വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം
കേരളത്തിലെ കൊല്ലം ജില്ലയിൽ കൊല്ലം നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രസിദ്ധമായ ഭഗവതി ക്ഷേത്രമാണ് വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം. പണ്ട് കാലത്ത് പനങ്കാവ് ക്ഷേത്രം എന്ന പേരിലും ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നു. ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ആദിപരാശക്തിയും ജഗദീശ്വരിയുമായ ശ്രീ ഭദ്രകാളിയാണ് മുഖ്യ പ്രതിഷ്ഠ. കൊല്ലം നഗരത്തിലെ പള്ളിമുക്കിൽ നിന്ന് ഒരു കിലോമീറ്റർ വടക്കുകിഴക്കായി വടക്കേവിളയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തുനിന്ന് ഏതാണ്ട് 62 കി.മീ. അകലെയാണ് ഈ ക്ഷേത്രം.
വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 8°52′55″N 76°36′46″E / 8.88194°N 76.61278°E |
പേരുകൾ | |
മറ്റു പേരുകൾ: | വടക്കേവിള വലിയ കൂനമ്പായിക്കുളം ക്ഷേത്രം Vadakkevila Valiya Koonambaikulam Temple |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | കേരളം |
ജില്ല: | കൊല്ലം |
പ്രദേശം: | വടക്കേവിള |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ഭദ്രകാളി |
പ്രധാന ഉത്സവങ്ങൾ: | കുംഭ-ഭരണി മഹോത്സവം |
വാസ്തുശൈലി: | കേരളീയ രീതി |
ചരിത്രം | |
നിർമ്മിച്ചത്: (നിലവിലുള്ള രൂപം) | അജ്ഞാതം |
തച്ചുശാസ്ത്രവിധി പ്രകാരം കൃഷ്ണശിലയിൽ പണിതീർത്തതും വനദുർഗ്ഗ ക്ഷേത്രങ്ങളിലേതുപോലെ മേൽക്കൂര ഇല്ലാത്തതുമായ ശ്രീകോവിലാണ് ഇവിടെയുള്ളത്. വടക്കുദിശയെ അഭിമുഖീകരിക്കുന്ന ഈ ശ്രീകോവിലിലാണ് ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂർത്തിയായ ശ്രീ ഭദ്രകാളിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഉപദേവതകളായ ഗണപതി, വീരഭദ്രൻ (ശിവൻ), കണ്ഠാകർണൻ (ശിവൻ), യോഗീശ്വരൻ, ബ്രഹ്മരക്ഷസ്സ്, യക്ഷി, നാഗരാജാവ് തുടങ്ങിയവരെ ഇവിടെ ആരാധിക്കുന്നു. ഇവിടുത്തെ നാഗരാജാവും നാഗയക്ഷിയും രാഹുദോഷങ്ങൾ, മംഗല്യദോഷങ്ങൾ എന്നിങ്ങനെയുള്ള ദോഷങ്ങൾ ഇല്ലാതാക്കുമെന്ന് വിശ്വാസമുണ്ട്.[1]
ക്ഷേത്രത്തിനു സമീപം ആറാട്ടുകുളവും ആൽമരങ്ങളും പനകളും വിദ്യാലയങ്ങളും ഗുരുമന്ദിരവുമെല്ലാമുണ്ട്. ഈ ക്ഷേത്രവും കൊടുങ്ങല്ലൂരിലെ ശ്രീ കുരുംബ ഭഗവതി ക്ഷേത്രവും കോഴിക്കോട്ടെ പിഷാരിക്കാവും ഏതാണ്ട് ഒരേ കാലത്താണ് പണികഴിക്കപ്പെട്ടത് .[1] കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ ഈ മൂന്ന് ക്ഷേത്രങ്ങൾക്കും പ്രധാന സ്ഥാനമാണുള്ളത്. ഈ മൂന്ന് ക്ഷേത്രങ്ങളും തുല്യ അകലത്തിൽ സ്ഥിതി ചെയ്യുന്നു. ഇവയ്ക്ക് കടലുമായുള്ള അകലവും തുല്യം തന്നെ. കൊടുങ്ങല്ലൂരമ്മ തന്നെയാണ് കൂനമ്പായിക്കുളത്തും കുടികൊള്ളുന്നത് എന്നാണ് വിശ്വാസം.[1]
പ്രസിദ്ധമായ കാര്യസിദ്ധി പൂജ
തിരുത്തുകവലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൂജയാണ് കാര്യസിദ്ധി പൂജ. ലളിത സഹസ്രനാമം, മഹാലക്ഷ്മി അഷ്ടകം, മനോഹരമായ ഭഗവതി കീർത്തനങ്ങൾ, ദേവി മഹാത്മ്യത്തിലെ സ്തുതികൾ എന്നിവ ജപിച്ചു കൊണ്ട് സമൂഹ പ്രാർഥനയോടുകൂടി നടത്തപ്പെടുന്ന ഈ പൂജയുടെ പേരിലാണ് ക്ഷേത്രത്തിന് പ്രസിദ്ധി. എല്ലാ ചൊവ്വാഴ്ചകളിലുമാണ് ഈ പൂജ നടത്തുന്നത്. തുടർച്ചയായി 21 ആഴ്ച കാര്യസിദ്ധിപൂജ നടത്തിയാൽ മനസ്സിലെ ആഗ്രഹം സാധിക്കുമെന്നാണ് ഇവിടുത്തെ വിശ്വാസം. കാര്യസിദ്ധീ പൂജയ്ക്കായി സമീപ ജില്ലകളിൽ നിന്നുവരെ നിരവധി ഭക്തർ ഇവിടെയെത്തുന്നുണ്ട്.
പ്രധാന ദിവസങ്ങൾ
തിരുത്തുകചൊവ്വ, വെള്ളി, പൗർണ്ണമി, അമാവാസി, നവരാത്രി, വിദ്യാരംഭം, ദീപാവലി, തൃക്കാർത്തിക, ഭരണി ദിവസം, ജന്മ നക്ഷത്ര ദിവസം, മാസത്തിലെ ഒന്നാം തീയതി തുടങ്ങിയവ പ്രധാനം.
കുംഭ ഭരണി
തിരുത്തുകഎല്ലാവർഷവും കുംഭമാസത്തിലെ ഭരണി നാളിൽ ക്ഷേത്രത്തിലെ ഉത്സവം നടത്തുന്നു.[2]
ചരിത്രം
തിരുത്തുകകൂനമ്പായിക്കുളത്തെ പരാശക്തി സാന്നിധ്യത്തിന് നൂററാണ്ടുകൾ പഴക്കമുണ്ട്. ഊർവരത, കാർഷിക സമൃദ്ധി, സമ്പത്ത്, വിദ്യ, മഹാമാരി, പ്രകൃതി, യുദ്ധ വിജയം തുടങ്ങിയവ ആദിമ ഗോത്ര സമൂഹങ്ങളുടെ മാതൃ ദൈവാരാധനയുമായി ബന്ധപെട്ടു കിടക്കുന്നു. സിന്ധു നദീ തട സംസ്കാരത്തിന് മുൻപേ, ക്രിസ്തു വർഷാരംഭത്തിന് മുൻപേ തന്നെ ഭാരതത്തിൽ മാതൃ ദൈവാരാധന നിലനിന്നിരുന്നു. ചേരൻമാരുടെ യുദ്ധ ദൈവമായ കൊറ്റവൈയുടെ മേൽക്കൂരയില്ലാത്ത ക്ഷേത്രമായിരുന്നു ഇവിടം. പ്രപഞ്ച സൃഷ്ടിയുടെ അടിസ്ഥാനം മഹാശക്തിയായ സ്ത്രീയാണ് എന്ന സങ്കല്പത്തിൽ നിന്നാണ് ജഗദീശ്വരിയും ആദിപരാശക്തിയുമായ ഭഗവതിയെ ആരാധിച്ചു തുടങ്ങിയത്.[1] പിന്നീടുണ്ടായ തകർച്ചയ്ക്കും ആക്രമണങ്ങൾക്കും ശേഷം ഇത് 'പനങ്കാവ് ക്ഷേത്രം' എന്നറിയപ്പെട്ടു.വേണാട്ടു രാജാക്കൻമാരുടെ കുലദൈവമായിരുന്നു പനങ്കാവമ്മ. അന്ന് കൊല്ലം പട്ടണത്തിൻറെ ഒരു ദിവസം തുടങ്ങുന്നത് പനങ്കാവിലമ്മയെ തൊഴുതുകൊണ്ടാണ്. ക്ഷേത്രത്തിനു ചുറ്റുമായി പനങ്കാവ് കോട്ടയും കൊട്ടാരവും കടലിനാൽ ചുറ്റപ്പെട്ടുണ്ടായിരുന്നു. എ.ഡി. 1681-ൽ ഡച്ചുകാരുടെ ആക്രമണത്തിൽ ഈ ക്ഷേത്രവും തകർന്നു പോയി. [1] എങ്ങനെയോ കടലിൻറെ ഭാഗവും വറ്റിമാറി. വർഷങ്ങൾക്കുശേഷം ഈ പ്രദേശത്ത് ശ്രീ ഭദ്രകാളിയുടെ ഒരു കാവ് നിർമ്മിക്കപ്പെട്ടു. പനങ്കാവ് എന്നായിരുന്നു അതിന്റെ പേര്. അനേകം വർഷങ്ങൾക്കു ശേഷം ഇത് പുതുക്കിപ്പണിഞ്ഞാണ് ഇന്നത്തെ ക്ഷേത്രമായത്.
പദോൽപത്തി
തിരുത്തുകഡച്ചുകാരുടെ ആക്രമണത്തിനു ശേഷം നിർമ്മിക്കപ്പെട്ട കാവിനു മുമ്പിൽ വിശാലമായ ഒരു കുളമുണ്ടായിരുന്നു. കൂരമ്പ എന്നും അറിയപ്പെട്ടിരുന്ന ഭദ്രകാളിയുടെ ഈ കാവ് അങ്ങനെ 'കൂരമ്പക്കാവ്കുളം' എന്ന് വിളിക്കപ്പെട്ടു. കാലാന്തരത്തിൽ 'കൂരമ്പക്കാവ് കുളം' എന്നത് 'കൂനമ്പക്കാവ് കുളം' എന്നും പിന്നീട് 'കൂനമ്പായിക്കുളം' ആയി മാറി എന്നും കരുതുന്നു [1].
കൂനമ്പായിക്കുളവും കൊല്ലവർഷവും
തിരുത്തുകകൊല്ലത്തിൻറെ ചരിത്രമുറങ്ങുന്ന മണ്ണാണിത്. എ.ഡി.825-ലാണ് കൊല്ലവർഷം ആരംഭിച്ചത്. അക്കാലത്ത് കൊല്ലം നഗരത്തിന് അടിക്കടി ഉണ്ടാകുമായിരുന്ന ആക്രമണങ്ങളും പ്രകൃതിക്ഷോഭങ്ങളും പരിഹരിക്കുന്നതിനായി ചേരരാജാവായിരുന്ന കുലശേഖരരാജാവിൻറെ സാന്നിദ്ധ്യത്തിൽ ചൈനയിലെയും ലങ്കയിലെയും ഭരണകൂടപ്രതിനിധികളെയും രാജാക്കൻമാരെയും പങ്കെുപ്പിച്ച് ഒരു മഹാജ്യോതിഷ സമ്മേളനം കൊല്ലത്തു പനങ്കാവിൽ (കൂനമ്പായിക്കുളത്ത്) വച്ച് നടന്നു.[1] ആ സമ്മേളനത്തിൽ വച്ച്, ദേവീകോപത്തിനു പരിഹാരമായി പനങ്കാവിനു സമീപം ഒരു ശിവക്ഷേത്രം നിർമ്മിക്കുവാൻ തീരുമാനമായി. (ഈ ക്ഷേത്രം അയത്തിൽ ശ്രീ ഇണ്ടിളയപ്പൻ ശങ്കരനാരായണ സ്വാമി ക്ഷേത്രം ആണെന്നു കരുതുന്നു) [1] അങ്ങനെ ക്ഷേത്രനിർമ്മാണം തുടങ്ങിയ എ.ഡി.825 ചൈത്രമാസം ഒന്നാം തീയതിയിൽ ഒരു പുതുവർഷം ആരംഭിക്കുവാനും തീരുമാനിച്ചു.അങ്ങനെ കൊല്ലം പട്ടണത്തിൽ തുടങ്ങിയ പുതുവർഷം കൊല്ലവർഷമായി.എല്ലാവർഷവും മേടം ഒന്നാം തീയതി സൂര്യൻ പനങ്കാവിനു നേർമുകളിൽ 90° കോണളവിൽ എത്തുന്നത് ഇതു ശരിവയ്ക്കുന്നു.
2017-ലെ പുനഃപ്രതിഷ്ഠ
തിരുത്തുകഇവിടെയുണ്ടായിരുന്ന കൂരമ്പക്കാവ് പലതവണ പുതുക്കിപ്പണിഞ്ഞാണ് ഇന്നത്തെ വലിയ കൂനമ്പായിക്കുളം ക്ഷേത്രമായി മാറിയത്.[1] ഏറ്റവുമൊടുവിൽ 2017 ഫെബ്രുവരി 9-ന് ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയും പുതിയ ശ്രീകോവിലിന്റെ സമർപ്പണവും നടന്നു.[3]
ക്ഷേത്ര ഐതിഹ്യം
തിരുത്തുകചിലപ്പതികാരം കഥയുമായി സാദൃശ്യമുള്ള ഐതിഹ്യം.[1] ശ്രീ ഭദ്രകാളി ദാരികനിഗ്രഹത്തിനു ശേഷം ശിവൻറെ താൽപര്യത്തിൽ ഒരു പെൺകുഞ്ഞായി ജന്മമെടുത്തു. കന്യാവ് എന്ന ആ പെൺ mകുട്ടിയെ വളർത്തിയത് തെക്കൻ കൊല്ലത്തെ നാരായണർ ആയിരുന്നു. ഭഗവതിയുടെ സാന്നിദ്ധ്യം മൂലം കൊല്ലത്തിൻറെ സമ്പത്തും ഐശ്വര്യവും വർദ്ധിച്ചു. വടക്കൻ കൊല്ലത്തെ (കോഴിക്കോട്) പാലകൻ കന്നിയെ വിവാഹം ചെയ്തു. വ്യാപാരത്തിനായി പാലകൻ പാണ്ഡ്യൻ നാട്ടിലെത്തി. അവിടെ പാണ്ഡ്യരാജാവ് തൻറെ ഭാര്യയുടെ ചിലമ്പ് പാലകൻ മോഷ്ടിച്ചുവെന്ന് വരുത്തിത്തീർത്തു. അങ്ങനെ മോഷണക്കുറ്റം ചുമത്തി നിരപരാധിയായ പാലകനെ വധിച്ചു. തന്റെ ഭർത്താവിനെ അന്യായമായി കൊന്നതിന് പ്രതികാരമായി ഭഗവതി കാളിയുടെ രൂപം പൂണ്ട് രാജാവിനെയും രാജ്യ തലസ്ഥാനമായ മധുരയും നശിപ്പിക്കുന്നു. തുടർന്നുണ്ടായ സംഭവങ്ങൾക്കു ശേഷം അവസാനം കൊടുങ്ങല്ലൂരിൽ കുടിയിരുന്ന് ഭഗവതിയുടെ അവതാരം പൂർത്തിയാക്കി. ഭക്തനും രാജസേവകനുമായ ഒരു കാരണവർ ആദിപരാശക്തിയുടെ മൂലകേന്ദ്രമായ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ പോയി ഭജനമിരുന്ന് പ്രാർഥിച്ചു ഭഗവതിയെ പ്രത്യക്ഷപ്പെടുത്തി; ആനയിച്ച് മണ്ണുകൂട്ടി പീഠമുണ്ടാക്കി പച്ചക്കൊട്ടിൽ കെട്ടി അതിൽ കൊടുങ്ങല്ലൂർ ഭദ്രകാളിയെ കുടിയിരുത്തി ആദരിച്ചു.[1] അതിനാൽ ആണ്ടുകാലങ്ങളിൽ പരാശക്തിയെ ആനയിച്ച് കൊണ്ടുവന്ന് പച്ചക്കൊട്ടിൽ കെട്ടി തോറ്റം പാട്ടും വട്ടിപ്പടുക്കയും നൽകി കുരുതിപൂജയും നടത്തി വരുന്നു. അങ്ങനെ കൊടുങ്ങല്ലൂരമ്മയുടെ ചൈതന്യം കുടികൊളളുന്ന കൂനമ്പായിക്കുളം ക്ഷേത്രം വിശാലമായ മണൽപ്പരപ്പിൽ നാടിന് ഐശ്വര്യവും ശാന്തിയും നൽകി നിലകൊള്ളുന്നുവെന്നാണ് വിശ്വാസം.
