പഴയ നാട്ടുരാജ്യമായ തെക്കുംകൂറിലെ പ്രമുഖമായ പത്തു നമ്പൂതിരി‍ തറവാടുകളിലെ അവകാശികളെയാണ് പത്തില്ലത്തിൽ പോറ്റിമാർ.[1] പ്രധാനമായും തെക്കുംകൂറിലെ ഭരണകാര്യങ്ങളിൽ രാജാധികാരത്തിനേക്കാളും ഇവർക്കായിരുന്നു അവകാശാധികാരങ്ങൾ[2]. കാലങ്ങളായി രാജ ഭരണത്തിന് സഹായം ചെയ്തു വന്നവരായിരുന്നു അവർ. അതിനാൽ രാജഭരണത്തിൽ അവരുടെ കൈകടത്തൽ പതിവായിരുന്നു. കോട്ടയം ജില്ലയിൽ നീലംപേരൂർ ഗ്രാമത്തിൽ നിന്നും വന്ന് പഴയ വാഴപ്പള്ളി ഗ്രാമത്തിൽ സ്ഥിരതാമസമാക്കിയ ഈ പത്തു ബ്രാഹ്മണകുടുംബങ്ങൾ ആയിരുന്നു ഇവർ. വാഴപ്പള്ളി മഹാശിവക്ഷേത്രത്തിന്റെ ഊരാണ്മാവകാശം ഈ പത്തില്ലത്തിൽ പോറ്റിമാർക്കായിരുന്നു.[2]

പത്തില്ലത്തിൽ മഠങ്ങൾ

തിരുത്തുക
 
കുന്നത്തിടശ്ശേരിമഠം-വാഴപ്പള്ളിയിൽ ഇന്നുള്ള ഏക ഇല്ലം
 1. ചങ്ങഴിമുറ്റത്തുമഠം (വിലക്കില്ലത്തുമഠം)[3]
 2. കൈനിക്കരമഠം
 3. ഇരവിമംഗലത്തുമഠം
 4. കുന്നിത്തിടശ്ശേരിമഠം
 5. ആത്രശ്ശേരിമഠം
 6. കോലൻചേരിമഠം
 7. കിഴങ്ങേഴുത്തുമഠം
 8. കിഴക്കുംഭാഗത്തുമഠം
 9. കണ്ണഞ്ചേരിമഠം
 10. തലവനമഠം [4][2][1][5]

ചെമ്പകശ്ശേരി രാജാവും, പോറ്റിമാരും

തിരുത്തുക
 
ചങ്ങഴിമുറ്റത്ത് മഠത്തിലെ ഉണ്ണിയുടെ പ്രതിഷ്ഠ-വാഴപ്പള്ളിക്ഷേത്രത്തിൽ

വാഴപ്പള്ളി ക്ഷേത്രത്തിന് കുട്ടനാട്ടിൽ 54000 പറ നിലം ഉണ്ടായിരുന്നു.[6] ക്ഷേത്ര ഊരാൺമകാരായിരുന്നു പത്തില്ലത്തു മഠക്കാർ, അതിനാൽ ദേവസ്വം പാട്ടനെല്ല് അളക്കാൻ വേണാട്ടുകര പാടത്തുപോയ പത്തില്ലത്തിൽ ഒരു മഠമായ ചങ്ങഴിമുറ്റത്തുമഠത്തിലെ ഉണ്ണിയെ ചെമ്പകശ്ശേരിയിലെ പടയാളികൾ കൊന്നുകളഞ്ഞു. ക്ഷേത്രേശനെ പ്രതിനിധീകരിച്ചു പോയ ഉണ്ണി കൊല്ലപ്പെട്ടതറിഞ്ഞ് പത്തില്ലത്തിൽ പോറ്റിമാർ ഉണ്ണിയുടെ പ്രേതത്തെ ബ്രഹ്മരക്ഷസ്സായി വാഴപ്പള്ളി ക്ഷേത്രത്തിനകത്ത് വടക്കുകിഴക്കു മൂലയിൽ കുടിയിരുത്തി.[6] ചെമ്പകശ്ശേരി രാജാവിനോടുള്ള പ്രതികാരമായി ബ്രഹ്മരക്ഷസ്സിനു മുൻപിൽ കഴുമരം നാട്ടി രാജാവിന്റെ പ്രതിരൂപമുണ്ടാക്കി അതിൽ കഴുവേറ്റി (കെട്ടി തൂക്കി) നിർത്തി.

ചെമ്പകശ്ശേരി രാജാവ് ഇത് അറിഞ്ഞ്, വാഴപ്പള്ളിയിൽ എഴുന്നെള്ളി വല്യമ്പലനടയിൽ മാപ്പുചൊല്ലി സാഷ്ടാഗം നമസ്കരിച്ചു. ഉണ്ണിയെ കൊന്നതിനു പരിഹാരമായി ക്ഷേത്രത്തിൽ പന്തീരടി പൂജ ഏർപ്പാടാക്കി. [7]. [8] എങ്കിലും ചെമ്പകശ്ശേരി രാജാവിന്റെ കഴുവേറ്റിയ പ്രതിരൂപം മാറ്റാൻ പോറ്റിമാർ അനുവദിച്ചില്ല. അങ്ങനെ വളരെക്കാലം ചെമ്പകശ്ശേരി രാജാവുമായി ശത്രുതയിലായിരുന്നു പോറ്റിമാർ. പക്ഷേ തെക്കുംകൂർ രാജാവുമായുള്ള അടുപ്പം മൂലം ചെമ്പകശ്ശേരി രാജാവിന് പിന്നീട് പോറ്റിമാരുമായി അടുക്കാൻ സഹായിച്ചു. അനിഴംതിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലത്തെ അമ്പലപ്പുഴയുദ്ധത്തിൽ പോറ്റിമാർ ചെമ്പകശ്ശേരി വളരെയധികം സഹായിക്കുകയുണ്ടായി. പക്ഷേ യുദ്ധത്തിൽ ചെമ്പകശ്ശേരി ദയനീയ പരാജയം നേരിട്ടു. തന്മൂലം മാർത്താണ്ഡവർമ്മയുടെ ആക്രമണം കൂടുതൽ വടക്കോട്ട് നീളാതിരിക്കാൻ വാഴപ്പള്ളിച്ചിറയിലെ കണ്ണൻപേരൂർ പാലം പൊളിച്ചുകളയുവാനും ഈ പോറ്റിമാർ തന്നെ മുന്നിട്ടറങ്ങി.[5][9]

രണ്ടാം ചേരരാജവംശകാലം മുതലാണ് പത്തില്ലത്തിൽ പോറ്റിമാർ കേരള ചരിത്രത്തിൽ അറിയപ്പെട്ടുതുടങ്ങിയത്. പള്ളിബാണ പെരുമാൾ എന്നറിയപ്പെട്ടിരുന്ന രണ്ടാം ചേരരാജാവിന്റെ കാലത്ത് നീലമ്പേരൂർ ശിവക്ഷേത്രത്തിൽ വെച്ചുണ്ടായ വാദപ്രതിവാദത്തിൽ പ്രസിദ്ധരായ ആറു ഹിന്ദു പണ്ഡിതന്മാരെ കൊണ്ടുവന്ന് വിജയം കൈവരിക്കുവാൻ ഇവർക്കു സാധിച്ചു.[7] പിന്നീടുണ്ടായ രാജവിരോധത്തിൽ ക്ഷേത്രേശനൊപ്പം നീലമ്പേരൂർ വിടേണ്ടിവന്നു പോറ്റിമാർക്ക്. എങ്കിലും ഇവർ ഏതെങ്കിലും വിധത്തിൽ രാജാധികാരങ്ങളുമായി ബന്ധപ്പെട്ടവരായിരുന്നു, അതിനുള്ള ഉത്തമ ഉദാഹരണമാണ് വാഴപ്പള്ളി ശാസനം. വിഖ്യാതമായ ഈ വാഴപ്പള്ളി ശാസനം കണ്ടെടുത്തത് പത്തില്ലത്തിൽ മഠമായ തലവനമഠത്തിൽ നിന്നാണ്.[7][8]

1790-ലെ തിരുവിതാംകൂറിന്റെ ആക്രമണത്തെ തുടർന്ന് (ചങ്ങനാശ്ശേരി യുദ്ധം) പരാജയഭീതിതനായ തെക്കുംകൂറിന്റെ അവസാന രാജാവായിരുന്ന ആദിത്യ വർമ്മൻ മണികണ്ഠനെ ചങ്ങനാശ്ശേരിയിലെ നീരാഴി കൊട്ടാരത്തിലെ നിന്നും കോട്ടയം നട്ടാശ്ശേരിയിലേക്ക് രക്ഷപെടാനായി വാഴപ്പള്ളി പത്തില്ലത്തിൽ പോറ്റിമാർ സഹായിച്ചു. രാമയ്യൻ ദളവയുടെ സൈന്യം രാജാവിനെ തേടി കോട്ടയത്തേക്ക് കടക്കാതിരിക്കുവാനായി പത്തില്ലത്തിൽ പോറ്റിമാരിലെ പ്രമുഖനായിരുന്ന ചങ്ങഴിമുറ്റം മഠത്തിലെ കാരണവർ വാഴപ്പള്ളി കണ്ണപേരൂർ പാലം പൊളിച്ചു കളഞ്ഞു. പക്ഷെ രാമയ്യന്റെ കൂർമ്മ ബുദ്ധിയാൽ തെക്കുംകൂറിന്റെ പടത്തലവനായിരുന്ന വാഴപ്പാടത്ത് പണിക്കരെ സ്വാധിനിച്ച് ചങ്ങഴിമുറ്റത്ത് നമ്പൂതിരിയുടെ പ്രവൃത്തി മനസ്സിലാക്കി. തുടർന്ന് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ, ചങ്ങഴിമുറ്റം മഠത്തിലെ ആണുങ്ങളെ നിഷ്കരുണം കൊലപ്പെടുത്തി മഠം പോളിച്ച് കുളം കുഴിച്ചു. വാഴപ്പള്ളി ഗ്രാമത്തിലെ പല കുളങ്ങൾക്കും ഇത്തരം കഥകൾ പറയയാനുണ്ടാവും. ചങ്ങഴിമുറ്റം മഠത്തിനൊപ്പം മറ്റു പത്തില്ലത്തിൽ മഠങ്ങൾക്കും ഇങ്ങനെ നാശം വന്നിരിക്കാം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഇവരിലൊരു കുടുംബം മാത്രമെ (കുന്നിത്തിടശ്ശേറി മഠം) മാത്രമെ അവശേഷിച്ചിരുന്നുള്ളൂ.

 1. 1.0 1.1 തിരുവല്ല ഗ്രന്ഥവരി
 2. 2.0 2.1 2.2 ഇടമന ഗ്രന്ഥവരി; തിരുവല്ല ഉണ്ണിക്രിഷ്ണൻ.പി
 3. ഡോ. കെ.കെ. പിള്ള; കേരള ചരിത്രം,
 4. വാഴപ്പള്ളി ശാസനം
 5. 5.0 5.1 വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങൾ
 6. 6.0 6.1 കെ.എൻ. ഗോപാലപിള്ളയുടെ കേരള മഹാചരിത്രം
 7. 7.0 7.1 7.2 കേരള സംസ്കാരം - ഭാരതീയ പശ്ചാത്തലത്തിൽ; എ. ശ്രീധര മേനോൻ‍
 8. 8.0 8.1 വാഴപ്പള്ളിക്ഷേത്ര വെബ്സൈറ്റ്[പ്രവർത്തിക്കാത്ത കണ്ണി]
 9. കേരള ഭാഷാചരിത്രം-ഡോ. ഇ.വി.എൻ.നമ്പൂതിരി

ഇതും കാണുക

തിരുത്തുക