കുമാരനാശാൻ

കാല്പനികവസന്തത്തിനു തുടക്കംകുറിച്ച മലയാളകവി

മലയാളകവിതയുടെ കാല്പനികവസന്തത്തിനു തുടക്കംകുറിച്ച കവിയാണ്‌, എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയസാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾവരുത്തുവാൻ സഹായകമായി. ഉള്ളൂർ, വള്ളത്തോൾ എന്നിവരോടൊപ്പം ആധുനിക കവിത്രയത്തിലെ ഒരാളായി കുമാരനാശാനെ കണക്കാക്കുന്നു. ആശയഗംഭീരൻ, സ്നേഹഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളായി പറയാറുണ്ട്.

എൻ. കുമാരനാശാൻ
കുമാരനാശാൻ ഇന്ത്യ പുറത്തിറക്കിയ തപാൽസ്റ്റാമ്പിൽ
കുമാരനാശാൻ
ഇന്ത്യ പുറത്തിറക്കിയ തപാൽസ്റ്റാമ്പിൽ
ജനനം(1873-04-12)12 ഏപ്രിൽ 1873
അഞ്ചുതെങ്ങ് കായിക്കര, തിരുവനന്തപുരം
മരണം16 ജനുവരി 1924(1924-01-16) (പ്രായം 50)
പല്ലന
തൊഴിൽകവി, തത്ത്വജ്ഞാനി.
ആധുനിക കവിത്രയം

ജനനം, ബാല്യം

1873 ഏപ്രിൽ 12-ന്‌ ചിറയിൻകീഴ്‌ താലൂക്കിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്‌, കുമാരു (കുമാരനാശാൻ) ജനിച്ചത്‌. അച്ഛൻ നാരായണൻ പെരുങ്ങാടി, മലയാളത്തിലും തമിഴിലും നിപുണനായിരുന്നു. അദ്ദേഹം ഈഴവസമുദായത്തിലെ ഒരു പ്രമുഖനായിരുന്നു. പ്രധാനതൊഴിൽ കച്ചവടമായിരുന്നെങ്കിലും നാട്ടുകാര്യങ്ങളിലും അദ്ദേഹം ശ്രദ്ധപതിപ്പിക്കുകയും മലയാളത്തിൽ കീർത്തനങ്ങൾ രചിക്കുകയും അവ മനോഹരമായി ആലപിക്കുകയും ചെയ്യുമായിരുന്നു. അമ്മ കാളിയമ്മ, ഈശ്വരഭക്തയായ കുടുംബിനിയായിരുന്നു. പുരാണേതിഹാസങ്ങളിലൊക്കെ അവർക്കു നല്ല അവഗാഹമുണ്ടായിരുന്നു. ചെറുപ്പത്തിൽ വല്ലാത്ത കുസൃതിയായിരുന്നു കുമാരു. കുമാരുവിനെ അടക്കിനിറുത്താൻ അമ്മയുടെ പൊടിക്കൈയായിരുന്നു പുരാണകഥപറയൽ. അച്ഛനാലപിക്കുന്ന കീർത്തനങ്ങൾകേട്ട്, കുമാരു ലയിച്ചിരിക്കുമായിരുന്നു. വലുതാകുമ്പോൾ, അച്ഛനെപ്പോലെ താനും കവിതകളെഴുതുമെന്ന്, കൊച്ചുകുമാരു പറയുമായിരുന്നു. ഒമ്പതു മക്കളുള്ള കുടുംബത്തിലെ രണ്ടാമത്തെ മകനായിരുന്നു കുമാരൻ. കുമാരുവിനു കഥകളിയിലും ശാസ്ത്രീയസംഗീതത്തിലുമുള്ള താല്പര്യം, അച്ഛനിൽനിന്നു ലഭിച്ചതാണ്. ബാല്യകാലത്ത്‌, പലവിധ അസുഖങ്ങൾവന്ന് കുമാരു കിടപ്പിലാകുക പതിവായിരുന്നു. അങ്ങനെയിരിക്കെ, തൻ്റെ പതിനെട്ടാമത്തെ വയസ്സിൽ അസുഖംബാധിച്ചു കിടപ്പിലായിരുന്ന അവസരത്തിൽ, കുമാരുവിന്റെ അച്ഛന്റെ ക്ഷണപ്രകാരം, ശ്രീനാരായണഗുരു അവരുടെ വീട്ടിൽ വരികയും കുമാരുവിനെ തന്നോടൊപ്പം കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഗോവിന്ദനാശാന്റെകീഴിൽ യോഗയും താന്ത്രികവുമഭ്യസിച്ച്, വക്കത്തുള്ള ഒരു മുരുകൻക്ഷേത്രത്തിൽ കഴിയുമ്പോൾ, കുമാരുവിൽ കവിതയെഴുത്ത് ഒരു കമ്പമായി രൂപപ്പെട്ടിരുന്നു.

