ഭീമൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഭീമൻ (വിവക്ഷകൾ) എന്ന താൾ കാണുക. ഭീമൻ (വിവക്ഷകൾ)

മഹാഭാരതത്തിലെ അതിശക്തനായ യോദ്ധാവാണ് ഭീമൻ സംസ്കൃതം: भीम, bhīm; നേപ്പാളി: भीम, bhim) അഥവാ ഭീമസേനൻ (സംസ്കൃതം: भीमसेन, bhīmaséna). കുന്തിക്ക്, വായുദേവനിൽ ജനിച്ച ഭീമൻ, പാണ്ഡവ കുലത്തിലെ രണ്ടാമനാണ്. കർണ്ണനെ പരിഗണിച്ചാൽ കുന്തിയുടെ മക്കളിൽ മൂന്നാമനാണ് ഭീമൻ. തന്റെ സഹോദരങ്ങളെ അപേക്ഷിച്ച് വലിപ്പത്തിലും ശക്തിയിലും ഒന്നാമനായിരുന്ന ഭീമൻ മൂന്നുലോകങ്ങളിലും (ഭൂമി, പാതാളം, സ്വർഗ്ഗം) ഏറ്റവും ശക്തനായി കരുതപ്പെട്ടിരുന്നു. ദുര്യോധനനും ഭീമനും തമ്മിൽ ഏറ്റവും ശക്തനായ ഗദാധാരി എന്ന പദവിക്കായി ആയുഷ്കാലം മുഴുവൻ മത്സരമായിരുന്നു. മഗധയിലെ രാജാവായ ജരാസന്ധനെ ദ്വന്ദ്വയുദ്ധത്തിൽ തോൽപ്പിച്ച് കൊലപ്പെടുത്തിയ ഭീമൻ തന്റെ സഹോദരർക്ക് രാജസൂയ യജ്ഞത്തിൽ പങ്കെടുക്കുവാനുള്ള അനുവാദം നേടി.[1] കൈകൾ ഉപയോഗിച്ച് ദ്വന്ദ്വയുദ്ധം ചെയ്യുന്നതായിരുന്നു ഭീമന് ഇഷ്ടം. ആനകളെ തന്റെ കൈപ്പത്തികൊണ്ട് അടിച്ച കൊല്ലുവാൻ ശക്തനായ ഭീമൻ തറയിൽ ചാടി ഭൂമികുലുക്കം ഉണ്ടാക്കുവാൻ മാത്രം ശക്തനായിരുന്നു എന്ന് ഇതിഹാസം പറയുന്നു.

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

ഒരു സേനയെ മുഴുവൻ ഒറ്റയ്ക്കു നേരിടുവാനുള്ള കഴിവുള്ളവനായതുകൊണ്ട് പലപ്പോഴും ഭീമനെ ഭീമസേനൻ എന്നു വിളിച്ചിരുന്നു. കർണാ‍ടകത്തിലും മഹാരാഷ്ട്രയിലുമായി ഒഴുകുന്ന ഭീമ നദിക്ക് ആ പേരുവന്നത് ഭീമനിൽ നിന്നാണ്.

അരക്കില്ലത്തിൽ നിന്നും ചെറിയച്ഛനായ വിദുരരുടെ സഹായത്തോടെ രക്ഷപ്പെട്ട പാണ്ഡവരെ, ഭീമൻ തന്റെ എല്ലാ സുഖങ്ങളും ത്യജിച്ച് സേവിച്ചു. ആ കാലത്ത് ഹിഡിംബ വനത്തിലെത്തിയ പാണ്ഡവരെ കണ്ടു പിടിക്കുന്നതിനായി രാക്ഷസനായ ഹിഡിംബൻ സഹോദരിയായ ഹിഡിംബിയെ നിയോഗിച്ചു. മാതാവിനും സഹോദരന്മാർക്കും രക്ഷകനായി കാവലിരുന്നിരുന്ന ഭീമന്റെ ശരീരസൗന്ദര്യം ഹിഡിംബിയെ ആകർഷിച്ചു. ഇതറിഞ്ഞു ഭീമനെ ആക്രമിച്ച ഹിഡിംബനെ ദ്വന്ദ്വയുദ്ധത്തിൽ വധിച്ച ഭീമൻ വ്യാസമഹർഷിയുടെ അനുഗ്രഹത്തോടെ ഹിഡിംബിയെ വിവാഹം ചെയ്തു. അവർക്കുണ്ടായ മകനാണ് ഘടോൽകചൻ.(ഘടോൽക്കചന്റെ മകനാണ് ബാർബാറികൻ.)

