തച്ചുശാസ്ത്രം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഗൃഹനിർമ്മാണ സംബന്ധിയായ ശാസ്ത്രം. ഗൃഹനിർമിതിയെ സംബന്ധിച്ച നിയമങ്ങളും പ്രവർത്തനരീതിയും വിധി-നിഷേധങ്ങളുമാണ് തച്ചുശാസ്ത്രം അനുശാസിക്കുന്നത്. മനുഷ്യാലയങ്ങൾ, ദേവാലയങ്ങൾ എന്നിങ്ങനെയുള്ള വിവിധയിനം ആലയങ്ങൾ; അവയുടെ നിർമ്മാണരീതി, ഉപയോഗിക്കുന്ന വസ്തുക്കൾ, ശില്പ വിദ്യകൾ എന്നിവയെപ്പറ്റിയെല്ലാം ഈ ശാഖയിൽ പ്രതിപാദിക്കുന്നു. വാസ്തുവിദ്യ, തച്ചുശാസ്ത്രം എന്നീ സംജ്ഞകൾ ചിലപ്പോൾ സമാനമായ അർത്ഥത്തിലും ഉപയോഗിക്കാറുണ്ട്. തച്ച് എന്ന പദം 'തക്ഷു' എന്ന സംസ്കൃത ധാതുവിന്റെ തദ്ഭവമാണ്. തക്ഷ് ധാതുവിന് തനൂകരണം എന്നർഥം. 'അതനു'വായ വസ്തുവെ തനുവാക്കി മാറ്റലാണ് തനൂകരണം. തനു എന്നതിന് ശരീരം എന്നും ചെറുത്, നേരിയത് എന്നും അർത്ഥമുണ്ട്. നിയതമായ ശരീരമില്ലാത്ത വസ്തുക്കളെ ചെത്തി ചെറുതാക്കി രൂപപ്പെടുത്തി ഗൃഹശരീരമാക്കി മാറ്റിയെടുക്കലാണ് തച്ചുപണി.
ഗൃഹനിർമ്മാണവൃത്തി ചെയ്യുന്നവരിൽ മരപ്പണിയെടുക്കുന്ന ആശാരിമാരുടെ ജാതീയനാമം എന്ന നിലയിൽ തച്ചൻ എന്ന പദം രൂഢമാണ്. തച്ചുപണി ചെയ്യുന്ന ജാതീയ വംശജരല്ലാത്തവരേയും തച്ചൻ എന്നു വിളിക്കാം. മമ്മടന്റെ കാവ്യപ്രകാശത്തിൽ രണ്ടാം ഉല്ലാസത്തിൽ 'താത്കർമ്യാത് അതക്ഷാ തക്ഷാ' എന്നൊരു പ്രയോഗമുണ്ട്. തച്ചുപ്രവൃത്തി ചെയ്യുന്നവൻ അതായത് ഗൃഹനിർമ്മാണം അഭ്യസിച്ചവൻ ജാതിയിൽ തച്ചനല്ലെങ്കിലും ലക്ഷണ അനുസരിച്ച് തച്ചനാണെന്നാണ് ഇവിടെ സമർഥിച്ചിരിക്കുന്നത്.
വരരുചിയുടെ മകനായ പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചൻ ഈ ലക്ഷണ അനുസരിച്ചാണ് തച്ചനാകുന്നത്. ജാതിയിൽ പറയിപെറ്റവനാണെങ്കിലും പ്രവൃത്തികൊണ്ട് ഇദ്ദേഹം തച്ചനായി; വളർന്ന് പെരുന്തച്ചനായി. കേരളത്തിൽ അനേക ജാതീയ വംശങ്ങ ളുടെ സ്ഥാപകർ പറയിപെറ്റ പന്തിരുകുലമാണ് എന്നും അതുകൊണ്ട് പെരുന്തച്ചന്റെ പിൻതലമുറയിൽപ്പെട്ടവരാണ് തച്ചന്മാർ എന്നും ചിലർ വിശ്വസിക്കുന്നു. ഭാരതത്തിലെ പൗരാണിക വാസ്തുശാസ്ത്രഗ്രന്ഥങ്ങളിലെല്ലാം തച്ചന്മാർ വിശ്വകർമാവിന്റെ സന്തതിപരമ്പരയിൽപ്പെട്ടവരാണെന്നു പ്രസ്താവിച്ചു കാണാം.
വാസ്തുവിദ്യയും തച്ചുശാസ്ത്രവും
തിരുത്തുകഭാരതത്തിൽ ഗൃഹനിർമ്മാണവിദ്യ വാസ്തുവിദ്യ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഗൃഹനിർമ്മാണം എന്നതിന് വാസ്തുവിദ്യയിൽ വിപുലമായ അർത്ഥമാണുള്ളത്. മനുഷ്യാലയങ്ങൾ, ദേവാലയങ്ങൾ, വേദികകൾ; തോണി, പല്ലക്ക്, രഥം മുതലായ വാഹനങ്ങൾ; കിണർ, കുളം മുതലായ ജലാശയങ്ങൾ; കട്ടിൽ, പീഠം, പാത്രം മുതലായ ഉപകരണങ്ങൾ; ഉരൽപ്പുര മുതലായ ഉപാലയങ്ങൾ തുടങ്ങിയവ ഗൃഹം എന്ന പദത്തിന്റെ പരിധിയിൽ വരും. കൂടാതെ ഗോവ് തുടങ്ങിയ മൃഗങ്ങൾക്കും തത്ത മുതലായ പക്ഷികൾക്കും വേണ്ടി ഉണ്ടാക്കപ്പെടുന്ന വാസസ്ഥാനങ്ങളും ഇതിൽ ഉൾപ്പെടും. മേല്പറഞ്ഞ എല്ലാ നിർമിതികളും കേരളത്തിലെ തച്ചുശാസ്ത്രത്തിന്റെയും വിഭാഗങ്ങളാണ്. ചുരുക്കത്തിൽ തച്ചുശാസ്ത്രം വാസ്തുവിദ്യയുടെ പര്യായമാണ്.
വാസ്തുവിദ്യയനുസരിച്ച് ഗൃഹനിർമ്മാണവൃത്തിയിലേർപ്പെടുന്നവരെ സ്ഥപതി, സൂത്രഗ്രാഹി, തക്ഷകൻ, വർദ്ധകി എന്നിങ്ങനെ നാലായി വിഭജിച്ചിട്ടുണ്ട്. നിർമിതിയുടെ ആദ്യന്തം മനസ്സിൽ കണ്ട് കണക്ക് നിശ്ചയിച്ച്, എല്ലാറ്റിന്റെയും മേൽനോട്ടം വഹിക്കുന്നയാളാണ് സ്ഥപതി. ദക്ഷിണ കേരളത്തിൽ സ്ഥപതി കണക്കൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. വടക്കൻ കേരളത്തിൽ മൂത്താശാരി എന്നും. സൂത്രഗ്രാഹിസ്ഥപതിയുടെ മകനോ ശിഷ്യനോ ആയിരിക്കും. സ്ഥപതിയോളം അറിവ് ഇദ്ദേഹത്തിനും ഉണ്ടാകും. തക്ഷകൻ വസ്തുക്കളെ ചെത്തി മിനുക്കി രൂപപ്പെടുത്തുന്നവനും വർദ്ധകി രൂപപ്പെടുത്തിയ വസ്തുക്കൾ ചേർത്തുവച്ച് ഗൃഹം കെട്ടിപ്പടുക്കുന്നവനുമാണ്. തച്ചുശാസ്ത്രജ്ഞർ മേല്പറഞ്ഞ നാലുവിധം പ്രവൃത്തികളിലും വൈദഗ്ദ്ധ്യം നേടിയവരാണ്.
തച്ചന്മാർ അവരുടെ നീണ്ട കാലത്തെ പ്രവർത്തനത്തിനിടയിൽ സ്വാനുഭവങ്ങളുടെ മൂശയിൽ വാർത്തെടുത്ത പ്രായോഗിക സിദ്ധാന്തങ്ങൾ തങ്ങളുടെ സന്തതിപരമ്പരകൾക്കും ശിഷ്യന്മാർക്കും കൈമാറിക്കൊണ്ടിരുന്നു. അവ അനുശാസനങ്ങളായി രൂപം പ്രാപിച്ചു. നിയമങ്ങളും പ്രവർത്തനപഥവും വിധി നിഷേധങ്ങളും പ്രതിപാദിക്കുകയാണ് അനുശാസനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഗൃഹനിർമിതിയെ സംബന്ധിച്ച നിയമങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും. ഭൂമി, പരിസ്ഥിതി, ജന്തുക്കളുടെ ആവാസ വ്യവസ്ഥ, ഗൃഹത്തിന്റെ വിസ്തൃതി, കണക്ക്, ശില്പഭംഗി തുടങ്ങി പല കാര്യങ്ങളും ഗൃഹനിർമ്മാണം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഗൃഹകർത്താവ് വിദഗ്ദ്ധനായ ഒരു തച്ചുശാസ്ത്രജ്ഞനെ (സ്ഥപതിയെ) കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. അദ്ദേഹം വീടു നിർമ്മിക്കുന്നതിന് ഉത്തമമായ സ്ഥലം തിരഞ്ഞെടുക്കും. ഫലവൃക്ഷങ്ങളും പൂമരങ്ങളും പാൽമരങ്ങളും ഉള്ള സമനിരപ്പായ സ്ഥലം ഗൃഹനിർമ്മാണത്തിന് അനുയോജ്യമാണ്. അക്ഷയജലം കിട്ടുന്നതും സമൃദ്ധമായ മണ്ണുള്ളതും ആയിരിക്കണം പറമ്പ്. ഒരു കോൽ സമചതുരത്തിൽ ഒരു കോൽ ആഴത്തിൽ ഒരു കുഴിയെടുത്ത് അതേ മണ്ണ് അതേ കുഴിയിൽ നികത്തിയാൽ മണ്ണ് ബാക്കി വരുന്നുവെങ്കിൽ അത് ഉത്തമഭൂമിയാണ്. മേല്പറഞ്ഞ അളവിൽ ഉള്ള കുഴിയിൽ വെള്ളം നിറച്ച് അരനാഴിക നേരം കഴിഞ്ഞ് നോക്കിയാൽ ജലം വറ്റാതെയുണ്ടെങ്കിൽ ആ ഭൂമി ഉത്തമമാണ്. വിത്തിട്ട് മൂന്നു ദിവസം കൊണ്ട് മുളച്ചാൽ ഭൂമി ഉത്തമമായി. ഭൂമി ഉഴുതു മറിച്ച് കരിക്കട്ട, അസ്ഥി, രോമം, കൃമികൾ, ഉമി, പുറ്റ് മുതലായവ എന്തെങ്കിലും ഉണ്ടെങ്കിൽ നീക്കം ചെയ്ത് ഗൃഹസ്ഥാനം ശുചിയാക്കണം.
