർ എന്നൊരു സ്ഥാനികൾ ഉണ്ടായിരുന്നു. നിത്യവും രാവിലെ സാമൂതിരി വയറത്തളത്തിലേക്ക് എഴുന്നള്ളുന്നു. [20]

താലികെട്ട് കല്യാണം തിരുത്തുക

സാമൂതിരിയുടെ സഹോദരിമാരും ഭാഗിനേയികളും 12 വയസ്സിനു മുൻപ് താലിചാർത്തൽ എന്ന കെട്ടീകല്ല്യാണം നടത്തിയിരുന്നു. തുടർന്ന് തിരണ്ടുകുളിയും, 13 വയസ്സിന് ശേഷം നെടുമംഗല്യം എന്ന പുടമുറികല്ല്യാണത്തോടെ ഭർതൃമതികളുമായി മാറുന്നു. വംശവർദ്ധനത്തിനായിട്ടുള്ള ഗർഭോത്പാദനത്തിനായി അവകാശമുള്ളവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഒരു നായർ പ്രഭുവിനെക്കൊണ്ടോ ബ്രാഹ്മണനെക്കൊണ്ടോ രാജകുടുംബാംഗത്തെക്കൊണ്ടോ രാജ വിഭാഗത്തിൽപ്പെട്ട പെൺകിടാങ്ങൾക്ക് പുടവ കൊടുപ്പിക്കുന്നു. എന്നാൽ സന്താനോത്പത്തിക്കു മേൽ ഈ ബന്ധത്തിന്‌ യാതൊരു സ്ഥാനവുമില്ല. അതിനാൽ അമ്മയെന്നതിൽ കവിഞ്ഞ ഒരു മേൽ‌വിലാസം അന്നത്തെ രാജാക്കന്മാർക്ക് നിഷിദ്ധമായിരുന്നു എന്ന് കാണാം. . [21]അന്ന് ഒട്ടുമിക്ക ജാതി വിഭാഗങ്ങളും ഉപവിഭാഗങ്ങളും മരുമക്കത്തായം പിന്തുടരുന്നവർ ആയിരുന്നു

സം‌വത്സരദീക്ഷ തിരുത്തുക

സാമൂതിരി (രാജാക്കന്മാർ മിക്കവരും) തീപ്പെട്ടാൽ അവരുടെ സഹോദരന്മാർ അനന്തരവർ, ബന്ധുക്കൾ തുടങ്ങിയവർ ഒന്നിച്ചു കൂടി ദുഃഖം ആചരിക്കുകയും മൂന്നു ദിവസം മൃതദേഹം ദഹിപ്പിക്കാതെ കാത്ത് സൂക്ഷിക്കുകയും ചെയ്യും. ഈ സമയത്ത് ചന്ദനം തുടങ്ങിയ സുഗന്ധ ദ്രവ്യങ്ങൾ പുകച്ചു കൊണ്ടിരിക്കും. ശവദാഹത്തിനുശേഷം മറ്റു മതക്കാർ ഒഴികെ അന്ന് ജനിച്ച കുട്ടി വരെ ആബാലവൃദ്ധം ജനങ്ങളേയും ക്ഷൗരം ചെയ്യിക്കുന്നു. അന്നു മുതൽ 13 ദിവസം വെറ്റില മുറുക്കുന്നതിനും നിരോധനമുണ്ട്. 13 ദിവസം ഇത്തരത്തിൽ ദുഃഖമാചരിക്കുന്നതിനെ സം‌വത്സരദീക്ഷ എന്നാണ്‌ പറയുന്നത്. [21]

അരിയിട്ടുവാഴ്ച തിരുത്തുക

സാമൂതിരിയുടെ അരിയിട്ട് വാഴ്ച പ്രസിദ്ധമാണ്‌. രാജാവിന്റെ പട്ടാഭിഷേകമാണിത്. ബാർബോസ വിവരിക്കുന്നത് ഇങ്ങനെയാണ്‌: തീപ്പെട്ടത് കോഴിക്കോട്ടെ സാമൂതിരിയാണെങ്കിൽ പതിമൂന്നു ദിവസം സിംഹാസനം ഒഴിഞ്ഞു കിടക്കും. അടുത്ത കിരീടാവകാശിയെക്കുറിച്ച് എന്തെങ്കിലും തർക്കങ്ങൾ ഉണ്ടെങ്കിൽ അത് ഉന്നയിക്കേണ്ട സമയമാണത്. ഇതിനു ശേഷം സാമൂതിരിയുടെ സ്ഥാനാരോഹണം നടക്കും. അരിയിട്ടുവാഴ്ച എന്നാണതിനെ പറയുന്ന പേര്‌. വളരെയധികം കർമ്മങ്ങൾ ഉള്ള ഒരു ചടങ്ങാണത്. അതിനായി ബ്രാഹ്മണപുരോഹിതന്മാരും നായർ നാടുവാഴികളും നായർ ഇടപ്രഭുക്കന്മാരും മറ്റും കോവിലകത്തു ഹാജരാവുകയും വിപുലമായ ചടങ്ങുകൾ നടത്തപ്പെടുകയും ചെയ്യുന്നു. ചടങ്ങിന്റെ അവസാനത്തിൽ പരമ്പരാഗതമായ എല്ലാ നിയമങ്ങളും നിലനിർത്തുകയും മുൻ‌രാജാവിന്റെ കടങ്ങൾ വല്ലതുമുണ്ടെങ്കിൽ അത് വീട്ടുകയും മുൻ‌കാലങ്ങളിൽ നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കുകയും ചെയ്തുകൊള്ളാമെന്നു ചങ്ങലവിളക്ക് തൊട്ട് പുതിയ രാജാവിനെക്കൊണ്ട് പ്രതിജ്ഞ ചെയ്യിക്കുന്നു. പ്രതിജ്ഞ ചെയ്യുന്ന അവസരത്തിൽ ഊരിയ വാൾ ഇടതു കയ്യിൽ പിടിച്ചിരിക്കും. ആ വാൾ കൊണ്ട് എല്ലാം സം‌രക്ഷിച്ചുകൊള്ളാം എന്ന് സത്യം ചെയ്യണം. ഇപ്രകാരം ചെയ്യുന്ന സമയത്ത് മന്ത്രോച്ചാരണങ്ങളും സൂര്യാരാധനയും ചെയ്തുകൊണ്ട് രാജശിരസ്സിൽ അരിയിട്ട് അനുഗ്രഹിക്കുന്നു. തുടർന്ന് മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും, സാമന്തന്മാർ, കൈമൾമാർ, ഇടപ്രഭുക്കൾ തുടങ്ങിയവരുടേയും കൂറു പ്രഖ്യാപനമാണ്‌.

