മാമാങ്കം

കേരളത്തിൽ നടന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവം

കേരളത്തിൽ അറിയപ്പെടുന്ന ചരിത്രകാലത്തിനും മുൻപു മുതൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം. ഭാരതപ്പുഴയുടെ തീരത്ത് ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിന് ഏഴു കിലോമീറ്റർ തെക്കുമാറിയുള്ള തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്‌. മാഘമാസത്തിലെ മകം നാളിലെ ഉത്സവമാണ് മാമാങ്കം ആയത്. കേരളത്തിലെ മറ്റു ചില ക്ഷേത്രങ്ങളിലും മാമാങ്കം നടക്കാറുണ്ടെങ്കിലും അവയെല്ലാം സ്ഥലപ്പേരു കൂട്ടിയാണ് അറിയപ്പെടുന്നത്.

Māmāngam
മാമാങ്കം
Tirunavaya Temple
തരംTrade Fair cum Religious Festival
ആവർത്തനം12 years
സ്ഥലം (കൾ)Tirunāvāya (Kēral̥a)
രാജ്യംIndia

ഏതാണ്ട് ഒരു മാസക്കാലം (28 ദിവസം)[1] നീണ്ടുനിൽക്കുന്ന ഒരു ആഘോഷമായാണ്‌ അവസാനകാലങ്ങളിൽ മാമാങ്കം നടത്തിവന്നിരുന്നത്. ഇക്കാലമായപ്പോഴേക്കും ഭാരതത്തിലെ മറ്റു പ്രദേശങ്ങളിൽനിന്നെല്ലാം നിരവധി ജനങ്ങൾ ഇതിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇതിനോടനുബന്ധിച്ച് വ്യാപാരമേളകൾ, കായിക പ്രകടനങ്ങൾ, കാർഷികമേളകൾ, സാഹിത്യ, സംഗീത, കരകൗശല വിദ്യകളുടെ പ്രകടനങ്ങൾ, എന്നിവയും അരങ്ങേറിയിരുന്നു. സ്വന്തം കഴിവുകളിൽ മികവു പ്രകടിപ്പിക്കുന്നവർക്ക് സമ്മാനങ്ങളും നൽകിയിരുന്നു.

മാമാങ്കത്തിന്റെ രക്ഷാധികാരിയാവുക എന്നത് ആഭിജാത്യം നൽകിയിരുന്ന ഒരു പദവിയായിരുന്നു. അതിനായി വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മിൽ നടന്ന വഴക്കും യുദ്ധങ്ങളും ചരിത്രപ്രസിദ്ധമാണ്‌. മാമാങ്കത്തിന് ഇതുമൂലം കൈവന്ന രാഷ്ട്രീയപ്രാധാന്യത്തെ തുടർന്ന് കാലാന്തരേണ മാമാങ്കവേദിയിൽ ചാവേറുകളായി പോരാടാനെത്തിയിരുന്ന വള്ളുവനാടൻ സേനാനികളുടെ പോരാട്ടം മാമാങ്കത്തിലെ പ്രധാന ഇനമായിത്തീർന്നു.

ഈ മഹോത്സവത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ ഏകാഭിപമാമാങ്കത്തിന്റെ ആരംഭത്തിനെ കുറിച്ച് ചരിത്രഗവേഷകരിൽ തന്നെ വ്യത്യസ്ത അഭിപ്രായമാണുള്ളത്. പലയിടങ്ങളിലും ചരിത്രവും ഐതിഹ്യവും കൂടിക്കലർന്നു കിടക്കുന്നു.

