ആലത്തിയൂർ പെരുംതൃക്കോവിൽ ശ്രീരാമ-ഹനുമാൻ ക്ഷേത്രം

മലപ്പുറം ജില്ലയിലെ സ്ഥലം,കേരളം,ഇന്ത്യ

കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള തിരൂരിന് അടുത്ത്, പൊന്നാനിപ്പുഴയ്ക്കും ഭാരതപ്പുഴയ്ക്കും നടുഭാഗത്ത് സ്ഥിതി ചെയ്യുന്ന ആലത്തിയൂർ എന്ന സ്ഥലത്തുള്ള പ്രസിദ്ധമായ[1] ഒരു ക്ഷേത്രമാണ് ആലത്തിയൂർ പെരുംതൃക്കോവിൽ ശ്രീരാമ-ഹനുമാൻ ക്ഷേത്രം അഥവാ ആലത്തിയൂർ ഹനുമാൻ കാവ്. വിഷ്ണുഭഗവാന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമചന്ദ്രനാണ് മുഖ്യപ്രതിഷ്ഠയെങ്കിലും ശിവന്റെ അവതാരവും ശ്രീരാമഭക്തനും ചിരഞ്ജീവിയുമായ ഹനുമാൻ സ്വാമിയ്ക്കാണ് ക്ഷേത്രത്തിൽ പ്രാധാന്യം[2]. കൂടാതെ, തുല്യപ്രാധാന്യത്തോടെ ലക്ഷ്മണനും ഉപദേവതകളായി ഗണപതി, മഹാവിഷ്ണു, ദുർഗ്ഗ, ഭദ്രകാളി, അയ്യപ്പൻ, നാഗദേവതകൾ എന്നിവരും ക്ഷേത്രത്തിൽ കുടികൊള്ളുന്നുണ്ട്. 'ആലത്തിയൂർ പെരുംതൃക്കോവിൽ' എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ഐതിഹ്യപ്രകാരം ഹനുമാന്റെ വിഗ്രഹം പ്രതിഷ്ഠിച്ചത് 3000 വർഷങ്ങൾക്കു മുൻപേ (ക്രി.പി. 1000) വസിഷ്ഠ മഹർഷി ആയിരുന്നു[3]. ഈ ക്ഷേത്രത്തിന്റെ മുൻ‌കാല സൂക്ഷിപ്പുകാരിൽ ആലത്തിയൂർ ഗ്രാമ നമ്പൂതിരിമാർ, വെട്ടത്ത് രാജാവ്, കോഴിക്കോട് സാമൂതിരി എന്നിവർ ഉൾപ്പെടും. അവൽ നിവേദ്യമാണ് ഈ ക്ഷേത്രത്തിലെ മുഖ്യവഴിപാട്. തുലാമാസത്തിലെ പൂരാടം, ഉത്രാടം, തിരുവോണം നക്ഷത്രങ്ങളിൽ നടക്കുന്ന ഉത്സവമാണ് ഇവിടെ പ്രധാന ആണ്ടുവിശേഷം. രാമായണമാസമായ കർക്കടകം ഇവിടെ തിരക്കേറുന്ന സമയമാണ്. കൂടാതെ, ഹനുമദ്പ്രധാനമായ ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളും പ്രധാനമാണ്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിൽ സാമൂതിരി രാജാവ് മുഖ്യകാര്യദർശിയായ ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്. മലബാർ ദേവസ്വം ബോർഡിന്റെ ഭരണത്തിലുള്ള ക്ഷേത്രങ്ങളിൽ വളരെ പ്രാധാന്യമുള്ള ക്ഷേത്രം ഇതാണെന്ന് വിശ്വസിക്കപ്പെടുന്നു[4].

ആലത്തിയൂർ ശ്രീരാമ-ഹനുമാൻ ക്ഷേത്രം
ഹനുമാൻ കാവ്
അടിസ്ഥാന വിവരങ്ങൾ
സ്ഥലംആലത്തിയൂർ
നിർദ്ദേശാങ്കം10.87236N,75.93910E
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിശ്രീരാമൻ, ഹനുമാൻ
ജില്ലമലപ്പുറം
സംസ്ഥാനംകേരളം
രാജ്യംഇന്ത്യ
Governing bodyമലബാർ ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തോടെ കോഴിക്കോട് സാമൂതിരിരാജാവ് നടത്തുന്ന ട്രസ്റ്റ്
വെബ്സൈറ്റ്https://www.alathiyoorhanumankavu.in/
സ്ഥാപിത തീയതി3000 വർഷങ്ങൾക്കു മുൻപ്
മുഖവാരത്തിന്റെ ദിശകിഴക്ക്
ആലത്തിയൂർ ക്ഷേത്രത്തിലെ ഹനുമാന്റെ കടലിനു മുകളിലൂടെ ലങ്കയിലേയ്ക്കുള്ള ചാട്ടത്തെ അനുസ്മരിപ്പിക്കുവാനായി ഉള്ള തിട്ട
ആലത്തിയൂർ ഹനുമാൻ കാവിന്റെ മതിൽക്കകം
ആലത്തിയൂർ ഹനുമാൻ കാവിന്റെ മതിൽക്കകം
ആലത്തിയൂർ ക്ഷേത്രം.
ഹനുമാന്റെ കടലിനു മുകളിലൂടെ ലങ്കയിലേയ്ക്കുള്ള ചാട്ടത്തെ അനുസ്മരിപ്പിക്കുവാനായി ഉള്ള തിട്ടയിലൂടെ ചാടുന്ന കുട്ടികളെയും കാണാം

ഐതിഹ്യം

തിരുത്തുക

ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീരാമനാണെങ്കിലും ഈ ക്ഷേത്രം ഹനുമാൻ ക്ഷേത്രം എന്നാണ് പരക്കെ അറിയപ്പെടുന്നത്. ഹനുമാൻ സീതയെ തിരക്കി ലങ്കയിലേക്കു പോകുന്നതിനു മുൻപ് ഇവിടെവെച്ചാണ് ശ്രീരാമൻ ഹനുമാന് നിർദ്ദേശങ്ങളും ഉപദേശങ്ങളും കൊടുത്തത് എന്നാണ് വിശ്വാസം. ശ്രീരാമന്റെ വിഗ്രഹത്തിന് തൊട്ടടുത്തായി ആണ് ഹനുമാന്റെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. കൈയിൽ ഒരു ദണ്ഡും പിടിച്ച് ശ്രീരാമന്റെ വചനങ്ങൾ കേൾക്കാനെന്നവണ്ണം മുൻപോട്ട് ചാഞ്ഞാണ് ഹനുമാൻ നിൽക്കുന്നത്. ലക്ഷ്മണന്റെ ക്ഷേത്രം ഇവിടെ നിന്ന് ഏതാനും മീറ്ററുകൾ അകലെയാണ്. ഹനുമാനും ശ്രീരാമനും സ്വകാര്യമായി സംസാരിക്കുവാനായി ലക്ഷ്മണൻ മാറിനിന്നു കൊടുത്തതാണെന്നാണ് വിശ്വാസം. ഇവിടെ ഹനുമാന്റെ കടലിനു മുകളിലൂടെ ലങ്കയിലേയ്ക്കുള്ള ചാട്ടത്തെ അനുസ്മരിപ്പിക്കുവാനായി ഒരു തിട്ട കെട്ടിയിട്ടുണ്ട്. ഈ തിട്ടയുടെ ഒരറ്റത്ത് കടലിന്റെ പ്രതീകമായി ഒരു വലിയ കരിങ്കല്ല് വെച്ചിട്ടുണ്ട്. വിശ്വാസികൾ ഈ തിട്ടയിലൂടെ ഓടി കരിങ്കല്ലിനു മുകളിലൂടെ ചാടുന്നു. ഈ ക്ഷേത്രത്തിൽ ഇങ്ങനെ ചാടുന്നത് ഭാഗ്യം, ആരോഗ്യം, ദീർഘായുസ്സ്, ധനം എന്നിവ നൽകും എന്ന് വിശ്വസിക്കപ്പെടുന്നു. വിശ്വാസികളുടെ എല്ലാ ദുഃഖങ്ങളും ഭയങ്ങളും മാറ്റുക മാത്രമല്ല, അവരുടെ ആഗ്രഹ പൂർത്തീകരണവും ആലത്തിയൂരിലെ ഹനുമാൻ നടത്തും എന്ന് വിശ്വസിക്കപ്പെടുന്നു.

ക്ഷേത്രനിർമ്മിതി

തിരുത്തുക

ക്ഷേത്രപരിസരവും മതിലകവും

തിരുത്തുക

ആലത്തിയൂർ ഗ്രാമത്തിന്റെ ഒത്തനടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. ക്ഷേത്രത്തിന് നേരെമുന്നിൽ നിരവധി കട-കംബോളങ്ങൾ കാണാം. വളരെ ഇടുങ്ങിയ വഴിയാണ് ക്ഷേത്രത്തിലേയ്ക്കുള്ളത് എന്നതിനാൽ വലിയ വാഹങ്ങൾ വരുമ്പോൾ നിരവധി ബുദ്ധിമുട്ടുകളുണ്ടാകാറുണ്ട്. വടക്കുകിഴക്കുഭാഗത്താണ് വാഹനപാർക്കിങ് സൗകര്യം അനുവദിച്ചിരിയ്ക്കുന്നത്. ഗോപുരത്തിന് വടക്കായി ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. അതിവിശാലവും മനോഹരവുമായ ഈ കുളത്തിൽ കുളിച്ചാണ് ക്ഷേത്രത്തിലേയ്ക്ക് ഭക്തരും ശാന്തിക്കാരും കടന്നുചെല്ലുന്നത്. കുളത്തിന് മുന്നിലായി ചെറിയൊരു അരയാൽമരം കാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന് മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് ആയുരാരോഗ്യസൗഖ്യം നൽകുന്നു എന്നാണ് വിശ്വാസം. ഇതേ തറയിൽ ഒരു അത്തിമരവും കാണാം. നാല്പാമരങ്ങളിൽ പ്രസിദ്ധമായ ഈ രണ്ടുമരങ്ങളും ഒരുമിച്ച് വളരുന്നതുകൊണ്ടാണ് ആലത്തിയൂർ എന്ന് സ്ഥലത്തിന് പേരുവന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കിഴക്കുഭാഗത്ത് രണ്ടുനിലകളോടുകൂടിയ ഗോപുരം പണിതിട്ടുണ്ട്. ഓടുമേഞ്ഞ ഈ ഗോപുരം, കാലപ്പഴക്കം കൊണ്ട് ദ്രവിച്ച നിലയിലാണ് കാണപ്പെടുന്നത്. ഗോപുരത്തിന് മുകളിലായി ശ്രീരാമന്റെയും ഹനുമാന്റെയും ലക്ഷ്മണന്റെയും രൂപങ്ങളോടുകൂടിയ ഒരു ഫലകം കാണാം.