പിന്നീട് ഗൃഹകർത്താവിന്റെ ഇച്ഛയ്ക്കനുസരിച്ച് ഭംഗിയും ഉറപ്പും സൗകര്യങ്ങളുമുള്ള ഗൃഹം രൂപകല്പന ചെയ്യണം. എത്ര മുറികൾ വേണം, എത്ര വലിപ്പം വേണം, ഏത് ആകൃതിയിലായിരിക്കണം എന്നും മറ്റും ചിന്തിച്ച് തീരുമാനിക്കണം.
ശാലകൾ
തിരുത്തുകമനുഷ്യാലയത്തിന്റെ ഏറ്റവും മികച്ച മാതൃക നാലുകെട്ട് അഥവാ ചതുശ്ശാല ആണ്. ഒരു മധ്യാങ്കണത്തിനു ചുറ്റുമായി നാല് ദിക് ശാലകളും നാല് വിദിക് ശാലകളും ചേർന്നതാണ് നാലുകെട്ട്. നാലുകെട്ട് വികസിപ്പിച്ചെടുത്താൽ എട്ടുകെട്ടും പതിനാറുകെട്ടും ഉണ്ടാക്കാം. നാല് ശാലകൾ ചേർന്നത് ചതുശ്ശാലയും മൂന്ന് ശാലകൾ ചേർന്നത് ത്രിശാലയും രണ്ട് ശാലകൾ ചേർന്നത് ദ്വിശാലയും ഒറ്റശാല മാത്രമുള്ളത് ഏകശാലയുമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഏകശാലയാണ്.
മാനവ്യവസ്ഥ
തിരുത്തുകശാലകളുടേയും മുറികളുടേയും വലിപ്പം തീരുമാനിക്കുന്നത് അവയ്ക്ക് അളവ് നിശ്ചയിച്ചുകൊണ്ടാണ്. ഇതിനായി തച്ചുശാസ്ത്രം ഉപയോഗിക്കുന്ന മനോപകരണമാണ് മുഴക്കോൽ. ഇതിന് കിഷ്കു എന്നും കരം എന്നും പേരുണ്ട്. ഈ കോൽ പ്രധാനമായി മൂന്നുതരത്തിലുണ്ട്.
(i) ഒരു യവ ധാന്യത്തിന്റെ ഉദരവിസ്താരം ഒരു യവം. 8 യവം ഒരു അംഗുലം, എട്ട് അംഗുലം ഒരു പദം, 3 പദം (24 അംഗുലം) ഒരു കോൽ.
(ii) ഗൃഹകർത്താവിന്റെ വലതുകയ്യിലെ നടുവിരലിലെ നടുവിലെ പർവത്തിന്റെ നീളം ഒരു അംഗുലം. 8 അംഗുലം ഒരു പദം, 3 പദം (24 അംഗുലം) ഒരു കോൽ.
(iii) ജാലകത്തിലൂടെ കടന്നുവരുന്ന സൂര്യരശ്മിയിൽ കാണുന്ന പൊടിയുടെ മുപ്പതു -ൽ ഒരംശം ഒരു പരമാണു. 32768 പരമാണു ഒരു യവം. 8 യവം ഒരു അംഗുലം. 3 പദം (24 അംഗുലം) ഒരു കോൽ.
യോനി
തിരുത്തുകമുകളിൽ പറഞ്ഞ ഏതെങ്കിലും ഒരു അളവുകോൽ ഗൃഹനിർമിതിക്ക് ഉപയോഗിക്കാം. ഗൃഹം എത്ര കോൽ ദീർഘം വേണം എന്നു നിശ്ചയിച്ചാൽ അതിൽനിന്ന് അതിന്റെ ആനുപാതികമായ വീതിയും ഉയരവും കണക്കാക്കാം. കണക്കുണ്ടാക്കുമ്പോൾ ഗൃഹത്തിന്റെ ദർശനം ഏതു ദിക്കിലേക്കാണെന്ന് നോക്കേണ്ടതുണ്ട്. കിഴക്ക് ദർശനമുള്ള ഗൃഹം പടിഞ്ഞാറ്റിനിയും പടിഞ്ഞാറ് ദർശനമുള്ള ഗൃഹം കിഴക്കിനിയും വടക്ക് ദർശനമുള്ള ഗൃഹം തെക്കിനിയും തെക്ക് ദർശനമുള്ള ഗൃഹം വടക്കിനിയും ആണ്. ഇവയുടെ കണക്കുകൾ ചുറ്റളവ്, വിസ്തീർണം എന്നീ രണ്ട് ഉപാധികളിൽ നിശ്ചയിക്കാവുന്നതാണ്. ചുറ്റളവിനെ അടിസ്ഥാനമാക്കിയാണ് കേരളത്തിൽ അളവ് നിശ്ചയിക്കുന്നത്. ഇങ്ങനെ നിശ്ചയിക്കുന്ന കണക്കുകൾക്ക് യോനി എന്നു പറയും. ധ്വജം, സിംഹം, വൃഷഭം, ഗജം എന്നീ നാമങ്ങളിലുള്ള യോനികൾ യഥാക്രമം 3, 1, 7, 5 എന്നീ കോലുകളാണ്. 2, 4, 6, 8 എന്നീ കോലുകളുടെ യോനികൾ യഥാക്രമം ഖരം, കുക്കുരം, ധൂമം, വായസം എന്നിവയാണ്. കണക്കുകളുടെ ഗുണദോഷങ്ങൾ നിരൂപണം ചെയ്ത് ഉത്തമമായ കണക്ക് വേണം നിശ്ചയിക്കേണ്ടത്. ഉത്തമമായ കണക്ക് കണ്ടുപിടിക്കുന്നതിന് കൈക്കണക്ക് സഹായിക്കുന്നു.
സ്ഥാനനിർണയം
തിരുത്തുകഗൃഹത്തിന്റെ സ്ഥാനം നിശ്ചയിക്കുന്നത് ദിക്കുകൾ നിർണയിച്ച് അവയ്ക്കനുസൃതമാക്കിയായിരിക്കണം. ദിക്കു നിർണയിക്കുന്നത് ശങ്കുസ്ഥാപനം നടത്തിക്കൊണ്ടാണ്. ഇന്ന് ദിക്കു തിരിക്കുന്നതിന് വടക്കുനോക്കി (കാന്തസൂചി)യാണ് ഉപയോഗിക്കുന്നത്. പറമ്പിന്റെ വലിപ്പമനുസരിച്ച് അതിനെ സമചതുരമായ നാലോ എട്ടോ ഖണ്ഡങ്ങളാക്കാം.
ഇതിൽ കിഴക്കു പടിഞ്ഞാറായും തെക്കുവടക്കായും കോണോടു കോണായും സൂത്രങ്ങൾ കല്പിക്കണം. ഗൃഹം നില്ക്കുന്ന ഖണ്ഡത്തെ 64, 81, 100 എന്നിങ്ങനെ പദങ്ങളാക്കി വിഭജിക്കുകയും വേണം. ഈ പദങ്ങളിൽ വടക്കു കിഴക്ക് മൂലയിൽ ശിരസ്സും തെക്കു പടിഞ്ഞാറു മൂലയിൽ പാദങ്ങളും വച്ചുകൊണ്ട് വാസ്തുപുരുഷൻ കമിഴ്ന്നു കിടക്കുന്നു എന്ന് സങ്കല്പിക്കണം. വാസ്തു പുരുഷന്റെ അവയവങ്ങൾക്ക് ഭംഗം വരാത്തതരത്തിൽ ബാഹ്യാവൃതി ഒഴിച്ചുവേണം ഗൃഹം പണിയേണ്ടത്.
മധ്യത്തിലുള്ള പദങ്ങൾ അങ്കണമാക്കി അവയ്ക്കഭിമുഖമായി ഗൃഹങ്ങൾ നിർമ്മിക്കണം. പദകല്പന ചെയ്യുമ്പോഴുള്ള രേഖകൾ, കർണരേഖകൾ എന്നിവ കൂടിച്ചേരുന്നിടത്ത് മർമങ്ങളും മഹാമർമങ്ങളും ഉണ്ടാകും. അവയിൽ ദിക്കുകൾ, തൂണുകൾ എന്നിവ വരാതെ നോക്കണം. ഗൃഹമധ്യസൂത്രവും പറമ്പിന്റെ മധ്യസൂത്രവും ഒരേ രേഖയിൽ വരാതിരിക്കുവാൻ ശ്രദ്ധിക്കണം. ഒരേ രേഖയിൽ വരുന്നതിന് വേധം എന്നു പറയുന്നു. അതുപോലെ ഗൃഹമധ്യം ഭിത്തികൊണ്ട് കെട്ടിയടയ്ക്കുവാൻ പാടില്ല. വാതിലുകളോ ജനാലകളോ കൊണ്ട് വായുവിന്റെ നേരെയുള്ള സ്വതന്ത്രഗതി ഉറപ്പു വരുത്തണം. ഇങ്ങനെ വരാത്തിടത്ത് സൂത്രദോഷം ഉണ്ടെന്നു പറയുന്നു.
