ഇ.കെ. നായനാർ

കേരളത്തിന്റെ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ നേതാവും

ഏറമ്പാല കൃഷ്ണൻ നായനാർ അഥവാ ഇ.കെ. നായനാർ (ഡിസംബർ 9, 1918 - മേയ് 19, 2004) കേരളത്തിന്റെ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ നേതാവുമായിരുന്നു. 1980 മുതൽ 1981 വരെയും 1987 മുതൽ 1991 വരെയും 1996 മുതൽ 2001 വരെയും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 11 വർഷം ഭരണാധികാരിയായിരുന്ന ഇദ്ദേഹമാണ് ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി[1] ( മൂന്ന് തവണയായി 4010 ദിവസം). സി.പി.എം.പോളിറ്റ്ബ്യൂറോ അംഗമായിരുന്നു.

ഇ. കെ. നായനാർ
ഇ. കെ നായനാർ
കേരളത്തിന്റെ പതിനൊന്നാമത്തെയും പതിന്നാലാമത്തെയും പതിനേഴാമത്തെയും മുഖ്യമന്ത്രി
ഓഫീസിൽ
ജനുവരി 25, 1980 - ഒക്ടോബർ 20, 1981
മാർച്ച് 26, 1987 - ജൂൺ 17, 1991
മേയ് 20, 1996 - മേയ് 13, 2001
മുൻഗാമിസി.എച്ച്. മുഹമ്മദ് കോയ
കെ. കരുണാകരൻ
എ.കെ. ആന്റണി
പിൻഗാമികെ. കരുണാകരൻ
കെ. കരുണാകരൻ
എ.കെ. ആന്റണി
മണ്ഡലം മലമ്പുഴ, തൃക്കരിപ്പൂർ, തലശ്ശേരി
ലോക്സഭ അംഗം
ഓഫീസിൽ
1967-1972
മണ്ഡലം പാലക്കാട്
സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി
ഓഫീസിൽ
1972-1980, 1991-1996
മുൻഗാമിസി.എച്ച്. കണാരൻ
പിൻഗാമിവി.എസ്. അച്യുതാനന്ദൻ
പ്രതിപക്ഷ നേതാവ് ,കേരള നിയമസഭ
ഓഫീസിൽ
1981-1982, 1982-1987, 1991-1992
വ്യക്തിഗത വിവരങ്ങൾ
ജനനം
ഏറമ്പാല കൃഷ്ണൻ നായനാർ

(1918-12-09)ഡിസംബർ 9, 1918
കല്ല്യാശ്ശേരി, കണ്ണൂർ ജില്ല, കേരളം
മരണംമേയ് 19, 2004(2004-05-19) (പ്രായം 85)
ന്യൂ ഡെൽഹി, ഡെൽഹി, ഇന്ത്യ
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിസി.പി.ഐ.(എം)
പങ്കാളിശാരദ
വസതിsകല്ല്യാശ്ശേരി, കണ്ണൂർ

ജീവിതരേഖ

തിരുത്തുക

കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരിയിൽ ഏറമ്പാല നാരായണി അമ്മയുടേയും എം. ഗോവിന്ദൻ നമ്പ്യാരുടേയും രണ്ടാമത്തെ മകനായി 1919 ഡിസംബർ 9-ന് നായനാർ ജനിച്ചു. നാരായണൻ നായനാരും ലക്ഷ്മിക്കുട്ടിയമ്മയുമായിരുന്നു സഹോദരങ്ങൾ. സ്വാതന്ത്ര്യ സമരത്തിൻ്റെ ആവേശം ഉൾക്കൊണ്ട് സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോഴെ കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തനം തുടങ്ങി. കോൺഗ്രസിലെ ഇടതുപക്ഷ ചിന്താഗതിക്കാർ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയ്ക്ക് രൂപം നൽകിയപ്പോൾ അവർക്കൊപ്പമായി പ്രവർത്തനം. മൊറാഴ കയ്യൂർ സമരങ്ങളോടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃനിരയിലേക്കുയർന്നു.

രാഷ്ട്രീയ ജീവിതം

തിരുത്തുക

1940-ൽ ആറോൺ മിൽ സമരത്തെ തുടർന്നാണ് നായനാർ ആദ്യമായി അറസ്റ്റിലായത്. അതിനടുത്ത വർഷം നടന്ന ചരിത്ര പ്രസിദ്ധമായ കയ്യൂർ സമരത്തിൽ മൂന്നാം പ്രതിയായിരുന്നു. ഒളിവിൽ പോയതിനാൽ തൂക്കു മരത്തിൽ നിന്ന് രക്ഷപെട്ടു.

