സി.പി.എം. നേതാവായ എം.ആർ. വെങ്കിട്ടരാമന്റെ അനന്തരവൻ മുഖേന ഡൽഹിൽ എത്തിയ എം.ബി.എസ്. പ്രശസ്ത സി.പി.ഐ. നേതാവ് എ.കെ. ഗോപാലന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിക്കാനവസരം ലഭിച്ചു.
ഡൽഹിയിലായിരുന്ന ഇക്കാലത്ത് ഇന്ത്യൻ പീപ്പിൾസ് അസോസിയേഷനിൽ അംഗമായ അദ്ദേഹത്തിന് രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ പ്രാദേശിക സംഗീതവുമായി അടുത്ത് പരിചയപ്പെടാൻ ഇതുമൂലം അവസരം ലഭിച്ചു.
ഇക്കാലത്ത് കാശ്മീരി മുസ്ലീം കുടുംബാംഗമായ സഹീദ കിച്ച്ലുവും എം.ബി.എസും പ്രണയബദ്ധരായി. പ്രശസ്ത സ്വാതന്ത്ര്യ സമര നേതാവ് സൈഫുദ്ദീൻ കിച്ച്ലുവിന്റെ മകളായിരുന്നു സഹീദ കിച്ച്ലു[1]. ജവഹർലാൽ നെഹ്രുവിന്റെ ആശീർവാദത്തോടെ അവർ വിവാഹിതരായി. 1957-ലായിരുന്നു വിവാഹം. എം.ബി.എസ്.-സഹീദ ദമ്പതികൾക്ക് കബീർ എന്ന പേരിൽ ഒരു മകനുണ്ടായിരുന്നു. അച്ഛനെപ്പോലെ സംഗീതത്തിൽ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന കബീർ, പക്ഷേ പിന്നീട് മയക്കുമരുന്ന് ഉപയോഗത്തിന് അടിമയാകുകയും സ്കിസോഫ്രീനിയ ബാധിതനാകുകയുമായിരുന്നു.
കർണ്ണാടിക് സംഗീതത്തിലും ഹിന്ദുസ്താനിയിലും പാശ്ചാത്യ സംഗീതത്തിലും അറിവ് സമ്പാദിച്ച എം.ബി.എസ്. 1959-ഓടെ സിനിമാസംഗീതത്തിലേക്ക് പ്രവേശിച്ചു. തമിഴ് സിനിമയിലായിരുന്നു തുടക്കം. തമിഴിൽ ഏകദേശം ഒമ്പതോളം സിനിമകൾക്ക് സംഗീതം പകർന്നു.
പിന്നീട് രണ്ടുവർഷങ്ങൾക്ക് ശേഷം മലയാള സിനിമാഗാനലോകത്താണ് എം.ബി.എസിന്റെ പ്രശസ്തങ്ങളായ സൃഷ്ടികൾ ഉണ്ടായത്. 1961-ൽ പുറത്തിറങ്ങിയ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യം അദ്ദേഹം സംഗീതം പകർന്നത്. പി. ഭാസ്കരനായിരുന്നു രചന. അതിനുശേഷം കാൽപ്പാടുകൾ എന്ന ചിത്രത്തിനും അദ്ദേഹം സംഗീതം നൽകിയിരുന്നു. എന്നാൽ ആദ്യം പുറത്തിറങ്ങിയത് മൂന്നാമത്തെ ചിത്രമായിരുന്ന സ്നേഹദീപമാണ്. ഇവയിലും പി. ഭാസ്കരൻ തന്നെയായിരുന്നു ഗാനരചന. മലയാളി അല്ലാതിരുന്നിട്ടും വരികൾ എഴുതിയ ശേഷമാണ് അദ്ദേഹം സംഗീതം ചെയ്തിരുന്നത്. വരികളുടെ പ്രാധാന്യം നഷ്ടപ്പെടാതെ അർത്ഥത്തെ അങ്ങേയറ്റം ബഹുമാനിച്ചുകൊണ്ടുള്ള ലളിതമായ സംഗീത ശൈലിയാണ് അദ്ദേഹത്തിന്റെ ഒട്ടു മിക്ക ഗാനങ്ങളിലും ഉപയോഗിച്ചിട്ടുള്ളത്. എം.ബി.എസിന്റെ സംഗീതത്തിൽ കവിത തുളുംബുന്ന ഒട്ടേറെ ഗാനങ്ങൾ അക്കാലത്ത് മലയാളചലച്ചിത്രങ്ങളിൽ ഉണ്ടായിരുന്നു. 'ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന...' എന്ന് തുടങ്ങുന്ന ഗാനം അതി പ്രശസ്തമാണ്.
എം.ബി.എസിന്റെ പ്രശസ്തങ്ങളായ മിക്ക ഗാനങ്ങളും ഒ.എൻ.വി. യുമായുള്ള കൂട്ടുകെട്ടിൽ പിറന്നവയാണ്. 'ഒരു വട്ടം കൂടി...' (ചില്ല്), നിറങ്ങൾ തൻ നൃത്തം..(പരസ്പരം), ചെമ്പക പുഷ്പ...(യവനിക), എന്റെ കടിഞ്ഞൂൽ പ്രണയകഥയിലെ...(ഉൾക്കടൽ) എന്നിവ അവയിൽ ചിലതാണ്.
ഗാനങ്ങൾക്ക് പുറമേ പശ്ചാത്തലസംഗീത രംഗത്തും അദ്ദേഹത്തിന്റെ സംഭാവന ശ്രദ്ധേയമാണ്. അനാവശ്യമായി സംഗീതം ഉപയോഗിക്കാതെ രംഗങ്ങൾക്കനുസരിച്ചുള്ള ലളിതമായ വാദ്യോപകരണങ്ങൾ ഉപയോഗിച്ചുള്ള ശൈലിയാണ് എം.ബി.എസിന്റേത്. സമാന്തര സിനിമയുടെ വക്താക്കളിൽ പെട്ട അടൂർ, എം.ടി. വാസുദേവൻ നായർ, കെ.ജി. ജോർജ്, ലെനിൻ രാജേന്ദ്രൻ, മോഹൻ, ഹരിഹരൻ എന്നിവർ തങ്ങളുടെ സിനിമകളിൽ എം.ബി.എസിന്റെ സംഗീതം ഉപയോഗിച്ചിട്ടുണ്ട്.
പ്രശസ്ത ഗായകൻ കെ.ജെ. യേശുദാസിനെ പിന്നണിഗാനരംഗത്ത് അവതരിപ്പിച്ചത് എം.ബി.എസ് ആണ്. 1961-ൽ കാൽപ്പാടുകൾ എന്ന ചിത്രത്തിലെ എം.ബി.എസിന്റെ സംഗീതത്തിലുള്ള 'ജാതിഭേദം മതദ്വേഷം..' എന്നു തുടങ്ങുന്ന ഗാനമാണ് യേശുദാസിന്റെ ആദ്യ ഗാനം. എല്ലാ ഗായകർക്കും അദ്ദേഹം അവസരം കൊടുത്തിട്ടുണ്ടെങ്കിലും യേശുദാസും എസ്. ജാനകിയുമാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് കൂടുതലും ശബ്ദം പകർന്നത്.
ജോൺ എബ്രഹാമിന്റെ അഗ്രഹാരത്തിൽ കഴുതൈ എന്ന ചിത്രത്തിലൂടെ അഭിനയത്തിലും കൈവച്ച എം.ബി.എസ്. കന്യാകുമാരി എന്ന ചിത്രത്തിൽ തന്റെ ഒരു ഗാനത്തിന് വരികൾ എഴുതിയിട്ടുമുണ്ട്.