പിന്നീട് യാത്ര തുടർന്ന പാണ്ഡവർ ഏകചക്ര എന്ന ഗ്രാമത്തിലെത്തി. അവിടെ ഒരു ബ്രാഹ്മണ ഭവനത്തിൽ അവർ അഭയം തേടി. അവരിൽ നിന്നും ബകൻ എന്ന രാക്ഷസനെക്കുറിച്ചറിഞ്ഞ കുന്തി, ബകനിൽ നിന്നും ഗ്രാമത്തെ രക്ഷിക്കാൻ ഭീമനെ നിയോഗിച്ചു. ഗ്രാമത്തിൽ നിന്നും ശേഖരിച്ച ഭക്ഷണവുമായി ബകന്റെ വാസസ്ഥലത്തെത്തിയ ഭീമൻ ഭക്ഷണം മുഴുവൻ കഴിച്ചു. കോപിഷ്ഠനായ ബകൻ ഭീമനുമായുള്ള ഘോരമായ മൽപിടുത്തത്തിൽ വധിക്കപ്പെട്ടു. ആയിടക്കു ഒരു സഞ്ചാരി ബ്രാഹ്മണനിൽനിന്ന് ദ്രൗപദിയുടെ സ്വയംവര വാർത്ത‍യറിഞ്ഞ പാണ്ഡവർ ദ്രുപദരാജധാനിയിലേക്ക് യാത്ര തിരിച്ചു. അവിടെ വെച്ച് അർജ്ജുനൻ വില്ല് കുലച്ചു ദ്രൗപദിയെ പാണിഗ്രഹണം ചെയ്തു. കുന്തിയുടെ ആഗ്രഹം അനുസരിച്ച് തന്റെ സഹോദരോടൊത്ത് ഭീമനും ദ്രൗപദിയെ വിവാഹം ചെയ്തു. ഭീമസേനന്റെയും പാഞ്ചാലിയുടെയും പുത്രനാണ് സുതസോമൻ.

തന്റെ പ്രിയപത്നിയായ ദ്രൗപദിയെപ്പോലെ ഭീമനും, കൃഷ്ണന്റെ ഇംഗിതങ്ങളനുസരിച്ച് ജീവിച്ചിരുന്നു. കുട്ടിക്കാലം മുതൽക്കേ പോരാടുവാൻ ഇഷ്ടപ്പെട്ട ഭീമൻ കുരുക്ഷേത്ര യുദ്ധത്തിന് ഏതാനും നാൾ മുൻപുവരെ യുദ്ധത്തിനിറങ്ങുവാൻ വിമുഖനായിരുന്നു. ലക്ഷങ്ങൾ ഈ യുദ്ധത്തിൽ കൊല്ലപ്പെടുമെന്ന തിരിച്ചറിവായിരുന്നു ഇതിനു കാരണം. കുരുക്ഷേത്ര യുദ്ധത്തിൽ ഭീമൻ ഒറ്റയ്ക്ക് ആറ് അക്ഷൗഹിണിപ്പടകളെ വകവരുത്തി എന്നാണ് ഇതിഹാസം.

പൊതുവേ ബഹുമാനിതനെങ്കിലും ഭീമൻ പലപ്പോഴും മുൻ‌‌കോപത്തോടെ പെരുമാറിയിരുന്നു. തന്റെ ശക്തിയിൽ അല്പം അഹങ്കരിച്ചിരുന്ന ഭീമനെ എളിമയുടെ വില അദ്ദേഹത്തിന്റെ ആത്മ സഹോദരനായ ഹനുമാൻ പഠിപ്പിക്കുന്ന കഥയാണ് കല്യാണസൗഗന്ധികം.

എം.ടിയുടെ പ്രശസ്ത കൃതിയായ ‘രണ്ടാമൂഴം‘ ഭീമന്റെ ജീവിത കഥയെ ആസ്പദമാക്കി രചിച്ച നോവലാണ്. മലയാളത്തിലെ തന്നെ ഏറ്റവും നല്ല നോവലുകളിൽ ഒന്നായി രണ്ടാമൂഴം കണക്കാക്കപ്പെടുന്നു.

തന്റെ സഹോദരരും ദ്രൗപദിയുമൊത്ത് ഭീമൻ അവസാന നാളുകൾ കഴിച്ചുകൂട്ടി. വൈകുണ്ഠത്തിലേക്കുള്ള അവസാന യാത്രയിൽ ഭീമനായിരുന്നു അവസാനം വീണുമരിച്ചത്. യുധിഷ്ഠിരൻ മാത്രമേ ഈ യാത്ര പൂർത്തിയാക്കിയുള്ളൂ. [2][3]

ഭീമസേനനിലെ ധർമ്മം

തിരുത്തുക

കൗരവരിൽ ആദ്യമായി വിദ്വേഷത്തിന്റെ വിത്തുകൾ പാകിയത് ഭീമനായിരുന്നു . കുട്ടിക്കാലത്തു കൗരവരെ ഇദ്ദേഹം ശാരീരികമായി ഉപദ്രവിച്ചിരുന്നത് ദുര്യോധനനും സഹോദരങ്ങൾക്കും സഹിക്കുവാൻ കഴിഞ്ഞിരുന്നില്ല . കോപിഷ്ഠനായ ദുര്യോധനൻ ഭീമനെ വകവരുത്തുവാൻ തീരുമാനിച്ചു . ഭീമനെ വിഷച്ചോറൂട്ടിയ ദുര്യോധനൻ അവനെ കാട്ടുവള്ളികളാൽ ബന്ധിച്ചു നദിയിലൊഴുക്കി വിട്ടു . അതോടെ ഭീമനും പാണ്ഡവരും കൂടുതൽ ജാഗ്രത പാലിച്ച് ഒതുങ്ങിക്കഴിഞ്ഞു വന്നു . ഭീമൻ ദുര്യോധനാദികളെ പീഡിപ്പിച്ചത് വെറും ബാലസഹജമായ കൗതുകത്തിലായിരുന്നുവെന്നും അവനിൽ യാതൊരു ദ്രോഹബുദ്ധിയും ഉണ്ടായിരുന്നില്ലെന്നും വ്യാസമുനി വ്യക്തമാക്കുന്നുണ്ട് .

ഏവം സ ധാർത്തരാഷ്ട്രാംശ്ച സ്പർദ്ധമാനോ വൃകോദരഃ

അപ്രിയേ(അ )ധിഷ്ഠദത്യന്തം ബാല്യാന്ന ദ്രോഹചേതസാ - [മഹാഭാരതം , ആദിപർവ്വം , അദ്ധ്യായം 128 , ശ്ളോകം 24 ]

(ഭാഷാ അർത്ഥം ) ഇപ്രകാരം ഭീമസേനൻ ധാർത്തരാഷ്ട്രന്മാരിൽ (കൗരവരിൽ ) സ്പർദ്ധ വളർത്തിയത് വെറും ബാലസഹജമായ പ്രവർത്തിയാലായിരുന്നു . അവനിൽ യാതൊരു ദ്രോഹബുദ്ധിയും വാസ്തവത്തിൽ ഉണ്ടായിരുന്നില്ല .