ഒളിസങ്കേതം മലബാറിൽ നിന്ന് തിരുവിതാംകൂറിലേക്ക് മാറ്റിയതോടെ കേരള കൗമുദിയിൽ പത്രപ്രവർത്തകനായി. സ്വാതന്ത്ര്യാനന്തരം കേസുകൾ പിൻവലിക്കപ്പെട്ടു. ഇതിനു ശേഷം ദേശാഭിമാനിയിലും പത്രപ്രവർത്തകനായി.

കൊൽക്കത്ത തീസിസിനെ തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ട 1948-ൽ വീണ്ടും ഒളിവ് ജീവിതം നയിക്കേണ്ടി വന്നു. ഇന്ത്യ-ചൈന യുദ്ധകാലത്ത് ചൈനീസ് ചാരനെന്ന കുറ്റം ചുമത്തി ജയിലിലാക്കി.

1967-ൽ പാലക്കാട് ലോക്സഭ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ പാർലമെൻ്ററി പ്രവർത്തനത്തിനും തുടക്കമായി. എന്നാൽ 1971-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ കോൺഗ്രസിലെ യുവനേതാവ് കടന്നപ്പള്ളി രാമചന്ദ്രനോട് ഏറ്റുമുട്ടിയപ്പോൾ വിജയിക്കാനായില്ല. ഇത് കേരള തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ശ്രദ്ധേയമായ അട്ടിമറികളിലൊന്നാണ്.

പാർട്ടി നേതൃത്വത്തിൻ്റെ ഉയരങ്ങളിലേക്കായിരുന്നു പിന്നീട് വളർച്ച. 1964-ൽ രൂപീകരിക്കപ്പെട്ട മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്രക്കമ്മിറ്റി അംഗമായിരുന്ന നായനാർ 1972-ൽ ആദ്യമായി മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1992-ൽ മാർക്സിസ്റ്റ് പാർട്ടിയുടെ പരമോന്നത സമിതിയായ പൊളിറ്റ് ബ്യൂറോവിലും നായനാർ എത്തി. 1974-ലെ ഉപതിരഞ്ഞെടുപ്പിൽ ഇരിക്കൂരിൽ നിന്ന് വിജയിച്ച് ആദ്യമായി സംസ്ഥാന നിയമസഭയിലെത്തി.

1975-ലെ അടിയന്തരാവസ്ഥക്കാലത്ത് നായനാർ വീണ്ടും ഒളിവിൽ പോയി. 1980-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മലമ്പുഴയിൽ നിന്ന് വിജയിച്ചു. എ.കെ.ആൻറണി നേതൃത്വം നൽകിയ കോൺഗ്രസ് (യു) ഗ്രൂപ്പ്, കെ.എം.മാണി നേതൃത്വം നൽകിയ കേരള കോൺഗ്രസ് (എം.) എന്നീ ഘടകകക്ഷി വിഭാഗങ്ങളുടെ പിന്തുണയിൽ ആദ്യമായി സംസ്ഥാന മുഖ്യമന്ത്രിയുമായി. പക്ഷേ ആ സർക്കാർ അധികനാൾ നിലനിന്നില്ല. പിന്തുണ പിൻവലിച്ച് ആൻറണിയും മാണിയും ഐക്യജനാധിപത്യ മുന്നണിയിലേയ്ക്ക് തിരിച്ചു പോയതാണ് സർക്കാർ വീഴാൻ കാരണം. 1980 ജനുവരി 25 മുതൽ 1981 ഒക്ടോബർ 21 വരെയെ ഇ.കെ.നായനാർ മന്ത്രിസഭ നിലനിന്നുള്ളൂ.

തുടർന്ന് 1981-ൽ തന്നെ കെ.കരുണാകരൻ്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ രൂപീകരിച്ചപ്പോൾ നായനാർ പ്രതിപക്ഷ നേതാവായി. ആ മന്ത്രിസഭയും അധികനാൾ നില നിന്നില്ല. 1982-ൽ വീണ്ടും നിയമസഭ തെരഞ്ഞെടുപ്പ്. മലമ്പുഴയിൽ നിന്ന് ജയിച്ച് നായനാർ വീണ്ടും നിയമസഭയിലെത്തി. പ്രതിപക്ഷ നേതാവായി രണ്ടാമൂഴം.

തൃക്കരിപ്പൂരിൽ നിന്ന് വിജയിച്ച് 1987-ൽ വീണ്ടും മുഖ്യമന്ത്രിയായ നായനാർ 1991-ലും തൃക്കരിപ്പൂരിൽ നിന്ന് തന്നെ നിയമസഭയിലെത്തി. പ്രതിപക്ഷ നേതാവാകാനായിരുന്നു അത്തവണ നിയോഗം. 1992-ൽ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞു. മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായതിനെ തുടർന്നാണിത്.

