കേരളത്തിലെ ഒരു പുരാതന ആചാരമാണ് വയറാട്ടം അഥവാ വയറ ഉഴിച്ചിൽ. [1] കോഴിക്കോട്ടെ സാമൂതിരിമാർ ആചരിച്ചിരുന്നു എന്നതാണ് വയറാട്ടത്തിന്റെ പ്രശസ്‌തി. [2]

കോഴിക്കോട്ട് സാമൂതിരിമാർക്ക് നിത്യേന നടത്തിയിരുന്ന ഒരു ആചാരമാണ് വയറാട്ടം. ഇതിനു വയറപ്പണിക്കന്മാർ എന്നൊരു സ്ഥാനികൾ ഉണ്ടായിരുന്നു. നിത്യവും രാവിലെ സാമൂതിരി വയറത്തളത്തിലേക്ക് എഴുന്നള്ളുന്നു. [3] ഇതിനായി പരമ്പുകൊണ്ട് കെട്ടിമറച്ച ഒരു സ്ഥലം ഉണ്ടായിരിക്കും. വയറപ്പണിക്കർ സാമൂതിരിയുടെ പ്രഭാതകൃത്യങ്ങൾക്ക് മേൽനോട്ടം നടത്തുന്നു. സാമൂതിരിയെ എണ്ണ തേച്ചു കുളിപ്പിക്കുന്നു. അതിനു ശേഷം ഒരു വിളക്കു കൊളുത്തിവച്ച് അതിനു മുന്നിലിരുത്തി വയറ ഉഴിയുന്നു. [4]

രാജാക്കന്മാർ തൊട്ട് സാധാരണ ജനങ്ങൾ വരെ നടത്തിപ്പോന്നിരുന്ന ആചാരമാണ് വയറാട്ടം. വള്ളുവനാട്ടിലെ ഒരു വിവരണം ഇപ്രകാരമാകുന്നു: 'കടമ്പോട്ട് കോവിലകത്തെ ഒരു കുട്ടിക്ക് ബാലാരിഷ്ട് ഉണ്ടായി. അതിനു പരിഹാരമായി കുട്ടിയ ദിവസവും കുളിപ്പിച്ച് ഒരു വിളക്കിന് മുമ്പിലിരുത്തി വയറ വള്ളിയും മറ്റു പത്തു ചെടികളും ചേർത്ത് ഉഴിഞ്ഞ് ഒരു പശുവിന് തിന്നാൻ കൊടുക്കുന്നു. ഏതാനും വർഷം ഇങ്ങിനെ അനുഷ്ഠിച്ച ശേഷം പശുവിനെ ഒരു ബ്രാഹ്മണനു ദാനം ചെയ്യുന്നു.' [5]

മാമാങ്ക വിവരണങ്ങളിൽ സാമൂതിരിമാർ വയറാട്ടം നടത്തിയിരുന്നതായി പ്രത്യേകം വർണ്ണിക്കുന്നുണ്ട്. 'പൂയത്തുനാൾ രാവിലെ തൃക്കാല് കഴുകി തേവാരവും വയറാട്ടവും കഴിഞ്ഞ് അണി അറെയിൽ എഴുന്നള്ളി ....' [6]

കേരളത്തിലെ പുരാതന ആചാരങ്ങളിലും മദ്ധ്യകാല പ്രമാണങ്ങളിലും പഠനം നടത്തുന്നവർക്ക് ഒരു പ്രധാന ഗവേഷണ വസ്തുതയാണ് വയറാട്ടം.

അവലംബം തിരുത്തുക

  1. സാമൂതിരിമാരുടെ വയറയുഴിച്ചിലും ചിരുതവിളിയും ആചാരം ഓല, എസ്. രാജേന്ദു, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, 2022
  2. Iyyer, K.V Krishna (1938). The Zamorins Of Calicut. Norman Printing Bureau.
  3. എം.എൻ. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, 1987
  4. Iyyer, K.V Krishna (1938).The Zamorins Of Calicut. Norman Printing Bureau.
  5. സാമൂതിരിമാരുടെ വയറയുഴിച്ചിലും ചിരുതവിളിയും ആചാരം ഓല, എസ്. രാജേന്ദു, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, 2022
  6. Iyyer, K.V., Mamamkam, Calicut, 1934, p. 115
"https://ml.wikipedia.org/w/index.php?title=വയറാട്ടം&oldid=3772515" എന്ന താളിൽനിന്ന് ശേഖരിച്ചത്