കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ തുടക്കം മുതലുള്ള ചരിത്രം

കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പിറവി കൊള്ളുന്നത് 1937 ൽ കോഴിക്കോടുള്ള തിരുവണ്ണൂരിൽ വച്ചു നടന്ന യോഗത്തോടെയാണ്. കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലെ നാലംഗങ്ങളും, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു കേന്ദ്ര കമ്മറ്റിയംഗവുമാണ് ഈ ആദ്യ യോഗത്തിൽ സംബന്ധിച്ചത്[1]. 1931 ൽ തിരുവനന്തപുരത്ത് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ലീഗ് രൂപം കൊണ്ടിരുന്നുവെങ്കിലും ഇതിനെ മാർക്സിസ്റ്റ്-ലെനിസിസ്റ്റുകാർ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായി അംഗീകരിച്ചിരുന്നില്ല.[2] പാർട്ടി കെട്ടിപ്പടുക്കേണ്ടത് മുകളിൽ നിന്നുമാണ് എന്ന തത്ത്വം അംഗീകരിച്ചിരുന്നതുകൊണ്ടാണ് ഇത്[3][4]. 1934 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ ഇടതുപക്ഷ ചിന്താഗതിക്കാർ ചേർന്ന് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചിരുന്നു, പക്ഷേ ഈ പാർട്ടി രൂപവത്കരിക്കുന്ന സമയത്ത് കമ്മ്യൂണിസത്തെക്കുറിച്ച് സ്ഥാപകനേതാക്കൾക്ക് കേട്ടറിവു മാത്രമേ ഉണ്ടായിരുന്നുള്ളു.

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
(സി.പി.ഐ)

എ.ഐ.ടി.യു.സി.
എ.ഐ.കെ.എസ്.
എ.ഐ.വൈ.എഫ്.- എ.ഐ.എസ്.എഫ്.
എൻ.എഫ്.ഐ.ഡബ്ല്യു.-ബി.എം.കെ.യു.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
(സി.പി.ഐ (എം))

സി.ഐ.ടി.യു - എ.ഐ.കെ.എസ്.
ഡി.വൈ.എഫ്.ഐ.- എസ്.എഫ്.ഐ.
എ.ഐ.ഡി.ഡബ്ല്യു.എ. - ജി.എം.പി.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (എം-എൽ)
ലിബറേഷൻ -
റെഡ് ഫ്ലാഗ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)

ജനകീയ മുന്നേറ്റങ്ങൾ
പുന്നപ്ര-വയലാർ സമരം - കയ്യൂർ സമരം-
കാടകം വനസത്യാഗ്രഹം
കൊട്ടിയൂർ സമരം - കവ്വായി സമരം -
ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണം

കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കൾ
പി. കൃഷ്ണപിള്ള
സി. അച്യുതമേനോൻ
എ.കെ. ഗോപാലൻ
എം.എൻ. ഗോവിന്ദൻ നായർ
ഇ.എം.എസ്. നമ്പൂതിരിപ്പാട്
ടി.വി. തോമസ്
എൻ.ഇ. ബാലറാം
കെ. ദാമോദരൻ
കെ.ആർ. ഗൗരിയമ്മ
കെ. ദേവയാനി
എസ്. കുമാരൻ
തോപ്പിൽ ഭാസി
പി.കെ. വാസുദേവൻ നായർ
ഇ.കെ. നായനാർ
വി.എസ്. അച്യുതാനന്ദൻ

കമ്മ്യൂണിസം കവാടം

1939 ൽ പിണറായി സമ്മേളനത്തോടെയാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഔദ്യോഗികമായി രൂപം കൊള്ളുന്നത്. ഈ സമ്മേളനത്തോടെ കേരളത്തിലെ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി അംഗങ്ങൾ എല്ലാം തന്നെ കമ്മ്യൂണിസ്റ്റുകാരായി മാറി. ദത്ത്-ബ്രാഡ്ലെ തിസീസ് പ്രകാരം, കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുമായി യോജിച്ചു പ്രവ‍ർത്തിക്കാൻ ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് ഘടകം തീരുമാനിച്ചു.[5] ഇതിന്റെ തുടർനടപടി എന്നോണം കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര കമ്മറ്റി അംഗമായ പി. സുന്ദരയ്യ കേരളത്തിലെ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് നേതാക്കളായ പി.കൃഷ്ണപിള്ളയേയും, ഇ.എം.എസ്സ്. നമ്പൂതിരിപ്പാടിനേയും തുടർച്ചയായി കണ്ടു സംസാരിക്കാൻ തുടങ്ങി. ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ചു വളർന്ന കൃഷ്ണപിള്ള തൊഴിലാളി വർഗ്ഗത്തിന്റെ ക്ഷേമത്തിനു വേണ്ടിയുള്ള ആശയങ്ങളോട് വേഗത്തിൽ അടുത്തു.[6]

രൂപവത്ക്കരണം തിരുത്തുക

ഒരു മാറ്റത്തിനു വേണ്ടി ആഗ്രഹിച്ചിരുന്ന കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി അംഗങ്ങളുടെ ഇടയിലേക്കാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേന്ദ്ര കമ്മറ്റി അംഗങ്ങളായ പി.സുന്ദരയ്യയും, എസ്.വി.ഘാട്ടെയും കമ്മ്യൂണിസ്റ്റ് ചിന്താഗതികളുമായി എത്തുന്നത്. ഭാരതത്തിൽ കമ്മ്യൂണിസം പ്രചരിപ്പിക്കാനായി കോൺഗ്രസ്സിലെ ഇടതുപക്ഷ ചിന്താഗതിക്കാരായ ആളുകൾ രൂപീകരിച്ച കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുമായി കൂട്ടുകൂടുക എന്ന ഒരു പ്രമേയം കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര നേതൃത്വം അംഗീകരിച്ചിരുന്നു.[7] ഇതിനു വേണ്ടി നിയോഗിക്കപ്പെട്ടത് പി.സുന്ദരയ്യയും, ഘാട്ടേയും ആയിരുന്നു. ഇവർ കേരളത്തിലേക്ക് തുടർച്ചയായ സന്ദർശനങ്ങൾ നടത്തി. 1936 ജനുവരിയിൽ ഇ.എം.എസ്സ് നമ്പൂതിരിപ്പാടിനെ ഘാട്ടേയും, സുന്ദരയ്യയും ചേർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർത്തു.[8] ഇതോടെ രഹസ്യമായെങ്കിലും കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രവർത്തനം തുടങ്ങി. കമ്മ്യൂണിസത്തിലേക്ക് ആകർഷിക്കപ്പെടുന്ന കേരളത്തിലെ നേതാക്കൾക്ക് നേതൃത്വം കൊടുക്കാൻ ഒരു സമിതി രൂപീകരിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര കമ്മറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കോഴിക്കോടുള്ള തിരുവണ്ണൂരിൽ വെച്ചു നടന്ന ഒരു യോഗത്തിൽ ഇ.എം.എസ്സ്, പി. കൃഷ്ണപിള്ള, കെ. ദാമോദരൻ, എൻ.സി. ശേഖർ എന്നിവരും കേന്ദ്ര കമ്മറ്റിയിൽ നിന്നുള്ള എസ്.വി.ഘാട്ടേയും ചേർത്ത് ഒരു അഞ്ചംഗ കമ്മറ്റി രൂപീകരിക്കുകയുണ്ടായി[9].[10] കോൺഗ്രസ്സ് സോഷ്യലിസ്റ്റുകാർക്കിടയിൽ ഒരു അടിത്തറ സൃഷ്ടിച്ചെടുക്കുന്നതുവരെ ഈ പാർട്ടിയെ പരസ്യമായി കമ്മ്യൂണിസ്റ്റ് പാർട്ടി എന്നു വിളിക്കേണ്ടതില്ല എന്ന് സമിതിയിൽ തീരുമാനമായി. [11]