കൗമാരം

അന്നത്തെ പതിവനുസരിച്ച് ഏഴുവയസ്സായപ്പോൾ കുമാരനെ ഒരു കുടിപ്പള്ളിക്കൂടത്തിൽ ചേർത്തു. തുണ്ടത്തിൽ പെരുമാളാശാനായിരുന്നൂ കുമാരൻ്റെ പ്രഥമഗുരു. സമർത്ഥനായ കുമാരു വേഗംതന്നെ എഴുത്തും കണക്കും പഠിച്ചു. എട്ടുവയസ്സായപ്പോൾ സംസ്കൃതപഠനവുമാരംഭിച്ചു. ഇതിനിടയിൽ കുമാരുവിന്റെ അച്ഛന്റെയുംമറ്റും പ്രയത്നത്താൽ അവിടെയൊരു പ്രൈമറി സ്കൂൾ സ്ഥാപിച്ചു. (ചക്കൻവിളാകം പ്രൈമറി സ്‌കൂൾ - കോയിൽത്തോട്ടം സ്കൂളെന്നുമറിയപ്പെട്ടിരുന്നു. ഇപ്പോളത്, ആശാൻ മെമ്മോറിയൽ ഗവണ്മെൻ്റ് എൽ.പി സ്കൂൾ കായിക്കര എന്നു പുനർനാമകരണംചെയ്യപ്പെട്ടിരിക്കുന്നു.) പതിനൊന്നാമത്തെ വയസ്സിൽ, കുമാരൻ ആ സ്കൂളിൽ രണ്ടാംതരത്തിൽ ചേർന്നു. പതിനാലാമത്തെ വയസ്സിൽ, പ്രശസ്തമായ രീതിയിൽത്തന്നെ സ്കൂൾപരീക്ഷയിൽ വിജയിച്ചു.

പഠിച്ച സ്കൂളിൽത്തന്നെ, കുമാരൻ കുറച്ചുകാലം അദ്ധ്യാപകനായി ജോലിനോക്കി. സർക്കാർ നിയമപ്രകാരം അത്ര ചെറുപ്രായത്തിലുള്ളവരെ അദ്ധ്യാപകരായി നിയമിക്കാൻ വകുപ്പില്ലായിരുന്നതിനാൽ ആ ജോലി സ്ഥിരപ്പെട്ടുകിട്ടിയില്ല. അദ്ധ്യാപകജോലിയവസാ‍നിപ്പിച്ച്, ചില സ്നേഹിതന്മാരോടൊപ്പംകൂടെ സ്വയം ഇംഗ്ലീഷ് പഠിക്കാനാരംഭിച്ചു. കിട്ടുന്ന പുസ്തകങ്ങളെല്ലാം കുമാരു വേഗം വായിച്ചുതീർക്കുമായിരുന്നു.

യൗവനം

കുമാരുവിനെ കൂടുതൽ പഠിപ്പിക്കണമെന്ന് അച്ഛനാഗ്രഹമുണ്ടായിരുന്നെങ്കിലും വലിയതുക ചെലവാക്കിപ്പഠിപ്പിക്കാൻ അന്നത്തെ സാമ്പത്തികചുറ്റുപാട് അനുവദിച്ചിരുന്നില്ല. വെറുതേയിരുത്തേണ്ടെന്നു കരുതി, അച്ഛൻ മകന് കൊച്ചാര്യൻ വൈദ്യൻ എന്നൊരാളിന്റെ കടയിൽ കണക്കെഴുത്തു ജോലി സംഘടിപ്പിച്ചുകൊടുത്തു. കണക്കെഴുത്തുജോലിയിൽ ഏർപ്പെട്ടിരുന്നകാലത്തുതന്നെ കുമാരു കവിതയെഴുതാൻ തുടങ്ങിയിരുന്നു. പരവൂരിലെ കേശവനാശാൻ പ്രസിദ്ധീകരിച്ചിരുന്ന “സുജനാനന്ദിനി” എന്ന മാസികയിൽ കുമാരന്റെ രചനകൾ കുമാരു, എൻ. കുമാരൻ, കായിക്കര എൻ. കുമാരൻ എന്നീ പേരുകളിലൊക്കെ പ്രസിദ്ധീകരിക്കപ്പെട്ടുതുടങ്ങി.

തന്റെ കണക്കെഴുത്തുകാരന്റെ ജ്ഞാനതൃഷ്ണ മനസ്സിലാക്കിയിരുന്ന കൊച്ചാര്യൻ വൈദ്യൻ, അവനെ കൂടുതൽ പഠിപ്പിക്കണമെന്ന് കുമാരുവിന്റെ അച്ഛനോടു നിർബന്ധമായി പറഞ്ഞു.

കണക്കെഴുത്തുജോലിയുപേക്ഷിച്ച്, കുമാരു വീട്ടിൽനിന്നുമാറി, വല്യച്ഛന്റെ വിട്ടിൽപ്പോയിത്താമസിച്ചു.

മണമ്പൂർ ഗോവിന്ദനാശാൻ എന്ന പ്രമുഖപണ്ഡിതന്റെ “വിജ്ഞാനസന്ദായിനി” എന്ന പാഠശാലയിൽ കുമാരുവിനെച്ചേർത്തു. പാട്ടുകളും ശ്ലോകങ്ങളുമെഴുതുന്നകാര്യത്തിൽ അന്നു കുമാരുവിനെ വെല്ലാൻ അവിടെയാരുമില്ലായിരുന്നു. അവിടെ പഠിച്ചിരുന്നകാലത്തു രചിച്ച കൃതികളാണ്‌ “വള്ളീ വിവാഹം”, “അമ്മാനപ്പാട്ട്“, “ഉഷാകല്യാണം“ എന്നിവ. “സുബ്രഹ്മണ്യശതകം സ്തോത്രം” എന്നൊരു കൃതിയും ഇക്കാലത്തു കുമാരു രചിച്ചു. കുമാരുവിന്റെ അച്ചടിക്കപ്പെട്ട ആദ്യത്തെ കൃതി അതാണെന്നു പറയപ്പെടുന്നു. അതിൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഒരു പ്രശംസാപത്രവും ചേർത്തിരുന്നു.