ദ്രവ്യങ്ങൾ
തിരുത്തുകഗൃഹനിർമ്മാണത്തിന് ദ്രവ്യം തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധ ആവശ്യമാണ്. പ്രതികൂല കാലാവസ്ഥയിൽ നിന്നു സംരക്ഷണം നല്കുക എന്നതാണ് കെട്ടിട നിർമ്മാണത്തിന്റെ പ്രധാന ഉദ്ദേശ്യം. കരിങ്കല്ല് (ശില), ചെങ്കല്ല് (Laterite), ഇഷ്ടിക, മരം, മണ്ണ്, മണൽ, കുമ്മായം (ചുണ്ണാമ്പ്), ലോഹം എന്നിവയാണ് പ്രധാന ദ്രവ്യങ്ങൾ.
കല്ല്
തിരുത്തുകഒരേ നിറമുള്ളതും കുത്തും പൊട്ടും ഇല്ലാത്തതുമായ ശില ആയിരിക്കണം നിർമ്മാണത്തിന് ഉപയോഗിക്കേണ്ടത്. കാഠി ന്യമുള്ളതും മണിനാദം പുറപ്പെടുവിക്കുന്നതുമായ ശിലകൾ പുരുഷശിലകളും, കാഠിന്യം കുറഞ്ഞ് മയമുള്ള ശിലകൾ സ്ത്രീശിലകളുമാണ്. മറ്റുള്ളവ നപുംസക ശിലകളാണ്. കരിങ്കല്ല്, ചെങ്കല്ല്, ഇഷ്ടിക എന്നിവയ്ക്ക് ഞെരുക്കബലം (compressive strength) ധാരാളമുണ്ട്. ഭിത്തികൾ, തൂണുകൾ, തറകൾ എന്നിവ കെട്ടുന്നതിന് ഇവയാണ് ഏറ്റവും നല്ലത്. കല്ല് ഭൂമിയിൽ എങ്ങനെയാണോ ഇരുന്നത് അതേ പ്രകാരത്തിൽ വേണം കെട്ടിടത്തിലും നില്ക്കേണ്ടത്. കല്ലിന്റെ അടിഭാഗം മുകളിലും മുകൾഭാഗം അടിയിലും ആകരുത്. പാർശ്വങ്ങൾ അടിയിലോ മേലെയോ വരരുത്.
മരം
തിരുത്തുകഅന്തഃസാരം,ബാഹ്യസാരം , സർവസാരം, നിസ്സാരം എന്നിങ്ങനെ മരം നാലുതരമുണ്ട്. ഇവയിൽ കാതൽ മാത്രമേ ഉപയോഗിക്കാവൂ. തൂൺ, കട്ടിളക്കാൽ എന്നിവ മരം നില്ക്കുന്ന പ്രകാരത്തിൽ അഗ്രം മേല്പോട്ടായിത്തന്നെ നില്ക്കണം. ഉത്തരങ്ങളുടേയും മറ്റും മുതുതല പടിഞ്ഞാറോ തെക്കോ ആകണം. മേൽക്കൂരയിൽ കഴുക്കോലിന്റെ മുതുതലയും താഴോട്ടായിരിക്കണം. ഒരു ഗൃഹത്തിന് കഴിയുന്നത്ര ഒരേ ഇനം മരംതന്നെ ഉപയോഗിക്കണം.
മണ്ണ്, ഇഷ്ടിക
തിരുത്തുകമണ്ണു കുഴച്ച് നേരിട്ടോ, വെയിലിലോ ചൂളയിലോ ഉണക്കി ഇഷ്ടികകളായോ ഉപയോഗിക്കാം. ചുണ്ണാമ്പും മണലും മിശ്രിതമാക്കി കുഴച്ചെടുത്തത് കല്ലുകൾ പടുക്കുന്നതിന് ഉപയോഗിക്കാം. സിമന്റിന്റെ ആവിർഭാവത്തോടെ ഈ ആവശ്യത്തിന് സിമന്റാണ് അധികമായും ഉപയോഗിച്ചുവരുന്നത്. ചുവർ പൂശുന്നതിനും നിലമിടുന്നതിനും ഇത് ഉപയോഗിക്കാം. കൂടാതെ നിലം ചാണകം മെഴുകിയോ മാർബിൾ, ഗ്രാനൈറ്റ്, പോർസലൈൻ ടൈൽസ് എന്നിവയിലേതെങ്കിലും ഒന്ന് പതിച്ചോ വൃത്തിയായി സൂക്ഷിക്കാം. മഴയിൽനിന്നു രക്ഷ കിട്ടുവാൻ ചരിഞ്ഞ മേൽക്കൂരയാണ് ഉത്തമം. മേൽക്കൂര ഓലകൊണ്ടോ ഓടുകൊണ്ടോ ചെമ്പുകൊണ്ടോ പുതിയ ഉത്പന്നമായ ഫൈബർ ഷീറ്റുകൾ കൊണ്ടോ മേയാം. കോൺക്രീറ്റ് മേൽക്കൂര ചരിവു ചെയ്ത് ഓടു മേയുന്നതാണ് നല്ലത്.
തച്ചുശാസ്ത്രം ഒരു കല
തിരുത്തുകഉറപ്പും സൗകര്യവും ഉണ്ടായാലും കലാപരമായ മനോഹാരിതകൂടി ഉള്ളതാകണം ഓരോ നിർമിതിയും. തച്ചുശാസ്ത്രം കലയിലധിഷ്ഠിതമായ - ശില്പ ചാതുരിയിലധിഷ്ഠിതമായ-നിർമ്മാണരീതിയാണ് അനുവർത്തിക്കുന്നത്. വിവിധതരം അധിഷ്ഠാന മാതൃകകൾ, അലങ്കാര സ്തംഭങ്ങൾ, മച്ചുകൾ, മുഖപ്പുകൾ, പടിപ്പുരകൾ എന്നിവ ശില്പ ചാതുരിക്ക് ഉദാഹരണങ്ങളാണ്.
ഗൃഹം ഒരു ശില്പമാണ്. ഗൃഹത്തിന്റെ ഓരോ അവയവവും ഓരോരോ ശില്പമാണ്. അതുകൊണ്ട് ഗൃഹനിർമ്മാണത്തെ സംബന്ധിച്ച ശാസ്ത്രത്തിന് ശില്പശാസ്ത്രം എന്നും പേരുണ്ട്.
ശില്പശാസ്ത്രവും തച്ചുശാസ്ത്രവും
തിരുത്തുകശില എന്ന ധാതുവിൽ നിന്നാണ് ശില്പ ശബ്ദം നിഷ്പന്നമായത്. ശില സമാധൗ എന്നും ശീലയതി ശില്പം എന്നുമുള്ള പ്രമാണമനുസരിച്ച് ശീലിക്കുന്നതും ഏകാഗ്രതയോടെയും ദക്ഷതയോടെയും ചെയ്യുന്നതുമായ പ്രവൃത്തിയെ ശില്പമെന്നു വിളിക്കാം. ബ്രഹ്മാവിന്റെ അഞ്ച് മുഖങ്ങളിൽ നിന്ന് ആവിർഭവിച്ച മനു, മയൻ, ശില്പി, ത്വഷ്ടാവ്, വിശ്വജ്ഞൻ എന്നിവരാണ് ആദിമശില്പികൾ. മയൻ മരപ്പണിയും ശില്പി കല്പണിയും മനു കൊല്ലപ്പണിയും ത്വഷ്ടാവ് ലോഹപ്പണിയും വിശ്വജ്ഞൻ സ്വർണപ്പണിയും ചെയ്യുന്നവരിൽ വിദഗ്ദ്ധരാണ്.
ശിലയിൽ നിർമ്മിക്കുന്ന പ്രതിമയാണ് ശില്പം. ശില്പം തീർക്കുന്നവൻ ശില്പിയും. കേരളത്തിലെ സമൃദ്ധമായ ദാരുസമ്പത്ത് ദാരുശില്പങ്ങൾക്കു പ്രചാരം ലഭിക്കുവാൻ ഇടയാക്കി. ദാരുവിൽ ശില്പം തീർക്കുന്നവനും ശില്പിയായി (ശില്പങ്ങളുടെ ആകരമാണ് ദേവാലയം). ദേവാലയത്തിൽ ശിലയിലും ദാരുവിലും പ്രതിമകൾ തീർക്കപ്പെട്ടു. ദേവാലയത്തിന്റെ ഓരോ അംഗവും ഓരോ ശില്പമായി മാറി. ദാരുവിലായാലും ശിലയിലായാലും ഓരോന്നും ശില്പ വേലകളുടെ ഉദാത്തമായ മാതൃകകളായി. ശില്പം ചെയ്യുന്നതിന് നിയതമായ അനുശാസനകളും വിധികളും ഉടലെടുത്തു. അത് ശില്പശാസ്ത്രമായി. ദാരുവിന്റെ സമൃദ്ധിയും അതിൽ ശില്പം ചെയ്യുന്ന തച്ചന്മാരുടെ പ്രാമുഖ്യവും ശില്പശാസ്ത്രത്തെ തച്ചുശാസ്ത്രം എന്നും വിളിക്കുവാൻ ഇടയാക്കി. കേരളത്തിൽ ശ്രീകുമാരൻ രചിച്ച തച്ചുശാസ്ത്രഗ്രന്ഥത്തിന്റെ പേര് ശില്പരത്നം എന്നാണ്. ദേവാലയ നിർമ്മാണം മാത്രമല്ല, പ്രതിമാ നിർമ്മാണവും തച്ചുശാസ്ത്രത്തിന്റെ പരിധിയിൽ വരും.