വിവിധ കാഴ്ചപ്പാടുകൾ

തിരുത്തുക
  • ഒരു വാദം പെരുമാൾ ഭരണവുമായി ബന്ധപ്പെടുത്തിയുള്ളതാണ്. കേരളം ഭരിച്ചിരുന്ന പെരുമാൾമാരുടെ ഭരണകാലാവധി പന്ത്രണ്ട് വർഷമായിരുന്നു. പന്ത്രണ്ട് വർഷത്തിനു ശേഷം തിരുനാവായ മണൽപ്പുറത്ത് നാട്ടുക്കൂട്ടങ്ങൾ സമ്മേളിച്ച് പുതിയ പെരുമാളിനെ തിരഞ്ഞെടുക്കും. ദിവസങ്ങൾ നീണ്ടുനിന്നിരിക്കാവുന്ന ഈ തിരഞ്ഞെടുപ്പുമഹാമഹത്തിന്റെ പരിസരത്തിലായിരിക്കാം മാമാങ്കാഘോഷങ്ങൾ വികസിച്ചുവന്നത്. ഫ്രാൻസിസ് ഡേയുടെ അഭിപ്രായത്തിൽ ഈ ചേരമാൻ പെരുമാൾമാർ 12 വർഷം ഭരിക്കുകയും അതിനുശേഷം ഇവരെ കഴുത്തുവെട്ടി കൊന്നുകളയുകയുമായിരുന്നു പതിവ്. [2] അദ്ദേഹത്തിന്റെ അവസാന അത്താഴം കെങ്കേമമായി ആഘോഷിക്കുകയും യാത്രയയപ്പ് നടത്തുകയും ചെയ്യുന്നു. പ്രത്യേകം ഉയർത്തിക്കെട്ടിയ പീഠത്തിൽ പെരുമാൾ സ്വന്തം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യുകയാണ് ചെയ്യുന്നത് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ ശവശരീരം ദഹിപ്പിച്ചു കളയുന്നു ഈ സമ്മേളനം ഒരു വലിയ വാണിജ്യ ഉത്സവവുമായിരുന്നു. ഒരുപാട് ആഘോഷത്തോടെയും പൊലിപ്പോടെയും കൊണ്ടാടിയിരുന്ന മാമാങ്കത്തിന്ന് കേരളത്തിലെ ഇതര പ്രദേശങ്ങൾ, തമിഴ്‌നാടൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുമാത്രമല്ല പുറം‌രാജ്യങ്ങളിൽ നിന്നുപോലും കപ്പലുകളിലും വലിയ കെട്ടുവള്ളങ്ങളിലും പൊന്നാനി തുറമുഖം വഴി കച്ചവടസംഘങ്ങളും കലാകാരന്മാരും വന്നെത്തിയിരുന്നു. പിന്നീടുണ്ടായ മാമാങ്കങ്ങളിൽ നാടുവാഴി 12 വർഷത്തിനുശേഷവും തന്റെ സ്ഥാനമാനങ്ങൾ ത്യജിക്കാൻ തയ്യാറാവുന്നില്ല
  • വാണിജ്യ പ്രാധാന്യത്തോടൊപ്പം ഇത് നടത്തുവാനുള്ള അവകാശവും രാഷ്ട്രതന്ത്രപരമായി വളരെ വിലപ്പെട്ടതായി മാറി. ചേരസാമ്രാജ്യത്തിന്റെ ശൈഥില്യത്തോടെ തിരുനാവായ വള്ളുവക്കോനാതിരിയുടെ അതിർത്തിയിൽ പെടുന്നത് കൊണ്ട് മാമാങ്കത്തിന് നിലപാട് നിൽക്കാനുള്ള അവകാശം വള്ളുവക്കോനാതിരിയുടെ (വെള്ളാട്ടിരി)കയ്യിലെത്തി.[3] 1124-ൽ ചേരമാൻ പെരുമാളുടെ ഭരണം അവസാനിച്ചതിന് ശേഷം മുന്നൂറ്റിഅറുപത് വർഷങ്ങളിലായി മുപ്പതു മാമാങ്കങ്ങൾ വെള്ളാട്ടിരിയുടെ നേതൃത്വത്തിൽ  നടന്നിരിക്കണം. പിന്നീട് സാമൂതിരി മാമാങ്കത്തിൽ നിലപാട് നിൽക്കാനുള്ള അവകാശം നേടാനായി വെള്ളാട്ടിരിയുമായി പല യുദ്ധങ്ങൾ നടത്തി അത് കൈക്കലാക്കി. അതിനുശേഷമുള്ള ആദ്യ മാമാങ്കം ക്രി.വ. 1485-ല് ആയിരിക്കാം എന്നാണ് കരുതപ്പെടുന്നത്. ആ വർഷമാണ് സാമൂതിരി വെള്ളാട്ടിരിയെ തോല്പിച്ചത്.[4][5]
  • വെള്ളാട്ടിരിയും സാമൂതിരിയുമായുള്ള ഈ അധികാരമത്സരത്തിന് പല്ലവ-ചാലൂക്യ കിടമത്സരങ്ങളുമായി അടുത്ത ബന്ധമുണ്ടാകാമെന്നും പറയുന്നു.[6]
  • മറ്റൊരു വാദം ബുദ്ധന്റെ ജനനത്തെ അനുസ്മരിച്ച് ഹീനയാന ബൗദ്ധർക്കിടയിലെ മുതിർന്ന സന്ന്യാസിമാരുടെ ഒരു ആഘോഷമായിരുന്നു മാമാങ്കം എന്നാണ്. മുപ്പതു ദിവസങ്ങൾ നീണ്ടു നിന്നിരുന്ന അന്നത്തെ മാമാങ്കത്തിൽ കേരളത്തിലെ പ്രധാന 18 സംഘങ്ങളുടെ പരമാധികാരികൾ പങ്കെടുത്തിരുന്നു. പാലിയിൽ തേര / തേരവാദിൻ എന്നും മലയാളത്തിൽ തേവർ എന്നും ഇവർ അറിയപ്പെട്ടിരുന്നു. ശകവർഷത്തിലെ മാഘ മാസത്തിൽ; തുല്യ മലയാള മാസമായ മകരത്തിൽ നടത്തുന്ന ഉത്സവം എന്ന് അർത്ഥം വരുന്ന മാഘമകരങ്കം(മാഘ-മകര-അങ്കം) എന്ന വാക്കിന്റെ സംസ്കൃതവൽക്കരണം നിമിത്തം മാമാങ്കം/മഹാമഹം തുടങ്ങിയ ഉഭയാർത്ഥങ്ങൾ നൽകപ്പെട്ടു. പിൽക്കാലത്ത് ബുദ്ധ സന്ന്യാസിമാരെ പീഡിപ്പിച്ചപ്രത്യക്ഷമാക്കിക്കൊണ്ട് നടന്ന ബ്രാഹ്മണവൽക്കരണത്തിന്റെ ഫലമായി ക്ഷത്രിയരായി അവരോധിക്കപ്പെട്ട നാട്ടുരാജാക്കന്മാർക്ക് തങ്ങളുടെ ശക്തി തെളിയിക്കാനുള്ള വൻ സൈനികഘോഷമായി ഇത് പരിവർത്തനം ചെയ്യപ്പെട്ടു.[7].
മാമാങ്കവും തൈപ്പൂയവുമായുള്ള പ്രത്യേകബന്ധം ശ്രദ്ധേയമാകുന്നത് എന്ത് കൊണ്ടെന്നാൽ മാമാങ്കം മാത്രമല്ല, തൈപ്പൂയവും തിരുനാവായിൽ മാമാങ്കം പോലെ ആഘോഷിച്ചിരുന്നു എന്നത് കൊണ്ട് ആണ്.  ഇത് ഒരു വാർഷികച്ചടങ്ങ് ആയിരുന്നു. എന്നാൽ പന്ത്രണ്ട് വർഷങ്ങൾ കൂടുമ്പോൾ നടന്നിരുന്ന മാമാങ്കത്തൈപ്പൂയം കൂടുതൽ ശ്രേഷ്ഠവും അത്യാകർഷകവുമായിരുന്നു. മാമാങ്കത്തിനുള്ള മുഴുവൻ ചടങ്ങുകളും തൈപ്പൂയത്തിനുണ്ട്. മഹാകശ്യപനേയും ആയിരം ശിഷ്യന്മാരേയും ബുദ്ധമതത്തിലേക്ക് ചേർക്കാൻ ശ്രീബുദ്ധൻ തിരഞ്ഞെടുത്തത് പൂയം നക്ഷത്രമാണ്‌. ഇതേ കാരണത്താൽ തന്നെയാണ്‌ അശോക ചക്രവർത്തി ബുദ്ധമതം സ്വീകരിച്ചതും പൂയം നക്ഷത്രത്തിലായത്. മഹാകശ്യപന്റെ ബുദ്ധമതാനുചരണത്തെ ആഘോഷമാക്കിയ ബുദ്ധമതക്കാർ പുഷ്യനക്ഷത്രവും പൂർണ്ണിമയും  ഒന്നു ചേരുന്ന ദിവസം ഉത്സവമായി ആഘോഷിച്ചുവരുന്നു. ഇത് മാമാങ്കം നടക്കുന്ന നാളിലാണ്‌ എന്നത് ശ്രദ്ധേയമാണ്‌.[8]
  • രണ്ടാം ചേരസാമ്രാജ്യത്തിന്റെ ശൈഥില്യത്തിനു ശേഷം രാജ്യം ചെറിയ ചെറിയ നാടുവാഴികളുടെ കീഴിലായി. കുലശേഖര പെരുമാക്കന്മാരുടെ അനന്തരവന്മാരായ കൊച്ചി രാജ്യകുടുംബത്തിനാണ്‌ മാമാങ്കം നടത്തുവാനുള്ള അവകാശം ലഭിച്ചത്. അവരിലാണ്‌ കോയിലധികാരി എന്ന സ്ഥാനം നിക്ഷിപ്തമായത്. കുറച്ചുകാലം അവരുടെ സം‌രക്ഷണയിൽ മാമാങ്കം നടത്തുകയുണ്ടായി. എന്നാൽ കൊച്ചിക്ക് യുദ്ധങ്ങളും മറ്റും കാരണം സാമ്പത്തികമായി ക്ഷീണം അനുഭവപ്പെട്ടപ്പോൾ കരാറടിസ്ഥാനത്തിൽ അധികാരം വള്ളുവക്കോനാതിരിക്ക് കൈമാറി. കൊച്ചീ രാജാക്കന്മാർ അവരുടെ പരദേവതമാരെ പ്രതിഷ്ടിച്ചിട്ടുള്ള വന്നേരി ചിത്രകൂടത്തിൽ വച്ച് കിരീടം ധരിച്ചു വന്നാൽ നിലപാട് നിൽക്കാൻ മാമാങ്കത്തിലെ മണിത്തറ ഒഴിഞ്ഞുകൊടുക്കണമെന്നായിരുന്നു ഉടമ്പടി. 1164 ൽ കൊച്ചിയിലെ ഗോദവർമ്മ രാജാവ് കിരീടം വച്ച് വന്നപ്പോൾ മാമാങ്കത്തിലെ നിലപാട് സ്ഥാനം ഒഴിഞ്ഞുകൊടുത്തതായും രേഖകൾ ഉണ്ട്[8]
  • ftyfccccyyyyyyyyyy
    yi000009
    എന്തായാലും, 13 ആം ശ

