റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടി


മാർക്സിസ്റ്റ്-ലെനിനിസ്റ്റ് വിശ്വാസപ്രമാണങ്ങളുള്ള ഒരു രാഷ്ട്രീയ കക്ഷിയാണ് റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ആർ.എസ്.പി.). 1940 മാർച്ച് 19-നാണ് പാർട്ടി രൂപീകരിക്കപ്പെട്ടത്. ബംഗാളിന്റെ വിമോചനത്തിനായി പ്രവർത്തിച്ച അനുശീലൻ സമിതി, ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ ആർമി എന്നിവയിലാണ് ഈ കക്ഷിയുടെ വേരുകൾ. 2013- ഫെബ്രുവരിയിൽ ഈ കക്ഷി ത്രിപുരയിലെ സർക്കാരിന്റെ ഭാഗമാണ്.

Revolutionary Socialist Party
സെക്രട്ടറിക്ഷിത്തി ഗോസാമി[1]
രൂപീകരിക്കപ്പെട്ടത്1940
മുഖ്യകാര്യാലയം17, ഫിറോസ് ഷാ റോഡ്, ന്യൂ ഡൽഹി - 110001
28°37′20.5″N 77°13′27.9″E / 28.622361°N 77.224417°E / 28.622361; 77.224417
യുവജന സംഘടനRevolutionary Youth Front
പ്രത്യയശാസ്‌ത്രംകമ്യൂണിസം,
മാർക്സിസ്റ്റ്-ലെനിനിസ്റ്റ്
ECI പദവിState Party
സഖ്യം[ഐക്യമുന്നണി]
വെബ്സൈറ്റ്
rsp.org.in
ആർ.എസ്.പി-യു.ടി.യു.സി. കൊടിമരം. ആലപ്പുഴയിൽ
പ്രമാണം:Rspharipada.JPG
ടി.കെ. ദിവാകരനെ ആദരിച്ചുകൊണ്ടുള്ള ആർ.എസ്.പി. പോസ്റ്റർ.
അഗർതലയിലെ ആർ.എസ്.പി. ചുവരെഴുത്ത്
ത്രിപുരയിലെ അമർപൂരിലെ ആർ.എസ്.പി. പ്രചാരണം

ചരിത്രം

തിരുത്തുക

അനുശീലൻ മാർക്സിസത്തിന്റെ വികാസം

തിരുത്തുക

1930 മുതൽ തന്നെ അനുശീലൻ പ്രസ്ഥാനത്തിന്റെ പ്രവർത്തകരിൽ ഒരു പ്രധാന ഭാഗമാൾക്കാർ മാർക്സിസത്തിൽ ആകൃഷ്ടരായിരുന്നു. നീണ്ട ജയിൽ വാസത്തിനിടെയാണ് ഇവരിൽ പലരും മാർക്സിസ്റ്റ്-ലെനിനിസ്റ്റ് കൃതികൾ വായിക്കാനിടയായത്. പ്രവർത്തകരിൽ ഭൂരിപക്ഷവും അനുശീലൻ പ്രസ്ഥാനത്തിൽ നിന്ന് വിട്ടുപോവുകയും കമ്യൂണിസ്റ്റ് കൺസോളിഡേഷന്റെ ഭാഗമാവുകയും ചെയ്തു. പിന്നീട് ചിലർ കമ്യൂണിസ്റ്റ് പാർട്ടിയിലും അംഗങ്ങ‌ളായി. അനുശീലൻ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചവരിൽ മിക്കവർക്കും മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ചിന്താധാരയോട് താല്പര്യമുണ്ടെങ്കിലും കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേരാൻ ആഗ്രഹമില്ലായിരുന്നു. [2]

കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളോട് അനുശീലനിൽ പ്രവർത്തിച്ചവർക്ക് താല്പര്യമില്ലായിരുന്നു. 1928-ലെ ആറാമത്തെ കമിന്റേൺ കോൺഗ്രസ്സിലെ നയങ്ങളെ 'തീവ്ര-ഇടത് വർഗ്ഗീയത'യായാണ് അനുശീലൻ പ്രവർത്തകർ വിമർശിച്ചത്. ആറാം കമിന്റേൺ കോൺഗ്രസ്സിലെ കൊളോണിയൽ തീസിസ് 'ദേശീയ പരിഷ്കരണവാദികളായ നേതാക്കളോട്' പോരാടുവാനും 'ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ദേശീയ പരിഷ്കരണവാദത്തിന്റെ മുഖംമൂടി ചീന്താനും' 'സ്വരാജ്യവാദികൾ ഗാന്ധിയന്മാർ എന്നിവരുടെ നിസ്സഹകരണ മുദ്രാവാക്യങ്ങളെ എതിർക്കുവാനും' കമ്യൂണിസ്റ്റ് പ്രവർത്തകരെ ഉത്ബോധിപ്പിച്ചിരുന്നു. ഇന്ത്യയിലെ ഇടതുപക്ഷ വിശ്വാസികൾ 1934-ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൽ സി.പി.ഐ. ഇതിനെ സോഷ്യൽ ഫാസിസ്റ്റ് പ്രസ്ഥാനം എന്നധിക്ഷേപിക്കുകയുമുണ്ടായി.[3] 1935-ലെ കോൺഗ്രസ്സോടെ കമിന്റേൺ നയം ‌പോപ്പുലർ ഫ്രണ്ടുകൾക്ക് അനുകൂലമായി മാറി. അനുശീലൻ മാർക്സിസ്റ്റുകൾ ഇത് കമിന്റേണിന്റെ അന്താരാഷ്ട്ര സ്വഭാവത്തോടുള്ള വഞ്ചനയായി കണ്ടു. പ്രസ്ഥാനം സോവിയറ്റ് വിദേശനയം നടപ്പാക്കാനുള്ള ഏജൻസിയായി മാറി എന്നായിരുന്നു ഇവരുടെ വിശ്വാസം. [4] "ഒരു രാജ്യത്തെ സോഷ്യലിസം" എന്ന സിദ്ധാന്തത്തെയും അനുശീലൻ മാർക്സിസ്റ്റുകൾ എതിർത്തു.