ഇങ്ങനെയൊക്കെയാണെങ്കിലും ഭീമസേനൻ കൗരവരുടെ നോട്ടപ്പുള്ളിയായി മാറിയിരുന്നു . അതിനാലാണ് അവർ അവനു വിഷം നൽകിയത് . വിഷമേറ്റ ഭീമൻ നാഗലോകത്തെത്തുകയും നാഗദേവതകളുടെ സഹായത്തോടെ രക്ഷപ്പെടുകയും ചെയ്തു. അവർ അവനു ശക്തിവർദ്ധിക്കുന്നതിനുള്ള നാഗരസം നൽകി . അതുകുടിച്ച് ഭീമന് ആയിരം ആനകളുടെ ശക്തിയുണ്ടായി . അതിനുശേഷം പാണ്ഡവരും ഭീമനും ഇനിയും കൂടുതൽ ദ്രോഹം ചെയ്‌താൽ കൗരവർ തങ്ങളെ കൊല്ലുമെന്നുള്ള ബോധം കാരണം ഒതുങ്ങിക്കഴിഞ്ഞു വന്നു . ദുര്യോധനൻ യുധിഷ്ഠിരന്റെ സഭയിൽ വച്ച് ഇളിഭ്യനായപ്പോൾ ഭീമൻ കുലുങ്ങിച്ചിരിച്ചതും അവനിൽ സ്പർദ്ധയുണ്ടാക്കിയിരുന്നു . ഇത് കൂടാതെ ഭീമസേനൻ കർണ്ണനെ സദസ്സിൽ വച്ച് ജാതി പറഞ്ഞു , "നായ" എന്ന് സംബോധന ചെയ്തു അവഹേളിക്കുന്നുണ്ട് . അർജ്ജുനനോട് തുല്യനായി ആയുധപ്രകടനം നടത്തുവാൻ തീരുമാനിച്ച കർണ്ണനെ അദ്ദേഹത്തിന്റെ കുലീനതയെ ചോദ്യം ചെയ്തുകൊണ്ട് കൃപരും മറ്റുള്ളവരും രംഗത്തെത്തിയപ്പോൾ ഭീമൻ കടുത്ത കോപം മൂലം അദ്ദേഹത്തെ ജാതീയമായി അവഹേളിച്ചു . ഇതാണ് കർണ്ണനെ കൂടുതൽ കോപിഷ്ഠനാക്കിയത് .

ഭീമസേന ശാന്തിപ്രസ്താവന മഹാഭാരതത്തിലെ പ്രധാനമായ ഒരു അദ്ധ്യായമാണ് . കൗരവരെ കൊല്ലുവാനുള്ള ശക്തിയുണ്ടെങ്കിലും കുലത്തിന്റെ നിലനിൽപ്പ് ഓർത്തിട്ട്‌ അദ്ദേഹം ദുര്യോധനന്റെ മേൽക്കോയ്മ പോലും അംഗീകരിക്കുവാൻ തയ്യാറായി എന്നതാണ് ശ്രദ്ധേയമായ വസ്തുത . എന്നാൽ ദുര്യോധനൻ ക്ഷമിക്കാൻ തയ്യാറല്ലായിരുന്നു . അഹന്ത അവനിൽ നിറഞ്ഞിയുന്നു . കർണ്ണനും ദുര്യോധനനും സദസ്സിൽ വച്ച് ദ്രൗപദിയെ വസ്ത്രാക്ഷേപം ചെയ്തതും പാണ്ഡവരെ ചൂതിൽ തോൽപ്പിച്ച് നാട്ടിൽ നിന്നും ആട്ടിയോടിച്ചതും അതീവ ക്രൂരങ്ങളായിരുന്നു . എന്നാലും പിന്നീട് ഭീമൻ അതൊക്കെയും ക്ഷമിക്കാൻ തയ്യാറായിരുന്നു . അദ്ദേഹം ഉദ്യോഗപർവ്വത്തിൽ ഭഗവാൻ കൃഷ്ണനോട് പറയുന്നത് നോക്കുക . ഭീമസേനന്റെ ശാന്തിപ്രസ്താവനയുടെ പ്രസക്തമായ ഭാഗങ്ങൾ താഴെ കൊടുക്കുന്നു .