കിഴക്കേ നടയിലൂടെ അകത്തുകടന്നാൽ ആദ്യമെത്തുന്നത് വലിയ ആനക്കൊട്ടിലിലാണ്. സാമാന്യം വലുപ്പമുള്ള ഈ ആനക്കൊട്ടിൽ പണിതിട്ട് അധികകാലമായിട്ടില്ല. ക്ഷേത്രത്തിൽ കൊടികയറി ഉത്സവമില്ലാത്തതിനാൽ കൊടിമരമില്ല. അത് പ്രതിഷ്ഠിയ്ക്കാനുള്ള ആലോചനകളുണ്ട്. ശ്രീരാമന്റെ നടയ്ക്കുനേരെ വലിയ ബലിക്കൽപ്പുര പണിതിട്ടുണ്ട്. ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ല് ഇവിടെയാണ്. സാമാന്യം ഉയരമുള്ള ബലിക്കല്ലാണെങ്കിലും അല്പം താഴ്ത്തി നിർമ്മിച്ചിരിയ്ക്കുന്നതിനാൽ പുറത്തുനിന്ന് നോക്കിയാൽ വിഗ്രഹം വ്യക്തമായി കാണാം. ഇതിന് മുകളിലായി ഹനുമാന്റെ ഒരു ചിത്രവും തൂക്കിയിട്ടിട്ടുണ്ട്. ബലിക്കൽപ്പുരയ്ക്ക് തെക്കുഭാഗത്തായി ചെറിയൊരു വാതിൽ കാണാം. ഹനുമാന്റെ നടയ്ക്കുനേരെയാണ് ഈ വാതിൽ പണിതിരിയ്ക്കുന്നത്. ക്ഷേത്രത്തിൽ കടക്കാൻ സാധിയ്ക്കാത്തവർക്കായാണ് ഇത് പണിതിരിയ്ക്കുന്നത്. തെക്കുകിഴക്കുഭാഗത്ത് വഴിപാട് കൗണ്ടർ പണിതിരിയ്ക്കുന്നു. ശ്രീരാമന് പാൽപ്പായസവും ഹനുമാന് അവിൽ നിവേദ്യവുമാണ് ഇവിടെ പ്രധാന വഴിപാടുകൾ. ആലത്തിയൂർ ഹനുമാന് അവിൽ നൽകുന്നത് അതിവിശേഷമായി കണക്കാക്കപ്പെടുന്നു. കാര്യസാദ്ധ്യത്തിന് അവിൽ നേരുന്നവരും അത് സാധിയ്ക്കുന്നവരും ഇപ്പോഴും നിരവധിയാണ്. ഒരു നാഴി, 50 നാഴി, 100 നാഴി ഇങ്ങനെ നിരവധി അളവുകളിൽ അവിൽ നൽകാറുണ്ട്. തമിഴ് നാട് മുഖ്യമന്ത്രിയായിരുന്ന ജെ. ജയലളിത കേസിനെ അതിജീവിച്ചത് ഇവിടെ ദർശനം നടത്തിയശേഷമാണെന്ന് കഥകളുണ്ട്[5][6]. വഴിപാട് കൗണ്ടറിനടുത്തുതന്നെ മഹാവിഷ്ണുവിന്റെ ചെറിയൊരു ശ്രീകോവിൽ കാണാം. പണ്ട് അടുത്തുള്ള കല്പകഞ്ചേരി ഗ്രാമത്തിലുണ്ടായിരുന്ന ഐരാണി ക്ഷേത്രത്തിലെ മുഖ്യദേവനായിരുന്ന ഈ മഹാവിഷ്ണുവിനെ, പിന്നീട് അവിടെയുണ്ടായ ചില പ്രശ്നങ്ങൾ മൂലം ഇങ്ങോട്ട് കൊണ്ടുവന്ന് പ്രതിഷ്ഠിയ്ക്കുകയായിരുന്നു എന്നാണ് വിശ്വാസം. ചതുർബാഹുവായ മഹാവിഷ്ണുവിന്റെ വിഗ്രഹമാണെങ്കിലും ശ്രീകൃഷ്ണനായാണ് പ്രതിഷ്ഠയെ കണ്ടുവരുന്നത്. പടിഞ്ഞാറോട്ടാണ് ദർശനം.

മഹാവിഷ്ണുവിനെ തൊഴുത് പ്രദക്ഷിണം ചെയ്തുവരുമ്പോൾ തെക്കുപടിഞ്ഞാറുഭാഗത്തായി ചെറിയൊരു മണൽത്തിട്ടയും അതിലേയ്ക്ക് ചാടാനുള്ള ഒരു കരിങ്കൽ പീഠവും കാണാം. ഇത് ഹനുമാൻ സ്വാമിയുടെ ലങ്കായാത്രയെ സങ്കല്പിയ്ക്കുന്നു. ഇതിന് പുറകിലെ ഭാഗത്തുകൂടി ഓടിവന്ന് കരിങ്കൽ പീഠത്തിൽ ചവിട്ടാതെ ചാടുന്നത് ജീവിതപ്രാരാബ്ധങ്ങളെ മറികടക്കുന്നതിന് ഉത്തമമായി കണക്കാക്കപ്പെടുന്നു. തന്മൂലം, നിരവധി ഭക്തർ ഇതിന് ശ്രമിയ്ക്കാറുണ്ട്. ക്ഷേത്രത്തിൽ വരുന്ന ഭക്തരെ ആകർഷിയ്ക്കുന്നതാണ് ഈ ചടങ്ങ്. പടിഞ്ഞാറേ നടയിൽ എടുത്തുപറയത്തക്ക കാഴ്ചകളൊന്നുമില്ല. ക്ഷേത്രത്തിന്റെ വടക്കുഭാഗത്താണ് ശ്രീരാമാനുജനായ ലക്ഷ്മണസ്വാമിയുടെ ക്ഷേത്രം. ഇവിടെ ലക്ഷ്മണൻ ഉപദേവനല്ല, മറിച്ച് തുല്യപ്രാധാന്യത്തോടുകൂടിയ പ്രതിഷ്ഠയാണ്. ശ്രീരാമൻ ഹനുമാന് പറഞ്ഞുകൊടുക്കുന്ന അടയാളവാക്യം കേൾക്കാതിരിയ്ക്കാനായി പുറത്ത് മാറിയിരിയ്ക്കുന്നു എന്ന സങ്കല്പത്തിലാണ് ഇവിടെ നാലമ്പലത്തിന് പുറത്ത് ലക്ഷ്മണസ്വാമി കുടികൊള്ളുന്നത്. ചതുർബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ആദിശേഷാവതാരമായ ലക്ഷ്മണന്റെ പ്രതിഷ്ഠ. കിഴക്കോട്ട് ദർശനം. ചെമ്പുമേഞ്ഞ ചെറിയൊരു ചതുരശ്രീകോവിലാണ് ഇവിടെയുള്ളത്. മുന്നിലായി ചെറിയൊരു നമസ്കാരമണ്ഡപവും പണിതിരിയ്ക്കുന്നു. ലക്ഷ്മണശ്രീകോവിലിന്റെ തെക്കുഭാഗത്ത് ചെറിയൊരു ഗണപതിപ്രതിഷ്ഠയുമുണ്ട്; പുറകിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠയും കാണാം. ലക്ഷ്മണസ്വാമിയ്ക്ക് പ്രത്യേകമായി വഴിപാട് കൗണ്ടറും പണിതിട്ടുണ്ട്. പാൽപ്പായസം തന്നെയാണ് ഇവിടെയും പ്രധാനം.

രണ്ടുനിലകളോടുകൂടിയ സാമാന്യം വലുപ്പമുള്ള ചതുരശ്രീകോവിലാണ് ഇവിടെയുള്ളത്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന്റെ ഇരുനിലകളും ചെമ്പ് മേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. ശ്രീകോവിലിനകത്ത് മൂന്ന് മുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ഏകദേശം അഞ്ചടി ഉയരം വരുന്ന ചതുർബാഹുവായ മഹാവിഷ്ണുവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായി ശ്രീരാമസ്വാമി കുടികൊള്ളുന്നു. കൃഷ്ണശിലാ നിർമ്മിതമാണ് ഇവിടെയുള്ള വിഗ്രഹം. എന്നാൽ, ഇതിന് പഞ്ചലോഹത്തിൽ ഗോളക ചാർത്തിയിട്ടുണ്ട്. ചതുർബാഹുവായ ഭഗവാന്റെ പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം ശംഖും മുന്നിലെ ഇടതുകയ്യിൽ കൗമോദകി ഗദയും മുന്നിലെ വലതുകയ്യിൽ താമരയും കാണാം. സീതാന്വേഷണകാലത്ത് വിരഹിയായിരിയ്ക്കുന്ന ശ്രീരാമനായാണ് സങ്കല്പം. തന്മൂലം, ഇവിടെ സീതാദേവിയ്ക്ക് പ്രതിഷ്ഠയില്ല. ഇതിന് തെക്കുഭാഗത്തായി പണികഴിപ്പിച്ചിരിയ്ക്കുന്ന മറ്റൊരു നടയിലാണ് ഹനുമാൻ സ്വാമിയുടെ പ്രതിഷ്ഠ. ഏകദേശം മൂന്നടി ഉയരം വരുന്ന ഹനുമദ്വിഗ്രഹം, ഇരുകൈകളും കൂപ്പി ഇടത്തോട്ട് കാതുകൂർപ്പിച്ച് നിൽക്കുന്ന രൂപത്തിലാണ്. ശ്രീരാമന്റെ അടയാളവാക്യം കേൾക്കുന്ന രൂപമാണ് ഇതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. അങ്ങനെ, വിശ്വപ്രകൃതിയുടെ ഭാവത്തെ മുഴുവൻ ആവാഹിച്ച് ശ്രീരാമനും ഹനുമാനും ശ്രീകോവിലകത്ത് വിരാജിയ്ക്കുന്നു.

ശ്രീകോവിൽ, അതിമനോഹരമായ ചുവർച്ചിത്രങ്ങളും ദാരുശില്പങ്ങളും കൊണ്ട് അലംകൃതമാണ്. ഇവയ്ക്ക് അധികം പഴക്കമില്ലെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാക്കാവുന്നതാണ്. പ്രധാനമായും രാമായണത്തിൽ നിന്നെടുത്ത രംഗങ്ങളാണ് ഇവിടെ ഉപയോഗിച്ചിരിയ്ക്കുന്നത്. ശ്രീരാമജനനം, സീതാസ്വയംവരം, ജടായു മോക്ഷം, കദളീവനത്തിലെ ഹനുമാൻ, തുടങ്ങിയവ അവയിൽ പ്രധാനമാണ്. എന്നാൽ, ഇവയിൽ ഏറ്റവും പ്രാധാന്യമർഹിയ്ക്കുന്നത് എട്ടുകൈകളോടുകൂടിയ ഭദ്രകാളിയുടെ ഒരു ചിത്രമാണ്. ഈ ചിത്രം ഇവിടെ വന്നതിനുപിന്നിൽ ഒരു കഥയുണ്ട്. അതിങ്ങനെ: ഒരിയ്ക്കൽ, ഇവിടെയടുത്തുള്ള വലിയ കപാലത്തിങ്കൽ ഭഗവതിക്ഷേത്രത്തിലും ഇവിടെയും ഒരുകാലത്ത് ഒരേ മേൽശാന്തിയാണ് ഉണ്ടായിരുന്നത്. ഇരുസ്ഥലത്തും ഒരേ സമയം മേൽശാന്തിയായിരിയ്ക്കുന്നത് ബുദ്ധിമുട്ടായപ്പോൾ അദ്ദേഹം ഭഗവതിയോട് നിത്യസാന്നിദ്ധ്യം കൊള്ളാൻ അഭ്യർത്ഥിച്ചു. അങ്ങനെയാണ് ഇവിടെ ഭദ്രകാളീസാന്നിദ്ധ്യമുണ്ടായത്. ശ്രീകോവിലിന് വടക്കുവശത്ത് പതിവുപോലെ ഓവ് നിർമ്മിച്ചിട്ടുണ്ട്.

നാലമ്പലം

തിരുത്തുക

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. അതിവിശാലമാണ് ഇവിടത്തെ നാലമ്പലം. കരിങ്കല്ലിൽ തീർത്ത നാലമ്പലം പൂർണ്ണമായും ഓട് മേഞ്ഞിട്ടുണ്ട്. നാലമ്പലത്തിനകത്തേയ്ക്കുള്ള പ്രവേശനകവാടത്തിന് ഇരുവശവും വാതിൽമാടങ്ങൾ പണിതിരിയ്ക്കുന്നു. അവയിൽ തെക്കുഭാഗത്തെ വാതിൽമാടം, വിശേഷാൽ പൂജകൾക്കും ഹോമങ്ങൾക്കും ഉപയോഗിയ്ക്കുമ്പോൾ വടക്കുഭാഗത്തെ വാതിൽമാടം, വാദ്യമേളങ്ങൾക്കും നാമജപത്തിനുമാണ് ഉപയോഗിയ്ക്കുന്നത്. പൂജയും ദീപാരാധനയുമൊഴികെയുള്ള അവസരങ്ങളിൽ ഇവിടെ ചെണ്ട, മദ്ദളം, തിമില, ഇടയ്ക്ക, ചേങ്ങില, ഇലത്താളം, ശംഖ് തുടങ്ങിയ വാദ്യോപകരണങ്ങൾ കാണാവുന്നതാണ്. നാലമ്പലത്തിനകത്ത് തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി പണിതിട്ടുണ്ട്; വടക്കുകിഴക്കേമൂലയിൽ കിണറും. തിടപ്പള്ളിയോടുചേർന്ന് സ്ഥിതിചെയ്യുന്ന പ്രത്യേകം മുറിയിലാണ് പ്രസാദവിതരണം നടത്തുന്നത്. തെക്കുപടിഞ്ഞാറേമൂലയിൽ ഒറ്റമുറിയിൽ കിഴക്കോട്ട് ദർശനമായി ഗണപതിയുടെയും അയ്യപ്പന്റെയും പ്രതിഷ്ഠകൾ കാണാം. അത്യപൂർവമാണ് ഇത്തരം പ്രതിഷ്ഠ. ഏകദേശം മൂന്നടി ഉയരം വരുന്ന ചതുർബാഹുവായ വലമ്പിരി ഗണപതിയാണ് ക്ഷേത്രത്തിലുള്ളത്. പുറകിലെ വലതുകയ്യിൽ മഴുവും പുറകിലെ ഇടതുകയ്യിൽ കയറും മുന്നിലെ ഇടതുകയ്യിൽ മോദകവും ധരിച്ച ഗണപതിഭഗവാൻ, മുന്നിലെ വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്നു. അയ്യപ്പന്റെ വിഗ്രഹത്തിന് ശബരിമലയിലെ വിഗ്രഹത്തിന്റെ രൂപവുമായി പ്രകടമായ രൂപസാദൃശ്യമുണ്ട്. ഇവിടെ വച്ചാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. വടക്കുപടിഞ്ഞാറേമൂലയിൽ ഒരു മുറിയിൽ കിഴക്കോട്ട് ദർശനമായി ദുർഗ്ഗാദേവിയുടെ പ്രതിഷ്ഠ കാണാം. ചതുർബാഹുവായ വിഷ്ണുദുർഗ്ഗയാണ് ഇവിടെയുള്ളത്. എന്നാൽ, ഭഗവാന്റെ വാമാംഗത്തിലാണ് ദേവിയുടെ പ്രതിഷ്ഠ എന്നതിനാൽ, ലക്ഷ്മിയായും സങ്കല്പമുണ്ട്. ഏകദേശം മൂന്നടി ഉയരം വരുന്ന ദേവിയുടെ വിഗ്രഹം, ചതുർബാഹുവാണ്. പുറകിലെ വലതുകയ്യിൽ ശ്രീചക്രവും പുറകിലെ ഇടതുകയ്യിൽ ശംഖും ധരിച്ച ദേവി മുന്നിലെ ഇടതുകൈ അരയിൽ കുത്തിനിൽക്കുന്നു. മുന്നിലെ വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്നു. നവരാത്രിനാളുകൾ ഇവിടെ ദേവിയ്ക്ക് അതിപ്രധാനമാണ്.

ശ്രീകോവിലിനെ ചുറ്റിപ്പറ്റി അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (കിഴക്ക്-ഇന്ദ്രൻ, തെക്കുകിഴക്ക്-അഗ്നി, തെക്ക്-യമൻ, തെക്കുപടിഞ്ഞാറ്-നിരൃതി, പടിഞ്ഞാറ്-വരുണൻ, വടക്കുപടിഞ്ഞാറ്-വായു, വടക്ക്-കുബേരൻ & സോമൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (തെക്കുഭാഗത്ത് ഒറ്റ പീഠത്തിൽ - ബ്രാഹ്മി/ബ്രഹ്മാണി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ ക്രമത്തിൽ), വീരഭദ്രൻ (സപ്തമാതൃക്കൾക്കൊപ്പം കിഴക്കുഭാഗത്ത്), ഗണപതി (സപ്തമാതൃക്കൾക്കൊപ്പം പടിഞ്ഞാറുഭാഗത്ത്), ശാസ്താവ് (തെക്കിനും തെക്കുപടിഞ്ഞാറിനുമിടയിൽ), ബ്രഹ്മാവ് (വടക്കുകിഴക്കിനും കിഴക്കിനുമിടയിൽ), അനന്തൻ (തെക്കുപടിഞ്ഞാറിനും പടിഞ്ഞാറിനുമിടയിൽ), ദുർഗ്ഗാദേവി (വടക്കുപടിഞ്ഞാറിനും വടക്കിനുമിടയിൽ), സുബ്രഹ്മണ്യൻ (പടിഞ്ഞാറിനും വടക്കുപടിഞ്ഞാറിനുമിടയിൽ), നിർമ്മാല്യധാരി (വടക്കിനും വടക്കുകിഴക്കിനുമിടയിൽ - ഇവിടെ വിഷ്വക്സേനൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. എന്നാൽ, ക്ഷേത്രത്തിൽ നിത്യശീവേലിയില്ലാത്തതിനാൽ ഇവ പ്രതീകാത്മകമായ നിർമ്മിതി മാത്രമാണ്. വിഷ്ണുക്ഷേത്രമായതിനാൽ, വടക്കുഭാഗത്ത് ഉത്തരമാതൃക്കൾ എന്ന പേരിൽ പ്രത്യേകമായി മറ്റൊരു സങ്കല്പം കൂടിയുണ്ട്. ഭാഗീശ്വരി, ക്രിയ, കീർത്തി, ലക്ഷ്മി, സൃഷ്ടി, വിദ്യ, ശാന്തി എന്നിവരാണ് ഇവർ. സപ്തമാതൃക്കൾക്കൊപ്പം വീരഭദ്രനും ഗണപതിയും കുടികൊള്ളുന്നപോലെ ഇവർക്കൊപ്പം ശ്രീധരൻ, അശ്വമുഖൻ എന്നിങ്ങനെ രണ്ടുദേവന്മാർക്കും സ്ഥാനമുണ്ടാകാറുണ്ട്. ബലിക്കല്ലുകൾ ദേവന്റെ/ദേവിയുടെ വികാരഭേദങ്ങളാണെന്നാണ് വിശ്വാസം. തന്മൂലം, ഇവയിൽ ചവിട്ടുന്നതും തൊട്ടുതലയിൽ വയ്ക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു.

