കൂടിയാട്ടം

ഭാരതീയ നൃത്തരൂപം
(Koodiyattam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ് കൂടിയാട്ടം. അഭിനയകലയ്ക്ക് നൃത്തത്തേക്കാൾ പ്രാധാന്യം നൽകുന്നതിനാൽ കൂടിയാട്ടത്തിനെ “അഭിനയത്തിന്റെ അമ്മ” എന്നും വിശേഷിപ്പിക്കുന്നു[1]. കൂടിയാട്ടത്തിന്റെ ഇപ്പോഴുള്ള രൂപത്തിന് എണ്ണൂറ് വർഷങ്ങളുടെ പഴക്കമേയുള്ളു[2]. ഏറ്റവും പ്രാചീനമായ സംസ്കൃതനാടകരൂപങ്ങളിലൊന്നാണിത്. പൂർണരൂപത്തിൽ ഒരു കൂടിയാട്ടം അവതരിപ്പിക്കാൻ 41 ദിവസം വേണ്ടിവരും.

മാണി മാധവ ചാക്യാർ കൂടിയാട്ടത്തിൽ രാവണനായി

പേരിനു പിന്നിൽ

തിരുത്തുക

സംസ്കൃത നാടകങ്ങളും കേരളത്തിലെ പ്രാചീനമായ അഭിനയരീതികളും സമ്മേളിച്ച ഒരു ദൃശ്യകലയാണ് കൂടിയാട്ടം. നായകനും നായികയും കൂടി രംഗപ്രവേശം ചെയ്യുന്നതുകൊണ്ടോ നായകനും വിദൂഷകനും കൂടിച്ചേരുന്നതുകൊണ്ടോ ആയിരിക്കാം ഇതിന് കൂടിയാട്ടം എന്ന പേരുണ്ടായതെന്ന് കരുതുന്നു. ഏതായാലും ചാക്യാർ ഏകാഭിനയമായി അരങ്ങത്ത് വന്ന് ആടുന്ന രൂപത്തിൽനിന്ന് ഒന്നിൽ കൂടുതൽ നടന്മാർ കൂടി ആടുന്ന രംഗാവിഷ്കാരം എന്ന നിലക്കു വളർച്ച പ്രാപിച്ചപ്പോഴാകണം ഈ പേർ നിലവിൽ വന്നത്.

ചരിത്രം

തിരുത്തുക
 
കേരളത്തിനു പുറത്ത് അവതരിപ്പിക്കപ്പെട്ട ആദ്യത്തെ കൂടിയാട്ടം: തോരണയുദ്ധം (1962- ചെന്നൈ). രാവണനായി ഗുരു മാണി മാധവചാക്യാർ ,ഹനുമാനായി മാണി നീലകണ്ഠചാക്യാർ, വിഭീഷണനായി മാണി ദാമോദര ചാക്യാർ, ശങ്കുകർണ്ണനായി പി.കെ.ജി നമ്പ്യാർ

ബി സി നാലാം നൂറ്റാണ്ടിനും ക്രി വ ആറാം നൂറ്റാണ്ടിനും ഇടയിലായിരുന്നു സംസ്കൃതനാടകത്തിന്റെ സുവർണ്ണ കാലം.[2] ബി സി 2-ആം നൂറ്റാണ്ടിൽ ഭരതമുനി രചിച്ച നാട്യശാസ്ത്രവും പിൽക്കാലത്തെ ഭാസൻ, കാളിദാസൻ തുടങ്ങിയ ശ്രേഷ്ഠ നാടകകൃത്തുക്കളും അക്കാലത്തെ നൃത്ത്യ-നാട്യ കലകളുടെ അഭിവൃദ്ധി സൂചിപ്പിക്കുന്നു.[2] ഭരതമുനിയുടെ ശിഷ്യന്മാരായ കോഹലൻ, ദത്തിലൻ തുടങ്ങിയവർ അദ്ദേഹത്തിന്റെ സമ്പ്രദായം പിന്തുടർന്നു എങ്കിലും പ്രാദേശിക ഭാഷകളുടെയും കലാരൂപങ്ങളുടെയും വികാസത്തോടെ സംസ്കൃത നാടക രംഗം 11-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ക്ഷയിച്ചു.[2] കേരളത്തിലെ സംസ്കൃതനാടകരംഗം വടക്കേഇൻഡ്യയിൽ സംഭവിച്ച സാമൂഹ്യ-രാഷ്ട്രീയമാറ്റങ്ങളുമായി ബന്ധമില്ലാതെ പഴയരീതിയിൽത്തന്നെ തുടർന്നു.[2] ക്രി വ 7 ആം നൂറ്റാണ്ടിൽ രചിക്കപ്പെട്ട മത്തവിലാസമാണ് തെക്കേ ഇൻഡ്യയിൽ രചിക്കപ്പെട്ട ആദ്യത്തെ സംസ്കൃതനാടകം.[2] കേരളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ സംസ്കൃതനാടകം ആശ്ചര്യചൂഡാമണി ആണെന്നും രണ്ടാമത്തേത് നീലകണ്ഠകവിയുടെ കല്ല്യാണസൗഗന്ധികം ആണെന്നും വിശ്വസിച്ചുപോരുന്നു.[2]. ചേരസാമ്രാജ്യത്തിന്റെ കേന്ദ്രീകൃത ഭരണവ്യവസ്ഥ തകർന്നതോടെ അധികാരം കൈയ്യാളിയ നാട്ടുക്കൂട്ടങ്ങളുടെ നേതൃത്വം ഗ്രാമങ്ങൾക്കായി. ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റി നിലയുറപ്പിച്ച ഗ്രാമജീവിതവും, ബ്രാഹ്മണർ ക്ഷത്രിയരോട് അനുഗ്രഹം വഴിയും, സമൂഹത്തിലെ ഉപരിശ്രേണിയിൽപ്പെട്ട മറ്റു ജാതികളിലുള്ളവരോട് സംബന്ധം വഴിയും ഉണ്ടാക്കിയ സഖ്യം ഒരു പുതിയ സമൂഹത്തെ സൃഷ്ടിച്ചു. വൈദികധർമ്മം പ്രചരിപ്പിക്കുന്നതിനുള്ള കഥകൾ വാചികമായി അവതരിപ്പിക്കുന്നതിലും അധികം ഭംഗിയായി ഒരു നടന്

അഭിനയിച്ചു ഫലിപ്പിക്കുവാനാകും എന്ന തിരിച്ചറിവാണ് നാടകത്തെ ആശയപ്രചാരണത്തിനുള്ള പറ്റിയ ഉപകരണമാക്കുവാൻ ഇക്കൂട്ടരെ പ്രേരിപ്പിച്ചത്‌.[3]. മഹേന്ദ്രവർമ്മൻ എഴുതിയ മത്തവിലാസം, ഭഗവദജ്ജുകം മുതലായ പ്രഹസനങ്ങളെ ഏഴാം നൂറ്റാണ്ടു മുതൽക്കുതന്നെ കേരളത്തിലെ ക്ഷേത്രങ്ങളിൽ കൂടിയാട്ടമായി അവതരിപ്പിച്ചിരുന്നു. കൂടിയാട്ടം പ്രചുരപ്രചാരത്തിൽ വന്ന കൊല്ലവർഷാരംഭത്തിൽതന്നെ ഇതിൽ വിവരിക്കുന്ന രീതിയിലുള്ള കഥ ആടിക്കാണിക്കുവാൻ തുടങ്ങിയിരുന്നുവെന്നാണ് ശങ്കുഅയ്യരുടെ അഭിപ്രായം. ബൗദ്ധരെ പരിഹസിക്കുന്നതിനു വേണ്ടിയാണ് ഇത്തരം കഥകൾ നിർമ്മിച്ചിരുന്നതെന്നും പറയപ്പെടുന്നു. അങ്ങനെ ബ്രാഹ്മണമതത്തിൻറെ പ്രചാരണം നടത്തുന്ന സാംസ്കാരിക ഉപാധികളായി ഇവയെ പരിവർത്തനം ചെയ്യുകയും ചെയ്തിരുന്നു.[4] ക്രി.വ. 11-ആം നൂറ്റാണ്ടിൽ നാടുവാഴിയും നാടകകൃത്തുമായിരുന്ന കുലശേഖരവർമ്മൻ നാടകസാഹിത്യത്തിന്റെ (ഗ്രന്ഥപാഠം) കൂടെത്തന്നെ അതിന്റെ അവതരണവും(രംഗപാഠം) എങ്ങനെ വേണം എന്ന് “വ്യംഗ്യവ്യാഖ്യ“ എന്ന കൃതിയിൽ നിഷ്കർഷിച്ചിരുന്നു. അക്കാലത്ത് പ്രചാരത്തിലിരുന്ന രീതികളിൽ നിന്ന് വിഭിന്നമായി, നേത്രാഭിനയത്തിലൂടെ കൂടുതൽ നാടകീയത കൈവരിക്കുവാനും അതിലൂടെ ആസ്വാദനം തന്നെ ഒരു കലയാക്കി മാറ്റുവാനും ശ്രമിച്ചു.[2] കുലശേഖരവർമ്മൻ രചിച്ച സംസ്കൃത നാടകങ്ങളാണ് സുഭദ്രാധഞ്ജയം, തപതിസംവരണംഎന്നിവ.[2] കുലശേഖരവർമ്മനു ശേഷവും നടന്മാർ നേത്രാഭിനയരീതി തന്നെ പിന്തുടർന്നു. ഭാസന്റെ കൃതികളും, അതിനോടു സാമ്യമുള്ളവയായിരുന്ന “ഭഗവദജ്ജുകം”, “മത്തവിലാസം”, “ആശ്ചര്യചൂഡാമണി”, “കല്ല്യാണസൗഗന്ധികം” തുടങ്ങിയവയും നേത്രാഭിനയരീതിക്ക് ഉതകുന്നവയായിരുന്നു. കാണികൾ പുതിയ അഭിനയരീതികൾ ഇഷ്ടപ്പെടുകയും അഭിനയം കൂടുതൽ നൃത്താ‍ധിഷ്ഠിതമാവുകയും ചെയ്തു. കുലശേഖരവർമ്മനുശേഷം അധികം വൈകാതെതന്നെ സംസ്കൃതനാടകം കൂടിയാട്ടമായി രൂപം പ്രാപിച്ചു എന്നാണ് കരുതപ്പെടുന്നത്.[2]

ചാക്യാർകൂത്തിലെയും കൂടിയാട്ടത്തിലെയും ഭാഷയിലും വേഷത്തിലും മറ്റും കേരളതീരത്തെ നാടൻ കലാരൂപങ്ങളുടെ വ്യക്തമായ സ്വാധീനം കാണുന്നതുകൊണ്ട് സി,ഇ, പത്താം നൂറ്റാണ്ടിനും മുമ്പേതന്നെ ഇവിടെ സജീവമായിക്കഴിഞ്ഞിരുന്ന സാമൂഹ്യ-രാഷ്ട്രീയ മാറ്റങ്ങൾക്ക് അനുപൂരകമായി സംസ്കൃതനാടകങ്ങൾ രംഗത്തവതരിപ്പിക്കാൻ ഇവിടത്തെ കലാപാരമ്പര്യങ്ങൾ ഉപയോഗപ്പെടുത്തി നടത്തിയ ശ്രമമാണ് കൂടിയാട്ടത്തിന്റെ ആവിർഭാവത്തിന് നിദാനം എന്നൊരു വീക്ഷണവും കലാചരിത്രകാരന്മാർക്കിടയിൽ നിലവിലുണ്ട്. സംസ്കൃതനാടകങ്ങളിൽ നിന്ന് നേരിട്ടുണ്ടായതല്ല കൂടിയാട്ടം എന്നാണ് അവരുടെ പക്ഷം. നാടകമെന്ന കലാരൂപത്തിന്റെ സംഭാഷണാഭിനയപ്രധാനങ്ങളായ പ്രാഗ്രൂപങ്ങൾ കേരളതീരത്തെ നാടൻ കലകളൂടെ കൂട്ടത്തിൽ അക്കാലത്തേ ഉണ്ടായിരുന്നുവെന്നും, ദിർഘകാലമായി ഉത്തരേന്ത്യൻ പാരമ്പര്യങ്ങളിൽ നിന്ന് ഭൂമിശാസ്ത്രപരമായിത്തന്നെ വേറിട്ടു നിന്നിരുന്ന ഈ പ്രദേശത്തുനിന്ന് ആ നാടൻകലാരൂപങ്ങളെ ആശ്രയിച്ച് ഉണ്ടായ തനതുസംഭാവനയാണ് കൂടിയാട്ടമെന്നും, അതിന്റെ രൂപീകരണത്തിൽ മുഖ്യധാരാസമൂഹത്തിലെ എല്ലാ ശക്തികളും പങ്കുകൊണ്ടിരുന്നു എന്നും, അക്കാലത്ത് ഇത് സാമൂഹ്യവിമർശനധർമ്മവും നിർവഹിച്ചിരുന്നു എന്നും ഈ വാദം മുന്നോട്ടു വക്കുന്നവർ പറയുന്നു. പ്രതിജ്ഞായൗഗന്ധരായണവും ഭഗവദ്ദജ്ജുകവും മത്തവിലാസവും പോലുള്ള നാടകങ്ങൾക്ക് അന്നും രംഗാവിഷ്കാരം കിട്ടിയിരുന്നതുകൊണ്ട്. ബ്രാഹ്മണാധിപത്യം സമൂഹത്തിൽ വേരൂന്നുന്നതിനുമുമ്പേതന്നെ അതുണ്ടായിക്കഴിഞ്ഞിരുന്നു എന്നും അവർ വാദിക്കുന്നു.

