ചങ്ങമ്പുഴ കൃഷ്ണപിള്ള
മലയാളഭാഷയിലെ ഒരു മഹാകവിയാണ് ചങ്ങമ്പുഴ എന്നറിയപ്പെടുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള. ഇദ്ദേഹം 1911 ഒക്ടോബർ 10-ന് ജനിച്ചു. ഇദ്ദേഹത്തിന്റെ ജന്മദേശം ഉത്തരതിരുവിതാംകൂറിൽപ്പെട്ട (ഇപ്പോൾ എറണാകുളം ജില്ലയിൽ) ഇടപ്പള്ളിയാണ്. ഇടപ്പള്ളി ചങ്ങമ്പുഴത്തറവാട്ടിലെ ശ്രീമതി പാറുക്കുട്ടിയമ്മയാണ് മാതാവ്. തെക്കേടത്തു വീട്ടിൽ നാരായണ മേനോൻ പിതാവും.
ചങ്ങമ്പുഴ കൃഷ്ണപിള്ള | |
---|---|
![]() | |
ജനനം | 1911 ഒക്ടോബർ 10[1] |
മരണം | 17 ജൂൺ 1948[1] | (പ്രായം 36)
ദേശീയത | ഭാരതീയൻ |
തൊഴിൽ | കവി |
തൂലികാനാമം | ചങ്ങമ്പുഴ |
രചനാകാലം | 1931-1948 |
സാഹിത്യപ്രസ്ഥാനം | കാല്പനിക പ്രസ്ഥാനം |
ജീവചരിത്ര കുറിപ്പ്തിരുത്തുക
ഒരു നിർധനകുടുംബത്തിലെ അംഗമായി ജനിച്ച ചങ്ങമ്പുഴ ബാല്യകാലവിദ്യാഭ്യാസം വളരെ ക്ലേശകരമായാണ് നിർവ്വഹിച്ചത്. ഇടപ്പള്ളി മലയാളം പ്രൈമറി സ്കൂൾ, ശ്രീകൃഷ്ണവിലാസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ആലുവ സെന്റ് മേരീസ് സ്കൂൾ, എറണാകുളം സർക്കാർ ഹൈസ്കൂൾ, സെന്റ് ആൽബർട്ട്സ് സ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യയനം നടത്തി അദ്ദേഹം ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈസ്കൂൾ വിദ്യാഭ്യാസം അവസാനിച്ച കാലത്താണ് അദ്ദേഹത്തിന്റെ സുഹൃത്തും ഇടപ്പള്ളിപ്രസ്ഥാനത്തിന്റെ ജനയിതാക്കളിൽ ഒരാളും കവിയുമായിരുന്ന ഇടപ്പള്ളി രാഘവൻപിള്ള ആത്മഹത്യ ചെയ്തത് . ഈ സംഭവം ചങ്ങമ്പുഴയുടെ ജീവിതത്തെ അഗാധമായി സ്പർശിച്ചു. 'രമണൻ' എന്ന വിലാപ കാവ്യം എഴുതുന്നതിന് ഈ സംഭവം പ്രേരണയായി. ആ കൃതി മലയാളത്തിൽ അതിപ്രശസ്തമായി.
എറണാകുളം മഹാരാജാസ് കോളേജിലും[2] തുടർന്ന് തിരുവനന്തപുരം ആർട്ട്സ് കോളേജിലും പഠിച്ച് അദ്ദേഹം ഓണേഴ്സ് ബിരുദം നേടി. മഹാരാജാസ് കോളേജിൽ പഠിക്കുന്നകാലത്തുതന്നെ ചങ്ങമ്പുഴ പ്രശസ്തനായ കവിയായിത്തീർന്നിരുന്നു. പല പ്രസിദ്ധകൃതികളും അന്നു പുറത്തുവന്നിരുന്നു. സ്വന്തം വിദ്യാഭ്യാസകാലഘട്ടം അവസാനിക്കും മുമ്പുതന്നെ അദ്ദേഹം ശ്രീദേവി അമ്മയെ വിവാഹം ചെയ്‌തു. പഠനത്തിനുശേഷം ദുർവ്വഹമായ സാമ്പത്തിക ക്ലേശം നിമിത്തം യുദ്ധസേവനത്തിനുപോയി. അധികനാൾ അവിടെ തുടർന്നില്ല. രണ്ടുവർഷത്തിനു ശേഷം രാജിവെച്ചു മദിരാശിയിലെ ലോ കോളേജിൽ ചേർന്നു. എങ്കിലും പഠനം മുഴുമിക്കാതെ തന്നെ നാട്ടിലേക്കുമടങ്ങി.