സാമൂതിരികോവിലകത്തെ ഗ്രന്ഥവരികളിൽ ഒരു മാമാങ്കത്തോടനുബന്ധിച്ച് മരിച്ചുവീണ ചാവേറുകളുകളെക്കുറിച്ച് ഇങ്ങനെ കാണുന്നുണ്ട്:[9]

“മാമങ്ക തൈപ്പുയത്തിന്നാള് നെലപാടുനിന്നുരുളുന്നതിന്റെ മുമ്പെ വന്നു മരിച്ച ചാവെര് പെര് അഞ്ച്
ആന പൊന്നണിഞ്ഞ ദിവസം അസ്തമിച്ച പുലര്കാലെ വട്ടമണ്ണ കണ്ടര് മേനൊരും കൂട്ടവും വന്നു മരിച്ചപെര് പതിനൊന്ന്
വെട്ടെ പണിക്കരും കൂട്ടവും മുന്നാം ദിവസം വന്നു, മരിച്ചപെര് പന്ത്രണ്ട്.
നാള് നാലില് വാകയൂരില് വന്നു മരിച്ചപെര് എട്ട്
കളത്തില് ഇട്ടിക്കരുണാകരമെനൊന് ഇരിക്കുന്നെടത്തു പിടിച്ചുകെട്ടി വാകയൂര് കൊണ്ടുപോയി കൊന്ന ചാവെര് ഒന്ന്.
മകത്തുന്നാള് കുടിതൊഴുന്ന ദിവസം നിലപാടുനേരത്തു വാകയൂരെ താഴത്ത്യ് നുന്നു പിടിച്ച് അഴിയൊടു കെട്ടിയിട്ട് നെലപാട് കഴിഞ്ഞ് എഴുന്നള്ളിയതിന്റെ ശേഷം വാകയൂര താഴത്തിറക്കി വെട്ടിക്കളഞ്ഞ ചാവെര് നാല്
ആകെ ചാവെര് അന്പത്തിഅഞ്ച്, പുതിയങ്ങാടിയില് നിന്നു കൊണ്ടുവന്ന വെളിച്ചെണ്ണ ചൊതന ആയിരത്തി ഒരുനീറ്റി മൂന്നേ മുക്കാല്


ഇത്തരത്തില് മറ്റു കണക്കുകളുടെ ഇടയ്ക്ക് നിസ്സാരമായി കാണുന്ന തരത്തിലാണ് ചാവേറുകളെ പറ്റി എഴുതിയിരിക്കുന്നത്.

മാമാങ്കത്തിന്റെ അധീശത്വം അന്നത്തെ നിലയിൽ രാഷ്ട്രതന്ത്രപരമായി പ്രാധാന്യമുള്ളതായിരുന്നു. തന്റെ കയ്യിൽനിന്ന് തട്ടിയെടുക്കപ്പെട്ട ആ അംഗീകാരം തിരിച്ച് പിടിക്കാൻ വെള്ളാട്ടിരി അഥവാ വള്ളുവക്കോനാതിരി ശ്രമിച്ചിരുന്നുവെങ്കിലും സാമൂതിരി ശക്തനായതിനാൽ നേർക്കുനേർ യുദ്ധം അസാദ്ധ്യമായിരുന്നു. കിഴക്കൻ പ്രദേശത്തിന്റെ അധിപനായിരുന്ന വെള്ളാട്ടിരിക്ക് പൊന്നാനി ഭാഗത്ത് സ്വാധീനം നിലനിർത്തേണ്ടത് ആവശ്യമായിരുന്നു. ഇതിനായി തിരുമാന്ധാംകുന്ന് ദേവിയെ പ്രാർത്ഥിച്ചപ്പോൾ ചാവേറുകളായി പൊന്നാനിവായ്ക്കൽ മാമങ്കത്തിന് പോയി വെട്ടി മരിക്കാനായിരുന്നു ലഭിച്ച അരുളപ്പാട്. അങ്ങനെ വള്ളുവക്കോനാതിരി മരണംവരേയും പോരാടാൻ സന്നദ്ധനായ ധീരയോദ്ധാക്കളെ തിരഞ്ഞെടുത്ത് മാമാങ്കാഘോഷത്തിനിടെ സാമൂതിരിയെ വധിക്കാനായി അയക്കുമായിരുന്നു; അവരെ ചാവേറുകൾ എന്ന് പറഞ്ഞുവന്നു.[10] മാമങ്കത്തിലാണ് കേരളചരിത്രത്തിൽ ആദ്യമായി ചാവേറുകൾ പ്രത്യക്ഷപ്പെടുന്നത്.

വെള്ളാട്ടിരിയുടെ ചാവേറുകളുടെ നേതൃത്വം പ്രധാനമായും ചന്ത്രത്തിൽ പണിക്കർ, പുതുമന പണിക്കർ, കോവിൽക്കാട്ട് പണിക്കർ, വേർക്കോട്ട് പണിക്കർ എന്നീ നാലു പടനായർ കുടുംബങ്ങളെയാണ് ഏല്പ്പിച്ചിരുന്നത്. തങ്ങളുടെ ബന്ധുക്കൾ സാമൂതിരിയുമായുള്ള മുൻയുദ്ധങ്ങളിൽ കൊല്ലപ്പെടുകവഴി ഇവരെല്ലാം സാമൂതിരിയോടുള്ള കുടിപ്പക മനസ്സിൽ കൊണ്ടുനടക്കുന്നവരുമായിരുന്നു. മാമാങ്കത്തിന് ചാവേർ ആകാൻ തീരുമാനിച്ചാൽ ആ വ്യക്തി പിന്നെ രാജ്യത്തിന്റെ സ്വത്ത് ആയി മാറുന്നു എന്ന സൂചന ഗ്രന്ഥാവരികൾ തരുന്നുണ്ട്. ഒരു ചാവേർ പീടികശാലയിൽ നടത്തിയ അക്രമത്തിനു ആറങ്ങോട്ടു സ്വരൂപത്തിൽ നിന്ന് പ്രായശ്ചിത്തം ചെയ്തതായി പറയുന്ന ഗ്രന്ഥരേഖ അത്തരം ഒരു സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്[11]. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ നിലപാടു തറയിൽ (പിന്നീട് ചാവേർത്തറ) ചെന്ന് പ്രാർത്ഥിച്ചശേഷം നിന്ന് ഇവർ തിരുനാവായ്ക്ക് പുറപ്പെടുന്നു. മാമാങ്കദിനങ്ങളിലോരോന്നിലും ‍വാകയൂരിലെ ആൽത്തറയിൽ പ്രത്യേകം കെട്ടിയുണ്ടാക്കിയ മണിത്തറയിൽ(നിലപാടുതറ) സാമൂതിരി ഉടവാളും പിടിച്ച് നിലപാട് നിൽക്കുന്നേടത്തേക്ക് ഈ ചാവേറുകൾ കനത്ത സുരക്ഷാസന്നാഹങ്ങൾക്കിടയിലൂടെ പൊരുതി കടന്നുചെന്ന് സാമൂതിരിയെ ആക്രമിച്ച് വധിക്കാൻ ശ്രമിക്കും. സാധാരണയായി എല്ലാവരും സാമൂതിരിയുടെ കാവൽഭടന്മാരാൽ കൊല്ലപ്പെടുകയായിരുന്നു പതിവ്. എന്നാൽ 1505-ലെ മാമാങ്കത്തിൽ ചെങ്ങഴിനാട് നാടുവാഴി ആയിരുന്ന ചെങ്ങഴി നമ്പിയാരുടെ നേതൃത്വത്തിൽവന്ന ചാവേറുകൾ, സാമൂതിരിയുടെ സുരക്ഷാസന്നാഹങ്ങൾ നിഷ്പ്രഭമാക്കിയതായി ചാവേർപട്ടുകളായ (ചെങ്ങഴി നമ്പ്യാർ പാട്ട്, കണ്ടർ മേനവൻ പാട്ട്) എന്നിവയിൽ പരാമർശമുണ്ട്. പതിനാറായിരം സൈനികർ വരെ സാമൂതിരിയെ സംരക്ഷിച്ചിരുന്നു എന്ന് ചിലയിടങ്ങളിൽ കാണുന്നു. പടപ്പാട്ടുകളിൽ ചെങ്ങഴി നമ്പിയാർക്ക് ശേഷം 1683ൽ സാമൂതിരിയുടെ നിലപാട് തറയിൽ മുന്നേറി സമൂതിരിയുടെ തൊട്ടടുത്ത് വരെ എത്തിയ കണ്ടർ മേനോൻ എന്ന ഒരു ചാവേറാണ് മറ്റൊരു യോദ്ധാവ് ചരിത്ര രേഖകളിൽ പറയപ്പെടുന്നത്. എന്നാൽ ഈ ചാവേറിനെയും നിലപാട് തറയിൽ വച്ച് തന്നെ സാമൂതിരിയുടെ പ്രധാന പടനായകൻ ചെറായി പണിക്കർ വദിച്ചു.[12] ചാവേറുകളെ അയക്കുന്ന പാരമ്പര്യമുണ്ടായിരുന്ന നാനൂറ് വർഷങ്ങളോളം കാലത്തെ ഒരു മാമാങ്കത്തിലും ചാവേറുകളാൽ ഒരു സാമൂതിരിയും വധിക്കപ്പെടുകയുണ്ടയില്ല. എന്നാൽ 1695-ലെ മാമാങ്കത്തിൽ ചന്ത്രത്തിൽ ചന്തുണ്ണി എന്ന ചാവേർ നിലപാടുതറയിലെത്തുകയും സാമൂതിരിയെ വെട്ടുകയും സാമൂതിരി ഒഴിഞ്ഞുമാറിയതിനാൽ കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു എന്ന് പറയപ്പെടുന്നു. നിരവധി സൈനികരെയെല്ലാം വധിച്ചാണ് ചന്തുണ്ണി അവിടെവരെ എത്തിയത്. എന്നാൽ സാമൂതിരിയുടെ കൂടെയുണ്ടായിരുന്ന മുഖ്യ അകമ്പടിക്കാരൻ വെട്ട് നിലവിളക്കുകൊണ്ട് തടുത്തതുകൊണ്ടാണ് വെട്ടുകൊള്ളാഞ്ഞതെന്നും പറഞ്ഞുവരുന്നുണ്ട്. ഇത് 1755 -ലെ അവസാനമാമാങ്കത്തിലാണെന്നും ചാവേറിന് പതിനാറ് വയസ്സേ ഉണ്ടാ‍യിരുന്നുള്ളുവെന്നും ചില കഥകളിൽ പരാമർശമുണ്ട്.[8] ടിപ്പു സുൽത്താന്റെ പടയോട്ടത്തിനുശേഷം നിലച്ചുപോയ മാമാങ്കം ഇന്ന് ഒരു ചടങ്ങുമാത്രമായി അവശേഷിക്കുന്നു.