ജോസഫ് സ്റ്റാലിന്റെ നേതൃത്വത്തെയും കമിന്റേണിനെയും എതിർത്തിരുന്നുവെങ്കിലും അനുശീലൻ മാർക്സിസ്റ്റുകൾ ട്രോട്കിയിസം സ്വീകരിച്ചില്ല എന്ന് ബുദ്ധദേവ് ഭട്ടാചാര്യ തന്റെ 'ഒറിജിൻസ് ഓഫ് ദി ആർ.എസ്.പി.' എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. അന്താരാഷ്ട്ര സോഷ്യലിസ്റ്റ് വിപ്ലവത്തെപ്പറ്റി ലെനിന്റെ ധാരണ ട്രോട്സ്കിയുടെ സുസ്ഥിര വിപ്ലവം എന്ന സിദ്ധാന്തത്തിൽ നിന്ന് വ്യത്യസ്തവുമാണ്.

അനുശീലൻ മാർക്സിസ്റ്റുകൾ 'സുസ്ഥിരവും അനുസ്യൂതം തുടരുന്നതുമായ വിപ്ലവം' എന്ന സിദ്ധാന്തമാണ് സ്വീകരിച്ചത്. സമ്പത്ത് കൈവശം വച്ചിരിക്കുന്ന വർഗ്ഗങ്ങൾ അവരുടെ മേധാവിത്വത്തിൽ നിന്ന് പുറത്താകുകയും ലോകത്തെ എല്ലാ പ്രധാന രാജ്യങ്ങളിലും തൊഴിലാളികൾ രാജ്യഭരണം പിടിച്ചടക്കുകയും ഈ രാജ്യങ്ങളിലെ തൊഴിലാളികൾ തമ്മിലുള്ള മത്സരം ഇല്ലാതാവുകയും ഉത്പാദനമാർഗ്ഗങ്ങൾ തൊഴിലാളികളുടെ പൂർണ്ണനിയന്ത്രണത്തിലാവുകയും ചെയ്യുന്നതുവരെ സ്ഥിരമായ വിപ്ലവം തുടരുക എന്നതാണ് തങ്ങളുടെ ചുമതലയും ലക്ഷ്യവും എന്ന് 1850-ൽ തന്നെ മാർക്സ് കമ്യൂണിസ്റ്റ് ലീഗിലെ തന്റെ പ്രസംഗത്തിൽ വിശദീകരിച്ചിരുന്നു. [5]

1936-ന്റെ അവസാനത്തോടെ അനുശീലൻ മാർക്സിസ്റ്റുകൾ രജപുത്താനയിലെ ദിയോളി ഡിറ്റൻഷൻ ജയിലിൽ വച്ച് ഒരു രാഷ്ട്രീയ നിലപാടു രേഖ തയ്യാറാക്കിയിരുന്നു. ഈ രേഖ രാജ്യത്താകമാനമുള്ള ജയിലുകളിലെ തടവുകാരായ അനുശീലൻ മാർക്സിസ്റ്റുക‌ൾക്കിടയിൽ വിതരണം ചെയ്യപ്പെട്ടു. 1938-ൽ ഇവരെയെല്ലാം ഒരുമിച്ച് വിട്ടയച്ചതോടെ അനുശീലൻ മാർക്സിസ്റ്റുകൾ ഈ രേഖ ഔദ്യോഗികമായി അംഗീകരിച്ചു. ദി തീസിസ് ആൻഡ് പ്ലാറ്റ്ഫോം ഓഫ് ആക്ഷൻ ഓഫ് ദി റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്): വാട്ട് റെവല്യൂഷണറി സോഷ്യലിസം സ്റ്റാൻഡ്സ് ഫോർ എന്നായിരുന്നു ഈ രാഷ്ട്രീയ പരിപാടി രേഖയുടെ പേര്. [6]

ഈ സമയത്ത് പ്രത്യേക രാഷ്ട്രീയ കക്ഷിയാകണോ അതോ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ ഭാഗമാകണോ എന്ന ചോദ്യമാണ് ഇവർക്കുമുന്നിലുണ്ടായിരുന്നത്. പുതിയ രാഷ്ട്രീയ കക്ഷി രൂപീകരിക്കുവാനുള്ള സാഹചര്യവും സമ്പത്തും തങ്ങൾക്കില്ല എന്നു മനസ്സിലാക്കിയതുകൊണ്ടും സി.പി.ഐ. എന്ന കക്ഷിയിൽ ലയിക്കുന്നത് (രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ കാരണം) അചിന്ത്യമായതുകൊണ്ടും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേരുവാനു‌‌ള്ള തീരുമാനമെടുക്കപ്പെട്ടു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി 1936-ൽ തന്നെ ഫിറോസ്പൂറിൽ നടന്ന അവരുടെ മൂന്നാം കോൺഫറൻസിൽ മാർക്സിസം സ്വീകരിക്കുകയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ സാമ്രാജ്യത്വവിരുദ്ധ പാതയിലേയ്ക്ക് കൊണ്ടുവരാനുള്ള തീരുമാനമെടുക്കുകയും ചെയ്തിരുന്നു.

1938-ലെ വേനൽക്കാലത്ത് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി നേതാവായ ജയപ്രകാശ് നാരായണും, ജോഗേഷ് ചന്ദ്ര ചാറ്റർജി, ത്രിദീബ് ചൗധരി, കേശവ് പ്രസാദ് ശർമ എന്നിവരും തമ്മിൽ ഒരു കൂടിക്കാഴ്ച്ച നടന്നിരുന്നു. അനുശീലൻ മാർക്സിസ്റ്റുകൾ പിന്നീട് ഈ വിഷയം ആചാര്യ നരേന്ദ്ര ദേവുമായി ചർച്ച ചെയ്തു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിക്കുള്ളിൽ ഒരു പ്രത്യേക സ്വത്വം നിലനിർത്താനും അനുശീലൻ മാർക്സിസ്റ്റുകൾ തീരുമാനിച്ചിരുന്നു. [7]

കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ

തിരുത്തുക

അനുശീലൻ സമിതിയിലെ ബഹുഭൂരിപക്ഷവും (അനുശീലൻ മാർക്സിസ്റ്റുകൾ മാത്രമല്ല) കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേരുകയുണ്ടായി. മാർക്സിസ്റ്റുകളല്ലാത്തവർ അനുശീലൻ സമിതിയുടെ പകുതിയോളം വരുമായിരുന്നു. ഇവർ മാർക്സിസ്റ്റ് അംഗങ്ങളോടുള്ള കൂറുകാരണമാണ് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേരുവാൻ തീരുമാനിച്ചത്. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ ആർമിയുടെ അംഗങ്ങളിൽ ഏകദേശം 25% ആൾക്കാരും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേരുകയുണ്ടായി. ജോഗേഷ് ചന്ദ്ര ചാറ്റർജിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഇത്.

1938 അവസാനത്തോടെ അനുശീലൻ മാർക്സിസ്റ്റുകൾ ദി സോഷ്യലിസ്റ്റ് എന്ന പ്രസിദ്ധീകരണം കൽക്കട്ടയിൽ നിന്ന് പുറത്തിറക്കാൻ തുടങ്ങി. സതീഷ് സർക്കാരായിരുന്നു ഇതിന്റെ എഡിറ്റർ. ആചാര്യ നരേന്ദ്ര ദേവയെപ്പോലുള്ള മുതിർന്ന കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി അംഗങ്ങളും എഡിറ്റോറിയൽ ബോർഡിലുണ്ടായിരുന്നുവെങ്കിലും ഇത് അനുശീലൻ മാർക്സിസ്റ്റ് കാഴ്ച്ചപ്പാടുകാരുടെ മുഖപത്രമായിരുന്നു. ഈ പ്രസിദ്ധീകരണത്തിന്റെ വളരെക്കുറച്ച് പ്രതികൾ മാത്രമേ പുറത്തിറങ്ങിയു‌ള്ളൂ. [8]

കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലെ സംഭവവികാസങ്ങൾ അനുശീലൻ മാർക്സിസ്റ്റുകളെ പെട്ടെന്നുതന്നെ നിരാശരാക്കി. ഈ സമയത്ത് പാർട്ടി ഒരു ഐകരൂപ്യമുള്ള സംഘടനയായിരുന്നില്ല. ജെ.പി. നാരായൺ, നരേന്ദ്ര ദേവ തുടങ്ങിയവർ മാർക്സിസ്റ്റ് വിശ്വാസമുള്ളവരായിരുന്നു. മിനൂ മസാനി, അശോക മേത്ത തുടങ്ങിയവർ ഫാബിയൻ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരായിരുന്നു. റാം മനോഹർ ലോഹ്യ, അച്യുത് പട്‌വർദ്ധൻ എന്നിവരാകട്ടെ ഗാന്ധിയൻ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരായിരുന്നു. പാർട്ടിയുടെ തത്ത്വശാസ്ത്രവും പ്രായോഗിക രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസം അനുശീലൻ മാർക്സിസ്റ്റുകളെ അസ്വസ്ഥരാക്കി. ഈ അഭിപ്രായവ്യത്യാസം 1939-ലെ ജബല്പൂറിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തിൽ പുറത്തുവന്നു. സമ്മേളനത്തിനു മുൻപ് തന്നെ ഇടതുപക്ഷക്കാരനായ കോൺഗ്രസ് പ്രസിഡന്റ് സുഭാഷ് ചന്ദ്ര ബോസും ഗാന്ധിയുടെ അനുയായികളും തമ്മിലുള്ള കഠിനമായ ഭിന്നതകൾ പുറത്താവുകയുണ്ടായി. രണ്ടാം ലോകമഹായുദ്ധം വരുന്നതോടെ ബ്രിട്ടീഷ് സാമ്രാജ്യം ദുർബ്ബലമാകുമെന്നും അത് ഇന്ത്യൻ സ്വാതന്ത്ര്യം സ്ഥാപിക്കാൻ പ്രയോജനപ്പെടുത്താമെന്നുമായിരുന്നു ബോസിന്റെ ചിന്താഗതി. ഗാന്ധിയുടെ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ബോസ് തിരഞ്ഞെടുക്കപ്പെട്ടു. ഈ സമ്മേളനത്തിൽ തന്നെ ജി.ബി. പന്ത് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി രൂപീകരിക്കുന്ന നടപടിക്രമങ്ങളിൽ ഗാന്ധിയ്ക്ക് വീറ്റോ അധികാരം കൊടുക്കുന്ന നിർദ്ദേശം മുന്നോട്ടുവച്ചു, സബ്ജക്റ്റ്സ് കമ്മിറ്റിയിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയും ഇടതുപക്ഷാനുഭാവികളും ഈ നിർദ്ദേശത്തെ എതിർത്തു. കോൺഗ്രസ്സിന്റെ തുറന്ന സെഷനു മുന്നിൽ ഈ പ്രമേയം കൊണ്ടുവന്നപ്പോൾ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി നേതാക്കൾ നിഷ്പക്ഷത പാലിച്ചു. സി.എസ്.പി. എതിർത്തിരുന്നുവെങ്കിൽ ഈ നിർദ്ദേശം പാസാകുമായിരുന്നില്ലെന്ന് സുഭാഷ് ചന്ദ്ര ബോസ് തന്നെ പറയുകയുണ്ടായി. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി ബോസിന്റെ നേതൃത്വത്തെ പിൻതാങ്ങുന്നുണ്ടെങ്കിലും കോൺഗ്രസിന്റെ ഐക്യം തകർക്കാൻ താല്പര്യപ്പെട്ടിരുന്നില്ല എന്നാണ് ജയപ്രകാശ് നാരായൺ ഇതെപ്പറ്റി പറഞ്ഞത്. ഈ സമ്മേളനം കഴിഞ്ഞയുടൻ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി ഡൽഹിയിൽ ഒരു സമ്മേളനം വിളിച്ചുകൂട്ടുകയുണ്ടായി. ജബല്പൂരിലെ സമ്മേളനത്തിലെ വഞ്ചനയ്ക്കെതിരേ രൂക്ഷമായ വിമർശനം ഡൽഹി സമ്മേളനത്തിൽ ഉയരുകയുണ്ടായി. [9]

പ്രസിഡന്റ് തിരഞ്ഞെടുപ്പിലും പന്തിന്റെ പ്രമേയത്തിനെതിരേ വോട്ടുചെയ്യുന്നതിലൂടെയും അനുശീലൻ മാർക്സിസ്റ്റുകൾ ബോസിനു പിന്നിലാണ് നിലയുറപ്പിച്ചത്. ജോഗേഷ് ചന്ദ്ര ചാറ്റർജി കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് പാർട്ടി അംഗത്വം രാജിവയ്ക്കുകയുമുണ്ടായി.

