കേരളീയനായ ശക്തിഭദ്രൻ രചിച്ച സംസ്കൃത നാടകമാണ് ആശ്ചര്യചൂഡാമണി. ശങ്കരൻ എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ നാമം. ശക്തിഭദ്രൻ എന്നത് സ്ഥാനപ്പേരാണ്. രാമായണകഥയാണ് ഏഴങ്കത്തിലുള്ള ഈ നാടകത്തിന്റെ വിഷയം. ഉന്മാദവാസവദത്തം, വീണാവാസവദത്തം എന്നിവയും ശക്തിഭദ്രന്റെ കൃതികളാണ്. അഭിനയത്തിനു് ഇത്ര പറ്റിയതായി സംസ്കൃതത്തിൽ അധികം നാടകങ്ങളില്ലെന്നും ഇതിലെ (1) ʻʻകരപല്ലവമാത്രമുജ്ജിഹീതേˮ (2) ʻʻഅഭിസരണമയുക്തമങ്ഗനാനാംˮ ഈ രണ്ടു ശ്ലോകങ്ങളും ക്രി. പി. പന്ത്രണ്ടാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന കാശ്മീരകനായ വല്ലഭദേവന്റെ സുഭാഷിതാവലിയുടെ ഒരു മാതൃകയിൽ ഉദ്ധരിച്ചുകാണുന്നതായി ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. [1]

അങ്കങ്ങൾ തിരുത്തുക

ഏഴങ്കങ്ങളാണ് ഈ നാടകത്തിനുള്ളത്. ഒന്നാമത്തേ അങ്കത്തിനു പർണ്ണശാലാങ്കമെന്നും രണ്ടാമത്തേതിനു ശൂർപ്പണഖങ്കമെന്നും മൂന്നാമത്തേതിനു മായാസീതങ്കമെന്നും നാലാമത്തേതിനു ജടായുവധാങ്കമെന്നും അഞ്ചാമത്തേതിനു് അശോകവനികാങ്കമെന്നും ആറാമത്തേതിനു് അംഗുലീയാങ്കമെന്നും പേർ പറയുന്നു. ഇവയിൽ അശോകവനികാങ്കവും അങ്ഗുലീയാങ്കവും അതിപ്രധാനമാണു്.

പ്രത്യേകതകൾ തിരുത്തുക

ആശ്ചര്യചൂഡാമണിയെപ്പറ്റി ഒരു കഥയുണ്ട്. സംസ്‌കൃത നാടകരചന ഉത്തരേന്ത്യക്കാർമാത്രം കീഴടക്കി വച്ചിരുന്ന കാലഘട്ടത്തിലാണ് ശക്തിഭദ്രൻ 'ആശ്ചര്യചൂഡാമണി' രചിക്കുന്നത്. നാടകരചന പൂർത്തിയാക്കിയ അദ്ദേഹം തന്റെ കൃതിയെപ്പറ്റി അഭിപ്രായം അറിയാനായി ചെങ്ങന്നൂർ മഹാദേവർക്ഷേത്രത്തിലെത്തിയ ശങ്കരാചാര്യരുടെ അരികിലെത്തി. നാടകം വായിച്ചു കേൾപ്പിച്ചു. ശങ്കരാചാര്യർ ആ സമയം മൗനവ്രതത്തിലായിരുന്നു. അതിനാൽ അദ്ദേഹം ഒന്നും സംസാരിച്ചില്ല. തന്റെ കൃതി കൊള്ളാത്തതിനാലാണ് ശങ്കരാചാര്യർ ഒന്നും പറയാത്തതെന്ന് തെറ്റിദ്ധരിച്ച ശക്തിഭദ്രൻ തന്റെ നാടകം കത്തിച്ചു കളഞ്ഞു. വ്രതം കഴിഞ്ഞ് നാടകത്തെപ്പറ്റി ശങ്കരാചാര്യർ ശക്തിഭദ്രനോട് ചോദിച്ചു. കൃതി കത്തിച്ചു കളഞ്ഞുവെന്നു അദ്ദേഹം ശങ്കരനോട് വിഷമത്തോടെ പറഞ്ഞു. കൃതി മുഴുവൻ ശങ്കരാചാര്യർ ഓർമ്മയിൽ നിന്ന് പറഞ്ഞു കൊടുക്കുകയും ശക്തിഭദ്രൻ എഴുതിയെടുക്കുകയും ചെയ്തു.[2]

കവി മൂലകഥയിൽ പല വ്യതിയാനങ്ങളും വരുത്തിയിട്ടുണ്ടു്. നാലാമങ്കത്തിൽ നാട്യശാസ്ത്ര നിബന്ധനകൾക്കു വിപരീതമായി രാവണനും ജടായുവും തമ്മിലുള്ള യുദ്ധം അഭിനയിക്കേണ്ടതുണ്ടു്. ഖരദൂഷണാദിരാക്ഷസന്മാരുടെ നിഗ്രഹം കഴിഞ്ഞിട്ടു ശൂർപ്പണഖ ശ്രീരാമന്റെ സന്നിധിയെ പ്രാപിക്കുന്ന ഘട്ടത്തിൽ ഇതിവൃത്തമാരംഭിക്കുകയും അഗ്നിപ്രവേശാനന്തരം സീതാദേവിയുടെ പാതിവ്രത്യമഹിമ കണ്ടു സന്തുഷ്ടരായ ദേവന്മാരാൽ പ്രേഷിതനായ നാരദമഹർഷി ആ പുണ്യശ്ലോകനെ അനുഗ്രഹിക്കുന്ന ഘട്ടത്തിൽ അവസാനിക്കുകയും ചെയ്യുന്നു.

വ്യാഖ്യാനങ്ങൾ തിരുത്തുക

വിവൃതി എന്ന പേരിൽ ഒരു വ്യാഖ്യാനം ഈ നാടകത്തിനുണ്ട്. ഒന്നോ അധികമോ പൂർവ്വവ്യാഖ്യാതാക്കന്മാരെ വിവൃതിയിൽ ʻകേചിൽʼ എന്നു നിർദ്ദേശിച്ചു സ്മരിച്ചുകാണുന്നു.

അവലംബം തിരുത്തുക

  1. ഉള്ളൂർ എസ്. പരമേശ്വര അയ്യർ, കേരള സാഹിത്യ ചരിത്രം (1964). ആശ്ചര്യചൂഡാമണി. കേരള സാഹിത്യ അക്കാദമി.
  2. ആസ്വാദകരുടെ മനംകവർന്നു- മാതൃഭൂമി[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ആശ്ചര്യചൂഡാമണി&oldid=3689079" എന്ന താളിൽനിന്ന് ശേഖരിച്ചത്