പാർട്ടി രൂപവത്കരണത്തെക്കുറിച്ച് 1990ൽ രചിച്ച കേരളചരിത്രം മാർക്സിസ്റ്റ് വീക്ഷണത്തിൽ എന്ന വിഖ്യാത കൃതിയിൽ ഇ എം എസ് ഇപ്രകാരം പറയുന്നു,

[...] കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിക്കകത്തെ ആഭ്യന്തരസമരം കൂടുതൽ രൂക്ഷമായതോടുകൂടി, കേരളത്തിലെ സോഷ്യലിസ്റ്റണികൾ ഒന്നടങ്കം സോവിയറ്റ് അനുകൂലവും കമ്യൂണിസ്റ്റ് അനുകൂലവുമായ ഇടതുപക്ഷത്തെ അനുകൂലിക്കുകയും സോവിയറ്റ് വിരുദ്ധവും കമ്യൂണിസ്റ്റ് വിരുദ്ധവുമായ വലതുപക്ഷത്തെ എതിർക്കുകയും ചെയ്യുന്ന നിലപാട് സ്വീകരിച്ചു. കൂടാതെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ഏറ്റവും ഉന്നതരായ ചില പ്രവിശ്യാനേതാക്കന്മാരുൾപ്പെടുന്ന വ്യക്തമായ ഒരു കമ്യൂണിസ്റ്റ് സംഘടന 1937-ൽ കേരളത്തിൽ രൂപീകരിക്കപ്പെടുകയും ചെയ്തു. 1938-39കളിൽ ഈ ഗ്രൂപ്പ് നടത്തിയ പ്രവർത്തനത്തിൻ്റെയും അതോടൊപ്പം രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് കമ്യൂണിസ്റ്റ് നയങ്ങളും സോഷ്യലിസ്റ്റ് നയങ്ങളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൻ്റെയും ഫലമായി 1940-ൽ കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി കമ്യൂണിസ്റ്റ് പാർട്ടിയായി രൂപാന്തരപ്പെട്ടു. [12]

പിണറായി സമ്മേളനം തിരുത്തുക

1939 ൽ രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയും, കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര കമ്മറ്റിയുമായുളള ബന്ധം താരതമ്യേന ശിഥിലമായി. 1939 ഡിസംബർ മാസം അവസാനം കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്ത് പിണറായി എന്ന ഗ്രാമത്തിൽ പി. കൃഷ്ണപിള്ള, ഇ.എം.എസ്സ്, കെ.ദാമോദരൻ, എൻ.സി.ശേഖർ, എൻ.ഇ. ബാലറാം,പി എസ് നമ്പൂതിരി തുടങ്ങി തൊണ്ണൂറോളം കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി നേതാക്കൾ ഒത്തുകൂടുകയും കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ കേരള ഘടകത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയായി രൂപാന്തരപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു.[൧][13] തുടക്കത്തിൽ മാർക്സിസ്റ്റ് പാർട്ടിയായി പ്രവർത്തിച്ചിട്ട് പിന്നീട് കമ്മ്യൂണിസത്തിലേക്ക് മാറിയാൽ മതിയെന്നുള്ള അഭിപ്രായങ്ങളും ഈ സമ്മേളനത്തിൽ ഉയർന്നു വന്നു. എന്നാൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ കേരളഘടകം ഒന്നടങ്കം കമ്മ്യൂണിസത്തിലേക്ക് മാറുകയാണെന്ന പ്രമേയം സമ്മേളനം അംഗീകരിച്ചു. 90 ഓളം ആളുകൾ പങ്കെടുത്ത ഒരു സമ്മേളനമായിരുന്നു പിണറായിയിൽ വെച്ചു നടന്നത്. കോൺഗ്രസ്സ് പാർട്ടി ജനങ്ങളെ വഞ്ചിച്ചതായും താനിനി കോൺഗ്രസ്സ് പാർട്ടിയിലേക്കില്ലെന്നും മറിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിലായിരിക്കും താനിനി പ്രവർത്തിക്കുക എന്ന് സി.എസ്.പി പാർട്ടി എക്സിക്യൂട്ടീവിൽ കൃഷ്ണപിള്ള പറയുകയുണ്ടായി[14]. മൂന്നര മണിക്കൂറോളം നീണ്ട സുദീർഘമായ പ്രസംഗമാണ് കൃഷ്ണപിള്ള പിണറായി സമ്മേളനത്തിൽ വെച്ചു നടത്തിയത്.[15] കോൺഗ്രസ്സിന്റെ നിഷ്ക്രിയത്വം അവസാനിപ്പിക്കാനും, വർദ്ധിച്ചു വരുന്ന സാമ്പത്തിക പ്രശ്നങ്ങളെ നേരിടുവാനും ഇനി കമ്മ്യൂണിസത്തിലൂടെ മാത്രമേ സാധിക്കൂ എന്ന് കൃഷ്ണപിള്ളയും, ഇ.എം.എസ്സും ഉദാഹരണ സഹിതം സമർത്ഥിച്ചു.[16] 1937 ൽ ഈ നാലുപേരടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ച വിവരം അന്നു മാത്രമേ അവർ പുറത്തു പറഞ്ഞുള്ളു. ഭാവി പരിപാടികളെക്കുറിച്ച് വ്യക്തമായ ആശയങ്ങളൊന്നും തന്നെ പിണറായി സമ്മേളനത്തിൽ ഉരുത്തിരിഞ്ഞിരുന്നില്ല. പ്രവർത്തക സമ്മേളനങ്ങൾ, പാർട്ടി ക്ലാസ്സുകൾ, യോഗങ്ങൾ എന്നിവ സംഘടിപ്പിക്കുക എന്നതായിരുന്നു പുതിയ സംഘടന പിന്നീട് കുറേക്കാലം ചെയ്തുകൊണ്ടിരുന്നത്. [17] കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലെ എല്ലാ അംഗങ്ങൾക്കും ഈ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും, ഓരോരുത്തരും പാർട്ടിയുടെ ഈ തീരുമാനത്തെ ഐക്യകണ്ഠേന അംഗീകരിക്കുകായിരുന്നു. [18] കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ കേരള സംസ്ഥാന സമിതിയുടെ പ്രവർത്തനം ഔപചാരികമായി ആരംഭിച്ചത് പിണറായി - പാറപ്രം സമ്മേളനത്തെ തുടർന്നാണ്.

പ്രഭാതം വാരിക തിരുത്തുക

1938-1939 കാലഘട്ടത്തിൽ മുമ്പൊരിക്കൽ നിന്നുപോയിരുന്ന പ്രഭാതം വാരിക വീണ്ടും പ്രസിദ്ധീകരണമാരംഭിച്ചു. പ്രഭാതം കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടേയും, കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയും മുഖപത്രമായാണ് പുറത്തു വന്നുകൊണ്ടിരുന്നത്. മലയാളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖപത്രം പ്രഭാതം വാരികയാണെന്ന് ഇ.എം.എസ്സ് രേഖപ്പെടുത്തുന്നു. [19] എന്നാൽ പ്രഭാതം ഔദ്യോഗികമായി കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ മുഖപത്രമായിരുന്നു. ആ കാലഘട്ടത്തിൽ ഉയർന്നു വന്നിരുന്ന ബഹുജനമുന്നേറ്റങ്ങളെക്കുറിച്ചെല്ലാം പ്രഭാതം അണമുറിയാതെ എഴുതിയിരുന്നു. മലബാറിലെ കർഷകപ്രസ്ഥാനങ്ങളുടെ വളർച്ചക്ക് ഇത്തരം ലേഖനങ്ങൾ കാരണമായിത്തീർന്നു. മലബാറിൽ നിന്നാണ് പ്രസിദ്ധീകരണം തുടങ്ങിയതെങ്കിലും, കൊച്ചിയിലേയും തിരുവിതാംകൂറിലേയും രാഷ്ട്രീയ ആശയങ്ങൾക്കു കരുത്തു പകരാൻ അന്ന് പ്രഭാതം വാരികയ്ക്കു കഴിഞ്ഞിരുന്നു.[20]

ശൈശവ ദശ തിരുത്തുക

1940 കളായപ്പോഴേക്കും കോൺഗ്രസ്സിൽ നിന്നും വിട്ട് ഇടതുപക്ഷചിന്താഗതി വച്ചു പുലർത്തിയ നേതാക്കൾ അണ്ടർഗ്രൗണ്ടിൽ നിന്നും വെളിച്ചത്തിലേക്ക് വന്നു പ്രവർത്തിക്കാൻ തുടങ്ങി. ഒളിവിലായിരുന്ന കാലഘട്ടത്തിൽ അവർക്ക് കോൺഗ്രസ്സിലുണ്ടായിരുന്ന സ്വാധീനശക്തി നഷ്ടപ്പെട്ടിരുന്നു. അതോടെ പുതിയ ഒരു പ്രസ്ഥാനത്തിലിറങ്ങി പ്രവർത്തിക്കാൻ അവർ നിർബന്ധിതരായിത്തീർന്നു. [21]സോവിയറ്റ് യൂണിയന്റെ മാതൃകയിൽ ഒരു സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കണം എന്ന് പാർട്ടിയുടെ നേതൃത്വം ചിന്തിച്ചിരുന്നുവെങ്കിലും അതെങ്ങിനെ എന്ന് അവർക്കറിയാമുണ്ടായിരുന്നില്ല. മാർക്സിസം എന്ന ആശയം അവർക്ക് അപരിചിതമായിരുന്നു.[22] കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയിൽ നിരോധിക്കപ്പെട്ടു. അതിന്റെ നേതാക്കളെ സർക്കാർ വേട്ടയാടാൻ തുടങ്ങി. കൃഷ്ണപിള്ളയടക്കമുള്ള നേതാക്കൾ ഒളിവിൽ പോയി. ഒളിവിലിരുന്നുകൊണ്ടാണ് നേതാക്കൾ പാർട്ടിയുടെ സംഘടനാപ്രവർത്തനങ്ങൾ നടത്തിയിരുന്നത്. പാർട്ടിയുടെ നേതാക്കളെ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുന്നതും, സന്ദേശങ്ങൾ കൈമാറുന്നതുമെല്ലാം ടെക് എന്ന ഒരു രഹസ്യസംവിധാനത്തിലൂടെയായിരുന്നു. പ്രവർത്തന സൗകര്യത്തിനായി കേരളത്തെ പതിനൊന്നും ഭാഗങ്ങളായി തിരിച്ചിരുന്നു. പാതാള ലോകം ഓഫീസ് എന്നാണ് ഓരോ ഭാഗത്തേയും പാർട്ടി കേന്ദ്രങ്ങൾ അറിയപ്പെട്ടിരുന്നത്.


1942 ൽ കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് ഒളിവിൽ നിന്നും പുറത്തു വന്നു പ്രവർത്തിക്കാൻ കഴിഞ്ഞു. ഇക്കാലത്താണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക മുഖപത്രമായ ദേശാഭിമാനി പ്രസിദ്ധീകരിക്കപ്പെടുന്നത്. ദേശാഭിമാനിയുടെ അച്ചടിയും പ്രചാരണവും എല്ലാം വളരെയധികം കടുത്ത പ്രതിസന്ധികൾ തരണം ചെയ്തായിരുന്നു. ഇതിനു വേണ്ടി ഒരു സുശക്തമായ സംഘടന കെട്ടിപ്പടുക്കേണ്ടതുണ്ടായിരുന്നു. കൂടാതെ ധാരാളം ധനവും വേണ്ടിയിരുന്നു. അക്കാലത്തെ മികച്ച സംഘാടകനും, ജനകീയ നേതാവുമായിരുന്ന കൃഷ്ണപിള്ളയായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിക്കു വേണ്ടി ഈ വെല്ലുവിളി ഏറ്റെടുത്തത്. [23]

പ്രവിശ്യാ തിരഞ്ഞെടുപ്പുകൾ തിരുത്തുക

കമ്മ്യൂണിസ്റ്റ് പാർട്ടി സ്വന്തം നയപ്രഖ്യാപനരേഖയോടുകൂടി ഒരു തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ മുന്നിലേക്കു വന്നത് 1945 ലെ പ്രവിശ്യാ തിരഞ്ഞെടുപ്പിലാണ്. കേരളത്തിൽ ഈ തിരഞ്ഞെടുപ്പുകളിലൊന്നും തന്നെ പാർട്ടിയുടെ സ്ഥാനാർത്ഥികൾക്ക് വിജയിക്കാനായി കഴിഞ്ഞില്ല. എന്നാൽ കോൺഗ്രസ്സിൽ നിന്നും വ്യത്യസ്തമായി ഈ പുതിയ പാർട്ടിക്ക് ഒരു വിപ്ലവാത്മക കാഴ്ചപ്പാടുണ്ടായിരുന്നതായി ജനങ്ങൾക്കു മനസ്സിലായി എന്നതാണ് ഈ തിരഞ്ഞെടുപ്പുകൾകൊണ്ടുണ്ടായ നേട്ടങ്ങളിലൊന്ന്. [24] മലബാറിൽ മുസ്ലീം മണ്ഡലങ്ങളിലൊഴികെ ഒന്നിലും പാർട്ടി സ്ഥാനാർത്ഥികൾക്ക് കെട്ടി വച്ച പണം നഷ്ടപ്പെട്ടില്ലായിരുന്നു. മാത്രമല്ല, പാർട്ടി സ്ഥാനാർത്ഥികൾക്കു കിട്ടിയ മൊത്തം വോട്ട് രേഖപ്പെടുത്തിയ വോട്ടിന്റെ നാലിലൊന്നു വരികയും ചെയ്തു. [25] തൊഴിലാളികൾക്കായുള്ള സംവരണ മണ്ഡലങ്ങളിൽ ആയിരക്കണക്കിനു വോട്ടുകൾ നേടിയാണ് ചിലയിടത്തെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥികൾ വിജയിച്ചത്. കോൺഗ്രസ്സിനേയും, മുസ്ലിം ലീഗിനേയും പോലെ കമ്മ്യൂണിസ്റ്റു പാർട്ടിയും അന്താരാഷ്ട്ര തലത്തിലേക്കുയരുകയായിരുന്നു എന്നാണ് ഇത് തെളിയിക്കുന്നത്.[26]

