റ്റുലിപ്‌

(Tulip എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏകബീജപത്രികളിലെ ലിലിയേസീ (Liliaceae) കുടുംബത്തിൽപ്പെടുന്ന ഉദ്യാനസസ്യമാണ് റ്റുലിപ്(Tulip)[2]. ഇതിനു 109 ലധികം തരങ്ങൾ ഉണ്ടെന്ന് കരുതപ്പെടുന്നു. [3] 'തലകീഴായിട്ടുള്ള പുഷ്പത്തിനെ പ്രതിനിധീകരിക്കുന്നു' എന്നാണ് ടൂലിപ്പ് എന്ന പദംകൊണ്ട് അർഥമാക്കുന്നത്. 'ടോലിബൻ' (toliban) എന്ന പേർഷ്യൻ വാക്കിൽനിന്നാണ് ടൂലിപ്പ് എന്ന പേര് നിഷ്പന്നമായിട്ടുള്ളത്. നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ ഇത് ഹോളണ്ടുകാരുടെ പ്രിയപ്പെട്ട പുഷ്പമായിരുന്നു. ഹോളണ്ടിൽനിന്ന് ഇത് ഡച്ചിലും അമേരിക്കയിലും യൂറോപ്പിലും എത്തിച്ചേരുകയും അവിടെയെല്ലാം വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി ആരംഭിക്കുകയും ചെയ്തു. വസന്തകാലത്തെ ഏറ്റവും പകിട്ടുള്ള ഒരു പുഷ്പ ഇനമാണിത്. സാധാരണ ഒറ്റ തണ്ടിൽ വിരിയുന്ന പൂക്കളാണു്. എന്നാൽ ചെലയിനങ്ങളിൽ ഒന്നിലേറെ പൂക്കൾ ഒരു തണ്ടിൽ നിന്നും ഉണ്ടാകുന്നു. റ്റുലിപ് പൂക്കൾ പല വർണ്ണത്തിൽ ഉണ്ടു്. എന്നാൽ നീലനിറത്തിലുള്ള ടൂലിപ്പ് പുഷ്പങ്ങൾ കാണാറില്ല. ചെടിയുടെ ആകൃതിയും വലിപ്പവും ഏത് സ്ഥലത്തും ഇവ നട്ടുവളർത്തുന്നതിന് അനുയോജ്യമായ വിധത്തിലുള്ളതാണ്. 75 സെ.മീ. ഉയരത്തിൽ വരെ വളരുന്നയിനങ്ങളുണ്ടെങ്കിലും 30 സെ.മീ. താഴെ മാത്രം വളരുന്നയിനങ്ങളാണ് ഏറെ നട്ടുവളർത്തപ്പെടുന്നത്.

Tulip
Red Tulipa × gesneriana flowers
Tulipa × gesneriana
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
Order: Liliales
Family: Liliaceae
Subfamily: Lilioideae
Tribe: Lilieae
Genus: Tulipa
L.
Type species
Tulipa × gesneriana
Subgenera
  • Clusianae
  • Orithyia
  • Tulipa
  • Eriostemones
Diversity
About 75 species
Map of the distribution of both naturally occurring and introduced tulips
Distribution of Tulipa: Natural (red) and Introduced (yellow)
Synonyms[1]
Synonyms
  • Orithyia D.Don
  • Liriactis Raf.
  • Liriopogon Raf.
  • Podonix Raf.
  • Eduardoregelia Popov

കൃഷി(Tulip Farming)

തിരുത്തുക

സെപ്. മുതൽ ഡി. വരെയുള്ള മാസങ്ങളിൽ കിഴങ്ങ് (bulb) നട്ട് ചെടി മുളപ്പിച്ചെടുക്കുന്നു. നല്ല നീർവാർച്ചയുള്ള മണ്ണും സൂര്യപ്രകാശവും ടൂലിപ്പുകളുടെ വളർച്ചയ്ക്ക് അനിവാര്യമാണ്. കിളച്ച് മറിച്ച് നിരപ്പാക്കിയ മണ്ണിൽ ചാണകപ്പൊടിയും എല്ലുപൊടിയും മണലും ചേർത്ത് ഇളക്കുന്നു. 10-23 സെ.മീ. അകലത്തിലായി 10-15 സെ.മീ. ആഴത്തിലാണ് കിഴങ്ങ് നടുന്നത്. തണുപ്പുകാലത്ത് മണ്ണിനു മുകളിൽ കരിയില വിരിച്ചിടണം. തണുപ്പ് അധികമായാൽ കിഴങ്ങിൽനിന്നും മൂലലോമങ്ങളുണ്ടാകാൻ താമസം നേരിടുകയും തന്മൂലം പുഷ്പകാലം വൈകുകയും പുഷ്പങ്ങൾ നിറം കുറഞ്ഞതായിരിക്കുകയും ചെയ്യും. ധാരാളം മൂലലോമങ്ങളുണ്ടായാലേ വലിപ്പവും തനതായ നിറവുമുള്ള പുഷ്പങ്ങളുണ്ടാവുകയുള്ളു. ടുലിപ്പ്

പുഷ്പകാലത്തിനുശേഷം ഇലകൾ ഉണങ്ങി നശിച്ചാലും കിഴങ്ങ് മണ്ണിൽത്തന്നെ അവശേഷിക്കും. ചിലയിടങ്ങളിൽ കിഴങ്ങു കിളച്ചെടുത്തു കഴുകി നടീൽ സമയം വരെ തണലും തണുപ്പുമുള്ള സ്ഥലത്ത് സൂക്ഷിക്കാറുണ്ട്. കിഴങ്ങ് ശാഖകളായി പിരിയാറില്ല. ഒരു കിഴങ്ങിൽനിന്നും ഒമ്പതോളം പുഷ്പങ്ങളുണ്ടാകുന്നു. ഇലകൾ നീണ്ട് വീതികുറഞ്ഞതോ അണ്ഡാകാരത്തിലുള്ളതോ ആയിരിക്കും.

പുഷ്പത്തിന് മൂന്നു ബാഹ്യദളങ്ങളും മൂന്നു ദളങ്ങളും ആറു കേസരങ്ങളും ഉണ്ടായിരിക്കും. ദളങ്ങളും ബാഹ്യദളങ്ങളും കാഴ്ചയിൽ ഒരുപോലെയായിരിക്കും. കേസരതന്തുക്കൾക്ക് ദളപുടങ്ങളെ അപേക്ഷിച്ച് നീളം കുറവാണ്. മൂന്ന് അറകളുള്ള സമ്പുടം (capsule) ആണ് ഫലം. ഇവയിൽ അനേകം പരന്ന വിത്തുകളുണ്ട്. വിത്തുപാകി മുളപ്പിച്ചു നടുമ്പോൾ ഭംഗിയുള്ള ഒറ്റ നിറത്തിലുള്ള പുഷ്പങ്ങൾ തന്നെയുണ്ടാകുമെങ്കിലും ആവർത്തനം കൂടുംതോറും പുഷ്പങ്ങൾക്ക് അഴകും നിറവും കുറഞ്ഞുവരും. ഇതുമൂലം കിഴങ്ങാണ് മുഖ്യ നടീൽ വസ്തുവായി ഉപയോഗിക്കാറുള്ളത്.

രോഗങ്ങൾ

തിരുത്തുക

'ലീഫ് സ്പോട്ട്' എന്ന കുമിൾരോഗംമൂലം ടൂലിപ്പുകളുടെ ഇലകൾ നശിച്ചുപോകാറുണ്ട്. ബോർഡോ മിശ്രിതം തളിക്കുകയും രോഗബാധിതസസ്യങ്ങൾ കത്തിച്ചുകളയുകയുമാണ് രോഗം തടയാനുള്ള മാർഗങ്ങൾ. മൊസെയ്ക് രോഗം ബാധിച്ച സസ്യങ്ങളിലെ ഒറ്റ നിറമുള്ള പുഷ്പങ്ങളിൽ വരകളും പൊട്ടുകളും കാണപ്പെടുന്നു. ടൂലിപ്പുകൾക്ക് ധാരാളം സങ്കരയിനങ്ങളുമുണ്ട്.

ചിത്രശാല

തിരുത്തുക

കയൂകെന്ഹോഫ് റ്റുലിപ്‌ പൂന്തോട്ടം [4] - നെതെർലാന്റ്

  1. WCSP 2017.
  2. "Tulipa in Flora of North America @". Efloras.org. Retrieved 2009-12-07.
  3. "WCSP". World Checklist of Selected Plant Families. Retrieved 2010. {{cite web}}: Check date values in: |accessdate= (help)
  4. "keukenhof garden".

അധിക വായനയ്ക്ക്

തിരുത്തുക
  • Blunt, Wilfrid. Tulipomania
  • Clusius, Carolus. A Treatise on Tulips
  • Dash, Mike. Tulipomania
  • King, Michael. Gardening with Tulips
  • Pavord, Anna. The Tulip
  • Pollan, Michael. The Botany of Desire

പുറം കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ റ്റുലിപ്‌ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=റ്റുലിപ്‌&oldid=3789955" എന്ന താളിൽനിന്ന് ശേഖരിച്ചത്