ഫ്രാൻസിലെ പ്രഥമ റിപബ്ലിക് സർക്കാർ നടപ്പിലാക്കിയതാണ് ഫ്രഞ്ചു റിപബ്ലികൻ കലണ്ടർ[1]. ഫ്രഞ്ചു വിപ്ലവകലണ്ടർ എന്നും ഇതറിയപ്പെടുന്നു. ഈ കലണ്ടർ പ്രാബല്യത്തിൽ വന്നത് 1793 നവമ്പറിൽ ആണെങ്കിലും കാലഗണന ആരംഭിക്കുന്നത് ജനകീയ സർക്കാർ അധികാരമേറ്റ 1792 സപ്റ്റമ്പർ 22 മുതലാണ്[2]. തുടർന്ന് പതിമൂന്നു വർഷക്കാലം, 1805 വരെ ഈ കലണ്ടർ പ്രാബല്യത്തിലിരുന്നു.നെപോളിയൻ തന്റെ വാഴ്ചക്കാലത്ത് മതസ്വാതന്ത്ര്യം അനുവദിച്ചതോടെ ക്രൈസ്തവസ്ഥാപനങ്ങൾ ഗ്രിഗോറിയൻ കലണ്ടർ വീണ്ടും ഉപയോഗിച്ചു തുടങ്ങി, 1806 ജനവരി 1ന് ഗ്രിഗോറിയൻ കലണ്ടർ ഔദ്യോഗികമായിത്തന്നെ വീണ്ടും നടപ്പിൽ വന്നു[3],[4]. 1871-ലെ പാരിസ് കമ്യൂൺ സമയത്ത് റിപബ്ലിക്കൻ കലണ്ടർ ഹ്രസ്വകാലത്തേക്ക് പുനരുദ്ധരിക്കപ്പെട്ടു.
ഫ്രഞ്ചു വിപ്ലവത്തിനു ശേഷം, പഴങ്കാല രാജവാഴ്ചയുടെ (ancient regime ) എല്ലാ ചിഹ്നങ്ങളും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ്, മെട്രിക്- ദശാംശ സമ്പ്രദായങ്ങളും പുതിയ കലണ്ടറും അവതരിപ്പിക്കപ്പെട്ടത്[5]. മതരഹിത ഫ്രാൻസ് വിപ്ലവാദർശങ്ങളിൽ ഒന്നായിരുന്നു. അതുകൊണ്ട് കലണ്ടറിൽ മതപരമോ രാജകീയമോ ആയ യാതൊരു വിധ സൂചനകളോ സംജ്ഞകളോ പാടില്ലെന്നായിരുന്നു കൂട്ടായ തീരുമാനം. പുതിയ കലണ്ടറിന് രൂപം നല്കാനായി ചാൾസ് ഗിൽബർട്ട് റോമിന്റെ നേതൃത്വത്തിൽ ഒരു ശാസ്ത്രജ്ഞരുടെ സമിതി രൂപീകരിക്കപ്പെട്ടു. അവരുടെ ഉദ്യമത്തിന് അടിസ്ഥാനമായത് സിൽവൈൻ മരേഷാൽ 1788-ൽ പ്രസിദ്ധീകരിച്ച Almanac des Honnetes gents(സത്യസന്ധന്മാരുടെ കലണ്ടർ ) ആണ്[6].നിരീശ്വരവാദിയായിരുന്ന മാരേഷാലിന്റെ കലണ്ടറിൽ മതപരമായ യാതൊരു സങ്കല്പവും ഇല്ലായിരുന്നു[7].
1793 നവമ്പർ 24-ന് ഗ്രിഗോറിയൻ കലണ്ടർ റദ്ദു ചെയ്യപ്പെട്ടു. 1792 സപ്റ്റമ്പർ 22 മുതൽ വിപ്ലവവർഷം ഒന്ന് ( I) നടപ്പിലായി.വർഷങ്ങൾക്ക് റോമൻ അക്കങ്ങൾ നല്കാനായിരുന്നു വ്യവസ്ഥ I,II,III,IV ...എന്നിങ്ങനെ [1].
ഫ്രഞ്ചു റിപബ്ലിക് നിലവിൽ വന്ന 1792 സപ്റ്റമ്പർ 22 പുതുവർഷത്തിന്റെ തുടക്ക ദിനമായി, സർവ്വസമ്മതിയോടെ അംഗീകരിക്കപ്പെട്ടു.. ഇത് ആ വർഷത്തെ ശിശിര വിഷുവം (Autumn Equinox) ആയിരുന്നു. പക്ഷെ വിഷുവം എല്ലായ്പോഴും സപ്റ്റമ്പർ 22-ന് അല്ല, ചെലപ്പോൾ 23-നോ, 24-നോ ആകാമെന്നത് പിന്നീട് അസൗകര്യപ്രദവുമായി.