പതിനേഴാം നൂറ്റാണ്ടിൽ അന്നത്തെ സാമൂതിരി രാജാവ് 12 ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിന്റെ അവസാനത്തിൽ ആർക്കുവേണമെങ്കിലും സാമൂതിരിയെ കൊല്ലാൻ ശ്രമിക്കാം എന്നും ഇത് നിയമപരമാണെന്നും വിധിക്കുകയുണ്ടായി.

ഏതായാലും മമാങ്കത്തിൽ നിലപാട് നിൽക്കാനുള്ള അവകാശം സാമൂതിരി കൈക്കലാക്കുന്നതിനു മുൻപ് ചാവേർസംഘട്ടനങ്ങൾ മാമാങ്കത്തിന്റെ ഭാഗമായിരുന്നിരിക്കാൻ ഇടയില്ല.

ചടങ്ങുകൾ

തിരുത്തുക

കൊല്ലവർഷം 858-ല് നടക്കുന്ന മാമാങ്കത്തെപ്പറ്റി മാത്രമാണ് പൂർണ്ണമായ രേഖകൾ ലഭിച്ചിട്ടുള്ളത്. അതിനെ ആസ്പദമാക്കി, സാമൂതിരി നിലപാട് നിൽക്കാൻ ആരംഭിച്ചതു മുതൽ എല്ലാ വർഷവും ഏതാണ്ട് ഒരുപോലത്തെ ചടങ്ങുകൾ തന്നെയായിരുന്നു എന്ന് അനുമാനിക്കപ്പെടുന്നു.

വാകയൂർ, തൃക്കാവിൽ കോവിലകങ്ങളുടെ പണിക്കരും ഏറനാട്ടിളംകൂറുനമ്പ്യാതിരിയുടെ പണിക്കരും ചേർന്ന് എത്തുന്നതിന് എഴുതുന്ന തിരുവെഴുത്തുകൾ അയക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കുകയായി. മാമാങ്കത്തിന് തക്കസമയത്ത് എത്തിച്ചേരണം എന്ന് കാണിച്ചുള്ളതാണീ എഴുത്തുകൾ. മാമങ്കനടത്തിപ്പിനാവശ്യമായ കാര്യക്കാർക്കും പങ്കെടുക്കുന്നതിനായി എഴുത്തുകൾ അയക്കുന്നു. കോവിലകങ്ങൾ പണിയുകയും, പന്തലുകൾ കെട്ടുകയും നിലപാടുതറ ഒരുക്കലുമെല്ലാം കാലേക്കൂട്ടിത്തന്നെ ചെയ്തുവയ്ക്കുന്നു. പൊന്നും വെള്ളിയും കെട്ടിയ പലിചയുള്ള പ്രമാണിമാരായ അകമ്പടിജനത്തെയും ഏർപ്പാടാക്കുന്നു. ഇങ്ങനെ ആഡംബരപ്രമാണമായതും ആവശ്യമുള്ളതുമായ ഒരുപാടു കാര്യങ്ങൾ മാമങ്കത്തിനു മുൻപായി ചെയ്തു തീർക്കുന്നു.

നിളാനദിയുടെ തെക്കേക്കരയിലും വടക്കേക്കര കൂരിയാൽക്കലും അവിടന്നു അര നാഴിക പടിഞ്ഞാറു മാറി ഉയർന്ന സ്ഥലത്തുമായി തറകൾ പലതും പണിയുന്നു. ഇതിൽ പ്രധാനമായ നിലപാടുതറയ്ക്ക് നാല്പത് അടിയോളം വലിപ്പം ഉണ്ടാകും. ഇവിടെയാണ്‌ സാമൂതിരി നിലപാട് നിൽക്കുക. മറ്റുള്ളവ ഇളംകൂർ തമ്പുരാന്മാർക്ക് ഉള്ളതാണ്.

മറ്റൊരു ഭാഗത്ത് കമ്പവെടിയും ചെറിയ കപ്പൽ പടയും തയ്യാറെടുക്കുന്നു. തോക്കുകളും മറ്റും വെടിക്കോപ്പ് നിറച്ച് സജ്ജമാക്കി വയ്ക്കുന്നു. വെടിവെയ്ക്കുന്നതു കൂടുതലും മേത്തന്മാരായിരുന്നു. സാമൂതിരിപ്പാടിന് മാമാങ്കക്കാലത്ത് അണിയാനുള്ള തിരുവാഭരണങ്ങളും ആനയെ അലങ്കരിക്കാനുള്ള (ആന പൊന്നണിയുക) ആഭരണങ്ങളും മറ്റും വാകയൂർ കോവിലകത്തേക്കു കൊടുത്തയക്കുന്നതോടെ തയ്യാറെടുപ്പു ചടങ്ങുകൾ പൂർത്തിയാവുന്നു.

ഭാരതപ്പുഴയുടെ വടക്കേക്കരയാണ് വിഖ്യാതമായ തിരുനാവായ ക്ഷേത്രം. ക്ഷേത്രത്തിന് പടിഞ്ഞാറേ നടയിൽ പടിഞ്ഞാറോട്ട് 4 കി.മീ. ദൂരത്ത് വാകയൂർ കോവിലകം സ്ഥിതിചെയ്തിരുന്നു. അങ്ങോട്ടു പോകുന്ന പ്രധാനവഴിയിലാണ് കൂരിയാലും ആൽത്തറയും. കുറച്ച് പടിഞ്ഞാറ് മാറി നിലപാടു തറയും മണിക്കിണറുകളും മറ്റും. അടുത്തായി തമ്പുരാട്ടിമാർക്ക് മാമാങ്കം കാണാനുള്ള കോവിലകങ്ങളും ക്ഷേത്രത്തിനു മുൻഭാഗത്ത് ഇടതുവശത്ത് മൂന്നും നാലും അഞ്ചും കൂർ തമ്പുരാക്കന്മാർക്കുള്ള കൊട്ടാരങ്ങളും മന്ത്രിമന്ദിരങ്ങളും പണികഴിപ്പിച്ചിരുന്നു.

മകരമാസത്തിലെ പുണർതം നാളിലാണ് സാമൂതിരി വാകയൂർ കോവിലകത്തേയ്ക്ക് എഴുന്നള്ളുന്നത്. അടുത്ത ദിവസം പൂയ്യത്തുന്നാൾ മാമാങ്കം ആരംഭിക്കുന്നു. പൂയദിവസം രാവിലെയുള്ള തിരുകൃത്യങ്ങൾക്കു ശേഷം സാമൂതിരി വൻ‍പിച്ച അകമ്പടിയോടെ ക്ഷേത്രദർശനത്തിന് എഴുന്നള്ളുന്നു. നടന്നോ, പല്ലക്കിലോ ആനപ്പുറത്തോ ആയിരിക്കും വരിക. പിറകിലായി ചേരമാൻ വാൾ എഴുന്നള്ളത്തും ഉണ്ടായിരിക്കും. ഈ ഘോഷയാത്ര മണിത്തറയുടെ താഴെയെത്തിയാൽ തമ്പുരാൻ മണിത്തറയുടെ താഴെത്തറയിൽ കയറി നിൽക്കുന്നു. തുടർന്ന് ഉടവാളും പിടിച്ച് മണിത്തറയിൽ കയറി നിന്ന്, വാളിളക്കി കിഴക്കോട്ട് തിരിഞ്ഞ് ക്ഷേത്രത്തിലേക്ക് നോക്കി ദേവനെ തൃക്കൈകൂപ്പുന്നു. വെള്ളിയും പൊന്നും കെട്ടിച്ച പലിചപിടിച്ച അകമ്പടിജനം പലിചയിളക്കി അകമ്പടി പ്രഖ്യാപിക്കുന്നത് ഇപ്പോഴാണ്. ഈ സമയങ്ങൾ മുതൽ തമ്പുരാനെ ആക്രമിക്കാൻ ചാവേറുകൾ വന്നുകൊണ്ടിരിക്കും. വടക്കെക്കരയിൽ നിന്ന് വെടി മുഴങ്ങുമ്പോൾ തെക്കേക്കരയിൽ ഏറാൾപ്പാട് നിലപാടുതറയിലേയ്ക്ക് കയറുന്നു. അതിനുശേഷം രണ്ടു വെടിശബ്ദം കേട്ടാൽ തമ്പുരാൻ മണിത്തറയിൽ നിന്ന് ഇറങ്ങി പുഴമദ്ധ്യത്തിൽ തയ്യാറാക്കപ്പെട്ടിട്ടുള്ള നീരാട്ടുപന്തലിലേയ്ക്ക് നീങ്ങി, കുളികഴിഞ്ഞ് സന്ധ്യാവന്ദനത്തിനുശേഷം വൈകുന്നേരം വാകയൂരിലേയ്ക്ക് എഴുന്നള്ളുന്നു.

ആയില്യം നാൾ ഉടുപ്പും തൊപ്പിയും ധരിച്ചാണ് ഘോഷയാത്ര. ഇത്തരം ഘോഷയാത്രകൾ തുടർച്ചയായി പത്തൊൻപതു ദിവസം നടക്കുന്നു.

ഇരുപതാം ദിവസം രേവതി നാളാണ് ആന പൊന്നണിയുന്നത്. ആന പൊന്നണിഞ്ഞാൻ പൊന്നിൻ കുന്നുപോലിരിക്കുമത്രേ. തുടർന്ന് തിരുവാതിര ഉൾപ്പെടെ ഏഴുദിവസം പൊന്നണിഞ്ഞ ആനക്കൊപ്പമാണ് ഘോഷയാത്ര. ആർഭാടപൂർവ്വമായ് ഇത്തരം ഘോഷയാത്രകളിൽ അൻപതിനായിരത്തിലധികം ജനം പങ്കെടുക്കുമായിരുന്നു.

പുണർതത്തിനു മുൻപ് നാലു ദിവസം കൊണ്ട് മാമാങ്കം അവസാനിക്കുന്നു. ഈ ദിവസങ്ങളിൽ ഘോഷയാത്ര ഉണ്ടാകാറില്ല. നിലപാടുതറയിൽ നിലകൊള്ളുന്ന രീതി പക്ഷേ എല്ലാ ദിവസവും ഉണ്ടാകാറുണ്ട്. മാമാങ്കത്തിന് അദ്ധ്യക്ഷം വഹിക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അവസാന നാലു നാളുകളിൽ കപ്പൽ പടകളുടെ പ്രകടനം ഉണ്ടാകും. കമ്പവെടിക്കെട്ടും ഈ ദിവസങ്ങളിലാണ്.

മകത്തുന്നാൾ മാമാങ്കം അവസാനിക്കുന്നു, ഇതിനുശേഷം സാമൂതിരി പൊന്നാനി തിരുക്കോവിലിലേയ്ക്ക് എഴുന്നള്ളുന്നു. അതോടെ പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന മാമാങ്കോത്സവം അവസാനിക്കുകയായി[13]

നാവികപാരമ്പര്യം

തിരുത്തുക

ഉത്സവത്തിന്റെ ഘടനയിലേയ്ക്ക് കാലാനുസൃതമായ കൂട്ടിച്ചേർക്കലുകൾ നടന്നിട്ടുണ്ട്.കപ്പൽകലഹം എന്നത് പോർച്ചുഗീസ് നാവികരുമായി കോഴിക്കോടിനു ഉണ്ടായ യുദ്ധങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ട സമ്പ്രദായമാകാനാണ് സാദ്ധ്യത.ഉത്സവത്തിന്റെ ഇരുപത്തേഴാം ദിവസത്തിലാണ് 'കപ്പൽകലഹം' നടക്കുന്നത്. ഈ നാവികപ്രകടനത്തിന്റെ വിവരണം 'കേരളോല്പത്തി' കിളിപ്പാട്ടിൽ ഉണ്ട്.[14]

പടതുടരുമടവൊട് ഉരുകൾ വെടികൾ മറ്റുമി-
പ്പടി പറെവതരുതു വക വേർപെടു-
ത്തൊന്നുമേ ഘോഷങ്ങൾ വാകയൂരിങ്ങനെ.

നാടോടി പാരമ്പര്യത്തിൽ

റാകിപ്പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമാങ്ക വേല കണ്ടൂ
വേലയും കണ്ടു വിളക്കും കണ്ടു
കടൽത്തിര കണ്ടു കപ്പൽ കണ്ടു

എന്ന കവിതയിലും പ്രതിധ്വനിയ്ക്കുന്നത് മാമാങ്കത്തിലെ നാവിക പാരമ്പര്യത്തെക്കുറിച്ചാകാം.

വേഷവിധാനത്തെ സംബന്ധിച്ചാണെങ്കിൽ സാമൂതിരി അണിയുന്ന തിരുമുടിത്തൊപ്പിയും തിരുമെയ്ക്കുപ്പായവും യൂറോപ്യൻ സ്വാധീനത്തെ സൂചിപ്പിയ്ക്കുന്നു.

മൈസൂർ സുൽത്താനായിരുന്ന ഹൈദരാലി മലബാർ ആക്രമിച്ചു കീഴടക്കിയതോടെ മാമാങ്കവും അവസാനിച്ചു. സാമൂതിരിക്കും കോനാതിരിക്കും ഒരുപോലെ അധികാരം നഷ്ടപ്പെട്ടതായിരുന്നത്രേ കാരണം. 1755-ൽ ആണ് അവസാന മാമാങ്കം നടന്നത്.[15]

ശേഷിപ്പുകൾ

തിരുത്തുക
 
മണിക്കിണർ - മാമാങ്കത്തിന്റെ ശേഷിപ്പുകളിലൊന്ന് എന്നു കരുതപ്പെടുന്നു
 
നിലപാടുതറ (ചാവേർത്തറ)

ഇന്നും തിരുനാവായ പ്രദേശത്ത് മാമാങ്കത്തിന്റെ സ്മാരകങ്ങൾ നിലനിൽക്കുന്നുണ്ട്. നിലപാടുതറ, മരുന്നറ, ചാവേർ പോരാളികളുടെ ജഡങ്ങൾ ചവിട്ടിത്താഴ്ത്തിയിരുന്ന മണിക്കിണർ, ജീവൻ പോകാത്ത ചാവേറുകളെ പട്ടിണിക്കിട്ട് വധിച്ചിരുന്ന പട്ടിണിത്തറ മുതലായവയുടെ അവശിഷ്ടങ്ങൾ ഇന്നും ബാക്കി നിൽക്കുന്നുണ്ട്. പല തുരങ്കങ്ങളും ഈ പ്രദേശത്തുകാണാം.

 
വെടിമരുന്നു സൂക്ഷിക്കുന്നതിനായുള്ള മരുന്നറ

1990-കളിൽ മാമാങ്കത്തറക്കും മണിക്കിണറിനുമിടക്ക് ഒരു പ്രധാന തുരങ്കം കണ്ടെത്തിയിരുന്നു. ചരിത്രത്തിലാദ്യമായി നിലപാടുതറയിൽ വച്ച് സാമുതിരി ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് പിന്നീടെന്നെങ്കിലും അത്തരമൊരു സന്ദർഭം ഉണ്ടാകുകയാണെങ്കിൽ രക്ഷപെടാനായി അക്കാലത്തെ സാമൂതിരി നിർമ്മിച്ചതാണത് എന്ന് കരുതപ്പെടുന്നു. ചാവേറുകളെ പ്രതിരോധിക്കുന്ന സമയത്ത് പരിക്കേൽക്കേണ്ടിവരുന്ന ഭടന്മാരുടെ ചികിത്സക്കായി സാമൂതിരി സ്ഥാപിച്ച ചങ്ങമ്പള്ളിക്കളരിയും ഇന്നുമുണ്ട്. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനു മുന്നിലായി ചാവേറുകളെ യാത്രയാക്കാനായി ഉപയോഗിച്ചിരുന്ന ചാവേർത്തറയും ഇന്നും നിലനിൽക്കുന്നു.ചാവേർ തറയുടെ മുന്നിലെ ചെറിയ ബോർഡിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.