പിൽക്കാലത്ത് ചങ്ങമ്പുഴയെ പ്രശസ്തിയുടെ കൊടുമുടിയിലേയ്ക്കു നയിച്ച പല കൃതികളും ഇക്കാലത്താണ് രചിക്കപ്പെട്ടത്. ഇതിനിടെ മംഗളോദയം മാസികയുടെ പത്രാധിപസമിതിയംഗമായും അദ്ദേഹം ജോലി ചെയ്തു. അനന്തരം അദ്ദേഹം എഴുത്തിൽ മുഴുകി ഇടപ്പള്ളിയിൽ സകുടുംബം താമസിച്ചു.
ഉൽക്കണ്ഠാകുലമായ പല പരിവർത്തനങ്ങൾക്കും വിധേയമാവുകയായിരുന്നു പിന്നീടദ്ദേഹത്തിന്റെ ജീവിതം. ആദ്യം വാതരോഗവും തുടർന്നു ക്ഷയരോഗവും പിടിപെട്ടു. എന്തും സഹിച്ചും ജീവിതം ആസ്വദിക്കുവാൻ അതീവതാൽപര്യം കാണിച്ച ആ മഹാകവി മരണവുമായി അനുക്ഷണം അടുക്കുകയായിരുന്നു അപ്പോൾ. നാളുകൾ അധികം നീങ്ങിയില്ല. കേരളത്തിലെ സഹൃദയലോകത്തെയാകെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട്, 1948 ജൂൺ 17-ആം തീയതി ഉച്ചതിരിഞ്ഞ് തൃശ്ശൂർ മംഗളോദയം നഴ്സിങ്ങ് ഹോമിൽവച്ച്, ഈ ലോകത്തോട് അദ്ദേഹം യാത്രപറഞ്ഞു. 37 വയസ്സേ അപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. സ്വന്തം നാടായ ഇടപ്പള്ളിയിൽ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഇടപ്പള്ളിയിൽ ചങ്ങമ്പുഴ സാംസ്കാരിക സമിതി, കലാവേദി, ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല, പാർക്ക് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. വർഷം തോറും ചങ്ങമ്പുഴയുടെ ഓർമ്മയ്ക്ക് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു പോരുന്നു. 2017-ൽ കൊച്ചി മെട്രോ പ്രവർത്തനമാരംഭിച്ചപ്പോൾ ചങ്ങമ്പുഴ പാർക്ക് ആസ്ഥാനമായി ഒരു റെയിൽവേ സ്റ്റേഷനും നിലവിൽ വന്നിരുന്നു.
കവിതാസമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളും നോവലും ഉൾപ്പെടെ അമ്പത്തിയേഴു കൃതികൾ ചങ്ങമ്പുഴ കൈരളിക്കു കാഴ്ചവച്ചിട്ടുണ്ട്. അതിമനോഹരങ്ങളായ കാവ്യങ്ങൾ കൊണ്ടുതന്നെയാവാം ജോസഫ് മുണ്ടശ്ശേരി അദ്ദേഹത്തെ 'നക്ഷത്രങ്ങളുടെ പ്രേമഭാജനം' എന്നു വിശേഷിപ്പിച്ചത്.
തന്റെ മറ്റു കൃതികളിൽ നിന്നു വ്യത്യസ്തമായി 'വാഴക്കുല'യിൽ സാമൂഹ്യ അസമത്വങ്ങളോട് പ്രതികരിക്കാനുള്ള ആഹ്വാനം കാണാനാകും.
“ | ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾ തൻ പിന്മുറക്കാർ |
” |
— വാഴക്കുല |
ചങ്ങമ്പുഴയുടെ കൃതികൾതിരുത്തുക
പദ്യകൃതികൾതിരുത്തുക
- ആരാധകൻ
- അസ്ഥിയുടെ പൂക്കൾ
- ഹേമന്ത ചന്ദ്രിക
- സ്വരരാഗ സുധ
- രമണൻ
- നിർവ്വാണ മണ്ഡലം
- സുധാംഗദ
- മഞ്ഞക്കിളികൾ
- ചിത്രദീപ്തി
- തളിർത്തൊത്തുകൾ
- ഉദ്യാനലക്ഷ്മി
- പാടുന്നപിശാച്
- മയൂഖമാല
- നീറുന്ന തീച്ചൂള
- മാനസേശ്വരി
- ശ്മശാനത്തിലെ തുളസി
- അമൃതവീചി
- വസന്തോത്സവം
- കലാകേളി
- മദിരോത്സവം
- കാല്യകാന്തി
- മോഹിനി
- സങ്കൽപകാന്തി
- ലീലാങ്കണം
- രക്തപുഷ്പങ്ങൾ
- ശ്രീതിലകം
- ചൂഡാമണി
- ദേവയാനി
- വത്സല
- ഓണപ്പൂക്കൾ
- മഗ്ദലമോഹിനി
- സ്പന്ദിക്കുന്ന അസ്ഥിമാടം
- അപരാധികൾ
- ദേവഗീത
- ദിവ്യഗീതം
- നിഴലുകൾ
- ആകാശഗംഗ
- യവനിക
- നിർവൃതി
- വാഴക്കുല
- കാമുകൻ വന്നാൽ
- മനസ്വിനി
- നിരാശ
ഗദ്യകൃതികൾതിരുത്തുക
ജാതകംതിരുത്തുക
ചങ്ങമ്പുഴ എഴുതിയ ജോത്സ്യത്തെക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിക്കാതെ അതിന്റെ കൈയെഴുത്തുപ്രതി കണ്ണൂരിലെ ജോത്സ്യപണ്ഡിതനും എഴുത്തുകാരനുമായ എടക്കാട്ട് നാരായണന്റെ കൈവശം കണ്ടെത്തിയിരുന്നു. പഴയകാല ഗണിതം ഉപയോഗിച്ചാണ് 1945-ൽ അദ്ദേഹം ഈ ഗ്രന്ഥം എഴുതിയത്. ഈ പുസ്തകം പ്രസിദ്ധീകരിക്കാനായി ചങ്ങമ്പുഴ തൃശൂർ സ്വദേശിയായ ഇയ്യുണ്ണി എന്നയാളെ ഏൽപ്പിക്കുകയും അദ്ദേഹമാണ് നാരായണന് ഈ പുസ്തകം കൈമാറുകയും ചെയ്തതെന്നു കരുതുന്നു.[3]
അവലംബംതിരുത്തുക
- ↑ 1.0 1.1 "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 706. 2011 സെപ്റ്റംബർ 05. ശേഖരിച്ചത് 2013 മാർച്ച് 24. Check date values in:
|accessdate=
and|date=
(help) - ↑ എ.കെ, സാനു (2012). ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം. കോട്ടയം: ഡി.സി. ബുക്സ്. ശേഖരിച്ചത് 29 ഏപ്രിൽ 2016.
- ↑ ബിജീഷ് ബാലകൃഷ്ണൻ (ഡിസംബർ 1, 2012). "പുരുഷായുസ്സിന്റെ പുസ്തകം". മലയാള മനോരമ. മൂലതാളിൽ (പത്രലേഖനം) നിന്നും 2012-12-04 19:26:57-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 ഏപ്രിൽ 2014. Check date values in:
|archivedate=
(help)
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
വിക്കിമീഡിയ കോമൺസിലെ Changampuzha Krishna Pillai എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |