കർക്കടകവാവ്

കർക്കിടകമാസത്തിലെ കറുത്തവാവ് ദിവസമാണ് കർക്കിടക വാവ്

കർക്കിടകമാസത്തിലെ കറുത്തവാവ് ദിവസമാണ് കർക്കിടക വാവ് അഥവാ പിതൃദിനം എന്ന പേരിൽ ഹിന്ദുക്കൾ ആചരിക്കുന്നത്. ഈ ദിവസം പിതൃബലിക്കും തർപ്പണത്തിനും പ്രസിദ്ധമാണ്. അന്നു ബലിയിട്ടാൽ പിതൃക്കൾക്കു ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു.

ഭൂമിയിലെ ഒരു വർഷം പിതൃക്കൾക്ക് ഒരു ദിവസമാണ് എന്നാണ് വിശ്വാസം. പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കർക്കിടകത്തിലേത്. അതുകൊണ്ടാണ് കർക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്. പ്രധാനമായും മഹാവിഷ്ണു, മഹാദേവൻ എന്നിവർ മുഖ്യ പ്രതിഷ്ഠയായി വരുന്ന ക്ഷേത്രങ്ങളിലാണ് ഈ ചടങ്ങ് കാണപ്പെടുന്നത്.

തലേന്നു വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ചു ഈറനണിഞ്ഞു മരിച്ച് മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സിൽ സങ്കൽപ്പിച്ചു ഭക്തിപുരസരം ബലിയിടും. എള്ളും പൂവും, ചോറ് അല്ലെങ്കിൽ ഉണക്കലരിയും ഉൾപ്പെടെയുള്ള പൂജാദ്രവ്യങ്ങൾ കൊണ്ടാണ് ബലിതർപ്പണം നടത്തുക. അന്ന് കാക്കയ്ക്ക് ഭക്ഷണം കൊടുക്കുന്ന രീതിയും കണ്ടുവരുന്നു.

പ്രശസ്തമായ സ്നാനഘട്ടങ്ങളിലും ക്ഷേത്രക്കടവുകളിലും പിതൃതർപ്പണത്തിനുള്ള സൗകര്യം ഏർപ്പെടുത്താറുണ്ട്. ആലുവ മഹാശിവരാത്രി മണപ്പുറം, തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം, മലപ്പുറം തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, ദക്ഷിണകാശിയെന്നറിയപ്പെടുന്ന പെരുമ്പാവൂർ ചേലാമറ്റം ശിവക്ഷേത്രം, വയനാട് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം പാപനാശിനി, വർക്കല ജനാർദനസ്വാമി ക്ഷേത്രം പാപനാശം,  ചാവക്കാടിനടുത്ത് പഞ്ചവടി ശ്രീ ശങ്കരനാരായണ മഹാക്ഷേത്രം, കൊല്ലം തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രം തുടങ്ങിയവ കേരളത്തിലെ അതിപ്രധാന ബലിതർപ്പണ കേന്ദ്രങ്ങളാണ്.

ഇത് കൂടി കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കർക്കടകവാവ്&oldid=3939557" എന്ന താളിൽനിന്ന് ശേഖരിച്ചത്