ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഒൻപത് രസങ്ങൾ (ഭാവങ്ങൾ) ആണ് നവരസങ്ങൾ. നവരസങ്ങൾ:

ഗുരു നാട്യാചാര്യ മാണി മാധവ ചാക്യാർ ശൃംഗാര രസം അവതരിപ്പിക്കുന്നു.

ഇന്ത്യൻ നൃത്തരൂപങ്ങളായ കൂടിയാട്ടം, ഭരതനാട്യം, കഥകളി തുടങ്ങിയവയിൽ രസാഭിനയം നവരസങ്ങളെ ആസ്പദമാക്കിയാണ്. പല മുഖഭാവങ്ങളിലൂടെയും കൈമുദ്രകളിലൂടെയും നവരസങ്ങൾ പല ഭാവങ്ങളും അവതരിപ്പിക്കുന്നു.

നവരസങ്ങളെ അതിന്റെ ഏറ്റവും പാരമ്യത്തിൽ അഭിനയിച്ച് ഫലിപ്പിക്കുന്നതിന് നാട്യാചാര്യ പത്മശ്രീ മാണി മാധവ ചാക്യാർക്ക് സവിശേഷമായ കഴിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നവരസാഭിനയങ്ങൾ കേരള സംഗീത നാടക അക്കാദമി ശേഖരത്തിലും ലോകമെമ്പാടും പല കാഴ്ചബംഗ്ലാവുകളിലും സൂക്ഷിച്ചുവയ്ച്ചിരിക്കുന്നു.

ശൃംഗാരം തിരുത്തുക

നായികാനായകന്മാർക്ക് പരസ്പരമുണ്ടാകുന്ന അനുരാഗമാണ് രതി. രതി എന്ന സ്ഥായിഭാവം രസമായി വികാസം പ്രാപിച്ച അവസ്ഥയാണ് ശൃംഗാരം. പരസ്പരാകർഷണത്തിന് ഹേതുവായിത്തീരുന്ന സൗന്ദര്യം, സൗശീല്യം തുടങ്ങിയ ഗുണങ്ങളാണ് രതി എന്ന സ്ഥായിഭാവത്തിന് ആലംബം. വസന്തം, ഉദ്യാനം, പൂനിലാവ്, തുടങ്ങിയ സാഹചര്യങ്ങൾ ഉദ്ദീപനമായി തീരുമ്പോൾ വിഭാവം, കടാക്ഷം, മന്ദഹാസം, പുരികങ്ങളുടെ ചലനം, മധുരഭാഷണം, സുന്ദരവിലാസങ്ങൾ എന്നീ ബാഹ്യപ്രകടനങ്ങൾ അനുഭാവങ്ങൾ. ആലസ്യവും, ജുഗുപ്സയും, ഔഗ്രവും ഒഴികെയുള്ള മുപ്പത് സഞ്ചാരീഭാവങ്ങൾ ശൃംഗാരാഭിനയത്തിൽ പ്രയോഗിക്കാം.

യൗവനയുക്തകളായ സ്ത്രീകൾക്ക് ശരീരത്തിലും മുഖത്തും വികാരങ്ങൾ സ്ഫുരിക്കുന്നതിനെ നായികാലങ്കാരങ്ങൾ എന്ന് ഭരതൻ വർണ്ണിച്ചിരിക്കുന്നു. ഈ അലങ്കാരങ്ങൾ ഭാവങ്ങളെയും രസങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഭാവം, ഹാവം, ഹേല എന്നീ അവയങ്ങളിലുണ്ടാകുന്ന മൂന്ന് തരം ശൃംഗാരചേഷ്ടകളാണ് ആദ്യത്തെ മൂന്ന് നായികാലങ്കാരങ്ങൾ. അഭിനയത്തിലൂടെ ശരീരത്തിൽ തന്നെ ഭാവത്തെ പ്രകാശിപ്പിക്കുന്നത് ഭാവം. ഭാവത്തിൻ കൂടുതൽ മിഴിവ് ഉണ്ടാക്കുന്നത് ഹാവം. ഹാവം കൂടുതൽ സ്പഷ്ടമാകുന്നതാണ് ഹേല. സ്വഭാവജന്യങ്ങളായ ലീല, വിലാസം, വിച്ഛിത്തി, വിഭ്രമം, കിലികിഞ്ചിതം, മോട്ടായിതം, കുട്ടമിതം, ബിംബോകം, ലളിതം, വിഹൃതം എന്ന് പത്ത് തരം ശൃംഗാരചേഷ്ടകളെ നായികാലങ്കാരത്തിൽ തിരിച്ചിട്ടുണ്ട്. വാക്ക്, പ്രവൃത്തി, അലങ്കാരങ്ങൾ എന്നിവയിലൂടെ പ്രിയനെ അനുകരിക്കുന്നതാണ് ലീല. അംഗചലനങ്ങൾ മധുരവും ലളിതവുമാക്കുന്നത് വിലാസം. വേഷഭൂഷാദികൾ അശ്രദ്ധയോടെ കുറച്ചെ ധരിച്ചിട്ടുള്ളുവെങ്കിലും കൂടുതൽ ശോഭയുണ്ടാക്കുന്നതാണ് വിച്ഛിത്തി. മദം, അനുരാഗം, ഹർഷം എന്നിവ നിമിത്തം വാക്കിലും പ്രവൃത്തിയിലും മറ്റും മാറ്റം വന്നുപോകുന്നതാണ് വിഭ്രമം. പലതരം വികാരം ഒന്നിച്ചുണ്ടാകുന്നത് കിലികിഞ്ചിതം. പ്രിയന്റെ കഥകൾ കേൾക്കുമ്പോഴും ഹൃദ്യമായ വാക്കും പ്രവൃത്തിയും കാണുമ്പോഴും തന്നോടുള്ള കാമുകന്റെ അനുരാഗത്തെപറ്റി ചിന്തിക്കുമ്പോഴും ഉണ്ടാകുന്ന വികാരപ്രകടനം മോട്ടായിതം. കാമുകൻ തന്റെ കേശസ്തനാദികൾ ഗ്രഹിക്കുമ്പോൾ ഹർഷസംഭ്രമങ്ങൾ നിമിത്തം സുഖവും ദുഃഖവും പ്രകടിപ്പിക്കുന്നതാണ് കുട്ടമിതം. ഇഷ്ടമുള്ളത് കിട്ടികഴിയുമ്പോൾ ഉണ്ടാവുന്ന അഹങ്കാരം നിമിത്തം അനാദരവ് ഉണ്ടാകുന്നത് ബിംബോകം. സൗകുമാര്യമുള്ള അംഗവിക്ഷേപം ലളിതം. പറയാൻ അറയ്ക്കുന്നത് വിഹൃതം.

അയത്നജാലങ്കാരങ്ങൾ എന്ന പേരിൽ ഏഴ് ശൃംഗാരചേഷ്ടകളുണ്ട്. ശോഭ, കാന്തി, ദീപ്തി, മാധുര്യം, ധൈര്യം, പ്രാഗല്ഭ്യം, ഔദാര്യം എന്നീ വികാരപ്രകടനങ്ങളാണിവ. രൂപയൗവനലാവണ്യങ്ങൾ ഉപഭോഗം നിമിത്തം പുഷ്ട്യെ പ്രാപിച്ചിട്ടുള്ളത് ശോഭ. കാമവികാരം പൂർത്തിയാകുമ്പോഴുണ്ടാകുന്ന ശോഭതന്നെ കാന്തി. കാന്തി വർദ്ധിക്കുമ്പോൾ ദീപ്തി. ദീപ്തവും ലളിതവുമായ ഏതൊരവസ്ഥയിലും മധുരമായി പ്രവർത്തിക്കുന്നത് മാധുര്യം. വളരെ തഞ്ചമായ പെരുമാറ്റം ഏതവസ്ഥയിലും ഉണ്ടായിരിക്കുന്നത് ധൈര്യം. കാമകലാപ്രയോഗത്തിൽ പ്രാഗല്ഭ്യം കാണിക്കുന്നത്തന്നെ പ്രാഗല്ഭ്യം എന്ന അയത്നജാലങ്കാരം. ഇതിൽ നിന്ന് ശൃംഗാരം നവരസങ്ങളുടെ രാജാവ് എന്നു മനസ്സിലാക്കാം.

കരുണം തിരുത്തുക

ശോകമാണ് കരുണയുടെ സ്ഥായി. പലതരം വ്യസനങ്ങൾ കരുണയ്ക്ക് കാരണമാകാം. അതൊക്കെ ഈ രസത്തിന്റെ വിഭാവങ്ങളാണ്. കണ്ണീരൊഴുക്കൽ, നെടുവീർപ്പ്, ഗദ്ഗദം തുടങ്ങിയവയാണ് അനുഭാവങ്ങൾ. നിർവേദം ഗ്ലാനി, ചിന്ത തുടങ്ങി മിക്ക സഞ്ചാരിഭാവങ്ങളും കരുണയ്ക്ക് ആവശ്യമുണ്ട്.

കണ്ണിൻറെ പോളകൾ രണ്ടും ചുവട്ടിലേക്കു വീണും വിറച്ചുമിരിക്കും. കൃഷ്ണമണികൾ മന്ദഗതിയിലായും ബലഹീനമായും കണ്ണീറോടുകൂടി സഞ്ചരിക്കും. ദൃഷ്ടികൾ മൂക്കിൻറെ അഗ്രത്തോട് ചേർന്നിരിക്കും. പുരികങ്ങൾക്ക് പാതനം നേരിടും. കഴുത്ത് ഒരു ഭാഗത്ത് ചെരിഞ്ഞതായും മാറ് കീഴ്പ്പോട്ടും മേൽപ്പോട്ടും വിറയോടുകൂടിയതായും കാണപ്പെടും.

വീരം തിരുത്തുക

വീരത്തിന്റെ സ്ഥായി ഉത്സാഹം. ഉത്തമന്മാരിലാണ് വീരം ഉണ്ടാകുന്നത്. ഈ രസം ഉണ്ടാകുന്നതിനുള്ള വിഭാവങ്ങൾ കൂസലില്ലായ്മ, മടിയില്ലായ്മ, വിനയം, ബലം, പരാക്രമം, ശക്തി, പ്രതാപം, പ്രഭാവം എന്നിവയാണ്. കുലുക്കമില്ലായ്മ, കരളുറപ്പ്, ഉശിര്, ത്യാഗസന്നദ്ധത എന്നീ അനുഭാവങ്ങളിലൂടെയ്യാണ് അഭിനയികേണ്ടത്. ധൃതി, മതി, ഗർവ്വം, ആവേശം, ഉഗ്രത, അമർഷം തുടങ്ങിയവ സഞ്ചാരിഭാവങ്ങൾ.

ഇതിൻ കണ്ണിൻറെ മധ്യം നല്ലതു പോലെ വിടർന്നും കൃഷ്ണമണികൾ പുറത്തേക്ക് തള്ളിയും, രണ്ട് പോളകളും നീളത്തിലുമായിരിക്കും. കവിൾതടം പൊങ്ങിയും, ചുണ്ടും പല്ലും സ്വാഭാവികനിലയിലും ശിരസ്സ് സമനിലയിൽ നിർത്തിയുമായിരിക്കും. പുരികവും മൂക്കും സ്വാഭാവികമായിരിക്കും. നോട്ടങ്ങൾ വളരെ ശക്തിയുള്ളതായിരിക്കും.

രൗദ്രം തിരുത്തുക

രൗദ്രത്തിന്റെ സ്ഥായി ക്രോധം. മനസ്സിൽ തട്ടത്തക്കവിധം മറ്റുള്ളവർ ചെയ്യുന്ന അപകാരത്താൽ പ്രതിക്രിയ ചെയ്യാനുള്ള അഭിനിവേശത്തോടുകൂടിയ ക്രോധമാൺ രൌദ്രരസത്തിൻറെ സ്ഥായിരസം. അധിക്ഷേപിക്കുക, അപമാനിക്കുക, ഉപദ്രവിക്കുക, ചീത്തവിളിക്കുക, കൊല്ലാൻ ശ്രമിക്കുക തുടങ്ങിയ ക്രോധപ്രവൃത്തികളായ വിഭാവങ്ങൾ മൂലം രൌദ്രം ഉണ്ടാകുന്നു. അടി, ഇടി, യുദ്ധം തുടങ്ങിയ കർമങ്ങൾ, കണ്ണ് ചുമപ്പിക്കുക, അഹങ്കരിക്കുക, കൈ തിരുമ്മുക തുടങ്ങി നിരവധി അനുഭാവങ്ങളിലൂടെ രൌദ്രം അഭിനയിക്കുന്നു. കൂസലില്ലായ്മ, ഉത്സാഹം, അമർഷം, ആവേഗം, ചപലത, ഉഗ്രത, ഗർവ്വം തുടങ്ങിയവയാണ് സഞ്ചാരിഭാവങ്ങൾ.

ഹാസ്യം തിരുത്തുക

ഹാസ്യത്തിന്റെ സ്ഥായി ഭാവം ഹാസമാണ്. വികൃതമായ രൂപം, വേഷം, സംസാരം മുതലായവയാണ് ഹാസത്തിന് കാരണമായ വിഭാവം. തന്നത്താൻ ചിരിക്കുന്നത് ആത്മസ്ഥവും, അന്യരെ ചിരിപ്പിക്കുന്നത് പരസ്ഥവും. സ്മിതം, ഹസിതം, വിഹസിതം, ഉപഹസിതം, അപഹസിതം, അതിഹസിതം എന്ന് ഹാസ്യം ആറ് തരം. ഉത്തമന്മാർക്ക് സ്മിതവും ഹസിതവും, മദ്ധ്യമന്മാർക്ക് വിഹസിതവും ഉപഹസിതവും, അധമന്മാർക്ക് അപഹസിതവും അതിഹസിതവും യോജിക്കും. കവിൾ വികസിച്ച് കടാക്ഷത്തോടെയുള്ള മന്ദഹാസം സ്മിതം. ഹസിതത്തിൽ പല്ലുകൾ കുറേശ്ശ പുറത്ത് കാണിച്ച് ചിരിക്കും. ഉചിതകാലത്തുള്ള മധുരമായ ചിരിയാണ് വിഹസിതം. മൂക്ക് വിടർത്തി വക്രദൃഷ്ടിയോടെ തോളും തലയും കുനിച്ച് ചിരിക്കുന്നത് ഉപഹസിതം. അനവസരത്തിൽ കണ്ണീരോടെ തോളും തലയും ചലിപ്പിച്ച് ചിരിക്കുന്നത് അപഹസിതം. അസഹ്യമായ പൊട്ടിച്ചിരി അതിഹസിതം. അവഹിത്ഥം, ആലസ്യം, നിദ്ര, അസൂയ മുതലായവ സഞ്ചാരിഭാവങ്ങൾ.

ഭയാനകം തിരുത്തുക

ഈ രസത്തിന്റെ ആത്മാവ് ഭയം എന്ന സ്ഥായിഭാവമാണ്. ഹിംസ്രജന്തുക്കളെയോ മറ്റോ കണ്ട് പേടിക്കുക, വിജനതയിൽ അകപ്പെടുക, സ്വജനങ്ങൾക്കുണ്ടാകുന്ന ആപത്ത് അറിയുക തുടങ്ങിയവ വിഭാവങ്ങൾ. കൈകാലുകൾ വിറച്ചും, മുഖം കറുത്തും, ഒച്ചയടച്ചും മറ്റും ഈ രസം അഭിനയിക്കുന്നു. ശങ്ക, മോഹാലസ്യം, ദൈന്യം, ആവേഗം, ചപലത, ജഡത, ത്രാസം, അപസ്മാരം, മരണം എന്നിവയാണ് സഞ്ചാരിഭാവങ്ങൾ.

ബീഭത്സം തിരുത്തുക

സ്ഥായി ജുഗുപ്സ. ഇഷ്ടപ്പെടാത്ത വസ്തുക്കളെയോ കാര്യങ്ങളെയോ പറ്റി കേൾക്കുകയോ ഓർമ്മിക്കുകയോ അവയെ കാണുകയോ ചെയ്യുന്നതിൽനിന്നും ബീഭത്സം ഉണ്ടാകുന്നു. മുഖം വക്രിക്കുക, തുപ്പുക, ഓക്കാനിക്കുക മുതലായ അനുഭാവങ്ങളോടെ അഭിനയിക്കുന്നു. അപസ്മാരം, ഉദ്വേഗം, ആവേഗം, മോഹം, വ്യാധി, മരണം തുടങ്ങിയവ സഞ്ചാരിഭാവങ്ങൾ. കണ്ണിൻറെ തടങ്ങളും കടക്കണ്ണും ചുരുങ്ങുകയും കൃഷ്ണമണി ദയയിൽ മുങ്ങിമങ്ങുകയും രണ്ട് കൺപോളകളുടെയും രോമങ്ങൽ തമ്മിൽ ചേരുകയും കൃഷ്ണമണി അകത്തേക്ക് വലിയുകയും ചുളുങ്ങിയ പുടങ്ങളോടുകൂടിയ, പുരികങ്ങൾക്ക് പാതനവും മൂക്കിൻറെ പുടത്തിൻ വീർപ്പും കവിൾതടത്തിൻ താഴ്മയും ഭവിക്കുകയും ചെയ്യുന്നു. മുഖരാഗം ശ്യാമവും നിറം നീലയും ദേവത മഹാകാലനുമാകുന്നു.

