തിരുനാവായ നാവാമുകുന്ദക്ഷേത്രം

മലപ്പുറം ജില്ലയിലെ സ്ഥലം,കേരളം,ഇന്ത്യ
(തിരുനാവായ മുകുന്ദ ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ തിരുനാവായ ദേശത്ത് ഭാരതപ്പുഴയുടെ തീരത്തുള്ള പുരാതന ക്ഷേത്രമാണ് തിരുനാവായ നാവാമുകുന്ദ ക്ഷേത്രം. ഹൈന്ദവ, വൈഷ്ണവ വിശ്വാസപ്രകാരം ത്രിമൂർത്തികളിൽ ഒരാളായ മഹാവിഷ്ണുവാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. നാവാമുകുന്ദൻ എന്നപേരിൽ ഈ ഭഗവാൻ അറിയപ്പെടുന്നു. ഭഗവാനോടൊപ്പം സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ഭഗവതിയായ മഹാലക്ഷ്മിയും ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഐതിഹ്യപ്രകാരം നവയോഗികൾ എന്നറിയപ്പെടുന്ന സഹോദരന്മാരായ ഒമ്പത് സന്ന്യാസിവര്യന്മാരാണ് ഇവിടെ പ്രതിഷ്ഠ നടത്തിയത്. ഇവരിൽ ആദ്യത്തെ എട്ട് വിഗ്രഹങ്ങൾ അന്തർദ്ധാനം ചെയ്തുവെന്നും അവസാനത്തെ യോഗി പ്രതിഷ്ഠിച്ച വിഗ്രഹമാണ് ഇന്ന് ക്ഷേത്രത്തിലുള്ളതെന്നും വിശ്വസിച്ചുവരുന്നു. തിരുനാവായ ക്ഷേത്രത്തിനടുത്ത് ഭാരതപ്പുഴയുടെ തീരത്താണ് ഇതിഹാസ പ്രശസ്തമായ മാമാങ്കം നടന്നിരുന്നത്. ശ്രാദ്ധപൂജകൾക്ക് പ്രസിദ്ധിയാർജ്ജിച്ചതാണ് ഇവിടുത്തെ നിളാതീരം. കർക്കടകം, തുലാം, കുംഭം, ഇടവം എന്നീ നാല് മാസങ്ങളിലെ അമാവാസിനാളുകളിൽ ഇവിടെ മരിച്ചവർക്ക് വേണ്ടി ബലിയിടാൻ വൻ ഭക്തജനത്തിരക്കുണ്ടാകും. ഭാരതത്തിലെ 108 ദിവ്യദേശങ്ങളിൽ (തിരുപ്പതികളിൽ) കേരളത്തിലുള്ള പതിനൊന്ന് ക്ഷേത്രങ്ങളിൽ ഒന്നാണീ ക്ഷേത്രം. ഇവിടുത്തെ പ്രധാന പ്രതിഷ്ഠയായ നാവാമുകുന്ദൻ എന്നറിയപ്പെടുന്ന മഹാവിഷ്ണുഭഗവാൻ ഐശ്വര്യദായിനിയായ ലക്ഷ്മിദേവിയോടൊപ്പം കുടികൊള്ളുന്നു. അതിനാൽ ലക്ഷ്മീനാരായണ സങ്കല്പത്തിലാണ് ഇവിടെ ആരാധന. ഉപദേവതകളായി ഗണപതി, അയ്യപ്പൻ എന്നിവർക്കും സന്നിധികളുണ്ട്. കൂടാതെ, പ്രധാന ശ്രീകോവിലിന്റെ പുറകിൽ മൃത്യുവിജയിയായ ശിവന്റെ സങ്കല്പത്തിലുള്ള ആരാധനയുമുണ്ട്. ഇത്, അടുത്തുള്ള തൃപ്രങ്ങോട്ട് ക്ഷേത്രത്തിലെ പ്രതിഷ്ഠയാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. പ്രതീകാത്മകനായി ഒരു നന്ദിവിഗ്രഹം ഇവിടെ കാണാം. മേടമാസത്തിലെ വിഷുസംക്രമത്തിന് കൊടികയറി കണികണ്ടുതുടങ്ങി പത്താമുദയത്തിന് ആറാട്ടോടെ അവസാനിയ്ക്കുന്ന പത്തുദിവസത്തെ കൊടിയേറ്റുത്സവമാണ് ക്ഷേത്രത്തിലുള്ളത്. കൂടാതെ, കുംഭമാസത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശി, ചിങ്ങമാസത്തിലെ തിരുവോണം, കന്നിമാസത്തിൽ ഭഗവതി പ്രധാനമായ നവരാത്രി, ദീപാവലി, വൈകുണ്ഠ ഏകാദശി (സ്വർഗ്ഗവാതിൽ ഏകാദശി), വൈശാഖ പുണ്യമാസം തുടങ്ങിയവയും അതിവിശേഷമാണ്. പൊതുവേ മഹാവിഷ്ണുവിന് വ്യാഴാഴ്ചയും, ലക്ഷ്മി ഭഗവതിക്ക് വെള്ളിയാഴ്ചയും പ്രധാനം. മലബാർ ദേവസ്വം ബോർഡിന്റെ കീഴിൽ കോഴിക്കോട് സാമൂതിരി രാജാവിന്റെ നേതൃത്വത്തിലുള്ള ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്.

തിരുനാവായ നാവാമുകുന്ദക്ഷേത്രം
നാവാമുകുന്ദക്ഷേത്രം
നാവാമുകുന്ദക്ഷേത്രം
തിരുനാവായ നാവാമുകുന്ദക്ഷേത്രം is located in Kerala
തിരുനാവായ നാവാമുകുന്ദക്ഷേത്രം
തിരുനാവായ നാവാമുകുന്ദക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:10°51′20″N 75°58′50″E / 10.85556°N 75.98056°E / 10.85556; 75.98056
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:മലപ്പുറം
പ്രദേശം:തിരുനാവായ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:നാവാമുകുന്ദൻ

ഐതിഹ്യങ്ങൾ

തിരുത്തുക

ഐതിഹ്യപ്പെരുമകളാൽ സമ്പന്നമാണ് നിളാതീരത്തെ നാവാമുകുന്ദക്ഷെത്രവും നാവായ് മുകുന്ദ പെരുമാളും. മലയാളത്തിലും, തമിഴിലും ധാരാളം പുസ്തകങ്ങൾ ഇവിടുത്തെ തേവരുടെ ഐതിഹ്യകഥകൾ പറയുന്നുണ്ട്. ഒൻപതുയോഗികൾ ഇവിടെ പ്രതിഷ്ഠ നടത്തിയെങ്കിലും ഒൻപതാമത്തെ തവണ പാൽപായസം തരാമെന്ന വ്യവസ്ഥയിലാണ് പ്രതിഷ്ഠ ഉറച്ചതെന്നും ഐതിഹ്യം പറയുന്നു. നാവാമുകുന്ദക്ഷേത്രത്തിനടിയിൽ നിരവധി വിഗ്രഹങ്ങളുണ്ടെന്ന് വിശ്വാസമുള്ളതിനാൽ ഇവിടെ അധികം പ്രദക്ഷിണം വച്ചിരുന്നില്ല. ആദ്യം പ്രതിഷ്ഠിച്ച എട്ടു വിഗ്രഹങ്ങൾ എവിടെയൊക്കെയാണെന്നറിയാത്തതിനാൽ ആഴ്‌വാഞ്ചേരി തമ്പ്രാക്കളും തിരുനാവായ വാദ്ധ്യാനും മുട്ടുകുത്തിയാണ് പ്രദക്ഷിണം വച്ചിരുന്നതും തൊഴുതിരുന്നതുമത്രെ.

നവയോഗികൾ

തിരുത്തുക

നവയോഗികളായ കവി, ഹരി, അന്തരിക്ഷൻ, പ്രബുദ്ധൻ, പിപ്പലായനൻ, ആവിർഹോത്രൻ, ദ്രുമിളൻ,ചമസൻ, കരഭാജനൻ എന്നിവർക്ക് മഹാവിഷ്ണു ഇവിടെ ദർശനം നൽകിയിട്ടൂണ്ട്. ധാരാളം യാഗങ്ങൾ നടത്തി പ്രസിദ്ധിയാർജ്ജിച്ച നവയോഗികളുടെ സാന്നിധ്യം സ്ഥലനാമത്തിനു കാരണമായി എന്നു കരുതുന്നു. “തിരുനവയോഗി” എന്നു പറയെപ്പെട്ടിരുന്നത് പിന്നീട് ലോപിച്ച് "തിരുനാവായ" എന്നുമായിമാറിയെന്ന് ഒരു ഐതിഹ്യം.

നവയോഗികൾ ഓരോരുത്തരും അവരവരുടേതായി ഓരോ വിഷ്ണുവിഗ്രഹം സൂക്ഷിച്ചിരുന്നു. അവർ ഓരോരുത്തരും തങ്ങളുടേതായ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു. എന്നാൽ പ്രതിഷ്ഠ കഴിഞ്ഞ ഉടനെ അവ അന്തർദ്ധാനം ചെയ്തു. കൃത്യമായ ചിട്ടകളൊന്നുമില്ലാതെ പ്രതിഷ്ഠാകർമ്മങ്ങൾ നടത്തിയതുകാരണമാണ് അവ അന്തർദ്ധാനം ചെയ്തതെന്ന് നവയോഗികളിലെ ഇളയവനായ കരഭാജൻ മനസ്സിലാക്കി. അതായത് അഭിഷേകം, അർച്ചന, നിവേദ്യം, ദീപം തുടങ്ങിയവ പ്രതിഷ്ഠാകർമ്മത്തിന് നിർബന്ധങ്ങളാണ്. അവയൊന്നുമില്ലാതെ പ്രതിഷ്ഠ നടത്തിയതാണ് അന്തർദ്ധാനത്തിന് കാരണം. തുടർന്ന് അദ്ദേഹം തന്റെ കൈവശമുള്ള വിഗ്രഹം കൊണ്ടുവന്ന് പ്രതിഷ്ഠിച്ചപ്പോൾ നിളാനദിയിലെ (ഭാരതപ്പുഴ) ജലം കൊണ്ട് അഭിഷേകവും താമരപ്പൂക്കൾ കൊണ്ട് അർച്ചനയും നടത്തി പാൽപ്പായസം നേദിച്ച് നെയ്വിളക്ക് കത്തിച്ചാണ് പ്രതിഷ്ഠാകർമ്മം നടത്തിയത്. ഇന്നും കാലാവസ്ഥാഭേദമെന്യേ ക്ഷേത്രത്തിൽ അഭിഷേകത്തിനും നിവേദ്യത്തിനും ഉപയോഗിയ്ക്കുന്നത് ഭാരതപ്പുഴയിലെ ജലമാണ്. അതിനാൽ ക്ഷേത്രത്തിൽ കുളവും കിണറുമില്ല. താമരമാലയും നെയ്വിളക്കും പാല്പായസവും ഇവിടെ പ്രധാന വഴിപാടുകളായിത്തന്നെ തുടരുന്നു.

ലക്ഷ്മീദേവിയും ഗജേന്ദ്രനും

തിരുത്തുക

ലക്ഷ്മീസമേതനായ നാരായണന്റെ സങ്കല്പമാണ് നാവാമുകുന്ദന്റേത്. ലക്ഷ്മീ-നാരായണ സങ്കല്പത്തിലുള്ള പ്രതിഷ്ഠകൾ സാധാരണ ഉണ്ടെങ്കിലും, ശ്രീമഹാലക്ഷ്മിക്ക് തന്റെ വാമഭാഗത്ത് പ്രത്യേകം ഒരു സ്ഥാനവും പൂജയുമൊക്കെ ആയിട്ടുള്ള പ്രതിഷ്ഠകൾ അപൂർവ്വമാണ്. അതിൽ തന്നെ, കേരളത്തിലുള്ള ഏക ക്ഷേത്രം ഇതാണ്. ഇതിനാധാരമായി പറയപ്പെടുന്നത് നാവാമുകുന്ദന്റെ ഭക്തവാത്സല്യം വെളിപ്പെടുത്തുന്ന ഒരു കഥയാണ്. വിഷ്ണുഭക്തനായ ഗജേന്ദ്രൻ ബ്രാഹ്മമുഹൂർത്തത്തിൽ നിളയിൽ സ്നാനം ചെയ്ത്, അടുത്തുള്ള താമരപ്പൊയ്കയിൽ നിന്നും നവാമുകുന്ദന് ഏറ്റവും പ്രിയപ്പെട്ട താമരപ്പൂക്കൾ പറിച്ചുകൊണ്ടുവന്ന് നിത്യേന മുകുന്ദവിഗ്രഹത്തിൽ അർച്ചന നടത്തിയിരുന്നു. ഒരു അക്ഷയതൃതീയനാളിൽ താമരപ്പൂക്കൾ ശേഖരിക്കാൻ ചെന്നപ്പോൾ, മറ്റാരോ താമരപ്പൂക്കൾ പറിച്ചതിനാൽ, ഗജേന്ദ്രന് താമരപ്പൂവ് ഒന്നും ലഭിച്ചില്ല. ഇതിൽ കുണ്ഠിതനായ ഗണേശൻ തന്റെ സങ്കടം നവാമുകുന്ദനോട് ഉണർത്തിക്കാൻ ചെന്നപ്പോൾ മുകുന്ദവിഗ്രഹം താമരപ്പൂക്കളാൽ മൂടിയിരിക്കുന്നതായി കണ്ടു. തനിക്ക് മുൻപ് ആരോ താമരപ്പൂക്കൾ പറിച്ച് അർച്ചന നടത്തിയതായി മനസ്സിലായി. അതിൽ മനം നൊന്ത് അദ്ദേഹം മുകുന്ദപാദങ്ങളിൽ സാഷ്ടാംഗം പ്രണമിച്ചു. തന്റെ ദുർവിധിക്ക് കാരണം എന്താണെന്നും, അതു പരിഹരിക്കാൻ തനിയ്ക്ക് കഴിവുണ്ടാക്കിതരണം എന്നും വിലപിച്ച് കൊണ്ട് ഗജേന്ദ്രൻ ശ്രീമുകുന്ദനോട് മനമുരുകി പ്രാർത്ഥിച്ചു. നവാമുകുന്ദൻ പ്രത്യക്ഷനായി .

തന്റെ പ്രിയപത്നി ശ്രീമഹാലഷ്മി, ഗജേന്ദ്രനെഴുന്നേൽക്കുന്നതിനുമുമ്പുതന്നെ താമരപ്പൂക്കൾ ശേഖരിച്ച് അർപ്പിച്ചതാണെന്നും തനിക്ക് തന്റെ ഭക്തന്മാരോടുള്ള അമിത സ്നേഹവാത്സല്യങ്ങൾ കണ്ട്, അതിൽ അസൂയ പൂണ്ട്, അത്രയും സ്നേഹവാത്സല്യങ്ങൾ ദേവിയ്ക്കും കിട്ടണം എന്ന ആഗ്രഹത്താലാണ് ദേവി അങ്ങനെ ചെയ്തതെന്നും ഭഗവാൻ അരുളിച്ചെയ്തു. തനിയ്ക്ക് നവാമുകുന്ദാർച്ചന നടത്താൻ താമരപ്പൂക്കൾ ലഭിക്കാതെ വരരുതേ എന്ന ഗജേന്ദ്രന്റെ പ്രാർത്ഥന ഭഗവാൻ സ്വീകരിച്ചു. ഇനിമേലിൽ ഗജേന്ദ്രന് നിർവിഘ്നം താമരപ്പൂക്കൾ ലഭിയ്ക്കുമെന്നനുഗ്രഹിച്ച് ശ്രീ മഹാലക്ഷ്മിയെ തന്റെ വാമഭാഗത്ത് കുടിയിരുത്തി എന്നുമാണ് സങ്കല്പം.

തിരുനാവായിൽ ഭഗവാനെ പിതാവായും ലക്ഷ്മീദേവിയെ മാതാവായും ഗജേന്ദ്രനെ മകനായുമാണ് കരുതിപ്പോരുന്നത്. ഗജേന്ദ്രനെക്കൊണ്ട് താമരപ്പൂക്കൾ ഭഗവാൻ അർപ്പിയ്ക്കാൻ സമ്മതിയ്ക്കാത്ത ലക്ഷ്മീദേവി ഇവിടെ മലർമങ്കൈ നാച്ചിയാർ എന്നും അറിയപ്പെടുന്നു. ഭഗവാനോടൊപ്പം ശിവനെയും ഇവിടെ കാണാൻ സാധിയ്ക്കുന്നതുകൊണ്ട് ഈ സ്ഥലം കാശിയ്ക്കു തുല്യമെന്നും പറയുന്നുണ്ട്. 'ദക്ഷിണകാശി' എന്നൊരു അപരനാമവും അങ്ങനെ തിരുനാവായയ്ക്ക് കിട്ടി.

അദ്വൈതവേദാന്തത്തിന്റെ മുഖ്യപ്രയോക്താവായിരുന്ന ആദിശങ്കരാചാര്യരും തിരുനാവായ ക്ഷേത്രത്തിൽ ദർശനത്തിന് വന്നിരുന്നതായി കഥയുണ്ട്. ആദ്യകാലത്ത് ഇരുകൈകളും വരദമുദ്രയായി കുടികൊണ്ടിരുന്ന ഇവിടത്തെ മഹാലക്ഷ്മിയുടെ ഒരുകൈ താഴോട്ടാക്കിയത് അദ്ദേഹമാണെന്ന് വിശ്വസിച്ചുവരുന്നു. ആ കഥ ഇങ്ങനെ:

അഭയം ചോദിച്ചുവന്നവർക്കെല്ലാം ദേവി വാരിക്കോരിക്കൊടുത്തു. അങ്ങനെ ദാരിദ്ര്യം എന്നൊന്ന് തിരുനാവായയിലില്ലാതായി. അങ്ങനെയിരിയ്ക്കേ ക്ഷേത്രദർശനത്തിനുവന്ന ശങ്കരാചാര്യർ നടയിൽ മുട്ടുകുത്തിതൊഴാൻ നിന്നു. മുമ്പ് പ്രതിഷ്ഠിച്ച എട്ടു വിഗ്രഹങ്ങൾ അന്തർധാനം ചെയ്ത സ്ഥലം എന്ന അർത്ഥത്തിൽ പണ്ടാരും കാലുകൊണ്ട് നിലത്തു ചവിട്ടിയിരുന്നില്ല. അങ്ങനെ ചെയ്ത ശങ്കരാചാര്യരെ കണ്ടപ്പോൾ ചില കുബുദ്ധികൾ 'ദേ നടയിൽ കുട്ടിയാന നിൽക്കുന്നേ' എന്നൊക്കെ പറഞ്ഞ് അദ്ദേഹത്തെ അപമാനിച്ചു. ഇത് ഐശ്വര്യമദം കൊണ്ടാണെന്ന് മനസ്സിലാക്കിയ ശങ്കരാചാര്യർ ഉടനെ ദേവിയെ ധ്യാനിച്ച് പ്രത്യക്ഷപ്പെടുത്തി ഒരുകൈ കീഴ്പ്പോട്ടാക്കണം എന്ന് അഭ്യർത്ഥിച്ചു. അങ്ങനെയാണ് വിഗ്രഹത്തിന്റെ ഒരു കൈ കീഴ്പ്പോട്ടായത്. അതോടെ തിരുനാവായ ഗ്രാമം കടുത്ത ദാരിദ്ര്യത്തിലായി. എന്നാൽ ഇന്ന് ഈ ഗ്രാമം വികസനത്തിന്റെ പാതയിലാണ്. ഗൾഫ് കുടിയേറ്റവും പുത്തൻ സാങ്കേതികവിദ്യയും ഗ്രാമത്തിനാകെ ഉണർവായി. അടുത്തുള്ള വീടുകളിൽ നിരവധി ആളുകൾ ഗൾഫിൽ പോയി മികച്ച സാമ്പത്തികനില കൈവരിച്ചു.

പരശുരാമനും ശ്രാദ്ധവും

തിരുത്തുക

പണ്ട്, ഈ സ്ഥലത്ത് ഒരു യാഗം നടത്താൻ ത്രിമൂർത്തികളും ദേവേന്ദ്രനും തീരുമാനിച്ചു. അതിനായി ശിവനും ബ്രഹ്മാവും നദിയുടെ തെക്കേക്കരയിലും വിഷ്ണുവും ദേവേന്ദ്രനും വടക്കേക്കരയിലും താമസിച്ചു. നിർഭാഗ്യവശാൽ ഇവരുടെ പത്നിമാർ (ഗായത്രി, സരസ്വതി, ലക്ഷ്മി, പാർവ്വതി, ഇന്ദ്രാണി) പരസ്പരം ശപിച്ച് നദികളായി മാറി. അതോടെ യാഗം മുടങ്ങി. പിൽക്കാലത്ത്, ക്ഷത്രിയരെ കൂട്ടക്കൊല ചെയ്തതിന്റെ പാപം തീർക്കാൻ ഇവിടെ വന്ന പരശുരാമൻ തന്റെ നരഹത്യാപാപം തീർക്കാനും മരിച്ച ആത്മാക്കൾക്ക് മോക്ഷം നൽകാനുമായി ഇവിടെ നിളാതീരത്ത് ബലിതർപ്പണം നടത്തി നാവാമുകുന്ദനെ ദർശിച്ചുവെന്നു ഐതിഹ്യം. തുടർന്ന് പരശുരാമൻ, ഇവിടെയുള്ള ബ്രാഹ്മണർക്ക് ഉപാസിയ്ക്കുന്നതിനായി ത്രിമൂർത്തികൾക്ക് ക്ഷേത്രങ്ങൾ പണിതു. ത്രിമൂർത്തീസംഗമസ്ഥാനത്തെ പിതൃതർപ്പണവും ശ്രാദ്ധക്രിയകളും പിതൃക്കൾക്ക് മോക്ഷകാരണമാകും എന്നാണ് വിശ്വാസം. അതിനാൽ ധാരാളമാളുകൾ ദിവസവും പിതൃതർപ്പണത്തിനായെത്തുന്നു. പരശുരാമൻ കർക്കടകവാവുദിവസം പുണ്യനിളയിൽ വ്രതശുദ്ധിയോടെ തർപ്പണം നടത്തുകയും, ഗതികിട്ടാതെ അലഞ്ഞ ആത്മാക്കൾക്ക് സായൂജ്യമേകുകയും ചെയ്തുവത്രെ. അന്നുമുതലാണ് ഇവിടം ബലിതർപ്പണ കർമ്മങ്ങൾക്ക് ഏറെ ഖ്യാതി നേടിയത് എന്നു വിശ്വസിക്കുന്നു.

തിരുനാവായ ക്ഷേത്രത്തെക്കുറിച്ച് പറയപ്പെടുന്ന മറ്റൊരു കഥയാണ് ഹൈന്ദവപുരാണകഥകളിലെ മഹർഷിമാരിൽ പ്രധാനിയായ മാർക്കണ്ഡേയനുമായി ബന്ധപ്പെട്ടുള്ളത്. തിരുനാവായയിൽ നിന്ന് ഏകദേശം നാലുകിലോമീറ്റർ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ തൃപ്രങ്ങോട്ട് ശിവക്ഷേത്രവുമായും ഈ കഥയ്ക്ക് ബന്ധമുണ്ട്. തൃപ്രങ്ങോട്ട് ക്ഷേത്രത്തിലെ ഇപ്പോഴത്തെ മുഖ്യപ്രതിഷ്ഠയായ മൃത്യുഞ്ജയമൂർത്തി സാന്നിദ്ധ്യമുറപ്പിച്ചത് ഈ കഥയുമായി ബന്ധപ്പെട്ടാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കൂടാതെ, തിരുനാവായ ക്ഷേത്രത്തിൽ ശ്രീകോവിലിന്റെ പുറകിൽ കാണുന്ന അടഞ്ഞ വാതിലിന്റെ കഥയും ഇതുമായി ബന്ധപ്പെട്ടാണ് പറഞ്ഞുകേൾക്കുന്നത്. ഒരേ സമയം മഹാവിഷ്ണുവിന്റെയും പരമശിവന്റെയും ഭക്തനായ മാർക്കണ്ഡേയമഹർഷി, പതിനാറാം വയസ്സിൽ സുനിശ്ചിതമായിരുന്ന തന്റെ മരണത്തെ അതിജീവിച്ചത് ഇരുക്ഷേത്രങ്ങളിലെയും മൂർത്തികളെ ഭജിച്ചാണെന്ന് പറയപ്പെടുന്നു. ആ കഥ ഇങ്ങനെ:

തൃപ്രങ്ങോട് ദേശത്ത് ആദ്യമുണ്ടായിരുന്നത് ഇന്ന് ക്ഷേത്രമതിലകത്ത് വടക്കുകിഴക്കേമൂലയിൽ സ്ഥിതിചെയ്യുന്ന കാരണയിൽ ക്ഷേത്രമാണ്. അക്കാലത്ത് അവിടെയടുത്ത് താമസിച്ചിരുന്ന താപസശ്രേഷ്ഠനായ മൃഗണ്ഡു മഹർഷിയ്ക്കും പത്നി മദ്രുവതിയ്ക്കും വിവാഹം കഴിഞ്ഞ് ഏറെക്കാലം കഴിഞ്ഞിട്ടും സന്താനസൗഭാഗ്യമുണ്ടായില്ല. ഇതിൽ ദുഃഖിതരായ അവർ ശിവനെ ഭജിച്ച് തപസ്സ് ചെയ്യാൻ തുടങ്ങി. ഏറെക്കാലത്തെ കഠിനതപസ്സിനൊടുവിൽ പ്രത്യക്ഷനായ ഭഗവാൻ ശിവൻ അവരോട് ഒന്നിനും കൊള്ളാത്ത, നൂറുവയസ്സുവരെ ജീവിയ്ക്കുന്ന മകനെയാണോ, എല്ലാം തികഞ്ഞ, പതിനാറുവയസ്സുവരെ മാത്രം ജീവിയ്ക്കുന്ന മകനെയാണോ വേണ്ടത് എന്ന് ചോദിച്ചു. ഈ ചോദ്യം ഇരുവരെയും ദുഃഖിതരാക്കി. എങ്കിലും ഒന്നിനും കൊള്ളാതെ ദീർഘായുസ്സായിരിയ്ക്കുന്നതിലും നല്ലത് എല്ലാം തികഞ്ഞ് അല്പായുസ്സായിരിയ്ക്കുന്നതാണെന്ന് അറിയാവുന്ന അവർ രണ്ടാമത്തെ മകനെ മതിയെന്ന് പറഞ്ഞു. അങ്ങനെ അവർക്ക് ജനിച്ച മകനാണ് മാർക്കണ്ഡേയൻ. വളരെ ചെറുപ്പത്തിൽത്തന്നെ മാർക്കണ്ഡേയൻ വേദങ്ങളും ശാസ്ത്രങ്ങളും മറ്റും അഭ്യസിച്ച് മിടുക്കനായി. മകന്റെ ഓരോ പിറന്നാളും മൃഗണ്ഡുവിനെയും മദ്രുവതിയെയും അത്യധികം വേദനിപ്പിച്ചു. ഒടുവിൽ പതിനാറാം പിറന്നാളും കഴിഞ്ഞു. മാർക്കണ്ഡേയന്റെ ആയുസ്സിന്റെ അന്ത്യമടുത്ത വിവരമറിഞ്ഞ് കാലൻ പോത്തിന്റെ പുറത്തേറി പുറപ്പെട്ടു. ഈ സമയം മാർക്കണ്ഡേയൻ തിരുനാവായ ക്ഷേത്രത്തിൽ ദർശനം നടത്തുകയായിരുന്നു. പെട്ടെന്നാണ് കാലൻ തന്റെ പിന്നാലെ വരുന്നത് അവൻ കണ്ടത്. ഇതുകണ്ട് ഭയപ്പെട്ട മാർക്കണ്ഡേയൻ ശ്രീലകത്ത് കടന്ന് നാവാമുകുന്ദനെ ശരണം പ്രാപിച്ചു. ഭഗവാൻ അവനോട് ഇങ്ങനെ പറഞ്ഞു: ഹേ മാർക്കണ്ഡേയാ, കാലനുമായി ഏറ്റുമുട്ടാൻ സാക്ഷാൽ മഹാദേവനു മാത്രമേ സാധിയ്ക്കൂ. അതിനാൽ, നീ മഹാദേവനെ ശരണം പ്രാപിയ്ക്കുക. അതിനൊരു വഴിയുണ്ട്: പടിഞ്ഞാറേ നടയിലൂടെ, അടുത്തുള്ള തൃപ്രങ്ങോട്ട് ക്ഷേത്രത്തിൽ പോകുക. നിനക്ക് ഞാൻ കുറച്ച് കല്ലുകൾ തരാം. കാലൻ അടുത്തെത്തുന്നുവെന്ന് തോന്നുമ്പോൾ ഉടനെ അവയെടുത്ത് പുറകിലേയ്ക്കെറിയുക. അങ്ങനെ പോയാൽ കാലനിൽ നിന്ന് നിനക്ക് രക്ഷപ്പെടാം.

തുടർന്ന് ഭഗവാൻ, മാർക്കണ്ഡേയന് പന്ത്രണ്ട് കല്ലുകൾ സമ്മാനിച്ചു. പുറത്ത് കാലനെക്കണ്ട ഭഗവാൻ ഉടനെ തന്റെ ശ്രീലകത്തെത്തിന്റെ പുറകിൽ (പടിഞ്ഞാറുവശം) ഒരു വാതിലുണ്ടാക്കി. മാർക്കണ്ഡേയൻ അതിലൂടെ ഇറങ്ങിയോടി. തുടർന്ന് അത് അടച്ചു. പിന്നീട് ഇതുവരെ അത് തുറന്നിട്ടില്ല. ഇന്നും ആ വാതിൽ തിരുനാവായ ക്ഷേത്രത്തിൽ കാണാം. പ്രതീകാത്മകമായി ഒരു നന്ദിവിഗ്രഹവും ഇവിടെ കാണാം.

നാവാമുകുന്ദൻ പറഞ്ഞതുപോലെ മാർക്കണ്ഡേയൻ ചെയ്തു. കാലൻ അടുത്തെത്തിയെന്ന് തോന്നിയ അവസരങ്ങളില്ലാം അവൻ കയ്യിലുള്ള കല്ലുകളെടുത്ത് അദ്ദേഹത്തിനുനേരെയെറിഞ്ഞു. എന്നാൽ, കല്ലുകൾ പന്ത്രണ്ടും തൃപ്രങ്ങോട്ട് ക്ഷേത്രത്തിലെത്തും മുമ്പ് തീർന്നിരുന്നു. എങ്ങനെയോ ഓടി ഒടുവിൽ ക്ഷേത്രനടയിലെത്തിയപ്പോൾ ഒരു കൂറ്റൻ പേരാൽമരം വഴി തടസ്സപ്പെടുത്തിക്കൊണ്ട് നിൽക്കുന്നു. വഴി ചുറ്റിവരിഞ്ഞുപോയാൽ കാലൻ പിടിയ്ക്കുമെന്ന് മനസ്സിലാക്കിയ മാർക്കണ്ഡേയന് വഴിയുണ്ടാക്കാനായി പേരാൽമരം നടുകെ പിളർന്നു. തുടർന്ന്, അടുത്തുള്ള ശ്രീകോവിലിലേയ്ക്കോടിപ്പോയ മാർക്കണ്ഡേയൻ അവിടത്തെ ശിവലിംഗത്തെ കെട്ടിപ്പിടിച്ചു. ഇത് കണ്ട് കോപാക്രാന്തനായ കാലൻ ഉടനെ അവനുനേരെ കയറെറിഞ്ഞു. മാർക്കണ്ഡേയനും ശിവലിംഗവും അതിൽ പെട്ടുപോയി. ദേഷ്യത്താൽ കാലൻ ആ കയർ പുറത്തേക്ക് വലിച്ചു. ഇളക്കം തട്ടിയ മാത്രയിൽ ശിവലിംഗത്തിൽ നിന്ന് സാക്ഷാൽ പരമശിവൻ പ്രത്യക്ഷപ്പെട്ടു. വലിയൊരു ഏറ്റുമുട്ടൽ അവിടെയുണ്ടായി. ഒടുവിൽ, കോപാകുലനായ ഭഗവാൻ തന്റെ ശൂലം കൊണ്ട് കാലനെ കുത്തിക്കൊന്നു. തുടർന്ന് മാർക്കണ്ഡേയനെ അനുഗ്രഹിച്ച ഭഗവാൻ അവന് എന്നും പതിനാറ് വയസ്സായിരിയ്ക്കട്ടെയെന്ന് പറഞ്ഞ അവനെ അനുഗ്രഹിച്ചു. തുടർന്ന് തന്റെ ശ്രീകോവിലിൽ നിന്ന് മൂന്നടി തെക്കുപടിഞ്ഞാറുഭാഗത്തേയ്ക്കുപോയി അടുത്തുള്ള കുളത്തിൽ ശൂലം കഴുകി ഇന്ന് പ്രധാന ശ്രീകോവിലുള്ള സ്ഥലത്ത് സ്വയംഭൂവായി അവതരിച്ചു. അങ്ങനെയാണ് തൃപ്രങ്ങോട്ടെ പ്രധാന ശിവപ്രതിഷ്ഠയുണ്ടായത്.

തിരുനാവായ, തൃപ്രങ്ങോട്ട് ക്ഷേത്രങ്ങൾ തമ്മിലുള്ള ബന്ധം ഇവിടെ അവസാനിയ്ക്കുന്നില്ല. തിരുനാവായയിൽ ശിവസാന്നിദ്ധ്യമുള്ളതുപോലെ തൃപ്രങ്ങോട്ട് ഉപദേവനായി നാവാമുകുന്ദന്റെ പ്രതിഷ്ഠയുമുണ്ട്. ഇത് മാർക്കണ്ഡേയൻ തന്നെ നടത്തിയതാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. രണ്ടിടങ്ങളിലെയും തന്ത്രാധികാരം വഹിയ്ക്കുന്നതും ഒരേ കുടുംബക്കാരാണ്. കേരളത്തിലെ പ്രസിദ്ധ താന്ത്രിക കുടുംബമായ കൽപ്പുഴ മനക്കാരാണ് രണ്ടിടത്തും തന്ത്രിമാരായി അനുഷ്ഠിച്ചുവരുന്നത്. ഇവർ മാർക്കണ്ഡേയന്റെ പിന്മുറക്കാരാണെന്നാണ് വിശ്വാസം. തിരുനാവായയിൽ ദർശനം നടത്തുന്നവരിൽ നല്ലൊരു ഭാഗവും തൃപ്രങ്ങോട്ടും ദർശനത്തിനെത്താറുണ്ട്. രണ്ട് ക്ഷേത്രങ്ങളും മലബാർ ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തിൽ സാമൂതിരി രാജാവ് അധ്യക്ഷനായ കമ്മിറ്റികളുടെ നിയന്ത്രണത്തിലാണ്.

ക്ഷേത്രനിർമ്മിതി

തിരുത്തുക

ക്ഷേത്രപരിസരവും മതിലകവും

തിരുത്തുക

ക്ഷേത്രപരിസരം

തിരുത്തുക

തിരുനാവായ ഗ്രാമത്തിന്റെ ഒത്ത നടുക്ക്, ഭാരതപ്പുഴയുടെ വടക്കേക്കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. തിരുനാവായ ഗ്രാമപഞ്ചായത്ത് ഓഫീസ്, പോസ്റ്റ് ഓഫീസ്, നിള ഓഡിറ്റോറിയം, ബാങ്കുകൾ, വെജിറ്റേറിയൻ ഹോട്ടലുകൾ, വിവിധ കടകംബോളങ്ങൾ തുടങ്ങിയവ ക്ഷേത്രത്തിന്റെ പലഭാഗങ്ങളിലായി സ്ഥിതിചെയ്യുന്നു. പ്രധാനപാതയിൽ നിന്ന് ക്ഷേത്രത്തിലേയ്ക്ക് തിരിയുന്ന സ്ഥലത്ത് ഗാന്ധിജിയ്ക്കായി ഒരു സ്മൃതിമണ്ഡപം കാണാം. ഗാന്ധിജിയുടെ ചിതാഭസ്മം ഇവിടെ നിളയിൽ നിമജ്ജനം ചെയ്തിട്ടുണ്ട്. അതിന്റെ ഓർമ്മയ്ക്കാണ് ഇവിടെ ഗാന്ധിസ്മൃതി പണിതിരിയ്ക്കുന്നത്. ഇതുകഴിഞ്ഞ് അല്പം കൂടി മുന്നോട്ടുവരുമ്പോൾ തിരുനാവായ ദേവസ്വം വകയായ മൂന്നുനിലകളോടുകൂടിയ സത്രം കാണാം. ഇവിടെ ഏകദേശം ഇരുപതിലധികം മുറികളുണ്ടാകും. ഇതിന്റെ ഒരു മൂലയിലാണ് ദേവസ്വം ഓഫീസ്. മലബാർ ദേവസ്വം ബോർഡിനുകീഴിലുള്ള ഒരു 'എ' ഗ്രേഡ് ദേവസ്വമാണ് തിരുനാവായ ദേവസ്വം. ഇതിന് മുന്നിലാണ് വാഹന പാർക്കിങ് സൗകര്യം അനുവദിച്ചിരിയ്ക്കുന്നത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലേയ്ക്കും ഇതുപോലെ വഴിയുണ്ട്.

ദേവസ്വം ഓഫീസിന് സമീപത്തായി ഒരു ഗേറ്റ് കാണാം. ഇതുവരെയേ ചെരിപ്പുകൾ അനുവദിട്ടുള്ളൂ. ഗേറ്റ് കടന്ന് അകത്തെത്തുമ്പോൾ ആദ്യം കാണുന്നത് ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ അയ്യപ്പസ്വാമിക്ഷേത്രമാണ്. 2023-ൽ പൂർണ്ണമായും പുനർനിർമ്മിച്ച നിലയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചെറിയൊരു നാലമ്പലവും അതിന് നടുവിൽ ചെറിയൊരു ശ്രീകോവിലും മാത്രമേ ഇവിടെയുള്ളൂ. ശ്രീകോവിലിനകത്ത് പ്രധാന മൂർത്തിയായ അയ്യപ്പസ്വാമി കിഴക്കോട്ട് ദർശനമായി കുടിയിരിയ്ക്കുന്നു. അമൃതകലശം കയ്യിലേന്തിയ ശാസ്താവായാണ് സങ്കല്പം. തന്മൂലം രോഗശാന്തിയ്ക്ക് അത്യുത്തമമായി ഇവിടം കണക്കാക്കപ്പെടുന്നു. ഇവിടെ ഈ ക്ഷേത്രം നിലനിൽക്കുന്ന സ്ഥലത്തായിരുന്നു പണ്ട് തിരുനാവായ യോഗം വകയായ വേദപഠനശാല നിലനിന്നിരുന്നതെന്നാണ് പറയപ്പെടുന്നത്. അവർക്ക് ആരാധന നടത്താനായി പ്രതിഷ്ഠിച്ചതാണത്രേ അയ്യപ്പനെ. ആദ്യകാലത്ത് ഭാരതപ്പുഴയുടെ മറുകരയിൽ തവനൂരിലുള്ള വാസുദേവപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലായിരുന്നു അയ്യപ്പൻ കുടികൊണ്ടിരുന്നത്. പിന്നീട് ഇങ്ങോട്ട് മാറ്റുകയായിരുന്നത്രേ. ശബരിമലയിലേതുപോലെ നെയ്യഭിഷേകമാണ് ഇവിടെയും പ്രധാന വഴിപാട്. കൂടാതെ നീരാജനം, എള്ളുപായസം, നീലപ്പട്ടുചാർത്തൽ എന്നിവയും വിശേഷമാണ്. മണ്ഡലകാലത്ത് ഇവിടെ വിശേഷാൽ പൂജകളുണ്ടാകാറുണ്ട്. ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഇവിടെ വച്ചാണ്.

അയ്യപ്പനെ തൊഴുതുകഴിഞ്ഞാൽ നാവാമുകുന്ദന്റെ കിഴക്കേ ഗോപുരത്തിന് മുന്നിലെത്താം. താരതമ്യേന വളരെ ചെറിയൊരു ഗോപുരമാണ് ഇവിടെയുള്ളത്. ഇതിന് മുന്നിലായി വലിയൊരു അരയാൽമരം കാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ശിവനും നടുക്ക് വിഷ്ണുവും അടിയിൽ ബ്രഹ്മാവും കുടികൊള്ളുന്നു. അങ്ങനെ ത്രിമൂർത്തികളുടെ പ്രത്യക്ഷീഭാവമായി കണക്കാക്കപ്പെടുന്ന അരയാലിനെ ദിവസവും രാവിലെ ഏഴുവലം വയ്ക്കുന്നത് പുണ്യമായി കണക്കാക്കപ്പെടുന്നു. ഇതിനപ്പുറത്തായി ഒരു പേരാലും കാണാം. രണ്ടിനെയും ഭക്തർ വന്ദിയ്ക്കാറുണ്ട്. പഴയകാലത്ത് ഇവിടത്തെ അരയാൽത്തറയിൽ നിന്ന് കിഴക്കോട്ട് നോക്കിയാൽ, ഏറെ ദൂരെയുള്ള തിരുവില്വാമലയിലെ പ്രസിദ്ധമായ വില്വാദ്രിനാഥക്ഷേത്രത്തിന്റെ രണ്ടുഭാഗത്തെയും ഗോപുരങ്ങളിൽ കൊളുത്തിവച്ച ദീപങ്ങൾ കാണാമായിരുന്നു എന്നൊരു കഥയുണ്ട്. ഒരിയ്ക്കൽ, അവിടെ ക്ഷേത്രഭരണം നടത്തിയിരുന്ന മൂത്തതുമാരിലൊരാൾക്ക് ഒരു സ്വപ്നദർശനമുണ്ടാകുകയും അതനുസരിച്ച് അദ്ദേഹം തിരുനാവായയിൽ വന്നുനോക്കിയപ്പോൾ രണ്ടിടത്തെയും ദീപങ്ങൾ കാണാൻ സാധിയ്ക്കുകയും പിറ്റേന്നുതന്നെ ഇരുഗോപുരങ്ങളും തകർന്നുപോകുകയും ചെയ്തതായാണ് കഥ. എന്തായാലും ഇന്നും തിരുവില്വാമല ക്ഷേത്രത്തിൽ ദർശനം നടത്തുന്നവർ വടക്കുപടിഞ്ഞാറുഭാഗത്തെത്തുമ്പോൾ നാവാമുകുന്ദനെ വന്ദിയ്ക്കാറുണ്ട്.

അരയാലിന്റെ സമീപം ഭാരതപ്പുഴയിലേയ്ക്കിറങ്ങാനുള്ള പടവുകൾ കാണാം. വളരെ വിചിത്രമായ രീതിയിലാണ് ഇവിടെ നദിയുടെ ഒഴുക്ക്. അതായത്, കിഴക്കുപടിഞ്ഞാറായാണ് നദിയൊഴുകുന്നതെങ്കിലും ഇതിന്റെ അല്പഭാഗം ക്ഷേത്രത്തിന്റെ മുന്നിലൂടെ കടന്നുപോകുന്നുണ്ട്. ഇപ്പോഴത്തെ പടവുകളുടെ ഭാഗം ഒരുകാലത്ത് നദിയുടെ ഭാഗമായിരുന്നിരിയ്ക്കണം എന്നതിന്റെ സൂചനയാണിത്. ഇവിടെ വച്ചാണ് ക്ഷേത്രത്തിൽ ബലിതർപ്പണം നടത്താറുള്ളത്. പതിനാറടിയന്തിരം, ശ്രാദ്ധകർമ്മങ്ങൾ, അമാവാസിബലി തുടങ്ങി വിവിധ തരത്തിലുള്ള ബലികൾ ഇവിടെ നടത്താറുണ്ട്. പിതൃക്രിയകൾക്ക് ഏറ്റവും വിശേഷപ്പെട്ട സ്ഥാനമായി തിരുനാവായ പണ്ടുമുതലേ പ്രസിദ്ധമാണ്. ഇല്ലം, വല്ലം, നെല്ലി, വായ എന്നൊരു പഴഞ്ചൊല്ലിൽ പറയുന്ന 'വായ' തിരുനാവായയാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഇല്ലം, സ്വന്തം വീടും വല്ലം, തിരുവനന്തപുരത്തിനടുത്തുള്ള തിരുവല്ലം പരശുരാമസ്വാമിക്ഷേത്രവും, നെല്ലി, വയനാട് ജില്ലയിൽ മാനന്തവാടിയ്ക്കടുത്തുള്ള തിരുനെല്ലി മഹാവിഷ്ണുക്ഷേത്രവുമാണത്രേ. ക്ഷേത്രത്തിന് തെക്കുവശത്തും ഇതേപോലെ അതിവിശാലമായ ബലിത്തറയുണ്ട്. നിളാനദിയുടെ ദൃശ്യഭംഗി ആസ്വദിയ്ക്കാൻ ഏറ്റവും പറ്റിയ സ്ഥലവും ഇതാണ്. ഇവിടെയാണ് കൂടുതൽ സൗകര്യമുള്ളത്. പുഴയുടെ മറുകരയിലാണ് തവനൂരിലെ ബ്രഹ്മക്ഷേത്രവും ചെറുതിരുനാവായയിലെ ശിവക്ഷേത്രവും.

ഒന്നരയേക്കർ മാത്രം വിസ്തീർണ്ണം വരുന്ന ചെറിയൊരു മതിലകമാണ് തിരുനാവായ ക്ഷേത്രത്തിന്റേത്. എന്നാൽ, ഇതിന് നാലുവശത്തുമായി വലിയ ആനപ്പള്ളമതിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലായി ചെറുതും അതേസമയം അത്യാകർഷകവുമായ രണ്ട് ഗോപുരങ്ങളും കാണാം. കിഴക്കേ ഗോപുരത്തിലൂടെ അകത്തേയ്ക്ക് കടക്കുമ്പോൾ ആദ്യം എത്തിച്ചേരുന്നത് വലിയ ആനക്കൊട്ടിലിലാണ്. സാമാന്യം വലുപ്പമുള്ള ആനക്കൊട്ടിലാണിവിടെ. അഞ്ചോളം ആനകളെ ഒരുസമയം ഇവിടെ അണിനിരത്തി എഴുന്നള്ളിയ്ക്കാവുന്നതാണ്. ആനക്കൊട്ടിലിനകത്തുതന്നെയാണ് ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന ചെമ്പുകൊടിമരവും വലിയ ബലിക്കല്ലും സ്ഥിതിചെയ്യുന്നത്. തേക്കിൻതടിയിൽ തീർത്ത് ചെമ്പുപറകൾ ഇറക്കിയുണ്ടാക്കിയതാണ് ഇവിടെയുള്ള കൊടിമരം. ഏകദേശം അറുപതടി ഉയരമുണ്ടാകും ഈ കൊടിമരത്തിന്. 1992-ലാണ് ഇത് ഇവിടെ പ്രതിഷ്ഠിയ്ക്കപ്പെടുന്നത്. പല മഹാക്ഷേത്രങ്ങളിലെയും ബലിക്കല്ലുകളുമായി നോക്കുമ്പോൾ ഉയരം കുറവാണ് ഇവിടെയുള്ള പ്രധാന ബലിക്കല്ലിന്. എങ്കിലും ശില്പകലാവൈഭവത്തിൽ ഒട്ടും പുറകിലല്ല. നാലുഭാഗത്തായി വിവിധ ദേവതാരൂപങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. മഹാവിഷ്ണുവിന്റെ പ്രധാന സൈന്യാധിപനായ ഹരിസേനനെയാണ് ഇവിടെ വലിയ ബലിക്കല്ല് പ്രതിനിധീകരിയ്ക്കുന്നത്. ക്ഷേത്രത്തിൽ ശീവേലിയ്ക്ക് ഏറ്റവും അവസാനം ബലിതൂകുന്നത് ഇവിടെയാണ്. ഇതിന് ചുവട്ടിലെ പീഠത്തിൽ നന്നേ ചെറിയ ചില ബലിക്കല്ലുകളും കാണാം. ഇവ ഭഗവാന്റെ ഉപസൈന്യാധിപന്മാരെയാണ് പ്രതിനിധീകരിയ്ക്കുന്നത്. ബലിക്കല്ല് കിഴക്ക് കുമുദൻ, തെക്കുകിഴക്ക് കുമുദാക്ഷൻ, തെക്ക് പുണ്ഡരീകൻ, തെക്കുപടിഞ്ഞാറ് വാമനൻ, പടിഞ്ഞാറ് ശംഖുകർണ്ണൻ, വടക്കുപടിഞ്ഞാറ് സർവനേത്രൻ, വടക്ക് സുമുഖൻ, വടക്കുകിഴക്ക് സുപ്രതിഷ്ഠൻ എന്ന ക്രമത്തിലാണ് ഇവിടെ പ്രതിഷ്ഠ നടത്തിരിയ്ക്കുന്നത്. എന്നാൽ, അവർക്ക് ഇവിടെ ബലിതൂകാറില്ല. പകരം, ക്ഷേത്രത്തിന്റെ പുറത്തെ ബലിവട്ടത്തിൽ അതാത് സ്ഥാനത്ത് ഇവർക്ക് സ്ഥാനം അനുവദിച്ചിട്ടുണ്ട്. അവിടങ്ങളിലാണ് ബലിതൂകാറുള്ളത്.

ക്ഷേത്രത്തിന്റെ തെക്കുകിഴക്കുഭാഗത്ത് അതിവിചിത്രമായ ഒരു നിർമ്മിതി കാണാം. പഴുക്കാമണ്ഡപം എന്നാണ് ഇത് അറിയപ്പെടുന്നത്. ഏറെ പഴക്കമുള്ള ഈ നിർമ്മിതി, ക്ഷേത്രത്തിനകത്താണോ പുറത്താണോ എന്ന് തീർച്ചപ്പെടുത്താൻ കഴിയാത്ത രീതിയിലാണ് നിർമ്മിച്ചിരിയ്ക്കുന്നത്, അതായത്, അകത്തുനിന്ന് നോക്കുമ്പോൾ അകത്തും പുറത്തുനിന്ന് നോക്കുമ്പോൾ പുറത്തുമായി തോന്നും. ഇത് നിർമ്മിച്ചത് ഉളിയന്നൂർ പെരുന്തച്ചനാണെന്ന് ഒരു ഐതിഹ്യമുണ്ട്. സാമൂതിരിമാരുടെ കുടുംബക്കാർ മാമാങ്കം കാണാൻ ഉപയോഗിച്ചിരുന്നതും ഇവിടം തന്നെയാണ്. നിലവിൽ ഇത് മാമാങ്കത്തിന്റെ ഒരു സ്മാരകമായി സംരക്ഷിച്ചുവരുന്നു. ഇവിടേയ്ക്ക് കയറാൻ വളഞ്ഞുപുളഞ്ഞുപോകുന്ന ഒരു കോണി പണിതിട്ടുണ്ട്. ഭാരതപ്പുഴയുടെ ഭംഗി ആസ്വദിയ്ക്കാനും നദിയുടെ മറുകരയിലെ സ്ഥലങ്ങൾ കാണാനും ഉത്തമമായ മറ്റൊരു സ്ഥലമാണിത്. ക്ഷേത്രത്തിന്റെ തെക്കുഭാഗത്തെ മതിൽക്കെട്ടിൽ ഒരുഭാഗത്ത് കല്ല് അടർന്നുപോയ ഒരു ഭാഗം കാണാം. ഇത് പണ്ടെന്നോ ഐരാവതത്തിൻ്റെ കൊമ്പ് തട്ടി തകർന്നുപോയതാണത്രേ. ഇന്നും അത് അങ്ങനെത്തന്നെ നിർത്തിയിരിയ്ക്കുന്നു. പണ്ട് ഇവിടെയുണ്ടായിരുന്ന പ്രദക്ഷിണവഴിയുടെ പലഭാഗത്തും 'ഠ' ആകൃതിയിലുള്ള ചില രൂപങ്ങൾ കാണാമായിരുന്നു. ഇത്, മാർക്കണ്ഡേയചരിതവുമായി ബന്ധപ്പെട്ട് പറഞ്ഞുകേട്ടിരുന്നതാണ്. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ വിശേഷിച്ചൊന്നും കാണാനില്ല. വടക്കുവശത്ത് നെടുനീളത്തിൽ ഊട്ടുപുര കാണാം. പണ്ടുകാലത്ത് ഇവിടെ എല്ലാ ദിവസവും സദ്യയുണ്ടാകുമായിരുന്നു. ഇപ്പോൾ വിശേഷദിവസങ്ങളിൽ മാത്രമേയുള്ളൂ.

ശ്രീകോവിൽ

തിരുത്തുക

സാമാന്യം വലുപ്പമുള്ള ഇരുനില ചതുരശ്രീകോവിലാണ് ഇവിടെയുള്ളത്. കരിങ്കല്ലിൽ തീർത്ത ഈ ശ്രീകോവിലിന്റെ ഇരുനിലകളും ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം കാണാം. അകത്തേയ്ക്ക് നേരിട്ട് കയറാൻ പറ്റുന്ന രീതിയിലുള്ള സോപാനപ്പടികളാണ് ഇവിടെയുള്ളത്. ശ്രീകോവിലിനകത്തേയ്ക്കുള്ള വാതിലിന് ഇരുവശവുമായി ദ്വാരപാലകരൂപങ്ങൾ കാണാം. മഹാവിഷ്ണുവിന്റെ കാവൽക്കാരായ ജയനും വിജയനുമാണ് ഇവിടെ ദ്വാരപാലകരായി കുടികൊള്ളുന്നത്. മുന്നിൽ തൂക്കിയിട്ടിരിയ്ക്കുന്ന മണിയടിച്ച്, ഇവരുടെ അനുവാദം വാങ്ങിയേ തന്ത്രിയ്ക്കും മേൽശാന്തിയ്ക്കും ശ്രീകോവിലിനകത്തേയ്ക്ക് പ്രവേശിയ്ക്കാൻ പറ്റൂ എന്നാണ് ചിട്ട. ശ്രീകോവിലിനകത്ത് മൂന്നുമുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ഏകദേശം നാലടി ഉയരം വരുന്ന, ചതുർബാഹുവായ മഹാവിഷ്ണുവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഗുരുവായൂരിലെ വിഗ്രഹവുമായി പ്രകടമായ രൂപസാദൃശ്യമുള്ള ഈ വിഗ്രഹവും പാതാളാഞ്ജനശിലയിൽ തീർത്തതാണ്. എന്നാൽ, നിലവിൽ ഇത് പഞ്ചലോഹത്തിൽ പൊതിഞ്ഞാണ് കാണപ്പെടുന്നത്. ചതുർബാഹുവായ ഭഗവാന്റെ പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം എന്ന ശംഖും മുന്നിലെ ഇടതുകയ്യിൽ തലകീഴായി കൗമോദകി എന്ന ഗദയും മുന്നിലെ വലതുകയ്യിൽ താമരയും കാണാം. ഐതിഹ്യമനുസരിച്ച് ഈ വിഗ്രഹം പ്രതിഷ്ഠിച്ചത്, നവയോഗികളിലെ ഇളയവനായ കരഭാജനാണ്. നവയോഗികളിൽ മറ്റുള്ളവർ ആചാരവിധികളില്ലാതെ പ്രതിഷ്ഠിച്ച വിഗ്രഹങ്ങൾ അന്തർധാനം ചെയ്തപ്പോൾ പാൽപ്പായസം തരാമെന്ന വ്യവസ്ഥയിൽ വിഗ്രഹം ഉറച്ചുപോയെന്നാണ് വിശ്വാസം. ഇന്ന് വിഗ്രഹത്തിനുമുന്നിൽ കാണപ്പെടുന്ന വലിയൊരു ദ്വാരം മുമ്പ് വിഗ്രഹങ്ങൾ അന്തർദ്ധാനം ചെയ്ത സ്ഥലമാണെന്ന് പറയപ്പെടുന്നു. എന്നാൽ, നിലവിലെ വിഗ്രഹവും പതുക്കെ ഭൂമിയ്ക്കടിയിലേയ്ക്ക് പോകുന്നുവെന്നും പൂർണ്ണമായും അന്തർദ്ധാനം ചെയ്താൽ ലോകം അവസാനിയ്ക്കുമെന്നും വിശ്വാസമുണ്ട്. തിരുനാവായയിൽ കുടികൊള്ളുന്ന ഭഗവാൻ എന്ന അർത്ഥത്തിൽ നാവാമുകുന്ദനെന്നും നവയോഗികൾ പ്രതിഷ്ഠിച്ചതുകൊണ്ട് നവാമുകുന്ദനെന്നും ഒമ്പതാമത്തെ വിഗ്രഹം എന്ന അർത്ഥത്തിൽ നവമുകുന്ദനെന്നുമൊക്കെ പല പേരുകൾ ഈ പ്രതിഷ്ഠയ്ക്ക് പറഞ്ഞുകേൾക്കുന്നുണ്ട്. എന്നാൽ, നാവാമുകുന്ദൻ എന്ന പേരുതന്നെയാണ് പ്രസിദ്ധം. അങ്ങനെ, വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് ശ്രീനാവാമുകുന്ദൻ, ശ്രീകോവിലിൽ വിരാജിയ്ക്കുന്നു.

ശ്രീകോവിൽച്ചുവരുകൾ പൂർണ്ണമായും കുമ്മായം പൂശിയ നിലയിലാണ് നിലവിൽ കാണപ്പെടുന്നത്. ഇവിടെ ചുവർച്ചിത്രങ്ങൾ വരച്ചുചേർക്കാൻ പലകാലങ്ങളിലായി ആലോചനകളുണ്ടായെങ്കിലും ഇതുവരെ ഒന്നും നടപ്പാക്കിയിട്ടില്ല. എന്നാൽ, അതിമനോഹരമായ ദാരുശില്പങ്ങൾ ഇവിടെ പലഭാഗങ്ങളിലായി ആലേഖനം ചെയ്തിട്ടുണ്ട്. ഭൂതമാല, പക്ഷിമാല, മൃഗമാല തുടങ്ങിയവ അവയിൽ പ്രധാനമാണ്. ശ്രീകോവിലിലെ ഓരോ കഴുക്കോലും താങ്ങിനിർത്തുന്നത് ഓരോ ശില്പമാണ്. തെക്കുഭാഗത്ത് കിരാതം കഥയാണ് മുഴുവൻ ആലേഖനം ചെയ്തിട്ടുള്ളത്. പടിഞ്ഞാറുഭാഗത്തെത്തുമ്പോൾ ശൈവ-വൈഷ്ണവ കഥകൾ ഒരുപോലെ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. വടക്കുഭാഗത്തെത്തുമ്പോൾ ദശാവതാരരൂപങ്ങൾ കൊത്തിവച്ചിരിയ്ക്കുന്നത് കാണാം. കൂടാതെ, തുംബുരു, നാരദൻ, വ്യാസൻ, കശ്യപൻ, വസിഷ്ഠൻ തുടങ്ങിയ മഹർഷീശ്വരന്മാരുടെയും ഗരുഡന്റെയും രൂപങ്ങളും പലയിടങ്ങളിലായി ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. മുകളിലെ നിലയിൽ കിഴക്കുഭാഗത്ത് ഇന്ദ്രന്റെയും, തെക്കുഭാഗത്ത് ദക്ഷിണാമൂർത്തിയുടെയും പടിഞ്ഞാറുഭാഗത്ത് നരസിംഹമൂർത്തിയുടെയും വടക്കുഭാഗത്ത് ബ്രഹ്മാവിന്റെയും രൂപങ്ങൾ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ശ്രീകോവിലിന്റെ പടിഞ്ഞാറുഭാഗത്ത് ഒരു അടഞ്ഞ വാതിൽ കാണാം. ഇവിടെ ശിവന്റെ സാന്നിദ്ധ്യം സങ്കല്പിച്ചുവരുന്നു. തിരുനാവായയ്ക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ തൃപ്രങ്ങോട്ട് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ മൃത്യുഞ്ജയമൂർത്തിയായാണ് ഇവിടെ ശിവനെ ആരാധിച്ചുവരുന്നത്. ഇതിന്റെ പ്രതീകമായി ഒരു നന്ദിവിഗ്രഹവും ഇവിടെ കാണാം. ഒരേ ശ്രീകോവിലിൽ ശിവനും വിഷ്ണുവും സാന്നിദ്ധ്യമുറപ്പിച്ച വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളിലൊന്നാണ് തിരുനാവായ ക്ഷേത്രം. ഇവിടെ നടതുറക്കാറില്ലെങ്കിലും ശിവനെ വിളിച്ചുപ്രാർത്ഥിച്ചാൽ ഫലസിദ്ധി ഉറപ്പാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. വടക്കുവശത്ത്, അഭിഷേകജലം ഒഴുക്കിവിടാൻ ഓവ് പണിതിട്ടുണ്ട്. വൃത്താകൃതിയിൽ തീർത്ത അതിമനോഹരമായ ഒരു നിർമ്മിതിയാണ് ഇവിടെ ഓവ്.

നാലമ്പലം

തിരുത്തുക

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. വളരെ പരിമിതമായ സ്ഥലം മാത്രമേ ഇവിടെ നാലമ്പലത്തിനകത്തുള്ളൂ. എങ്കിലും പ്രദക്ഷിണം നിർബാധം നടത്താം. കരിങ്കല്ലിൽ തീർത്ത നാലമ്പലത്തിന്റെ പുറംചുവരുകൾ വിളക്കുമാടം കൊണ്ട് അലംകൃതമാണ്. പത്തുനിലകളിലായി നിർമ്മിച്ച വിളക്കുമാടത്തിൽ ഏകദേശം എണ്ണൂറു വിളക്കുകൾ കാണാം. സന്ധ്യയ്ക്ക് ദീപാരാധനാസമയത്ത് ഇവ കത്തിച്ചുവയ്ക്കുന്നു. നാലമ്പലത്തിന്റെ മേൽക്കൂര ഓടുമേഞ്ഞിട്ടുണ്ട്. ഇതിനകത്തേയ്ക്കുള്ള പ്രവേശനകവാടത്തിന് ഇരുവശവുമായി വാതിൽമാടങ്ങൾ കാണാം. അവയിൽ തെക്കേ വാതിൽമാടത്തിൽ വച്ചാണ് വിശേഷാൽ പൂജകളും ഹോമങ്ങളും നടത്താറുള്ളത്. വടക്കേ വാതിൽമാടം വാദ്യമേളങ്ങൾക്കും നാമജപത്തിനും ഉപയോഗിച്ചുവരുന്നു. മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ശ്രീകോവിലിനുമുന്നിൽ നമസ്കാരമണ്ഡപമില്ല. പഴയകാലത്ത് നിർമ്മിച്ച പല ക്ഷേത്രങ്ങൾക്കും നമസ്കാരമണ്ഡപമുണ്ടാകാറില്ല എന്നാണ് പറഞ്ഞുകേൾക്കാറുള്ളത്. നാലമ്പലത്തിനകത്ത് തെക്കുകിഴക്കുഭാഗത്ത് പതിവുപോലെ തിടപ്പള്ളി പണിതിട്ടുണ്ട്. തെക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം തീർത്ത ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഗണപതിഭഗവാന്റെ പ്രതിഷ്ഠ കാണാം. ആദിഗണേശൻ എന്നാണ് ഇവിടെ ഗണപതിയുടെ പ്രതിഷ്ഠാസങ്കല്പം. ഐതിഹ്യമനുസരിച്ച് ഇവിടെയുള്ള ഗണപതി, അഗസ്ത്യമുനിയുടെ ശാപം കാരണം ആനയായി മാറിയ ഇന്ദ്രദ്യുമ്നരാജാവാണ്. തന്മൂലം, ഗജേന്ദ്രമോക്ഷകഥയുമായി ബന്ധപ്പെട്ടാണ് ഇവിടെ പ്രതിഷ്ഠാസങ്കല്പം. ഗജേന്ദ്രമോക്ഷം നടന്നത് ഇവിടെയത്തുള്ള താമരക്കായലിലാണെന്ന് ഒരു വിശ്വാസം തിരുനാവായക്കാർക്കിടയിലുണ്ട്. ശാപമോക്ഷം നേടിയ ഗജേന്ദ്രനെ, ഗണപതിയായി സങ്കല്പിച്ച് ഇവിടെ കുടിയിരുത്തുകയായിരുന്നവത്രേ. ഗണപതിയുടെ ശ്രീകോവിൽ പൂർണ്ണമായും വെള്ളപൂശിയ അവസ്ഥയിലാണ്. ഇവിടെയുള്ള രണ്ട് ദ്വാരപാലകരും ഗണപതിരൂപത്തിലാണെന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും. ഏകദേശം രണ്ടടി ഉയരം വരുന്ന ഗണപതിവിഗ്രഹം, വലത്തോട്ട് തുമ്പിക്കൈ നീട്ടിയതും, പുറകിലെ വലതുകയ്യിൽ മഴു, പുറകിലെ ഇടതുകയ്യിൽ കയർ, മുന്നിലെ ഇടതുകയ്യിൽ മോദകം, മുന്നിലെ വലതുകയ്യിൽ വരദമുദ്ര (അനുഗ്രഹിയ്ക്കുന്ന മുദ്ര) എന്നിവ ധരിച്ചതുമാണ്. നിത്യേന നടക്കുന്ന ഗണപതിഹോമം കൂടാതെ ഒറ്റയപ്പം, കറുകമാല, നാരങ്ങാമാല തുടങ്ങിയവയും ഇവിടെ വിശേഷമാണ്.

വടക്കുഭാഗത്ത് ഏകദേശം ഗർഭഗൃഹത്തിന്റെ നേർരേഖയിലായി നാലമ്പലത്തോടുചേർത്തുകെട്ടിയ ഒരു ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി മഹാലക്ഷ്മീദേവിയുടെ പ്രതിഷ്ഠ കാണാം. ഈ മഹാലക്ഷ്മീസാന്നിദ്ധ്യം കൂടിച്ചേർത്താണ് നാവാമുകുന്ദനെ ലക്ഷ്മീനാരായണനായി കണക്കാക്കിവരുന്നത്. ഭഗവാന്റെ വാമാംഗത്തിലുള്ള ദേവി എന്നതാണ് ഇവിടെ സങ്കല്പം. ഏകദേശം മൂന്നടി ഉയരം വരും ഇവിടെയുള്ള ശിലാവിഗ്രഹത്തിന്. നിൽക്കുന്ന രൂപത്തിലാണ് വിഗ്രഹം. സാധാരണ ചിത്രങ്ങളിൽ കാണാറുള്ളതുപോലെ ചതുർബാഹുവായ ദേവിയല്ല ഇവിടെ. രണ്ടുകൈകളേയുള്ളൂ. അവ രണ്ടും അഭയമുദ്രാങ്കിതമാണ് (താഴേയ്ക്കുള്ള മുദ്ര). ആദ്യകാലത്ത് രണ്ടുകൈകളിൽ ഒരെണ്ണം വരദമുദ്രയായിരുന്നെന്നും പിന്നീട് ശങ്കരാചാര്യരാണ് അവയിലൊരെണ്ണം താഴേയ്ക്കാക്കിയതെന്നും വിശ്വാസമുണ്ട്. കേരളത്തിൽ എല്ലാ മഹാവിഷ്ണുക്ഷേത്രങ്ങളിലും അദൃശ്യസാന്നിദ്ധ്യമായി മഹാലക്ഷ്മിയ്ക്ക് സങ്കല്പമുണ്ടാകാറുണ്ടെങ്കിലും, ചോറ്റാനിക്കര പോലുള്ള പ്രമുഖ ദേവീക്ഷേത്രങ്ങളിൽ ദേവിയെ മഹാലക്ഷ്മിയായി സങ്കല്പിച്ച് ആരാധന നടക്കാറുണ്ടെങ്കിലും, കേരളീയാചാരപ്രകാരം ഒരു ക്ഷേത്രത്തിൽ മഹാലക്ഷ്മിയ്ക്ക് പ്രത്യേകം സ്ഥാനം കൊടുക്കുന്ന സ്ഥലം ഇതുമാത്രമേയുള്ളൂ. പട്ടും താലിയും ചാർത്തൽ, ശർക്കരപ്പായസം, മംഗല്യസൂക്തപുഷ്പാഞ്ജലി, ശ്രീസൂക്ത പുഷ്പാഞ്ജലി, സാരസ്വതപുഷ്പാഞ്ജലി, ഭഗവതിസേവ തുടങ്ങിയവയാണ് മഹാലക്ഷ്മിയുടെ പ്രധാന വഴിപാടുകൾ. നവരാത്രിയാണ് പ്രധാന ആണ്ടുവിശേഷം.

ശ്രീകോവിലിന് ചുറ്റുമായി അകത്തെ ബലിവട്ടം പണിതിട്ടുണ്ട്. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിരൃതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ & ചന്ദ്രൻ, വടക്കുകിഴക്ക് - ഈശാനൻ എന്നിവർ), സപ്തമാതൃക്കൾ (തെക്കുഭാഗത്ത് ഒറ്റക്കല്ലിൽ - കിഴക്കുനിന്ന് ബ്രാഹ്മി, മാഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ ക്രമത്തിൽ), വീരഭദ്രൻ (സപ്തമാതൃക്കൾക്കൊപ്പം, കിഴക്കുഭാഗത്ത്), ഗണപതി (സപ്തമാതൃക്കൾക്കൊപ്പം, പടിഞ്ഞാറുഭാഗത്ത്), ബ്രഹ്മാവ് (വടക്കുകിഴക്കിനും കിഴക്കിനുമിടയിൽ), അനന്തൻ (തെക്കുപടിഞ്ഞാറിനും പടിഞ്ഞാറിനുമിടയിൽ), ശാസ്താവ് (തെക്കിനും തെക്കുപടിഞ്ഞാറിനുമിടയിൽ), സുബ്രഹ്മണ്യൻ (വടക്കുപടിഞ്ഞാറിനും വടക്കിനുമിടയിൽ), ദുർഗ്ഗ (പടിഞ്ഞാറിനും വടക്കുപടിഞ്ഞാറിനുമിടയിൽ), നിർമ്മാല്യധാരി (വടക്കിനും വടക്കുകിഴക്കിനുമിടയിൽ ശിവലിംഗരൂപത്തിൽ - ഇവിടെ വിഷ്വക്സേനൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ശീവേലിസമയത്ത് ഇവിടങ്ങളിൽ ബലിതൂകുന്നു. കൂടാതെ, വിഷ്ണുക്ഷേത്രമായതിനാൽ ഇവിടെ ഉത്തരമാതൃക്കൾ എന്ന പേരിൽ മറ്റൊരു സങ്കല്പവും കാണാം. തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന സപ്തമാതൃക്കൾക്ക് എതിർവശത്ത്, അതായത് വടക്കുവശത്ത് സ്ഥാനം അനുവദിച്ചതുകൊണ്ടാണ് ഇവരെ ഉത്തരമാതൃക്കൾ എന്ന് വിളിയ്ക്കുന്നത്. വാഗീശ്വരി, ക്രിയ, കീർത്തി, ലക്ഷ്മി, സൃഷ്ടി, വിദ്യ, ശാന്തി എന്നിവരാണ് ഉത്തരമാതൃക്കൾ. ശൈവദേവതകളായ സപ്തമാതൃക്കളുടെ വൈഷ്ണവ വകഭേദമാണിവർ. സപ്തമാതൃക്കൾക്കൊപ്പം വീരഭദ്രനും ഗണപതിയുമുള്ളതുപോലെ ഇവർക്കൊപ്പം ശ്രീധരൻ, അശ്വമുഖൻ എന്നീ രണ്ട് ദേവന്മാരുമുണ്ട്. ഇവരെ ബലിക്കല്ലിന്റെ രൂപത്തിൽ പ്രതിനിധീകരിയ്ക്കാറില്ല. എന്നാൽ ഇവിടെയും തൂകാറുണ്ട്.

പ്രതിഷ്ഠാമൂർത്തികൾ

തിരുത്തുക

നാവാമുകുന്ദൻ (മഹാവിഷ്ണു)

തിരുത്തുക

ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ലക്ഷ്മിസമേതനായ നാരായണനാണെന്ന് പുരാണ തമിഴ് ഗ്രന്ഥമായ ദിവ്യപ്രബന്ധത്തിൽ പരാമർശം കാണുന്നു. അത്യപൂർവമായ ഒരു ശിലയിൽ തീർത്ത വിഗ്രഹമാണ്. എന്നാൽ ഇപ്പോൾ പഞ്ചലോഹം കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ഏകദേശം നാലടി ഉയരം വരും. നിൽക്കുന്ന രൂപത്തിലാണ് വിഗ്രഹം. ചതുർബാഹുവായ ഭഗവാൻ ശംഖചക്രഗദാപദ്മങ്ങൾ ധരിച്ചിരിയ്ക്കുന്നു. രണ്ടുനിലകളോടുകൂടിയ ചതുരശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഭഗവാൻ വാഴുന്നു.

വിഷുസംക്രമദിവസം ഭഗവാന്റെ പാദാരവിന്ദങ്ങളിൽ ഉദയസൂര്യന്റെ കിരണങ്ങൾ വന്നുപതിക്കുന്നവിധത്തിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണം. ഗുരുവായൂരിലെപ്പോലെ ഇവിടെയും കൊടിമരവും ബലിക്കല്ലുമെല്ലാമുണ്ടെങ്കിലും പ്രധാനകവാടത്തിൽനിന്നുനോക്കിയാൽത്തന്നെ ഭഗവദ്വിഗ്രഹം കാണാൻ കഴിയും.

മുമ്പ് പ്രതിഷ്ഠിച്ച എട്ടു വിഗ്രഹങ്ങൾ അന്തർദ്ധാനം ചെയ്ത സ്ഥലമായതിനാൽ പണ്ടുകാലത്ത് ക്ഷേത്രദർശനം നടത്താൻ വരുന്ന ഭക്തർ മണ്ണിൽ ചവുട്ടി നടക്കുന്നതിനുപകരം മുട്ടുകുത്തിനിന്നാണ് തൊഴുതിരുന്നത്. വിഗ്രഹത്തിനുമുകളിൽ ചവുട്ടാൻ പാടില്ല എന്ന നിയമം അന്നത്തെ ജനങ്ങൾ കർശനമായും പാലിച്ചുപോന്നിരുന്നു. എന്നാൽ ഇന്ന് ആരും ഈ നിയമം പാലിച്ചുപോകാറില്ല. അതിനാൽ സാധാരണക്ഷേത്രങ്ങളിലേതുപോലെ ദർശനം നടക്കുന്നു.

ഇവിടത്തെ പ്രതിഷ്ഠയുടെ പേരിനെച്ചൊല്ലി ഒരുപാട് തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. നാവാമുകുന്ദൻ എന്നാണോ നവമുകുന്ദൻ എന്നാണോ എന്നതുതന്നെ പ്രധാനപ്രശ്നം. നവയോഗികൾ പ്രതിഷ്ഠിച്ച മുകുന്ദൻ (വിഷ്ണു) നവമുകുന്ദനാണെന്ന് ചിലരും തിരുനാവായയിൽ വാഴുന്ന മുകുന്ദൻ നാവാമുകുന്ദനാണെന്ന് മറ്റുചിലരും പറയുന്നു. എന്തായാലും നാവാമുകുന്ദൻ എന്ന പേരുതന്നെയാണ് പ്രസിദ്ധം.

ഉപദേവതകൾ

തിരുത്തുക

ആദിമൂല ഗണപതി

തിരുത്തുക

കേരളത്തിലെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലേതുപോലെ ഇവിടെയും ഗണപതിപ്രതിഷ്ഠയുണ്ട്. നാലമ്പലത്തിനകത്ത് കന്നിമൂലയിൽ (തെക്കുപടിഞ്ഞാറുഭാഗം) ഒരു ചെറിയ മുറിയിൽ കിഴക്കോട്ട് ദർശനമായാണ് ഗണപതിപ്രതിഷ്ഠ. ചുറ്റും പ്രദക്ഷിണത്തിന് സൗകര്യവുമുണ്ട്. ആദിഗണേശസങ്കല്പത്തിലാണ് ഇവിടെ പ്രതിഷ്ഠ. ഗജേന്ദ്രമോക്ഷകഥയുമായി ഏറെ ബന്ധമുള്ള പ്രതിഷ്ഠയാണിത്. അഗസ്ത്യമുനിയുടെ ശാപം മൂലം ആനയായി മാറിയ ഇന്ദ്രദ്യുമ്നൻ എന്ന പാണ്ഡ്യരാജാവാണ് ആദിഗണേശൻ എന്ന് വിശ്വസിക്കപ്പെടുന്നു. ഈ പ്രതിഷ്ഠയെക്കുറിച്ചുള്ള കഥ ഇങ്ങനെ:

മലയാദ്രിയിൽ തപസ്സനുഷ്ഠിക്കുകയായിരുന്ന ഇന്ദ്രദ്യുമ്നനെ കാണാൻ ഒരു ദിവസം അഗസ്ത്യമുനി വന്നു. എന്നാൽ തപസ്സനുഷ്ഠിക്കുകയായിരുന്ന ഇന്ദ്രദ്യുമ്നൻ അഗസ്ത്യമുനിയെ കണ്ടഭാവം നടിച്ചില്ല. ഇതിനെത്തുടർന്നാണ് അഗസ്ത്യമുനി അദ്ദേഹത്തെ ശപിച്ചത്. ഇന്ദ്രദ്യുമ്നൻ ശാപമോക്ഷത്തിനായി യാചിച്ചപ്പോൾ മഹാവിഷ്ണുവിനാൽ ശാപമോക്ഷം കിട്ടും എന്ന് അഗസ്ത്യമുനി പറഞ്ഞു. അദ്ദേഹത്തിന്റെ ശാപത്തെത്തുടർന്ന് ഇന്ദ്രദ്യുമ്നൻ ഗജേന്ദ്രനായ ആദിഗണേശനായി ജനിച്ചു. വിഷ്ണുഭക്തനായ ആദിഗണേശൻ എല്ലാ ദിവസവും നേരം പുലരും മുമ്പ് നിളയിൽ സ്നാനം ചെയ്ത് ഭഗവാന് ചാർത്താൻ താമരപ്പൂക്കൾ കൊണ്ടുവരുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഗജേന്ദ്രനായ ആദിഗണേശന്റെ കാലിൽ ഒരു മുതല കടിച്ചു. മുനിശാപം മൂലം മുതലയായിത്തീർന്ന ഹുഹു എന്ന ഗന്ധർവനായിരുന്നു അത്. വേദന താങ്ങാനാവാതെ നിലവിളിച്ച ഗജേന്ദ്രന്റെ നിലവിളി കേട്ടപ്പോൾ ഭഗവാൻ ഗരുഡാരൂഢനായി വന്ന് സുദർശനചക്രമുപയോഗിച്ച് മുതലയെ വധിച്ചു. അങ്ങനെ ഇരുവർക്കും ശാപമോക്ഷം ലഭിച്ചു. കരുണാമയനായ ഭഗവാൻ ആദിഗണേശനെ തന്റെ വലതുഭാഗത്തിരുത്തി. പിന്നീട് ഈ പ്രതിഷ്ഠയെ ഗണപതിയാക്കി സങ്കല്പിച്ച് പൂജകൾ തുടങ്ങി. വിഘ്നേശ്വരപ്രീതിയ്ക്കായി നിത്യവും ഇവിടെ ഗണപതിഹോമം നടത്തിവരുന്നുണ്ട്. കൂടാതെ, ഒറ്റയപ്പം, കറുകമാല, നാരങ്ങാമാല എന്നിവയും ഗണപതിയ്ക്ക് വിശേഷങ്ങളാണ്.

മഹാലക്ഷ്മി

തിരുത്തുക

ലക്ഷ്മീസമേതനായ നാരായണനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. സാധാരണഗതിയിൽ ലക്ഷ്മീനാരായണസങ്കല്പത്തിൽ ഭഗവതി ഒന്നുകിൽ അദൃശ്യസാന്നിദ്ധ്യമായിരിക്കും, അല്ലെങ്കിൽ പ്രധാന ശ്രീകോവിലിൽത്തന്നെ ഭഗവാനോടൊപ്പം വാമാംഗസ്ഥയായി (ഇടതുഭാഗം) വാഴുന്നുണ്ടാകും. എന്നാൽ ഇവിടെ, ഭഗവതിക്ക് പ്രത്യേകം ശ്രീകോവിലുണ്ട്. നാലമ്പലത്തിനകത്ത് വായുകോണിൽ (വടക്കുപടിഞ്ഞാറുഭാഗം) കിഴക്കോട്ട് ദർശനമായാണ് ഭഗവാന് തുല്യ പ്രാധാന്യത്തോടെയാണ് ദേവീപ്രതിഷ്ഠ. സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ഭഗവതി ആണ് ലക്ഷ്മി. ഭഗവാന്റെ വാമഭാഗത്താണ് ഭഗവതി വാഴുന്നത്. രണ്ടു കൈകളേയുള്ളൂ. വരദാഭയമുദ്രകളാണ് രണ്ടിലും. ഇവിടെ ആദ്യം ഭഗവതിയുടെ രണ്ടുകൈകളും വരദമുദ്രയായിരുന്നു. ഐശ്വര്യം കൊണ്ട് അഹങ്കരിച്ച നാട്ടുകാർക്ക് സദ്ബുദ്ധി കൊടുക്കാൻ ശങ്കരാചാര്യരാണ് ഒരുകൈ താഴോട്ടാക്കിയത്തെന്ന് പറയുന്നു. നെയ്പാസം, നെയ്വിളക്ക്, ശ്രീസൂക്ത പുഷ്പാഞ്ജലി, സാരസ്വതപുഷ്പാഞ്ജലി, പട്ടും താലിയും ചാർത്തൽ തുടങ്ങിയവയാണ് ദേവീ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ. വെള്ളിയാഴ്ച, നവരാത്രി തുടങ്ങിയവ പ്രധാനം. വരലക്ഷ്മി വ്രതം, ഐശ്വര്യപൂജ തുടങ്ങിയവയും ഭക്തർ അനുഷ്ഠിക്കാറുണ്ട്.

അയ്യപ്പൻ

തിരുത്തുക

നാവാമുകുന്ദക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന് വടക്കുവശത്താണ് ശ്രീ അയ്യപ്പസ്വാമിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭാരതപ്പുഴയുടെ മറുകരയിൽ തവനൂരുള്ള വാസുദേവപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉപദേവനായിരുന്നു ഇവിടത്തെ അയ്യപ്പൻ. പിന്നീട് അവിടെനിന്നും ഇന്നത്തെ സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. ഇവിടത്തെ അയ്യപ്പന് നിത്യപൂജയും നിവേദ്യവുമുണ്ട്. കിഴക്കോട്ട് ദർശനമായാണ് അയ്യപ്പന്റെയും പ്രതിഷ്ഠ. നാളികേരം ഉടയ്ക്കലാണ് പ്രധാന വഴിപാട്. ശബരിമല തീർത്ഥാടനകാലത്ത് ധാരാളം ആളുകൾ ഇവിടെ എത്തിച്ചേരാറുണ്ട്.[1]

സമീപക്ഷേത്രങ്ങൾ

തിരുത്തുക

ചെറുതിരുനാവായ ബ്രഹ്മാ-ശിവക്ഷേത്രം

തിരുത്തുക

ഭാരതപ്പുഴയുടെ മറുകരയിൽ തവനൂരിനടുത്ത് ചെറുതിരുനാവായയിലുള്ള ഈ ക്ഷേത്രം ഈ പ്രദേശത്തെ ത്രിമൂർത്തീസംഗമസ്ഥാനമാക്കുന്നു. പഴയ കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലൊന്നാണിത്. ക്ഷേത്രത്തിൽ ചെറിയൊരു വട്ടശ്രീകോവിലാണുള്ളത്. തകർന്നുകിടക്കുന്ന ഈ ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി സാക്ഷാൽ പരമശിവൻ വാഴുന്നു. അടുത്ത് മറ്റൊരു ചെറിയ ശ്രീകോവിലിൽ ബ്രഹ്മാവും വാഴുന്നു. എന്നാൽ ശിവശാപം കൊണ്ടോ എന്തോ, ബ്രഹ്മാവിന് പൂജയും വിളക്കുമില്ല. നാവാമുകുന്ദക്ഷേത്രത്തിന്റെയും ഈ ക്ഷേത്രത്തിന്റെയും ഐതിഹ്യത്തെപ്പറ്റി ഒരു കഥയുണ്ട്:

പണ്ട്, ഈ സ്ഥലത്ത് ഒരു യാഗം നടത്താൻ ത്രിമൂർത്തികളും ദേവേന്ദ്രനും തീരുമാനിച്ചു. അതിനായി ശിവനും ബ്രഹ്മാവും നദിയുടെ തെക്കേക്കരയിലും വിഷ്ണുവും ദേവേന്ദ്രനും വടക്കേക്കരയിലും താമസിച്ചു. നിർഭാഗ്യവശാൽ ഇവരുടെ പത്നിമാർ (ഗായത്രി, സരസ്വതി, ലക്ഷ്മി, പാർവ്വതി, ഇന്ദ്രാണി) നദികളായി മാറി. അതോടെ യാഗം മുടങ്ങി. പിൽക്കാലത്ത് ക്ഷത്രിയരെ കൂട്ടക്കൊല ചെയ്തതിന്റെ പാപം തീർക്കാൻ ഇവിടെ വന്ന പരശുരാമൻ ഉപാസിക്കുന്നതിനായി ത്രിമൂർത്തികൾക്ക് ക്ഷേത്രങ്ങൾ പണിതു. ത്രിമൂർത്തീസംഗമസ്ഥാനത്തെ പിതൃതർപ്പണവും ശ്രാദ്ധക്രിയകളും പിതൃക്കൾക്ക് മോക്ഷകാരണമാകും എന്നാണ് വിശ്വാസം. അതിനാൽ ധാരാളമാളുകൾ ദിവസവും പിതൃതർപ്പണത്തിനായെത്തുന്നു.

തവനൂർ വാസുദേവപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം

തിരുത്തുക

തവനൂരിൽ തന്നെ സ്ഥിതിചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് വാസുദേവപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം. തവനൂരിലെ കേളപ്പജി സ്മാരക കൃഷിവിജ്ഞാനകേന്ദ്രം വളപ്പിൽ കാനനഭംഗി നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇരുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന ഉണ്ണിക്കണ്ണനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. കിഴക്കോട്ട് ദർശനം നൽകുന്ന ശ്രീകൃഷ്ണഭഗവാന് ഉപദേവതകളായി ശിവൻ, ഗണപതി, അയ്യപ്പൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഐതിഹ്യപ്രകാരം, ഇവിടെയുള്ള ശ്രീകൃഷ്ണനെ പ്രതിഷ്ഠിച്ചത്, പരമഭാഗവതനായ വില്വമംഗലം സ്വാമിയാരാണെന്ന് വിശ്വസിച്ചുവരുന്നു. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, മേടമാസത്തിലെ വിഷു, ധനുമാസത്തിലെ കുചേലദിനം തുടങ്ങിയവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. ആദ്യകാലത്ത് മറവഞ്ചേരി മനയുടെ ഉടമസ്ഥതയിലായിരുന്ന ക്ഷേത്രം, പിന്നീട് നാട്ടുകാരുടെ ഉടമസ്ഥതയിലുള്ള ഒരു കമ്മിറ്റിയുടെ ഉടമസ്ഥതയിലായി. ഇപ്പോഴും ഈ കമ്മിറ്റിയുടെ കീഴിലാണ് ക്ഷേത്രം.

ചരിത്രം

തിരുത്തുക

മലയാള ചരിത്രത്തിൽ തിരുനാവായയും നാവാമുകുന്ദ ക്ഷേത്രവും ധാരാളം പരാമർശിക്കുന്നുണ്ട്.

തിരുനാവായ ശിലാ ശാസനങ്ങൾ

തിരുത്തുക
  • മംഗളശാസനം

നമ്മാൾവാർ - 11 പാശുരാമങ്ങളും തിരുമങ്കൈ ആൾവാർ- 2 പാശുരാമങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട്. ചെന്താമര സരസ്സ് എന്നറിയപ്പെടുന്ന ഇവിടുത്തെ പുഷ്കരണിയിൽ നിറയെ ചുവന്ന താമരപ്പൂക്കളാണുള്ളത്. അതുകൊണ്ട് തന്നെ ആ പുഷ്കരണിയ്ക്ക് അങ്ങനെ പേർ വന്നതും. വേദപണ്ഡിതന്മാരായ നവയോഗികളാൽ ആരാധിയ്ക്കപ്പെട്ടിരുന്നതുകാരണം ഇവിടുത്തെ വിമാനം “വേദ വിമാനം“ എന്നാണറിയപ്പെടുന്നത്.