നിത്യപൂജാക്രമം

തിരുത്തുക

നിത്യേന മൂന്നുപൂജകളുള്ള ഒരു മഹാക്ഷേത്രമാണ് ആലത്തിയൂർ പെരുംതൃക്കോവിൽ ശ്രീരാമ-ഹനുമാൻ ക്ഷേത്രം. പുലർച്ചെ നാലരയ്ക്ക് നാദസ്വരം, തവിൽ തുടങ്ങിയ വാദ്യങ്ങളോടെയും ഏഴുതവണയുള്ള ശംഖു വിളിയോടെയും ഭഗവാനെ പള്ളിയുണർത്തുന്നു. അതിനുശേഷം അഞ്ചുമണിയ്ക്ക് ക്ഷേത്രനട തുറക്കുന്നു. പതിവുപോലെ നിർമ്മാല്യദർശനമാണ് ആദ്യത്തെ ചടങ്ങ്. അതിനുശേഷം അഭിഷേകങ്ങൾ തുടങ്ങുന്നു. എണ്ണ, ജലം (ശംഖാഭിഷേകവും കലശാഭിഷേകവും), വാകപ്പൊടി തുടങ്ങിയ ദ്രവ്യങ്ങൾ കൊണ്ട് വിഗ്രഹത്തിൽ വിശദമായ അഭിഷേകങ്ങൾ നടത്തിയശേഷം ആദ്യനിവേദ്യമായി മലർ, ശർക്കര, കദളിപ്പഴം എന്നിവ ഒരുമിച്ച് നേദിയ്ക്കുന്നു. പിന്നീട് വിഗ്രഹം പൂമാലകളും സ്വർണ്ണ-രത്നാഭരണങ്ങളും ചന്ദനക്കൂട്ടും കൊണ്ട് അതിമനോഹരമായി അലങ്കരിയ്ക്കുന്നു. അതിനുശേഷം ആറുമണിയോടെ നടയടച്ച് ഉഷഃപൂജ നടക്കുന്നു. നെയ്പ്പായസമാണ് ഈ സമയത്തെ പ്രധാന നിവേദ്യം. ഇതേസമയത്തുതന്നെ ക്ഷേത്രത്തിൽ ഗണപതിഹോമവും നടത്തുന്നു. പിന്നീട് ഉപദേവതകൾക്കുള്ള പൂജകളാണ്. ഹനുമാൻ സ്വാമിയ്ക്കുള്ള വിശേഷമായ അവിൽ നിവേദ്യം രാവിലെ ഒമ്പതുമണിയോടെ തുടങ്ങുന്നു. ഏകദേശം പന്ത്രണ്ടുനാഴി അവിൽ ഇവിടെ ഒരുസമയം നേദിയ്ക്കാറുണ്ട്. അതിനുശേഷം ഒമ്പതേകാലോടെ നടയടച്ച് ഉച്ചപ്പൂജ നടത്തുന്നു. പാൽപ്പായസം, ചതുശ്ശതം, വെള്ളനിവേദ്യം എന്നിവയാണ് ഈ സമയത്തെ നിവേദ്യങ്ങൾ. ഉച്ചപ്പൂജ കഴിഞ്ഞ് പതിനൊന്നുമണിയോടെ ക്ഷേത്രനട അടയ്ക്കുന്നു.

വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയസമയമനുസരിച്ച് ദീപാരാധന നടത്തുന്നു. ക്ഷേത്രത്തിനകത്തും പുറത്തുമുള്ള ദീപങ്ങൾ മുഴുവൻ ഈ സമയം കൊളുത്തിവച്ചിട്ടുണ്ടാകും. അതിമനോഹരമായ കാഴ്ചയാണിത്. ക്ഷേത്രത്തിൽ കർപ്പൂരം ഉപയോഗിച്ച് ആരാധന നടത്തുന്നത് ഈ സമയത്താണ്. മറ്റുള്ള അവസരങ്ങളിൽ ചെറിയൊരു നെയ് വിളക്കുവച്ചുള്ള ആരാധനയേ പതിവുള്ളൂ. ദീപാരധന കഴിഞ്ഞ് നടതുറന്നാൽ മേൽശാന്തി ഭക്തരെക്കൊണ്ട് കർപ്പൂരം ഉഴിയിയ്ക്കുകയും ചെയ്യാറുണ്ട്. അതിനുശേഷം രാത്രി ഏഴുമണിയോടെ അത്താഴപ്പൂജ തുടങ്ങും. ഈ സമയത്ത് അപ്പവും അടയുമാണ് പ്രധാന നിവേദ്യങ്ങൾ. അത്താഴപ്പൂജ കഴിഞ്ഞ് ഏഴരമണിയോടെ വീണ്ടും നടയടയ്ക്കും.

സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് ഇവിടെ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും ഗ്രഹണം നടക്കുന്ന അവസരങ്ങളിലും ഇവയിൽ മാറ്റം വരും. ഉദയാസ്തമനപൂജയുള്ളപ്പോൾ ഇവിടെ പതിനെട്ട് പൂജകളുണ്ടാകാറുണ്ട്. ഗ്രഹണമുള്ള ദിവസങ്ങളിൽ അത് തുടങ്ങുന്നതിനും ഒരു മണിക്കൂർ മുമ്പേ അടയ്ക്കുന്ന നട, അതുകഴിഞ്ഞ് ശുദ്ധിക്രിയകൾ നടത്തിയേ തുറക്കൂ. ഇവിടെയുള്ള എല്ലാ പൂജകളും ശ്രീരാമസ്വാമിയ്ക്കാണ് നടത്തപ്പെടുന്നത്. ഹനുമാൻ സ്വാമിയ്ക്ക് നിവേദ്യം മാത്രമേയുള്ളൂ. രാവിലെയുള്ള പൂജകൾക്ക് ഇടയ്ക്കയും വൈകീട്ടുള്ള പൂജകൾക്ക് ചെണ്ടയുമാണ് വാദ്യങ്ങളായി ഉപയോഗിയ്ക്കുക. സമീപഗ്രാമമായ തിരുനാവായയിലെ കൽപ്പുഴ മനയ്ക്കാണ് ഇവിടെ തന്ത്രാധികാരം. ദേവസ്വം ബോർഡിന് കീഴിലാണ് മേൽശാന്തി, കീഴ്ശാന്തി നിയമനങ്ങൾ.

വിശേഷദിവസങ്ങൾ

തിരുത്തുക

തിരുവോണ മഹോത്സവം

തിരുത്തുക

ആലത്തിയൂർ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആണ്ടുവിശേഷമാണ് തുലാമാസത്തിൽ പൂരാടം, ഉത്രാടം, തിരുവോണം നാളുകളായി നടക്കുന്ന തിരുവോണ മഹോത്സവം. മൂന്നുദിവസവും ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കലാപരിപാടികളുമുണ്ടാകാറുണ്ട്.

  1. "ശ്രീലങ്കൻ പ്രധാനമന്ത്രി ഒരു ദിവസത്തെ സന്ദർശനത്തിനു കേരളത്തിൽ". ടൈംസ് ഓഫ് ഇന്ത്യ. 2003-08-23.
  2. അശ്വതി, ആമി (2020-02-15). "ഒരു നാട് തന്നെ ക്ഷേത്രമാകുന്നു, ആലത്തിയൂരിൽ". മാതൃഭൂമി. Retrieved 2023-12-10.
  3. "കാണേണ്ട സ്ഥലങ്ങൾ". ജില്ലാ ഐ.ടി. യൂണിറ്റ് കോർഡിനേറ്റർ, ജില്ലാ കളക്ടറുടെ ഓഫീസ്, മലപ്പുറം, കേരള സർക്കാർ. Retrieved 2023-12-10.
  4. "പ്രധാന ക്ഷേത്രങ്ങൾ". മലബാർ ദേവസ്വം ബോർഡിന്റെ ഭരണത്തിലുള്ള ക്ഷേത്രങ്ങൾ. Retrieved 2023-12-09.
  5. ., TNN (2016-12-07). "ജയലളിതയുടെ 'ദൈവിക' പ്രയത്നം" [Jayalalitha's 'divine' tryst]. ടൈംസ് ഓഫ് ഇന്ത്യ (in ഇംഗ്ലീഷ്). കൊച്ചി. Retrieved 2023-12-10. {{cite news}}: |last= has numeric name (help)
  6. രാമകൃഷ്ണൻ, വെങ്കടേഷ് (2016-12-07). "ജംബോ നന്ദി പ്രകാശനത്തിൽ ജയലളിത" [JAYALALITHA IN JUMBO THANKSGIVING]. ടെലഗ്രാഫ് ഓൺലൈൻ (in ഇംഗ്ലീഷ്). കൊച്ചി. Retrieved 2023-12-10.

പുറം കണ്ണികൾ

തിരുത്തുക