മുൻപറഞ്ഞ 13 ദിവസവും ഏതെങ്കിലും ഒരു കയ്മൾ ആയിരിക്കും രാജഭരണം നടത്തുക. അവർക്ക് ഭരണകാര്യങ്ങളിൽ നല്ല പങ്കുണ്ടായിരിക്കും. [21] സാമൂതിരിമാർക്ക് ദിവസവും രാവിലെ വയറാട്ടം അഥവാ വയറയുഴിച്ചിൽ എന്ന ഒരു ചടങ്ങു നടത്തിയിരുന്നു. [22]

സദസ്സ് തിരുത്തുക

സാമൂതിരിയുടെ സദസ്സിൽ മുസ്ലീങ്ങൾക്കും മൂറുകൾക്കും സ്ഥാനമുണ്ടായിരുന്നു. എല്ലാകാര്യങ്ങളിലും മറ്റുള്ളവർ ഇടപെട്ടിരുന്നു. രാജാവ് സർവ്വാഭരണ വിഭൂഷിതനായാണ് കാണപ്പെട്ടിരുന്നത്. വിദേശീയരുടെ ആഗമനത്തിനുമുൻപ് വസ്ത്രങ്ങൾ തുലോം കുറവായിരുന്നു എങ്കിലും പിന്നീട് അവർ സമ്മാനിച്ച വസ്ത്രങ്ങളും തൊപ്പിയും മറ്റും ധരിച്ചു കാണപ്പെട്ടിട്ടുണ്ട്.

രാജഭരണം തിരുത്തുക

ആസ്ഥാനവും അതിനു കീഴിലുള്ള ഭരണപ്രദേശമായ ചേരിക്കലും തമ്മിലുള്ള ബന്ധത്തിലാണ് ഭരണം അടിസ്ഥാനപ്പെടുത്തിയിരുന്നത്. സാമൂതിരിയുടെ ഭരണത്തിൻകീഴിലുള്ള പ്രദേശങ്ങൾ ഒന്നാകെ ചേരിക്കല്ലുകൾ എന്നാണ് അറിയപ്പെട്ടിരുന്നത്. 32 ചേരിക്കല്ലുകൾ ഉണ്ടായിരുന്നു. ഇവയെല്ലാം പല നാടുവാഴികളുടെ അധികാരത്തിനു കീഴിലുമായിരുന്നു. പില്ക്കാലത്ത് ഇവ ഭിന്ന താലൂക്കിൽ പെട്ട ദേശങ്ങൾ ആയിത്തീർന്നു. ചേരിക്കൽ അധികാരിയായി സാമൂതിരി ഒരു കാര്യസ്ഥനെ നിയമിക്കും. ഇയാളാണ് ചേരിക്കൽ അധികാരി. ഈ ഉദ്യോഗസ്ഥനാണ്, കോവിലകവും അതതു ചേരിക്കല്ലിലെ കുടിയാന്മാർക്കും ഇടയിലെ കണ്ണി. ഇയാൾ തമ്പുരാന്റെ നിർദ്ദേശാനുസരണം കുടിയാന്മാരിൽ നിന്നും പാട്ടം, മിച്ചവാരം എന്നിങ്ങനെയുള്ള നികുതികൾ (അനുഭവങ്ങൾ) പിരിച്ചെടുക്കുകയും കോവിലകത്തെ ഖജനാവിൽ അടയ്ക്കുകയും ചെയ്യും. കാര്യസ്ഥനെ കൂടാതെ കണക്കെഴുത്തുകാരായ മേനോക്കികൾ (മേനോൻ), പിരിവുകാരായ കോൽക്കാർ എന്നിവരും ചേർന്നാൽ ചേരിക്കൽ പോഴ്ത്തിക്കാർ (പ്രവർത്തിക്കാർ) ആകുന്നു.

