ജി. ദേവരാജൻ
പരവൂർ ഗോവിന്ദൻ ദേവരാജൻ, (ജി. ദേവരാജൻ അഥവാ ദേവരാജൻ മാസ്റ്റർ) മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനായിരുന്നു. മുന്നൂറിലേറെ മലയാളചലച്ചിത്രങ്ങൾക്ക് ദേവരാജൻ മാസ്റ്റർ ഈണം പകർന്നിട്ടുണ്ട്. മലയാളത്തിൽ ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചതും ഏറ്റവും കൂടുതൽ ചലച്ചിത്രഗാനങ്ങൾ സൃഷ്ടിച്ചതും അദ്ദേഹമാണ്. ഇതിനു പുറമേ പല നാടകങ്ങൾക്കും 20 തമിഴ് ചലച്ചിത്രങ്ങൾക്കും 4 കന്നഡ ചലച്ചിത്രങ്ങൾക്കും അദ്ദേഹം സംഗീതസംവിധാനം ചെയ്തു. മലയാളത്തിലെ നിത്യഹരിതഗാനങ്ങളാണ് ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങളിൽ പലതും. തമിഴ് ചിത്രമായ 'അണ്ണൈ വേളാങ്കണ്ണി' എന്ന ചിത്രത്തിലെ ഗാനം വളരെ പ്രശസ്തമായിരുന്നു. കേരള സർക്കാരിന്റെ ഏറ്റവും നല്ല ചലച്ചിത്രസംഗീതസംവിധായകനുള്ള പുരസ്കാരം ദേവരാജൻ മാസ്റ്റർ 5 തവണ നേടിയിട്ടുണ്ട്.
ജി. ദേവരാജൻ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉത്ഭവം | പരവൂർ, കൊല്ലം, കേരളം, ഇന്ത്യ |
തൊഴിൽ(കൾ) | ചലച്ചിത്ര-നാടക-ആൽബം സംഗീതസംവിധായകൻ, ഗായകൻ, കർണാടക സംഗീതജ്ഞൻ |
ഉപകരണ(ങ്ങൾ) | ഹാർമോണിയം |
വർഷങ്ങളായി സജീവം | 1952 – 2006 |
ആദ്യകാലം
തിരുത്തുകകൊല്ലം ജില്ലയിലെ പരവൂരിൽ 1927 സെപ്റ്റംബർ 27-ന് ജനിച്ചു. പിതാവ് മൃദംഗവിദ്വാനായിരുന്ന കോട്ടത്തല എൻ. കൊച്ചുഗോവിന്ദനാശാൻ. മാതാവ് കൊച്ചുകുഞ്ഞ്. ഇവരുടെ മൂത്ത മകനായിരുന്നു ദേവരാജൻ. ഒരു അനുജനും ഒരു അനുജത്തിയുമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. മൃദംഗവിദ്വാൻ എന്നതിനൊപ്പം വായ്പാട്ട് വിദഗ്ധൻ കൂടിയായിരുന്ന അച്ഛനായിരുന്നു സംഗീതത്തിൽ ദേവരാജന്റെ ആദ്യഗുരു. പിന്നീട് വേറെയും ചില ഗുരുക്കന്മാരുടെ അടുത്ത് അദ്ദേഹം സംഗീതം അഭ്യസിച്ചു. പ്രാഥമിക വിദ്യാഭ്യാസം ഗൃഹത്തിലും, തെക്കുംഭാഗം ലോവർ പ്രൈമറി സ്കൂളിലുമായി. ശേഷം കോട്ടപ്പുറം ഹൈസ്കൂളിൽ. തിരുവനന്തപുരം ശ്രീമൂലവിലാസം ഹൈസ്കൂളിൽ നിന്ന് ഇംഗ്ലീഷ് സ്കൂൾ ലീവിങ്ങ് സർട്ടിഫിക്കറ്റ് നേടി. 1946-1948 ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കലാലയത്തിൽ നിന്ന് ഇന്റർമീഡിയറ്റ് ഒന്നാം തരത്തിൽ ജയിച്ചു. എഞ്ചിനീയറിങ്ങിന് പ്രവേശനം ലഭിച്ചുവെങ്കിലും എം.ജി. കലാലയത്തിൽ സാമ്പത്തിക ശാസ്ത്രം ഐച്ഛിക വിഷയമായെടുത്ത് പഠിച്ചു.[1]