ശ്രീനാരായണഗുരുവുമായുള്ള കണ്ടുമുട്ടൽ

 
കുമാരനാശാൻ(ഇടതുവശത്തു നിൽക്കുന്നത്) ശ്രീനാരായണഗുരുവുമൊത്ത് (നടുവിലിരിക്കുന്നു).

ശ്രീനാരായണഗുരുവുമായി പരിചയപ്പെട്ടത്‌ ആശാന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ഒരിക്കൽ, കുമാരൻ സുഖമില്ലാതെകിടന്ന അവസരത്തിൽ, അദ്ദേഹത്തിൻ്റെ അച്ഛൻ അഞ്ചുതെങ്ങ് ശ്രീജ്ഞാനേശ്വരക്ഷേത്രത്തിൽ വിശ്രമിയ്ക്കുകയായിരുന്ന ശ്രീനാരായണഗുരുവിനെ, അഞ്ചുതെങ്ങ് കായിക്കരയിലെ വീട്ടിൽ വിളിച്ചുകൊണ്ടുവന്നു. ആദ്യകാഴ്ചയിൽത്തന്നെ ആ മഹായോഗിയും കുമാരുവും പരസ്പരം വ്യാഖ്യാനിക്കാൻ കഴിയാത്ത ഒരാത്മീയബന്ധത്താൽ ആകൃഷ്ടരായി. കുമാരുവിന്റെ സ്തോത്രകവിതകൾ ഗുരുവിനെ അത്യധികമാകർഷിച്ചു. ശൃംഗാരകവിതകളുടെ രചനകളിൽ ഇനി മുഴുകരുതെന്ന് ഗുരു കുമാരുവിനെ ഉപദേശിച്ചു. ജീവിതകാലംമുഴുവൻ നീണ്ടുനിന്ന, സുദൃഢമായൊരു ബന്ധത്തിന്റെ തുടക്കമായിരുന്നു അത്.

ശ്രീനാരായണഗുരുവിന്റെ ആത്മീയചൈതന്യം കുമാരുവിനെ, ക്രമേണ യോഗിയും വേദാന്തിയുമാക്കി. കുറച്ചുകാലം അഞ്ചുതെങ്ങ് കായിക്കരയിലെ ശ്രീ സുബ്ര്യമണ്യസ്വാമിക്ഷേത്രത്തിൽ പൂജാരിയായി. ഉദ്ദ്യേശം ഇരുപതുവയസ്സു പ്രായമായപ്പോൾ, കുമാരു വക്കം സുബ്രഹ്മണ്യക്ഷേത്രത്തിൽച്ചെന്നുകൂടി അന്തേവാസിയായി, മതഗ്രന്ഥപാരായണത്തിലും യോഗാസനത്തിലും ധ്യാനത്തിലും മുഴുകി. അക്കാലത്ത്, അദ്ദേഹം ക്ഷേത്രപരിസരത്ത് ഒരു സംസ്കൃതപാഠശാല ആരംഭിച്ചു. സംസ്കൃതം പഠിപ്പിച്ചു തുടങ്ങിയതോടെ നാട്ടുകാർ അദ്ദേഹത്തെ “കുമാരനാശാൻ“ എന്നു വിളിച്ചുതുടങ്ങി. അല്പകാലം അവിടെക്കഴിഞ്ഞശേഷം കുമാരനാശാൻ നാടുവിട്ട്, ഏകനായി കുറ്റാലത്തെത്തി. അവിടെവച്ച്, അദ്ദേഹത്തിനു മലമ്പനി ബാധിച്ചു. ഈ യാത്രയുടെയവസാനം, അരുവിപ്പുറത്തായിരുന്നു. ഇക്കാലത്ത്, ആശ്രമവാസികൾക്കുവേണ്ടി കുമാരനാശാൻ രചിച്ച കീർത്തനമാണ് “ശാങ്കരശതകം”.

ഉപരിപഠനം

ശ്രീനാരായണഗുരുദേവൻതന്നെ ശിഷ്യനെ ഉപരിപഠനത്തിനയക്കാൻ തീരുമാനിച്ചു. അതിനായി ബെംഗളൂരുവിൽ ജോലിനോക്കിയിരുന്ന ഡോ. പല്പുവിനെ ചുമതലപ്പെടുത്തി. ഇരുപത്തിനാലാമത്തെ വയസ്സിൽ ഉന്നതവിദ്യാഭ്യാസത്തിനായി, കുമാരനാശാൻ ബെംഗളൂരുവിലേക്കു പോയി (ശ്രീ ചാമരാജേന്ദ്ര സംസ്കൃതകോളെജിൽച്ചേർന്നു. (ഈ കലാലയമിപ്പോളും ബെംഗളൂരുവിലുണ്ട്) ന്യായശാസ്ത്രമായിരുന്നു ഐച്ഛികവിഷയം. ശ്രീനാരായണഗുരുവുമൊന്നിച്ചാണ് ആശാൻ ബാംഗ്ലൂരിലെത്തിയത്.

ഡോ. പല്പുവിന്റെ കുടുംബാന്തരീക്ഷവും ബെംഗളൂരുവിലെ ജീവിതവും ആശാന്റെ പ്രതിഭയെ കൂടുതൽ പ്രോജ്ജ്വലമാക്കിത്തിർക്കുന്നതിൽ വലിയപങ്കുവഹിച്ചു. അക്കാലത്ത്, ഡോ. പല്പു കുമാരനാശാനൊരു പേരുനല്കി - “ചിന്നസ്വാമി“. ന്യായവിദ്വാൻ എന്ന തർക്കശാസ്ത്രപരീക്ഷയിൽ ഉന്നതവിജയംകൈവരിച്ച്, കുമാരൻ സ്കോളർഷിപ്പിനർഹനായി. മൂന്നുവർഷത്തോളം അദ്ദേഹം ബെംഗളൂരുവിൽ പഠിച്ചു.