ചേരിക്കൽ കൂടാതെ ദേവസ്വം, ബ്രഹ്മസ്വം, ഊട്ടുബ്രഹ്മസ്വം എന്നീ പേരുകളിൽ അറിയപ്പെടുന്ന വിഭാഗങ്ങൾ ഉണ്ട്. ഇവ ഭരണപരമായി വ്യത്യാസമുള്ള ഏകകങ്ങൾ ആണ്. ഇവയുടെ ഭരണം ദേവസ്വങ്ങൾ, കാര്യസ്ഥൻ എന്നിവയും കോവിലകവുമായി ബന്ധപ്പെട്ടു കഴിഞ്ഞിരുന്നു. ഇവയല്ലാതെ കാണാവകാശമില്ലാതെ വെറുമ്പാട്ടത്തിന് ഒരു വർഷത്തേയ്ക്ക് വസ്തുക്കൾ കുടിയാന്മാരെ ഏൽ‍പ്പിക്കുന്നതിനെ കളം എന്നാണ് പറഞ്ഞിരുന്നത്. സാമൂതിരിക്ക് ഇങ്ങനെ 32 ചേരിക്കല്ലുകളും 4 ബ്രഹ്മസ്വങ്ങളും 28 ദേവസ്വങ്ങളും ചേർന്ന 64 ഏകകങ്ങൾ ഉണ്ടായിരുന്നു. ഇത് തളിക്ഷേത്ര ഗ്രന്ഥവരികളിൽ കൊല്ലവർഷം 736-ല് രേഖപ്പെടുത്തിയിട്ടുണ്ട്. [23]

സാമൂതിരിമാരുടെ പ്രധാന വരുമാന മാർഗ്ഗം അറബി, ഈജിപ്ത്, പേർഷ്യ എന്നിവിടങ്ങളിലെ രാജാക്കന്മാരിൽ നിന്നും കച്ചവടക്കാരിൽ നിന്നു കിട്ടിയിരുന്ന കാഴ്ചദ്രവ്യങ്ങൾ ആയിരുന്നു. അതിനു പുറമേ പ്രധാന നികുതികളാണ് താഴെ പറയുന്നവ.

സാംസ്കാരിക സംഭാവനകൾ തിരുത്തുക

750 വർഷം ഭരിച്ചുവെങ്കിലും ചുരുങ്ങിയകാലങ്ങൾ ഭരിച്ച ചേരന്മാരെയോ മറ്റുമായി തട്ടിച്ചു നോക്കുമ്പോൾ സാംസ്കാരിക സംഭാവനകൾ തുച്ഛമാണ്. വിവിധ നാടുവാഴികളും വിദേശീയരുമായുണ്ടായ യുദ്ധങ്ങളാണ് ചില ചരിത്രകാരന്മാർ ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അധികം സാമൂതിരിമാരും കലാസാഹിത്യസാംസ്കാരിക കാര്യങ്ങളിൽ ഒട്ടും ശ്രദ്ധയുള്ളവരായിരുന്നില്ല. മാമാങ്കത്തിന്റെ നിലപാട് സ്ഥാനം കൈക്കലാക്കുന്നത് തന്നെ, വള്ളുവക്കോനാതിരിക്ക് ലഭിച്ച അഭിമാന സൂചകമായ നടത്തിപ്പു പദവിയിൽ അസൂയ വളർന്നതുമൂലമാണ് എന്നാണ് പല ചരിത്രകാരന്മാരും വിശ്വസിക്കുന്നത്.

1466 മുതൽ 78 വരെ ഭരിച്ച മാനവിക്രമരാജാവാണ് ഇതിന് വിപരീതമായിരുന്നത്. അദ്ദേഹം ഒരു കവിയും പണ്ഡിതനുമായിരുന്നു. 'അനർഘരാഘവം' നാടകത്തിന്റെ വ്യഖ്യാതാവും 'വിക്രമീയം' എന്ന കൃതിയുടെ കർത്താവും അദ്ദേഹമാണ്. വിദ്വാന്മാരെ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധയൂന്നിയ അദ്ദേഹമാണ് തളി ക്ഷേത്രത്തിൽ പണ്ഡിതന്മാരെ ആദരിക്കാനായി രേവതി പട്ടത്താനം ഏർപ്പെടുത്തിയത്. ഇതിനു പുറമേ കവികളെയും പ്രോത്സാഹിപ്പിച്ചു. ആസ്ഥാനകവികളും പണ്ഡിതരുമായി പതിനെട്ടോളം മഹദ്-വ്യക്തികൾ രാജസദസ്സിനെ അലങ്കരിച്ചിരുന്നു. ഇവർ പതിനെട്ടരക്കവികൾ എന്നറിയപ്പെടുന്നു ( പൂനം നമ്പൂതിരി= അര). മാനവിക്രമൻ, സാമൂതിരിയാകുന്നതിനു മുൻപേ തന്നെ കലാസാഹിത്യ രംഗങ്ങളിൽ ശ്രദ്ധയുള്ളയാളായിരുന്നു. അദ്ദേഹം പല പണ്ഡിതന്മാരുമായും ബന്ധം പുലർത്തുകയും ചെയ്തിരുന്നു.[24]