ദേവരാജൻ തന്റെ ആദ്യത്തെ ശാസ്ത്രീയ സംഗീത കച്ചേരി 18-ആം വയസ്സിൽ നടത്തി. തിരുവിതാംകൂറിൽ അന്ന് റേഡിയോ നിലയമില്ലാതിരുന്നതിനാൽ തിരുച്ചിറപ്പള്ളിയിലെ റേഡിയോ നിലയത്തിലാണ് അദ്ദേഹത്തിന്റെ കച്ചേരികൾ സംപ്രേഷണം ചെയ്തിരുന്നത്. പ്രശസ്ത കവികളുടെ കവിതകൾക്ക് ഈണം പകർന്ന് അവ ആലപിക്കുന്ന ഒരു പുതിയ സമ്പ്രദായത്തിന് അദ്ദേഹം തുടക്കമിട്ടു. കുമാരനാശാൻ, ഉള്ളൂർ എസ്. പരമേശ്വരയ്യർ, വള്ളത്തോൾ നാരായണമേനോൻ, ചങ്ങമ്പുഴ കൃഷ്ണപിള്ള, വൈലോപ്പിള്ളി ശ്രീധരമേനോൻ തുടങ്ങി പ്രസിദ്ധരായ നിരവധി കവികളുടെ കവിതകൾ അദ്ദേഹം സംഗീതം നൽകി അവതരിപ്പിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായ ദേവരാജൻ തന്റെ സർഗ്ഗാത്മകത ജനകീയ സംഗീതത്തിനായി സമർപ്പിച്ചു. കേരളത്തിലെ പ്രശസ്ത നാടകവേദിയായിരുന്ന കേരളാ പീപ്പിൾസ് ആർട്സ് ക്ലബ് (കെ.പി.എ.സി)-യിൽ ദേവരാജൻ ചേർന്നു. അദ്ദേഹത്തെ പ്രശസ്തനാക്കിയ നാടകഗാനം പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളെ എന്ന ഗാനമായിരുന്നു. കെ.പി.എ.സി-യ്ക്കും അതിന്റെ അംഗങ്ങൾക്കും കമ്യൂണിസ്റ്റ് തത്ത്വശാസ്ത്രങ്ങളോട് ഒരു ചായ്‌വുണ്ടായിരുന്നു. കെ.പി.എ.സി യുടെ നാടകങ്ങൾ കമ്യൂണിസ്റ്റ് തത്ത്വശാസ്ത്രങ്ങളെ മലയാളികളുടെ ഇടയിൽ പ്രചരിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ചു. തന്റെ ഗാനങ്ങളിലൂടെ ദേവരാജൻ മലയാള നാടകവേദിയിൽ ഒരു മായാത്ത മുദ്ര പതിപ്പിച്ചു. തോപ്പിൽ ഭാസി രചിച്ച നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകം ദേവരാജന്റെ സംഗീത ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു. 1961-ൽ കെ.പി.എ.സി. വിട്ട ദേവരാജൻ, തുടർന്ന് കാളിദാസ കലാകേന്ദ്രം എന്ന നാടക സമിതി രൂപീകരിക്കാൻ മുൻകൈയ്യെടുത്തിരുന്നു[2]..
ചലച്ചിത്രത്തിൽ
തിരുത്തുകദേവരാജൻ സംഗീതസംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം കാലം മാറുന്നു (1955) ആയിരുന്നു. ഈ ചിത്രത്തിലെ ആ മലർ പൊയ്കയിൽ എന്നുതുടങ്ങുന്ന ഗാനമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രഗാനം. മറ്റൊരു നവാഗതനായിരുന്ന ഒ.എൻ.വി. കുറുപ്പാണ് ഈ ഗാനം രചിച്ചത്. പ്രശസ്ത ഗാനരചയിതാവായ വയലാർ രാമവർമ്മയുമായി ഒന്നുചേർന്ന് ദേവരാജൻ ചതുരംഗം എന്ന ചിത്രത്തിനു സംഗീതസംവിധാനം ചെയ്തു (1959). വയലാറിന്റെ പങ്കാളിയായി ചെയ്ത രണ്ടാമത്തെ ചിത്രം - ദേവരാജന്റെ മൂന്നാമത്തെ ചിത്രം - ഭാര്യ (1962) ആയിരുന്നു. ഇത് ഒരു വൻ സാമ്പത്തിക വിജയമായി. വയലാർ-ദേവരാജൻ ജോഡിയെ ഈ ചിത്രം ജനപ്രിയമാക്കി. ചലച്ചിത്രഗാനങ്ങൾക്ക് സമൂഹത്തിൽ സമ്മതിനേടുവാൻ ആഗ്രഹിച്ചിരുന്നവരുടെ മനസ്സിൽ ദേവരാജന്റെ സംഗീതം അദ്ദേഹത്തിന് ഒരു സ്ഥാനം നേടിക്കൊടുത്തു. ദേവരാജൻ-വയലാർ ജോഡിയുടെ സംഗീത കാലഘട്ടം മലയാള സിനിമാ സംഗീതത്തിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു. മലയാളത്തിലെ പ്രശസ്തഗായകരായ കെ.ജെ. യേശുദാസ്, പി. ജയചന്ദ്രൻ തുടങ്ങിയവർ ദേവരാജനെ തങ്ങളുടെ തലതൊട്ടപ്പനായി കരുതുന്നു. ദേവരാജന്റെ സംഗീതമാന്ത്രികതയായിരുന്നു ആ കാലഘട്ടത്തിലെ ഗായകരുടെ ഏറ്റവും നല്ല ഗാനങ്ങളിൽ പലതും പുറത്തുകൊണ്ടുവന്നത്.