മഹിളാ പ്രസ്ഥാനം തിരുത്തുക

1942 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനത്തിന്റെ മുഖ്യധാരയിലേക്ക് വനിതകളേക്കൂടി കൊണ്ടു വരാൻ തീരുമാനിച്ചു. കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ആൾ ഇന്ത്യാ വിമൺസ് കോൺഫറൻസ് എന്ന അഖിലേന്ത്യാ സംഘടന മാത്രമേ അക്കാലത്തു നിലവിലുണ്ടായിരുന്നുള്ളു. കമ്മ്യൂണിസ്റ്റ് പ്രവർത്തകരുടെ ശ്രമഫലമായി കർഷകകുടുംബങ്ങളിലേയും, തൊഴിലാളി കുടുംബങ്ങളിലേയും സ്ത്രീകൾ വനിതാപ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടു. പിൽക്കാലത്ത് മഹിളാസംഘത്തിന്റെ ശ്രദ്ധേയ പ്രവർത്തകയായി മാറിയ കെ. ദേവയാനി ആയിരുന്നു അന്ന് സ്ത്രീകളെ പ്രസ്ഥാനത്തിലേക്കു കൊണ്ടു വരുവാൻ മുന്നിട്ടിറങ്ങിയത്[27]. കൃഷ്ണപിള്ള ദേവയാനിയെ കണ്ട് സ്ത്രീകൾകൂടി മനുഷ്യനെ മോചിപ്പിക്കുന്ന കമ്മ്യൂണിസം എന്ന സംഘടനയിലേക്കു കടന്നു വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു സംസാരിച്ചു. തൊഴിലാളികളെ സംഘടിപ്പിക്കാനും, യോഗം വിളിക്കാനും എല്ലാം വേണ്ടി ദേവയാനിക്കു കൂട്ടായി, കൃഷ്ണപിള്ള തന്റെ ഭാര്യയായിരുന്ന തങ്കമ്മയെക്കൂടി രംഗത്തിറക്കുകയുണ്ടായി. [28] അമ്പലപ്പുഴ താലൂക്ക് മഹിളാ സമാജം എന്ന പേരിലാണ് ആദ്യമായി മഹിളാ സംഘടന രൂപം കൊള്ളുന്നത്. ആദ്യം ദേവയാനിയും, വർഗീസ് വൈദ്യന്റെ സഹോദരി അമ്മിണിയുമായിരുന്നു മുഖ്യ പ്രവർത്തകർ. തിരുവിതാംകൂർ കയർ ഫാക്ടറി തൊഴിലാളി യൂണിയനാഫീസിൽ വച്ചായിരുന്നു ഈ സംഘടനയുടെ രൂപീകരണ യോഗം നടന്നത്. [29]

കയ്യൂർ സമരം തിരുത്തുക

മുമ്പത്തെ ദക്ഷിണ കാനറ ജില്ലയിലെ, കാസർഗോഡ് താലൂക്കിലുള്ള ഒരു ഗ്രാമമാണ് കയ്യൂർ. കാർഷിക വൃത്തികൊണ്ട് മാത്രം ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങൾ താമസിച്ചിരുന്ന സ്ഥലം. മറ്റെല്ലായിടത്തേയും പോലെ, ജന്മിത്ത ചൂഷണം കൊടികുത്തി വാണിരുന്നു ഇവിടേയും. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി, ഓൾ കേരള മലബാർ കർഷക സംഘം എന്നൊരു സംഘട ഇവിടേയും രൂപം കൊണ്ടിരുന്നു.[30] വർദ്ധിച്ചുവരുന്ന ജന്മികളുടെ പീഡനത്തിനെതിരേ പ്രതികരിക്കാനും, അർഹതപ്പെട്ട അവകാശങ്ങൾ ചോദിച്ചു വാങ്ങാനും സർവ്വോപരി കർഷകരുടെ ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുക എന്നതായിരുന്നു മുഖ്യ ലക്ഷ്യം. 1939 ൽ ഔദ്യോഗികമായി രൂപംകൊണ്ട കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ്യ അജണ്ടയിലൊന്ന് ദേശീയ പ്രസ്ഥാനത്തിനു ശക്തിപകരുവാനായി കർഷകസമൂഹത്തെ സംഘടിപ്പിക്കുക എന്നതായിരുന്നു. ഈ ലക്ഷ്യം ഓൾ കേരള മലബാർ കർഷക സംഘത്തിനു ശക്തി പകർന്നു. മലബാർ ടെനൻസി നിയമം ഇവിടെ പ്രാബല്യത്തിലില്ലാത്തതുകാരണം, കൃഷി ചെയ്തില്ലെങ്കിലും, ജന്മിമാർ കർഷകരുടെ കൂട്ടത്തിലാണ് കണക്കാക്കപ്പെട്ടിരുന്നത്. മലബാർ കർഷക സംഘത്തിന്റെ ഏക ആവശ്യം, കയ്യൂർ ഉൾപ്പെടുന്ന ഭൂവിഭാഗത്തിലും കൂടി മലബാർ ടെനൻസി ആക്ട് നടപ്പിൽ വരുത്തണം എന്നതായിരുന്നു.[31] ജന്മികൾ അവരുടെ കൂട്ടാളികളേയും കൂട്ടി കർഷകർ വിളയിച്ചത് പിടിച്ചെടുക്കാൻ മുതിർന്നു. കർഷകർ ഇതിനെ കൂട്ടായി എതിർത്തുവെങ്കിലും മുതലാളിമാർ പോലീസിന്റെ സഹായത്തോടെ ഈ ദുർബലമായി എതിർപ്പിനെ അടിച്ചമർത്തി. അതിശക്തമായ മർദ്ദനമുറകൾക്കെതിരേ പ്രതികരിക്കാൻ കർഷകസംഘം ഒരു സമ്മേളനം വിളിച്ചുകൂട്ടി. ഈ സമ്മേളത്തിനിടയിൽ കോപാക്രാന്തരായ ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ജന്മികളുടെ സഹായിയായിരുന്ന ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു.[31] ഇത് പ്രശ്നങ്ങളെ കൂടുതൽ വഷളാക്കി. കയ്യൂരും പരിസരത്തുമുള്ള 61 ഓളം ആളുകൾക്കെതിരേ പോലീസ് കേസെടുത്തു. വിപ്ലവത്തിനു നേതൃത്വം കൊടുത്തു എന്നു സംശയിക്കുന്ന അഞ്ചുപേരെ മരണം വരെ തൂക്കാൻ കോടതി വിധിച്ചു.[32] മഠത്തിൽ അപ്പു, കോയിത്താട്ടിൽ ചിരുകണ്ഠൻ, പൊതോറ കുഞ്ഞമ്പു നായർ, പള്ളിക്കൽ അബൂബക്കർ, ചൂരിക്കാടൻ കൃഷ്ണൻ നായർ എന്നിവരെ 1943 മാർച്ച് 29 ന് തൂക്കിലേറ്റി. [33]