ഘടന
തിരുത്തുകശ്രീകോവിൽ
തിരുത്തുകപരമ്പരാഗത ക്ഷേത്ര നിർമ്മാണ രീതിയിൽ പൂർണ്ണമായും കൃഷ്ണശിലയിലും (കരിങ്കല്ല്) തേക്കിൻ തടിയിലുമാണ് ശ്രീകോവിൽ നിർമ്മിച്ചിരിക്കുന്നത്. വാസ്തുശാസ്ത്രജ്ഞൻ മൂവാറ്റുപുഴ ശിവന്റെയും ശിൽപി കാവനാട് രഘുവിന്റെയും നേതൃത്വത്തിലാണ് ശ്രീകോവിലിന്റെ നിർമ്മാണം പുർത്തിയായത്.[3] 12 മുഖങ്ങളിൽ ദാരുശിൽപഭംഗിയോടു കൂടി നാലുകെട്ട് മാതൃകയിൽ ചെമ്പോല മേഞ്ഞ ശ്രീകോവിലാണ് ഇവിടുത്തേത്. ഈ ശ്രീകോവിലിനുള്ളിൽ ഭദ്രകാളിയുടെ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുണ്ട്.[3] ശ്രീകോവിലിനു മുമ്പിൽ ചിത്രപ്പണികൾ കൊണ്ട് അലങ്കരിച്ച ഒരു നമസ്കാര മണ്ഡപമുണ്ട്.
ഉത്സവാഘോഷങ്ങൾ
തിരുത്തുകകൂനമ്പായിക്കുളം ക്ഷേത്രത്തിൽ ആറാട്ടു മഹോത്സവം കുംഭംമാസത്തിലെ ഭരണി നാളിലാണ്.ഭരണിക്ക് പത്ത് നാൾ മുമ്പെ കൊടിയേറി തോറ്റം പാട്ട് നടത്തുന്നു.പറയ്ക്കെഴുന്നള്ളത്ത്,പള്ളിവേട്ട എന്നിവയുമുണ്ട്. കൊടിയേറിയശേഷം ആദ്യ വെള്ളിയാഴ്ച പുതുമണ്കലങ്ങളിൽ ഭക്തർ സമർപ്പിക്കുന്ന ചന്ദ്രപ്പൊങ്കലും പ്രധാന ചടങ്ങാണ്.[2][4] ഉത്സവകാലത്ത് സമർപ്പിക്കുന്ന വട്ടിപ്പടുക്ക ദേവിക്ക് ഇഷ്ടവഴിപാടാണ്.
