ആർ. ശങ്കർ

കേരളത്തിലെ മൂന്നാമത്തെ മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കർ


കേരളത്തിലെ മൂന്നാമത്തെ മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കർ 1909 ഏപ്രിൽ 30ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കരതാലൂക്കിലെ പുത്തൂരിൽ കുഴിക്കലിടവകയിൽ വിളയിൽകുടുംബത്തിൽ രാമൻവൈദ്യർ, കുഞ്ചാലിയമ്മ എന്നിവരുടെ അഞ്ചാമത്തെ മകനായി ജനിച്ചു[1]. അദ്ദേഹം 1962 സെപ്റ്റംബർ 26 മുതൽ 1964 സെപ്റ്റംബർ 10 വരെ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നു.

ആർ. ശങ്കർ

ഔദ്യോഗിക കാലം
സെപ്റ്റംബർ 26, 1962 - സെപ്റ്റംബർ 10, 1964
മുൻ‌ഗാമി പട്ടം താണുപിള്ള
പിൻ‌ഗാമി ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌

ജനനം (1909-04-30)ഏപ്രിൽ 30, 1909
പുത്തൂർ, കൊല്ലം കേരളം
മരണം നവംബർ 6, 1972(1972-11-06) (പ്രായം 63)
കൊല്ലം
പൗരത്വം ഇന്ത്യൻ
രാഷ്ട്രീയ പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ജീവിത പങ്കാളി ലക്ഷ്മിക്കുട്ടി
സ്വദേശം പുത്തൂർ, കൊല്ലം

ജീവിതരേഖതിരുത്തുക

 • 1909 ജനനം
 • ബി.എ. ബിരുദം
 • 1937 ബി.എൽ. ജയിച്ചു
 • 1938 ഉത്തരവാദഭരണ പ്രക്ഷോഭത്തിൽ ജയിൽവാസം
 • 1942 ക്വിറ്റിന്ത്യാ പ്രക്ഷോഭം, ജയിൽവാസം
 • 1944 എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി
 • 1948 തിരുവിതാംകൂർ നിയമസഭാംഗം
 • 1954 'ദിനമണി' പത്രം തുടങ്ങി
 • 1957 കെ.പി.സി.സി. പ്രസിഡന്റ്
 • 1960 ഉപമുഖ്യമന്ത്രി
 • 1962 മുഖ്യമന്ത്രി
 • 1964 അവിശ്വാസ പ്രമേയം, രാജി
 • 1972 മരണം

കൊല്ലം ജില്ലയിൽപ്പെട്ട പുത്തൂരിൽ കുഴിക്കാലിയിടവക ഗ്രാമത്തിൽ, ഒരു നെയ്ത്തു കുടുംബത്തിൽ രാമന്റെയും, കുഞ്ഞാലിയമ്മയുടേയും മകനായി 1909 ഏപ്രിൽ 30-നാണു് ആർ.ശങ്കർ ജനിച്ചതു്. പുത്തൂർ പ്രാഥമിക വിദ്യാലയത്തിലും, പീന്നീടു് കൊട്ടാരക്കര ഇംഗ്ലീഷ് വിദ്യാലയത്തിലും പഠിച്ചു. 1924-ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് രസതന്ത്ര ബിരുദം നേടി. 1931ൽ ശിവഗിരി ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ പ്രധാനാദ്ധ്യാപകനായി നിയമിതനായി. അതിനുശേഷം തിരുവനന്തപുരം ലോ കോളെജിൽ പഠിക്കുകയും 1936 മുതൽ അഭിഭാഷകനായി ജോലി നോക്കുകയും ചെയ്തു. ലക്ഷ്മിക്കുട്ടിയമ്മയെ വിവാഹം കഴിച്ചു. ഒരു മകനും ഒരു മകളുമുണ്ടു്. പിന്നോക്ക വിഭാഗങ്ങളോടുള്ള വിവേചനത്തിൽ പ്രതിഷേധം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം പൊതുപ്രവർത്തനം തുടങ്ങി. 1972 നവംബർ 6-ന് അന്തരിച്ചു.

രാഷ്ട്രീയ ജീവിതംതിരുത്തുക

കോൺഗ്രസ്സുകാരനായി രാഷ്ടീയപ്രവർത്തനം തുടങ്ങിയ അദ്ദേഹം സമുദായരംഗത്തും പ്രവർത്തിച്ചു. 1959 ൽ വിമോചനസമരകാലത്തു സമുദായത്തിൽ ബഹുഭൂരിപക്ഷമാളുകളും ഇടതുപക്ഷത്ത്‌ നിലയുറപ്പിച്ചപ്പോൾ അദ്ദേഹം വിമോചനസമരത്തിനു് നേതൃത്വം നൽകി. അക്കാലത്തു് അദ്ദേഹം കെ.പി.സി.സി അദ്ധ്യക്ഷനായിരുന്നു. 1948-ൽ തിരുവിതാംകൂർ സംസ്ഥാന അസംബ്ലിയിലും, 1949 മുതൽ 1956 വരെ തിരു-കൊച്ചി സംസ്ഥാന അസംബ്ലിയിലും അംഗമായിരുന്നു.

എസ്‌.എൻ.ഡി.പി. യോഗം സെക്രട്ടറിതിരുത്തുക

കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന ആർ.ശങ്കറിനെ എ.പി. ഉദയഭാനുവും അന്ന്‌ കോൺഗ്രസ്സുകാരനായിരുന്ന എം.എൻ. ഗോവിന്ദൻ നായരുമൊക്കെ ചേർന്ന് എസ്‌.എൻ.ഡി.പി. യോഗം സെക്രട്ടറി സ്ഥാനത്തേക്കെത്തിച്ചു. വീടുതോറും പിരിവു് നടത്തി എസ്‌.എൻ.ഡി.പി. യോഗത്തിന്റെ കീഴിൽ വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചതു് അദ്ദേഹം സെക്രട്ടറിയായിരുന്ന കാലത്താണു് ഈ സ്ഥാപനങ്ങളുടെ ഭരണത്തിനായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എസ്‌. എൻ. ട്രസ്റ്റു് രൂപീകരിച്ചു. അദ്ദേഹത്തിന്‌ സർ. സി.പിയുമായുണ്ടായിരുന്ന ബന്ധം എസ്‌.എൻ.ഡി.പി. യോഗത്തിൽ എതിർപ്പുളവാക്കിയിരുന്നു. 1953 ൽ കൊല്ലത്തുവെച്ച്‌ നടന്ന എസ്‌.എൻ.ഡി.പി. യോഗം കനകജൂബിലി വളരെ പണമിറക്കുി ആർഭാടപൂർവ്വം നടത്തിയതു് അദ്ദേഹത്തിന്റെ താല്പര്യപ്രകാരമായിരുന്നു.[അവലംബം ആവശ്യമാണ്] 1972-ൽ മരണസമയത്തു് എസ്.എൻ.ഡി.പിയുമായും മറ്റു ബിനാമികളുമായും ബന്ധപ്പെട്ട ധാരാളം ഭൂമി ഇടപാട് കേസ്സുകൾ അദ്ദേഹത്തിനെതിരെ നിലവിലുണ്ടായിരുന്നു.[അവലംബം ആവശ്യമാണ്]

കേരളാ മുഖ്യമന്ത്രിതിരുത്തുക

1960 ലെ തിരഞ്ഞെടുപ്പിൽ ജനാധിപത്യ ഐക്യം പട്ടം താണുപിള്ളയുടെ നേത്യത്വത്തിൽ അധികാരത്തിൽ വന്നു. ആ മന്ത്രിസഭയിൽ കണ്ണൂരിൽ നിന്നുളള എം. എൽ.എ ആയിരുന്ന ആർ.ശങ്കർ ഉപമുഖ്യമന്ത്രിയായിരുന്നു..ധനകാര്യ വകുപ്പും അദ്ദേഹം കൈകാര്യം ചെയ്തു.. 1962 ൽ പട്ടം താണുപിള്ള പഞ്ചാബ് ഗവർണറായി പോയപ്പോൾ ആർ.ശങ്കർ മുഖ്യമന്ത്രിയായി.രണ്ടു വർഷത്തിലധികം അധികാരത്തിലിരുന്ന ആ മന്ത്രിസഭ. ഭരണകാലത്തു്, പി.റ്റി.ചാക്കോയും, മന്നത്ത്‌ പത്മനാഭനുമായുള്ള അദ്ദേഹത്തിന്റെ അധികാര വടംവലി ഭരണരംഗത്തു് പ്രതിസന്ധിയുണ്ടാക്കി. തുടർന്നു് കോൺഗ്രസ്സിലെ ഭിന്നിപ്പു് കാരണം 1964-ൽ ആ മന്ത്രിസഭ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കപ്പെട്ടുകയും ആർ.ശങ്കറിന്റെ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു.

മന്ത്രിസഭാ പതനത്തിനുശേഷം ആദ്ദേഹം സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയും, പിന്നീടു്. എസ്‌.എൻ. ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിലേക്ക്‌ മാത്രമായി പൊതുപ്രവർത്തനം ഒതുക്കി. 1965-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പിന്നീട് എ.ഐ.സി.സി. നിർദ്ദേശപ്രകാരം ചിറയിൻകീഴ്‌ മണ്ടലത്തിൽ നിന്നും അദ്ദേഹം ലോക്‌സഭയിലേക്കു് മത്സരിച്ചു. സ്വർണ്ണത്തിൽ പണിത ഒരു നിലവിളക്കു് അദ്ദേഹം സമ്മാനമായി വാങ്ങിച്ചുവെന്ന ആരോപണം അക്കാലത്തു് സജീവമായിരുന്നു. ആ തെരഞ്ഞെടുപ്പിൽ അദ്ദേഹം ചിറയിൻകീഴിൽ പരാജയപ്പെട്ടു.

കൃതികൾതിരുത്തുക

സ്വന്തം ഉടമസ്ഥതയിൽ ആരംഭിച്ച ദിനമണി എന്ന ദിനപത്രത്തിന്റെ മുഖ്യപത്രാധിപരായിരുന്ന അദ്ദേഹം രസതന്ത്രത്തെ കുറിച്ചു് രണ്ടു് പുസ്തകങ്ങളും രചിച്ചിട്ടുണ്ടു്.

കുടുംബംതിരുത്തുക

ഭാര്യ - ലക്ഷ്മിക്കുട്ടി, മകൻ - മോഹൻ ശങ്കർ, ബി.ജെ.പി. സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് മൽസരിച്ചിട്ടുണ്ട്.

Preceded by
പട്ടം താണുപിള്ള
കേരളത്തിലെ മുഖ്യമന്ത്രിമാർ
1962– 1964
Succeeded by
ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌

അവലംബംതിരുത്തുക

 1. http://www.stateofkerala.in/niyamasabha/sankar.php
"https://ml.wikipedia.org/w/index.php?title=ആർ._ശങ്കർ&oldid=3319387" എന്ന താളിൽനിന്ന് ശേഖരിച്ചത്