ഒരു വർഷത്തിലെ 365 ദിവസങ്ങൾ മുപ്പതു ദിവസങ്ങളുള്ള പന്ത്രണ്ടു തുല്യ മാസങ്ങളായി പകുക്കപ്പെട്ടു. ബാക്കിയുള്ള അഞ്ചു ദിവസങ്ങൾ വർഷാന്ത്യത്തിലെ ദേശീയ അവധി ദിനങ്ങളായി പ്രഖ്യാപിക്കപ്പെട്ടു. നാലു വർഷം കൂടുമ്പോൾ ഒരു ഒളിമ്പിക് വർഷം (അതായത് ലീപ് ഇയർ) അപ്പോൾ അവധിദിനങ്ങൾ-6.
ഓരോ മാസത്തിലും മുപ്പതു ദിവസങ്ങൾ. ഗ്രീക്ക്- ലാറ്റിൻ പദങ്ങളുടെ തദ്ഭവങ്ങൾ ഉപയോഗിച്ച് മാസങ്ങളുടെ പേരുകൾ ഋതുഭേദങ്ങൾക്കനുസരിച്ച് നല്കപ്പെട്ടു. ഈ പേരുകൾ നിർദ്ദേശിച്ചത് പ്രശസ്ത വിപ്ലവ കവി ഫിലിപ് ദിഗ്ലോണ്ടൈൻ ആയിരുന്നത്രെ [8], [9]. മുന്നൂറ്റിയറുപതു ദിവസങ്ങൾക്കു നല്കപ്പെട്ട പ്രത്യേകം പ്രത്യേകം പേരുകൾ കലണ്ടറിൽ മാത്രം ഒതുങ്ങിനിന്നു.
വാഡേമ്യേർ(22സപ്റ്റമ്പർ-21 ഒക്റ്റോബർ )-മുന്തിരിക്കൊയ്ത്ത് എന്നർഥം വരുന്ന വാൻഡെമിയ(vandemia) എന്ന ലാറ്റിൻ പദമാണ് ആധാരം.മുന്തിരിപ്പഴങ്ങൾ വിളവെടുക്കുന്നത് ഈ സമയത്താണ്. ബ്രൂമേർ(22 ഒക്റ്റോബർ-20 നവമ്പർ)- മൂടൽമഞ്ഞ് എന്നർഥം വരുന്ന ബ്രൂം(brume) എന്ന ഫ്രഞ്ചു പദമാണ് ഈ മാസപ്പേരിന് ആധാരം. ഫ്രീമേർ(21 നവമ്പർ - 20 ഡിസമ്പർ) ശൈത്യകാലത്തിന്റെ തുടക്കം. മഞ്ഞു കണികകൾ(ഫ്രഞ്ചിൽ Frimas ഇംഗ്ളീഷിൽ Frost) കാണപ്പെടുന്ന സമയം
നിവോസ്(21ഡിസമ്പർ-19 ജനവരി)-മഞ്ഞു വീഴ്ചക്കാലം. മഞ്ഞ് എന്നർഥം വരുന്ന നിവോസ് ( nivosus) എന്ന ലാറ്റിൻ പദത്തിൽനിന്ന് ,പ്ലൂവ്യോസ്(20 ജനവരി-18 ഫെബ്രുവരി)- മഴക്കാലം മഴ എന്നർഥം വരുന്ന പ്ലുവിയസ് (pluviosus) എന്ന ലാറ്റിൻ പദത്തിൽ നിന്ന് ,വാറ്റോസ് (19 ഫെബ്രുവരി-20മാർച്ച്) ശൈത്യക്കാറ്റുകാലം. കാറ്റ് എന്നർഥം വരുന്ന വെന്റോസ് ventosus എന്ന ലാറ്റിൻ പദം ആധാരം
ജെർമിനൽ(21മാർച്ച്-19 ഏപ്രിൽ)- ലാറ്റിൻ ഭാഷയിൽ germen, germinis എന്നീപദങ്ങളുടെ അർഥം മുളപൊട്ടൽ, മുകുളം എന്നൊക്കേയാണ്. ഫ്ലോറീൽ(20 ഏപ്രിൽ-19 മെയ്), പൂക്കൾ എന്നർഥം വരുന്ന floreus ലാറ്റിൻ പദത്തിൽ നിന്ന്. പ്രെറ്യാൽ-(20 മെയ്-18ജൂൺ). പുൽമേടുകൾ മൈതാനങ്ങൾ എന്നർഥം വരുന്ന prairie എന്ന ഫ്രഞ്ചു പദമാണ് ആധാരം.
മെസിഡർ(19ജൂൺ-18 ജൂലൈ), വിളവെടുപ്പുകാലം messis വിളവ് എന്ന ലാറ്റിൻ പദത്തിൽ നിന്ന് തെർമിഡർ(19 ജൂലൈ-17 ഓഗസ്റ്റ്) താപം എന്നർഥം വരുന്ന 'thermon എന്ന ഗ്രീക്കു പദത്തിൽ നിന്ന് ,ഫ്രക്റ്റിഡർ(18 ഓഗസ്റ്റ്-16സപ്റ്റമ്പർ)- പഴങ്ങൾ എന്നർഥം വരുന്ന fructus എന്ന ലാറ്റിൻ പദമാണ് ആധാരം.