ക്രി വ. 12-14 നൂറ്റാണ്ടുകൾക്കിടയിൽ കൂടിയാട്ടത്തിന്റെ രംഗവേദി ക്ഷേത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു. നാടകത്തിൽ അനുഷ്ഠാനാംശങ്ങൾക്ക് പ്രാധാന്യമേറിയതും, കൂത്തമ്പലങ്ങൾ നിർമ്മിക്കേണ്ടി വന്നതും ഈ സാഹചര്യത്തിലാണ്. കേരളത്തിലെ പ്രധാന കൂത്തമ്പലങ്ങളെല്ലാം 15,16 നൂറ്റാണ്ടുകളിൽ നിർമ്മിക്കപ്പെട്ടവയാണ്[1].

കേരളത്തിൽ കൂടിയാട്ടം ക്ഷേത്രപരിസരങ്ങളിൽ വച്ചുമാത്രം (കൂത്തമ്പലങ്ങൾ ഉണ്ടെങ്കിൽ അവിടെ ഇല്ലെങ്കിൽ ക്ഷേത്രമതിൽക്കകത്ത്) അവതരിപ്പിക്കാനേ അനുവാദമുണ്ടായിരുന്നുള്ളൂ. പറക്കുംകൂത്ത് മുതലായ ചില ഭാഗങ്ങൾ മാത്രം സൗകര്യത്തിനുവേണ്ടി അമ്പലങ്ങൾക്കുപുറത്ത് പറമ്പുകളിൽ നടത്താറുണ്ടായിരുന്നു. പുരുഷവേഷം കെട്ടാൻ ചാക്യാർക്കും സ്ത്രീവേഷം കെട്ടാൻ നങ്ങ്യാരമ്മമാർക്കും മാത്രമേ അനുവാദമുണ്ടായിരുന്നുള്ളു. മിഴാവ് കൊട്ടുന്നത് നമ്പ്യാർ ആയിരിക്കണം. അഭിനയിക്കാൻ പോകുന്ന കഥ ഗദ്യത്തിൽ പറയുന്നതും നമ്പ്യാർ തന്നെ. രംഗത്തു പാട്ടുപാടി താളം പിടിക്കുന്നതും അപ്രധാന കഥാപാത്രങ്ങളുടെ സംഭാഷണവരികൾ ചൊല്ലുന്നതും നങ്ങ്യാരമ്മമാരാണ്. പ്രശസ്ത ചാക്യാർകൂത്ത്-കൂടിയാട്ടം കലാകാരനായ യശഃശരീരനായ (ഗുരു, നാട്യാചാര്യ, വിദൂഷകരത്നം‘ പത്മശ്രീ) മാണി മാധവ ചാക്യാർ ആണ് ചാക്യാർ കൂത്തിനെയും കൂടിയാട്ടത്തെയും അമ്പലത്തിന്റെ മതിൽ‌കെട്ടുകൾക്ക് അകത്തുനിന്ന് സാധാരണക്കാരുടെ അടുത്തേക്ക് കൊണ്ടുവന്നത്[5]. അദ്ദേഹം ആധുനിക കാലത്തെ ഏറ്റവും മഹാനായ കൂത്ത്-കൂടിയാട്ടം കലാകാരനായി കരുതപ്പെടുന്നു.

പ്രധാന ചടങ്ങുകൾ

തിരുത്തുക

അരങ്ങുവിതാനം

തിരുത്തുക

കുലവാഴ, കുരുത്തോല, വെള്ളവസ്ത്രം, പട്ട് കരിക്കിൻകുല, പൂക്കൾ, നിറപറ, നിലവിളക്ക്, എന്നിവ കൊണ്ട് അരങ്ങും അരങ്ങിന്റെ തൂണുകളും മേൽഭാഗവും അലങ്കരിക്കുന്നു. അരങ്ങിലെ നിലവിളക്കിൽ മൂന്ന് തിരികളാണ് കത്തിക്കുക. നടന് അഭിമുഖമായി രണ്ടു തിരിയും സദസ്യർക്ക് അഭിമുഖമായി ഒരു തിരിയും എന്നരീതിയിലാണ് ഇവ വിന്യസിക്കുക. ഈ തിരിനാളങ്ങൾ ത്രിമൂർത്തികളെ സൂചിപ്പിക്കുന്നു. നിലവിളക്കിന്റെ വലതുഭാഗത്താണ് നിറപറയും അഷ്ടമംഗല്യത്തട്ടും വയ്ക്കുക. അണിയറയ്ക്കുമുമ്പിലുള്ള മൃദംഗപദമെന്നുവിശേഷിപ്പിക്കപ്പെടുന്ന സ്ഥാനത്ത് രണ്ട് മിഴാവുകൾ സ്ഥാപിച്ചിട്ടുണ്ടാവും. വലത്തേ മിഴാവിനു മുമ്പിലായി അല്പം വലത്തോട്ടുമാറി മടക്കിയിട്ട വസ്ത്രത്തിലാണ് നങ്ങ്യാർ ഇരിക്കുക. ഇടതുവശത്തുള്ള മിഴാവിന് ചേർന്നാണ് മറ്റു വാദ്യക്കാരുടെ നല. രംഗമധ്യത്തിലായി നടനിരിക്കാനുള്ള പീഠം ഉണ്ടാവും.[6]

മിഴാവ് ഒച്ചപ്പെടുത്തൽ

തിരുത്തുക

കൂടിയാട്ടം തുടങ്ങുന്നു എന്ന അറിയിപ്പ് നൽകുന്ന ചടങ്ങ്. മിഴാവിനു പുറമെ കുഴിത്താളം, തിമില, ഇടയ്ക്ക,ശംഖ്, കൊമ്പ്, കുഴൽ എന്നീ വാദിത്രങ്ങളും ഉപയോഗിക്കാറുണ്ട്[7]. കഥകളിയിൽ ഇതിനുസമാനമായതാണ് കേളികൊട്ട് എന്ന ചടങ്ങ്.

ഗോഷ്ഠി കൊട്ടുക

തിരുത്തുക

നമ്പ്യാർ മിഴാവിൽ കൊട്ടുന്ന ചടങ്ങ്. ഗോഷ്ഠി എന്ന വാക്കിന് സഭ എന്നാണർത്ഥം. സഭ(സദസ്സ്)യെ ഉദ്ദേശിച്ചുള്ള വാദ്യപ്രകടനമാണിത്.

അക്കിത്ത ചൊല്ലൽ

തിരുത്തുക

നമ്പ്യാർ മിഴാവ് കൊട്ടുന്നതിനനുസരിച്ച് നങ്ങ്യാർ പാടുന്ന ചടങ്ങ്. ഗണപതി, സരസ്വതി, ശിവൻ എന്നിവരെ സ്തുതിച്ചുകൊണ്ടുള്ള ഗീതങ്ങളാണ് ആലപിക്കുന്നത്.

നാന്ദി നിർവ്വഹണം

തിരുത്തുക

ദേവൻമാരെ സന്തോഷിപ്പിക്കുന്നതിനായി സൂത്രധാരൻ രംഗപ്രവേശം ചെയ്യുന്ന ചടങ്ങ്. ചാക്യാർ അരങ്ങത്തുവരുന്ന വന്ദനനൃത്തമായ ക്രിയാനാന്ദി അഥവാ രംഗപൂജ, ഈശ്വരനെ സ്തുതിക്കുന്ന ശ്ലോകനാന്ദി എന്നിങ്ങനെ നാന്ദി നിർവ്വഹണം രണ്ടുതരത്തിലുണ്ട്.

അരങ്ങുതളിക്കൽ

തിരുത്തുക

മിഴാവ് കൊട്ടിക്കഴിഞ്ഞ് നങ്ങ്യാർ അണിയറയിൽ നിന്ന് തീർത്ഥജലം കൊണ്ടുവന്ന് അരങ്ങത്ത് തളിക്കും. നാന്ദീശ്ലോകം ചൊല്ലിയതിനുശേഷമാണ് തീർത്ഥം തളിക്കുക. ഈ ക്രിയയെയാണ് അരങ്ങുതളിക്കൽ എന്നു പറയുന്നത്[8]. രാവണനാണ് കഥാനായകനെങ്കിൽ ശ്ലോകനാന്ദിയിലൂടെ നായകനെ സ്തുതിക്കില്ല. മറിച്ച് സീത ശ്രീരാമൻ എന്നിവരെയാണ് സ്തുതിക്കുക.

ക്രിയചവിട്ടുക

തിരുത്തുക

നാന്ദിക്കുശേഷം സൂത്രധാരൻ പ്രവേശിച്ച് ഒരു പ്രത്യേകരീതിയിൽ നൃത്തംവയ്ക്കുകയും ആടുകയും ചെയ്യുന്നു. ഇതിനെയാണ് ക്രിയചവിട്ടുക എന്നു പറയുന്നത്.[9].

നിർവ്വഹണം

തിരുത്തുക

ഒന്നാം രംഗത്തിൽ നടൻ ആദ്യമായി പ്രവേശിക്കുന്ന ചടങ്ങ്. തലേദിവസം നാന്ദിക്കുശേഷം സൂത്രധാരൻ നിർദ്ദേശിച്ച കഥാപാത്രമായിരിക്കും ഇത്. സാധാരണഗതിയിൽ കഥയിലെ നായകനായിരിക്കും ആദ്യം പ്രവേശിക്കുക. അപ്പോൾ വാദിത്രമായി രണ്ട് മിഴാവും പഞ്ചവാദ്യവുമുണ്ടാകും. നായകൻ പ്രവേശിച്ചാലും ശരിയായ കഥാഭിനയം ആരംഭിക്കില്ല. ​​ഏതങ്കമാണോ അഭിനയിക്കാൻ പോകുന്നത് അതിന്റെ മുഖവുരമാത്രമേ അയാൾ അഭിനയക്കുകയുള്ളൂ. കഥയുടെ ആമുഖം അവതരിപ്പിച്ച് പ്രേക്ഷകരെ കഥയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന പ്രക്രിയയാണ് നിർവ്വഹണം. ഒരങ്കത്തിലേക്ക് ആദ്യം വരുന്ന ഏത് കഥാപാത്രവും നിർവ്വഹണം അഭിനയിക്കണം. രണ്ട് കഥാപാത്രങ്ങൾ ഒരുമിച്ചു വരുന്നുണ്ടെങ്കിൽ രണ്ടുപേർക്കും നിർവ്വഹണമുണ്ട്. എന്നാൽ ഇടയ്ക്ക് പ്രവേശിക്കുന്ന കഥാപാത്രങ്ങൾ ഇതുചെയ്യേണ്ടതില്ല. ഉദാഹരണത്തിന്, സുഭദ്രാധനഞ്ജയമാണ് ആടുന്നതെങ്കിൽ അർജ്ജുനനും വിദൂഷകനും നിർവ്വഹണമുണ്ട്. സുഭദ്രയ്ക്കില്ല. നിർവ്വഹണം തീരുന്നതോടെ രണ്ടാം ദിവസത്തെ കളിയും തീരുന്നു.[10].

മംഗളശ്ലോകം

തിരുത്തുക

കഥാവതരണത്തിനുശേഷം മംഗളശ്ലോകം ചെയ്യുന്നത് നായകനടനാണ്.[11]

അരങ്ങിലെ പ്രത്യേകതകൾ

തിരുത്തുക

ക്ഷേത്രവളപ്പിൽ കൂത്തമ്പലം എന്ന പേരിൽ പണിതിട്ടുള്ള സഭാമന്ദിരത്തിലാണ് കൂടിയാട്ടം പരമ്പരാഗതമായി അവതരിപ്പിക്കുന്നത്. കൂത്തമ്പലത്തിൽ കുലവാഴ, കുരുത്തോല, നിറപറ, അഷ്ടമംഗല്യം മുതലായ അലങ്കാരങ്ങളോടെ അരങ്ങ് സജ്ജമായിരിക്കും. വലിയ നിലവിളക്ക് എണ്ണ നിറച്ച് രംഗത്ത് കത്തിച്ചുവച്ചിട്ടുണ്ടാവും. നിലവിളക്കിൽ മൂന്ന് തിരി കത്തിക്കുന്നു. ത്രിമൂർത്തികളുടെ സാന്നിധ്യം സൂചിപ്പിക്കുന്നതാണ് ഈ മൂന്ന് തിരി. രണ്ട് തിരിനാളം നടൻറെ നേർക്കും ഒന്ന് സദസ്യരുടെ നേർക്കുമാണ് കൊളുത്തേണ്ടത്. മിഴാവ്, കുഴിത്താളം, ഇടക്ക, കൊമ്പ്, ശംഖ് എന്നീ ദേവവാദ്യങ്ങൾ ചേർത്തുള്ള മേളമാണ് ആദ്യം. പിന്നീട് വിദൂഷകവേഷം ധരിച്ച ചാക്യാർ രംഗത്ത് പ്രവേശിക്കുകയും കഥാസന്ദർഭത്തെ വിവരിക്കുകയും ചെയ്യുന്നു. തുടർന്ന് കഥാപാത്രങ്ങൾ തിരശ്ശീല താഴ്ത്തി പ്രവേശിക്കുകയും കഥ ആടുകയും ചെയ്യുന്നു.