 
ചങ്ങമ്പള്ളി കളരി

വള്ളുവനാടിന്റെ അഭിമാനസംരക്ഷനത്തിന് നൂറുകണക്കിന് ചാവേർ പടയാളികൾ തിരുനാവായയിലെ മാമാങ്കങ്ങളിൽ പട വെട്ടു ആത്മാഹുതി അനുഷ്ട്ടിച്ചുക്കൊണ്ട് വീരസ്വർഗം പ്രാപിച്ചു .കേരളചരിത്രത്തിന്റെ താളുകളിൽ ധീരതയുടെ പര്യായങ്ങളായി മിന്നിത്തിളങ്ങുന്ന ആ ധീര ദേശാഭിമാനികളുടെ ശാശ്വത സ്മരണകൾ ഈ രക്തസാക്ഷി മണ്ഡപത്തിൽ ഉറങ്ങി കിടക്കുന്നു .

ഇവിടെത്തന്നെയുള്ള അൽപ്പാകുളത്തിലാണത്രേ ചാവേറുകൾ കുളിച്ചിരുന്നത്. ഒരു വാണിജ്യമേള എന്ന നിലയിൽ മാമാങ്കത്തെ പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യം പലപ്പോഴും കേരളത്തിൽ ഉയരാറുണ്ടെങ്കിലും പൂർണ്ണമായ തോതിൽ അത് സാദ്ധ്യമായിട്ടില്ല. 1999-ൽ മാമാങ്കം അക്കാലത്തെ സർക്കാറിന്റെ നേതൃത്തിൽ സംഘടിപ്പിച്ചിരുന്നു.

ചലച്ചിത്രം

തിരുത്തുക

മാമാങ്കത്തെ ആസ്പദമാക്കി നവോദയായുടെ ബാനറിൽ എൻ. ഗോവിന്ദൻകുട്ടി തിരക്കഥ രചിച്ച് അപ്പച്ചന്റെ നിർമ്മാണത്തിലും സംവിധാനത്തിലും 1979-ൽ ഒരു ചിത്രം പുറത്തിറങ്ങി. പ്രേംനസീർ, ജയൻ, ജോസ് പ്രകാശ്, ആലുമ്മൂടൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മാമാങ്കത്തെ ആസ്പദമാക്കി മലയാളത്തിൽ മറ്റൊരു ചലച്ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കുന്നതായി നടൻ മമ്മൂട്ടി 2017 ഒക്ടോബറിൽ പ്രഖ്യാപിച്ചു. സജീവ് പിള്ള എന്ന പുതുമുഖ സംവിധായകനാണ് ഇതിന്റെ തിരക്കഥ തയ്യാറാക്കിയത്. എന്നാൽ പിന്നീട് പത്മകുമാർ മമ്മൂട്ടിയെ നായകനാക്കി ചിത്രം സംവിധാനം ചെയ്തു. കാവ്യാ ഫിലിംസ് നിർമ്മിച്ച ഈ ചിത്രം 2019 ഡിസംബറിൽ പ്രദർശനത്തിനെത്തി.

  1. http://www.prokerala.com/kerala/history/mamankam.htm
  2. ഫ്രാൻസിസ്, ഡേയ് (1863). The Land of the Permauls, Or, Cochin, Its Past and Its Present: Or, Cochin. p. 29.
  3. Krishna Aiyar, K V. Zamorins of Calicut.
  4. കൃഷ്ണയ്യർ 1938 - പ്രതിപാദിച്ചിരിക്കുന്നത്-എം.എൻ. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, കേരള.
  5. രാജേന്ദു, s (2016). ആറങ്ങോട്ടു സ്വരുപം തീരുമാനാംകുന്നു ഗ്രന്ഥാവരി. SPCS. ISBN 978-93-83570-52-2.
  6. പി.സി.എം. രാജ. 1982- പ്രതിപാദിച്ചിരിക്കുന്നത്-എം.എൻ. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, കേരള.
  7. എസ്. എൻ. സദാശിവൻ; എ സോഷ്യൽ ഹിസ്റ്ററി ഒഫ് ഇൻഡ്യ; ISBN 81-7648-170-X പുറം 140-41
  8. 8.0 8.1 8.2 വേലായുധൻ, പണിക്കശ്ശേരി. സഞ്ചാരികൾ കണ്ട കേരളം (2001 ed.). കോട്ടയം: കറൻറ് ബുക്സ്. p. 434. ISBN 81-240-1053-6. {{cite book}}: Cite has empty unknown parameters: |month=, |accessyear=, |origmonth=, |accessmonth=, |origdate=, |chapterurl=, and |coauthors= (help) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "travellers" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  9. എം.എന്. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങള്, ഏട് 97 വള്ളത്തോള് വിദ്യാപീഠം, ശുകപുരം, കേരള.
  10. http://www.calicutnet.com/mycalicut/mamankam_festival.htm
  11. രാജേന്ദു, s (2016). ആറങ്ങോട്ടു സ്വരുപം തീരുമാനാംകുന്നു ഗ്രന്ഥാവരി. SPCS. ISBN 978-93-83570-52-2.
  12. കെ. ആർ. അച്യുതൻ (1971). ·സി. കൃഷ്ണൻ. സാഹിത്യ പ്രവർത്തക സഹകരണ സംഘം, University of California. p. 19.
  13. എം.എൻ. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ, ഏടുകൾ 96-108, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, കേരള.
  14. മാമാങ്കവും ചാവേറും. കോട്ടയം: നാഷനൽ ബുക്ക് സ്റ്റാൾ. 2015. pp. 62, 63.
  15. എം.എൻ. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ, ഏട് 99; വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, കേരള.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാമാങ്കം&oldid=4137209" എന്ന താളിൽനിന്ന് ശേഖരിച്ചത്