പ്രധാന പൂജകൾ
തിരുത്തുക- കാര്യസിദ്ധി പൂജ
ക്ഷേത്രത്തിലെ ഒരു പ്രധാന പൂജയാണ് എല്ലാ ചൊവ്വാഴ്ചയും രാവിലെ 9.30നു നടക്കുന്ന കാര്യസിദ്ധി പൂജ. തുടർച്ചയായി ഇരുപത്തിയൊന്നാഴ്ച വ്രതശുദ്ധിയോടെ പൂജ നടത്തിയാൽ ഏതാഗ്രഹവും സാധിക്കുമെന്നാണ് വിശ്വാസം. ഭക്തർക്ക് സ്വന്തമായി ചെയ്യാവുന്ന രീതിയിലാണ് കാര്യസിദ്ധി പൂജ ക്രമീകരിച്ചിരിക്കുന്നത്. സമൂഹ പ്രാർഥന ഇതിന്റെ ഭാഗമാണ്. തൂശനിലയിൽ വേപ്പിലയും പൂവും കർപ്പൂരവും ഒറ്റ രൂപാ നാണയവും വച്ചു ഗണപതി സ്തുതിയോടെ പൂജ ആരംഭിക്കുന്നു. തുടർന്നു ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരെ സ്തുതിച്ചതിന് ശേഷം ലളിതാ സഹസ്രനാമം, മഹാലക്ഷ്മി അഷ്ടകം, മഹാലക്ഷ്മി സ്തവം, കൂനമ്പായിക്കുളത്തമ്മയുടെ സ്തുതിഗീതങ്ങൾ തുടങ്ങിയ ദേവി സ്തുതികൾ ജപിച്ചു 'സർവ മംഗള മാംഗല്യേ' എന്ന ദേവി മാഹാത്മ്യത്തിലെ മംഗളജപത്തോടെ നമസ്കരിച്ചു അവസാനിക്കുന്നു. കാര്യസിദ്ധി പൂജയ്ക്ക് ശേഷം കുങ്കുമാഭിഷേകവും നാണയ പ്രസാദ വിതരണവും അന്നദാനവും ഉണ്ടാകാറുണ്ട്.[1].
- നീരാജ്ഞന വിളക്ക് എല്ലാ ശനിയാഴ്ചയും വൈകിട്ട് 5.30 ന്.
- നാരങ്ങാവിളക്ക് എല്ലാ ഞായറാഴ്ചയും വൈകിട്ട് 4.30 ന്.
- ഐശ്വര്യ പൂജ എല്ലാ മാസവും ഉത്രം നാളിൽ.
- നാഗപൂജ ആയില്യം നാളിൽ
എത്തിച്ചേരുവാനുള്ള വഴി
തിരുത്തുക- ക്ഷേത്രത്തിൻറെ വിലാസം : വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം, വടക്കേവിള, കൊല്ലം-10
- കൊല്ലം ബൈപാസിൽ നിന്നും 500 മീറ്റർ പടിഞ്ഞാറോട്ടു വന്നാൽ എത്തിച്ചേരാം.
- പാലത്തറ ദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ നിന്നും 650 മീറ്റർ അകലം.
- ഏറ്റവുമടുത്തുള്ള റെയിൽവേ സ്റ്റേഷൻ- ഇരവിപുരം റെയിൽവേ സ്റ്റേഷൻ, 2.5 കി.മീ. അകലെ
- അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ- കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ, 5.8 കി.മീ. അകലെ
- അടുത്തുള്ള വിമാനത്താവളം- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 62 കി.മീ. അകലെ
- അടുത്തുള്ള പട്ടണം- കൊല്ലം പട്ടണം, 6 കി.മീ. അകലെ
അവലംബം
തിരുത്തുക- ↑ 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 ശ്രീ കൂനമ്പായിക്കുളത്തമ്മ ഐതിഹ്യങ്ങളും,ചരിത്രവും-വി.പി രാജീവൻ, ദ്രാവിഡ ഇൻഫോമീഡിയ, കൊല്ലം,2007
- ↑ 2.0 2.1 "വലിയ കൂനമ്പായിക്കുളം ഭദ്രകാളിക്ഷേത്രത്തിൽ ചന്ദ്രപ്പൊങ്കാല 4ന്". മാതൃഭൂമി ദിനപത്രം. 2016-03-02. Archived from the original on 2017-12-01. Retrieved 2017-12-01.
- ↑ 3.0 3.1 3.2 വലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠയും ശ്രീകോവിൽ സമർപ്പണവും ഒൻപതിന്, മലയാള മനോരമ, കൊല്ലം എഡിഷൻ, 2017 ഫെബ്രുവരി 5, പേജ് - 2.
- ↑ "കൂനമ്പായിക്കുളം ക്ഷേത്രത്തിൽചന്ദ്രപൊങ്കൽ 24ന്". ദീപിക ദിനപത്രം. Archived from the original on 2021-04-10. Retrieved 2017-12-01.
{{cite web}}
: CS1 maint: bot: original URL status unknown (link)
പുറം കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ് 1[പ്രവർത്തിക്കാത്ത കണ്ണി]
- ഔദ്യോഗിക വെബ്സൈറ്റ് 2 Archived 2019-09-13 at the Wayback Machine.