എന്നാൽ പിന്നീട് സാമൂതിരിയായ മാനവേദ രാജാവ് ഇത്രയും വിശാലമനസ്കനായിരുന്നില്ല. വിദ്വൽ സദസ്സ് ഉണ്ടായിരുന്നെങ്കിലും അദ്ദേഹം പരിപോഷിപ്പിച്ചില്ല. ഗാമയുടെ വരവും യുദ്ധങ്ങളും നിമിത്തം അത്ര ശ്രദ്ധ നൽകാനായില്ല എന്നും കരുതാം. പിന്നീട് അര നൂറ്റാണ്ടോളം കഴിഞ്ഞ് (1637-1648) മാനവിക്രമ ശക്തൻതമ്പുരാന്റെ കാലത്തേ വീണ്ടും സാഹിത്യ സംരംഭങ്ങൾ‍ പുനരുജ്ജീവിച്ചുള്ളൂ. അദ്ദേഹത്തിന്റെ സമകാലികനായിരുന്ന കൊട്ടാരക്കര രാജവംശത്തിലെ ഒരംഗവും രാമനാട്ടമെന്നോ ആട്ടക്കഥ യെന്നോ പിന്നീട് അറിയപ്പെട്ട പ്രസ്ഥാനം ആരംഭിച്ചു. തെക്ക് ആട്ടക്കഥ എന്നറിഞ്ഞപ്പോൾ കോഴിക്കോട് കൃഷ്ണനാട്ടം എന്നാണ് പ്രചാരം ലഭിച്ചത്. പിന്നീട് വന്ന മാനവേദൻ സാമൂതിരിയാണ് കൃഷ്ണഗീതി രചിച്ചത്. ഇത് കൃഷ്ണാഷ്ടകം, കൃഷ്ണാട്ടം എന്നീ പേരുകളിൽ അറിയപ്പെട്ടു. ഇതിനു ശേഷം വന്ന സാമൂതിരിമാർ കലയെ പരിപോഷിപ്പിക്കുകയുണ്ടായില്ല.

പിന്നെ ഏഴു ദശകങ്ങൾക്കു ശേഷമാണ് വീണ്ടും അന്നത്തെ സാമൂതിരിയായ മാനവിക്രമൻ രാജാവിന്റെ (1729-1741) കാലത്ത് വീണ്ടും സാംസ്കാരിക ദിശയിൽ ചില പ്രവർത്തനങ്ങൾ നടന്നത്. ചേലപ്പറമ്പൻ നമ്പൂതിരി അദ്ദേഹത്തിന്റെ സദസ്സിലെ ഒരംഗമായിരുന്നു.

സാമൂതിരി കുടുംബത്തിലെ ഒരേയൊരു കവയിത്രി 1760 -ൽ ജനിച്ച മനോരമ തമ്പുരാട്ടിയാണ്. ഹൈദറിനെ ഭയന്ന് അത്മാഹൂതി ചെയ്ത സാമൂതിരിയുടെ ഭാഗിനേയിയുടെ പുത്രിയായിരുന്നു അവർ. ചേലപ്പറമ്പൻ നമ്പൂതിരിയെപ്പോലെ മുക്തകങ്ങളുടെ രചന കൊണ്ട് ആവർ പ്രസിദ്ധയായിത്തീർന്നു. ഒരുപാട് പേരെ വ്യാകരണം പഠിപ്പിച്ചിട്ടുമുണ്ട്. തമ്പുരാട്ടിയ്ക്കു ശേഷം 80 വർഷങ്ങൾ കഴിഞ്ഞാണ് പിന്നെയും കലാഹൃദയങ്ങൾ സാമൂതിരി സദസ്സിൽ വാണത്. ഏട്ടൻ തമ്പുരാൻ (1912-15) സാമൂതിരിയാവുന്നതിനു മുന്നേ തന്നെ പ്രസിദ്ധനായിത്തീർന്നു. അദ്ദേഹം നിരവധി സംസ്കൃത കാവ്യങ്ങളുടെയും ഭാഷാകൃതികളുടെയും കർത്താവായിരുന്നു. ലക്ഷ്മീകല്യാണനാടകം, ശൃംഗാരമഞ്ജരി, കേരളവിലാസം, ധ്രുവചരിതം, ശൃംഗാരപദ്യമാല, പാർവ്വതീസ്വയം‍വരം, പ്രേതകാമിനി എന്നിങ്ങനെ പല രചനകളും അദ്ദേഹത്തിന്റേതായുണ്ട്. അദ്ദേഹത്തിന്റെ സമകാലികനായിരുന്നു വി.സി. ബാലകൃഷ്ണ പണിക്കർ എന്ന കവിയും എഴുത്തുകാരനും. അദ്ദേഹത്തെയും പ്രോത്സാഹിപ്പിച്ച് ഉയർത്തിക്കൊണ്ടുവരാനും സാമൂതിരി ശ്രദ്ധ വെച്ചു. കവി വെണ്മണി അച്ഛൻ നമ്പൂതിരിയും അദ്ദേഹത്തിന്റെ സദസ്യരിലുൾപ്പെടുന്നു. പിന്നീട് അന്യം നിന്നു പോയ കലാവാസന സാമൂതിരിമാരിൽ തിരികെ കോണ്ടു വന്നത് ഇന്നത്തെ സാമൂതിരിയായ പി.സി.എം. രാജയാണ് അദ്ദേഹം തന്റെ ‘ഇസ്പേഡ് രാജാക്കന്മാർ‘ എന്ന കൃതികൊണ്ട് സാഹിത്യ പാരമ്പര്യം നിലനിർത്തിയിരിക്കുന്നു [25] മറ്റൊരു പ്രധാന സാംസ്കാരിക സംഭവമായ മാമാങ്കത്തിലും സാമൂതിരിമാർക്ക് പങ്കുണ്ടായിരുന്നു.

