മത്തവിലാസം കൂത്ത്

(മത്തവിലാസം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ അപൂർവം ശിവക്ഷേത്രങ്ങളിൽ മാത്രം നടത്തിവരാറുള്ള കൂത്താണ് മത്തവിലാസം.[1] മൂന്ന് ദിവസത്തെ അവതരണം കൊണ്ടാണ് ഒരു മത്തവിലാസം കൂത്ത് പൂർത്തിയാകുന്നത്.

മത്തവിലാസം കൂത്തിൽ മാണി ദാമോദര ചാക്യാർകാപാലി വേഷം അവതരിപ്പിക്കുന്നു.

ബ്രഹ്മഹത്യാപാപം തീർക്കാൻ ശിവനെ തപസ്സുചെയ്യുന്ന സത്യസോമനെന്ന ബ്രാഹ്മണൻ ശിവന്റെ നിർദ്ദേശാനുസരണം കപാലിവേഷത്തിൽ നൃത്തം ചെയ്യുന്നുവെന്നാണ് സങ്കല്പം. സത്യസോമന്റെ നൃത്തം കണ്ട് അനുഗ്രഹം തേടുന്നവർക്ക് അഭീഷ്ടകാര്യങ്ങൾ സാധിക്കുമെന്നാണ് വിശ്വാസം. സന്താനലബ്ധിക്കുള്ള പ്രാർഥനാ സാഫല്യമായാണ് ഭൂരിഭാഗം മത്തവിലാസം കൂത്തുകളും കഴിപ്പിക്കുന്നത്.

പല്ലവ രാജാവായ മഹേന്ദ്രവിക്രമ വർമ്മൻ (600-630 CE) ആണ് മത്തവിലാസം പ്രഹസനത്തിന്റെ രചയിതാവ്.

സന്താനലബ്ദി, കാര്യസിദ്ധി എന്നിവയ്ക്ക് നല്ലതാണ് മത്തവിലാസപ്രഹസനം അവതരിപ്പിക്കുന്നത് എന്ന് പൊതുവരെ ഒരു ധാരണ ഉണ്ട്.

കപാലിയുടെ നൃത്തമാണ് മത്തവിലാസം കൂത്തിലെ പ്രത്യേകത. അത് കണ്ട് അനുഗ്രഹം തേടുന്നവർക്ക് അഭീഷ്ടസിദ്ധി ഉണ്ടാകും എന്ന് കരുതപ്പെടുന്നു. മൂന്നുദിവസമായാണ് കൂത്ത് അവതരിപ്പിയ്ക്കുന്നത്. ആദ്യദിവസം പുറപ്പാട്, രണ്ടാം ദിവസം നിർവഹണം, മൂന്നാം ദിവസം കപാലി എന്നിങ്ങനെ ആണ് അവതരണ രീതി. ഒന്നാം ദിവസം രംഗക്രിയകൾ കഴിഞ്ഞ് സൂത്രധാരൻ രംഗത്ത് വന്ന് സ്ഥാപനയിലെ “ഭാഷാവേഷവപു..” എന്ന് തുടങ്ങുന്ന ശ്ലോകം ചൊല്ലി അവതരിപ്പിയ്ക്കാൻ പോകുന്ന കഥയെ പറ്റി പറയുന്നു. പിന്നീട് കൂടിയാട്ടം ചടങ്ങുകൾക്കനുസരിച്ചുള്ള നൃത്തവും മറ്റുമാണ്.

രണ്ടാം ദിവസം നിർവഹണത്തിൽ ചാക്യാർ അനുക്രമമായും സംക്ഷേപമായും കഥ പറയുന്നു. അനുക്രമം എന്നത് ഇന്നത്തെ അവസ്ഥ പറയുന്നതാണ്. അതായത് സത്യസോമനും ദേവസോമയും എങ്ങനെ കപാലികളായി തീർത്ഥാടനം ചെയ്യുന്നു എന്നത്. സംക്ഷേപമായി പറയുന്നത് പൂർവ കഥയാണ്. സത്യസോമൻ എങ്ങനെ കപാലി ആയിത്തീർന്നു എന്ന പൂർവകഥ വിവരിയ്ക്കുന്നു. ഇവിടെ ഈ കഥ സംവിധായകൻ കൂട്ടിച്ചേർത്തതാവണം. സത്യസോമനും ദേവസോമയും സുഖമായി വാഴുന്ന കാലത്ത് സത്യസോമൻ ശിവക്ഷേത്ര ദർശനം നടത്തുന്ന സമയം ബ്രാഹ്മണകുട്ടികൾ പ്ലാശിന്റെ കൊമ്പ് മുറിയ്ക്കുന്നത് കാണുകയും അവരെ സഹായിക്കാനായി സത്യസോമൻ മരത്തിൽ കയറി കൊമ്പു മുറിയ്ക്കാൻ തുടങ്ങുകയും ഇടയ്ക്ക് മഴുവീണ് താഴെ നിൽക്കുന്ന ഒരു ബ്രാഹ്മണകുട്ടി മരിയ്ക്കുന്നതും ആണ് കഥ. സത്യസോമൻ പ്രായശ്ചിത്തം ചെയ്യാൻ തെരഞ്ഞെടുത്ത വഴി കപാലിയുടെ വഴി അയിരുന്നു. ഇത്രയും കഥകൾ വാചികം ഇല്ലാതെ മുദ്രകളിലൂടെ ചാക്യാർ അരങ്ങത്ത് അവതരിപ്പിക്കുന്നു. മഹാവ്രതം നോൽക്കുന്ന കപാലി ശിവന്റെ പ്രതിപുരുഷൻ എന്നാണ് സങ്കൽപ്പം.

മൂന്നാംദിവസമാണ് കപാലി രംഗത്ത് വരുന്നത്. ദേവസോമ ഇക്കാലത്ത് രംഗത്തിൽ വരുന്നില്ല എന്ന് സൂചിപ്പിച്ച് കണ്ടു. അത് നടീനടന്മാരുടെ എണ്ണം കുറയ്ക്കാനായിരിക്കാം. ദേവസോമയുടെ ഭാഗം നങ്ങ്യാരമ്മ തീർക്കുകയായിരിക്കാം. ഭ്രാന്തൻ, ബുദ്ധഭിക്ഷു എന്നിവരും രംഗത്ത് വരുന്നില്ല. അതിനുകാരണം അമ്പലങ്ങളിലെ കൂത്തമ്പലത്തിൽ വെച്ച് നടത്തുമ്പോൾ ഭ്രാന്തനും ബുദ്ധഭിക്ഷുവും രംഗത്ത് വരാൻ സാധിക്കില്ല എന്നതാണ്.

എന്തായാലും, തികച്ചും ഹാസ്യാമായ ഒരു കഥയെ അതിലെ ഹാസ്യത്തിനെ മാറ്റി ഭക്തിരസപ്രധാനമാക്കി മാറ്റി എന്നതാണ് ഇത്തരം ഒരു അവതരണരീതികൊണ്ട് സാധിച്ചത്. എന്നാലല്ലെ അമ്പലങ്ങളിലെ കൂത്തമ്പലത്തിൽ വെച്ച് നടത്താൻ പറ്റൂ.

കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ മഹാദേവ ക്ഷേത്രം,കരിവെള്ളൂർ ശിവക്ഷേത്രം,മട്ടന്നൂർ ശിവക്ഷേത്രം, കോഴിക്കോട് ജില്ലയിലെ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം എന്നിവയാണ് മത്തവിലാസം കൂത്ത് അടിയന്തിരമായി നടത്തപെടുന്ന പ്രധാന ക്ഷേത്രങ്ങൾ.

അവലംബം തിരുത്തുക

Mattavilasa Prahasana Text, English Translation with Introduction By N. P Unni ISBN: 9788170814016 Published by Nag Publishers, 1998

"https://ml.wikipedia.org/w/index.php?title=മത്തവിലാസം_കൂത്ത്&oldid=3942498" എന്ന താളിൽനിന്ന് ശേഖരിച്ചത്