കൂടിയാട്ടത്തിലെ ചതുർവിധാഭിനയം

തിരുത്തുക

സാത്വികം

തിരുത്തുക
 
സാത്വികാഭിനയം-ശൃംഗാരരസം ഗുരു മാണി മാധവ ചാക്യാർുടെ വിശ്വ പ്രസിദ്ധമായ രസാഭിനയം

രസാഭിനയത്തെ അടിസ്ഥാനമാക്കിയ സാത്വികാഭിനയമാണ് കൂടിയാട്ടത്തിന്റെ മുഖ്യ ഘടകം. കൂടിയാട്ടത്തിൽ സാത്വികാഭിനയത്തിന് എട്ടു രസങ്ങളാണ് അംഗീകരിച്ചിട്ടുള്ളത്. എല്ലാ രസങ്ങളും ഉത്ഭവിക്കുന്നതും അവസാനിക്കുന്നതും ശാന്തരസത്തിലാണ്. അതിനാൽ ശാന്തം ഒരു രസമായി കണക്കാക്കിയിട്ടില്ല[3]. സാത്വികാഭിനയത്തിൻറെ കാര്യത്തിൽ കൂടിയാട്ടം മറ്റ് കലാരൂപങ്ങളെ അപേക്ഷിച്ച് നല്ല നിലവാരം പുലർത്തുന്നു. ചാക്യാർ രംഗത്തുവന്നാൽ ആദ്യമായി ദീപനാളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ചുറ്റുപാടുകൾ എല്ലാം മറന്ന് കഥാപാത്രത്തിൻറെ സ്ഥായീഭാവം ഉൾകൊള്ളുവാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.[12]. സാത്വികാഭിനയം കൊണ്ട് ഏത് സന്ദർഭത്തിലും മനസ്സിരുത്താൻ ചാക്യാർക്കു കഴിയും എന്നതാണ് പ്രത്യേകത.

കൂടിയാട്ടത്തിലെ ആംഗികം ശിരസ്സ് തൊട്ട് പാദം വരെയുള്ള അംഗോപാംഗ പ്രത്യംഗങ്ങൾ എല്ലാം തന്നെ പങ്കുചേരുന്ന സർവാംഗ അഭിനയമാണ്‌‍. നിരന്തര അഭ്യാസം കൊണ്ടുമാത്രമേ ഈ അഭിനയത്തിൽ പ്രാഗല്ഭ്യം നേടാൻ കഴിയൂ. വിദൂഷകൻറെ അഭിനയം ഒഴിച്ചുള്ള മിക്ക കഥാപാത്രങ്ങളുടെയും അഭിനയം ആംഗികപ്രധാനമാണ്‌‍.

മുദ്രകൾ

തിരുത്തുക

ഹസ്തലക്ഷണദീപികയിൽ പ്രതിപാദിക്കുന്ന 24 മുദ്രകളാണ് കൂടിയാട്ടത്തിലുള്ളത്. ഇതിൽ പെടാത്ത ശ്രീരാമൻ, വില്ല് തുടങ്ങിയ ചില മുദ്രകളും ഉണ്ട്[1].

  • സംയുക്തമുദ്ര - കൈ രണ്ടും ഉപയോഗിക്കുന്നവ.
  • അസംയുക്ത മുദ്ര - ഒരു കൈ മത്രം ഉപയോഗിക്കുന്നവ. ഉദാ. മൃഗം, പുഷ്പം, സ്ത്രീ.
  • മിശ്രമുദ്ര - ഇരുകൈകളിലും വ്യത്യസ്ത മുദ്രകൾ. ഉദാ. വൈധവ്യം, പിതാവ്, മാതാവ്, ഗുരുനാഥൻ.
  • സമാനമുദ്ര - സമാനം, സമീപം.

മുദ്രകൾക്ക് അനുയോജ്യമായ ഭാവങ്ങളും ഉപയോഗിക്കുന്നു. ഉദാ. രാജാവിന് വീരം, സിംഹത്തിന് രൌദ്രം, മാൻ‌പേടയ്ക്ക് ഭയം, ഭാര്യയ്ക്ക് ശൃംഗാരം.

 
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നിന്നും
 
കൂടിയാട്ടത്തിലെ‍ നായക വേഷം (പച്ച). (മാണി ദാമോദര ചാക്യാർ )

സന്ദർഭത്തിനും മുദ്രക്കും യോജിച്ച ചുവടുകളെയാണ് ചാരികൾ എന്നു പറയുന്നത്[1].

  • ചാരി[1].

അരക്കെട്ട്, പാദം, കണങ്കാൽ, തുട എന്നിവ ഏകോപിപ്പിച്ചുള്ള ഗതിക്രമമാണ് ചാരി.

    • ഭൌമചാരി
    • ആകാശചാരി
    • യുദ്ധചാരി
  • പരിക്രമം[1].
    • ശൂർപ്പണഖ, ഹനുമാൻ തുടങ്ങിയ കഥാപാത്രങ്ങൾ നാലുദിക്കിലേക്കും ചെയ്യുന്നത്.
    • കളപ്പുറത്തു നടക്കുക - ശ്രീരാമൻ, ലക്ഷ്മണൻ തുടങ്ങിയ കഥാപാത്രങ്ങളുടെ പ്രവേശം.
  • വട്ടത്തിൽ ചാടി നടക്കുക - രാക്ഷസവാനരന്മാരുടെ ചാരി[1].
  • ചെല്ലുന്തി നടക്കുക ‌- സ്ത്രീകഥാപാത്രങ്ങളുടെ ചുവടുകൾ; പുരുഷനും സ്ത്രീയും ഒന്നിച്ചുള്ളപ്പോൾ പുരുഷനും ഇതേ ചുവട്[1].
  • നിത്യക്രിയ - പുറപ്പാട് ദിവസം നടൻ ചെയ്യുന്ന ക്രിയ. കൂടിയാട്ട കലാകാരന്മാർ ആദ്യമായി അഭ്യസിക്കുന്നത് ഇതാണ്[1].
  • മറവിൽക്രിയ - മിഴാവിനെ അഭിമുഖീകരിച്ച് [[തിരശ്ശീലയ്ക്ക് പിന്നിൽ[1].
  • ദിൿപാല വന്ദനം[1].
  • മുടിയക്കിത്ത - കൂടിയാട്ടം അവസാനിക്കുമ്പോൾ പ്രധാന കഥാപാത്രം കിരീടം മാറ്റി, അലങ്കാരങ്ങളഴിച്ച് ചുവപ്പ് തുണി മാത്രം കെട്ടി വിളക്കിന്റെ അടുത്ത് വന്ന് തിരികൾ ഓരോന്നായി താഴെ വയ്ക്കുന്നു[1].

സ്തോഭങ്ങൾ

തിരുത്തുക
  • വിദൂഷകസ്തോഭം - കവിൾ വീർപ്പിച്ച് എന്തോ വായിലിട്ട് ചവയ്ക്കുന്നതായി നടിക്കുക, പൂണൂൽ തുടയ്ക്കുക, കുടുമ വേർപെടുത്തുക, ഉത്തരീയം മടക്കി പിഴിഞ്ഞ് വീശുക എന്നിവയാണ് വിദൂഷകസ്തോഭങ്ങൾ[1].
  • പ്രാവേശികം - കഥകളിയിലെ തിരനോട്ടത്തോട് സാമ്യമുണ്ട്. രാവണൻ ബാലി സുഗ്രീവൻ തുടങ്ങിയവർക്കാണ് പ്രാവേശികം[1].
     
    കൂടിയാട്ടത്തിൽ ബാലിയുടെ പ്രാവേശികം
  • പടപുറപ്പാട് - ഭടന്മാർ വാദ്യഘോഷത്തോടെ യുദ്ധത്തിനു പുറപ്പെടുന്നത്[1].
  • പിണ്ഡിബന്ധം - ചാരികൾ കൊണ്ടുണ്ടാക്കുന്ന ആകൃതി[1].

സന്ദർഭത്തിനനുസൃതമായി സ്വരങ്ങൾ പ്രയോഗിച്ച് ചൊല്ലുന്ന വാക്യത്തിനാണ് വാചികാഭിനയം എന്നു പറയുന്നത്. കൂടിയാട്ടത്തിലെ വാചികാഭിനയത്തിന് ആധാരമായി മൂലനാടകത്തിലെ പദ്യഗദ്യങ്ങൾക്ക് പുറമെ വിദൂഷകൻറെ തമിഴും മണിപ്രവാളവും ഉപയോഗിക്കുന്നു. നായകൻ സംസ്‌കൃതശ്ലോകങ്ങൾ ഓരോന്നിനും വിധിച്ചിട്ടുള്ള പ്രത്യേക സ്വരത്തിൽ നീട്ടി ചൊല്ലുന്നു.

കൂടിയാട്ടത്തിലെ രാഗതാളങ്ങൾ

തിരുത്തുക
  • രാഗങ്ങൾ

24 രാഗങ്ങളാണ് കൂടിയാട്ടത്തിൽ ഉപയോഗിക്കുന്നത്[1]. ഇവയ്ക്ക് സ്വരങ്ങൾ എന്നും പറയാറുണ്ട്. പാട്ടിന്റെ മാതൃകയിൽ താളത്തോടുകൂടിയല്ല രാഗങ്ങൾ പാടുന്നത്, മറിച്ച് ശ്ലോകങ്ങളാണ് രാഗങ്ങളിൽ ആലപിക്കുന്നത്[1]. രസങ്ങൾക്ക് പ്രത്യേകം രാഗങ്ങളുണ്ട്. രാഗങ്ങൾക്കോ അവ പാടുന്ന രീതിക്കോ ശാസ്ത്രീയസംഗീതവുമായി യാതൊരു ബന്ധവുമില്ല. രാഗങ്ങൾ താളത്തോടുകൂടിയല്ല പാടുന്നത്. രാഗം പാടിക്കഴിഞ്ഞതിനു ശേഷമാണ് മിഴാവിൽ താളം കൊട്ടുന്നത്. കൂടിയാട്ടകലാകാരന്മാരുടെ അഭ്യാസക്രമങ്ങളിൽ ശാസ്ത്രീയസംഗീതാഭ്യാസത്തിന് സ്ഥാനമില്ല[1]. കൂടിയാട്ടത്തിലെ രാഗങ്ങളുടെ ശാസ്ത്രീയസംഗീത ബന്ധം ഇപ്പോൾ ഒരു ഗവേഷണ വിഷയമാണ്[1].

രാഗം ഉപയോഗിക്കുന്ന അവസരം
ഇന്ദളം ഉത്തമനായകന്
പേടീപഞ്ചമം നീച കഥാപാത്രങ്ങൾക്ക്
വീരപഞ്ചമം അതിധീരമായ സന്ദർഭം
ഭിന്നപഞ്ചമം അതിയായ സന്തോഷം
മുരളീന്ദളം സംഭോഗശൃംഗാരം
അന്തരി കഥ പറയുന്നയാൾക്ക് മാത്രം; കഥാപാത്രങ്ങൾ ഈ രാഗം ഉപയോഗിക്കാറില്ല
സ്വല്പന്തരി വരുണൻ
വേളാധൂളി പരിഭ്രമം, ഭയാനകം, ദൂരെനിന്ന് വിളിച്ചുപറയേണ്ട അവസരം
ശ്രീകാമരം പെട്ടെന്നുണ്ടാവുന്ന വികാരം
ആർത്തൻ ശൃംഗാരം
പൌരാളി വിയോഗം
മുഡ്ഡൻ രാക്ഷസന്മാരുടെ ശൃംഗാരം
കൈശികി ഹാസ്യം, ബീഭത്സം
തർക്കൻ കോപം, രൌദ്രം
വീരതർക്കൻ വീരന്മാരായ കഥാപാത്രങ്ങൾ
ദുഃഖഗാന്ധാരി ശോകം, കരുണം
ഘട്ടന്തരി ദുഷ്ടന്മാരെ നിഗ്രഹിച്ച സന്ദർഭം
ദാണം അത്ഭുതം, ഭയാനകം
തൊണ്ട് ഭക്തി, ശാന്തം
പുറനീര് പ്രഭാതം, വർഷം മുതലായവയുടെ വർണ്ണന
ശ്രീകണ്ഠി ഭക്തി, രംഗത്തിന്റെ അന്ത്യം, ദുഷ്ടനിഗ്രഹം, സന്ധ്യ, മധ്യാഹ്നം മുതലായവയുടെ വർണ്ണന
വിമല നങ്ങ്യാർ ചില്ലുന്നതിന്
വരാടി പണ്ട് ഉപയോഗിച്ചിരുന്നതാവാം; ഇപ്പോൾ യാതൊരു വിവരണവും അവശേഷിക്കുന്നില്ല[1].
  • താളങ്ങൾ

കൂടിയാട്ടത്തിന് ഇന്ന് സാധാരണയായി ഉപയോഗിക്കുന്നത് രണ്ട് മിഴാവുകളാണ്. വായ ഭാഗത്ത് തുകൽ കെട്ടിയ, ചെമ്പ്കൊണ്ടുള്ള പ്രത്യേക രൂപത്തിലുള്ള ഒരു കുടമാണ് മിഴാവ്. പ്രാചീന കാലത്ത് മൺകുടമാണ് ഉപയോഗിച്ചിരുന്നത്[1]. മിഴാവ് കൊട്ടുന്ന രീതിക്ക് തിമിലയുമായാണ് സാമ്യം[1]. മിഴാവിനു പുറമേ, ഇടയ്ക്ക, കുറുങ്കുഴൽ, ഇലത്താളം മുതലായവയും ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്[1]. ആദ്യകാലങ്ങളിൽ ശുദ്ധമദ്ദളവും, തിമിലയും ഉപയോഗിച്ചിരുന്നു[1].