ദേവാലയം. ഭൂപരിഗ്രഹം, ദിക്നിർണയം, ആചാര്യവരണം എന്നിവയാണ് ദേവാലയ നിർമ്മാണത്തിന്റെ ആദ്യഘട്ടം. പിന്നീട് ഷഡാധാരം - ആധാരശില, നിധികുംഭം, പദ്മം, കൂർമം, യോഗനാളം, നപുംസകശില പ്രതിഷ്ഠിക്കുന്നു. വൃത്തം, ദീർഘചതുരം, ഗജപൃഷ്ഠം, ദീർഘവൃത്തം, ഷഡശ്രം, അഷ്ടാശ്രം, ഷോഡശാശ്രം എന്നീ വിവിധ ആകൃതികളിൽ പ്രാസാദം നിർമ്മിക്കാം. പ്രാസാദത്തിനു പുറത്താണ് പഞ്ചപ്രാകാരങ്ങൾ - അന്തർമണ്ഡലം (അകത്തെ ബലിവട്ടം), അന്തഹാര (നാലമ്പലം), മധ്യഹാര (വിളക്കുമാടം), ബാഹ്യഹാര (ശീവേലിപ്പുര), മര്യാദ (പുറം മതിൽ) എന്നിവ.
തിടപ്പള്ളി, നമസ്കാരമണ്ഡപം, വലിയ ബലിക്കല്ല്, ധ്വജസ് തംഭം, ദീപസ്തംഭം, ഗോപുരം മുതലായവയും ദേവാലയ നിർമിതിയിൽ ഉൾപ്പെടും. കൂത്തമ്പലം മര്യാദയ്ക്കകത്തു തന്നെയുള്ള ഒരു പ്രധാന നിർമിതിയാണ്. പഞ്ജരം, ഘനദ്വാരം എന്നിവ ഭിത്തിയിൽ വരുത്തുന്ന അലങ്കാരങ്ങളാണ്. ദേവാലയങ്ങൾ നിർമ്മിക്കുന്നതിന് പാദമാനം ഉപയോഗിക്കുന്നു.
താലമാനമാണ് പ്രതിമ നിർമ്മിക്കുന്നതിനുപയോഗിക്കുന്ന അളവുകോൽ. കൈപ്പത്തിയുടേയോ മുഖത്തിന്റേയോ നീളം ഒരു താലമാണ്. പാദാദി ശീർഷമുള്ള അളവ് താലമാനത്തിന്റെ ഗുണിതങ്ങളാണ്. താലത്തിന്റെ പന്ത്രണ്ടിലൊരംശമാണ് താലാംഗുലം. പുരുഷന്റെ പ്രതിമ അഷ്ടതാലത്തിലാണ് ചെയ്യുക. അഷ്ടതാലത്തിൽ പുരുഷന്റെ വലംകൈയിലെ നടുവിരലിന്റെ വീതിയാണ് താലാംഗുലം. ബാലശരീരം മുതൽ പുരുഷശരീരം വരെയുള്ള പ്രതിമകൾക്ക് പഞ്ചതാലം മുതൽ ദശതാലം വരെയുള്ള വിവിധ അനുപാതത്തിലാണ് താലമാനം കണക്കാക്കുന്നത്.
തച്ചുശാസ്ത്രവും ചിത്രമെഴുത്തും
തിരുത്തുകരാജകൊട്ടാരങ്ങളിലും ദേവാലയങ്ങളിലും ചുമരുകളിൽ ചായക്കൂട്ടുകൾ കൊണ്ട് പുരാണദൃശ്യങ്ങളും മറ്റും ആലേഖനം ചെയ്തതു കാണാം. ചായം തേച്ച മച്ചുകളും ദാരുബിംബങ്ങളും നിരവധിയുണ്ട്. ഇവ ചിത്രകലയ്ക്ക് ഒരു മുതൽക്കൂട്ടാണ്. തച്ചുശാസ്ത്രത്തിന് ചിത്രകല വിലപ്പെട്ട സംഭാവന നല്കിയിട്ടുണ്ട്. ദേവാലയ നിർമിതി തച്ചുശാസ്ത്രത്തിന്റെ സംഭാവനയാണ്. എന്നാൽ അതിന്റെ ഭാഗമായി ചിത്രമെഴുത്തും തച്ചുശാസ്ത്രത്തിൽ ഉൾപ്പെടുന്നു. പ്രകൃതിദത്തമായ ചായക്കൂട്ടുകൾ കൊണ്ടാണ് ചുവർചിത്രങ്ങൾ രചിച്ചിരിക്കുന്നത്. പൊതുവേ അഞ്ച് നിറങ്ങളാണ് ഉപയോഗിക്കുന്നത്. കാവി മഞ്ഞ, കാവി ചുവപ്പ്, കടും പച്ച, എണ്ണക്കറുപ്പ്, വെളുപ്പ് എന്നിവയാണ് അവ. എന്നാൽ നീലയും ചിലയിടത്ത് ഉപയോഗിച്ചതു കാണാം. ശ്രീകുമാരന്റെ ശില്പരത്നത്തിലെ ചിത്രലക്ഷണം ചിത്രരചനയെ സംബന്ധിച്ച സാങ്കേതിക കാര്യങ്ങൾ സമഗ്രമായി പ്രതിപാദിക്കുന്നുണ്ട്.
തച്ചുശാസ്ത്രവും ജ്യോതിഷവും
തിരുത്തുകതച്ചുശാസ്ത്രം ജ്യോതിഷവുമായി ബന്ധപ്പെടുന്നത്, തച്ചുശാസ്ത്രത്തിന്റെ പ്രയോഗതലത്തിലാണ്. തച്ചുശാസ്ത്ര വിധിയനുസരിച്ചുള്ള കർമങ്ങൾ സുമുഹൂർത്തത്തിൽ ആരംഭിക്കണം എന്ന് എല്ലാ തച്ചുശാസ്ത്രങ്ങളും നിഷ്കർഷിക്കുന്നുണ്ട്. മുഹൂർത്തം നിശ്ചയിക്കുന്നതിന് വിഹിതമായ ശാസ്ത്രം ജ്യോതിഷമാണ്. ഗൃഹാരംഭം, മുഹൂർത്തശങ്കുസ്ഥാപനം, ശിലാസ്ഥാപനം, ദ്വാരസ്ഥാപനം, ശിഖര സ്ഥാപനം, ഗൃഹപ്രവേശം തുടങ്ങി അനേകം ചടങ്ങുകൾ ഗൃഹനിർമ്മാണവുമായി ബന്ധപ്പെട്ടു ചെയ്യേണ്ടതുണ്ട്. ഇതിന് ജ്യോതിഷത്തെ ആശ്രയിക്കുന്നു.
ഗൃഹത്തിന് ജീവനാണ് അതിന്റെ കണക്ക് അഥവാ യോനി. കണക്കിൽ നിന്ന് നക്ഷത്രം, വാരം, തിഥി, പക്ഷം തുടങ്ങിയവ ഗണിച്ചു നോക്കേണ്ടതുണ്ട്. ഗണിതം കഴിഞ്ഞു കിട്ടുന്ന നക്ഷത്രാദികളുടെ ശുഭാശുഭത്വം ജ്യോതിഷംകൊണ്ടു മാത്രമേ നിർണയി ക്കാനാകൂ. ഗൃഹകർത്താവിന്റേയും കണക്കിന്റേയും നക്ഷത്രപ്പൊരുത്തം പരിശോധിച്ച് ഗൃഹകർത്താവിന്റെ നക്ഷത്രത്തിൽ നിന്ന് 3, 5, 7 നാളുകൾ വരുന്ന കണക്ക് വർജ്ജിക്കണമെങ്കിലും ജ്യോതിഷം ആവശ്യമാണ്.
നിമിത്തശാസ്ത്രം ജ്യോതിഷത്തിന്റെ അംഗമാണ്. മുഹൂർത്ത ശങ്കു സ്ഥാപിക്കുന്നതു തുടങ്ങി ഓരോ പ്രധാന ഘട്ടത്തിലും നിമി ത്തം നോക്കി ശുഭാശുഭങ്ങൾ നിർണയിക്കുവാൻ ശില്പിയെ സഹായിക്കുന്നത് നിമിത്തശാസ്ത്രമാണ്. മാത്രമല്ല നാരദസംഹിത ഉൾപ്പെടെ എല്ലാ ജ്യോതിഷ ഗ്രന്ഥങ്ങളും ഒന്നോ രണ്ടോ അധ്യായം വാസ്തുവിനെ പ്രതിപാദിക്കുവാൻ നീക്കിവച്ചിട്ടുണ്ട്. ബൃഹത് സംഹിത തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ വാസ്തുവിദ്യയ്ക്ക് ഗണ്യമായ സംഭാവനകൾ നല്കിയിട്ടുണ്ട്. ജ്യോതിഷംപോലെതന്നെ തച്ചുശാസ്ത്രത്തിന് ഒഴിച്ചുകൂടാത്ത ഒരു ശാസ്ത്രമാണ് തന്ത്രശാസ്ത്രം.
തച്ചുശാസ്ത്രവും തന്ത്രശാസ്ത്രവും
തിരുത്തുകഭൂപരിഗ്രഹം മുതൽ അനേകം താന്ത്രിക കർമങ്ങൾ ഗൃഹനിർമ്മാണത്തിന്റെ പല ഘട്ടങ്ങളിലായി നടക്കേണ്ടതുണ്ട്. ഇവയിൽ ഓരോ ഘട്ടത്തിലും സുമുഹൂർത്തത്തിൽ ഈശ്വരപ്രീതി വരുത്തിക്കൊണ്ടാണ് ഇവ നിർവഹിക്കുന്നത്. അതിനാൽ പൂജാദികൾ ചെയ്യുന്നതിൽ തച്ചുശാസ്ത്രജ്ഞന് അറിവുണ്ടായിരിക്കണം. മുഹൂർത്തശങ്കു സ്ഥാപിച്ചാൽ സാമവേദമന്ത്രം ജപിച്ചുവേണം ശങ്കു അഭിഷേകം ചെയ്യേണ്ടത്. ഗൃഹപ്രവേശത്തിനു മുൻപ് വാസ്തുബലിയും പഞ്ച ശിരസ്ഥാപനവും ചെയ്യുന്നത് ഗൃഹനിർമ്മാണത്തിലെ പിഴവുകൾക്ക് തന്ത്രം നല്കുന്ന പരിഹാരമാണ്. തച്ചുശാസ്ത്രവും തന്ത്രവും തമ്മിലുള്ള ദൃഢമായ ബന്ധത്തെ സൂചിപ്പിക്കുന്നതാണ്, കേരളീയനായ ചേന്നാസ് നാരായണൻ നമ്പൂതിരിയുടെ തന്ത്രസമുച്ചയം എന്ന പ്രശസ്തമായ ശില്പശാസ്ത്രഗ്രന്ഥം.
തച്ചുശാസ്ത്രത്തിന്റെ സംക്ഷിപ്ത ചരിത്രം
തിരുത്തുകമനുഷ്യാലയങ്ങളും ദേവാലയങ്ങളും നിർമ്മിക്കുന്നതിനുള്ള വിധികൾ ഉപദേശിക്കുന്ന തച്ചുശാസ്ത്രം കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിൽ ഒരിക്കലും വിമുഖത പ്രകടിപ്പിച്ചിട്ടില്ല. ഭാരതത്തിലെ എല്ലാ പ്രാദേശികരീതികളും ഉൾക്കൊള്ളുവാൻ തച്ചുശാസ്ത്രത്തിനു കഴിഞ്ഞിട്ടുണ്ട്. ധാരാളം വിദേശികൾ ഇവിടെ വന്ന് താവളമടിച്ച് തിരിച്ചു പോയിട്ടുണ്ട്. അവരുടെ ശൈലിയും ഉൾക്കൊള്ളുവാൻ തച്ചുശാസ്ത്രത്തിനായിട്ടുണ്ട്.
ഭാരതത്തിന്റെ ആദിമകാല അറിവുകൾ വേദങ്ങൾ എന്നു വിളിക്കപ്പെട്ടു. വേദങ്ങൾ വിഷയക്രമമനുസരിച്ച് പലതവണ വിഭജിക്കപ്പെടുകയും ക്രോഡീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ നടന്ന ക്രോഡീകരണത്തിൽ, ഋഗ്വേദത്തിന് ആയുർവേദവും യജുർവേദത്തിന് ധനുർവേദവും, സാമവേദത്തിന് ഗാന്ധർവവേദവും, അഥർവവേദത്തിന് സ്ഥാപത്യവേദവും ഉപവേദങ്ങളായി. സ്ഥാപത്യവേദമാണ് വാസ്തുശാസ്ത്രം അഥവാ തച്ചുശാസ്ത്രം. വാസ്തുശില്പം, ചിത്രം എന്നിവയാണ് സ്ഥാപത്യവേദത്തിന്റെ മൂന്ന് ശാഖകൾ. ബി.സി. രണ്ടായിരത്തോടുകൂടി മധ്യേഷ്യയിൽ നിന്നുവന്ന ആര്യവംശജരാണ് വേദകാലത്തെ വാസ്തുവിദ്യയുടെ പ്രണേതാക്കൾ. വാസ്തുവിദ്യയുടെ പ്രണേതാക്കളായ 18 ശില്പശാസ്ത്രോപദേശകരെക്കുറിച്ച് മത്സ്യപുരാണത്തിൽ പരാമർശമുണ്ട്. ഭൃഗു, അത്രി, വസിഷ്ഠൻ, വിശ്വകർമാവ്, മയൻ, നാരദൻ, നഗ്നജിത്ത്, വിശാലാക്ഷൻ, പുരന്ദരൻ, ബ്രഹ്മാവ്, കുമാരൻ, നന്ദീശൻ, ശൗനകൻ, ഭർഗൻ, വാസുദേവൻ, അനിരുദ്ധൻ, ശുക്രൻ, ബൃഹസ്പതി എന്നിവരാണ് ഇവർ.
ഭാരതീയ വാസ്തുവിദ്യ വൈദികകാലത്തിനു മുമ്പുതന്നെ പുഷ്കലമായിരുന്നു എന്ന് പില്ക്കാലത്ത് കണ്ടുകിട്ടിയിട്ടുള്ള ചില ഭഗ്നാവശിഷ്ടങ്ങളിൽ നിന്നു മനസ്സിലാക്കാം. സിന്ധു നദീതടങ്ങളി ലെ മോഹൻജദാരോ, ഹാരപ്പാ, ചുറുദാരോ എന്നിവിടങ്ങളിൽ വാസ്തുശാസ്ത്രം വികാസം പ്രാപിച്ചിരുന്നതിന് പുരാവസ്തു ശാസ്ത്രത്തെളിവുകളുണ്ട്. ദീർഘ ചതുരാകൃതിയിൽ പൂർവാദി നാലു ദിക്കുകളിൽ സംവിധാനം ചെയ്യപ്പെട്ട അധിവാസകേന്ദ്രങ്ങൾ, ഋജുവായ വീഥികൾ, പൊതുസ്ഥാപനങ്ങൾ എന്നിവ ഇതിൽ ഉണ്ടായിരുന്നു. ചുട്ട ഇഷ്ടിക, മണ്ണ് എന്നിവ ഉപയോഗിച്ചിരുന്നു. വൃത്തിയുള്ള സ്നാനാലയങ്ങളും മലിനജലം ഒഴിഞ്ഞു പോകുന്നതിനുള്ള ചാലുകളും ഗ്രാമങ്ങൾക്കുള്ള പ്രത്യേകതയായിരുന്നു. ബി.സി. രണ്ടായിരത്തിനു മുമ്പുള്ള ഈ കാലഘട്ടത്തെ പുരാതനകാലഘട്ടം എന്നു പറയാം.
തച്ചുശാസ്ത്രത്തിന്റെ വിവിധ ശൈലികൾ
തിരുത്തുകബുദ്ധ ശൈലി
തിരുത്തുകതച്ചുശാസ്ത്രത്തിന്റെ വികാസദശയിൽ അതതു കാലത്തെ മതങ്ങൾ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ബുദ്ധമതത്തിന്റെ സംഭാവന ഇതിൽ നിസ്തുലമാണ്. ബി.സി. 500 മുതൽ 250 വരെ ബുദ്ധശൈലിയുടെ സുവർണ കാലമായിരുന്നു. സ്തംഭങ്ങൾ, പാറയിൽ കൊത്തിയുണ്ടാക്കിയ ഗുഹകൾ, ചൈത്യശാലകൾ, വിഹാരങ്ങൾ എന്നിവ ഇവരുടെ സംഭാവനയാണ്. സാഞ്ചിയിലെ സ്തൂപവും സാരനാഥിലെ സ്തംഭവും ഇവയിൽ ശ്രദ്ധേയങ്ങളാണ്.
ഹൈന്ദവ ശൈലി
തിരുത്തുകഎ.ഡി. 4-ാം ശ.-ത്തിനുശേഷം ഹിന്ദുമതം വീണ്ടും ശക്തിയാർജിച്ചു. യവനശില്പികളുമായുള്ള സമ്പർക്കവും ശിലാശില്പത്തിൽ കൈവരിച്ച വൈദഗ്ദ്ധ്യവും ക്ഷേത്രങ്ങൾ നിർമ്മിക്കുന്നതിൽ പുതിയൊരു ശൈലിക്കു കാരണമായി. സഹസ്രാബ്ദങ്ങളോളം ഈ ശൈലി നിലനിന്നു. ഉത്തരേന്ത്യയിൽ ഗുപ്ത കാലഘട്ടത്തിന്റേയും ദക്ഷിണേന്ത്യയിൽ ചാലൂക്യന്മാരുടേയും പല്ലവന്മാരുടേയും കാലഘട്ടമായിരുന്നു ഇത്. കൊട്ടാരങ്ങളും പുരങ്ങളും ക്ഷേത്രങ്ങളും ഇക്കാലത്ത് ധാരാളമായി നിർമിതമായി.
ജൈന ശൈലി
തിരുത്തുകഎ.ഡി. 1000 മുതൽ 1300 വരെ ജൈന ശൈലിക്ക് വികാസം ലഭിച്ചു. ജൈനാരാധനാകേന്ദ്രങ്ങളെല്ലാം ജനവാസ കേന്ദ്രങ്ങളിൽനിന്ന് അകലെയാണ് കാണുന്നത്. തീർഥങ്കരന്മാരുടെ വിഗ്രഹങ്ങൾ ഇവരുടെ സവിശേഷതയാണ്. ദക്ഷിണേന്ത്യയിൽ ശ്രവണബൽഗോളയിലെ ഗോമടേശ്വര പ്രതിമ ഇന്നും വിസ്മയജനകമാണ്.
ഇസ്‌ലാമിക ശൈലി
തിരുത്തുകഎ.ഡി. 1200 മുതൽ 1900 വരെ ഇന്തോ-ഇസ്‌ലാമിക ശൈലിയുടെ കാലഘട്ടമാണ്. ഇസ്ലാ മിക ശൈലിയെ രാജകീയ ശൈലിയെന്നും മുഗൾ ശൈലിയെന്നും രണ്ടായി വിഭജിക്കാം. എ.ഡി. 1200 മുതൽ 1600 വരെ ദില്ലി ഭരിച്ച അഞ്ച് രാജവംശങ്ങളുടെ ശൈലി രാജകീയ ശൈലിയിൽ ഉൾപ്പെടുന്നു. അടിമ, കിൽജി, തുഗ്ളക്, സയ്യദ്, ലോദി എന്നിവയാണ് ഈ രാജവംശങ്ങൾ. മുഗൾ ശൈലി രൂപപ്പെടുന്നത് ഹുമയൂണിന്റെ വിധവയായ ഹാജിബേഗം പണിതീർത്ത ഹുമയൂണിന്റെ ശവകുടീരത്തോടെയാണ്. താജ്മഹലും ആഗ്രാ കോട്ടയും മുഗൾ ശൈലിയുടെ സംഭാവനയാണ്.
യൂറോപ്യൻ ശൈലി
തിരുത്തുക15-ാം ശ.-ത്തോടുകൂടി പോർച്ചു ഗീസുകാർ, ഡച്ചുകാർ, ഫ്രഞ്ചുകാർ, ഇംഗ്ലീഷുകാർ എന്നീ യൂറോ പ്യന്മാർ വ്യാപാരാവശ്യങ്ങൾക്കുവേണ്ടി ഇന്ത്യയിൽ വരികയും ക്രമേണ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. വീടുകളും ദേവാലയങ്ങളും കാര്യാലയങ്ങളും കോട്ടകളും ഇന്തോ-യൂറോപ്യൻ ശൈലിയിൽ നിർമിതമായത് ഇങ്ങനെയാണ്.