ജബല്പൂരിലെ സമ്മേളനത്തിനു ശേഷം ബോസ് കോൺഗ്രസ് പ്രസിഡന്റുസ്ഥാനം രാജിവയ്ക്കുകയും ഫോർവേഡ് ബ്ലോക്ക് സ്ഥാപിക്കുകയും ചെയ്തു. എല്ലാ ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ഏകോപിപ്പിക്കുവാനുള്ള ഉദ്ദേശത്തോടെയാണ് ഫോർവേഡ് ബ്ലോക്ക് സ്ഥാപിക്കപ്പെട്ടത്. 1939 ജൂൺ 22–23 തീയതികളിൽ ഫോർവേഡ് ബ്ലോക്കിന്റെ ആദ്യ സമ്മേളനം നടന്നു. ഇതേസമയം തന്നെ ഫോർവേഡ് ബ്ലോക്ക്, സി.പി.ഐ., കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി, കിസാൻ സഭ, റാഡിക്കൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇൻഡ്യ, ലേബർ പാർട്ടി അനുശീലൻ മാർക്സിസ്റ്റുകൾ എന്നിവർ ചേർന്ന് ഒരു ലെഫ്റ്റ് കൺസോളിഡേഷൻ കമ്മിറ്റി രൂപീകരിച്ചു. അനുശീലൻ മാർക്സിസ്റ്റുകൾ തന്റെ ഫോർവേഡ് ബ്ലോക്കിൽ ചേരണം എന്നായിരുന്നു ബോസിന്റെ ആഗ്രഹം. ബോസിന്റെ സാമ്രാജ്യത്വ വിരുദ്ധ തീവ്രവാദത്തെ അനുകൂലിച്ചുവെങ്കിലും ഇത് ദേശീയവാദമാണെന്നും വിവിധ ആശയഗതികൾ ചേർന്ന ഒരു തട്ടിക്കൂട്ടണെന്നുമായിരുന്നു അനുശീലൻ മാർക്സിസ്റ്റുകളുടെ അഭിപ്രായം. [10] യുദ്ധസമയത്തെ ബ്രിട്ടീഷ് ദൗർബല്യം സ്വാതന്ത്ര്യപ്രസ്ഥാനം മുതലെടുക്കണമെന്ന ബോസിന്റെ അഭിപ്രായത്തോട് അനുശീലൻ മാർക്സിസ്റ്റുകൾക്ക് അനുകൂലാഭിപ്രായമായിരുന്നു. 1939-ൽ പ്രതുൽ ഗാംഗുലി, ജോഗേഷ് ചന്ദ്ര ചാറ്റർജി, ആചാര്യ നരേന്ദ്ര ദേവ, ജയപ്രകാശ് നാരായൺ എന്നിവർ ചേർന്ന ഒരു "യുദ്ധ കൗൺസിൽ" രൂപീകരിക്കാമെന്ന് നിർദ്ദേശം ജയപ്രകാശ് നാരാണിന്റെ ഭാഗത്തുനിന്നുണ്ടായി. കുറച്ചു ദിവസം കഴിഞ്ഞ് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ ജയപ്രകാശ് നാരായണും മറ്റു കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി നേതാക്കളും ഗാന്ധിയുടെ നിലപാടുകളല്ലാതെ സമാന്തരമായ മറ്റു നിലപാടുകളെടുക്കുകയില്ല എന്ന് പ്രതിജ്ഞ ചെയ്തു. [11]

റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (എം.എൽ) എന്ന കക്ഷി

തിരുത്തുക

ലെഫ്റ്റ് കൺസോളിഡേഷൻ കമ്മിറ്റി പെട്ടെന്നു തന്നെ ശിഥിലമായി. സി.പി.ഐ., സി.എസ്.പി. റോയിസ്റ്റുകൾ എന്നിവർ ഈ കമ്മിറ്റിയിൽ നിന്നു വിട്ടു നിന്നു. ബോസ് ബിഹാറിലെ (ഇപ്പോൾ ഝാർഖണ്ഡ്) രാംഗഡിൽ വച്ച് ഒരു ഒത്തുതീർപ്പു വിരുദ്ധ കോൺഫറൻസ് വിളിച്ചുകൂട്ടി. ഫോർവേഡ് ബ്ലോക്ക്, അനുശീലൻ മാർക്സിസ്റ്റുകൾ (ഇവർ ഇപ്പോഴും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ അംഗത്വമുപേക്ഷിച്ചിരുന്നില്ല), ലേബർ പാർട്ടി, കിസാൻ സഭ എന്നീ കക്ഷികൾ ഈ സമ്മേളനത്തിൽ പങ്കെടുത്തു. ഇൻഡ്യൻ സ്വാതന്ത്ര്യപ്രസ്ഥാനം ബ്രിട്ടനോട് ഒരു തരത്തിലും ഒത്തുതീർപ്പുണ്ടാക്കേണ്ടതില്ലെന്ന് ഈ സമ്മേളനത്തിൽ തീരുമാനിക്കപ്പെട്ടു. ഈ സമ്മേളനത്തിൽ അനുശീലൻ മാർക്സിസ്റ്റുകൾ റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (മാർക്സിസ്റ്റ് ലെനിനിസ്റ്റ്) എന്ന പേരിൽ സ്വന്തം പാർട്ടി രൂപീകരിക്കാനും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാനും തീരുമാനിച്ചു. ജോഗേഷ് ചന്ദ്ര ചാറ്റർജി ആയിരുന്നു പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറി.[12]

ആർ.എസ്.പിയുടെ 1940-ലെ ആവശ്യം സാമ്രാജ്യത്വയുദ്ധം ഒരു ആഭ്യന്തര യുദ്ധമായി മാറ്റിയെടുക്കണം എന്നായിരുന്നു. ജർമനി സോവിയറ്റ് യൂണിയനെ ആക്രമിച്ചപ്പോൾ ഈ നിലപാടിൽ മാറ്റം വന്നു. സോവിയറ്റ് യൂണിയനെ പിന്തുണയ്ക്കണമെങ്കിലും തങ്ങളുടെ രാജ്യത്തെ സാമ്രാജ്യത്വഭരണം അവസാനിപ്പിക്കുകയാണ് ഇന്ത്യൻ വിപ്ലവകാരികൾക്ക് ഇതിനുള്ള ഏറ്റവും നല്ല മാർഗ്ഗം എന്ന് വിശദീകരിക്കപ്പെട്ടു. സി.പി.ഐ., റോയിസ്റ്റ് പാർട്ടിയായ ആർ.ഡി.പി. എന്നിവയുടെ നിലപാട് ഫാസിസ്റ്റ് വിരുദ്ധർ സഖ്യകക്ഷിക‌ളെ യുദ്ധത്തിൽ പിന്തുണയ്ക്കണം എന്നായിരുന്നു. ആർ.എസ്.പി.യുടെ അഭിപ്രായം ഇതിനെതിരായിരുന്നു.

സ്വാതന്ത്ര്യത്തിനു ശേഷം

തിരുത്തുക

1949 ഒക്റ്റോബറിൽ കേരള സോഷ്യലിസ്റ്റ് പാർട്ടി പിളരുകയും എൻ. ശ്രീകണ്ഠൻ നായർ, ബേബി ജോൺ, കെ. ബാലകൃഷ്ണൻ തുടങ്ങിയവർ ആർ.എസ്.പി.യിൽ ചേരുകയും ചെയ്തു. പാർട്ടിക്ക് കേരളത്തിൽ ഇതോടെ ഒരു ഘടകം രൂപീകൃതമായി.

1952-ലെ പൊതുതിരഞ്ഞെടുപ്പിനു മുൻപായി ആർ.എസ്.പിയും യുനൈറ്റഡ് സോഷ്യലിസ്റ്റ് ഓർഗനൈസേഷൻ ഓഫ് ഇൻഡ്യയും (യു.എസ്.ഒ.ഐ.) (വിവിധ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഒരു കൂട്ടായ്മയായിരുന്നു ഇത്) തമ്മിൽ ചർച്ചകൾ നടത്തുകയുണ്ടായി. യു.എസ്.ഒ.ഐ.യുടെ താല്പര്യം ആർ.എസ്.പി.യും അവരോടോപ്പം ചേരണമെന്നായിരുന്നു. ആർ.എസ്.പി. ഈ ആവശ്യം നിരസിച്ചുവെങ്കിലും ഒരു തിരഞ്ഞെടുപ്പു ധാരണ ഇവർ തമ്മിലുണ്ടായി. പശ്ചിമ ബംഗാളിലെ രണ്ട് ലോകസഭാ മണ്ഡലങ്ങളിൽ യു.എസ്.ഒ.ഐ ആർ.എസ്.പി. സ്ഥാനാർത്ഥികളെ പിന്തുണച്ചെങ്കിലും മറ്റു മണ്ഡലങ്ങളിൽ ഇവർ പരസ്പരം മത്സരിക്കുകയാണുണ്ടായത്. തിരഞ്ഞെടുപ്പിൽ ബംഗാളിൽ നിന്ന് ആർ.എസ്.പി.യുടെ രണ്ട് സ്ഥാനാർത്ഥികളും കേരളത്തിൽ നിന്ന് ഒരു സ്ഥാനാർത്ഥിയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

1952 ലോക്‌സഭാ തിരഞ്ഞെടുപ്പ്
സംസ്ഥാനം നിയോജകമണ്ഡലം സ്ഥാനാർത്ഥി വോട്ടുകൾ % ഫലം
തിരുവിതാംകൂർ-കൊച്ചി കൊല്ലവും മാവേലിക്കരയും ശ്രീകണ്ഠൻ നായർ 220312 21.42% തിരഞ്ഞെടുക്കപ്പെട്ടു
ഉത്തർ പ്രദേശ് മൈൻപൂരി ജില്ല (ഈസ്റ്റ്) പുട്ടോ സിങ് 19722 14.15% പരാജയപ്പെട്ടു
അലഹബാദ് ജില്ല. (ഈസ്റ്റ്) ജൻപൂർ ജില്ല (വെസ്റ്റ്) എന്നിവ ചേർന്നുള്ള നിയോജകമണ്ഡലം ബദ്രി പ്രസാദ് 18129 3.01% പരാജയപ്പെട്ടു
ഗോണ്ടി ജില്ല (ഈസ്റ്റ്) ബസ്തി ജില്ല (വെസ്റ്റ്) എന്നിവ ചേർന്നുള്ള നിയോജകമണ്ഡലം ഹർബൻ സിങ്ങ് 4238 3.61% പരാജയപ്പെട്ടു
ഘാസിപൂർ ജില്ല (വെസ്റ്റ്) ബൽരൂപ് 22702 13.37% പരാജയപ്പെട്ടു
പശ്ചിമബംഗാൾ ബിർഭൂം എസ്.കെ. ഘോഷ് 20501 4.07% പരാജയപ്പെട്ടു
ബെഹ്രാം പൂർ ത്രിദീബ് ചൗധരി 82579 46.17% തിരഞ്ഞെടുക്കപ്പെട്ടു
കൽക്കട്ട നോർത്ത് ഈസ്റ്റ് ലാഹിരി താരപാദോ 5801 4.05% പരാജയപ്പെട്ടു
കൽക്കട്ട നോർത്ത് വെസ്റ്റ് മേഘ്നാധ് ഷാ 74124 53.05% തിരഞ്ഞെടുക്കപ്പെട്ടു
ആകെ: 9 468108 0.44% 3

1953-ൽ ജഗദീശ് ചന്ദ്ര ചാറ്റർജി പാർട്ടി വിട്ട് കോൺഗ്രസിൽ തിരികെ പ്രവേശിച്ചു. ത്രിദീബ് കുമാർ ചൗധരി പാർട്ടിയുടെ പുതിയ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു. 1969-ൽ കിഴക്കൻ പാകിസ്താനിലെ ആർ.എസ്.പി. അനുകൂലനിലപാടുള്ളവർ ശ്രമിക് കൃഷക് സമാജ്ബാദി ദൾ എന്ന സംഘടന രൂപീകരിച്ചു. അതിനുശേഷം ആർ.എസ്.പി.യും എസ്.കെ.എസ്.ഡി.യും അടുത്ത ബന്ധം പുലർത്തുന്നുണ്ട്.

1977-ലെ തിരഞ്ഞെടുപ്പിനുശേഷം കേരളത്തിലെ ഒരു ഭാഗം അടർന്നുപോവുകയും നാഷണൽ റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കുകയും ചെയ്തു. എൻ.ആർ.എസ്.പി. സി.പി.ഐ. (എം.) എന്ന കക്ഷിയോടു തിരഞ്ഞെടുപ്പ് സഖ്യത്തിലായിരുന്നു.

സമീപകാല ചരിത്രം

തിരുത്തുക

2000-ൽ കേരള ഘടകം നെടുകെ പിളർന്നു. പ്രാദേശിക ഘടകത്തിന്റെ തലവനായിരുന്ന ബേബി ജോൺ റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ബോൾഷെവിക്) രൂപീകരിച്ചു. ആർ.എസ്.പി.(ബി.) പിന്നീട് [[United Democratic Front (India)|ഐക്യജനാധിപത്യ മുന്നണിയുമായി സഖ്യമുണ്ടാക്കി 2014ൽ ഇടതുമുന്നണി വിട്ട് ഔദ്യോദിഗ ആർഎസ്പിയും ആർഎസ്പി ബിയും പുനരേകീകരണം നടത്തി ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമായി തുടരുന്നു എ എ അസീസ് നിലവിൽ കേരള ഘടകം സംസ്ഥാന സെക്രട്ടറിയാണ്.

നിലവിലുള്ള സ്ഥിതി

തിരുത്തുക

ആർ.എസ്.പി.യ്ക്ക് ഏറ്റവും ശക്തിയുള്ള സംസ്ഥാനം പശ്ചിമ ബംഗാളാണെങ്കിലും പാർട്ടിക്ക് 18 സംസ്ഥാനങ്ങളിൽ സാനിദ്ധ്യമുണ്ട്. കേരളത്തിൽ കൊല്ലം ജില്ല ഉൾപ്പെട്ട പ്രദേശത്താണ് പാർട്ടിക്ക് ഏറ്റവും ശക്തിയുള്ളത്.കൊല്ലം പാർലമെന്ററി പ്രധിനിധിയായി NK പ്രേമചന്ദ്രൻ വമ്പിച്ച ഭൂരിപക്ഷത്തിൽ തെരഞ്ഞടുക്കപ്പെട്ടു 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ആരെയും വിജയിപ്പിക്കാൻ കഴിഞ്ഞില്ല അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും പാർട്ടി പരാജയ പ്പെട്ടു പശ്ചിമ ബംഗാളിൽ മൂന്ന് നിയമസഭ സാമാജികർ പാർട്ടിക്കുണ്ട് കൊല്ലം ജില്ലയിൽ തൊഴിലാളികൾക്കിടയിൽ പാർട്ടിക്ക് നല്ല സ്വാധീനമുണ്ട്.[അവലംബം ആവശ്യമാണ്] കേരള ഘടകം കേരള സോഷ്യലിസ്റ്റ് പാർട്ടിയിലെ പിളർപ്പിനെത്തുടർന്നാണ് രൂപീകൃതമായത്. 2008 വരെ ജനറൽ സെക്രട്ടറിയായിരുന്ന കെ. പങ്കജാക്ഷൻ കെ.എസ്.പി. അംഗമായിരുന്നു ബംഗാൾ ഘടകം സംസ്ഥാന സെക്രട്ടറിയും മുൻ പൊതുമരമത്ത് വകുപ്പ് മന്ത്രിയുമായ ക്ഷത്തിഗോസാമിയാണ് ദേശീയ ജനറൽ സെക്രട്ടറി പ്രഫ.ടിജെ ചന്ദ്രചൂoൻ ആയിരുന്നു മുൻ ദേശീയ സെക്രട്ടറി.

പ്രധാന പൊതുജനസംഘടനകൾ

തിരുത്തുക

പ്രസിദ്ധീകരണങ്ങൾ

തിരുത്തുക

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം

തിരുത്തുക
സംസ്ഥാനം 2004 1999 ആകെ സീറ്റുകൾ
സ്ഥാനാർത്ഥികൾ വിജയികൾ സ്ഥാനാർത്ഥികൾ വിജയികൾ
ആസാം 1 0 0 0 14
ബീഹാർ 0 0 1 0 40 (2004) /54 (1999)
ഒഡിഷ 1 0 0 0 21
ഉത്തർ പ്രദേശ് 11 0 0 0 80 (2004) /85 (1999)
പശ്ചിമ ബംഗാൾ 4 3 4 3 42
ആകെ: 17 3 5 3 543

നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ

തിരുത്തുക
സംസ്ഥാനം സ്ഥാനാർത്ഥികൾ വിജയികൾ ആകെ സീറ്റ് വർഷം
ആസാം 3 0 126 2001
ബിഹാർ 4 0 324 2000
കേരളം 6 2 140 2001
മദ്ധ്യപ്രദേശ് 1 0 230 2003
ഒഡിഷ 2 0 147 2004
രാജസ്ഥാൻ 1 0 200 2003
തമിഴ്നാട് 1 0 234 2001
ത്രിപുര 2 2 60 2003
പശ്ചിമ ബംഗാൾ 23 17 294 2001

ഇലക്ഷൻ കമ്മീഷന്റെ വെബ് സൈറ്റിൽ നിന്നാണ് ഫലങ്ങൾ എടുത്തിരിക്കുന്നത്.

  1. "ദി ഹിന്ദു : കേരള / തിരുവനന്തപുരം വാർത്ത : ചന്ദ്രചൂഡൻ തേഡ് കേരളൈറ്റ് റ്റു ലീഡ് ആർ.എസ്.പി". Archived from the original on 2008-02-29. Retrieved 2013-02-22.
  2. Saha, Murari Mohan (ed.), Documents of the Revolutionary Socialist Party: Volume One 1938-1947. Agartala: Lokayata Chetana Bikash Society, 2001. p. 20-21
  3. Saha, Murari Mohan (ed.), Documents of the Revolutionary Socialist Party: Volume One 1938-1947. Agartala: Lokayata Chetana Bikash Society, 2001. p. 21-25
  4. Saha, Murari Mohan (ed.), Documents of the Revolutionary Socialist Party: Volume One 1938-1947. Agartala: Lokayata Chetana Bikash Society, 2001. p. 28
  5. In Saha, Murari Mohan (ed.), Documents of the Revolutionary Socialist Party: Volume One 1938-1947. Agartala: Lokayata Chetana Bikash Society, 2001. p. 34
  6. Saha, Murari Mohan (ed.), Documents of the Revolutionary Socialist Party: Volume One 1938-1947. Agartala: Lokayata Chetana Bikash Society, 2001. p. 29
  7. Saha, Murari Mohan (ed.), Documents of the Revolutionary Socialist Party: Volume One 1938-1947. Agartala: Lokayata Chetana Bikash Society, 2001. p. 35-37
  8. Saha, Murari Mohan (ed.), Documents of the Revolutionary Socialist Party: Volume One 1938-1947. Agartala: Lokayata Chetana Bikash Society, 2001. p. 37, 52
  9. Saha, Murari Mohan (ed.), Documents of the Revolutionary Socialist Party: Volume One 1938-1947. Agartala: Lokayata Chetana Bikash Society, 2001. p. 38-42
  10. Saha, Murari Mohan (ed.), Documents of the Revolutionary Socialist Party: Volume One 1938-1947. Agartala: Lokayata Chetana Bikash Society, 2001. p. 43-45
  11. Saha, Murari Mohan (ed.), Documents of the Revolutionary Socialist Party: Volume One 1938-1947. Agartala: Lokayata Chetana Bikash Society, 2001. p. 44-46
  12. Saha, Murari Mohan (ed.), Documents of the Revolutionary Socialist Party: Volume One 1938-1947. Agartala: Lokayata Chetana Bikash Society, 2001. p. 46-47