 
പഞ്ചമുഖമിഴാവ്

ആഹാര്യം

തിരുത്തുക

അരങ്ങും അണിയലുമാണ് ആഹാര്യം[1]. പുരാതനകാലത്ത് കേരളത്തിലെ വിവിധ ദൃശ്യരൂപങ്ങളിൽ നിലവിലിരുന്ന വേഷക്രമങ്ങൾ പരിഷ്കരിച്ചതാണ് കൂടിയാട്ടത്തിലെ ചമയങ്ങൾ[1].കിരീടകടകാദികൾ ഉൾപ്പെട്ട വേഷവിധാനവും രംഗസജ്ജീകരണങ്ങളും ചേർന്നതാണ് ആഹാര്യാഭിനയം. നായകൻറെ വേഷം പച്ചയോ പഴുക്കയോ ആയിരിക്കും. രാജാക്കന്മാരല്ലാത്ത നായകമാർക്ക് ‘പഴുക്ക’യും രാവണാദികൾക്ക് ‘കത്തി’യും ആണ് വേഷം. തെച്ചിപ്പൂവ് കൊണ്ടുണ്ടാക്കുന്ന കേശഭാരം, കിരീടം, കഞ്ചുകം എന്നിവ അണിഞ്ഞ്, അരയിൽ ‘പൃഷ്ഠം’ വച്ചുകെട്ടുകയും ചെയ്യുന്നു. സുഗ്രീവൻ‍, ഹനുമാൻ‍ എന്നിവർക്ക് വേറെ വേഷങ്ങളാണ്‌‍.

 
കൂടിയാട്ടത്തിലെ സ്ത്രീ വേഷം

മുഖത്ത് അരിപ്പൊടി, മഞ്ഞള്‍, കരി എന്നിവ തേച്ച് കരികൊണ്ട് ഒരറ്റം മേൽപ്പോട്ടും ഒരറ്റം കീഴ്പ്പോട്ടും ആയി മീശവരച്ച്, ഒരു കാതിൽ കുണ്ഡലവും മറ്റേകാതിൽ തെറ്റിപ്പൂവും തൂക്കിയിട്ട്, കൈയ്യിൽ കടകവും ധരിക്കുകയും തലയിൽ കുടുമ, ചുവപ്പുതുണി, പീലിപ്പട്ടം, വാസുകീയം എന്നിവയും അണിഞ്ഞ് അരയിൽ പൃഷ്ഠവും കെട്ടിയാണ് വിദൂഷകൻറെ വരവ്. വിദൂഷകവേഷത്തിൽ ചാക്യാർ മാറിലും കൈകളിലും അണിയുന്ന അരിമാവ്, ചെവിയിലെ തെച്ചിപ്പൂവ്, വെറ്റില തുടങ്ങിയവയ്ക്ക് കേരളീയ സവിശേഷതയുണ്ട്[1].

പ്രധാന വേഷങ്ങൾ

തിരുത്തുക
 
കറുത്തതാടി - സുഗ്രീവൻ
 
വെളുത്തതാടി - ഹനുമാൻ
  • പച്ച - ശ്രിരാമൻ, വിഭീഷണൻ, അർജ്ജുനൻ
  • പഴുപ്പ് - സൂത്രധാരൻ, ഋഷികുമാരൻ
  • കറുത്തതാടി - സുഗ്രീവൻ
  • ചുവന്നതാടി - ബാലി
  • വെളുത്തതാടി - ഹനുമാൻ
  • കത്തി - രാവണൻ
 
കൂടിയാട്ടത്തിലെ ഭീമൻ


സ്ത്രീ വേഷത്തിനു നിറം ഇളം ചുവപ്പാണ്‌‍. പ്രത്യേക തരത്തിലുള്ള മുടിയും കഞ്ചുകവും ഉത്തരീയവും മറ്റലങ്കാരങ്ങളും ഉണ്ടായിരിക്കും. എന്നാൽ ശൂർപ്പണഖയുടേത് കരിവേഷമാണ്.

അഭിനയപ്രകാരങ്ങൾ

തിരുത്തുക
  • പതിഞ്ഞാട്ടം

സമാവസ്ഥയിൽ നിന്നാണ് പതിഞ്ഞാട്ടം അഭിനയിക്കുന്നത്. ശൃംഗാരം, ദുഃഖം, എന്നിവയ്ക്ക് പതിഞ്ഞാട്ടം[3].

  • ഇളകിയാട്ടം

ഒരു കാൽ മുൻപിലും, ഒന്നു പിന്നിലും വച്ചിട്ടാണ് ഇളകിയാട്ടം. വീരം, രൌദ്രം, അത്ഭുതം എന്നിവ അഭിനയിക്കുന്നത് ഇളകിയാട്ട രീതിയിലാണ്[3].

  • ഇരുന്നാട്ടം

പാത്രഭേദമനുസരിച്ച് വീരാസനത്തിലിരുന്ന് അഭിനയിക്കുന്നു. നൃത്തമാടുന്ന സമയത്ത് എഴുന്നേൽക്കുന്നു. രാമൻ, രാവണൻ എന്നീ കഥാപാത്രങ്ങളുടെ ദുഃഖം ഇരുന്നാട്ടത്തിൽ അഭിനയിക്കുന്നു[3].

നാട്യധർമി - ലോകധർമി

തിരുത്തുക
  • നാട്യധർമി

ശാസ്ത്ര വിധി പ്രകാരമുള്ള അഭിനയമാണ് നാട്യധർമി. അതിനാൽ എല്ലാ നടന്മാരുടെയും പ്രകടനം ഒരേപോലെ ആയിരിക്കും[3].

  • ലോകധർമി

വിവരിക്കേണ്ട വസ്തുക്കളെ അഭിനയിച്ച് കാണിക്കുന്നത് ലോകധർമി. ആസ്വാദ്യതയുടെയും കലയുടെയും നിലനില്പാണിത്[3].

കൂടിയാട്ടത്തിൽ സ്ത്രീകൾ

തിരുത്തുക

കേരളത്തിലെ നൃത്തകലകളിൽ സ്ത്രീകലാകാരികൾക്ക് മാന്യമായ സ്ഥാനം ലഭിച്ചിരുന്നത് കൂടിയാട്ടത്തിൽ മാത്രമാണ്[1]. മറ്റ് കലകളിൽ നിന്ന് വിഭിന്നമായി സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത് സ്ത്രീകൾതന്നെയാണ്. വേഷത്തിനു പുറമേ, അരങ്ങത്ത് ശ്ലോകങ്ങൾ പാടുന്നതും, താളം പിടിക്കുന്നതും സ്ത്രീകൾ തന്നെ[1].

