സംസ്കൃതസാഹിത്യങ്ങളിലെ പ്രഹസനം എന്ന വിഭാഗത്തിൽ പെടുത്തുന്ന ഒരു കൃതിയാണ് ഭഗവദജ്ജുകം അഥവാ ഭഗവദജ്ജുകീയം. ഇതിന്റെ രചയിതാവ് ബോധായനകവി ആണെന്നും മഹേന്ദ്രവിക്രമ വർമ്മ ആണെന്നും പണ്ഡിതന്മാർക്കിടയിൽ അഭിപ്രായമുണ്ട്. മഹേന്ദ്രവിക്രമ വർമ്മ രാജാവ് മാമണ്ടൂർ ശാസനത്തിൽ മത്തവിലാസപ്രഹസനത്തേയും ഭഗവദജ്ജുകം പ്രഹസനത്തേയും പരമാർശിച്ചു കാണുന്നുണ്ട്. എന്നാൽ മത്തവിലാസത്തിൽ രചയിതാവിന്റെ പേരായി മഹേന്ദ്രവിക്രമ വർമ്മനെ സൂചിപ്പിച്ചിട്ടുണ്ട്. ഭഗവദജ്ജുകത്തിൽ എവിടേയും രചയിതാവിന്റെ പേരില്ല. അതിനാൽ തന്നെ രചയിതാവാരെന്ന കാര്യത്തിൽ പണ്ഡിതലോകത്ത് തർക്കം ഉണ്ട്. ചിലർ മത്തവിലാസവും ഭഗവദജ്ജുകവും മഹേന്ദ്രവിക്രമ വർമ്മൻ എഴുതിയതാണെന്ന് പറയുന്നുണ്ടെങ്കിലും പരക്കെ വിശ്വസിക്കുന്നത് ബോധായനകവിയുടേതാണ് ഭഗവദജ്ജുകം എന്നാണ്. എന്നാൽ ബോധായനന്മാർ അനവധി ഉണ്ടായിരുന്നതിൽ ആരാണെന്ന് കൃത്യമായി അറിയില്ല.

മഠത്തിൽ നാരായണൻ നമ്പൂതിരി എന്ന പണ്ഡിതൻ ഭഗവദജ്ജുകത്തിനു ദിങ്ങ്മാത്രദർശിനി എന്ന പേരിൽ വ്യാഖ്യാനം രചിച്ചിട്ടുള്ളതായി ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തിൽ പറയുന്നുണ്ട്.[1]

നാരായണീയമെഴുതിയ മേൽപ്പത്തൂർ നാരായണഭട്ടതിരിയുടെ പ്രഥമശിഷ്യനായിരുന്നു മഠത്തിൽ നാരായണൻ നമ്പൂതിരി എന്നും ഉള്ളൂർ സമർത്ഥിയ്ക്കുന്നു. ദിങ്ങ്മാത്രദർശിനിയിൽ ʻʻബോധായനകവിരചിതേ വിഖ്യാതേ ഭഗവദജ്ജു കാഭിഹിതേ അഭിനേയേതിഗഭീരേ വിശദാനധുനാ കരോമി ഗുഢാർത്ഥാൻˮ എന്ന് പറയുന്നത് ബോധായനകവിയാണ് ഭഗവദജ്ജുകീയം(ഭഗവദജ്ജുകം എന്നും പറയാറുണ്ട്) കർത്താവ് എന്ന് തന്നെ ആണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഈ കൃതി നിരവധി അന്തരാർത്ഥമുള്ള രൂപകസ്വഭാവം (അലിഗറി) ഉള്ളതാണെന്നാണ്. അദ്ദേഹം പറയുന്നു:

യോഗേന്ദ്രനും ശിഷ്യനം പരമാത്മാവും ജീവാത്മാവും, അജ്ജുക(വസന്തസേന) സുഷുമ്ന നാഡി അവളുടെ രണ്ട് തോഴിമാർ, ഇദ & പിംഗള നാഡികൾ, അവളുടെ അമ്മ അവിദ്യ, അവളുടെ കാമുകൻ രാമിലികൻ മോഹം, രണ്ട് വൈദ്യന്മാർ സങ്കൽപ്പവും വികൽപ്പവും യമഭടൻ സമയത്തിനേയും സൂചിപ്പിക്കുന്നു.