ആധുനിക ശൈലി
തിരുത്തുക19-ാം ശ.-ത്തിന്റെ രണ്ടാം പകുതിയിൽ ആധുനിക ശൈലി രൂപംകൊള്ളുന്നു. സിമന്റിന്റെ കണ്ടുപിടിത്തവും കോൺക്രീറ്റും ആധുനിക ശൈലിയിൽ വൻമാറ്റങ്ങൾ ഉണ്ടാക്കി. തള്ളിനില്ക്കുന്ന ബാൽക്കണികളും ചരിവില്ലാത്ത മേൽക്കൂരയും ടെറസ്സും പ്രചാരത്തിലായി. ആധുനിക എൻജിനീയറിങ്, കെട്ടിടനിർമ്മാണത്തിന്റെ ശൈലി തന്നെ മാറ്റി മറിച്ചു. ഫ്ളാറ്റുകളും ഫാക്ടറികളും വ്യാപാരസ്ഥാപനങ്ങളും കോൺക്രീറ്റ് കെട്ടിടങ്ങളുംകൊണ്ട് നഗരങ്ങൾ നിബിഡമായി. പ്രകൃതിയോട് ഇണങ്ങാത്ത ഇത്തരം കെട്ടിടങ്ങൾ ഒരു പാരിസ്ഥിതിക പ്രശ്നമായി മാറിയിട്ടുണ്ട്. ഈ തിരിച്ചറിവ് പുരാതന വാസ്തുവിദ്യയെ ആശ്രയിക്കുന്നതിനു പ്രേരകമായിട്ടുണ്ട്.
തച്ചുശാസ്ത്രം കേരളത്തിൽ
തിരുത്തുകകേരളത്തിൽ ചരിത്രാതീത ശിലായുഗത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സിന്ധുനദീതട സംസ്കാരത്തിന്റെ സമകാലീനമായ ഒരു ആദി ദ്രാവിഡ സംസ്കാരം ക്രിസ്തുവിനു മുമ്പ് 3000-നും 300-നും ഇടയ്ക്ക് ഇവിടെ നിലനിന്നിരുന്നതായി, മധ്യകേരളത്തിലെ ശിലാ സ്മാരകങ്ങളായ ചെങ്കല്ലിൽ വെട്ടിയെടുത്ത ശവക്കല്ലറകൾ, തൊപ്പിക്കല്ലുകൾ, കൂടക്കല്ലുകൾ എന്നിവ തെളിയിക്കുന്നു. ക്രിസ്തുവിനു മുമ്പ് 3-ാം ശ.-ത്തോടെ ബുദ്ധ-ജൈന മതങ്ങൾ കേരളത്തിൽ എത്തി. ആയിരം കൊല്ലത്തോളം ഈ സംസ്കാര ധാരകൾ തദ്ദേശിയധാരയുമായി കൂടിയും ഇടഞ്ഞും സഹവസിച്ചു. ഇന്ത്യയിൽ നിലനിന്ന വേസരം, ഗാന്ധാരം, ദ്രാവിഡം തുടങ്ങിയ ശൈലികളിൽ നിന്നു ഭിന്നമായ പല സവിശേഷതകളും കേരളീയ തച്ചുശാസ്ത്രത്തിനുണ്ട്. നേപ്പാളി സമ്പ്രദായത്തോട് കേരളീയ ശൈലിക്ക് കൂടുതൽ അടുപ്പമുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
6-ാം ശ.-ത്തോടുകൂടി ഈ സഹവാസത്തിന്റെ സ്വാധീനം വ്യക്തത കൈവരിച്ചതായിക്കാണാം. ബൗദ്ധസ്തൂപങ്ങളുടെ രീതിയിലുള്ള വൃത്ത വേദികാവേലിയെ അനുകരിക്കുന്ന വിളക്കുമാടങ്ങൾ, ചൈത്യശാലകളുടെ ആകൃതിയിലുള്ള ഗജപൃഷ്ഠ ക്ഷേത്രങ്ങൾ, ചൈത്യ ജാലകങ്ങളെ ഓർമിപ്പിക്കുന്ന മുഖപ്പുകൾ എന്നിവ ബൌദ്ധ-ജൈന ശൈലി കേരളീയ നിർമിതിയെ സ്വാധീനിച്ചതിന്റെ ഉദാഹരണങ്ങളാണ്.
ആഗമ തത്ത്വങ്ങളിലൂന്നിയ ക്ഷേത്രസ്ഥാപനവും ബിംബാരാധനയും നിഗമസിദ്ധാന്തങ്ങളിലധിഷ്ഠിതമായ യാഗാദികളും അനുഷ്ഠിക്കുന്നവർ വേദങ്ങളിലെ ദേവന്മാർക്കു മാത്രമല്ല, ദ്രാവിഡ മൂർത്തികൾക്കും ക്ഷേത്രങ്ങൾ നിർമിച്ച് ആരാധന നടത്തി. അയ്യപ്പനും മുത്തപ്പനും ചാത്തനും കാവുകളുണ്ടായി. 8-ാം ശ.-ത്തോടുകൂടി ജൈന-ബൗദ്ധമതങ്ങൾ കേരളത്തിൽ നിന്നു ബഹിഷ്കൃതമായി. പിന്നീടുള്ള ആയിരം വർഷങ്ങൾ കേരളത്തിൽ തനതായ നിർമ്മാണശൈലിയുടെ വികാസ ഘട്ടങ്ങളാണ്. ചേന്നാസ് നാരായണൻ നമ്പൂതിരിയുടെ തന്ത്രസമുച്ചയം, ശ്രീകുമാരന്റെ ശില്പരത്നം, അജ്ഞാതകർതൃകമായ വാസ്തുവിദ്യ, ശില്പിരത്നം, തിരുമംഗ നീലകണ്ഠൻ മൂസ്സതിന്റെ മനുഷ്യാലയചന്ദ്രിക, മനുഷ്യാലയവിധി എന്നീ തച്ചുശാസ്ത്ര ഗ്രന്ഥങ്ങൾ ഈ കാലഘട്ടത്തിന്റെ സംഭാവനയാണ്. കേരളീയ ശൈലിക്ക് സ്ഥിരപ്രതിഷ്ഠ നല്കുവാൻ ഈ ഗ്രന്ഥങ്ങൾ സഹായകമായി. സംസ്കൃതത്തിൽ രചിക്കപ്പെട്ട മയമതം കേരളീയ ശില്പകലയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
കേരളത്തിന്റെ നീണ്ട കടൽക്കര ധാരാളം വിദേശികൾക്ക് ഇവിടെ കടന്നുവരാനുള്ള കളമൊരുക്കി. ജൂതന്മാർ, റോമാക്കാർ, അറബികൾ, ചൈനക്കാർ തുടങ്ങി പല വിദേശികളും ക്രിസ്തുവിന് മുമ്പ് ഇവിടെ വന്നുപോയിരുന്നു. അവരുടെ സമ്പർക്കം കേരളത്തിലെ നിർമ്മാണശൈലിയെ പല പ്രകാരത്തിലും സ്വാധീനിച്ചിട്ടുണ്ട്. ജൂതസങ്കേതങ്ങളായ കൊച്ചി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ പണിത അവരുടെ ഗൃഹങ്ങൾ താഴെ ചരക്കുകൾ സംഭരിക്കുവാനും മുകളിൽ താമസിക്കുവാനും ഉള്ള തരത്തിലാണ് സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇവയിൽ കൊച്ചിയിലെ ജൂതപ്പള്ളിപോലെ ഏതാനും സ്മാരകങ്ങൾ മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ.
കേരളത്തിലെ ആദ്യകാല ഇസ്ലാമിക നിർമിതികൾ കേരളീയ ശൈലിയിൽത്തന്നെ ആയിരുന്നു. കൊടുങ്ങല്ലൂർ പള്ളി, കോഴിക്കോട്ടെ മിസ്കാൽ പള്ളി എന്നിവ ഇവയിൽപ്പെടും. താനൂരെ ജുമാ മസ്ജിദിന്റെ കവാടം ക്ഷേത്രഗോപുരം പോലെയാണ്. പള്ളിയുടെ അന്തർഭാഗം ഇസ്ലാമിക ശില്പങ്ങളാൽ അലംകൃതങ്ങളായിരുന്നു. പൊന്നാനി പള്ളിയിൽ മാത്രമേ കമാനങ്ങൾ കാണുന്നുള്ളൂ. കടൽമാർഗ്ഗം കേരളത്തിൽവന്ന മുസ്ലീങ്ങൾ അറബികളായിരുന്നു. വടക്കേ ഇന്ത്യയിൽ വന്ന പേർഷ്യക്കാരേയും തുർക്കികളേയുംപോലെ ഇവർ ആഡംബര പ്രിയരായിരുന്നില്ല. അതുകൊണ്ടുതന്നെ അവർ നിർമിച്ച പള്ളികൾ ഇസ്ലാമിക ലാളിത്യവും പ്രാദേശിക നിർമ്മാണസങ്കേതങ്ങളും ഒത്തിണങ്ങിയവയായിരുന്നു.
ആധുനിക കാലത്തെ ഇസ്ലാമിക നിർമിതികൾ ഉത്തരേന്ത്യൻ മുഗൾശൈലിയാണ് അനുകരിക്കുന്നത്. കുംഭാകൃതിയിലുള്ള മേൽപ്പുരയും കൂർത്ത കമാനങ്ങളും ജാലികളും ഇതിന്റെ ഭാഗമാണ്. എന്നാൽ ഗൃഹനിർമ്മാണ ശൈലിയിൽ അലിഞ്ഞുചേർന്ന ഇസ്ലാമിക ശൈലി മരംകൊണ്ടുള്ള ജാലികളും കെട്ടിടങ്ങളുടെ മുകൾനിലകളിലെ പ്രേക്ഷാജാലകങ്ങളുമാണ്. ഏകശാലകളും ചതുശ്ശാലകളും മുസ്ലീം ഭവനങ്ങൾക്കുണ്ട്.
ക്രിസ്ത്യാനികളും തുടക്കത്തിൽ കേരളീയ ശൈലിയിലാണ് പള്ളികൾ നിർമിച്ചത്. സിറിയയിൽ നിന്നും മറ്റും വന്ന സുറിയാനി ക്രിസ്ത്യാനികളാണ് വ്യാപകമായ തോതിൽ നിർമ്മാണം ആരംഭി ച്ചത്. അൾത്താരയും പ്രാർഥനാമണ്ഡപവും അടങ്ങിയ ദേവാലയ ശൈലിക്ക് തുടക്കം കുറിച്ചതിവരാണ്. പ്രാർഥനാമണ്ഡപത്തിന്റെ പുറത്ത് മട്ടച്ചുമർ മുഖപ്പും അതിനു മുകളിൽ കുരിശും പള്ളി ശൈലിയുടെ അവിഭാജ്യഘടകങ്ങളായി. മട്ടച്ചുമർ മുഖപ്പും മണിമാളികയും അൾത്താരയുടെ മേൽപ്പുരയും പ്രാർഥനാ മണ്ഡപത്തിന്റെ മേൽപ്പുരയുടെ മുകളിൽ പൊന്തിനില്ക്കുന്നതുകൊണ്ട് ഇത് ഹിന്ദു ക്ഷേത്രങ്ങളിലെ വിമാനങ്ങളുടെ പ്രതീതി ജനിപ്പിച്ചു.
പഴയ സുറിയാനി പള്ളികളിൽ പലതിലും പള്ളിയും അനുബന്ധ കെട്ടിടങ്ങളും ചുറ്റി പ്രാകാരങ്ങളുണ്ടായിരുന്നു. പ്രാർഥനാശാലയ്ക്കു മുന്നിൽ കരിങ്കൽ പീഠത്തിൽ സ്ഥാപിച്ച കുരിശ് പല പള്ളികളിലും കാണാം. വലിയ ബലിക്കല്ലിന്റെ സ്ഥാനത്തെ സൂചിപ്പിക്കുന്നതാണ് ഇത്. ചെങ്ങന്നൂർ പള്ളിയിൽ സെയ്ന്റ് പീറ്ററും സെയ്ന്റ് പോളും ദ്വാരപാലകസ്ഥാനത്തു നില്ക്കുന്നു. കുറവിലങ്ങാട്, കടുത്തുരുത്തി എന്നീ പള്ളികളും ഈ ശൈലിയിലുള്ളതാണ്.
സമൃദ്ധമായ മഴയും സൂര്യതാപവും കൊണ്ട് അനുഗൃഹീതമായ ഈ ഭൂമധ്യരേഖാപ്രദേശത്തിന്റെ പ്രകൃതിഭംഗി, പ്രകൃതിയോടിണങ്ങുന്ന ലളിതസുന്ദരമായ നിർമിതികളിലേക്ക് തച്ചന്മാരെ നയിച്ചിരിക്കുന്നു. ആറ് മാസത്തോളം തോരാതെ പെയ്യുന്ന കനത്ത മഴയിൽ നിന്ന് രക്ഷകിട്ടുവാൻ പാകത്തിൽ തള്ളിനില്ക്കുന്ന ഇറകളോടുകൂടിയ ചരിഞ്ഞ മേൽക്കൂര ഇവിടത്തെ കാലാവസ്ഥയ്ക്കു യോജിച്ചവിധം രൂപംകൊണ്ടതാണ്. ഈർപ്പം കയറാത്തവിധം ഉയരമുള്ള തറ, കാറ്റിൽ ചാഞ്ഞടിക്കുന്ന മഴയിൽ നിന്നും രക്ഷനേടുന്ന പൊക്കം കുറഞ്ഞ ചുമരുകൾ എന്നിവയും കാലാവസ്ഥയ്ക്കിണങ്ങിയ തരത്തിൽ സംവിധാനം ചെയ്തതാണ്. വേനൽച്ചൂടിൽ നിന്നു രക്ഷനേടുന്നതിന് അകത്ത് അധികം ചൂട് കടക്കാത്തവിധമുള്ള ചെറിയ ജനാലകൾ ഇവിടത്തെ പ്രത്യേകതയാണ്. പറമ്പിൽ ഒറ്റതിരിഞ്ഞു നില്ക്കുന്ന വീടുകൾ, കാറ്റിന്റെ ഗതിക്കനുലോമമായ മുറികളുടെ സംവിധാനം, നേർക്കുനേരെയുള്ള ജനാലകൾ, വാതിലുകൾ എന്നിവ എടുത്തു പറയാവുന്ന പ്രത്യേകതകളാണ്.
മണ്ണ്, കല്ല്, മരം, ഓല തുടങ്ങിയ ദ്രവ്യങ്ങൾ ഇവിടെ സുലഭമാണ്. മേൽമണ്ണു നീക്കി എളുപ്പത്തിൽ വെട്ടിയുണ്ടാക്കാവുന്ന ചെങ്കല്ല് വായുസമ്പർക്കം കൊണ്ട് ഉറപ്പു കൂട്ടുന്നു. ഇതാണ് ചുമരുകൾ ഉണ്ടാക്കുന്നതിന് ഏറ്റവും അധികം ഉപയോഗിക്കപ്പെട്ടത്. ചെങ്കല്ല് ദുർല്ലഭങ്ങളായ ഇടങ്ങളിൽ മണ്ണു കൊണ്ടുണ്ടാക്കുന്ന ഇഷ്ടികയും ഉപയോഗിക്കപ്പെട്ടു. മരത്തിൽ തീർത്ത ഭിത്തികളും നെല്ലറകളും ഇവിടെ ഒട്ടും കുറവായിരുന്നില്ല. മേൽപ്പുരയുടെ ചട്ടക്കൂടിന് മരം സർവസാധാരണമായി ഉപയോഗിക്കപ്പെട്ടു. അവയ്ക്കു മേലെ ഓല, ഓട്, ചെമ്പുതകിട് എന്നിവ മേയാൻ ഉപയോഗിച്ചു. ലഭ്യമായ പ്രാദേശിക വസ്തുക്കളിൽ യോജിച്ചവ തിരഞ്ഞെടുക്കുകയും ഉചിതമായ രീതിയിൽ ഉപയോഗിക്കുകയും ചെയ്തുകൊണ്ടുള്ള ഒരു മിശ്രനിർമ്മാണരീതിയാണ് കേരളത്തിൽ നിലനിന്നത്.
ഗൃഹനിർമ്മാണ ശൈലിയിൽ യൂറോപ്യൻ സ്വാധീനം പുതിയ ശൈലീരൂപങ്ങൾക്കു കാരണമായി. തള്ളിനില്ക്കുന്ന ബാൽക്കണികൾ, വാർപ്പ്, ഇരുമ്പഴികളുള്ള ജനാലകൾ, ഗ്രില്ലുകൾ എന്നിവ ഇങ്ങനെയുണ്ടായതാണ്. 19-ാം ശ.-ത്തിലെ ഇന്തോ-യൂറോപ്യൻ ശൈലി ഗ്രീക്ക്-റോമൻ ശൈലിയിൽ അധിഷ്ഠിതമായിരുന്നു. അതിന്റെ പ്രതിഫലനം കേരളത്തിലെ പല കെട്ടിടങ്ങളിലും ബംഗ്ളാവുകളിലും കാണാവുന്നതാണ്. തിരുവനന്തപുരത്തെ നേപ്പിയർ മ്യൂസിയം, ഗവൺമെന്റ് സെക്രട്ടറിയേറ്റ് മന്ദിരം എന്നിവ ഇതിന്റെ ഉദാഹരണങ്ങളാണ്.
തച്ചുശാസ്ത്രവും പാശ്ചാത്യ വാസ്തുവിദ്യയും
തിരുത്തുകപ്രാചീന യൂറോപ്യൻ വാസ്തുവിദ്യയുടെ അടിസ്ഥാനമനുസരിച്ച് അനുപാത പരിമാണം ഗൃഹനിർമ്മാണത്തിന്റെ അളവുകളിൽ ഏറ്റവും ലഘുവായ ഘടകമാണ്. പ്രാചീന ഗ്രീസിലും റോമിലും ശില്പകലയിലെ അനുപാത പരിമാണം കെട്ടിടത്തിന്റെ വ്യാസാർധമാണ്. ഡോറിക്, അയോണിക്, കൊറിന്തിയൻ മാതൃകകളിലുള്ള കെട്ടിടങ്ങളുടേയും അവയിൽ ഉള്ള കൊത്തുപണികളുടേയും പരിമാണ ഘടകവും ഇതുതന്നെയാണ്. വാതിലുകൾ, ജനാലകൾ എന്നിവ മുറികളുടെ വലിപ്പത്തോടു പൊരുത്തപ്പെടുവാൻ മുൻകൂട്ടി നിശ്ചയിച്ച നിലവാരങ്ങളാണ് അനുപാതങ്ങൾ. പരമ്പരാഗതമായ ജാപ്പനീസ് വാസ്തുവിദ്യ ഈ സങ്കല്പം ഉൾക്കൊണ്ടിരുന്നു. ഭാരതീയ വാസ്തുവിദ്യയും ആനുപാതിക പരിമാണമനുസരിച്ചാണ് ഗൃഹത്തിന്റേയും മുറികളുടേയും ദ്വാരങ്ങളുടേയും ജനാലകളുടേയും അളവ് നിശ്ചയിക്കുന്നത്.