അത്ഭുതം തിരുത്തുക

അത്ഭുതത്തിന്റെ സ്ഥായി വിസ്മയം. ദിവ്യജനദർശനം, ഇഷ്ടഫലപ്രാപ്തി, മഹത്തായ കാഴ്ചകൾ കാണുക, നടക്കാനാകാത്തത് നടക്കുക തുടങ്ങിയവ വിസ്മയം ഉത്ഭവിക്കുന്നതിനുള്ള വിഭാവങ്ങൾ. കണ്ണിമയ്ക്കാതെ വട്ടം പിടിച്ച് നോക്കുക, പൊട്ടിച്ചിരിക്കുക, സന്തോഷിക്കുക തുടങ്ങിയ അനുഭാവങ്ങളോടെ ഈ രസം അഭിനയിക്കണം. ആവേഗം, സംഭ്രമം, പ്രഹർഷം, ചപലത, ഉന്മാദം, ധൃതി, ജഡത, പ്രളയം മുതലായവ സഞ്ചാരിഭാവങ്ങൾ.

ഇതിൻ കൺപോളകളുടെ രോമാഗ്രം വളഞ്ഞും കൃഷ്ണമണികൾ ആശ്ചര്യത്താൽ മയത്തോടുകൂടിയും ദൃഷ്‌ടികൾ എല്ലാഭാഗവും നല്ലവണ്ണം പുറത്തേക്കു തള്ളി നിൽക്കുന്ന വിധത്തിലുമായിരിക്കണം. പുരികം പൊങ്ങിയും, മൂക്ക് സ്വാഭാവികമായും, കവിൾതടം വിടർന്നും, പല്ലും ചുണ്ടും സ്വതേയുള്ള നിലയിലുമായിരിക്കും.

ശാന്തം തിരുത്തുക

‘അഷ്ടാവേവ രസാ നാട്യേ’ എന്നു ഭരതൻ നിർവ്വചിച്ചിരുന്നു. ശാന്തം എന്ന രസം പിന്നീടുണ്ടായതാകണം. ശമമാണ് ശാന്തരസത്തിന്റെ സ്ഥായി. മോക്ഷദായകമാണ് ശാന്തരസം. തത്ത്വജ്ഞാനമാണ് ശാന്തത്തിന്റെ വിഭാവം. സുഖദുഃഖങ്ങളില്ലാത്ത, രാഗദ്വേഷാദികളില്ലാത്ത ഒരവസ്ഥയാണ് ശാന്തം. ഇന്ദ്രിയനിഗ്രഹം, അദ്ധ്യാത്മധ്യാനം, ഏകാഗ്രത, ദയ, സന്യാസജീവിതം എന്നീ അനുഭാവങ്ങളിലൂടെ ശാന്തരസം അഭിനയിക്കുന്നു. നിസ്സംഗത്വവും ഭക്തിയും അതനുസരിച്ചുള്ള മുഖഭാവങ്ങളും ശാന്തരസാഭിനയത്തിൻ ആവശ്യമാണ്. നിർവ്വെദം, സ്മൃതി, സ്തംഭം തുടങ്ങിയവ സഞ്ചാരിഭാവങ്ങൾ.

അവലംബം തിരുത്തുക

മാണി മാധവ ചാക്യാർ, നാട്യകല്പദ്രുമം (1975), കേരള കലാമണ്ഡലം, ചെറുതുരുത്തി.
മടവൂർ ഭാസിയുടെ “ലഘു ഭരതം”

പി.കെ.വിജയഭാനു രചിച്ച “നൃത്യപ്രകാശിക“-അധ്യായം അഞ്ച്

ഇതും കാണുക തിരുത്തുക

"https://ml.wikipedia.org/w/index.php?title=നവരസങ്ങൾ&oldid=3089096" എന്ന താളിൽനിന്ന് ശേഖരിച്ചത്