മലയാളചലച്ചിത്രഗാനങ്ങളിൽ ഏറ്റവും കൂടുതൽ രാഗങ്ങൾ ഉപയോഗിച്ചത് ഒരുപക്ഷേ ദേവരാജനായിരിക്കും. ഏകദേശം നൂറ് രാഗങ്ങളെങ്കിലും അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. മോഹനരാഗത്തിൽ മാത്രം അദ്ദേഹം അമ്പതോളം ഗാനങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഗീതം പലപ്പോഴും നാടൻ പാട്ടുകളുടെ ഈണങ്ങളും പാശ്ചാത്യ സംഗീതവും കർണ്ണാടക - ഹിന്ദുസ്ഥാനി സംഗീതവുമായി ഒന്നിച്ചു ചേർന്നു. ഒരു നിരീശ്വരവാദി ആയിരുന്നെങ്കിലും മലയാളത്തിലെ പ്രശസ്തമായ പല ഭക്തിഗാനങ്ങൾക്കും ഈണം പകർന്നത് ദേവരാജനാണ്. ഗുരുവായൂരമ്പലനടയിൽ, നിത്യ വിശുദ്ധയാം കന്യാമറിയമേ, തുടങ്ങിയ ഭക്തിഗാനങ്ങൾ ദേവരാജൻ ചിട്ടപ്പെടുത്തിയവയാണ്. ഇവ ആ വിഭാഗത്തിൽ ക്ലാസിക്കുകളായി കരുതപ്പെടുന്നു. വാക്കുകളും സംഗീതവും സന്ദർഭത്തിന് അനുയോജ്യമായ രീതിയിൽ ചിട്ടപ്പെടുത്തുന്നതിൽ വിദഗ്ദ്ധനായിരുന്നു ദേവരാജൻ. ബിഥോവനേക്കാൾ താൻസനേക്കാൾ വലിയ സംഗീതജ്ഞനെന്ന് നടൻ കമലഹാസൻ പറഞ്ഞിട്ടുണ്ട്[അവലംബം ആവശ്യമാണ്]. മലയാളത്തിലെ എക്കാലത്തെയും മികച്ച ചലച്ചിത്രഗാനങ്ങളിൽ ചിലതാണ് ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ, സന്യാസിനിനിൻ പുണ്യാശ്രമത്തിൽ, സംഗമം ത്രിവേണീ സംഗമം, ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം തുടങ്ങിയ ദേവരാജൻ ഗാനങ്ങൾ. വയലാറിനു പുറമേ ഒ.എൻ.വി. കുറുപ്പ്, പി. ഭാസ്കരൻ, ശ്രീകുമാരൻ തമ്പി, യൂസഫലി കേച്ചേരി തുടങ്ങിയ ഗാനരചയിതാക്കളുമൊത്തും ദേവരാജൻ സംഗീതം ചിട്ടപ്പെടുത്തിയിട്ടുണ്ട്. പിൽക്കാലത്ത് വയലാറിന്റെ പുത്രൻ വയലാർ ശരത്ചന്ദ്ര വർമ്മ ആദ്യമായി ഗാനരചന നിർവ്വഹിച്ച എന്റെ പൊന്നു തമ്പുരാൻ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണമിട്ടതും ദേവരാജൻ മാസ്റ്റർ തന്നെയായിരുന്നു[അവലംബം ആവശ്യമാണ്].