ഏകദേശം ഒന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആയിരിക്കാം ഇത് രചിയ്ക്കപ്പെട്ടത് എന്ന് വിശ്വസിക്കപ്പെടുന്നു. (മഹേന്ദ്രവിക്രമ വർമ്മയുടെ ജീവിത കാലം ക്രിസ്തുവർഷം 600-630 ആണെന്ന് ഓർക്കുക)

ബുദ്ധവിശ്വാസികളെ കളിയാക്കിക്കൊണ്ട് എഴുതിയ ഒരു പ്രഹസനമാണിതെന്ന് കരുതുന്നു. മുഖ്യകഥാപാത്രങ്ങൾ പരിവ്രാജകൻ (സംന്യാസി, ഇവിടെ ഭഗവാൻ) അദ്ദേഹത്തിന്റെ ശിഷ്യൻ ശാണ്ഡില്യൻ പിന്നെ ഒരു ഗണിക (അജ്ജുക) എന്നിവരാണ്. കൂടാതെ ഒരു വൈദ്യൻ, യമകിങ്കരൻ വസന്തസേനയുടെ തോഴിമാരായ പരഭൃതിക, മധുകരിക, വസന്തസേനയുടെ അമ്മ എന്നിവരും ഉണ്ട്.

കഥയുടെ ചുരുക്കം തിരുത്തുക

പ്രഹസനം തുടങ്ങുന്നത് പരിവ്രാജകനും ശിഷ്യൻ ശാണ്ഡില്യനും തമ്മിൽ ഹിന്ദുധർമ്മത്തെ കുറിച്ചുള്ള ചർച്ചയിലൂടെ ആണ്. ശാണ്ഡില്യൻ ബുദ്ധവിശ്വാസം വെടിഞ്ഞ് ഹിന്ദുവിശ്വാസിയായി തീർന്ന ഒരാളാണ്. ശിഷ്യൻ ശാണ്ഡില്യനു പ്രധാനം മൂന്നുനേരവും ആഹാരം കിട്ടുക, ഉടുക്കുക, ഉറങ്ങുക എന്നത് മാത്രമാണ്. ബുദ്ധവിഹാരത്തിൽ ചെന്നപ്പോഴാണ് അവിടെ ഒരുനേരമേ ആഹാരമുള്ളൂ എന്ന് മനസ്സിലായത്. അതോടെ അവിടം വിട്ടു. ശേഷം പരിവ്രാജകന്റെ ഒപ്പം കൂടി. പരിവ്രാജകൻ പഠിപ്പിക്കുന്നതൊന്നും ശാണ്ഡില്യനു വിശ്വാസമില്ല. ധാരാളം തർക്കിക്കുന്നുമുണ്ട്. ഭക്ഷണമാണ് ശാണ്ഡില്യനു പ്രധാനം എന്ന് തുറന്നടിയ്ക്കുന്നുമുണ്ട്. പരിവ്രാജകനുമായി ഇങ്ങനെ ചർച്ച പുരോഗമിയ്ക്കുന്നതിനിടയിൽ അവർ വിശ്രമിയ്ക്കുന്ന ഉദ്യാനത്തിൽ അജ്ജുക(=ഗണിക)യായ വസന്തസേനയും തോഴിമാരും, വസന്തസേനയുടെ കാമുകനെ കാത്തിരിക്കുന്നുണ്ടായിരുന്നു. ആ സമയം തന്നെ യമന്റെ ആജ്ഞയാൽ ഒരു യമഭടൻ വസന്തസേനയുടെ ആത്മാവിനെ കൊണ്ട് പോകാനായും എത്തിയിരുന്നു. വസന്തസേന ഉദ്യാനത്തിലെ പൂ പറിയ്ക്കുന്നതിനിടയിൽ പാമ്പ് (യമകിങ്കരൻ) കടിച്ച് മരിയ്ക്കുന്നു.

