വെൺമണി അച്ഛൻ നമ്പൂതിരിപ്പാട്
ലളിതമലയാളത്തിന് ഭാഷാകവിതയിൽ സ്ഥാനം നല്കാൻ സഹായിച്ച വെൺമണിപ്രസ്ഥാനത്തിനു രൂപംകൊടുത്ത മലയാളകവിയായിരുന്നു വെൺമണി അച്ഛൻ നമ്പൂതിരിപ്പാട് (1817 - 1891) . എറണാകുളം ജില്ലയിൽ ചൊവ്വരനിന്നും 9 കി.മീ. കിഴക്കുള്ള വെള്ളാരപ്പിള്ളി എന്ന സ്ഥലത്ത് പെരിയാറിന്റെ തീരത്തുള്ള വെൺമണി മനയ്ക്കൽ 1817-ൽ ജനിച്ചു. പരമേശ്വരൻ എന്നാണ് ശരിയായ പേര്. 1838-ൽ പൊൽപ്പായ മനയ്ക്കൽനിന്നു വിവാഹം കഴിച്ചു. ആദ്യമുണ്ടായ രണ്ടുകുട്ടികൾ മരിച്ചുപോയി. 1844-ൽ ജനിച്ച മൂന്നാമത്തെ സന്താനമാണ് പില്ക്കാലത്ത് വെൺമണിമഹൻ എന്നു പ്രസിദ്ധിയാർജിച്ച കദംബൻ നമ്പൂതിരിപ്പാട്. കൊടുങ്ങല്ലൂർ കോവിലകത്തു കുഞ്ഞിപ്പിള്ളത്തമ്പുരാട്ടിയേയും വെൺമണി അച്ഛൻ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിലുണ്ടായ പുത്രനാണ് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ. 1880-നോടടുപ്പിച്ചാരംഭിച്ച കൊടുങ്ങല്ലൂർക്കളരിയിലെ ഭാഷാമേധാവി വെൺമണി അച്ഛനായിരുന്നു; സംസ്കൃതാചാര്യൻ കുംഭകോണം കൃഷ്ണശാസ്ത്രികളും. ഭാഷാകവിതയിലും സംസ്കൃതത്തിലും പരിശീലനം നല്കുക, കവിതാമത്സരങ്ങളും സമസ്യാപൂരണങ്ങളും ഏർപ്പെടുത്തുക തുടങ്ങിയവയായിരുന്നു കൊടുങ്ങല്ലൂർക്കളരിയുടെ ഉദ്ദേശ്യം. ഈ സ്ഥാപനം പത്തുകൊല്ലത്തോളം അവിഘ്നം പ്രവർത്തിച്ചു. 1890 ആയപ്പോഴേക്കും വെൺമണി അച്ഛന് വാതരോഗം പിടിപെട്ടു. വയസ്കര മൂസ്സിന്റെ ചികിത്സ ഫലവത്തായില്ല. 1891-ൽ ഇദ്ദേഹം നിര്യാതനായി.
വെൺമണി അച്ഛനും അമ്പാടി കുഞ്ഞുകൃഷ്ണപൊതുവാളും ചേർന്നു രചിച്ച കൃതിയാണ് കവികളെ പഴങ്ങളോടുപമിക്കുന്ന കവിപക്വാവലി. നളചരിതം വഞ്ചിപ്പാട്ട്, പറയൻഗണപതി എന്നിവയാണ് അച്ഛന്റെ ഭാഷാകൃതികൾ. പലതും തുടങ്ങിവച്ചെങ്കിലും ഒന്നും മുഴുമിപ്പിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞില്ല. രാമേശ്വരം യാത്രയെക്കുറിച്ച് ആറുശ്ളോകങ്ങൾ, ഒരു ഹർജി, ഒറ്റപ്പെട്ട ഏതാനും കീർത്തനങ്ങൾ, ശൃംഗാരശ്ളോകങ്ങൾ, അടിയറശ്ളോകങ്ങൾ എന്നിങ്ങനെ തൊണ്ണൂറോളം ശ്ളോകങ്ങൾ മാത്രമേ വെൺമണി അച്ഛന്റേതായി ലഭിച്ചിട്ടുളളു. ഇദ്ദേഹത്തിന്റെ ഓമനക്കുട്ടൻ ഗോവിന്ദൻ എന്നുതുടങ്ങുന്ന പാട്ടിന് കേരളത്തിലെ ഗാനസാഹിത്യത്തിൽ അതിപ്രധാനമായ സ്ഥാനമാണുള്ളത്. ഇവയിലെല്ലാം കാണുന്ന ശബ്ദപ്രയോഗം സരളവും ഭാഷാപദങ്ങളുടെ പ്രാചുര്യവും മലയാളകവിതയിൽ പുതിയൊരു വഴിത്താരയുടെ തുടക്കം കുറിച്ചു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ വെൺമണി അച്ഛൻ നമ്പൂതിരിപ്പാട് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |