കാര്യങ്കോട് പുഴ
കാസർഗോഡ് കണ്ണൂർ ജില്ലകളുടെ അതിർത്തിയെ നിർണ്ണയിച്ചുകൊണ്ടു് ഒഴുകുന്ന പുഴയാണ് തേജസ്വിനി എന്നും അറിയപ്പെടുന്ന കാര്യങ്കോട് പുഴ.
കർണാടകത്തിലെ കൂർഗ് വനത്തിനുള്ളിലെ മലനിരകളിൽ നിന്നാണ് കാര്യങ്കോട് പുഴ ഉത്ഭവിക്കുന്നത്.പുളിങ്ങോം, ചെറുപുഴ, കടുമേനി, കാക്കടവ്, അണ്ടോൾ,കയ്യൂർ എന്നീ പട്ടണങ്ങളിലൂടെ ഒഴുകി പിന്നീട് ഈ പുഴ അറബിക്കടലിൽ പതിക്കുന്നു. 64 കിലോമീറ്ററോളം നീളമുണ്ട് ഈ പുഴയ്ക്ക്. കടലിൽ പതിക്കുന്നതിന് മുമ്പായി നീലേശ്വരം പുഴ ഇതിനോടൊപ്പം ചേരുന്നുണ്ട്. അഴിമുഖത്തു് വെച്ച് , കവ്വായിപ്പുഴ, പെരുമ്പ പുഴ എന്നിവയുമായി ചേർന്നു്, തെക്കു് വടക്കു് ദിശയിലായി, രാമന്തളി മുതൽ നീലേശ്വരം വരെ ജലപാത ഒരുക്കുന്നതിൽ ഈ നദിയുടെ പങ്കു് പ്രധാനമാണു്. രാമന്തളി നിന്നും രാമപുരം പുഴയിലേക്കും അവിടുന്നു് സുൽത്താൻ തോടു് വഴി പഴയങ്ങാടി പുഴയിലേക്കും, അവിടുന്ന വളപട്ടണം പുഴ വഴി കണ്ണൂർ ജില്ലയിലെ കിഴക്കൻ മേഖലയിലേക്കും ഈ ജലപാത നീളുന്നു.
കാസർഗോഡ് ജില്ലാ ജലോത്സവം കാര്യങ്കോട് പുഴയിലാണ് നടത്താറു്. നീണ്ടു കിടക്കുന്ന ദ്വീപായ വലിയപറമ്പ ഈ പുഴയുടെ അഴിമുഖത്താണു് സ്ഥിതി ചെയ്യുന്നതു്. കയ്യൂർ സമരംനടന്നതും കയ്യൂർ രക്തസാക്ഷിമണ്ഡപം സ്ഥിതി ചെയ്യുന്നതും കാര്യങ്കോട് പുഴയുടെ തീരത്താണ്.