ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ തുറവൂർ ഗ്രാമത്തിൽ ദേശീയപാത 66-ന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് തുറവൂർ മഹാക്ഷേത്രം. മഹാവിഷ്ണുവിന്റെ അവതാരങ്ങളായ ഉഗ്രനരസിംഹമൂർത്തിയും സുദർശനമൂർത്തിയുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ. ഇരുമൂർത്തികളും ഒരേ നാലമ്പലത്തിന്റെ രണ്ടുഭാഗങ്ങളിലായി തുല്യപ്രാധാന്യത്തോടെ വാഴുന്നു. രണ്ടു കൊടിമരങ്ങളും രണ്ടു മേൽശാന്തിമാരുമുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നുകൂടിയാണിത്. ഭയം, ശത്രുദോഷം, രോഗപീഡ, ഉപദ്രവങ്ങൾ എന്നിവ ഇല്ലാതാകാൻ നരസിംഹമൂർത്തിയെയും സുദർശനമൂർത്തിയെയും ആരാധിയ്ക്കുന്നത് നല്ലതാണ് എന്ന് വിശ്വാസമുണ്ട്. ഉപദേവതകളായി ഗണപതി, ശിവൻ, ദുർഗ്ഗാദേവി, അയ്യപ്പൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, യക്ഷി എന്നിവർക്കും ക്ഷേത്രത്തിൽ പ്രതിഷ്ഠകളുണ്ട്. തുലാമാസത്തിൽ ദീപാവലി നാളിൽ ആറാട്ട് വരത്തക്ക വിധത്തിൽ ഒമ്പതുദിവസത്തെ കൊടിയേറ്റുത്സവം, വൈശാഖമാസത്തിൽ നരസിംഹ ജയന്തി, ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി, മേടമാസത്തിൽ വിഷു, പത്താമുദയം, മകരസംക്രാന്തി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ എല്ലാ വ്യാഴാഴ്ച ദിവസങ്ങൾ, ഏകാദശി തുടങ്ങിയ ദിവസങ്ങളും വിശേഷമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

തുറവൂർ മഹാക്ഷേത്രം
തുറവൂർ മഹാക്ഷേത്രം
തുറവൂർ മഹാക്ഷേത്രം
തുറവൂർ മഹാക്ഷേത്രം is located in Kerala
തുറവൂർ മഹാക്ഷേത്രം
തുറവൂർ മഹാക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°46′4″N 76°19′1″E / 9.76778°N 76.31694°E / 9.76778; 76.31694
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:ആലപ്പുഴ
പ്രദേശം:ചേർത്തല
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ഉഗ്ര നരസിംഹമൂർത്തി, സുദർശനമൂർത്തി
പ്രധാന ഉത്സവങ്ങൾ:തിരുവുത്സവം, ദീപാവലി, നരസിംഹ ജയന്തി
ക്ഷേത്രങ്ങൾ:2
ചരിത്രം
ക്ഷേത്രഭരണസമിതി:തിരുവിതാംകൂർ ദേവസ്വം ബോർഡ്

ഐതിഹ്യം തിരുത്തുക

ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിൽ ആദ്യം ഇവിടെ കുടികൊണ്ടിരുന്നത് തെക്കനപ്പൻ എന്നറിയപ്പെടുന്ന സുദർശനമൂർത്തിയാണ്. ചരിത്രമനുസരിച്ച് ഏകദേശം എ.ഡി. ആറാം നൂറ്റാണ്ടിൽ തന്നെ ഇവിടെ സുദർശനമൂർത്തിയ്ക്ക് പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. എന്നാൽ, ക്ഷേത്രം ഇന്ന് കൂടുതൽ അറിയപ്പെടുന്നത് വടക്കനപ്പൻ എന്നറിയപ്പെടുന്ന നരസിംഹമൂർത്തിയുടെ പേരിലാണ്. ഇവിടെ നരസിംഹപ്രതിഷ്ഠ ഉണ്ടായതിനുപിന്നിൽ ഒരു ഐതിഹ്യമുണ്ട്. അതിങ്ങനെ:

ഇവിടെ ഇപ്പോൾ പ്രതിഷ്ഠിയ്ക്കപ്പെട്ട നരസിംഹവിഗ്രഹം ആദ്യകാലത്ത് കാശിയിലായിരുന്നു. ശങ്കരാചാര്യരുടെ ശിഷ്യനായ പദ്മപാദർ പൂജിച്ചിരുന്ന വിഗ്രഹമാണിത്. പിൽക്കാലത്ത് ഈ വിഗ്രഹം കേരളത്തിലെത്തിയ്ക്കുകയും ഇവിടെയടുത്തുള്ള ഭൂതനിലം എന്ന സ്ഥലത്ത് കുഴിച്ചിടുകയും ചെയ്തു. അക്കാലത്തൊരിയ്ക്കൽ ചേരരാജവംശത്തിൽ കേരളേന്ദ്രൻ എന്നുപേരുള്ള ഒരു ചക്രവർത്തിയുണ്ടായിരുന്നു. മികച്ച രീതിയിൽ രാജ്യഭരണം നടത്തി എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റിയ കേരളേന്ദ്രന്റെ ഗുരുനാഥൻ, മുരിങ്ങോത്ത് അടികൾ എന്നുപേരുള്ള ഒരു തുളു ബ്രാഹ്മണനായിരുന്നു. ഭരണകാര്യങ്ങളിൽ പലപ്പോഴും കേരളേന്ദ്രൻ സ്വീകരിച്ചിരുന്നത് മുരിങ്ങോത്ത് അടികളുടെ സഹായമാണ്. അങ്ങനെയിരിയ്ക്കേ അടികൾ വാർദ്ധക്യസഹജമായ രോഗങ്ങളെത്തുടർന്ന് കിടപ്പിലായി. തന്റെ അവസാനകാലം അടുത്തെന്ന് മനസ്സിലാക്കിയ അദ്ദേഹം, എന്നാൽ തന്റെ അടുത്ത ജന്മം നായയായിട്ടാകുമെന്ന് അറിഞ്ഞതോടെ ദുഃഖിതനായി. ഇതറിഞ്ഞ അദ്ദേഹം ഉടനെ ചക്രവർത്തിയെ വിളിച്ചുവരുത്തുകയും നായയായി ജനിയ്ക്കുമ്പോൾ തന്നെ പാപകർമ്മങ്ങൾ ചെയ്യുന്നതിൽ നിന്ന് രക്ഷിയ്ക്കണമെന്ന് അഭ്യർത്ഥിയ്ക്കുകയും ചെയ്തു. കേരളേന്ദ്രൻ ഇത് പൂർണ്ണമനസ്സോടെ സമ്മതിച്ചു. താമസിയാതെ അടികൾ മരിയ്ക്കുകയും അദ്ദേഹം നായയായി പുനർജനിയ്ക്കുകയും ചെയ്തു. ഈ നായയെ കേരളേന്ദ്രൻ നല്ലപോലെ നോക്കിവന്നെങ്കിലും ഒരുദിവസം അദ്ദേഹത്തിന് അതിനെ വധിയ്ക്കേണ്ടിവന്നു. ഇതോടെ കേരളേന്ദ്രന് തന്റെ വാക്ക് പാലിയ്ക്കാനായെങ്കിലും അദ്ദേഹത്തെ ഗുരുഹത്യാപാപം ബാധിച്ചു. ഇതിന് അദ്ദേഹത്തിന്റെ മറ്റ് ഗുരുക്കന്മാർ പരിഹാരമായി നിർദ്ദേശിച്ചത് ഒരു ശിവക്ഷേത്രം പണിയാനാണ്. അങ്ങനെയാണ് അങ്കമാലിയ്ക്കടുത്ത് നായത്തോട്ടുള്ള ശിവ-നാരായണക്ഷേത്രം നിലവിൽ വന്നത്. ഇതിനടുത്തുകൂടെ ഒഴുകുന്ന ഒരു തോടിനടുത്തുവച്ചാണ് കേരളേന്ദ്രൻ നായയെ വധിച്ചത്. അങ്ങനെയാണ് നായത്തോട് എന്ന പേര് സ്ഥലത്തിന് വന്നത്.

നായത്തോട് ശിവപ്രതിഷ്ഠ കഴിച്ചശേഷം അവിടത്തെ തന്ത്രിയായ നമ്പൂതിരി കാശീദർശനത്തിന് പോകുകയുണ്ടായി. ഗംഗാസ്നാനം നടത്തി കാശീവിശ്വനാഥനെയും വിശാലാക്ഷിയെയും മറ്റുള്ള ദേവതകളെയും വണങ്ങിയശേഷം നാട്ടിലേയ്ക്ക് മടങ്ങാനിരിയ്ക്കേ അദ്ദേഹം അതിദിവ്യമായ ഒരു തേജസ്സ് ദർശിയ്ക്കാനിടയായി. അത് തെക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് പോകുന്നതായി മനസ്സിലാക്കിയ അദ്ദേഹം അതിനെ പിന്തുടർന്നുപോകാൻ തീരുമാനിച്ചു. കേരളദേശത്ത് ഒരു നരസിംഹക്ഷേത്രം ഉയർന്നുവരണമെന്നും അതിനുള്ള വിഗ്രഹം കാണുന്ന സ്ഥലത്തേയ്ക്കാണ് പ്രസ്തുത തേജസ്സ് പോകുന്നതെന്നും ഒരു അരുളപ്പാടുണ്ടായതാണ് നമ്പൂതിരി അതിന്റെ പിന്തുടരാൻ തീരുമാനിച്ചതിന് കാരണം. അതനുസരിച്ച് തേജസ്സിനെ പിന്തുടർന്ന അദ്ദേഹം എത്തിച്ചേർന്നത് ഭൂതനിലത്താണ്. അപ്പോൾത്തന്നെ തേജസ്സ് അപ്രത്യക്ഷമായെങ്കിലും വിഗ്രഹം എവിടെയാണെന്ന വിവരം നമ്പൂതിരിയ്ക്ക് മനസ്സിലായില്ല. അങ്ങനെ വിഷാദിച്ചിരിയ്ക്കുമ്പോൾ പെട്ടെന്ന് അവിടെ ഉഗ്രശബ്ദത്തോടുകൂടി ഒരു പൊട്ടിത്തെറിയുണ്ടാകുകയും അഞ്ജനശിലയിൽ തീർത്ത ഒരു മഹാവിഷ്ണുവിഗ്രഹം അവിടെ കാണാനിടയാകുകയും ചെയ്തു. ശങ്കരാചാര്യരുടെ പ്രഥമശിഷ്യനായ പദ്മപാദർ പൂജിച്ചിരുന്ന വിഗ്രഹമാണതെന്ന് മനസ്സിലാക്കിയ അദ്ദേഹം, അതിൽ പദ്മപാദരുടെ ഉപാസനാമൂർത്തിയായ നരസിംഹമൂർത്തിയെ സങ്കല്പിയ്ക്കുകയും, സുദർശനമൂർത്തിക്ഷേത്രത്തിന്റെ വടക്കുവശത്ത് പ്രത്യേകം ശ്രീകോവിൽ പണിത് പ്രതിഷ്ഠ നടത്തുകയുമുണ്ടായി. അങ്ങനെയാണ് ഇവിടെ നരസിംഹമൂർത്തിയ്ക്ക് സാന്നിദ്ധ്യമുണ്ടായത്.

ഇന്ന് നരസിംഹപ്രതിഷ്ഠയിരിയ്ക്കുന്ന സ്ഥലത്ത് അന്ന് ദുർഗ്ഗാദേവിയുടെ പ്രതിഷ്ഠയാണുണ്ടായിരുന്നത്. ശിലയിൽ തീർത്ത ചെറിയൊരു കണ്ണാടിബിംബത്തിൽ ആവാഹിച്ചുവച്ചിരുന്ന ദേവിയെ, ചില പ്രാശ്നികരുടെ അഭ്യർത്ഥന മാനിച്ച് പുറത്തേയ്ക്ക് മാറ്റിയശേഷമാണ് നരസിംഹക്ഷേത്രം പണിതതും പ്രതിഷ്ഠ കഴിച്ചതും. വിഗ്രഹം ലഭിച്ച സ്ഥലമായ ഭൂതനിലത്ത് ഇപ്പോൾ പ്രതിഷ്ഠയില്ലാത്ത ശ്രീകോവിലോടുകൂടിയ ചെറിയൊരു ക്ഷേത്രമുണ്ട്. ഇവിടം വടക്കനപ്പന്റെ മൂലസ്ഥാനമായി കണക്കാക്കപ്പെടുന്നു. എല്ലാവർഷവും മേടമാസത്തിൽ പത്താമുദയം ദിവസം തെക്കനപ്പനെയും വടക്കനപ്പനെയും ആനപ്പുറത്ത് ഭൂതനിലത്തേയ്ക്ക് എഴുന്നള്ളിയ്ക്കുന്ന ചടങ്ങും നടത്തിവരാറുണ്ട്. ഇപ്പോൾ ക്ഷേത്രത്തിൽ പ്രധാന വഴിപാടായി നടത്തപ്പെടുന്ന വെടിവഴിപാട്, വിഗ്രഹം ലഭിച്ച സമയത്തുണ്ടായ പൊട്ടിത്തെറിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു. കോൺവെടി, ചുറ്റുവെടി, ഈടുവെടി തുടങ്ങി പലതരത്തിൽ വെടിവഴിപാട് ഇവിടെയുണ്ടാകാറുണ്ട്. കേരളത്തിലെ വൈഷ്ണവദേവാലയങ്ങളിൽ വെടിവഴിപാട് അത്യപൂർവ്വമാണ് എന്നത് ഈ വഴിപാടിന് മാറ്റുകൂട്ടുന്നു.

ചരിത്രം തിരുത്തുക

ക്ഷേത്ര രൂപകല്പന തിരുത്തുക

ക്ഷേത്രപരിസരവും മതിലകവും തിരുത്തുക

തുറവൂർ ഗ്രാമത്തിന്റെ ഒത്തനടുക്ക്, ദേശീയപാതയുടെ പടിഞ്ഞാറ് തുറവൂർ ജങ്ഷനിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. എന്നാൽ, ക്ഷേത്രത്തിന് നേരെമുന്നിൽ കുളമാണ്. അതിനാൽ, അതുവഴി പ്രവേശനമില്ല. വടക്കേ നടയിലൂടെയാണ് ക്ഷേത്രത്തിലേയ്ക്ക് പ്രവേശനം. ക്ഷേത്രനടയോടുചേർന്ന് വലിയൊരു അരയാൽമരം സ്ഥിതിചെയ്യുന്നു. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന് മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. അതായത്, അരയാൽ ത്രിമൂർത്തീസ്വരൂപമായി കണക്കാക്കപ്പെടുന്നു. നിത്യവും രാവിലെ അരയാലിനെ വലംവയ്ക്കുന്നത് ആയുസ്സിനും ആരോഗ്യത്തിനും ഉത്തമമായി കണക്കാക്കപ്പെടുന്നു. തന്മൂലം, നിരവധി ഭക്തർ ഇവിടെ അരയാലിനെ പ്രദക്ഷിണം വയ്ക്കാറുണ്ട്. ഇതുകടന്ന് അല്പം കൂടി മുന്നോട്ടുനടന്നാൽ ക്ഷേത്രം വക വെടിപ്പുര കാണാം. വെടിവഴിപാട് ഇവിടെ ഭഗവാന് പ്രധാനമാണ്. സാധാരണയായി വൈഷ്ണവദേവാലയങ്ങളിൽ വെടിവഴിപാട് നടത്താറില്ല. കൂടുതലും ദേവീക്ഷേത്രങ്ങളിലും ശിവക്ഷേത്രങ്ങളിലുമാണ് വെടിവഴിപാട് നടത്താറുള്ളത്. തുറവൂർ കൂടാതെ ഒരു വൈഷ്ണവദേവാലയത്തിൽ വെടിവഴിപാടിന് പ്രാധാന്യം നൽകുന്നത് തൃശ്ശൂർ ജില്ലയിൽ തൃപ്രയാറിലുള്ള പ്രസിദ്ധമായ ശ്രീരാമസ്വാമിക്ഷേത്രത്തിൽ മാത്രമാണ്. വെടിപ്പുര പിന്നിട്ടാൽ ക്ഷേത്രം വക ആനക്കൊട്ടിലിലെത്താം. കേരളത്തിലെ ഏറ്റവും വലിയ ആനക്കൊട്ടിലുകളിലൊന്നാണ് ഇവിടെയുള്ളത്. നരസിംഹമൂർത്തിയ്ക്കും സുദർശനമൂർത്തിയ്ക്കും ഒരുമിച്ചാണ് ഇവിടെ ആനക്കൊട്ടിൽ പണിതിരിയ്ക്കുന്നത്. പത്താനകളെ വരെ വച്ചെഴുന്നള്ളിയ്ക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ആനക്കൊട്ടിലിനിപ്പുറം ഇരുനിലകളോടുകൂടിയ ഒരു കുളപ്പുര പണിതിട്ടുണ്ട്. ഇവിടെയാണ് ക്ഷേത്രത്തിലെ പ്രധാന കുളക്കടവ് സ്ഥിതിചെയ്യുന്നത്. ഉഗ്രമൂർത്തികളായ നരസിംഹമൂർത്തിയുടെയും സുദർശനമൂർത്തിയുടെയും കോപം ശമിപ്പിയ്ക്കാനാണ് ക്ഷേത്രത്തിന് മുന്നിൽ കുളം പണിതതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. അതിവിശാലമായ ക്ഷേത്രക്കുളം കിഴക്കുഭാഗം മുഴുവൻ നിറഞ്ഞുനിൽക്കുന്നു. 2014-ൽ ഈ കുളം സൗന്ദര്യവത്കരണം നടത്തി വൃത്തിയാക്കിയിരുന്നു. ഈ കുളപ്പുരയുടെ മുകളിലാണ് മേൽശാന്തിമാർക്ക് താമസിയ്ക്കാനുള്ള മുറികൾ. ഗുരുവായൂർ, ശബരിമല, വൈക്കം, തൃശ്ശൂർ വടക്കുംനാഥൻ തുടങ്ങിയ ക്ഷേത്രങ്ങളിലെപ്പോലെ പുറപ്പെടാശാന്തി എന്ന പദവി വഹിയ്ക്കുന്ന മേൽശാന്തിയാണ് ഇവിടെയുമുള്ളത്. കാസർഗോഡ് ജില്ലയിൽ നീലേശ്വരം സ്വദേശികളായ പത്തില്ലത്തിൽ പോറ്റിമാരുടെ കുടുംബത്തിൽ നിന്നാണ് ഇവിടെയുള്ള മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നത്. ഒരു വിഷു മുതൽ അടുത്ത വിഷു വരെയാണ് ഇവരുടെ കാലാവധി. പുറപ്പെടാശാന്തിമാരായതിനാൽ അതിവിശേഷമായ ക്രിയകളോടെയാണ് ഇവരെ അവരോധിയ്ക്കുക. കർശനമായ ബ്രഹ്മചര്യനിഷ്ഠയോടെ വേണം പൂജകൾ നടത്താൻ എന്നാണ് ചിട്ട.

ആനക്കൊട്ടിലിനപ്പുറം ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന ഉത്തുംഗമായ രണ്ട് സ്വർണ്ണക്കൊടിമരങ്ങൾ കാണാം. രണ്ട് കൊടിമരങ്ങളുള്ള അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് തുറവൂർ മഹാക്ഷേത്രം. അതിലും വലിയ പ്രത്യേകത, രണ്ടിലും ഒരേ രൂപത്തെയാണ് വാഹനമാക്കി പ്രതിഷ്ഠിച്ചിരിയ്ക്കുന്നതെന്നാണ്. പ്രധാനപ്രതിഷ്ഠകൾ രണ്ടും വൈഷ്ണവരൂപങ്ങളായതുകൊണ്ടാണിത്. സുദർശനമൂർത്തിയുടെ നടയിലുള്ളതിനാണ് ഉയരം കൂടുതൽ. ഈ കൊടിമരങ്ങൾക്കപ്പുറം ബലിക്കൽപ്പുരകൾ പണിതിരിയ്ക്കുന്നു. ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ലുകൾ ഇവിടെയാണ് കാണപ്പെടുന്നത്. പ്രധാനപ്രതിഷ്ഠകൾ രണ്ടായതിനാൽ ബലിക്കല്ലുകളും രണ്ടാണ്. സുദർശനമൂർത്തിയുടെ നടയിലെ ബലിക്കല്ലിന് ഉയരം വളരെ കുറവാണ്. പണ്ട് നല്ല ഉയരമുണ്ടായിരുന്നുവെന്നും പിന്നീട് താഴ്ത്തിയതാണെന്നുമാണ് കഥ. നരസിംഹമൂർത്തിയുടെ നടയിലെ ബലിക്കല്ലിന് സാമാന്യം വലുപ്പമുണ്ട്. എങ്കിലും, പുറത്തുനിന്ന് നോക്കിയാലും വിഗ്രഹരൂപം കാണാം. രണ്ടിടത്തും മച്ചിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. തെക്കുകിഴക്കേമൂലയിൽ ദേവസ്വം ഓഫീസ് പണിതിരിയ്ക്കുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ഒരു 'എ' ഗ്രേഡ് ദേവസ്വമാണ് തുറവൂർ ദേവസ്വം. ദേവസ്വം ബോർഡിന്റെ വൈക്കം ഗ്രൂപ്പിലാണ് ഈ ദേവസ്വം വരുന്നത്.

ദേവസ്വം ഓഫീസ് വിട്ട് പ്രദക്ഷിണമായി വരുമ്പോൾ തെക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായി അയ്യപ്പസ്വാമിയുടെ ശ്രീകോവിൽ കാണാം. ശബരിമലയിലെ അതേ രൂപത്തിലുള്ള വിഗ്രഹമാണ് ഇവിടെയുള്ളത്. ഏകദേശം രണ്ടടി ഉയരം വരും. ഈ നടയിൽ വച്ചാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ഇതിനും പടിഞ്ഞാറായി ആൽമരച്ചുവട്ടിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നാഗരാജാവായി അനന്തൻ വാഴുന്ന പ്രതിഷ്ഠയാണിത്. കൂടാതെ, സമീപത്ത് നാഗയക്ഷിയും നാഗചാമുണ്ഡിയും ചിത്രകൂടവുമുണ്ട്. എല്ലാ മാസവും ആയില്യം നക്ഷത്രത്തിൽ ഇവിടെ വിശേഷാൽ പൂജകൾ നടക്കാറുണ്ട്; കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയും. നാഗദൈവങ്ങളുടെ വടക്കുള്ള പീഠത്തിൽ ബ്രഹ്മരക്ഷസ്സിന്റെ പ്രതിഷ്ഠ കാണാം. സാധാരണ പോലെ ചെറിയൊരു ശിവലിംഗം തന്നെയാണ് ഇവിടെയും ബ്രഹ്മരക്ഷസ്സിനെ പ്രതിനിധീകരിയ്ക്കുന്നത്.

തുടർന്ന് പ്രദക്ഷിണം വച്ചുവരുമ്പോൾ പടിഞ്ഞാറുഭാഗത്തായി പ്രത്യേകം ശ്രീകോവിലിൽ ദുർഗ്ഗാദേവിയുടെ പ്രതിഷ്ഠ കാണാം. വ്യക്തരൂപമില്ലാത്ത ഒരു ശിലാഖണ്ഡത്തിലാണ് ദേവിയെ ആവാഹിച്ചുവച്ചിരിയ്ക്കുന്നത്. ആദ്യകാലത്ത് ഇപ്പോഴത്തെ വടക്കനപ്പന്റെ ശ്രീകോവിലിന്റെ സ്ഥാനത്ത് കുടികൊണ്ടിരുന്ന ദേവിയെ, നരസിംഹപ്രതിഷ്ഠ വന്നപ്പോഴാണ് ഇങ്ങോട്ട് മാറ്റിയതെന്ന് ഐതിഹ്യമുണ്ട്. എന്നാൽ, ചരിത്രപരമായി നോക്കുമ്പോൾ ആദ്യകാലത്തുണ്ടായിരുന്ന ദേവിയുടെ സമീപം വൈഷ്ണവസാന്നിദ്ധ്യം വന്നതാകാനാണ് സാധ്യത. കാരണം, ആദിദ്രാവിഡർ ദേവിയെയും ശാസ്താവിനെയും മറ്റുമാണല്ലോ ആരാധിച്ചിരുന്നത് ഏകദേശം അരയടി ഉയരം വരുന്ന വിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന ദേവിയ്ക്ക് നവരാത്രിയും തൃക്കാർത്തികയും അതിവിശേഷമാണ്. ഈ ദിവസങ്ങളിൽ ധാരാളം പൂജകൾ ദേവിയ്ക്ക് നടത്താറുണ്ട്.

വടക്കേ നടയിലെത്തുമ്പോൾ അതിവിശേഷമായ ഒരു ശ്രീകോവിൽ കാണാം. ഇവിടെ യക്ഷിയമ്മയാണ് പ്രതിഷ്ഠ. മരം കൊണ്ടുള്ള അഴിക്കൂടോടുകൂടിയ ശ്രീകോവിലാണ് ഇവിടെ പണിതിരിയ്ക്കുന്നത് എന്നതിനാൽ അത്യുഗ്രദേവതയായ യക്ഷിയാണ് ഇവിടെ പ്രതിഷ്ഠ എന്ന് ഊഹിച്ചെടുക്കാം. കിഴക്കോട്ട് ദർശനം നൽകുന്ന യക്ഷിയമ്മയെ, ഏകദേശം അരയടി ഉയരം വരുന്ന ചെറിയൊരു വിഗ്രഹത്തിലാണ് ആവാഹിച്ചിരിയ്ക്കുന്നത്. ഈ വിഗ്രഹത്തിന് വിശേഷാൽ രൂപമൊന്നുമില്ല. വറപൊടിയാണ് യക്ഷിയ്ക്കുള്ള പ്രധാന വഴിപാട്.

ശ്രീകോവിലുകൾ തിരുത്തുക

ലക്ഷണമൊത്ത വൃത്താകൃതിയിലും ചതുരാകൃതിയിലും തീർത്ത രണ്ട് മഹാസൗധങ്ങളാണ് ഇവിടെയുള്ള ശ്രീകോവിലുകൾ. കരിങ്കല്ലിൽ തീർത്ത ഈ ശ്രീകോവിലുകളുടെ ഇരുനിലകളും ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടങ്ങളും കാണാം.

നാലമ്പലങ്ങൾ തിരുത്തുക

നിത്യ അന്നദാനം തിരുത്തുക

ഈ ക്ഷേത്രത്തിൽ എത്തിച്ചേരുന്ന മുഴുവൻ ഭക്തജനങ്ങൾക്കും 2010 നവംബർ 17 മുതൽ അന്നദാനം പ്രസാദമായി നൽകുന്നു. തുറവൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുഴുവൻ രോഗികൾക്കും നിത്യ അന്നദാനം നൽകിയതിനു ശേഷമാണ് പ്രസാദമൂട്ട് നടത്തുന്നത്. വ്യാഴം, ഞായർ ദിവസങ്ങളിൽ 1000 പേർക്കും അല്ലാത്ത ദിവസങ്ങളിൽ ഏകദേശം 500 പേർക്കും അന്നദാനം നടക്കുന്നു. ആണ്ടുപിറപ്പായ ചിങ്ങമാസം ഒന്നാം തീയതി രാവിലെ മുതൽ മലർ, കദളിപ്പഴം പ്രസാദവും പന്തീരടി പൂജക്ക് ശേഷം പാല്പായസവും ഊട്ടിനുമുന്നോടിയായി നൽകുന്നു.

ഭക്തജനസമിതി തിരുത്തുക

തുറവൂർ മഹാക്ഷേത്ര ഭക്തജനസമിതി എന്ന ഭക്തജനങ്ങളുടെ സമിതിയാണ് നിത്യ അന്നദാനത്തിനെ ചുമതല വഹിക്കുന്നത്. കേരള ഹൈക്കോടതിയുടെ വിധി ഉത്തരവ് പ്രകാരം ക്ഷേത്രത്തിൽ പ്രവർത്തിച്ചിരുന്ന "തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയെ " ക്ഷേത്രത്തിലെ പ്രവർത്തനങ്ങളിൽ നിന്നും നീക്കം ചെയ്യുകയും, ക്ഷേത്ര കാര്യങ്ങളിൽ ദേവസ്വം ബോർഡിനെ സഹായിക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയമാവലി പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട ഭക്തജനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉൾപ്പെട്ട പുതിയ "ക്ഷേത്ര ഉപദേശക സമിതി" 2018 ഒക്ടോബർ മാസം 7 ന് രൂപീകരിക്കപ്പെടുകയും ചെയ്തു.

ക്ഷേത്രത്തിലെ നിത്യ അന്നദാനമുൾപ്പടെയുള്ള കാര്യങ്ങൾ നിയന്ത്രിക്കുന്നതും,ക്ഷേത്രത്തിലെ തിരുവുത്സവവും,മറ്റ് വിശേഷ ചടങ്ങുകളിലും ബോർഡിനെ സഹായിക്കുന്നതും പുതുതായി രൂപീകരിച്ച ക്ഷേത്ര ഉപദേശക സമിതിയാണ്.

പൂജാവിധികളും, വിശേഷങ്ങളും തിരുത്തുക

പുറപ്പെടാ ശാന്തി തിരുത്തുക

 
ക്ഷേത്രം - വിശാല വീക്ഷണം

പുറപ്പെടാശാന്തി സമ്പ്രദായം നിലവിലുള്ള ക്ഷേത്രങ്ങളിലൊന്നാണ് തുറവൂർ മഹാക്ഷേത്രം. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ആചാരങ്ങളാണ് ഇവിടുള്ളത്. ഒരുവർഷം കഠിനവ്രതത്തോടെ നരസിംഹമൂർത്തിയെയും മഹാസുദർശന മൂർത്തിയെയും പൂജിച്ചാരാധിക്കുന്ന മുഖ്യപുരോഹിതനായ മേൽശാന്തി ഇക്കാലയളവിൽ തീവ്രനൈഷ്ഠിക ബ്രഹ്മചര്യത്തോടെ പുറപ്പെടാശാന്തിയനുഷ്ഠിക്കുന്ന സമ്പ്രദായമാണ് ഇവിടെ നിലവിലുള്ളത്. ഒരു മേടവിഷു മുതൽ അടുത്ത മേടവിഷു വരെയാണ് കാലാവധി. തരണനല്ലൂർ ആയിരുന്നു ഇവിടുത്തെ തന്ത്രി എന്നും ക്ഷേത്രപ്രവേശനവിളംബരത്തെ തുടർന്ന് അവർ ഒഴിഞ്ഞപ്പോൾ പുതുമന ദാമോദരൻ നമ്പൂതിരി തന്ത്രം ഏറ്റെടുത്തു എന്നും കാണുന്നു. ദാമോദരൻ നമ്പൂതിരിയുടെ മരണശേഷം അദ്ദേഹത്തിന്റെ പിന്മുറക്കാർ താന്ത്രികവൃത്തി ഏറ്റെടുത്തിരിയ്ക്കുന്നു.

നിത്യപൂജകൾ തിരുത്തുക

നിത്യേന അഞ്ചു പൂജകൾ. കൂടാതെ മൂന്ന് ശീവേലികളും. പുലർച്ചെ മൂന്നുമണിയ്ക്ക് നിയമവെടിയോടുകൂടി പള്ളിയുണർത്തൽ. പിന്നീട് നാലുമണിയ്ക്ക് നട തുറക്കുന്നു. നിർമ്മാല്യ ദർശനവും അഭിഷേകവും കഴിഞ്ഞാൽ ഉഷഃപൂജ തുടങ്ങും. പിന്നീട് എതിരേറ്റുപൂജയും ശീവേലിയും. ഇവിടെ രണ്ടുസമയത്താണ് പന്തീരടിപൂജ. ആദ്യം തെക്കേടത്താണ് (സുദർശനമൂർത്തിയുടെ നട) നടത്തുക. പിന്നീട് വടക്കേടത്തും (നരസിംഹമൂർത്തിയുടെ നട) നടത്തും. 11 മണിയോടെ ഉച്ചപ്പൂജ തുടങ്ങും. അതുകഴിഞ്ഞാൽ ഉച്ചശീവലി. 12 മണിയ്ക്ക് നടയടയ്ക്കും.

വൈകീട്ട് അഞ്ചുമണിയ്ക്ക് നട വീണ്ടും തുഠക്കുന്നു. സൂര്യാസ്തമയസമയത്ത് ദീപാരാധന നടത്തുന്നു. പിന്നീട് അത്താഴപ്പൂജയും ശീവേലിയും കഴിഞ്ഞ് രാത്രി 8 മണിയോടെ നടയടയ്ക്കുന്നു.

ഉത്സവങ്ങൾ തിരുത്തുക

തുലാമാസത്തിൽ മകയിരം കൊടികയറി ചിത്തിര ആറാട്ടായി 9 ദിവസമാണ് ഇവിടത്തെ ഉത്സവം. ദീപാവലി ദിവസം ഇതിനിടയിൽ വരുന്നു. അന്നാണ് വലിയവിളക്ക്. ഉത്സവത്തിന്റെ ഭാഗമായി നരസിംഹവിഗ്രഹം കണ്ടെത്തിയ സ്ഥലം വരെ എഴുന്നള്ളിപ്പുണ്ട്. കലാപരിപാടികളും ചെണ്ടമേളവും തായമ്പകയും പഞ്ചവാദ്യവും വെടിക്കെട്ടുമെല്ലാം ഉത്സവത്തിന് മാറ്റുകൂട്ടുന്നു. കൂടാതെ വിഷു, തിരുവോണം, ഏകാദശി, ദ്വാദശി, മണ്ഡലകാലം, വ്യാഴാഴ്ചകൾ, അഷ്ടമിരോഹിണി, മകരവിളക്ക് തുടങ്ങിയവയും ക്ഷേത്രത്തിൽ ആചരിച്ചുവരുന്നു.

ക്ഷേത്രത്തിൽ എത്തിച്ചേരാൻ തിരുത്തുക

ദേശീയപാത എറണാകുളം–ആലപ്പുഴ റൂട്ടിൽ തുറവൂർ ജംൿഷനിൽത്തന്നെയാണ് ക്ഷേത്രം. റോഡിൽനിന്നു നോക്കിയാൽ ക്ഷേത്രം മുഴുവൻ കാണാൻ കഴിയും.

അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - തുറവൂർ

അടുത്തുള്ള മറ്റ് പ്രധാന റെയിൽവേ സ്റ്റേഷൻ - ചേർത്തല, എറണാകുളം

വഴിപാടുകൾ തിരുത്തുക

സാധാരണ ശിവക്ഷേത്രങ്ങളിലും ഭദ്രകാളി ക്ഷേത്രങ്ങളിലും കണ്ടുവരുന്ന വെടി വഴിപാടാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ഇവിടെയും തൃപ്രയാറുമാണ് വെടി വഴിപാട് പ്രധാനമായ കേരളത്തിലെ വൈഷ്ണവക്ഷേത്രങ്ങൾ. കോൺവെടി, ചുറ്റുവെടി എന്നിവയും ഇവിടുത്തെ സവിശേഷതയാണ്. കൂടാതെ പാനകം, പാൽപായസം, ഇടിച്ചുപിഴിഞ്ഞു പായസം,ചതുശ്ശതം,സുദർശനഹോമം തുടങ്ങിയ വഴിപാടുകളുമുണ്ട്.

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക


"https://ml.wikipedia.org/w/index.php?title=തുറവൂർ_മഹാക്ഷേത്രം&oldid=4075936" എന്ന താളിൽനിന്ന് ശേഖരിച്ചത്