പാമ്പ് കടിയേറ്റ് മരിച്ച അജ്ജുകയ്ക്ക് സമീപം വന്ന് ശിഷ്യനായ ശാണ്ഡില്യൻ കരയുന്നു. കരയരുത് എന്ന് വിലക്കുന്ന ഗുരു പരിവ്രാജകനെ ധാരാളം അധിക്ഷേപിക്കുന്നു. ഇതിനിടയിൽ പാമ്പുകടിയേറ്റവളെ എങ്ങനെ ചികിത്സിക്കാമെന്ന് ശാണ്ഡില്യൻ പരിവ്രാജകനോട് ചോദിക്കുന്നു. പരിവ്രാജകൻ ശിഷ്യനെ വിശ്വസിപ്പിക്കാനും പഠിപ്പിക്കാനുമായി യോഗവിദ്യയുടെ സഹായത്താൽ സ്വന്തം ആത്മാവിനെ പാമ്പുകടിയേറ്റ ഗണികയുടെ ശരീരത്തിൽ പ്രവേശിപ്പിക്കുന്നു. ഇങ്ങനെ പരകായപ്രവേശം നടത്തിയ പരിവ്രാജകനും ഗണികയും അന്യോന്യം മാറിയ രീതിയിൽ സംസാരിക്കുന്നു. എന്നാൽ ശരീരങ്ങൾക്ക് മാറ്റവുമില്ല. അതുകണ്ട് എല്ലാവരും പരിഭ്രമിയ്ക്കുന്നു.

അൽപ്പം കഴിഞ്ഞ് ഗണികയുടെ ആത്മാവുമായി പോയ യമകിങ്കരൻ തിരിച്ചെത്തുന്നു. വസന്തസേനയുടെ ആത്മവ് കൊണ്ടുവരാൻ പറഞ്ഞു യമൻ; പക്ഷെ കിങ്കരൻ കൊണ്ടുവന്ന വസന്തസേനയല്ല യമൻ ഉദ്ദേശിച്ച വസന്തസേന. കിങ്കരനു ആളുമാറിപ്പോയി. യമകിങ്കരൻ തിരിച്ചെത്തിയപ്പോഴേക്കും പരകായപ്രവേശവും നടന്നു. അവിടേയും ആശയക്കുഴപ്പം. അവസാനം യമകിങ്കരൻ പരിവ്രാജകന്റെ ആത്മാവിരിക്കുന്ന ഗണികയുടെ ശരീരം ചെന്ന് ഗണികയുടെ അസ്സൽ ആത്മാവിനെ നിക്ഷേപിക്കാനുള്ള ശരീരം തിരിച്ച് തരാൻ അപേക്ഷിക്കുകയും പരിവ്രാജകന്റെ ആത്മാവ് തിരിച്ച് പരിവ്രാജകന്റെ ശരീരത്തിലേക്ക് തന്നെ പ്രവേശിക്കുകയും ആശയക്കുഴപ്പങ്ങൾ എല്ലാം തീരുകയും ചെയ്യുന്നതാണ് ഭഗവദജ്ജുകം അഥവാ ഭഗവദജ്ജുകീയം എന്ന പ്രഹസനത്തിന്റെ രത്നച്ചുരുക്കം.