പുന്നപ്ര-വയലാർ തിരുത്തുക

ജന്മിമാർക്ക് എതിരേ കർഷക കുടിയാന്മാരും കയർ ഫാക്ടറികളിൽ ചൂഷണം നേരിട്ട തൊഴിലാളികളും കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ മുന്നേറ്റമാണ് പുന്നപ്ര-വയലാർ സമരം. ആലപ്പുഴ ജില്ലയിലെ ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ ജന്മിമാർ ദിവാൻ സി.പി.രാമസ്വാമി അയ്യരുടെ സഹായത്തോടെ പാവപ്പെട്ട കർഷകരെ ചൂഷണം ചെയ്തു ജീവിക്കുകയായിരുന്നു. ചൂഷണം പ്രതിരോധിക്കുന്നതിനായി കർഷകർ കമ്യൂണിസ്റ്റ് പാർട്ടിയുടെ കീഴിൽ അണിനിരന്നു.[34] പരുക്കൻ വാരിക്കുന്തങ്ങൾ മാത്രം കൈയ്യിലേന്തി കർഷകർ സായുധസേനയോടു പൊരുതി. ആയിരക്കണക്കിനു തൊഴിലാളികൾ പുന്നപ്രയിലെ മണ്ണിൽ മരിച്ചു വീണു.[35] കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തെ ഉന്മൂലനം ചെയ്തു എന്ന് ദിവാൻ അവകാശപ്പെട്ടു. അമേരിക്കൻ മോഡൽ എന്ന കുപ്രസിദ്ധമായ ഭരണപരിഷ്കാരമാണ് ദിവാൻ നടപ്പിലാക്കാൻ ഉദ്ദേശിച്ചത്. ഇതിൻ പ്രകാരം യാതൊരു രീതിയിലും ഈ സംവിധാനത്തെ നീക്കം ചെയ്യാൻ കഴിയുമായിരുന്നില്ല. അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്നു പറഞ്ഞുകൊണ്ട് സ്റ്റേറ്റ് കോൺഗ്രസ്സ് ഈ നിർദ്ദേശത്തെ തള്ളിക്കളഞ്ഞു.[36] പുന്നപ്ര-വയലാറിലെ രക്തരൂക്ഷിത സമരത്തെ അടിച്ചമർത്താൻ ദിവാൻ.സി.പി. തന്നെ പോലീസ് സേനയുടെ നായകത്വം ഏറ്റെടുക്കുകയുണ്ടായി. സർക്കാരിന്റെ ഭീമമായ ശക്തിക്കുമുന്നിൽ പ്രാകൃതമായ ആയുധങ്ങളുമായി ഏറ്റുമുട്ടിയ തൊഴിലാളികൾക്ക് വിജയം കൈവരിക്കാൻ കഴിഞ്ഞില്ല.[37]

ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ തിരുത്തുക

ഏഷ്യയിലാദ്യമായി സ്വതന്ത്രവും നീതിപൂർവ്വവുമായ തിരഞ്ഞെടുപ്പിലൂടെ ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തിയത് കേരളത്തിലായിരുന്നു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും അതിനെ പിന്തുണച്ച സ്വതന്ത്രന്മാരും ചേർന്ന് തിരഞ്ഞെടുപ്പു നടന്ന 126 നിയോജകമണ്ഡലങ്ങളിൽ 65 എണ്ണത്തിൽ വിജയിച്ച് അധികാരത്തിലേക്കെത്തിച്ചേർന്നു. [38][39]. കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ചില നിയമനിർമ്മാണ നടപടികളും, നയങ്ങളും ചില വൃത്തങ്ങളിൽ എതിർപ്പു സൃഷ്ടിച്ചു. ഇത് വിമോചനസമരം എന്ന പേരിൽ ഒരു പ്രക്ഷോഭമായി കത്തിപ്പടർന്നു. ജൂൺ 12 ആം തീയതി എൻ.എസ്.എസ് നേതാവായിരുന്ന മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് സർക്കാരിനെ താഴെയിറക്കാൻ വിമോചനസമരം ആരംഭിച്ചു. .[40] കേരളത്തിലെ കമ്മ്യൂണിസ്റ്റിതര കക്ഷികളെല്ലാം തന്നെ ആ സമരത്തിൽ പങ്കാളികളായി. കേരളസംസ്ഥാനത്തെ ഭരണസമ്പ്രദായം ആകെ തകർന്നുവെന്ന് ഗവർണർ കേന്ദ്രത്തെ അറിയിച്ചു. 1959 ജൂലൈ 31 ആം തീയതി ഭരണഘടനയുടെ 356 ആം വകുപ്പനുസരിച്ച്[൨] കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ രാഷ്ട്രപതി പിരിച്ചുവിടുകയും, അധികാരം സ്വയം ഏറ്റെടുക്കുകയും ചെയ്തു.[38]


പിന്നീടു നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വിജയം കൈവരിക്കാൻ കഴിഞ്ഞില്ല. 1957 ൽ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കിൽ 1960 ലെ തിരഞ്ഞെടുപ്പിൽ അത് ന്യൂനപക്ഷമായി മാറി. എന്നാൽ 1957 ലെ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കിട്ടിയ വോട്ടിനേക്കാൾ പത്തു ലക്ഷം വോട്ടുകൾ കൂടുതൽ 1960 ലെ തിരഞ്ഞെടുപ്പിൽ പാർട്ടിക്കു ലഭിക്കുകയുണ്ടായി. [41]കമ്മ്യൂണിസ്റ്റ് നയങ്ങളോടും, സർക്കാരിനോടുമുള്ള ജനപിന്തുണ കുറഞ്ഞിരുന്നില്ല എന്നു വ്യക്തമാക്കുന്നതായിരുന്നു ഈ കണക്കുകൾ. [42]

കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഇടതുപക്ഷം തിരുത്തുക

1956 ലോക കമ്മ്യൂണിസ്റ്റ് സമ്മേളനത്തിനുശേഷം റഷ്യയും, ചൈനയും തമ്മിൽ ആശയപരമായി എതിർപ്പുകൾ പ്രകടിപ്പിച്ചിരുന്നു. ഇത് ഒരു സമവായത്തിലെത്തിക്കാൻ വേണ്ടി മോസ്കോയിൽ ഒരു അന്താരാഷ്ട്ര സമ്മേളനം വിളിച്ചു കൂട്ടിയിരുന്നു. ഈ സമ്മേളനത്തിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും പങ്കെടുത്തിരുന്നു.[43] എന്നാൽ അതിനു മുമ്പു തന്നെ, ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ട് വിരുദ്ധ ചേരികളിലേക്കെത്തിയിരുന്നു. മൂന്നു വിഷയങ്ങളിലായിരുന്നു ഈ തർക്കങ്ങൾ നിലനിന്നിരുന്നത്. ഇന്ത്യയിലെ ആഭ്യന്തര പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് സർക്കാരിനോട് സ്വീകരിക്കേണ്ട നിലപാടായിരുന്നു ഒന്ന്. രണ്ട്, ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംബന്ധിച്ച തർക്കങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകൾ, സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയും, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും തമ്മിലുള്ള അഭിപ്രായ തർക്കങ്ങളിൽ ഇന്ത്യൻ ഘടകം ആരുടെ കൂടെ നിൽക്കണം എന്നതു സംബന്ധിച്ചായിരുന്നു മൂന്നാമത്തെ വിഷയം.[44] ചൈനീസ് നിലപാടുകളെ അംഗീകരിച്ച വിഭാഗം കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഇടതുപക്ഷക്കാർ എന്നറിയപ്പെട്ടു. ഇവരെ വലതുപക്ഷക്കാർ ചൈനീസ് ചാരന്മാരെന്നും, ചൈനയുടെ ഏജന്റുമാരെന്നു വിളിക്കുകയുണ്ടായി. കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു പിളർപ്പിന്റെ വക്കിലെത്തി.[45] 1965 ൽ കേരള നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ഈ പിളർപ്പ് വളരെ വ്യക്തമായി പ്രതിഫലിച്ചു. സി.പി.ഐ യിലെ വലതുപക്ഷക്കാർ ആർ.എസ്.പിയുമായി ചേർന്ന് കോൺഗ്രസ്സിനേയും, സി.പി.ഐയുടെ ഇടതു പക്ഷത്തേയും ഒരു പോലെ എതിർത്തു. ഇതോടെ പാർട്ടിയിലെ പിളർപ്പു മറനീക്കി പുറത്തു വന്നു. തിരഞ്ഞെടുപ്പു കമ്മീഷൻ രാജ്യത്ത് രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളുണ്ടെന്ന് സമർത്ഥിച്ചു. പുതിയ വിഭാഗം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) എന്നറിയപ്പെട്ടു തുടങ്ങി. [46]

നക്സൽ മുന്നേറ്റം തിരുത്തുക

1967 ൽ പശ്ചിമബംഗാളിലെ നക്സൽബാരി എന്ന ഗ്രാമത്തിൽ നടന്ന വിപ്ലവമുന്നേറ്റത്തിന്റെ അലകൾ കൊച്ചു കേരളത്തിലേക്കും പടർന്നു. ആശയപ്രചരണത്തിലുപരി പ്രവർത്തനത്തിലൂടെയാണ് ലക്ഷ്യം നേടാൻ കഴിയുകയുള്ളു എന്നു വിശ്വസിച്ച ചാരു മജൂംദാറിന്റേയും, കാനു സന്യാലിന്റേയും നേതൃത്വത്തിലാണ് നക്സൽബാരി ഗ്രാമത്തിൽ ഈ മുന്നേറ്റം നടന്നത്. കേരളത്തിലെ വയനാടിലും, കണ്ണൂരിലുമാണ് നക്സൽ പ്രവർത്തനങ്ങൾ ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. വയനാട് മേഖലയിലെ ആദിവാസികളുടെ ഇടയിലാണ് ഈ പ്രസ്ഥാനം പെട്ടെന്ന് വേരുപിടിച്ചത്. കുന്നിക്കൽ നാരായണൻ, മന്ദാകിനി നാരായണൻ, ടി.വി. അപ്പു, ഫിലിപ്പ്.എം.പ്രസാദ്, വർഗ്ഗീസ് എന്നിവരായിരുന്നു കേരളത്തിലെ നക്സൽബാരി പ്രസ്ഥാനത്തിന്റെ നേതാക്കൾ. [47] കമ്മ്യൂണിസ്റ്റ് പാർട്ടി പിന്തുടർന്നുപോന്ന റിവിഷണിസത്തിനെതിരേ ചിന്തിച്ചവരാണ് നക്സൽ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടത്.


പുൽപ്പള്ളി-തലശ്ശേരി ഭാഗത്താണ് ആദ്യത്തെ നക്സൽ ആക്രമണം രേഖപ്പെടുത്തുന്നത്. പുൽപ്പള്ളിയിലെ അനധികൃത കുടിയേറ്റക്കാരായ മുതലാളിമാർക്കെതിരേ ആയിരുന്നു ആദ്യത്തെ നീക്കം. പിന്നീട് തലശ്ശേരിയിലെ ബീഡി തൊഴിലാളികൾക്കു ജോലി നഷ്ടമാക്കിയ രണ്ട് വൻകിട മുതലാളിമാർക്കെതിരേയായിരുന്നു രണ്ടാമതുണ്ടായ ആക്രമണം. ഇ.എം.എസ് സർക്കാർ അധികാരത്തിലെത്തിയശേഷം ബീഡി തൊഴിലാളികൾക്ക് ഒരു മിനിമം വേതന വ്യവസ്ഥ നടപ്പിലാക്കിയിരുന്നു. എന്നാൽ ഈ നിയമത്തെ അനുസരിക്കാൻ കൂട്ടാക്കാതെ ഗണേഷ് ഭാരത് എന്നീ രണ്ട് ബീഡി കമ്പനികൾ അവരുടെ പ്രവർത്തനം കണ്ണൂരിലേത് അവസാനിപ്പിക്കുകയും, ഈ നിയമം ബാധകമാകാത്ത മംഗലാപുരത്തേക്ക് തങ്ങളുടെ പ്രവർത്തനം മാറ്റുകയും ചെയ്തു. [47] തലശ്ശേരി ആക്രമണം ഒരു പരാജയം തന്നെയായിരുന്നു, മുന്നേറ്റത്തിനായി നേതാക്കൾ ആയിരത്തോളം ആളുകളെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും, ഏതാണ്ട് മുന്നൂറോളം ആളുൾ മാത്രമാണ് തയ്യാറായത്. തലശ്ശേരിയിലെ വിജയവാർത്ത കേട്ടശേഷം പുൽപ്പള്ളിയിലേതു തുടങ്ങാൻ കാത്തിരിക്കുകയായിരുന്നു വർഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം. വ്യക്തമായി തയ്യാറാക്കിയ പദ്ധതിയുണ്ടായിരുന്നിട്ടുപോലും വിപ്ലവകാരികളുടെ നീക്കങ്ങൾ പാളിപ്പോവുകയായിരുന്നു. ചുരുങ്ങിയ സമയംകൊണ്ടു തന്നെ തലശ്ശേരി ആക്രമണത്തിലെ പ്രതികളെ പോലീസ് പിടികൂടി. വർഗ്ഗീസും സംഘവും തിരുനെല്ലികാടുകളിലേക്കു രക്ഷപ്പെട്ടുവെങ്കിലും പിന്നീട് പോലീസിന്റെ പിടിയിലകപ്പെട്ടു. നിരായുധനായ വർഗ്ഗീസിനെ പോലീസ് വെടിവെച്ചുകൊല്ലുകയായിരുന്നു [48]

അടിയന്തരാവസ്ഥ 1975 തിരുത്തുക

1975 ൽ പ്രധാനമന്ത്രി ശ്രീമതി. ഇന്ദിരാഗാന്ധി നടപ്പിലാക്കിയ അടിയന്തരാവസ്ഥയിൽ കമ്മ്യൂണിസ്റ്റ് നേതാക്കളെല്ലാം തന്നെ ക്രൂരമായ് വേട്ടയാടപ്പെട്ടു. യാതൊരു കാരണവും കൂടാതെ തന്നെ ആരേയും അറസ്റ്റ് ചെയ്ത് ജയിലിലാക്കാമെന്നായി. പത്രസ്വാതന്ത്ര്യം ഹനിക്കപ്പെട്ടു. [49] കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ നേതാക്കളായ ജ്യോതി ബസു, എ.കെ. ഗോപാലൻ എന്നിവർ ജയിലിലായി.[50] മുറികളിൽ പോലും യോഗങ്ങൾ നടത്താൻ സമ്മതിച്ചിരുന്നില്ല. മൈക്രോഫോൺ മുതലായവയും നിരോധിച്ചു. എന്നിരിക്കിലും അടിയന്തരാവസ്ഥ കാലത്ത് ധാരാളം യോഗങ്ങളും മീറ്റിംഗുകളും സംഘടിപ്പിക്കപ്പെട്ടു, മൈക്കുകളില്ലാതെ തന്നെ ധാരാളം സമ്മേളനങ്ങൾ നടത്തി.[51] അടിയന്തരാവസ്ഥ നിലവിൽ വരുമ്പോൾ സി.പി.ഐ യുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സുമായി കൂട്ടുചേർന്ന ഒരു മന്ത്രിസഭയായിരുന്നു കേരളത്തിൽ നിലവിലിരുന്നത്. സി.പി.ഐ നേതാവ് സി.അച്യുതമേനോനായിരുന്നു മുഖ്യമന്ത്രി. ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തൻ എന്നറിയപ്പെട്ടിരുന്ന കെ. കരുണാകരനായിരുന്നു കേരളത്തിലെ ആഭ്യന്തര മന്ത്രി. [52]

കുറിപ്പുകൾ തിരുത്തുക

  • ^ പിണറായി സമ്മേളനത്തെക്കുറിച്ച് വിരുദ്ധ നിലപാടുകൾ നിലനിൽക്കുന്നുണ്ട്. 1939 ഡിസംബർ മാസം അവസാനത്തിലോ 1940 ജനുവരി ആദ്യവാരത്തിലോ ആകാം പിണറായി സമ്മേളനം നടന്നതെന്ന് ഇ.എം.എസ്സ് രേഖപ്പെടുത്തുന്നു.[53] എന്നാൽ 1939 ഡിസംബർ മാസത്തിലാണ് പിണറായി സമ്മേളനം നടന്നതെന്ന് എൻ.ഇ.ബലറാം സമർത്ഥിക്കുന്നു.[54]
  • ^ ഒരു സംസ്ഥാനത്തിലെ ഭരണം ഇന്ത്യയുടെ ഭരണഘടന അനുശാസിക്കുന്ന വിധത്തിലല്ല നടക്കുന്നതെന്ന സംസ്ഥാന ഗവർണറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ടി സംസ്ഥാനത്തെ ഭരണനിർവ്വഹണം രാഷ്ട്രപതിക്കോ അതല്ലെങ്കിൽ അദ്ദേഹം അധികാരം നൽകുന്ന സംസ്ഥാന സർക്കാർ അല്ലാത്തെ മറ്റേതൊരു സംവിധാനത്തിനോ ഏറ്റെടുക്കാൻ അധികാരം നൽകുന്നതാണ് ഭരണഘടനയിലെ 356 ആം വകുപ്പ് [55]

അവലംബം തിരുത്തുക

  • ഇ.എം.എസ്, നമ്പൂതിരിപ്പാട് (2008). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉദ്ഭവവും വളർച്ചയും. ചിന്ത പബ്ലിഷേഴ്സ്. ISBN 81-262-0189-4.
  • ഇ.എം.എസ്, നമ്പൂതിരിപ്പാട് (2008). ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1920-1998. ചിന്ത പബ്ലിഷേഴ്സ്. ISBN 81-262-0522-9.
  • തോമസ് ജോൺസൺ, നൊസിതർ (1983). കമ്മ്യൂണിസം ഇൻ കേരള - എ സ്റ്റഡി ഇൻ പൊളിറ്റിക്കൽ അഡാപ്ടേഷൻ. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ പ്രസ്സ്. ISBN 978-0520046672.
  • ഡോക്ടർ.ചന്തവിള, മുരളി (2009). സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്ര പഠനം. ചിന്ത പബ്ലിഷേഴ്സ്. ISBN 81-2620226-2. Archived from the original on 2016-03-04. Retrieved 2013-04-09.