ഒാരോ മാസത്തിലേയും മുപ്പതു ദിവസങ്ങൾ പത്തു ദിവസങ്ങൾ വീതമുള്ള മൂന്നു ദശകങ്ങൾ(décade)ആയി വിഭജിക്കപ്പെട്ടു. ഇവ ഒന്നാം ദശകം രണ്ടാം ദശകം, മൂന്നാം ദശകം എന്നിങ്ങനെ അറിയപ്പെട്ടു. ആഴ്ചയിലെ ദിവസങ്ങൾക്ക് പ്രത്യകിച്ചു പേരുകളില്ലായിരുന്നു. ഒന്നാം ദിവസം, രണ്ടാം ദിവസം എന്നർഥം വരുന്ന പദങ്ങൾ മാത്രം. പത്താം ദിവസം(ദക്കാദി) അവധിയായിരുന്നു. സബ്ബാത് അനുഷ്ഠാനം നിയമവിരുദ്ധമായിരുന്നു.
വർഷാന്ത്യത്തിലെ അഞ്ച് ( ലീപ്പ് ഇയറിൽ ആറ്) അവധിദിനങ്ങൾ സാൻസ്കുുലോട്ടൈഡ് എന്നറിയപ്പെട്ടു അതായത് കുലോട്ട് ഇല്ലാത്തവരുടെ ദിനങ്ങൾ. കുലോട്ട് ഉന്നതവർഗക്കാരും ബൂർഷ്വകളും ധരിച്ചിരുന്ന കാൽമുട്ടുവരെ എത്തുന്ന ഇറുകിയ കാലുറകളായിരുന്നു. വിപ്ലവാനന്തര ഫ്രാൻസിൽ അത്തരം വർഗവ്യത്യാസം ഇല്ലെന്നും എല്ലാവരും സാധാരണക്കാരാണെന്നുമുള്ള ആശയം ഒന്നുകൂടി ഉറപ്പിക്കാനായിരുന്നു ഈ നടപടി. വർഷാന്ത അവധി ദിനങ്ങൾ, മാനുഷികമൂല്യങ്ങളുടെ, ആഘോഷദിനങ്ങളായി പ്രഖ്യാപിക്കപ്പെട്ടു. നന്മ, പ്രതിഭ, അധ്വാനം (സ്ഥൈര്യം), ആശയം(ഭാവന), പ്രത്യുപകാരം,വിപ്ലവം എന്നിങ്ങനെ.
എല്ലാ വിധത്തിലുമുള്ള അളക്കൽ-തൂക്കലുകൾ ദശാംശ വ്യവസ്ഥയിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടന്നു. അങ്ങനെ മെട്രിക് സമ്പ്രദായം ഫ്രാൻസിൽ പ്രചലിതമായി. നാണയവ്യവസ്ഥയും നൂറു സെന്റിന് ഒരു ഫ്രാങ്ക് എന്ന കണക്കിൽ പുതുക്കപ്പെട്ടു. നൂറു സെക്കൻഡുകൾക്ക് ഒരു മിനിട്ടും നൂറു മിനിട്ടുകൾ ഒരു മണിക്കൂറുമെന്ന കണക്കിന് ദശാംശ സമയം നടപ്പാക്കാക്കാനുള്ള ഉദ്യങ്ങൾ നടന്നു. 1793 ഒക്റ്റോബർ 5-ന് ഔദ്യോഗിക വിജ്ഞാപനവും ഉണ്ടായി. പക്ഷെ ഇതുകൊണ്ടുണ്ടായ അസൗകര്യങ്ങൾ നിരവധിയായിരുന്നു.1795 ഏപ്രിൽ 7-നു പുറപ്പെടുവിച്ച മറ്റൊരു ഉത്തരവിലൂടെ ദശാംശ സമയം നിർബന്ധമല്ലെന്നു വന്നു.1806 ജനവരി ഒന്നിന് എല്ലാം പഴയപടിയായി[10],
[11].
Bond, John James (1869). Handy-book of Rules and Tables for Verifying Dates with the Christian Era: Giving an Account of the Chief Eras, and Systems Used by Various Nations, with Easy Methods for Determining the Corresponding Dates. Bell and Daldy. {{cite book}}: Cite has empty unknown parameter: |1= (help)
Perovic, Sanja (2012). he Calendar in Revolutionary France: Perceptions of Time in Literature, Culture, Politics. Cambridge University Press. ISBN9781139537032. {{cite book}}: Cite has empty unknown parameter: |1= (help)
Shaw, Matthew (2011). Time and the French Revolution: The Republican Calendar, 1789-year XIV Volume 78 of Royal Historical Society studies in history. Boydell & Brewer Ltd. ISBN9780861933112.