ഏകദേശം 350 മലയാളചലച്ചിത്രങ്ങൾക്ക് ഈണം പകർന്ന ദേവരാജൻ, രണ്ടായിരത്തോളം ചലച്ചിത്രഗാനങ്ങൾക്ക് ഈണം പകർന്നിട്ടുണ്ട്. കെ.ജെ. യേശുദാസ്, പി. ജയചന്ദ്രൻ, പി. സുശീല, പി. മാധുരി എന്നിവരാണ് അദ്ദേഹത്തിന്റെ ഗാനങ്ങളിൽ ഭൂരിപക്ഷവും ആലപിച്ചത്. യേശുദാസ് ഏറ്റവും കൂടുതൽ ചലച്ചിത്രഗാനങ്ങൾ ആലപിച്ചത് ദേവരാജന്റെ സംഗീതത്തിലാണ്. 652 ഗാനങ്ങൾ ഇവരുടെ സംഗമത്തിൽ പിറന്നുവീണിട്ടുണ്ട്. അവയിൽ ഭൂരിപക്ഷവും ഹിറ്റുകളായി. ഇതൊരു ലോകറെക്കോർഡാകണം. ജയചന്ദ്രൻ ആദ്യത്തെ ഹിറ്റ് ഗാനം ആലപിച്ചതും ദേവരാജന്റെ സംഗീതത്തിലാണ് - 1966-ൽ പുറത്തിറങ്ങിയ കളിത്തോഴൻ എന്ന ചലച്ചിത്രത്തിലെ മഞ്ഞലയിൽ മുങ്ങിത്തോർത്തി എന്ന ഗാനം. 167 ചലച്ചിത്രഗാനങ്ങളും മുപ്പതോളം ചലച്ചിത്രേതരഗാനങ്ങളും പിന്നീട് അദ്ദേഹം ദേവരാജനുവേണ്ടി പാടിയിട്ടുണ്ട്. മാധുരിയെ ആദ്യമായി അവതരിപ്പിച്ചതും (കടൽപ്പാലം (1969) എന്ന ചിത്രത്തിലെ കസ്തൂരിത്തൈലമിട്ട് മുടിമിനുക്കി എന്നുതുടങ്ങുന്ന ഗാനത്തിലൂടെ) പിന്നീട് അവരുടെ 99 ശതമാനം ഗാനങ്ങൾക്കും ഈണം പകർന്നതും അദ്ദേഹമാണ്. ഇവരെക്കൂടാതെ പി. ലീല, എസ്. ജാനകി, ബി. വസന്ത, രേണുക, ജിക്കി കൃഷ്ണവേണി, എ.എം. രാജ, പി.ബി. ശ്രീനിവാസ്, കമുകറ പുരുഷോത്തമൻ, കെ.പി. ഉദയഭാനു, കെ.പി. ബ്രഹ്മാനന്ദൻ തുടങ്ങി സുദീപ് കുമാർ, വിധു പ്രതാപ് തുടങ്ങിയവർ വരെ നീളുന്ന വലിയൊരു നിര അദ്ദേഹത്തിനുവേണ്ടി ഗാനമാലപിച്ചിട്ടുണ്ട്. എസ്.പി. ബാലസുബ്രഹ്മണ്യം, അയിരൂർ സദാശിവൻ, ശ്രീകാന്ത് തുടങ്ങിയ ചില ഗായകരെ മലയാളത്തിന് പരിചയപ്പെടുത്തിയതും അദ്ദേഹമാണ്. ജനപ്രിയ സിനിമാ പാട്ടുകൾ: ചന്ദ്രകളഭം ചാർത്തിയുറങ്ങും , ഇന്നെനിക്ക് പൊട്ടുകുത്താൻ , സന്യാസിനി, ഉജ്ജയിനി കുടമുല്ലപ്പൂവിനും , കള്ളി പാലകൾ കാട്ടുചെമ്പകം, കറുത്ത പെണ്ണേ, കൈതപ്പുഴ കായലിൽ , സംഗമം , നടന്നാൽ , പതിനാലാം രാവുദിച്ച , ഇത്രനാൾ, ഇളവന്നൂർ, അംഗമാർ ഓമലാളെ വെണ്ണ തോൽക്കും, പാമരം, മധുചഷകം , കേരളം ആരോമലുണ്ണി രൂപവതി , ശരറാന്തൽ , അകിലും, റംസാനിലെ , മേലേ മാനത്തെ ,ഗായികേ, ചലനം, സീതാദേവി മിന്നും പൊന്നും തള്ള് തള്ള്, സീത പക്ഷി , മാർഗഴിയിൽ , മാമരമോ, കൃഷ്ണ പക്ഷ, തിരു തിരു മാരൻ , താളം കുഞ്ഞു മനസിൽ , കാറ്റിൽ ഇളം കാറ്റിൽ
മികച്ച സംഗീതസംവിധായകനുള്ള അവാർഡുകൾ
- 1969 കുമാരസംഭവം
- 1970 ത്രിവേണി
- 1972
- 1985 ചിദംബരം
- 1991 മികച്ച പശ്ചാത്തലസംഗീതസംവിധായകനുള്ള കേരള സർക്കാർ അവാർഡ്.
- സമഗ്രസംഭാവനയ്ക്കുള്ള ജെ.സി. ഡാനിയേൽ അവാർഡ് 1999.
- ഫിലിം ഫാൻസ് അവാർഡ്.
- പ്രേം നസീർ അവാർഡ്
- നവചേതനയുടെ ആർ.ജി. മംഗലത്ത് അവാർഡ്.
- പേശും പടം അവാർഡ്.
- വർക്കല ടി.എ. മജീദ് അവാർഡ്.
- പട്ടത്തുവിള കരുണാകരൻ സ്മാരക അവാർഡ്.
ക്രമനമ്പർ | സിനിമ | ഗാനരചയിതാവ് | വർഷം |
---|---|---|---|
1 | കാലം മാറുന്നു | ഒ.എൻ.വി. കുറുപ്പ് | 1955 |
2 | ചതുരംഗം | വയലാർ രാമവർമ്മ | 1959 |
3 | ഭാര്യ | വയലാർ രാമവർമ്മ | 1962 |
4 | നിത്യകന്യക | വയലാർ രാമവർമ്മ | 1963 |
5 | ഡോക്ടർ | പി. ഭാസ്കരൻ | 1963 |
6 | കടലമ്മ | വയലാർ രാമവർമ്മ | 1963 |
7 | അന്ന | വയലാർ രാമവർമ്മ | 1964 |
8 | സ്കൂൾ മാസ്റ്റർ | വയലാർ രാമവർമ്മ | 1964 |
9 | മണവാട്ടി | വയലാർ രാമവർമ്മ | 1964 |
10 | ഓമനക്കുട്ടൻ | വയലാർ രാമവർമ്മ | 1964 |
11 | കളഞ്ഞു കിട്ടിയ തങ്കം | വയലാർ രാമവർമ്മ | 1964 |
12 | ഓടയിൽ നിന്ന് | വയലാർ രാമവർമ്മ | 1965 |
13 | കളിയോടം | ഒ.എൻ.വി. കുറുപ്പ് | 1965 |
14 | കാട്ടുപൂക്കൾ | ഒ.എൻ.വി. കുറുപ്പ് | 1965 |
15 | കാത്തിരുന്ന നിക്കാഹ് | വയലാർ രാമവർമ്മ | 1965 |
16 | ദാഹം | വയലാർ രാമവർമ്മ | 1965 |
17 | ശകുന്തള | വയലാർ രാമവർമ്മ | 1965 |
18 | പട്ടുതൂവാല | വയലാർ രാമവർമ്മ | 1965 |
19 | കളിത്തോഴൻ | പി. ഭാസ്കരൻ | 1966 |
20 | റൗഡി | വയലാർ രാമവർമ്മ | 1966 |
21 | ജയിൽ | വയലാർ രാമവർമ്മ | 1966 |
22 | കല്യാണ രാത്രിയീൽ | വയലാർ രാമവർമ്മ | 1966 |
24 | കരുണ | ഒ.എൻ.വി. കുറുപ്പ് | 1966 |
23 | കണ്മണികൾ | വയലാർ രാമവർമ്മ | 1966 |
25 | തിലോത്തമ | വയലാർ രാമവർമ്മ | 1966 |
26 | ശീലാവതി | പി. ഭാസ്കരൻ | 1967 |
27 | അരക്കില്ലം | വയലാർ രാമവർമ്മ | 1967 |
28 | അവൾ | വയലാർ രാമവർമ്മ | 1967 |
29 | അശ്വമേധം | വയലാർ രാമവർമ്മ | 1967 |
30 | ചിത്രമേള | ശ്രീകുമാരൻ തമ്പി | 1967 |
31 | പൂജ | പി. ഭാസ്കരൻ | 1967 |
32 | കാവാലം ചുണ്ടൻ | വയലാർ രാമവർമ്മ | 1967 |
33 | നാടൻ പ്രേമം | വയലാർ രാമവർമ്മ | 1967 |
34 | കസവുതട്ടം | വയലാർ രാമവർമ്മ | 1967 |
35 | സ്വപ്നഭൂമി | വയലാർ രാമവർമ്മ | 1968 |
36 | വിപ്ലവകാരികൾ | വയലാർ രാമവർമ്മ | 1968 |
37 | തോക്കുകൾ കഥ പറയുന്നു | വയലാർ രാമവർമ്മ | 1968 |
38 | ഹോട്ടൽ ഹൈറേഞ്ച് | വയലാർ രാമവർമ്മ | 1968 |