കൂത്തും കൂടിയാട്ടവും

തിരുത്തുക

ആംഗികം-വാചികം-ആഹാര്യം-സാത്വികം എന്നിങ്ങനെ നാല് വിധം അഭിനയങ്ങളെ കൂട്ടി ഇണക്കി നൃത്തവാദ്യങ്ങളോടുകൂടി അഭിനയിക്കുന്ന സംസ്കൃതനാടകമാണ് കൂടിയാട്ടം. ചാക്യാർ പുരാണകഥ പറയുന്നതിനെ ചാക്യാർകൂത്തെന്നും നങ്ങ്യാർ പുരാണകഥ അഭിനയിക്കുന്നതിനെ നങ്ങ്യാർകൂത്തെന്നും പറയുന്നു. ചാക്യാന്മാരും നങ്ങ്യാന്മാരും കൂടി സംസ്കൃത നാടകം അഭിനയിക്കുന്നതിനെയാണ് 'കൂടിയാട്ടം'എന്ന് പറയുന്നത്. ചാക്യാർകൂത്തിൻറെ വികസിതരൂപമായി കേരളത്തിൽ നടപ്പിലായ ഒരു വിശിഷ്ടനാട്യകലയാണ് കൂടിയാട്ടം എന്നൊരു അഭിപ്രായമുണ്ട് [13].

ആധികാരിക ഗ്രന്ഥങ്ങൾ

തിരുത്തുക
 
ഗുരു മാണി മാധവ ചാക്യാർ രചിച്ച നാട്യകല്പദ്രുമം

ഭരത മുനിയുെട നാട്യശാസ്ത്രത്തെ അനുസരിച്ചാണ് കൂടിയാട്ടം അവതരിപ്പിച്ചു പോരുന്നത്. കൂടിയാട്ടത്തിൻറെ സമസ്ത വശങ്ങളേയും കൂറിച്ച്, കൂടിയാട്ടം കുലപതി ഗുരു മാണി മാധവ ചാക്യാർ ശാസ്ത്രീയമായി രചിച്ച ആധികാരിക ഗ്രന്ഥമാണ് നാട്യകല്പദ്രുമം. 1975ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ഈ കൃതി പണ്ഡിതന്മാര്ക്കും കൂടിയാട്ട കലാകാരന്മാര്ക്കും ഒരു പോലെ സഹായകമാണ്.[14] കൈ മുദ്രകൾക്ക് കഥകളിക്കാർ‍ക്ക് എന്ന പോലെ കൂടിയാട്ടക്കാർക്കും ‘ഹസ്തലക്ഷണദീപിക’യെന്ന ഗ്രന്ഥമാണ് അവലംബം. [15]

ചിത്രശാല

തിരുത്തുക

ഇവയും കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 1.13 1.14 1.15 1.16 1.17 1.18 1.19 1.20 1.21 1.22 1.23 1.24 1.25 1.26 1.27 1.28 1.29 (In Malayalam) Dr.K.G Paulose;1996;The appreciation of Kutiyattam; International centre for Kutiyattam, Tripunithura, Kerala.
  2. 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 Dr.K.G Paulose;1998;Introduction to kutiyattam, the living tradition of ancient theatre;Sree Sankaracharya university of Sanscrit;Kalady.
  3. 3.0 3.1 3.2 3.3 3.4 3.5 3.6 Dr.K.G Paulose;2001;കൂടിയാട്ടം, അഭിനയത്തിന്റെ തുടർച്ചയും വളർച്ചയും;International center for Kutiyattam, Thripunuthura
  4. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിരക്കിയ പി.കെ.ഗോപാലകൃഷ്ണൻ രചിച്ച “കേരളത്തിൻറെ സാംസ്കാരിക ചരിത്രം”
  5. http://www.mathrubhumi.com/nri/section/print.php?id=12864[പ്രവർത്തിക്കാത്ത കണ്ണി]
  6. പ്രൊഫ. രാമവർമ്മ, അമ്പലപ്പുഴ (2014). കേരളത്തിലെ പ്രാചീനകലകൾ. കോട്ടയം: സാഹിത്യപ്രസാധക സഹകരണസംഘം. p. 15. ISBN 978-93-82654-93-3.
  7. പ്രൊഫ. രാമവർമ്മ, അമ്പലപ്പുഴ (2014). കേരളത്തിലെ പ്രാചീനകലകൾ. കോട്ടയം: സാഹിത്യപ്രസാധക സഹകരണസംഘം. p. 16. ISBN 978-93-82654-93-3.
  8. പ്രൊഫ. രാമവർമ്മ, അമ്പലപ്പുഴ (2014). കേരളത്തിലെ പ്രാചീനകലകൾ. കോട്ടയം: സാഹിത്യപ്രസാധക സഹകരണസംഘം. p. 16. ISBN 978-93-82654-93-3.
  9. പ്രൊഫ. രാമവർമ്മ, അമ്പലപ്പുഴ (2014). കേരളത്തിലെ പ്രാചീനകലകൾ. കോട്ടയം: സാഹിത്യപ്രസാധക സഹകരണസംഘം. p. 16. ISBN 978-93-82654-93-3.
  10. പ്രൊഫ. രാമവർമ്മ, അമ്പലപ്പുഴ (2014). കേരളത്തിലെ പ്രാചീനകലകൾ. കോട്ടയം: സാഹിത്യപ്രസാധക സഹകരണസംഘം. p. 16. ISBN 978-93-82654-93-3.
  11. മലയാളമനോരമ Competition Winner, 2011 October 01, page: 5
  12. പി.കെ.വിജയഭാനു രചിച്ച “നൃത്യപ്രകാശിക”-രണ്ടാം അധ്യായം-
  13. പി.കെ.വിജയഭാനു രചിച്ച “നൃത്യപ്രകാശിക”-രണ്ടാം അധ്യായം-
  14. Ananda Kentish Coomaraswamy and Venkateswarier Subramaniam, "The Sacred and the Secular in India's Performing Arts: Ananda K. Coomaraswamy Centenary Essays"(1980), Ashish Publishers, p. 150.
  15. ചാക്യാർ, മാണി മാധവ. നാട്യകല്പദ്രുമം. ചെറുതുരുത്തി: സഅംഗീത നാടക അക്കാദമി/ കേരള കലാമണ്ഡലം. {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help); Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൂടിയാട്ടം&oldid=4138373" എന്ന താളിൽനിന്ന് ശേഖരിച്ചത്