[മഹാഭാരതം , ഉദ്യോഗപർവ്വം , അദ്ധ്യായം 74 , ശ്ളോകങ്ങൾ 18 മുതൽ 23 വരെ]

അപ്യയം ന കുരൂണാം സ്യാത് യുഗാന്തേ കാലസംഭൂതഃ

ദുര്യോധനഃ കുലാംഗാരോ ജഖന്യഃ പാപപൂരുഷഃ (18)

തസ്മാൻമൃദുഃ ശനൈർബൂര്യാ ധർമ്മാർത്ഥസഹിതം ഹിതം

കാമാനുബദ്ധംബഹുലം നോഗ്രമുഗ്രപരാക്രമഃ (19)

അപി ദുര്യോധനം കൃഷ്ണ സർവ്വവയമധശ്ചരഃ

നിചൈർഭൂത്വാനുയാസ്യാമോ മാ സ്മ നോ ഭരതാനശന് (20)

അപ്യുദാസീനവൃത്തിഃ സ്യാത് യഥാ നഃ കുരുഭിഃ സഹ

വാസുദേവ തഥാ കാര്യം ന കുരൂനനയഃ സ്പൃശേത് (21)

വാച്യ പിതാമഹോ വൃദ്ധോ യേ ച കൃഷ്ണ സഭാസദഃ

ഭ്രാതൃണാമസ്തു സൗഭ്രാത്രം ധാർത്തരാഷ്ട്രഃ പ്രാശാമ്യതാം (22)

അഹമേതദ് ബ്രവീമ്യേവം രാജാ ചൈവ പ്രശംസതി

അർജുനോ നൈവ യുദ്ധാർത്ഥീ ഭൂയസി ഹി ദയാർജ്ജുനേ (23)

(ഭാഷാ അർത്ഥം) (കൗരവസഭയിലേക്ക് ദൂതിനൊരുങ്ങിയ കൃഷ്ണനോട് ഭീമൻ പറയുന്ന വാക്കുകളാണിത്) " അപ്രകാരം കുരുക്കളെ മുടിക്കുവാൻ കാലത്താൽ ഉൽഭൂതനാക്കപ്പെട്ട കുലനാശകമായ അഗ്നിയാണ് പാപപുരുഷനായ ദുര്യോധനൻ . അതുകൊണ്ട് അങ്ങ് ധർമ്മാർത്ഥ സഹിതം ഹിതകരമായ വാക്യങ്ങൾ അവനു ഇഷ്ടപ്പെടത്തക്ക രീതിയിൽ സൗമ്യമായി പറഞ്ഞു കേൾപ്പിക്കണേ . അവനോട് ഒരിക്കലും കോപത്തോടു കൂടിയതായോ ഉഗ്രമായോ ഉള്ള വാക്കുകൾ പറയുകയുമരുത് . അല്ലയോ കൃഷ്ണാ , ഈ ഞങ്ങളെല്ലാം അവന്റെ കീഴിൽ താഴ്ന്നവരായി അവന്റെ അനുയായികളായി കഴിഞ്ഞു കൊള്ളാം . എന്നാലും ഭാരതന്മാർ നശിക്കാതിരിക്കട്ടെ . കുരുക്കൾക്ക് ( "കൗരവർക്കു" എന്നാണു ഇവിടത്തെ അർത്ഥം - മൊത്തം കുരുക്കൾക്കും എന്നല്ല ) ഞങ്ങളോട് ഉദാസീനത വരുത്തുന്ന രീതിയിൽ ( ശത്രുവോ മിത്രമോ ആകാത്ത അവസ്ഥ ) , അങ്ങ് പ്രവർത്തിക്കുക . വാസുദേവാ , അങ്ങ് കുരുക്കൾക്ക് ( ഇവിടെ കുരുകുലം എന്ന് തന്നെയാണ് അർത്ഥം ) ഒരിക്കലും നാശം സ്പർശിക്കാത്ത രീതിയിൽ കാര്യം ചെയ്യേണമേ . വൃദ്ധനായ പിതാമഹനോടും , മറ്റു സഭയിലെ വ്യക്തികളോടും അങ്ങ് ഹിതകരമായ വാക്യങ്ങൾ പറയണം . നമ്മുടെ ഭ്രാതാക്കളോടുള്ള സാഹോദര്യം നിലനിൽക്കട്ടെ . ദുര്യോധനൻ സമാധാനപ്പെടട്ടെ . എന്റെ ഇപ്രകാരമുള്ള വാക്കുകളെ രാജാവും ( യുധിഷ്ഠിരനും ) പ്രശംസിക്കുന്നു . അർജ്ജുനനും യുദ്ധാർത്ഥിയല്ല . അവനു എല്ലാരോടും ദയവുമുണ്ട് ".