ഭഗവദജ്ജുകം അരങ്ങിൽ തിരുത്തുക

ബോധായനന്റെ ഭഗവദജ്ജുകം എന്ന പ്രഹസനം പണ്ട് മുപ്പത്തിയഞ്ച് ദിവസം കൊണ്ടായിരുന്നുവത്രെ കൂടിയാട്ടത്തിൽ അഭിനയിച്ച് തീർത്തിരുന്നത്. കുലശേഖരനു ശേഷമുള്ള നൂറ്റാണ്ടിൽ പ്രഹസനം മൂന്നുദിവസം ആയി ചുരുക്കി. പക്ഷെ 1976ൽ പൈങ്കുളം രാമ ചാക്യാർ അത് വിദൂഷകന്റെ നിർവഹണം കുറച്ച് പിന്നേയും ചുരുക്കി ഇന്നു കാണുന്ന രീതിയിൽ മൂന്ന് നാലുമണിക്കൂറിനുള്ളിൽ ഒതുക്കി. “അകപ്പൊരുൾ” പറയുന്നത് ഉൾപ്പെടുത്തുമ്പോഴായിരിക്കും മുപ്പത്തിയഞ്ച് ദിവസമൊക്കെ കൂടിയാട്ടം നീളുക. ഇത്തരം അവതരണരീതി ഇന്ന് ആരും കണ്ടിരിക്കാൻ സാദ്ധ്യതയില്ല. അതിനാൽ ആണ് പൈങ്കുളം രാമചാക്യാർ ഭഗവദജ്ജുകത്തിനെ ചുരുക്കി മൂന്നുനാലുമണിക്കൂർ ഉള്ള തികച്ചും പ്രഹസനരീതിയിൽ തന്നെ കൂടിയാട്ടത്തിൽ അവതരിപ്പിച്ചത്. സംന്യാസിയും ശിഷ്യനുമായുള്ള ആദ്യഭാഗത്തിൽ ദീർഘമായ ആശയസംവാദം(അകപ്പൊരുൾ) ഒക്കെ ഒഴിവാക്കിയാണ് ഇത് ചുരുക്കിയത്. ശിഷ്യനായ ശാണ്ഡില്യൻ ഉടനീളം ഈ കൂടിയാട്ടത്തിൽ നിറഞ്ഞ് നിൽക്കുന്നു. ധാരാളം മലയാളഭാഷാശ്ലോകങ്ങൾ ഉൾപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ സംഭാഷണം. ഈ ശ്ലോകങ്ങൾ എല്ലാം അന്തരിച്ച ഗുരു പൈങ്കുളം രാമചാക്യാർ എഴുതിയതാണ് എന്ന് അദ്ദേഹത്തിന്റെ ശിഷ്യനും മരുമകനുമായ കലാമണ്ഡലം രാമ ചാക്യാർ പറയുന്നു. അജ്ജുകയും തോഴിയുമായി ഉദ്യാനവർണ്ണന നടത്തുന്ന രംഗവും ഇതിലുണ്ട്. അതുകഴിഞ്ഞ് അവർ അശോകമരത്തണലിൽ ഇരിക്കുമ്പോൾ സംന്യാസിയും ശിഷ്യനും തൊട്ടപ്പുറത്ത് അരങ്ങത്ത് വശത്ത് ഒരുഭാഗത്ത്, ഉദ്യാനത്തിൽ എന്നപോലെ വന്നിരിക്കുന്നു. യമപുരുഷൻ കറുത്ത താടിവേഷമായാണ് കൂടിയാട്ടത്തിൽ. സംന്യാസിയാകട്ടെ ആകെ കാവി വേഷവും. പാമ്പ് കടിയേറ്റ് മരിച്ച് പരകായപ്രവേശം നടത്തിയാൽ പിന്നെ സംന്യാസി പ്രാകൃതത്തിലും അജ്ജുക സംസ്കൃതത്തിലും സംസാരിയ്ക്കുന്നത് വഴി പരകായപ്രവേശം നടന്നു എന്ന് സദസ്സിനെ ബോധ്യപ്പെടുത്തുന്നു. മത്തവിലാസത്തിൽ എന്ന പോലെ ഇതിൽ നിർവഹണമായിട്ടൊന്നും ഇല്ല. പ്രഹസനസ്വഭാവം തികച്ചും നിലനിർത്തിക്കൊണ്ട് തന്നെയാണ് ഇത് കൂടിയാട്ടത്തിലും അവതരിപ്പിച്ച് കാണുന്നത്. ആദ്യത്തെ കൂടിയാട്ടസ്വഭാവമനുസരിച്ചുള്ള ചടങ്ങുകൾക്ക് ശേഷം നേരിട്ട് പ്രഹസനം തുടങ്ങുകയാണ്. വൈദ്യരും ഇതിൽ മലയാളംസംസാരിയ്ക്കുന്നുണ്ട്. അതിനാൽ രണ്ട് കഥാപാത്രങ്ങൾ ഒരേസമയം മലയാളത്തിൽ സംസാരിയ്ക്കുന്ന അപൂർവരംഗങ്ങൾ ഈ പ്രഹസനത്തിൽ ഉണ്ട്. കൂടാതെ അരങ്ങ് നിറഞ്ഞ് കഥാപാത്രങ്ങൾ ഉള്ളതിനാൽ ഇക്കാലത്ത് ഏറ്റവും അധികം അരങ്ങേറിയ ഒരു കൂടിയാട്ടം ആയി മാറി ഭഗവദജ്ജുകം എന്ന് കലാമണ്ഡലം രാമചാക്യാർ അനുസ്മരിയ്ക്കുന്നു. കൂടിയാട്ടത്തിൽ അഭിനേത്രികളുടെ എണ്ണം കുറയ്ക്കാനായി പരഭൃതികയായും മധുകരികയായും ഒരാൾ തന്നെയാണ് വേഷമിടുന്നത്. ഉദ്യാനവർണ്ണന സമയത്ത് ഒരു തോഴിമാത്രമേ വസന്തസേനയുടെ കൂടെ ഉണ്ടാകൂ.

കൂടിയാട്ടത്തിൽ പരിവ്രാജകൻ കാഷായവസ്ത്രധാരിയാണ്. സംസ്കൃതത്തിൽ മാത്രം സംഭാഷണം. എന്നാൽ വിദൂഷകനായ ശിഷ്യൻ ശാണ്ഡില്യൻ ഒരു സാദാബ്രാഹ്മണവേഷം. പക്ഷെ നരച്ച താടി മീശയും. വിദൂഷകൻ മലയാളത്തിൽ പറയും. പരിവ്രാജകൻ പറയുന്ന സംസ്കൃതഭാഷണം മലയാളത്തിലാക്കി പറയുകയും അതിനു വേണ്ട മറുപടി മലയാളത്തിൽ പറയുകയും ചെയ്യും.

ദേഹോരോഗധിർ… എന്ന് തുടങ്ങുന്ന ശ്ലോകം മുൻപ് അവതരിപ്പിച്ചിരുന്നു പൈങ്കുളം രാമച്ചാക്യാർ. പിന്നീട് വീണ്ടും ആ ശ്ലോകം അഭിനയിക്കാതെ വെട്ടിക്കുറച്ച് ശ്ലോകം ഇല്ലാതെ ശാണ്ഡില്യൻ പ്രവേശിച്ച്, ശാണ്ഡില്യനുമായുള്ള സ്വാമിയാരുടെ തുടക്കത്തിലുള്ള സംഭാഷണങ്ങൾ ഒക്കെ വെട്ടിക്കുറച്ച് അവർ ഉദ്യാനത്തിൽ പ്രവേശിക്കുന്ന ഭാഗം മുതൽ തുടങ്ങുന്നു. പരിവ്രാജകനും ശാണ്ഡില്യനും ഉദ്യാനത്തിലേക്ക് പ്രവേശിച്ചാൽ, രംഗം മാറി അജ്ജുകയുടേയും തോഴിയുടേയും ഉദ്യാനവർണ്ണന തുടങ്ങും.

ശാണ്ഡില്ല്യന് പുറപ്പാടുണ്ട്.ഭോ പ്രഥമമേവാഹം എന്നതുമുതൽക്ക്.[2]


2013ൽ ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ കലാകാരന്മാർ ചേർന്ന് ഈ കൂടിയാട്ടം മുൻപ് ചെയ്തുവെച്ചവയിൽ നിന്നും ചില പ്രധാനമാറ്റങ്ങൾ വരുത്തി പുനരവതരണം ചെയ്യുകയുണ്ടായി. ശാണ്ഡില്യന്റെ ഭാഷാശ്ളോകങ്ങൾ പൂർണ്ണമായും പുതുതായി ശ്രീമതി ഭദ്ര രജനീഷ് എഴുതിയാണ് രംഗത്തവതരിപ്പിച്ചത്. അജ്ജുകയും പരഭൃതികയും ചേർന്ന ഉദ്യാനവർണ്ണനയിലെ നൃത്തം പുതിയ താളത്തിൽ അവതരിപ്പിച്ചു. നൃത്തം കുണ്ടനാച്ചി എന്ന താളത്തിനോട് സാമ്യതയുള്ള ഒരു താളം ത്രിപുടയിൽ നിറച്ചാണ് ചെയ്തത്. ഈ താളാവിന്യാസം ഒന്നുകൂടെ സംശോധനം ചെയ്യണമെന്ന് ചിലർ അഭിപ്രായപ്പെട്ടിരുന്നു. ഭാഷാശ്ളോകങ്ങൾ ഡോ. ഇ. എൻ നാരായണൻ, പൂന്തോട്ടം ചന്ദ്രമോഹൻ മാഷ് എന്നിർ സംശോധനം ചെയ്താണ് ചിട്ടപ്പെടുത്തിയത്.

അവലംബം തിരുത്തുക

  • Bodhayana’s Bhagavadajjukam, Edited By: Veturi Prabhakara Sastri, Manimanjari Publications, Hyderabad - 1986

Bhagavad-Ajjukam Edited and Translated by Michael Lockwood and A. Vishnu Bhat Fourth, revised edition of Bhagavadajjuka and Mattaviläsa-Prahasana:

"https://ml.wikipedia.org/w/index.php?title=ഭഗവദജ്ജുകം&oldid=3090689" എന്ന താളിൽനിന്ന് ശേഖരിച്ചത്