മാമാങ്കം തിരുത്തുക

തിരുനാവായയിൽ വച്ച് എല്ലാ 12 വർഷങ്ങൾ കൂടുമ്പോഴും ആഘോഷിച്ചിരുന്ന ഈ മാഘ മകം എന്ന മാമാങ്കം സാമൂതിരിമാരുടെ ഭരണമാറ്റത്തിനെ സൂചിപ്പിക്കുന്ന ചടങ്ങായിരുന്നു. വമ്പിച്ച ആഘോഷപരിപാടിയായി നടത്തിയിരുന്ന ഈ മാമാങ്ക വേളകൾ സാമൂതിരിയെ സാമ്പത്തികമായി തളർത്തിയിരുന്നു. വൈദേശിക ആക്രമണങ്ങൾ എല്ലാം മാമാങ്കത്തോടനുബന്ധിച്ചായിരുന്നു എന്നത് ഈ തക്കം മുതലെടുക്കാനായിരുന്നു എന്നു വേണം കണക്കാക്കുവാൻ. അവസാനത്തെ മാമാങ്കം 1755-ലാണ് നടന്നത്. ഈ സമയത്താണ് ഹൈദർ അലി കോഴിക്കോട് എത്തുന്നത്.

രേവതി പട്ടത്താനം തിരുത്തുക

സാമൂതിരിയുടെ മേൽനോട്ടത്തിൽ കോഴിക്കോട്ടെ തളി ക്ഷേത്രത്തിൽ വെച്ച് നടത്തിയിരുന്ന പ്രസിദ്ധമായ വാക്യാർത്ഥ സദസ്സ്. മൂന്നാൾപ്പാടായിരുന്നു ആദ്യകാലങ്ങളിൽ അദ്ധ്യക്ഷൻ. പ്രഭാകരമീമാംസ, ഭട്ടമീമാംസ, വാസ്തുശാസ്ത്രം, വ്യാകരണം, വേദാന്തം എന്നിവയിലെല്ലാം പാണ്ഡിത്യ പരിശോധനയും വിജയികൾക്ക് പണക്കിഴിയും ഭട്ട ദാനവും നടത്തിയിരുന്നു. ഇതിൽ വിധി നിർണ്ണയിക്കുന്നത് വിദ്വൽ സദസ്സ് എന്ന സാമൂതിരിയുടെ പ്രസിദ്ധമായ പാണ്ഡിത്യ സദസ്സായിരുന്നു.

