ജടായു
ഹിന്ദു ഇതിഹാസമായ രാമായണം അനുസരിച്ച് സൂര്യസാരഥിയായ അരുണന്റെ പുത്രനാണ് ജടായു (സംസ്കൃതം: जटायुः ജടായുഃ, തമിഴ്: சடாயு ചടായു). ജടായു ഒരു കഴുകൻ (സംസ്കൃതം: गृध्रः) ആണ്. ശ്യേനിയാണ് ജടായുവിന്റെ മാതാവ്. രാമന്റെ പിതാവായ ദശരഥന്റെ പഴയ സുഹൃത്താണ് ജടായു. രാവണൻ സീതയെ അപഹരിച്ചു ലങ്കയിലേക്കു പോകുമ്പോൾ മാർഗ്ഗമധ്യേ ജടായു സീതയെ രക്ഷികാൻ ശ്രമിക്കുന്നു. രാവണനുമായുള്ള യുദ്ധത്തിൽ രാവണൻ ജടായുവിന്റെ ചിറകുകൾ അരിഞ്ഞ് ജടായുവിനെ പരാജയപ്പെടുത്തുന്നു. രാമലക്ഷ്മണന്മാർ സീതയെ അന്വേഷിച്ചുവരുമ്പോൾ മാർഗ്ഗമധ്യേ മരിക്കാറായ ജടായുവിനെ കാണുന്നു. രാവണനുമായി താൻ ചെയ്ത യുദ്ധത്തെപ്പറ്റി ജടായു രാമലക്ഷ്മണന്മാരോട് പറയുകയും രാവണൻ സീതയെ അപഹരിച്ചുകൊണ്ടുപോയ ദിക്ക് കാട്ടിക്കൊടുക്കുകയും ചെയ്യുന്നു.
![](http://upload.wikimedia.org/wikipedia/commons/thumb/a/ac/Ravi_Varma-Ravana_Sita_Jathayu.jpg/220px-Ravi_Varma-Ravana_Sita_Jathayu.jpg)
കുട്ടിക്കാലത്ത് ജടായു തന്റെ ഭ്രാതാവ് സമ്പാതിയുമായി (സംസ്കൃതം: सम्पातिः) മത്സരിച്ചു പറക്കുമായിരുന്നു. അങ്ങനെയുള്ള ഒരു മത്സരത്തിൽ ഉയർന്നു പറന്ന ജടായു സൂര്യകിരണങ്ങളാൽ പൊള്ളിപ്പോകുമായിരുന്നു. സമ്പാതി തന്റെ ചിറകുകൾ വിടർത്തിപ്പിടിച്ച് ജടായുവിനെ സൂര്യാതാപത്തിൽനിന്ന് രക്ഷിച്ചു. എന്നാൽ ഈ ശ്രമത്തിൽ സമ്പാതിക്ക് സ്വന്തം ചിറകുകൾ നഷ്ടപ്പെട്ടു. ശേഷിച്ച ജീവിതം സമ്പാതി ചിറകില്ലാതെ ജീവിച്ചു.
രാമായണത്തിലെ ജടായുവിന്റേതായി കൊല്ലം ജില്ലയിലെ ചടയമംഗലം ജടായുപ്പാറയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷിപ്രതിമ നിർമ്മിച്ചിട്ടുണ്ട്. ജഡായു-രാവണയുദ്ധം ജഡായുപ്പാറയിൽ വെച്ചാണ് നടന്നതെന്നാണ് വിശ്വാസം. വെട്ടേറ്റു വീണ ജഡായുവിനെ ഓർമപ്പെടുത്തും വിധമാണ് ശിൽപം. 200 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമുണ്ട് പക്ഷിശിൽപത്തിന്.