ഏകാദശികളിൽ ഏറെ പ്രധാനപ്പെട്ടതാണ്‌ വൈകുണ്ഠ ഏകാദശി അഥവാ സ്വർഗ്ഗവാതിൽ ഏകാദശി അല്ലെങ്കിൽ പുത്രദാ ഏകാദശി.[അവലംബം ആവശ്യമാണ്] ധനുമാസത്തിലെ (ഏകദേശം ഡിസംബർ, ജനുവരി) വെളുത്ത ഏകാദശിയാണ് വൈകുണ്ഠ ഏകാദശിയായി ആചരിച്ചുവരുന്നത്. മഹാവിഷ്ണു അല്ലെങ്കിൽ ശ്രീകൃഷ്ണ ഭക്തർക്ക് ഇത് വളരെ പ്രധാനപ്പെട്ട ദിവസമാണ്. മഹാവിഷ്ണു വൈകുണ്ഠത്തിലേയ്ക്കുള്ള വാതിൽ അല്ലെങ്കിൽ സ്വർഗ്ഗകവാടം തുറക്കുന്ന ദിവസമാണ് ഇതെന്നാണ് വിശ്വാസം. പുത്രദാ ഏകാദശി എന്നും ഇതറിയപ്പെടുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ ഈ ഏകാദശി വിധിയാവണ്ണം അനുഷ്ഠിച്ചാൽ സൽപുത്രനോ പുത്രിയോ ജനിക്കുമെന്നും, സർവ്വ അനുഗ്രഹങ്ങൾ ഉണ്ടാകുമെന്നും പുരാണങ്ങളിൽ കാണാം.

വൈകുണ്ഠ ഏകാദശി, സ്വർഗ്ഗവാതിൽ ഏകാദശി, പുത്രദാ ഏകാദശി
ഔദ്യോഗിക നാമംवैकुण्ठ एकादशी
തരംമതപരം
പ്രാധാന്യംദുഃഖമോചനം, വൈകുണ്ഠ പ്രാപ്തി അല്ലെങ്കിൽ സ്വർഗ്ഗപ്രാപ്തി, ദാരിദ്ര്യനാശം, ഐശ്വര്യം, സൽപുത്ര ലബ്ദി, മോക്ഷം, ദൈവാധീനം, ആപത്തിൽ രക്ഷ
അനുഷ്ഠാനങ്ങൾനോമ്പ്
തിയ്യതിധനു māsa, ശുക്ല pakṣa, ഏകാദശി tithi
ആവൃത്തിവാർഷികം

ഭഗവാൻ കൃഷ്ണൻ കുചേലന്റെ അവൽപ്പൊതി സ്വീകരിച്ചു കൊണ്ട് അയാളെ കുബേരനാക്കിയ ദിവസമാണ് എന്നും വിശ്വാസമുണ്ട്. ശ്രീകൃഷ്ണൻ അർജുനന് ഭഗവദ്ഗീത ഉപദേശിച്ച ദിവസമാണെന്ന് മറ്റൊരു വിശ്വാസം. അതിനാൽ ഗീതാദിനം എന്നും ഇതറിയപ്പെടുന്നു.

മിക്ക വൈഷ്ണവ (കൃഷ്ണ) ക്ഷേത്രങ്ങളിലും ഇത് ആഘോഷ ദിവസമാണ്. വിഷ്ണു അഥവാ കൃഷ്ണ ക്ഷേത്രദർശനം നടത്താൻ വളരെ വിശേഷപ്പെട്ട ദിവസമാണ് ഇതെന്ന് സങ്കല്പം. ഇഹലോക സുഖവും പരലോക മോക്ഷവും ഫലം. വൈഷ്ണവ ക്ഷേത്രങ്ങളിൽ തിരക്ക് അനുഭവപ്പെടുന്ന ദിവസം കൂടിയാണ് ഇത്. ചില ക്ഷേത്രങ്ങളിൽ ഉത്സവം നടക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.

അന്ന് ക്ഷേത്രത്തിന്റെ മുൻവാതിൽ സ്വർഗ്ഗവാതിൽ അല്ലെങ്കിൽ വൈകുണ്ഠ കവാടമായി സങ്കൽപ്പിച്ചു പ്രത്യേക പൂജ നടത്തുന്നു, അതിൽകൂടി കടന്ന് ദർശനവും ആരാധനയും നടത്തി മറ്റൊരു വാതിൽ വഴി (മിക്കവാറും പിൻവാതിൽ വഴി) പുറത്തു വരുന്നത് സ്വർഗ്ഗവാതിൽ ഏകാദശിയുടെ പ്രധാന ചടങ്ങാണ്. അതിലൂടെ സ്വർഗമോ അതിനേക്കാൾ ശ്രേഷ്ഠമായ വൈകുണ്ഠത്തിലൂടെയോ കടന്നു പോകുന്നു എന്നാണ് വിശ്വാസം. മരിച്ചു പോയവരുടെ പിതൃ പ്രീതിക്കായി വഴിപാടുകൾ നടത്തുവാനും പാവങ്ങൾക്ക് ഭക്ഷണം, വസ്ത്രം, കഴിവുപോലെ മറ്റ് സഹായങ്ങൾ എന്നിവ ദാനം ചെയ്യുവാനും പറ്റിയ ദിവസമാണ് ഇതെന്നാണ് വിശ്വാസം. സ്വർഗ്ഗവാതിൽ ഏകാദശിവ്രതം അനുഷ്ഠിച്ചാൽ ഐശ്വര്യലബ്ദി, രോഗശമനം, വൈകുണ്ഠ പ്രാപ്തി അല്ലെങ്കിൽ സ്വർഗ്ഗപ്രാപ്തി, മോക്ഷപ്രാപ്തി, ദൈവാനുഗ്രഹം, ആപത്തിൽ രക്ഷ എന്നിവ ലഭിക്കുമെന്നാണ് വിശ്വാസം. അന്ന് വ്രതമെടുക്കുന്നവരുടെ ഗൗരവമായ പാപങ്ങൾ മൂലം ദുരിതം അനുഭവിക്കുന്ന പിതൃക്കൾക്ക് പോലും വൈകുണ്ഠ പ്രാപ്തി ലഭിക്കുമെന്നാണ് വിശ്വാസം. അന്ന് മരണപ്പെടുന്ന ഭക്തന്മാർക്ക് മോക്ഷപ്രാപ്തിയോ സ്വർഗ്ഗമോ ഉണ്ടാകുമെന്നും വിശ്വസിച്ചുവരുന്നു.

കേരളത്തിൽ തിരുവനന്തപുരം ശ്രീപദ്മനാഭ ക്ഷേത്രം, ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, തൃശൂർ തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം, നെല്ലുവായ് ധന്വന്തരി ക്ഷേത്രം, പെരിങ്ങാവ് ധന്വന്തരി ക്ഷേത്രം, എറണാകുളം തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം, കോട്ടയം തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, വയനാട് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം, മലപ്പുറം ജില്ലയിലെ തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, കോട്ടക്കൽ വിശ്വംഭര (ധന്വന്തരി) ക്ഷേത്രം, ചേർത്തല മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രം, നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, പത്തനംതിട്ട ജില്ലയിലെ ആറന്മുള ശ്രീകൃഷ്ണ ക്ഷേത്രം, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം, കണ്ണൂർ ജില്ലയിലെ തൃച്ചംബരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, തുറവൂർ മഹാക്ഷേത്രം, വർക്കല ജനാർദനസ്വാമി ക്ഷേത്രം, കാസർഗോഡ് അനന്തപുരം തടാക ക്ഷേത്രം, പാലാ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം തുടങ്ങിയ പ്രധാന വൈഷ്ണവ ക്ഷേത്രങ്ങളിൽ ഇത് വിശേഷ ദിവസമാണ്. ശ്രീരംഗം, തിരുപ്പതി തുടങ്ങി എല്ലാ വൈഷ്ണവ ദേവാലയങ്ങളിലും വളരെയധികം പ്രാധാന്യത്തോടെ ഈ ദിവസം ആചരിച്ചുവരുന്നു.

ഐതിഹ്യം

തിരുത്തുക

ഭഗവാൻ കൃഷ്ണൻ സതീർത്ഥ്യനായിരുന്ന കുചേലൻറെ അവിൽപ്പൊതി പങ്കുവച്ച്‌ കുചേലനെ കുബേരനാക്കിയ ദിവസമാണ്‌ സ്വർഗ്ഗവാതിൽ ഏകാദശിയെന്ന്‌ വിശ്വാസം.

കുരുക്ഷേത്ര യുദ്ധത്തിൽ അർജ്ജുനന്‌ വിഷാദരോഗം അനുഭവപ്പെട്ടപ്പോൾ ഭഗവാൻ കൃഷ്ണൻ ജീവിതത്തിൻറെയും മരണത്തിൻറെയും തത്ത്വശാസ്ത്രം ഭഗവദ്ഗീതയിലൂടെ അർജ്ജുനനെ ഉപദേശിച്ചതും ഈ ദിവസത്തിലാണെന്ന്‌ കരുതുന്നു. അതിനാൽ സ്വർഗ്ഗവാതിൽ ഏകാദശി ദിനത്തെ ഗീതാജയന്തി ഉത്സവ ദിനമായും ആഘോഷിക്കുന്നു.

അവലംബങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വൈകുണ്ഠ_ഏകാദശി&oldid=4347436" എന്ന താളിൽനിന്ന് ശേഖരിച്ചത്