കൊൽക്കത്തയിൽ

തുടർന്ന് ഡോ.പല്പുവിന്റെ പരിശ്രമഫലമായി, 1898ൽ ആശാന്, കൊൽക്കത്തയിലെ സംസ്കൃതകോളേജിൽ പ്രവേശനംലഭിച്ചു. 25 വയസ്സുമുതൽ 27 വയസ്സുവരെ കൊൽക്കത്തയിൽ അദ്ദേഹം പഠിച്ചു. ന്യായശാസ്ത്രം, ദർശനം, വ്യാകരണം, കാവ്യം എന്നിവയും അതിനുപുറമേ ഇംഗ്ലീഷും ഇക്കാലത്ത് അദ്ദേഹമഭ്യസിച്ചു. ഡോ. പല്പുവാണ്‌, ആശാന്റെ വിദ്യാഭ്യാസത്തിനുവേണ്ട സഹായങ്ങളെല്ലാംചെയ്തത്‌.

കൊൽക്കത്തയിലെ ജീ‍വിതകാലത്തിൻ്റെ ഭൂരിഭാ‍ഗവും പഠനത്തിനും ഗ്രന്ഥപാരായണത്തിനുമായി ആശാൻ ചെലവഴിച്ചു. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെയുംമറ്റും കൃതികൾ പുതിയൊരോജസ്സുപരത്തുന്ന ബംഗാളിസാഹിത്യത്തിന്റെ നവോത്ഥാനകാലഘട്ടത്തിലായിരുന്നു ആശാൻ കൊൽക്കത്തയിലെത്തിയത്. ഈ കാവ്യാന്തരീക്ഷവും പുതിയചിന്താഗതികളും ആശാനിലെ കവിയെ സ്വാധീനിച്ചിട്ടുണ്ടാകും.

 
ആശാന്റെ കൈയക്ഷരം: തോന്നയ്ക്കലിലെ ആശാൻസ്മാരകത്തിൽ സൂക്ഷിച്ചിട്ടുള്ള നോട്ടു ബുക്കിൽനിന്നു ഫോട്ടോയെടുത്തത്

അരുവിപ്പുറത്തേക്കു മടക്കയാത്ര

ശ്രീനാരായണഗുരുദേവന്റെ ആജ്ഞാനുസാരം, കൊൽക്കത്തയിലെ വിദ്യാഭ്യാസമവസാനിപ്പിച്ച്, കുമാരനാശാൻ അരുവിപ്പുറത്തു മടങ്ങിയെത്തി. അരുവിപ്പുറത്തെ താമസത്തിനിടയ്ക്ക്, അദ്ദേഹം “മൃത്യുഞ്ജയം”, “വിചിത്രവിജയം”തുടങ്ങിയ നാടകങ്ങളും, “ശിവസ്തോത്രമാല”തുടങ്ങിയ കവിതകളും രചിച്ചു. നന്നായില്ലെന്നകാരണത്താൽ “വിചിത്രവിജയം” പ്രസിദ്ധികരിച്ചില്ല. മുന്നുവർഷത്തോളം ആശാൻ അരുവിപ്പുറത്തെ ആശ്രമത്തിൽക്കഴിഞ്ഞു. അപ്പോഴേയ്ക്കും അദ്ദേഹത്തിനു മുപ്പതു വയസ്സായിരുന്നു.

എസ്.എൻ.ഡി.പി യോഗം സെക്രട്ടറിപദം

ഈ കാലഘട്ടത്തിലാണ്, മറ്റൊരുസംഭവംനടന്നത്. ശ്രീനാരായണഗുരുവും ഡോ. പല്പുവും മുൻ‌കൈയെടുത്ത് 1903 ജൂൺ 4-ന് എസ്.എൻ.ഡി.പി. യോഗം സ്ഥാപിതമായി. യോഗത്തിന്റെ സംഘടനാപരമായ ചുമതലകളർപ്പിക്കാൻ ശ്രീനാരായണഗുരു തിരഞ്ഞെടുത്തത് പ്രിയശിഷ്യനായ കുമാരനാശാനെയായിരുന്നു. അങ്ങനെ 1903ൽ കുമാരനാശാൻ ആദ്യയോഗം സെക്രട്ടറിയായി. ഏതാണ്ടു പതിനാറുവർഷക്കാലം അദ്ദേഹം ആ ചുമതലവഹിച്ചു. 1904ൽ അദ്ദേഹം എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായി, “വിവേകോദയം” മാസികയാരംഭിച്ചു.

എസ്.എൻ.ഡി.പി. യോഗം സെക്രട്ടറിയെന്നനിലയ്ക്ക്, കേരളത്തിലെ പിന്നോക്കസമുദായങ്ങളുടെ പുരോഗതിക്കുവേണ്ടി കുമാരനാശാൻവഹിച്ച പങ്കു നിസ്തുലമാണ്. അദ്ദേഹം സ്വപ്നജീവിയായ ഒരു കവിയായിരുന്നില്ല. സാമൂഹികയാഥാർത്ഥ്യങ്ങളുമായി നിരന്തരമിടപഴകിക്കൊണ്ടും അവയെ മാറ്റിത്തീർക്കാനുള്ള പരിശ്രമങ്ങളിലേർപ്പെട്ടുകൊണ്ടുമാണ് അദ്ദേഹം ജീവിച്ചത്. ആശാന്റെ കവിതകൾക്ക് അസാധാരണമായ ശക്തിവിശേഷം പ്രദാനംചെയ്തത്, ഈ സാമൂഹികബോധമാണ്.