ഇതിൽ നിന്നും ഭീമൻ ധാർമ്മികമായി ചിന്തിച്ചിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ് . പാണ്ഡവർ വനവാസത്തിനു പോയപ്പോൾ അവരെല്ലാം ഭീമന്റെ ബലത്തെ ആശ്രയിച്ചാണ് കഴിഞ്ഞു കൂടിയിരുന്നത് . കാട്ടിൽ മൃഗങ്ങളിൽ നിന്നും പാണ്ഡവരെ രക്ഷിച്ചതും , അവരെ എടുത്തുകൊണ്ടു നടന്നതും , വനത്തിൽ അവർക്കു കാവലിരുന്നതും ഭീമനായിരുന്നു . അത് യുധിഷ്ഠിരനും ശരിക്കു അറിയാവുന്ന കാര്യമായിരുന്നു . അതുകൊണ്ടാണ് ഭീമൻ ദുര്യോധനന്റെ തലയ്ക്കു ചവുട്ടിയതു യുധിഷ്ഠിരൻ ക്ഷമിച്ചത് . കൂടാതെ കുലം നശിച്ച ദുഃഖം ഭീമനിൽ നിലനിന്നിരുന്നു . അത് അദ്ദേഹത്തിന് സഹിക്കാനാകാത്തതു കൊണ്ടാണ് യുദ്ധത്തിന് കാരണക്കാരനായ ദുര്യോധനന് ഉദകക്രിയ ചെയ്യുവാൻ പോലും അദ്ദേഹം തയ്യാറാകാത്തത് . കൂടാതെ , ഗാന്ധാരിയോടും ധൃതരാഷ്ട്രരോടും ഭീമന് നിത്യ സ്പർദ്ധയുണ്ടായതും ഈ കുലനാശമോർത്തിട്ടും , ദുര്യോധനന്റെ ദുഷ്ടതകൾ ഓർത്തിട്ടുമാണ് . അതുകൊണ്ടാണ് വൃദ്ധരായ അവരെ കൊട്ടാരത്തിൽ വച്ച് ക്രൂരവാക്കുകളാൽ ഭീമൻ മുറിവേല്പിച്ചുകൊണ്ടിരുന്നത് . ഭീമന്റെ സേവകന്മാർ മക്കൾ മരിച്ച ധൃതരാഷ്ട്രരോടും ഗാന്ധാരിയോടും ഭീമന്റെ നിർദ്ദേശമനുസരിച്ചു അഹിതങ്ങൾ പ്രവർത്തിച്ചു പോന്നു . അത് സഹിക്കവയ്യാതെ അവർ വനത്തിലേക്ക് പുറപ്പെട്ടു . അതിന്റെ മൂന്നാം കൊല്ലം അവരെല്ലാം കാട്ടുതീയിൽ പെട്ട് മരിച്ചു .

പ്രമാണാധാരങ്ങൾ

തിരുത്തുക
  1. മഹാഭാരതം- മനോജ് പബ്ലിക്കേഷൻസ്
  2. വെട്ടം മണി; പുരാണിക് എൻസൈക്ലോപീഡിയ
  3. http://www.sacred-texts.com/hin/iml/

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക


മഹാഭാരത കഥാപാത്രങ്ങൾ | പാണ്ഡവർ      
യുധിഷ്ഠിരൻ | ഭീമൻ | അർജ്ജുനൻ | നകുലൻ | സഹദേവൻ
"https://ml.wikipedia.org/w/index.php?title=ഭീമൻ&oldid=3639733" എന്ന താളിൽനിന്ന് ശേഖരിച്ചത്