നാഴികക്കല്ലുകൾ തിരുത്തുക

 
സാമൂതിരിയുടെ രാജസദസ്സ്. വാസ്കോഡഗാമയെ പരിചയപ്പെടുത്തുന്നത് (1497-98). ശില്പി-പ്രിവോസ്റ്റ്, നിറങ്ങൾ പിന്നീട് ആലേഖനം ചെയ്യപ്പെട്ടതാണ്(1760)
 • 1498 - പൊന്നാനിയിൽ കോട്ട കെട്ടുന്നു.
 • 1498 - മേയ് 20 - വാസ്കോ ഡ ഗാമ മൂന്നുകപ്പലുകളിലായി 170 ആൾക്കാരോടൊത്ത് കാപ്പാട് കടവിൽ ഇറങ്ങുന്നു. സാമൂതിരി പൊന്നാനിയിൽ നിന്നാണ് ഗാമയെ കാണാൻ എഴുന്നള്ളുന്നത് .
 • 1500 - ഡിസംബർ - മുസ്ലീങ്ങൾ പോർട്ടുഗീസുകാർക്കെതിരായി ലഹള തുടങ്ങുകയും സാമൂതിരി പോർച്ചുഗീസുകാരെ കോഴിക്കോട്ട് നിന്നു പുറത്താക്കുകയും ചെയ്തു.
 • 1500 - ഡിസംബർ 24 - പോർട്ടുഗീസുകാർ പെഡ്റോ അൽവാരെസ് കബ്രാളിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ അഭയം തേടുന്നു.
 • 1502 - വാസ്കോ ഡ ഗാമ വീണ്ടും തിരിച്ചു വന്ന് സാമൂതിരിയെ പാട്ടിലാക്കാൻ നോക്കുന്നു. എന്നാൽ വഴങ്ങില്ലെന്നു കണ്ടപ്പോൾ നഗരം തീവെക്കുകയും മെക്കയിലേക്ക് തീർത്ഥാടനം പോയിരുന്ന മുസ്ലീംകപ്പൽ മുക്കിക്കളയുകയും ചെയ്യുന്നു.
 • 1503 - പോർട്ടുഗീസുകാർ കൊച്ചിരാജാവിനെ പോർട്ടുഗൽ രാജാവിന്റെ തോഴൻ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. വാസ്കോ ഡ ഗാമ തിരിച്ചു പോകുന്നു.
 • 1503 - മാർച്ച് - സാമൂതിരി പോർട്ടുഗീസുകാരുടെ സ്വാധീനം കുറക്കാൻ കൊച്ചി ആക്രമിക്കുന്നു. കൊച്ചി തകർച്ചയുടെ വക്കിൽ.
 • 1503 - ഫ്രാൻസിസ്കോ അൽമേഡ കൊച്ചിയിൽ ആദ്യമായി ഒരു പോർച്ചുഗീസ്കോട്ട - മാനുവൽ കോട്ട (Fort Manuel)എന്ന പേരിൽ - കെട്ടാൻ തുടങ്ങുന്നു. ഇതേ വർഷം തന്നെ സാമൂതിരി കൊടുങ്ങല്ലൂർ പിടിച്ചെടുക്കുന്നു. പോർട്ടുഗീസ് കപ്പലുകൾ നശിപ്പിക്കുന്നു.
 • 1504 - സെപ്റ്റംബർ 1 - പ്രതികാരമായി പോർട്ടുഗീസുകാർ കൊടുങ്ങല്ലൂർ അഗ്നിക്കിരയാക്കുന്നു.
 • 1505 - മാനുവൽ കോട്ടയുടെ പണി പൂർത്തിയാകുന്നു.
 • 1505 - മാർച്ച്- പോർട്ടുഗീസുകാർ സാമൂതിരിയുടെ നിരവധി കപ്പലുകൾ തകർക്കുന്നു. നിരവധി പേരുടെ മരണം.
 • 1506 - സാമൂതിരി കോലത്തിരിരാജാവിനെ സമീപിച്ച് പറങ്കികളെ ഒരു പാഠം പഠിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കണ്ണൂരിലെ പോർട്ടുഗീസ്കോട്ടയായ സെയിന്റ് ആഞ്ചലോ കോട്ട സാമൂതിരി ഉപരോധിക്കുന്നു. എന്നാൽ പോർട്ടുഗീസുകാർ വിജയിക്കുകയും കോലത്തിരി സന്ധിയിൽ ഏർപ്പെടുകയും ചെയ്യുന്നു.
 • 1506 - ഡൊം ലൊവുറെസോ അൽമേഡയുടെ കപ്പൽ വ്യൂഹത്തിനെ സാമൂതിരിപ്പടയും തുർക്കി- മുസ്ലീം സഖ്യസേനയും ചേർന്ന് ആക്രമിക്കുന്നു.
 • 1507 - നവംബർ 14 - അൽമേഡ പൊന്നാനി ആക്രമിച്ചു.
 • 1508 - മാർച്ച്- ഗുജറാത്തിലെ ചൗൾ യുദ്ധത്തിൽ കെയ്റൊ സുൽത്താന്റെയും ഗുജറാത്ത് സുൽത്താന്റെയും സംയുക്തസൈന്യം അൽമേഡയെ കൊലപ്പെടുത്തുന്നു.
 • 1509 - ഫെബ്രുവരി- പോർട്ടുഗീസുകാർ പ്രതികാരം വീട്ടാനായി സാമൂതിരിയുടെ സേനയുമായി ഗോവയിലെ ദിയു യുദ്ധത്തിൽ എതിരിടുന്നു. തുടർന്ന് ഈജിപ്ത്യൻ, തുർക്കി സൈന്യം പിൻവാങ്ങുന്നു.
 • 1513 - സാമൂതിരിയും പോർട്ടുഗീസുകാരും സന്ധിയിൽ. കോഴിക്കോട് ഒരു കോട്ട കെട്ടാൻ അനുമതി നൽകുന്നു. പകരമായി കൊച്ചിയും കോലത്തുനാടും കീഴ്പ്പെടുത്താൻ സഹായം വാഗ്ദാനം ചെയ്യുന്നു.
 • 1520 - സാമൂതിരിയെ വധിക്കാൻ പോർട്ടുഗീസുകാർ ശ്രമിക്കുന്നു. സാമൂതിരി ഇടയുന്നു.
 • 1524 - അനുനയിപ്പിക്കാൻ വീണ്ടും വാസ്കോ ഡ ഗാമ
 • 1525 - ഫെബ്രുവരി26 - മെനസിസ് എന്ന പോർട്ടുഗീസ് വൈസ്രോയ് പൊന്നാനി കൊള്ളയടിച്ചു, എന്നാൽ സാമൂതിരി അവരെ തോല്പിച്ചു.
 • 1530 - പോർട്ടുഗീസുകാർ ചാലിയംകോട്ട നിർമ്മിക്കുന്നു. ഇതിന് ചള്ളി എന്നും പേരുണ്ട്. ഇത് തന്ത്രപ്രധാനമായ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.
 • 1540 - പോർട്ടുഗീസുകാരുമായി വീണ്ടും സന്ധി.
 • 1550 - പോർട്ടുഗീസുകാർ പൊന്നാനി ആക്രമിച്ച് നഗരം ചുട്ടെരിക്കുന്നു.
 • 1569-1570 - ചാലിയംകോട്ട ആക്രമണം.
 • 1571സെപ്റ്റംബർ 15 - സാമൂതിരി കോട്ട പിടിച്ചെടുത്ത് നശിപ്പിക്കുന്നു.
 • 1573 - കുഞ്ഞാലി മരയ്ക്കാർ മൂന്നാമൻ പുതുപ്പട്ടണത്ത് കോട്ട കെട്ടുന്നു
 • 1584 - സാമൂതിരിക്ക് സമുദ്രവാണിജ്യത്തിന് സൗജന്യപാസ്സ് കിട്ടാൻ പോർട്ടുഗീസുകാരുമായി സംഭാഷണത്തിൽ. പകരം പൊന്നാനിയിൽ പാണ്ടികശാല നിർമ്മിക്കാൻ അനുവദിക്കുന്നു.
 • 1591 - സാമൂതിരി പോർട്ടുഗീസുകാരെ കോഴിക്കോട്ട് കോട്ടയും പള്ളിയും നിർമ്മിക്കാൻ അനുവദിക്കുന്നു. കുപിതനായ കുഞ്ഞാലി മരയ്ക്കാർ സാമൂതിരിയിൽ നിന്ന് അകലുന്നു.
 • 1598 - കുഞ്ഞാലി മരയ്ക്കാർ മൂന്നാമൻ സാമൂതിരിക്ക് തലവേദന സൃഷ്ടിച്ചുകൊണ്ട് കപ്പലുകൾ പിടിക്കുകയും അഗ്നിക്കിരയാക്കുകയും മറ്റും ചെയ്യുന്നു. സാമൂതിരി പോർട്ടുഗീസുകാരോട് ചേർന്ന് തന്റെ തന്നെ നാവിക സൈന്യാധിപനായ കുഞ്ഞാലി മരയ്ക്കാരോട് പടവെട്ടുന്നു. ഒടുവിൽ കുഞ്ഞാലിയെ പോർട്ടുഗീസുകാര് കീഴ്പ്പെടുത്തുകയും ഗോവ യിൽ വച്ച് അതിദാരുണമായി കൊലപ്പെടുത്തുകയും ചെയ്യുന്നു.(1600)
 • 1604 - ഡച്ച് ഈസ്റ്റ്ഇന്ത്യാ കമ്പനി സാമൂതിരിയുമായി ഉടമ്പടിയുണ്ടാക്കി കോഴിക്കോടും പൊന്നാനിയിലും നിർമ്മാണശാലകൾ നിർമ്മിക്കാൻ അനുവാദം നേടുന്നു.
 • 1661 - ഡച്ചുകാരുടെ സഹായത്തോടെ പോർട്ടുഗീസുകാരെയും കൊച്ചിയെയും കീഴ്പ്പെടുത്തുന്നു.
 • 1743 - വള്ളുവനാടിനോട് യുദ്ധം
 • 1757 - വള്ളുവനാടിനെ തോല്പിച്ച് സാമ്രാജ്യം വികസിപ്പിക്കുന്നു.
 • 1760 - വള്ളുവനാട്ട് രാജാവിനെ സഹായിക്കാൻ മൈസൂർ സേനാനായകനായ നവാബ് ഹൈദർ അലി കരാറിൽ. ഹൈദർ സാമൂതിരിയെ തോല്പിക്കുന്നു. സന്ധി. അതിൻപ്രകാരം 12 ലക്ഷം പൊൻപണം യുദ്ധച്ചെലവായി ഹൈദറിന് കൊടുക്കാം എന്ന് സാമൂതിരി. എന്നാൽ സാമൂതിരി ഈ വാക്ക് പാലിക്കുന്നില്ല.
 • 1766 - അന്നത്തെ സാമൂതിരി മാമാങ്കം നടത്തുന്ന വേളയിൽ ഹൈദർ അലി ചതിക്കു പകരം ചോദിക്കാൻ കോഴിക്കോട് എത്തുന്നു. സാമൂതിരി പണം നൽകാൻ ഗതിയില്ലാതെ ആത്മാഹൂതി ചെയ്യുന്നു.

വിമർശനങ്ങൾ തിരുത്തുക

സാമൂതിരിമാർ ഉപജാപങ്ങളിലൂടെയും കുതന്ത്രങ്ങളിലൂടെയുമാണ് ഭരണം കൈക്കലാക്കിയതെന്ന് ചില ചരിത്രകാരന്മാർ ആരോപിക്കുന്നു. എഴുനൂറിൽപരം വർഷങ്ങൾ സാമൂതിരിമാർ ഭരിച്ചെങ്കിലും യുദ്ധങ്ങളും പോരുകളും മാത്രം നടന്നിരുന്ന ഇവരുടെ ഭരണകാലം യാതൊരു വിധ പുരോഗമനവുമില്ലാതെ മലബാർ അധഃപതിച്ചതായാണ് ചരിത്രകാരനായ കെ.ബാലകൃഷ്ണ കുറുപ്പ് രേഖപ്പെടുത്തുന്നത്. മുസ്ലീങ്ങളുടെയും മൂറുകളുടെയും സഹായത്തോടെ നാടു ഭരിച്ചിരുന്ന അവർക്ക് മറ്റു രാജ്യങ്ങൾ കൈവശപ്പെടുത്തുക എന്നല്ലാതെ വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നില്ല. ചേരന്മാരെപ്പോലെ കൃഷിയെ പ്രോത്സാഹിപ്പിക്കുകയോ നാടു നന്നാക്കുകയോ ഗതാഗത സം‌വിധാനം മെച്ചെപ്പെടുത്തുകയോ, പോർളാതിരിയുടേതു പോലെ ക്ഷേത്രങ്ങൾ പണിയുകയോ ഉണ്ടായില്ല. കാലാകാലങ്ങളിൽ നടന്നു വന്ന യുദ്ധങ്ങളുടെ ബാഹുല്യവുമാണ് ഇതിനെല്ലാം കാരണം എന്നും അഭിപ്രായമുണ്ട്. [26]

അവലംബങ്ങൾ തിരുത്തുക

 1. M. G. S. Narayanan, Perumals of Kerala: Brahmin Oligarchy and Ritual Monarchy—Political and Social Conditions of Kerala Under the Cera Perumals of Makotai (c. AD 800–AD 1124). Kerala. Calicut University Press, 1996, pp 512.
 2. നമ്പൂതിരി, എം.എൻ. . (1987). ‍ (ed.). സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ. ശുകപുരം: വള്ളത്തോൾ വിദ്യാപീഠം. {{cite book}}: |editor= has numeric name (help); Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help); Text "others" ignored (help); zero width joiner character in |editor= at position 1 (help)
 3. വേലായുധൻ, പണിക്കശ്ശേരി. സഞ്ചാരികൾ കണ്ട കേരളം (2001 ed.). കോട്ടയം: കറൻറ് ബുക്സ്. p. 434. ISBN 81-240-1053-6. {{cite book}}: Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help)
 4. കെ.ബാലകൃഷ്ണ കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം - മിത്തുകളും യാഥാർഥ്യങ്ങളും. മാതൃഭൂമി പ്രിന്റിങ് ആൻറ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000.
 5. എം.എൻ. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, കേരള.
 6. എം.എൻ. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, കേരള.
 7. കെ.വി. കൃഷ്ണയ്യർ. പ്രതിപാദിച്ചിരിക്കുന്നത് എൻ. എം. നമ്പൂതിരി; മുഖവുര-സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ, ഏട് 71, വള്ളത്തോൾ വിദ്യാപീഠം
 8. Iyyer, K.V Krishna (1938). History of the Zamorins Of Calicut. Norman Printing Bureau. p. 1.
 9. പി.കെ. ബാലകൃഷ്ണൻ. ജാതിവ്യവസ്ഥയും കേരള ചരിത്രവും; 2005 കറൻറ് ബുക്സ്. തൃശൂർ.ISBN 81-226-0468-4
 10. Bowring, pp. 44–46
 11. Logan, William (2006), Malabar Manual, Mathrubhumi Books, Kozhikode. ISBN 978-81-8264-046-7
 12. Kerala District Gazetteers: & suppl. Kozhikole By Kerala (India). Dept. of Education, A. Sreedhara Menon p.149
 13. M.S.A.Rao (1987). social movements and social transformation a study of two back word. manohar publication. p. 24. ISBN 9780836421330.
 14. R.Ranganatha Puja,(1948) Vol.1 "India's Legacy: The world's heritage" Basel mission book depot, page. 183
 15. https://books.google.co.in/books?id=NhNuAAAAMAAJ&q=Calicut:+The+City+of+Truth+Revisited&dq=Calicut:+The+City+of+Truth+Revisited&hl=en&newbks=1&newbks_redir=0&source= gb_mobile_search&sa=X&ved=2ahUKEwifv8v8tLf9AhW6VmwGHSrHBDgQ6AF6BAgCEAM#Tiyya
 16. Malabar Manual by Logan
 17. 17.0 17.1 Panikkassery, Velayudhan. MM Publications (2007), Kottayam India
 18. എസ്. രാജേന്ദു, സാമൂതിരിമാരുടെ വയറയുഴിച്ചിലും ചിരുതവിളിയും ആചാരം ഓല, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, 2022. ISBN: 978-81-95474-3-6
 19. Iyyer, K.V Krishna (1938). The Zamorins Of Calicut. Norman Printing Bureau.
 20. എം.എൻ. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, 1987
 21. 21.0 21.1 21.2 വേലായുധൻ, പണിക്കശ്ശേരി. സഞ്ചാരികൾ കണ്ട കേരളം (2001 ed.). കോട്ടയം: കറൻറ് ബുക്സ്. p. 434. ISBN 81-240-1053-6. {{cite book}}: Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help)
 22. സാമൂതിരിമാരുടെ വയറാട്ടം ആചാരം ഓല, എസ്. രാജേന്ദു, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, 2022
 23. എൻ. എം.നമ്പൂതിരി; മുഖവുര-സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ, ഏടുകൾ xxix-xxx, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, കേരള.
 24. എ. ശ്രീധരമേനോൻ, കേരളശില്പികൾ. ഏടുകൾ 85-86; നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം 1988
 25. കെ.ബാലകൃഷ്ണ കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം - മിത്തുകളും യാഥാർഥ്യങ്ങളും; ഏട് 237 മാതൃഭൂമി പ്രിന്റ്റിങ് അൻറ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000.
 26. കെ.ബാലകൃഷ്ണ കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം - മിത്തുകളും യാഥാർഥ്യങ്ങളും. മാതൃഭൂമി പ്രിന്റിങ് അൻറ് പബ്ലിഷിങ് കമ്പനി.ഏട് 118. കോഴിക്കോട് 2000. ബാലകൃഷ്ണക്കുറുപ്പിനെ ഉദ്ധരിക്കട്ടെ: അങ്ങനെ നൂറിലധികം സാമൂതിരിമാർ ഭരിച്ചെങ്കിലും ചോളന്മാരും മറ്റും ചെയ്തപോലെ കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനോ റോഡുകളും പാലങ്ങളും മറ്റും നിർമ്മിക്കുന്നതിനോ ശരിയായ ഒരു സിവിൽ സർവീസും ക്രിമിനൽ സർവീസും സം‌വിധാനം ചെയ്യുന്നതിനോ സാമൂതിരിമാരുടെ പക്ഷത്തുനിന്നും ഒരു ശ്രമവുമുണ്ടായില്ല. എടുത്തു പറയത്തക്ക ഒരു ക്ഷേത്രം പോലും ഈ സമൂതിരിമാരുടെ വകയായി നിർമ്മിക്കപ്പെട്ടില്ല എന്നത് ഒരു പ്രത്യേകതയാണ്. അറബികളുടെയും മരക്കാന്മാരുടെയും പ്രേരണയിലും നിയന്ത്രണത്തിലും വർത്തിച്ച സാമൂതിരിമാർക്കു ക്ഷേത്രനിർമ്മാണത്തിലും മറ്റും ശ്രദ്ധപതിയാതെ പോയതിൽ അത്ഭുതപ്പെടാനില്ല. സ്വന്തം വ്യക്തിത്വം നിലനിർത്തി പ്രസിദ്ധിയാർജിച്ച സാമൂതിരിമാരുടെ എണ്ണം തുലോം പരിമിതമായിരുന്നു.

ഇതും കാണുക തിരുത്തുക

"https://ml.wikipedia.org/w/index.php?title=സാമൂതിരി&oldid=4050379" എന്ന താളിൽനിന്ന് ശേഖരിച്ചത്