അഗ്രഹാരത്തിൽ കഴുതൈ
മലയാളചലച്ചിത്രസംവിധായകനായ ജോൺ അബ്രഹാം സംവിധാനം ചെയ്ത് 1977-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണ് അഗ്രഹാരത്തിൽ കഴുതൈ.
അഗ്രഹാരത്തിൽ കഴുതൈ | |
---|---|
സംവിധാനം | ജോൺ എബ്രഹാം |
നിർമ്മാണം | ജോൺ അബ്രഹാം, ചാർളി ജോൺ |
രചന | ജോൺ എബ്രഹാം വെങ്കട് സ്വാമിനാഥൻ |
അഭിനേതാക്കൾ | എം.ബി. ശ്രീനിവാസൻ, സ്വാതി, സാവിത്രി, രാമൻ വീരരാഘവൻ |
സംഗീതം | എം.ബി. ശ്രീനിവാസൻ |
ഛായാഗ്രഹണം | കെ രാമചന്ദ്ര ബാബു |
ചിത്രസംയോജനം | രവി |
റിലീസിങ് തീയതി | 1977 |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
സമയദൈർഘ്യം | 91 മിനിറ്റ് |
ജോണിന്റെ രണ്ടാമത്തെ ചിത്രമാണിത്. ഒരു കഴുത കേന്ദ്ര കഥാപാത്രമാകുന്ന ഈ ചിത്രം ബ്രാഹ്മണരുടെ അന്ധവിശ്വാസത്തെയും മതാന്ധതയേയും കടുത്ത ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നു.
കഥാസംഗ്രഹം
തിരുത്തുകഉന്നതജാതിയിലെ ബ്രാഹ്മണർക്ക് ഭൂരിപക്ഷമുള്ള ഒരു ഗ്രാമത്തിൽ (അഗ്രഹാരം) ഒരു കഴുത അലഞ്ഞുനടക്കുന്നു. പ്രൊഫ. നാരായണ സ്വാമി ആ കഴുതയെ തന്റെ വീട്ടിൽ വളർത്താൻ തീരുമാനിക്കുകയാണ്. കഴുതയെ നോക്കി നടത്തുന്നതിനായി നാരായണ സ്വാമി ഒരു മൂകയായ ഒരു പെൺകുട്ടിയെ ചുമതലയേൽപ്പിക്കുന്നു[1]. ഇതിൽ അതൃപ്തരായ ഗ്രാമീണർ കഴുതക്കെതിരെയും സ്വാമിക്കെതിരെയും തിരിയുകയാണ്[1]. അതിനിടെ മൂകയായ ഈ പെൺകുട്ടി പ്രസവിച്ച ചാപ്പിള്ളയെ അമ്പലത്തിന്റെ പുറത്തു നിക്ഷേപിക്കപ്പെടുകയും കഴുതകാരണമാണിവയെല്ലാം എന്ന് പറഞ്ഞ് ആളുകൾ കഴുതയെ കൊല്ലുകയും ചെയ്യുന്നു. ഇതിൽ പിന്നെ ഗ്രാമത്തിൽ ചില അത്ഭുത സംഭവങ്ങളുണ്ടാകുന്നു. കഴുതയാണ് ഈ അത്ഭുതങ്ങൾക്ക് കാരണമെന്ന് ആളുകൾ വിശ്വസിക്കുകയും അനന്തരം കഴുതയുടെ മൃതശരീരത്തെ പൂജിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ആചാരപരമായ ശവസ്കാര ചടങ്ങൊരുക്കി ഗ്രാമീണർ കഴുതയെ ചിതയിൽ വെക്കുന്നു. പ്രതീകാത്മകമായ അന്ത്യത്തിൽ ചിതയിലെ തീ ഗ്രാമമാകെ പടർന്ന് പ്രൊഫസറും പെൺകുട്ടിയും ഒഴികെയുള്ള എല്ലാവരും അഗ്നിക്കിരയാകുന്നു[1].
മറ്റു വിവരങ്ങൾ
തിരുത്തുകദേശീയപുരസ്കാരം നേടിയ ചിത്രമായിരുന്നിട്ടും ദൂരദർശൻ ഈ ചിത്രത്തിന്റെ പ്രക്ഷേപണം പിൻവലിക്കാൻ നിർബന്ധിതമായി. തമിഴ് മാധ്യമങ്ങളും ഈ ചിത്രത്തെ അവഗണിക്കുകയായിരുന്നു. തമിഴ് ബ്രാഹ്മണർ ചിത്രത്തെ നിരോധിക്കാനുള്ള ശ്രമങ്ങൾ നടത്തുകയുണ്ടായി. പ്രഗല്ഭനായ മലയാളം ചലച്ചിത്രസംഗീതസംവിധായകൻ എം.ബി. ശ്രീനിവാസനായിരുന്നു ചിത്രത്തിലെ പ്രൊഫസർ നാരായണ സ്വാമിയായി അഭിനയിച്ചത്. 90 മിനുട്ട് സമയദൈർഘ്യമുള്ള ഈ ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായിരുന്നു[1].
അണിയറ പ്രവർത്തകർ
തിരുത്തുക- സംവിധാനം :ജോൺ അബ്രഹാം
- തിരക്കഥ : ജോൺ അബ്രഹാം,വെങ്കിട് സ്വാമിനാഥൻ
- നിർമ്മാണം : ജോൺ അബ്രഹാം, ചാർളി ജോൺ
- സംഗീതസംവിധായകൻ : എം.ബി. ശ്രീനിവാസൻ
- ചായാഗ്രാഹകൻ : കെ രാമചന്ദ്ര ബാബു
- ചിത്രസംയോജനം : രവി
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 "സിനിമ ഓഫ് മലയാളം". Archived from the original on 2010-02-12. Retrieved 2009-12-15. Archived 2010-02-12 at the Wayback Machine.
ബാഹ്യ കണ്ണികൾ
തിരുത്തുക- അഗ്രഹാരത്തിൽ കഴുതൈ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- John Abraham - Profile in cinemaofmalayalam.net Archived 2009-01-19 at the Wayback Machine.
- John Abraham - Weblokam profile Archived 2009-08-22 at the Wayback Machine.
- A tribute to Ritwik Ghatak by John Archived 2009-01-20 at the Wayback Machine.