  1. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - ഇ.എം.എസ് നമ്പൂതിരിപ്പാട് പുറം 19
  2. കമ്മ്യൂണിസം ഇൻ കേരള- നൊസിതർ പുറം 63
  3. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - ഇ.എം.എസ് നമ്പൂതിരിപ്പാട് പുറം 18
  4. കമ്മ്യൂണിസം ഇൻ കേരള- നൊസിതർ പുറം 76
  5. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - ഇ.എം.എസ് നമ്പൂതിരിപ്പാട് പുറം 31
  6. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ.ചന്തവിള മുരളി പുറം554
  7. ഹർകിഷൻ സിംഗ്, സുർജിത് (1996-03-12). "ഇംപോർട്ടൻസ് ഓഫ് ദത്ത്-ബ്രാഡ്ലി തീസിസ്". സി.പി.ഐ(എം). {{cite journal}}: Cite journal requires |journal= (help)
  8. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - ഇ.എം.എസ് നമ്പൂതിരിപ്പാട് പുറം 38
  9. "കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം" (PDF). സി.പി.ഐ(എം) സംസ്ഥാന കമ്മറ്റി. Archived from the original (PDF) on 2014-03-26. Retrieved 2013-04-09. ആദ്യഘട്ടത്തിൽ കോൺഗ്രസ്സിനകത്തു നിന്നായിരുന്നു ഈ കമ്മ്യൂണിസ്റ്റുകൾ പ്രവർത്തിച്ചിരുന്നത്
  10. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - ഇ.എം.എസ് നമ്പൂതിരിപ്പാട് പുറം 38
  11. ഇ.എം.എസ്സ്, നമ്പൂതിരിപ്പാട് (1994). ദ കമ്മ്യൂണിസ്റ്റ് പാർട്ടി ഇൻ കേരള സിക്സ് ഡികേഡ്സ് ഓഫ് സ്ട്രഗ്ഗിൾ ആന്റ് അഡ്വാൻസ്. നാഷണൽ ബുക്സ് സെന്റർ. p. 44. അന്നത്തെ രഹസ്യയോഗത്തിൽ പങ്കെടുത്ത നാലുപേരും കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി അംഗങ്ങളായിരുന്നു, അഞ്ചാമത്തെയാൾ കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര അംഗം ഘാട്ടെ ആയിരുന്നു
  12. നമ്പൂതിരിപ്പാട്, ഇ എം എസ് (2008). കേരളചരിത്രം മാർക്സിസ്റ്റ് വീക്ഷണത്തിൽ. തിരുവവനന്തപുരം: ചിന്താ പബ്ലിഷേഴ്സ്. pp. 287–288. ISBN 81-262-0195-9.
  13. "പാർട്ടി ചരിത്രം". സി.പി.ഐ(എം) കേരള ഘടകം. Archived from the original on 2011-05-02. Retrieved 2013-04-09. 1939 ലെ പിണറായി സമ്മേളനം
  14. പി, കൃഷ്ണപിള്ള. സഖാക്കളേ മുന്നോട്ട്. p. 421. ഞാൻ ജയപ്രകാശിനോടു പറഞ്ഞു, ഞാനിനി കോൺഗ്രസ്സിലേക്കില്ല ഞാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്കു പോകുകയാണ് - കൃഷ്ണപിള്ള
  15. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ.ചന്തവിള മുരളി പുറം 568
  16. കെ.എസ്, ജോർജ്ജ്. സഖാവ് ഇ.എം.എസ്സ്. p. 134. താനിനി കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്കാണ് പോകുന്നത്, ഓരോ അംഗങ്ങൾക്കും അവർക്കിഷ്ടപ്പെടുന്ന പാർട്ടിയികളിലേക്കു പോകാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കും - ഇ.എം.എസ്സ് (പിണറായി സമ്മേളനം)
  17. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ.ചന്തവിള മുരളി പുറം 567
  18. എ., ശ്രീധരമേനോൻ (2011). കേരളചരിത്രം. ഡി.സി.ബുക്സ്. p. 348-349. ISBN 81-264-1588-6. കേരളത്തിലെ ഇടതു പക്ഷ ചിന്താഗതിക്കാരായ കോൺഗ്രസ്സുകാർ 1939 ൽ ഒന്നടങ്കം കമ്മ്യൂണിസ്റ്റുകാരായി മാറി
  19. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - ഇ.എം.എസ് നമ്പൂതിരിപ്പാട് പുറം 33
  20. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - ഇ.എം.എസ് നമ്പൂതിരിപ്പാട് പുറം 33-34
  21. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - ഇ.എം.എസ് നമ്പൂതിരിപ്പാട് പുറം 81
  22. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - ഇ.എം.എസ് നമ്പൂതിരിപ്പാട് പുറം 82
  23. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - ഇ.എം.എസ് നമ്പൂതിരിപ്പാട് പുറം 97
  24. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - ഇ.എം.എസ് നമ്പൂതിരിപ്പാട് പുറം 123-124
  25. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - ഇ.എം.എസ് നമ്പൂതിരിപ്പാട് പുറം 68
  26. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - ഇ.എം.എസ് നമ്പൂതിരിപ്പാട് പുറം 68-69
  27. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ.ചന്തവിള മുരളി പുറം 641-642
  28. കെ., ദേവയാനി. ചോരയും കണ്ണീരും നനഞ്ഞ വഴികൾ. സമത. p. 13-16. Archived from the original on 2013-04-04. Retrieved 2013-04-10. ഒരു കമ്മ്യൂണിസ്റ്റ്കാരിയായി മാറുകയാണെന്ന ബോധം എന്നിൽ വലിയ അഭിമാനമുണർത്തി, കമ്മ്യൂണിസത്തിന്റെ ബാലപാഠങ്ങൾ സഖാവ് എനിക്കു പകർന്നു തരികയായിരുന്നു
  29. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ.ചന്തവിള മുരളി പുറം 643
  30. കെ.കെ.എൻ, കുറുപ്പ്. മോഡേൺ കേരള, സ്റ്റഡി ഇൻ സോഷ്യൽ ആന്റ് ആഗ്രേറിയൻ റിലേഷൻസ്. സൗത്ത് ഏഷ്യ ബുക്സ്. p. 119. ISBN 978-8170990949. കയ്യൂർ സമരവും, കമ്മ്യൂണിസ്റ്റ് നേതൃത്വവും
  31. 31.0 31.1 ഇ.എം.എസ്സ്, നമ്പൂതിരിപ്പാട്. ഹിസ്റ്ററി, സൊസൈറ്റി ആന്റ് ലാന്റ് റിലേഷൻസ്. ലെഫ്ട്വേഡ്. p. 210-215. ISBN 978-8187496922. കയ്യൂർ വിപ്ലവം
  32. "കയ്യൂർ കൊലക്കേസിൽ പ്രതികൾക്ക് വധശിക്ഷ". ഇന്ത്യൻ എക്സ്പ്രസ്സ് (മദ്രാസ്). 1943-03-07. കയ്യൂർ സമരസഖാക്കൾക്ക് തൂക്കുകയർ
  33. "കയ്യൂർ സമരം". സി.പി.ഐ(എം) കേരള സംസ്ഥാന ഘടകം. Archived from the original on 2014-03-26. Retrieved 2013-04-11. കയ്യൂർ സമരം
  34. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - ഇ.എം.എസ് നമ്പൂതിരിപ്പാട് പുറം 128
  35. പി., വേണുഗോപാൽ (1997-11-28). "എ വാർ ഓവർ ഹിസ്റ്ററി". ഇന്ത്യൻഎക്സ്പ്രസ്സ്.[പ്രവർത്തിക്കാത്ത കണ്ണി]
  36. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - ഇ.എം.എസ് നമ്പൂതിരിപ്പാട് പുറം 130
  37. എ., ശ്രീധരമേനോൻ (2011). കേരളചരിത്രം. ഡി.സി.ബുക്സ്. p. 356-357. ISBN 81-264-1588-6. ഒക്ടോബർ 27 ന് വയലാർ ഒരു കൂട്ടക്കുരുതിക്കു തന്നെ സാക്ഷ്യം വഹിച്ചു. ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു.
  38. 38.0 38.1 എ., ശ്രീധരമേനോൻ (2011). കേരളചരിത്രം. ഡി.സി.ബുക്സ്. p. 367. ISBN 81-264-1588-6. 1957 ഏപ്രിൽ 5 ആം തീയതി പ്രസിഡന്റ് ഭരണം അവസാനിക്കുകയും ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ഒരു സർക്കാർ അധികാരത്തിലെത്തകയും ചെയ്തു.
  39. "1957 കേരള നിയമസഭ തിരഞ്ഞെടുപ്പ് ഫലം" (PDF). കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. Archived from the original (PDF) on 2012-01-11. Retrieved 2013-04-11.
  40. ടി.എം.തോമസ്, ഐസക് (2009). വിമോചനസമരത്തിന്റെ കാണാപ്പുറങ്ങൾ. ചിന്ത പബ്ലിഷേഴ്സ്.
  41. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - ഇ.എം.എസ് നമ്പൂതിരിപ്പാട് പുറം 205 -206
  42. "1960 ലെ കേരള നിയമസഭ തിരഞ്ഞെടുപ്പു ഫലം" (PDF). കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ. Archived from the original (PDF) on 2012-01-17. Retrieved 2013-04-11.
  43. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - ഇ.എം.എസ് നമ്പൂതിരിപ്പാട് പുറം 266-267
  44. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - ഇ.എം.എസ് നമ്പൂതിരിപ്പാട് പുറം 267
  45. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - ഇ.എം.എസ് നമ്പൂതിരിപ്പാട് പുറം 271
  46. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - ഇ.എം.എസ് നമ്പൂതിരിപ്പാട് പുറം 272
  47. 47.0 47.1 കെ., അജിത (1994). ഓർമ്മക്കുറിപ്പുകൾ. ഡി.സി.ബുക്സ്. Archived from the original on 2012-11-04. Retrieved 2013-04-11.
  48. സുമന്ത, ബാനർജി (2002-06-01). "നക്സൽബാരി ബിറ്റ്വീൻ പാസ്റ്റ് ആന്റ് ഫ്യൂച്ച്വർ". ഇക്കണോമിക് ആന്റ് പൊളിറ്റിക്കൽ വീക്കിലി.[പ്രവർത്തിക്കാത്ത കണ്ണി]
  49. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - ഇ.എം.എസ് നമ്പൂതിരിപ്പാട് പുറം 331
  50. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - ഇ.എം.എസ് നമ്പൂതിരിപ്പാട് പുറം 332
  51. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - ഇ.എം.എസ് നമ്പൂതിരിപ്പാട് പുറം 333
  52. കമ്മ്യൂണിസം ഇൻ കേരള- നൊസിതർ പുറം 235
  53. ഇ.എം.എസ്സ്, നമ്പൂതിരിപ്പാട്. കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ. ചിന്ത. p. 88.
  54. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. p. 239.
  55. "ഭരണഘടനയിലെ 356 ആം വകുപ്പ്". ഇന്ത്യൻ കാനൂൻ.