പിതൃതർപ്പണം

തിരുത്തുക

പിതൃതർപ്പണ കർമ്മങ്ങൾക്ക് ഏറ്റവും പ്രസിദ്ധമാണ് തിരുനാവായിലെ ത്രിമൂർത്തിസംഗമസ്ഥാനം. ആണ്ടു ശ്രാദ്ധം, മരിച്ച് പതിനാറിനോടുബന്ധിച്ചുള്ള ബലികർമ്മങ്ങൾ, ത്രിപക്ഷപിണ്ഡം(മരിച്ച് 41 ന്), പുലയിലുള്ള 14 ദിവസത്തെ ബലികർമ്മങ്ങൾ, അസ്ഥിസ്ഥാപനം, ക്ഷേത്രപിണ്ഡം, വാവുബലി, എന്നിങ്ങനെ പിതൃകർമ്മങ്ങൾ നിത്യേന ഇവിടെ നടക്കാറുണ്ട്. ദിവംഗതരായ പൂർവ്വപിതാക്കൾക്കും ബന്ധുജനങ്ങൾക്കും വേണ്ടി, കേരളത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള അനേകമാളുകൾ ബലിതർപ്പണകർമ്മങ്ങൾക്കായും അസ്ഥിനിമജ്ഞനത്തിനും മറ്റുമായി ഈ പുണ്യ സംഗമസ്ഥാനത്ത് എത്താറുണ്ട്. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്രു, ആർ. ശങ്കർ, ലാൽ ബഹാദൂർ ശാസ്ത്രി, ജയപ്രകാശ് നാരായണൻ, കേളപ്പജി, കെ. കരുണാകരൻ തുടങ്ങിയ മഹാത്മാക്കളുടെ ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കിയിട്ടുണ്ട്.

  • ഗാന്ധിസ്മാരകം

മഹാത്മാഗാന്ധിയുടെ ചിതാഭസ്മം ഭാരതപ്പുഴയിൽ നിമഞ്ജനം ചെയ്തിട്ടുണ്ട്. ഗാന്ധിജിയുടെ ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കിയതിന്റെ സ്മരണക്കായി പണിതുയർത്തപ്പെട്ട ഗാന്ധിസ്മാരകം നാവാമുകുന്ദക്ഷേത്രത്തിലേക്കുള്ള വഴിയിൽ അടയാളമെന്നോണം കാണാവുന്നതാണ്.

ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങൾ

തിരുത്തുക

മാമാങ്കവുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ക്ഷേത്രമാണ് തിരുനാവായ നാവാമുകുന്ദ ക്ഷേത്രം.

തിരുവുത്സവം

തിരുത്തുക

വിഷുസംക്രമത്തിന് കൊടിയേറി പത്തുദിവസത്തെ ഉത്സവം മേടമാസത്തിൽ കൊണ്ടാടുന്നു. ഇതാണ് ഇന്ന് ക്ഷെത്രത്തിൽ നിലനിൽക്കുന്ന പ്രധാന ആഘോഷവും ഉത്സവും. കണികണ്ട് കൊടിയേറുന്ന അപൂർവ്വക്ഷേത്രമാണ് തിരുനാവായ.

പ്രതിഷ്ഠാദിനം

തിരുത്തുക

1992-ൽ നടന്ന ക്ഷേത്ര ജീർണ്ണോദ്ധാരണത്തിനും പുനപ്രതിഷ്ഠയ്ക്കും ശേഷം മീനമാസത്തിലെ മകയിരം നാളാണ് പ്രതിഷ്ഠാദിനമായി ആചരിക്കുന്നത്. പണ്ട് കാലത്ത് മിഥുനത്തിലെ ചോതി നക്ഷത്രമായിരുന്നു പ്രതിഷ്ഠാദിനം. ഈ ദിവസം, നാവാമുകുന്ദന് വിശേഷാൽ പൂജകളൂം നിവേദ്യങ്ങളൂം ഉണ്ടാകും. അന്നേ ദിവസം ഉച്ചയ്ക്ക് ഭക്തജനങ്ങൾക്കായി പ്രസാദ ഊട്ട് നടത്താറുണ്ട്.

നിറപുത്തരി

തിരുത്തുക

എല്ലാവർഷവും നടക്കുന്ന ഇവിടുത്തെ നിറപുത്തരി കർക്കടകവാവു കഴിഞ്ഞുള്ള ആദ്യത്തെ ഞായറാഴ്ചയാണ് നടക്കാറ്. നിറയ്ക്കാവശ്യമായ കതിർ കിഴക്കേ ഗോപുരകവാടത്തിങ്കലെ ആൽത്തറയിൽ നിന്നും സ്വീകരിച്ച് തലയിലേറി, ക്ഷേത്രം മേൽശാന്തി ചുറ്റമ്പലം വലംവച്ച് നാലമ്പലത്തിലേക്ക് പ്രവേശിക്കുന്നു. ശ്രീകോവിലും ഉപദേവന്മാരേയും വലം വച്ച് നെൽക്കതിർ വാതിൽ മാടത്തിൽ കൊണ്ട് വക്കുകയും ഗണപതി നിവേദ്യവും കതിർപൂജയും നടത്തുകയും ചെയ്യുന്നു. തുടന്ന് മേൽശാന്തി പൂജക്കായി കതിർ ശ്രീലകത്തേക്ക് കൊണ്ടുപോയി ഭഗവാന് സമർപ്പിക്കുന്നു. പിന്നീട് നാവാമുകുന്ദന് പുത്തരിപ്പായസം നിവേദിക്കുന്നു. പൂജിച്ച നിറകതിരുകൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്യാറുണ്ട്.

കർക്കിടകത്തിലെ അമാവാസി

തിരുത്തുക

കർക്കിടത്തിലെ അമാവാസി നാൾ പിതൃദിനമായി ഗണിക്കപ്പെടുന്നതിനാൽ അന്നേദിവസം പിതൃകർമ്മങ്ങൾക്ക് ഏറ്റവും പ്രാധാന്യം കല്പ്പിക്കുന്നു. കർക്കിടകത്തിലെ കറുത്തവാവ് ദക്ഷിണായനാരംഭത്തെ കുറിക്കുന്നു. ദക്ഷിണായനം പിതൃമാർഗ്ഗമാണ്. അതുകൊണ്ടാണ് ആ ദിവസം ബലിതർപ്പണാദികൾ അനുഷ്ഠിച്ചാൽ പിതൃക്കൾക്ക് സദ്ഗതിയുണ്ടാവുമെന്ന് വിശ്വസിച്ച് വരുന്നത്. തുലാം-കുംഭ മാസത്തിലെ അമാവാസിനാളൂം വൈശാഖത്തിലെ അമാവാസിനാളൂം ഇവിടെ ബലികർമ്മങ്ങൾക്ക് ഏറെ പ്രാധാന്യം കല്പ്പിക്കപ്പെട്ടിരിക്കുന്നു.

കുംഭത്തിലെ കറുത്തവാവു കഴിഞ്ഞുവരുന്ന ഏകാദശി(വെളുത്തപക്ഷ ഏകാദശി) ഇവിടെ വളരെ പ്രധാനമാണ്. അന്നേ ദിവസം വിശേഷാൽ പൂജകളൂം മറ്റും നടക്കാറുണ്ട്.

കുചേലദിനം

തിരുത്തുക

തന്റെ കുടുംബത്തിന്റെ ദാരിദ്ര്യം അകറ്റാനായി ഒരു പിടി അവിലുമായി കുചേലൻ ദ്വാരകയിലേക്ക് പോയ ദിവസത്തിന്റെ ഓർമ്മ പുതുക്കലാണ് ഈ ദിനം. ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ് കുചേലദിനമായി ആചരിക്കുന്നത്. ഈ ദിവസം നാവാമുകുന്ദന് അവിൽ നിവേദ്യം ഏറ്റവും വിശേഷമായി കരുതുന്നു. കുടുംബത്തിന്റെ ക്ഷേമത്തിനും ഐശ്യര്യത്തിനുമായി ധാരാളം ഭക്തജനങ്ങൾ ഈ ദിവസം നാവാമുകുന്ദന് അവിൽ സമര്പ്പിക്കാറുണ്ട്.

തിരുവോണവാരം

തിരുത്തുക

തുലാമാസത്തീലെ തിരുവോണം നാവാമുകുന്ദന് ഏറെ വിശേഷമായി കരുതുന്നു. വിശേഷാൽ പൂജകളൂം മറ്റും ഈ ദിവസം ഉണ്ടാകും. വൈകീട്ട് ഊട്ടുപുരയിൽ വാരസദ്യയും ഉണ്ടാകും. ധാരാളം ഭക്തജനങ്ങൾ തിരുവോണ ഊട്ടിന് എത്താറുണ്ട്.

നവരാത്രി പൂജ

തിരുത്തുക

നവരാത്രികാലത്ത് ക്ഷേത്രത്തിൽ പൂജവയ്ക്കുക പതിവുണ്ട്. വിജയദശമിനാളിൽ കുട്ടികളെ നവാമുകുന്ദക്ഷേത്രത്തിൽ എഴുത്തിനിരുത്തുന്നത് വളരെ വിശേഷമായി കാണുന്നു.

പ്രധാന വഴിപാടുകൾ

തിരുത്തുക

താമരയില

തിരുത്തുക

തിരുനാവായ ക്ഷേത്രത്തിൽ താമരയില വഴിപാട് പ്രസിദ്ധമാണ്. ഏറെ കഷ്ടപ്പെടാതെ ജീവൻ പോകുന്നതിന് (സുഖമരണത്തിനാണ്) താമരയില വഴിപാട് നടത്തുന്നത്.

ക്ഷേത്രഭരണം

തിരുത്തുക

മലബാർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിൽ ക്ഷേത്ര ഊരാളനായ സാമൂതിരി രാജാവ് മാനേജിംഗ് ട്രസ്റ്റിയും ദേവസ്വം ബോർഡ് നിയമിക്കുന്ന നാല് ട്രസ്റ്റി ബോർഡ് മെമ്പർമാരും അടങ്ങുന്നതാണ് നാവാമുകുന്ദക്ഷേത്ര ദേവസ്വം ഭരണസമിതി. ക്ഷേത്രജീവനക്കാരോ അവരുടെ അടുത്ത ബന്ധുക്കളോ ട്രസ്റ്റീ ബോർഡിലേക്ക് തെരഞ്ഞെടുക്കുവാൻ അർഹരല്ല എന്നാണ് കീഴ്വഴക്കം. ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാം തന്നെ ട്രസ്റ്റി ബോർഡിൽ പാസ്സാക്കിയാൽ മാത്രമെ നടപ്പാക്കാൻ സാധിക്കുകയുള്ളൂ. അഞ്ചു വർഷമാണ് ട്രസ്റ്റി ബോർഡംഗങ്ങളൂടെ കാലാവധി.

ക്ഷേത്രത്തിലെ പൂജാനുഷ്ഠാന സംബന്ധിയായ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള പരമാധികാരം ക്ഷേത്രം തന്ത്രിക്കാണ്. കൽപ്പുഴ ഇല്ലക്കാർക്കാണ് ഇവിടുത്തെ താന്ത്രികാധികാരം. മേൽശാന്തി സ്ഥാനം അരീക്കര ഇല്ലക്കാർക്കാണ്.

യാത്രാമാർഗ്ഗങ്ങൾ

തിരുത്തുക

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ തിരൂരിന് 8-കി.മി. തെക്കാണ് തിരുനാവായ. തെക്കുഭാഗത്തുനിന്ന് (എറണാകുളം, തൃശ്ശൂർ) വരുന്നവർ (ബസ്സ്) കുറ്റിപ്പുറത്ത് ഇറങ്ങി തിരുരിലേക്കുള്ള വഴിയിൽ 7-കി.മി. സഞ്ചരിക്കുകയാണെങ്കിൽ നാവാമുകുന്ദക്ഷേത്രത്തിൽ എത്താവുന്നതാണ്. വടക്ക് ഭാഗത്തുനിന്ന് (നാഷണൽ ഹൈവേ തൃശ്ശൂർ-കോഴിക്കോട്) വരുകയാണെങ്കിൽ പുത്തനത്താണിയിൽ ഇറങ്ങി 8-കി.മി. സഞ്ചരിക്കുകയാണെങ്കിൽ ക്ഷേത്രത്തിൽ എത്താവുന്നതുമാണ്. ട്രയിൻ വഴിയാണെങ്കിൽ കുറ്റിപ്പുറം റെയിവേസ്റ്റേഷനിൽ ഇറങ്ങിയാൽ മതി. പാസഞ്ചർ ട്രെയിനുകൾ തിരുനാവായ റെയിൽവേ സ്റ്റേഷനിൽ നിർത്താറുണ്ട്. തിരുനാവായ റെയിൽവേസ്റ്റേഷനിൽ നിന്നും ഒരു മൈൽ അകലെയാണ്‌ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

വിശേഷ ദിവസങ്ങൾ

തിരുത്തുക

ആഴ്ചയിലെ വ്യാഴം പ്രധാനം. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, തിരുവോണം, ദീപാവലി, , മേട വിഷു, വൈശാഖ പുണ്യമാസം, കർക്കിടക രാമായണമാസം, കർക്കിടക വാവ്ബലി തുടങ്ങിയവ പ്രധാനം. ലക്ഷ്മിദേവിക്ക് വെള്ളിയാഴ്ച, നവരാത്രി ദിവസങ്ങൾ, ദീപാവലി എന്നിവ പ്രധാനം.

  1. "തിരുനാവായ ക്ഷേത്രം". Indian Temples Portal. Archived from the original on 2006-10-18. Retrieved 2006-10-13.