സ്പാനിഷ് വാസ്തുശില്പത്തിലെ പോഷ്വോ ഇവിടത്തെ നാലുകെട്ടിലെ നടുമുറ്റത്തിനു സമാനമായതാണ്. അടിത്തറ ഉയർന്നതാകയാൽ നടുമുറ്റം ഇവിടത്തേതിനേക്കാൾ പൊങ്ങിയിരിക്കും എന്ന വ്യത്യാസമേയുള്ളു. വായുവും വെളിച്ചവും മാത്രമല്ല, കാലവർഷവേളയിലെ ഉന്മേഷപ്രദമായ വർഷപാതവും നടുമുറ്റത്ത് ലഭിക്കുന്നു.
കൊറിയയിൽ സില്ലാ ഭരണകാലത്തെ വാസ്തുവൈഭവം പ്രകടമാക്കുന്ന ഒരു സവിശേഷ നിർമിതിയാണ് ക്യോൻജൂവിലെ ചോം സൊങ് ദേവാന നിരീക്ഷണകേന്ദ്രം. സമചതുരാകൃതിയിലുള്ള അടിത്തറയിൽ പണിതുയർത്തിയ വൃത്താകാരമായ ഈ സ്തൂപമാതൃകയിലുള്ള കെട്ടിടത്തിന്റെ നെറുകയിൽ മുഖാമുഖം നോക്കിനില്ക്കുന്ന നാല് കൽത്തൂണുകൾ കാണാം. ബൌദ്ധകാലത്തെ സ്തൂപങ്ങളോടു കിടപിടിക്കുന്നതാണ് ഇത്. 634-ൽ പണിതീർത്ത പുൻവാഗ്സാ ക്ഷേത്രത്തിലെ കരിങ്കല്ലിൽ തീർത്ത വിഗ്രഹം മറ്റൊരദ്ഭുതമാണ്. പഗോഡ നിർമ്മാണരീതികൾ അക്കാലത്ത് സുലഭമായിരുന്നു.
പ്രാചീന ചൈനയിൽ തടി, അഗ്നി, ഭൂമി, ലോഹം, ജലം എന്നീ അടിസ്ഥാന ഘടകങ്ങളെ മുൻനിറുത്തിയാണ് വാസ്തുവിദ്യ വികസിച്ചത്. സൂര്യനുമായി ബന്ധപ്പെട്ടു നില്ക്കുന്ന കിഴക്ക് മേഖല സമൃദ്ധിയുടെ പ്രതീകമാണ്. ഭാരതവും സൂര്യനെയാണ് ഊർജ സ്രോതസ്സായി കണക്കാക്കിയത്. കിഴക്ക് ദർശനമുള്ള ഗൃഹം ശ്രേഷ്ഠമാകുന്നത് ഇങ്ങനെയാണ്.
ശാസ്ത്രമെന്ന നിലയിൽ തച്ചുശാസ്ത്രത്തിന്റെ സവിശേഷത
തിരുത്തുകതച്ചുശാസ്ത്രം അനേകായിരം വർഷങ്ങൾകൊണ്ട് രൂപപ്പെട്ടതും അനുദിനം വളർന്നുകൊണ്ടിരിക്കുന്നതുമായ ഒരു ശാസ്ത്രമാണ്. ആദിമ തച്ചുശാസ്ത്രഗ്രന്ഥം എന്നു വിശേഷിപ്പിക്കപ്പെടുന്നത് ശുല്ബസൂത്രത്തെയാണ്. കാത്യായനൻ, ബൌധായനൻ എന്നീ പണ്ഡിതരാണ് ശുല്ബസൂത്രത്തിന്റെ ഉപജ്ഞാതാക്കൾ. വെള്ളംപോലെ സമനിരപ്പ് (level) പാലിക്കുന്ന മറ്റൊന്നുമില്ല; സൂത്രം അഥവാ ചരടുപോലെ നേർരേഖയിൽ (straight) നില്ക്കുന്ന മറ്റു വസ്തുവില്ല; ഭ്രമണത്തേക്കാൾ (circular rotation) ദൂരമുള്ള മറ്റൊന്നില്ല; വൃത്തത്തേക്കാൾ കൃത്യതയുള്ള (accuracy) ഒന്നുമില്ല എന്ന് സിദ്ധാന്തിച്ചത് ഇവരാണ്.
വെള്ളം സമനിരപ്പു പാലിക്കുന്നു എന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടങ്ങൾ കെട്ടിയുയർത്തുന്നതിനുള്ള തമന യന്ത്രം രൂപകല്പന ചെയ്തിട്ടുള്ളത്. ഇന്ന് ട്രാൻസ്പരന്റ് പ്ലാസ്റ്റിക് പൈപ്പിൽ വെള്ളം നിറച്ച് രണ്ടറ്റത്തേയും വിതാനം നോക്കി ലവൽ ശരിയാക്കുന്നത് 'നജലാത് സമവന്യത്തു' എന്ന ശുല്ബസൂത്ര സിദ്ധാന്തത്തിന്റെ ആവിഷ്കാരമാണെന്നു പറയാം. ജലമുപയോഗിച്ചുണ്ടാക്കിയ തമനയന്ത്രം, ജലം കൊണ്ടുനടക്കാതെ ഉപയോഗിക്കുവാൻ പറ്റിയ ഒന്നായിരുന്നു.
ഗൃഹനിർമ്മാണത്തിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന മറ്റൊരു ഉപകരണമാണ് ചരട്. രണ്ടറ്റത്ത് സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഒരു ചരട് വലിച്ചു കെട്ടിയാൽ അത് ഋജുരേഖയായി. വേദിക നിർമ്മിക്കുമ്പോഴും ഭിത്തി കെട്ടുമ്പോഴും ഇന്നും കൽപ്പണിക്കാർ ഈ ചരടുതന്നെയാണ് ഉപയോഗിക്കുന്നത്. ലംബം നോക്കുന്ന തൂക്കുകട്ടയിലും ചരട് അനിവാര്യമാണ്. 'നാന്യത് സൂത്രാഭൃജുർ ഭവേത്' എന്ന ശുല്ബസൂത്ര സിദ്ധാന്തം ഇപ്പോഴും ശാസ്ത്രീയമായി നിലനില്ക്കുന്നു. വാസ്തുരാജവല്ലഭം എന്ന വാസ്തുശാസ്ത്രഗ്രന്ഥത്തിൽ വിശ്വകർമാവിന്റെ ധ്യാനശ്ളോകം തുടങ്ങുന്നത് 'കബാസൂത്രംപുപാത്രം വഹതികരതേ' എന്നു പറഞ്ഞുകൊണ്ടാണ്. ഒരു കയ്യിൽ ചരടും മറ്റേ കയ്യിൽ ജലം നിറച്ച പാത്രവുമുള്ള വിശ്വകർമാവിനെയാണ് ഇവിടെ വന്ദിക്കുന്നത്. രണ്ട് തച്ചുശാസ്ത്ര സിദ്ധാന്തങ്ങളാണ് ഇവിടെ പരാമർശിതമാകുന്നത്.
ത്രികോണാകൃതിയിലുള്ള മേൽക്കൂരയും ജ്യാമിതീയ ഗണിതങ്ങളും ലോകത്തിനു സംഭാവനകൾ നല്കിയത് തച്ചുശാസ്ത്ര മാണ്. ഭൂപ്രകൃതി, പരിസ്ഥിതി, കാലാവസ്ഥ, ആകാശഗോളങ്ങളുടെ സ്വാധീനം, ഭൂമിയുടെ കാന്തികക്ഷേത്രം, സ്പേയ്സ് എനർജി എന്നിവ സസൂക്ഷ്മം പഠിച്ച് ശാസ്ത്രീയമായി വിശകലനം ചെയ്തു തയ്യാറാക്കിയ പ്രായോഗിക സിദ്ധാന്തങ്ങളാണ് തച്ചുശാസ്ത്രം. ഇന്ന് ടൗൺപ്ലാനിങ് എന്നു വിശേഷിപ്പിക്കുന്ന നഗരാസൂത്രണം തച്ചുശാസ്ത്രത്തിന് അജ്ഞാതമായിരുന്നില്ല. വിവിധതരം ജനവാസ കേന്ദ്രങ്ങളുടെ വർഗീകരണം, ഉപയോഗം എന്നിവയെ സംബന്ധിച്ച് മാനസാരം സമഗ്രമായി പ്രതിപാദിക്കുന്നുണ്ട്. ഗ്രാമങ്ങൾ, മഹാഗ്രാമങ്ങൾ, നഗരങ്ങൾ എന്നിവയുടെ മാതൃകകൾ, അളവുകൾ എന്നിവയ്ക്ക് നിയമങ്ങളുണ്ട്. ഗ്രാമം, ഖേടകം, ഖാർവടികം, ദുർഗം, നഗരം എന്നിങ്ങനെ അധിവാസകേന്ദ്രങ്ങളെ അഞ്ചായി വിഭജിച്ചിട്ടുണ്ട്. സാധാരണ ഗ്രാമത്തിന്റെ നാലിരട്ടി വിസ്തൃതിയുള്ളത് മഹാഗ്രാമമാണ്. ദണ്ഡകം, സർവതോഭദ്രം, നന്ത്യാവർത്തം, പദ്മകം, സ്വസ്തികം, പ്രസ്തരം, കാർമുകം, ചതുർമുഖം എന്നിങ്ങനെ നഗരവിധാനം എട്ടായി തരംതിരിച്ചിട്ടുണ്ട്.
ആചാരങ്ങളാൽ ദുഷിച്ചുപോയതും യുക്തിരഹിതവുമായ ഏതാനും വിശ്വാസങ്ങൾ പ്രാദേശികമായി തച്ചുശാസ്ത്രത്തിൽ ഉണ്ടായെന്നു വരാം. തച്ചുശാസ്ത്രവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പ്രത്യക്ഷത്തിൽ അന്ധവിശ്വാസമാണെന്നു തോന്നിയേക്കാം. എന്നാൽ ശാസ്ത്രീയമായി പരിശോധിച്ചാൽ അന്ധവിശ്വാസമല്ല എന്നു ബോധ്യപ്പെടുന്നതും യുക്തിഭദ്രവുമായ കാര്യങ്ങളാണ് തച്ചുശാസ്ത്രത്തിലുള്ളത്.
അവലംബം
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തച്ചുശാസ്ത്രം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |