കുമാരസംഭവം

കാളിദാസന്റെ സംസ്കൃത പുരാണ കവിത

കാളിദാസൻ രചിച്ച പ്രശസ്തമായ മഹാകാവ്യമാണ്‌ കുമാരസംഭവം. സംസ്കൃതഭാഷയിലെ പഞ്ചമഹാകാവ്യങ്ങളിലൊന്നാണിത്‍.

ഉള്ളടക്കംതിരുത്തുക

കാളിദാസൻ ഈ ഗ്രന്ഥം എട്ട് സർഗ്ഗങ്ങളിലായാണ് രചിച്ചിരിക്കുന്നത്. ശിവപാർവതീപ്രണയമാണ് ഇതിലെ പ്രധാനപ്രതിപാദ്യവിഷയം.

തുടക്കംതിരുത്തുക

ഒന്നാം സർഗ്ഗം ആരംഭിക്കുന്നത് ഹിമാലയവർണ്ണനയോടെയാണ്. "ഉത്തരദിക്കിനറ്റത്ത്, കിഴക്കും പടിഞ്ഞാറുമുള്ള സമുദ്രങ്ങളിലേക്കിറങ്ങി, ഭൂമിയുടെ അളവുകോലെന്നപോലെ നിലകൊള്ളുന്ന പർവതരാജനായ ഹിമാലയത്തെ" ആദ്യശ്ലോകം പുകഴ്ത്തുന്നു. [1][ക]തുടർന്ന്, ഹിമാലയത്തിന്റെ ഗാംഭീര്യവും, സൗന്ദര്യവും, ജീവി-ധാതു സമൃദ്ധിയും അതിൽ ജീവിക്കുന്ന കിന്നരന്മാരുടേയും കിരാതന്മാരുടേയും ജീവിതസന്ദർഭങ്ങളും കവി ചിത്രീകരിക്കുന്നു.

എട്ടു സർഗ്ഗങ്ങളിലെ കഥതിരുത്തുക

  • യാഗാഗ്നിയിൽ ശരീരം വെടിഞ്ഞ ദക്ഷപുത്രിയായ സതി ഹിമവാന്റെയും പത്നി മേനയുടെയും മകളായി പിറക്കുന്നു. വിവാഹപ്രായമായ പാർവ്വതിയെ കണ്ട് നാരദമഹർഷി അവൾ ശിവന്റെ പത്നിയാകേണ്ടവളാണെന്ന് ഹിമവാനെ അറിയിക്കുന്നതും, പാർവ്വതി, തപസ്സിരിക്കുന്ന ശിവനെ ശുശ്രൂഷിക്കാൻ ആരംഭിക്കുന്നതും തുടർന്ന് പ്രതിപാദിക്കുന്നു. രണ്ടാം സർഗ്ഗത്തിൽ താരകാസുരന്റെ ചെയ്തികൾക്ക് പരിഹാരം തിരഞ്ഞ് ദേവന്മാർ ബ്രഹ്മാവിന്റെ അടുത്തെത്തുന്നതും ശിവപാർവ്വതീസംയോഗത്തിൽ ജനിക്കുന്നവനേ താരകനെ കൊല്ലാനാകൂ എന്ന് അദ്ദേഹം നിർദ്ദേശിക്കുന്നതും അതിനായി ഇന്ദ്രൻ കാമനെയും രതിയെയും വിളിച്ചുവരുത്തുന്നതുമാണ് വിവരിക്കുന്നത്.‍ മൂന്നാം സർഗ്ഗത്തിൽ തപസ്സിൽ നിന്നുണരുന്ന ശിവൻ കാമദേവനെ ഭസ്മമാക്കുന്നതാണ്. നാലാം സർഗ്ഗം രതീവിലാപവും അഞ്ചാംസർഗ്ഗം പാർവതിയുടെ കഠിനതപസ്സും ഫലപ്രാപ്തിയും വർണ്ണിക്കുന്നു. ശിവപാർവ്വതിമാരുടെ വിവാഹമാണ് ആറ്, ഏഴ് സർഗ്ഗങ്ങളുടെ വിഷയം. എട്ടാം സർഗ്ഗം ശിവപാർവതിമാരുടെ ശൃംഗാരകേളികളുടെ വർണ്ണനയാണ്.

പൂർണ്ണതയെ സംബന്ധിച്ച തർക്കംതിരുത്തുക

ഗ്രന്ഥത്തിന്റെ പേരിന് ആസ്പദമായ സംഭവം - കുമാരന്റെ(സുബ്രഹ്മണ്യന്റെ) ജനനം പ്രതിപാദിക്കുന്നില്ല എന്നതിനാൽ കുമാരസംഭവം ഒരു അപൂർണ്ണകൃതിയാണെന്ന് കരുതപ്പെടുന്നുണ്ട്. എന്നാൽ ഗൃഹസ്ഥാശ്രമത്തിന്റെ പ്രാധാന്യം ഉദ്ഘോഷിക്കുകയാണ് കാളിദാസന്റെ ലക്ഷ്യമെന്നും സ്കന്ദന്റെ ജനനത്തിന് വഴിയൊരുങ്ങുക വഴി കഥാനിർവ്വഹണം പൂർണ്ണമായി എന്നുമാണ് പണ്ഡിതരുടെ അഭിപ്രായം.

കുറിപ്പുകൾതിരുത്തുക

ക. ^ അസ്ത്യുത്തര‍സ്യാം ദിശി ദേവതാത്മാ
ഹിമാലയോ നാമ നഗാധിരാജ:
പൂർവാപരൗ തോയോനിധി വഹാഹ്യ
സ്ഥിത: പൃഥ്വിവ്യാം ഇവ മാനദണ്ഡ:

അവലംബംതിരുത്തുക

  1. കാളിദാസകൃതികൾ, ഗദ്യശില്പം, സി.ജെ. മണ്ണുമ്മൂട് - പ്രസാധകർ: സി.ജെ.എം. പബ്ലിക്കേഷൻസ്, മണർകാട്, കോട്ടയം


ഇവ കൂടി കാണുകതിരുത്തുക

സംസ്കൃതസാഹിത്യം

മഹാകാവ്യം

പുറംകണ്ണികൾതിരുത്തുക

കുമാരസംഭവം - ഹിന്ദിവ്യാഖ്യാനം

"https://ml.wikipedia.org/w/index.php?title=കുമാരസംഭവം&oldid=3818805" എന്ന താളിൽനിന്ന് ശേഖരിച്ചത്