ചേരമാൻ പെരുമാൾ നായനാർ

മഹോദയപുരം ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന രാജാവ്

മഹോദയപുരം (കൊടുങ്ങല്ലൂർ) ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന രാജശേഖര വർമ്മൻ ഇംഗ്ലീഷ്: Rama Rajasekhara (fl. 870/71–c. 883/84 AD) എന്നറിയപ്പെടുന്ന ചേരവംശജനായ രാജാവാണ് ചേരമാൻ പെരുമാൾ. [1] ഇദ്ദേഹം രണ്ടാം ചേര സാമ്രാജ്യത്തിലെ രണ്ടാമത്തെ രാജാവായിരുന്നു. ചേരമാൻ പെരുമാൾ നായനാർ ദക്ഷിണേന്ത്യൻ മത ചരിത്രത്തിൽ ഉന്നതമായ സ്ഥാനം വഹിച്ചിരുന്നു. ചെക്കീഴാരുടെ പെരിയപുരാണം എന്ന പുസ്തകത്തിൽ നിന്നാണ് ഇദ്ദേഹത്തെ പറ്റിയുള്ള അറിവുകൾ പ്രധാനമായും ലഭിക്കുന്നത്. അദ്ദേഹം മുഹമ്മദ്‌ നബിയുടെ കാലത്ത് മക്കയിൽ ചെന്ന് ഇസ്ലാം മതം സ്വീകരിച്ച് താജുദീൻ എന്ന പേര് സ്വീകരിച്ചു തിരിച്ചു വരും വഴി ഒമാനിലെ സലാലയിൽ വച്ച് മരണപെടുകയും ചെയ്തു. [അവലംബം ആവശ്യമാണ്] ഇന്നും അദ്ദേഹത്തിന്റെ ശവകുടീരം അവിടെ പോയാൽ കാണാം.63 നായനാർമാരെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് പെരിയപുരാണം. എന്നാൽ ചേരമാൻ പെരുമാൾ നായനാരുടെ അച്ഛൻ കുലശേഖര പെരുമാൾ പേരുകേട്ട ഒരു വൈഷ്ണവ മുനിയായിരുന്നു.[2] ചങ്ങനാശ്ശേരി വാഴപ്പള്ളി മഹാശിവക്ഷേത്രം ഇദ്ദേഹത്തിന്റെ കാലത്താണ് പുനരുദ്ധരിച്ചത്. കേരളത്തിൽ നിന്നും കണ്ടെടുത്തിട്ടുള്ളതിൽ ഏറ്റവും പഴയ ചരിത്ര രേഖയായ വാഴപ്പള്ളി ശാസനം ഇദ്ദേഹത്തിന്റെ പേരിലാണ്.

രാജശേഖരവർമ്മ
(ചേരമാൻ പെരുമാൾ)
രണ്ടാം ചേരരാജവംശ രാജാവ്
ഭരണകാലം ക്രി. വ 820- 844
മുൻഗാമി കുലശേഖര ആഴ്‌വാർ
പിൻഗാമി സ്ഥാണുരവിവർമ്മ

ചരിത്രം

തിരുത്തുക

പിതാവ് കുലശേഖര ആഴ്‌വാർ ചോളവംശജനായിരുന്നു, മാതാവ് ചേരവംശജയാണ്‌.[2] ജനിച്ചത് കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളത്ത്. ക്ഷേത്രപരിസരത്തു തന്നെയാണ് അദ്ദേഹം സിംഹാസനരൂഢനായതിനുശേഷവും ചിലവഴിച്ചിരുന്നത്. അത്രയ്ക്കും തികഞ്ഞ ശിവഭക്തനായിരുന്നു അദ്ദേഹം. മുഴുവൻ സമയവും ശിവപൂജയിൽ മുഴുകിയിരുന്ന അദ്ദേഹം ചിദംബരത്തെ നടരാജമൂർത്തി തന്നെയാണ് തിരുവഞ്ചിക്കുളത്തെ ശിവ പ്രതിഷ്ഠ എന്നു വിശ്വസിച്ചിരുന്നു. എല്ലാ ദിവസവും പൂജയുടെ അന്ത്യത്തിൽ ചിദംബരത്തിൽ നടനമാടുന്ന ശിവഭഗവാൻറെ ചിലമ്പൊലി അദ്ദേഹം കേൾ‍ക്കുമായിരുന്നു എന്നു ചേക്കിഴാർ വർണ്ണിക്കുന്നു. ഒരിക്കൽ ചാരം കൊണ്ട് ദേഹം മൂടിയ ഒരു അലക്കുകാരന്റെ കാൽക്കൽ - അയാളെ വിഭൂതിയണിഞ്ഞ ശിവപെരുമാളായി തനിക്കു ദർശിക്കാൻ കഴിഞ്ഞതുകൊണ്ട് - അദ്ദേഹം വീണു നമസ്കരിക്കുകയുണ്ടായി.[3]

ഒരിക്കൽ പൂജക്കുശേഷം താൻ സ്ഥിരം അനുഭവിച്ചിരുന്ന ചിലമ്പൊലി ശബ്ദം കേൾക്കാതെ വരികയും അത് ശിവഭഗവാന് തന്നോടു തോന്നിയ അനിഷ്ടം മൂലമെന്ന് കരുതി ജീവിതം അവസാനിപ്പിക്കാനൊരുങ്ങിയ അദ്ദേഹത്തിൻറെ മുന്നിൽ സക്ഷാൽ പരമശിവൻ പ്രത്യഷപ്പെട്ടെന്നും ചേക്കീഴാർ വിവരിക്കുന്നു. സുന്ദരമൂർത്തിയുടെ പാട്ടിൽ ലയിച്ചു പോയതിനാലാണ് താൻ നടനം മറന്നു പോയതെന്നു ശിവൻ അരുളിച്ചെയ്ത് ചേരമാൻ പെരുമാളിനെ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിച്ചു. ഈ സംഭവം നായനാരിൽ ശിവക്ഷേത്ര ദർശനം നടത്തുന്നതിനും, സുന്ദരമൂർത്തിയെ കണ്ടു വണങ്ങുന്നതിനും ആഗ്രഹം ജനിപ്പിച്ചുവത്രെ.

കേരളോല്പത്തിയിൽ നിന്ന്

തിരുത്തുക
പ്രധാന ലേഖനം: കേരളോല്പത്തി
 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ കേരളോല്പത്തി എന്ന താളിലുണ്ട്.

പതിനേഴാം നൂറ്റാണ്ടോടെ ഉണ്ടായ "കേരളോല്പത്തി" എന്ന കൃതിയിൽ പെരുമാക്കന്മാരെ പറ്റി പ്രതിപാദിക്കുന്നുണ്ട്. ഇതിന്റെ കർത്താവ് ആരെന്ന് കൃത്യമായി അറിവില്ല. നാലു "തൊപ്പിയിട്ടവരെ" - പറങ്കികൾ (portugese)‍, പരന്ത്രീസുകാർ (french), ലന്തക്കാർ(dutch)‍, ഇംഗ്ലീഷുകാർ(english) - കുറിച്ച് അതിൽ പരാമർശിക്കുന്നുണ്ട്. കേരളചരിത്രരചനാശ്രമങ്ങളിൽ ആദ്യത്തേതെന്ന പ്രാധാന്യം ഇതിന്നുണ്ട്. അതിൽ ചേരമാൻ പെരുമാളെപറ്റിയും പറയുന്നുണ്ട്.

ചേരന്മാൻ പെരുമാളെപറ്റി കേരളോല്പത്തി പറയുന്നത് അദ്ദേഹം പരദേശങ്ങളിൽ നിന്ന് കേരളീയർ കൊണ്ടുവന്നിരുന്ന താൽക്കാലിക ഭരണാധികരികളുടെ നിരയിൽ അവസാനത്തെ ആൾ എന്നാണു. തങ്ങൾക്കിടയിൽ നിന്നു തന്നെ ഒരാളെ ഭരണാധികാരിയാക്കാൻ അവർക്കുണ്ടായിരുന്ന തടസ്സം അവർക്കിടയിലെതന്നെ അധികാരവടംവലികൾ കൂടി ആകാമെങ്കിലും മറ്റു പ്രദേശങ്ങളിൽ വികസിച്ചു കഴിഞ്ഞ ഭരണസമ്പ്രദായങൾ ഇവിടേയും പെട്ടെന്നു തന്നെ പ്രയോഗക്ഷമമാക്കാം എന്ന ഒരു ഉദ്ദേശം കൂടി അതിനുണ്ടായിരുന്നിരിക്കും. ക്രിസ്തുവർഷം ആദ്യ ശതകങ്ങളിലാൺ ഇവർ കേരളചരിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഭരണാധികാരികളായി ഓരോ വ്യാഴവട്ടക്കാലത്തേക്ക് നിയുക്തരായവർ പെരുമാക്കന്മാർ എന്ന് അറിയപ്പെട്ടു. ഇവരിൽ ആദ്യത്തെ പെരുമാൾ കേയ ദേശത്തു നിന്നു വന്നതുകൊണ്ട് കേയ പെരുമാൾ എന്നറിയപ്പെട്ടു. ആകെ ഇരുപത്തൊന്നു പെരുമാക്കന്മാർ കേരളം ഭരിച്ചിട്ടുള്ളതായി ഈ കൃതിയിൽ പറയുന്നുണ്ട് . അതിൽ ഒരു വ്യാഴവട്ടക്കാലം ഭരണം തികയ്ക്കാതിരുന്നവരുമുണ്ട്. കേരളത്തിൽത്തന്നെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണു ഇവരൊക്കെ ഭരണം നടത്തിയിരുന്നത്. അവസാനത്തെ ആളായ ചെരമാൻ പെരുമാൾ കർണാടകത്തിലെ ആനഗുന്ദിയിൽ നിന്നുള്ളയാളായിരുന്നു. ഏറെ ജനപ്രിയനായ ഭരണാധിപനായിരുന്നതുകൊണ്ട് അദ്ദേഹത്തെ മൂന്ന് ഊഴക്കാലത്തേക്ക് ഭരണം നടത്താൻ കേരളീയർ തിരഞ്ഞെടുത്തു. അങ്ങനെ മുപ്പത്തിയാറുകൊല്ലം കേരളം ഭരിച്ച ഇദ്ദേഹം ഭരണഭാരമൊഴിഞു വിദേശയാത്രക്കു പോകും മുൻപ് തന്റെ നാട് മുഴുവൻ ഇവിടത്തെ സാമന്തന്മാർക്ക് ഭാഗിച്ചുകൊടുത്തു. ആ സമയത്ത് "ചത്തും കൊന്നും അടക്കിക്കൊൾക" എന്നും പറഞ്ഞ് സ്വന്തം വാൾ കുന്നലക്കോനാതിരിക്കും പരിച വള്ളുവക്കോനാതിരിക്കും നൽകി എന്നും കേരളോല്പത്തി പറയുന്നു.[4]

കുറിപ്പുകൾ

തിരുത്തുക
  1. Narayanan, M. G. S. Perumāḷs of Kerala. Thrissur (Kerala): CosmoBooks, 2013. 64-66, 88-95, 107.
  2. 2.0 2.1 എ. ശ്രീധരമേനോൻ, കേരള ചരിത്ര ശില്പികൾ.1988. ഏടുകൾ 48,49. സഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം കേരള.
  3. ശ്രീ സ്വാമി ശിവാനന്ദ (1999). "SIXTY-THREE NAYANAR SAINTS" (HTML). dlshq.org (in ഇംഗ്ലീഷ്). THE DIVINE LIFE SOCIETY. Archived from the original on 2014-10-28. Retrieved 28 ഒക്ടോബർ 2014. {{cite web}}: |chapter= ignored (help)
  4. സാമോരിൻസ് ഓഫ് കലിക്കറ്റ് - കെ.വി. കൃഷ്ണയ്യർ‍, പേജ് 53 - 61, 308-309
"https://ml.wikipedia.org/w/index.php?title=ചേരമാൻ_പെരുമാൾ_നായനാർ&oldid=3631573" എന്ന താളിൽനിന്ന് ശേഖരിച്ചത്