നിയമസഭാംഗം

1909-ൽ അദ്ദേഹത്തിന്റെകൂടെ ശ്രമഫലമായി, ഈഴവർക്കു തിരുവിതാംകൂർ നിയമനിർമ്മാണസഭയിൽ പ്രാതിനിധ്യം ലഭിച്ചു. അദ്ദേഹം നിയമസഭാംഗമായി പ്രവർത്തിച്ചു. നിയമസഭയിലെ അദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ആശാന്റെ രചനകൾ

വീണപൂവ്

 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ വീണ പൂവ് എന്ന താളിലുണ്ട്.

1907 ഡിസംബറിലാണ്, കുമാരനാശാൻ വീണപൂവ്, മിതവാദി പത്രത്തിൽ പ്രസിദ്ധീകരിച്ചത്. മലയാളകാവ്യാന്തരീക്ഷത്തിൽ തികച്ചും നൂതനമായൊരനുഭവമായിരുന്നു വീണപൂവ് എന്ന ഖണ്ഡകാവ്യം. വിഷൂചികപിടിപെട്ട്, ആലുവയിലെ വീട്ടിൽ കിടപ്പിലായിരുന്ന ശ്രീനാരായണഗുരുവിന്റെ അവസ്ഥയിൽനിന്നാണ് വീണപൂവിന്റെ ആദ്യവരികൾ രൂപംകൊണ്ടതെന്നു കരുതപ്പെടുന്നു.

എന്നാരംഭിക്കുന്ന വീണപൂവിൽ, പൂവിന്റെ ജനനംമുതൽ മരണംവരെയുള്ള അതീവസൂക്ഷ്മമായ ഘട്ടങ്ങൾ മനുഷ്യജീവിതത്തിന്റെ നൈമിഷികതയെ ഓർമ്മിപ്പിച്ചുകൊണ്ട്, കേവലം നാല്പത്തിയൊന്നു ശ്ലോകങ്ങളിലൂടെ ഹൃദയസ്പർശിയാംവിധം ചിത്രീകരിച്ചിരിക്കുന്നു. തുടർന്ന് അക്കാലത്തെ പ്രധാനപ്പെട്ട സാഹിത്യമാസികയായ ഭാഷാപോഷിണിയിലും അതു പ്രസിദ്ധീകരിച്ചു. അതോടെ ശ്രദ്ധേയനായ കവിയെന്ന നിലയ്ക്ക് ആശാന്റെ സ്ഥാനമുറച്ചു. വീണപൂവിന്റെ പ്രസിദ്ധീകരണത്തോടുകൂടെലഭിച്ച അംഗീകാരം, ആശാനിലെ കവിയ്ക്കു കൂടുതൽ പ്രചോദനമരുളി.

സ്വപ്നങ്ങളെക്കുറിച്ച് ആയിരത്തിൽക്കൂടുതൽ വാക്കുകളിൽ വർണ്ണിച്ച്, "ഹാ" എന്നുതുടങ്ങി "കഷ്ടം" എന്നവസാനിക്കുന്ന ഈക്കവിത, മനുഷ്യജന്മത്തിൻ്റെ പ്രതിഫലനംതന്നെയാണ്. സുന്ദരമായൊരു പുഷ്പം, കൊഴിഞ്ഞു തറയിൽവീണുകിടക്കുന്നതു കണ്ടപ്പോളുണ്ടായ വിഷാദത്തിൽനിന്നുടലെടുത്തതാണ്, ഈക്കവിത. സാധാരണമനുഷ്യർ കൊഴിഞ്ഞുകിടക്കുന്ന പുഷ്പങ്ങൾകാണുമ്പോൾ ഒരുനിമിഷം നോക്കിയേക്കാം. പിന്നെ നടന്നകലും. അതിനെ ഇത്രയധികം ഭാവനചാർത്തി വർണ്ണിക്കാൻ മഹാകവികൾക്കെ സാദ്ധ്യമാകൂ.

വീണപൂവിനെതുടർന്നുരചിച്ച തീയക്കുട്ടിയുടെ വിചാരം അദ്ദേഹത്തിന്റെ സാമൂഹികാവബോധത്തിന്റെ പ്രതിഫലനമായിരുന്നു.

നളിനി

 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ നളിനി എന്ന താളിലുണ്ട്.

അതിനുശേഷം ആശാൻ രചിച്ച സുപ്രധാനഖണ്ഡകാവ്യങ്ങളിൽ ആദ്യത്തേത് നളിനി അഥവാ ഒരു സ്നേഹം ആയിരുന്നു. നളിനിയുടെയും ദിവാകരന്റെയും അസാധാരണമായ സ്നേഹബന്ധത്തിന്റെ കഥയായിരുന്നു നളിനി. മനുഷ്യന്റെ നിസ്സഹായതയവതരിപ്പിക്കുന്ന ഈ വരികൾ നളിനിയിലേതാണു്.

ലീല

 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ലീല എന്ന താളിലുണ്ട്.

“നളിനി”യിലെ നായികാനായകരിൽനിന്നു വ്യത്യസ്തരായ രണ്ടു കഥാപാത്രങ്ങളെയാണ്, അദ്ദേഹം “ലീല“ എന്ന ഖണ്ഡകാവ്യത്തിലവതരിപ്പിക്കുന്നത്. മരണത്തിനുപോലും വേർപെടുത്താനാകാത്ത ദിവ്യപ്രണയമാണ്, ലീലയുടെയും മദനന്റെയും പ്രണയകഥയിലൂടെ കവി വരച്ചുകാട്ടുന്നത്.

ചണ്ഡാലഭിക്ഷുകിയും കരുണയും

 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ചണ്ഡാലഭിക്ഷുകി എന്ന താളിലുണ്ട്.

ബുദ്ധമതസന്ദേശങ്ങൾ ആശാനെ വളരെയേറെ സ്വാധീനിച്ചു. അതിലെ ഉജ്ജ്വലാശയങ്ങൾ പലതും ഹിന്ദുമതത്തിലെ അനാചാരങ്ങൾ തുടച്ചുനീക്കാൻ പ്രയോജനപ്പെട്ടേക്കുമെന്ന വിശ്വാസമാകണം “ചണ്ഡാലഭിക്ഷുകി“, “കരുണ“, എന്നീ കാവ്യങ്ങൾക്ക്, ബുദ്ധമതവുമായി ബന്ധപ്പെട്ട ഇതിവൃത്തങ്ങൾ സ്വീകരിക്കാൻ ആശാനെ പ്രേരിപ്പിച്ചത്. ജാത്യാചാരങ്ങളുടെ അർത്ഥശൂന്യത വെളിവാക്കാനാണ് ചണ്ഡാലഭിക്ഷുകിയിലൂടെ അദ്ദേഹം ശ്രമിക്കുന്നത്.

 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ കരുണ എന്ന താളിലുണ്ട്.

വാസവദത്തയെന്ന വേശ്യാസ്ത്രീയ്ക്ക് ഉപഗുപ്തനെന്ന ബുദ്ധശിഷ്യനോടുതോന്നുന്ന അനുരാഗത്തിന്റെ കഥപറയുന്ന കരുണ വഞ്ചിപ്പാട്ട് (നതോന്നത) വൃത്തത്തിലെഴുതപ്പെട്ടിട്ടുള്ള ഒരു ഖണ്ഡകാവ്യമാണ്. ഉപഗുപ്തനെ പലവട്ടം ആളയച്ചു ക്ഷണിക്കുമ്പോളൊക്കെ “സമയമായില്ല” എന്ന മറുപടിയാണു വാസവദത്തയ്ക്കു ലഭിച്ചിരുന്നത്. ഒടുവിൽ, ഒരു ക്രൂരകൃത്യത്തിനു ശിക്ഷിക്കപ്പെട്ട്, കൈയും കാലും ഛേദിച്ചനിലയിൽ ശ്മശാനത്തിൽ തള്ളപ്പെടുന്ന വാസവദത്തയെ സന്ദർശിച്ച്, ഉപഗുപ്തൻ അവൾക്കു ബുദ്ധമതതത്ത്വങ്ങൾ ഉപദേശിച്ചുകൊടുക്കുന്നു. അതുകേട്ടു മനംമാറി, ആത്മശാന്തിയോടെ വാസവദത്ത മരിക്കുന്ന കഥ ആരുടെ ഹൃദയത്തിലും തങ്ങിനിൽക്കും.

കവിതയിലെ ഒരു ശകലം:

ദുരവസ്ഥ

 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ദുരവസ്ഥ എന്ന താളിലുണ്ട്.

വർഷങ്ങളായി സമൂഹത്തിൽ നിലനിന്നുപോന്ന അനാചാരങ്ങൾസൃഷ്ടിച്ച ദുരവസ്ഥയാണ് “ദുരവസ്ഥ“യെന്ന കൃതിയിലെ സാവിത്രി അന്തർജ്ജനത്തിന്റെ കഥയിലൂടെ അദ്ദേഹം വരച്ചുകാട്ടുന്നത്. അതിശക്തമായ സാമൂഹികവിമർശനം ആ കൃതിയിലുടനീളം കാണാം. ആശാനെഴുതിയ കാവ്യങ്ങളിൽ ഏറ്റവും ദീർഘമായതു ദുരവസ്ഥയാണ്.

മാപ്പിളലഹളയുടെ പശ്ചാത്തലത്തിൽ രചിച്ച കാവ്യമാണു ദുരവസ്ഥ. ജാതിശ്രേണിയുടെ രണ്ടറ്റങ്ങളിലുള്ള സാവിത്രി അന്തർജ്ജനവും അധഃസ്ഥിതനായ ചാത്തനുമാണ് നായികാനായകന്മാർ. സമൂഹത്തിൽനിന്നു ജാതിചിന്ത തുടച്ചുമാറ്റേണ്ടതിന്റെ അനിവാര്യതയും അതിനുള്ള ഉദ്ബോധനവുമാണ് ഈ കാവ്യത്തിന്റെ ഇതിവൃത്തം. [1]

പ്രരോദനം

 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ പ്രരോദനം എന്ന താളിലുണ്ട്.

ആശാന്റെ ഖണ്ഡകാവ്യങ്ങളിൽ പ്രൗഢഗംഭീരമാണ് “പ്രരോദനം“ എന്ന കൃതി. ആത്മമിത്രവും ഗുരുതുല്യനുമാ‍യിരുന്ന എ.ആർ. രാജരാജവർമ്മയുടെ നിര്യാണത്തെത്തുടർന്ന്, ആശാൻരചിച്ച വിലാപകാവ്യമാണത്. ആശാന്റെ തത്ത്വചിന്താപരമായ വീക്ഷണങ്ങൾ ഏറ്റവുംകൂടുതൽ കാണപ്പെടുന്നത് ഈ കൃതിയിലാണ്.

മറ്റുകൃതികൾ

കവിതാരചനയെക്കുറിച്ചുള്ള തന്റെ ഉൾക്കാഴ്ച്ചകൾ “കാവ്യകല” അഥവാ “ഏഴാം ഇന്ദ്രിയം” എന്നപേരുള്ള കവിതയിൽ ആശാൻ വ്യക്തമാക്കി. ഒട്ടനവധി സ്തോത്രകൃതികളും ഭാവഗീതങ്ങളും ലഘുകവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്. ആശാന്റെ ഭാവഗീതങ്ങളും ലഘുകവിതകളും മണിമാല, വനമാല, പുഷ്പവാടി തുടങ്ങിയ സമാഹാരങ്ങളിൽ അദ്ദേഹം ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇവയ്ക്കുപുറമേ ബുദ്ധചരിതം, സൗന്ദര്യലഹരി, ബാലരാമായണംതുടങ്ങി പ്രമുഖങ്ങളായ ചിലവിവർത്തനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. കുമാരനാശാന്റെ ഗദ്യലേഖനങ്ങൾ മൂന്നുവാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സമുദായോന്നമനം

1923ൽ കുമാരനാശാൻ മിതവാദി പത്രാധിപർ സി. കൃഷ്ണന്റെപേർക്കയച്ച ദീർഘമായൊരു കത്ത്‌, പത്തുകൊല്ലത്തിനുശേഷം മതപരിവർത്തനരസവാദം എന്നപേരിൽ മൂർക്കോത്തു കുമാരൻ പ്രസിദ്ധപ്പെടുത്തി. തിയ്യസമുദായത്തിന്റെ ഉന്നമനത്തിനായുള്ള ശരിയായമാർഗ്ഗം മതപരിവർത്തനമാണെന്നു വാദിച്ചുകൊണ്ട്‌, സി. കൃഷ്ണൻതന്നെയെഴുതിയ ലേഖനത്തിനുള്ള മറുപടിയാണ്‌ ആ കത്ത്‌.

അനാചാരങ്ങളെ പരാമർശിച്ചുകൊണ്ട്‌, ആശാൻ പറയുന്നു -

"ഞാനും നിങ്ങളും ശ്രീനാരായണഗുരുസ്വാമിയും തീയ്യസമുദായത്തിലെ അംഗങ്ങളാണ്‌, ഞങ്ങളാരും കുരുതികഴിക്കാനും പൂരംതുളളാനും പോകാറില്ല. നമ്മളെപ്പോലെ അനേകായിരമാളുകൾ വേറെയുമുണ്ട്‌. അവരും അതിനുപോകാറില്ല. ഒരേമതമനുഷ്ഠിക്കുന്ന ആളുകൾ അസംഖ്യങ്ങളായിരിക്കും. അവരുടെയെല്ലാം നടപടികൾ ഒന്നുപോലെയിരുന്നെന്ന്‌ ഒരിടത്തും വരുന്നതല്ല. അതിനു സമുദായസ്ഥിരതയെയല്ലാതെ മതത്തെ കുറ്റംപറയുന്നതു ശരിയുമല്ല. അങ്ങനെയുളള കുറ്റങ്ങളെ തിരുത്തേണ്ടതു സമുദായനേതാക്കളുടെ ജോലിയുമാകുന്നു."

1922-ൽ മദ്രാസ്‌ സർവകലാശാലയിൽവച്ച്‌ അന്നത്തെ വെയിൽസ്‌ രാജകുമാരൻ ആശാന്‌ മഹാകവിസ്ഥാനവും പട്ടും വളയും സമ്മാനിച്ചു.

വിവാഹം

നാല്പത്തിനാലാം വയസ്സിലായിരുന്നു കുമാരനാശാൻ്റെ വിവാഹം. ഭാര്യയുടെ പേര് ഭാനുമതിയമ്മ എന്നായിരുന്നു. അവർ 1976ൽ അന്തരിച്ചു.[2]

വ്യവസായം

1921ൽ നാലു പങ്കാളികളോടുകൂടെ ആലുവയ്ക്കടുത്തു പെരിയാരിന്റെ കൈവഴിയോരത്ത്, ചെങ്ങമനാട് എന്ന സ്ഥലത്ത് ‘’യൂണിയൻ ടൈൽ വർക്സ്‘’ എന്ന കമ്പനി തുടങ്ങി. 2003ൽ ഈ സ്ഥാപനം അടച്ചുപൂട്ടി. അസംസ്കൃതവസ്തുവായ കളിമണ്ണിന്റെ ലഭ്യതക്കുറവു് കമ്പനിപൂട്ടാൻ ഒരു കാരണമാണ്.[2]

‘’ശാരദ ബുക്ക് ഡെപ്പോ’‘ എന്ന പുസ്തകപ്രസിദ്ധീകരണസ്ഥാപനവും കുമാരനാശാൻ നടത്തിയിരുന്നു.

ആദ്യം ഫാക്ടറിതുടങ്ങാൻ ആലുവകൊട്ടാരത്തിനോടുചേർന്ന സ്ഥലമാണു വാങ്ങിയിരുന്നത്. എന്നാൽ കളിമണ്ണുകൊണ്ടു കൊട്ടാരംകടവു വൃത്തികേടാവുമെന്നതിനാൽ, ആ സ്ഥലത്തു ഫാക്ടറി തുടങ്ങിയില്ല. ആ സ്ഥലമാണ്, പിന്നീട്, ‘’‘അദ്വൈതാശ്രമം’‘’ തുടങ്ങുന്നതിന്, ശ്രീനാരായണഗുരുവിനു സമർപ്പിച്ചത്.[2]

മരണം

മലയാളകവിതാലോകത്തു നിറസാന്നിദ്ധ്യമായി നിറഞ്ഞുനിൽക്കുന്നകാലത്താണ് 1924 ജനുവരി 16-ന് (1099​ ​മ​ക​രം​ 3​-ാം​ ​തീ​യ​തി) വെ​ളു​പ്പി​നു ​മൂ​ന്നു​മ​ണി​ക്ക്, പല്ലനയാറ്റിൽ ​ട്രാ​വ​ൻ​കൂ​ർ​ ​ആ​ന്റ് ​കൊ​ച്ചി​ൻ​മോ​ട്ടോ​ർ​ ​സ​ർ​വ്വീ​സ് ​വ​ക​ ​റെഡീമർ എന്നുപേരുള്ള ഒരു ബോട്ടുമറിഞ്ഞുണ്ടായ അപകടത്തിൽ, കുമാരനാശാൻ അന്തരിച്ചത്. 51 വയസ്സേ അപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ദുരൂഹമായ ഈ അപകടംനടന്നത്, ബോട്ട് കൊ​ല്ല​ത്തു​നി​ന്ന് ​ആ​ല​പ്പു​ഴ​യി​ലേ​ക്കു ​പോ​കു​മ്പോ​ളാണ്​.[3] 145​ ​യാ​ത്ര​ക്കാ​രോളം​ ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. കു​മാ​ര​നാ​ശാ​ന്റെ​ ​മൃ​ത​ശ​രീ​രം​ അപകടംനടന്നതിന്റെ ​​പി​റ്റേ​ന്നാ​ണ് ​ക​ണ്ടെ​ടു​ത്ത​ത്. [4]. പല്ലനയിൽവച്ചുണ്ടായ ഈ അപകടത്തിൽ ഭൂരിഭാഗം യാത്രക്കാരും രക്ഷപ്പെട്ടിരുന്നു. അപകടത്തെക്കുറിച്ചന്വേഷിച്ച കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം മരണസംഖ്യ 25നും 35നും ഇടയ്ക്കാകുമെന്ന് അനുമാനിക്കുന്നു. മ​ക​രം​ 3ന് ​അ​ർ​ദ്ധ​രാ​ത്രി​ക​ഴി​ഞ്ഞ്, മൂന്നുമ​ണി​യോ​ടെ​യാ​ണ് ​ബോ​ട്ട​പ​ക​ടമുണ്ടാ​യ​തും​ ​ആ​ശാ​ൻ​ ​മ​രി​ച്ച​തും. മൃ​ത​ദേ​ഹം​ ​സം​സ്‌​ക​രി​ക്കു​ന്ന​തി​നെ​പ്പ​റ്റി​യു​ള്ള​ ​അ​വ​കാ​ശ​വാ​ദ​ങ്ങ​ളെത്തുടർന്ന്, ആ​ല​പ്പു​ഴ,​ ​കൊ​ല്ലം,​ ​തോ​ന്ന​യ്ക്ക​ൽ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​യ്ക്കു ​കൊ​ണ്ടു​പോ​കാ​നുള്ള ​അഭിപ്രായങ്ങളുണ്ടാ​യെ​ങ്കി​ലും​ ​പ​ല്ല​ന​ നി​വാ​സി​ക​ളു​ടെ​ ​നി​ർ​ബ​ന്ധ​ത്തി​നുവ​ഴ​ങ്ങി​ ​അ​വി​ടെത്ത​ന്നെ​ ​ക​ല്ല​റ​കെ​ട്ടി​ ​അ​ട​ക്കു​ക​യാ​ണു ​ചെ​യ്ത​ത്. [5].

തിരുവനന്തപുരം ജില്ലയിൽ, തോന്നയ്ക്കൽ, ആശാൻ താമസിച്ചിരുന്ന വീട് ഇന്ന്, അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായിസ്ഥാപിച്ച മഹാകവി കുമാരനാശാൻ സ്മാരകത്തിന്റെ ഭാഗമാണ്.[6]

അവലംബം

  1. ഡോ. പി.കെ. തിലക് (2008). ആശാൻകവിതയിലെ മാനവികദർശനം. മാതൃഭൂമി ആഴ്ചപ്പതിപ്പ്.
  2. 2.0 2.1 2.2 മേൽക്കൂരയിൽ ഒരു മഹാകാവ്യം- രാംമോഹൻ പാലിയത്ത്, മാതൃഭൂമി ഞായറാഴ്ച പതിപ്പ്, 2013 ജൂൺ16
  3. https://keralakaumudi.com/news/news.php?id=469113&u=orma-kumaranashan
  4. https://keralakaumudi.com/news/news.php?id=469113&u=orma-kumaranashan
  5. https://keralakaumudi.com/news/news.php?id=469113&u=orma-kumaranashan
  6. http://www.kerala.gov.in/index.php?option=com_content&view=article&id=3957&Itemid=3142
  • മഹച്ചരിതമാല, കറന്റ് ബുക്സ്, തൃശൂർ.
  • ആശാന്റെ പദ്യകൃതികൾ, ഡി.സി. ബുക്സ്, കോട്ടയം
  • ശിവഗിരി മാസിക.
"https://ml.wikipedia.org/w/index.php?title=കുമാരനാശാൻ&oldid=4134173" എന്ന താളിൽനിന്ന് ശേഖരിച്ചത്