39 | യക്ഷി | വയലാർ രാമവർമ്മ | 1968 |
40 | തുലാഭാരം | വയലാർ രാമവർമ്മ | 1968 |
41 | വെളുത്ത കത്രീന | ശ്രീകുമാരൻ തമ്പി | 1968 |
42 | അഗ്നിപരീക്ഷ | വയലാർ രാമവർമ്മ | 1969 |
43 | അനാച്ഛാദനം | വയലാർ രാമവർമ്മ | 1969 |
44 | പഠിച്ച കള്ളൻ | വയലാർ രാമവർമ്മ | 1969 |
45 | വീട്ടുമൃഗം | പി. ഭാസ്കരൻ | 1969 |
46 | കാട്ടുകുരങ്ങ് | പി. ഭാസ്കരൻ | 1969 |
47 | സൂസി | വയലാർ രാമവർമ്മ | 1969 |
48 | അടിമകൾ | വയലാർ രാമവർമ്മ | 1969 |
49 | കടൽപ്പാലം | വയലാർ രാമവർമ്മ | 1969 |
50 | മൂലധനം | പി. ഭാസ്കരൻ | 1969 |
51 | ജ്വാല | വയലാർ രാമവർമ്മ | 1969 |
52 | നദി | വയലാർ രാമവർമ്മ | 1969 |
53 | ഉറങ്ങാത്ത രാത്രി | വയലാർ രാമവർമ്മ | 1969 |
54 | കൂട്ടുകുടുംബം | വയലാർ രാമവർമ്മ | 1969 |
55 | കുമാരസംഭവം | ഒ.എൻ.വി. കുറുപ്പ്, വയലാർ രാമവർമ്മ | 1969 |
56 | മിണ്ടാപ്പെണ്ണ് | യൂസഫലി കേച്ചേരി | 1970 |
57 | പേൾ വ്യൂ | വയലാർ രാമവർമ്മ | 1970 |
58 | നിശാഗന്ധി | ഒ.എൻ.വി. കുറുപ്പ് | 1970 |
59 | വാഴ്വേമായം | വയലാർ രാമവർമ്മ | 1970 |
60 | ദത്തുപുത്രൻ | വയലാർ രാമവർമ്മ | 1970 |
61 | നിഴലാട്ടം | വയലാർ രാമവർമ്മ | 1970 |
62 | ഒതേനന്റെ മകൻ | വയലാർ രാമവർമ്മ | 1970 |
63 | നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി | വയലാർ രാമവർമ്മ | 1970 |
64 | വിവാഹിത | വയലാർ രാമവർമ്മ | 1970 |
65 | നിലയ്ക്കാത്ത ചലനങ്ങൾ | വയലാർ രാമവർമ്മ | 1970 |
66 | സ്വപ്നങ്ങൾ | വയലാർ രാമവർമ്മ | 1970 |
67 | ആ ചിത്രശലഭം പറന്നോട്ടെ | വയലാർ രാമവർമ്മ | 1970 |
68 | ത്രിവേണി | വയലാർ രാമവർമ്മ | 1970 |
69 | താര | വയലാർ രാമവർമ്മ | 1970 |
70 | അരനാഴിക നേരം | വയലാർ രാമവർമ്മ | 1970 |
71 | കളിത്തോഴി | വയലാർ രാമവർമ്മ | 1971 |
72 | അവളല്പം വൈകിപ്പോയി | വയലാർ രാമവർമ്മ | 1971 |
73 | ഒരു പെണ്ണിന്റെ കഥ | വയലാർ രാമവർമ്മ | 1971 |
74 | മകനേ നിനക്കു വേണ്ടി | വയലാർ രാമവർമ്മ | 1971 |
75 | ശിക്ഷ | വയലാർ രാമവർമ്മ | 1971 |
76 | പൂമ്പാറ്റ | യൂസഫലി കേച്ചേരി | 1971 |
77 | നവവധു | വയലാർ രാമവർമ്മ | 1971 |
78 | തെറ്റ് | വയലാർ രാമവർമ്മ | 1971 |
79 | കരിനിഴൽ | വയലാർ രാമവർമ്മ | 1971 |
80 | ശരശയ്യ | വയലാർ രാമവർമ്മ | 1971 |
81 | അനുഭവങ്ങൾ പാളിച്ചകൾ | വയലാർ രാമവർമ്മ | 1971 |
82 | പഞ്ചവൻ കാട് | വയലാർ രാമവർമ്മ | 1971 |
83 | കരകാണാക്കടൽ | വയലാർ രാമവർമ്മ | 1971 |
84 | ഇങ്ക്വിലാബ് സിന്ദാബാദ് | വയലാർ രാമവർമ്മ, ഒ.വി. ഉഷ | 1971 |
85 | വിവാഹ സമ്മാനം | വയലാർ രാമവർമ്മ | 1971 |
86 | ലൈസൻസ് | വയലാർ രാമവർമ്മ | 1971 |
87 | അഗ്നിമൃഗം | വയലാർ രാമവർമ്മ | 1971 |
88 | സിന്ദൂരച്ചെപ്പ് | യൂസഫലി കേച്ചേരി | 1971 |
89 | ഗംഗാസംഗമം | വയലാർ | 1971 |
90 | പ്രതിസന്ധി | വയലാർ | 1971 |
91 | തപസ്വിനി | വയലാർ | 1971 |
92 | ദേവി | വയലാർ | 1972 |
93 | പ്രൊഫസ്സർ | വയലാർ | 1972 |
94 | ആരോമലുണ്ണി | വയലാർ | 1972 |
95 | മയിലാടും കുന്ന് | വയലാർ | 1972 |
96 | ഓമന | വയലാർ | 1972 |
97 | ചെമ്പരത്തി | വയലാർ | 1972 |
98 | അച്ഛനും ബാപ്പയും | വയലാർ | 1972 |
99 | ഒരു സുന്ദരിയുടെ കഥ | വയലാർ | 1972 |
100 | അക്കരപ്പച്ച | വയലാർ | 1972 |
101 | പുനർജന്മം | വയലാർ | 1972 |
102 | ഗന്ധർവ്വ ക്ഷേത്രം | വയലാർ | 1972 |
103 | മറവിൽ തിരിവ് സൂക്ഷിക്കുക | വയലാർ | 1972 |
104 | പോസ്റ്റ്മാനെ കാണാനില്ല | വയലാർ | 1972 |
105 | ചായം | വയലാർ | 1973 |
106 | മരം | യൂസഫലി | 1973 |
107 | ഏണിപ്പടികൾ | ഇരയിമ്മൻ തമ്പി, വയലാർ | 1973 |
108 | മാസപ്പടി മാതുപിള്ള | ശ്രീകുമാരൻ തമ്പി | 1973 |
109 | കാലചക്രം | ശ്രീകുമാരൻ തമ്പി | 1973 |
110 | പൊന്നാപുരം കോട്ട | വയലാർ | 1973 |
111 | കലിയുഗം | വയലാർ | 1973 |
112 | ഗായത്രി | വയലാർ | 1973 |
113 | ചെണ്ട | പി. ഭാസ്കരൻ, ഭരണിക്കാവ് ശിവകുമാർ, വയലാർ | 1973 |
114 | മനുഷ്യപുത്രൻ | വയലാർ | 1973 |
115 | തനിനിറം | വയലാർ | 1973 |
116 | ദർശനം | വയലാർ | 1973 |
117 | അച്ചാണി | പി. ഭാസ്കരൻ | 1973 |
118 | മാധവിക്കുട്ടി | വയലാർ രാമവർമ്മ | 1973 |
119 | തേനരുവി | വയലാർ രാമവർമ്മ | 1973 |
120 | നഖങ്ങൾ | വയലാർ രാമവർമ്മ | 1973 |
121 | പ്രേതങ്ങളുടെ താഴ്വര | ശ്രീകുമാരൻ തമ്പി | 1973 |
122 | പാവങ്ങൾ പെണ്ണുങ്ങൾ | വയലാർ രാമവർമ്മ | 1973 |
123 | മഴക്കാറ് | വയലാർ രാമവർമ്മ | 1973 |
124 | ചുക്ക് | വയലാർ രാമവർമ്മ | 1973 |
125 | സ്വർഗ്ഗപുത്രി | ശ്രീകുമാരൻ തമ്പി | 1973 |
126 | വിഷ്ണുവിജയം | വയലാർ | 1974 |
127 | രാജഹംസം | വയലാർ | 1974 |
128 | സേതുബന്ധനം | ശ്രീകുമാരൻ തമ്പി | 1974 |
129 | ശാപമോക്ഷം | പി. ഭാസ്കരൻ | 1974 |
130 | ദേവി കന്യാകുമാരി | വയലാർ | 1974 |
131 | ഭൂമീദേവി പുഷ്പിണിയായി | വയലാർ | 1974 |
132 | ചട്ടക്കാരി | വയലാർ | 1974 |
133 | തുമ്പോലാർച്ച | വയലാർ | 1974 |
134 | നഗരം സാഗരം | ശ്രീകുമാരൻ തമ്പി | 1974 |
135 | നീലക്കണ്ണുകൾ | വയലാർ രാമവർമ്മ, ഒ.എൻ.വി. കുറുപ്പ് | 1974 |
136 | ദുർഗ്ഗ | വയലാർ രാമവർമ്മ | 1974 |
137 | വണ്ടിക്കാരി | ശ്രീകുമാരൻ തമ്പി | 1974 |
138 |
മരണം
തിരുത്തുകഏറെക്കാലം പ്രമേഹമടക്കം വാർധക്യസഹജവും അല്ലാത്തതുമായ നിരവധി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടിയ ദേവരാജൻ, 78-ആം വയസ്സിൽ 2006 മാർച്ച് 14-ന് രാത്രി പതിനൊന്ന് മണിയോടെ ചെന്നൈ കാംദാർ നഗറിലെ സ്വവസതിയിൽ വച്ച് അന്തരിച്ചു. ഹൃദയസ്തംഭനമായിരുന്നു മരണകാരണം. മൃതദേഹം വിമാനമാർഗ്ഗം തിരുവനന്തപുരത്തെത്തിച്ചശേഷം വിലാപയാത്രയായി പരവൂരിലെത്തിയ്ക്കുകയും അവിടത്തെ പൊതുശ്മശാനത്തിൽ സംസ്കരിയ്ക്കുകയും ചെയ്തു.
ഭാര്യ - ലീലാമണി ദേവരാജൻ (കഥകളി കലാകാരി), മക്കൾ - ശർമ്മിള, രാജനന്ദൻ.
ഗ്രന്ഥങ്ങൾ
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- വയലാർ-ദേവരാജൻ കൂട്ടുകെട്ടിന്റെ 749 ഗാനങ്ങൾ
- ജി.ദേവരാജന്റെ 1702 ഗാനങ്ങൾ
- ജി.ദേവരാജൻ മലയാളസംഗീതംഇൻഫോ.
- ജി.ദേവരാജൻ
- ദേവരാജൻ മാഷ് Archived 2007-05-17 at the Wayback Machine.
- ജി.ദേവരാജൻ അന്തരിച്ചു. Archived 2006-03-27 at the Wayback Machine.
- [https://web.archive.org/web/20171211160840/http://www.sundaykaumudi.com/movies/mov/mo_slight.stm Archived 2017-12-11 at the Wayback Machine. മലയാള സംഗീതം അനാഥമായി.
- ജി ദേവരാജൻ: അമരസംഗീതം Archived 2014-03-15 at the Wayback Machine.
അവലംബം
തിരുത്തുക- ↑ 1.0 1.1 ദേവഗീതികൾ, ഒഥന്റിക്ക് ബുക്സ് ISBN 978-81-89125-08-0
- ↑ "ജി. ദേവരാജൻ, മനോരമ". Archived from the original on 2011-01-22. Retrieved 2012-07-07.
- ↑ "ജി. ദേവരാജൻ സംഗീതത്തിന്റെ രാജശില്പി" - പെരുമ്പുഴ ഗോപാലകൃഷ്ണൻ : ഒലിവ് പബ്ലിക്കേഷൻസ്, 2005
- ↑ ഇന്ദുലേഖ പുസ്തകവിപണന വെബ്സൈറ്റ്[പ്രവർത്തിക്കാത്ത കണ്ണി] സംഗീതശാസ്ത്രനവസുധ].