1996-ൽ പാർട്ടി മൂന്നാമതും മുഖ്യമന്ത്രിക്കസേര നായനാരെ ഏൽപ്പിക്കുമ്പോൾ അദ്ദേഹം നിയമസഭാംഗമായിരുന്നില്ല. മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് തലശ്ശേരിയിൽ നിന്ന് ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭയിലെത്തുകയായിരുന്നു. 2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറി നിന്നെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിൽ മാർക്സിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവായി നായനാർ നിറഞ്ഞുനിന്നു.

മുഖ്യമന്ത്രിയെന്ന നിലയിൽ പല നേട്ടങ്ങളും നായനാർക്ക് അവകാശപ്പെടാം. ഭൂപരിഷ്ണകരണ രംഗത്തും തൊഴിലാളി ക്ഷേമ രംഗത്തും ഒട്ടനവധി സംഭാവനകൾ അദ്ദേഹത്തിൻ്റെ വകയായിട്ടുണ്ട്.

  • കേരള കയർ തൊഴിലാളി ക്ഷേമനിധി ആക്ട് 1987
  • കേരള ഖാദി തൊഴിലാളി ക്ഷേമനിധി ആക്ട് 1989
  • കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ആക്ട് 1989
  • കേരള നിർമാണ തൊഴിലാളി ക്ഷേമനിധി ആക്ട് 1989
  • കേരള റേഷൻ ഡീലേഴ്സ് ക്ഷേമനിധി ആക്ട് 1998

എന്നിവയെല്ലാം അദ്ദേഹത്തിൻ്റെ കാലത്ത് നിലവിൽ വന്ന നിയമങ്ങളാണ്. കണ്ണൂർ സർവകലാശാല സ്ഥാപിക്കപ്പെട്ടതും ഇ.കെ.നായനാരുടെ ഭരണകാലത്താണ്.

ജനകീയനെന്നതിനൊപ്പം ജനപ്രിയനുമായിരുന്നു നായനാർ. കേരള ജനത ഏറ്റവും കൂടുതൽ സ്നേഹവും ആദരവും വച്ചു പുലർത്തിയ കമ്മ്യൂണിസ്റ്റ് നേതാക്കൻമാരിൽ ഇദ്ദേഹത്തിന് സ്ഥാനമുണ്ട്. സാധാരണക്കാരെ തന്നിലേക്ക് ആകർഷിക്കാൻ നായനാർക്കായി. ഫലിതം കലർത്തി സരസമായി നല്ല ഒഴുക്കോടെ സംസാരിക്കുന്ന പ്രകൃതമായിരുന്നു. അദ്ദേഹത്തിൻറെ ഫലിതോക്തികൾ പലതും വളരെയേറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ചിലതെല്ലാം ചെറിയ വിവാദങ്ങളിലേക്കും വഴിതെളിച്ചു.

മാർക്സിസ്റ്റ് പാർട്ടിയുടെ ഉടമസ്ഥതയിലുള്ള ദേശാഭിമാനി ദിനപ്പത്രത്തിൻ്റെ പത്രാധിപർ എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചു. (1982-1986,1991-1996). സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക പ്രാധാന്യമുള്ള ഒട്ടനവധി ലേഖനങ്ങൾ ഇക്കാലയളവിൽ പ്രസിദ്ധീകരിച്ചു. ഇരുപതോളം പുസ്തകങ്ങൾ രചിച്ചു.

രാഷ്ട്രീയഗുരുനാഥൻ കെ.പി.ആർ ഗോപാലൻ്റെ അനന്തരവൾ ശാരദ ടീച്ചറാണ് നായനാരുടെ ഭാര്യ. 1958 സെപ്റ്റംബർ 28-നാണ് നായനാർ ശാരദ ടീച്ചറെ വിവാഹം കഴിച്ചത്. നാലു മക്കളാണ് ഈ ദമ്പതികൾക്കുണ്ടായത്: സുധ (1960-), ഉഷ (1964-), കൃഷ്ണകുമാർ (1966-), വിനോദ് (1969-). ഒമ്പത് പേരക്കുട്ടികളും ഇവർക്കുണ്ട്.

വിമർശനങ്ങൾ

തിരുത്തുക
  • ഇ.കെ.നായനാർ മുഖ്യമന്ത്രിയും പിണറായി വിജയൻ വൈദ്യുതി-സഹകരണ വകുപ്പ് മന്ത്രിയുമായിരുന്ന 1996-2001 കാലയളവിലാണ് കേരള രാഷ്ട്രീയത്തിൽ ഏറെ വിവാദം സൃഷ്ടിച്ച എസ്.എൻ.സി. ലാവലിൻ കേസ് ഉണ്ടാകുന്നത്

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ

തിരുത്തുക

കുട്ടികളുടെ വിദ്യാഭ്യാസ സാംസ്കാരിക പ്രസ്ഥാനമായ ബാലസംഘത്തിന്റെ ആദ്യ രൂപമായ ദേശീയ ബാലസംഘത്തിന്റെ പ്രഥമ പ്രസിഡണ്ടായ് പ്രവർത്തിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെയും വിപ്ലവകാരികളുടെയും കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ബന്ധുവായ കെ.പി.ആർ. ഗോപാലൻ കേരളത്തിലെ ആദ്യകാല  കമ്യൂണിസ്റ്റ് വിപ്ലവകാരികളിൽ പ്രമുഖനാണ്. കല്യാശ്ശേരി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം, സ്കൂളിൽ രണ്ട് ഹരിജൻ വിദ്യാർത്ഥികൾ വന്നു ചേർന്നത് ധാരാളം ഒച്ചപ്പാടുകൾ സൃഷ്ടിച്ചു. മൂന്നാം ദിവസം കേളപ്പനാണ് ഹരിജൻ കുട്ടികളെ സ്കൂളിലാക്കാൻ വന്നത്. ആദ്യ ദിവസം കുട്ടികളെ മറ്റുള്ളവർ അടിച്ചോടിച്ചിരുന്നു. ഈ സംഭവം ബാലനായ നായനാരെ വല്ലാതെ വേദനിപ്പിച്ചിരുന്നു. കല്യാശ്ശേരി എലമെന്ററി സ്കൂളിലെ പഠനം കഴിഞ്ഞ് പിന്നീട് തളിപ്പറമ്പ് മുടത്തേടത്ത് ഹൈസ്കൂളിലായിരുന്നു പിന്നീടുള്ള വിദ്യാഭ്യാസം. 1958-ൽ കെ.പി.ആർ. ഗോപാലന്റെ അനന്തരവളായ ശാരദയെ വിവാഹം കഴിച്ചു. [2]ഒര സ്കൂൾ വിദ്യാഭ്യാസകാലത്തുതന്നെ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. ഉപ്പുസത്യാഗ്രഹജാഥക്ക് കല്യാശ്ശേരിയിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുക്കുമ്പോൾ നായനാർക്ക് പതിമൂന്നു വയസ്സായിരുന്നു പ്രായം.1938 ഡിസംബർ 28ന് കല്ല്യാശ്ശേരിയിൽ ദേശീയ ബാലസംഘം രൂപീകരിച്ചപ്പോൾ അതിന്റെ പ്രഥമ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങളിൽ സഹായിക്കാൻ തുടങ്ങി. യൂത്ത് ലീഗിൽ അംഗമായി. ഉത്തരവാദഭരണം ആവശ്യപ്പെട്ടു നടന്ന പ്രക്ഷോഭത്തിൽ പങ്കുകൊണ്ടു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിച്ചേർന്നു. പാർട്ടിയുടെ നിർദ്ദേശപ്രകാരം ദേശാഭിമാനിയിൽ ജോലിക്കു ചേർന്നു. വടക്കേ മലബാറിലെ കർഷകരെ സംഘടിപ്പിച്ചു. 1964-ലെ ദേശീയ കൗൺസിലിൽ നിന്നും ഇറങ്ങിപ്പോന്നവരിൽ ഒരാളായിരുന്നു നായനാർ. 2004 മെയ് 19-ന് തന്റെ 85-ആം വയസ്സിൽ ഡെൽഹിയിൽ വച്ച് അദ്ദേഹം അന്തരിച്ചു. ലോകത്തിലെ കുട്ടികളുടെ ഏറ്റവും വലിയ സമാന്തര വിദ്യാഭ്യാസ സാംസ്കാരിക പ്രസ്ഥാനമായ ബാലസംഘത്തിന്റെ ആദ്യ രൂപമായ ദേശീയ ബാലസംഘത്തിന്റെ രൂപീകരണം 1938 ഡിസംബർ 28ന് കല്ല്യാശ്ശേരിയിൽ വെച്ചാണ് നടന്നത്.ആ സമ്മേളനത്തിൽ വെച്ച് ദേശീയ ബാലസംഘത്തിന്റെ പ്രഥമ പ്രസിഡണ്ടായ് തിരഞ്ഞെടുക്കപ്പെട്ടു. സ്കൂളിലായിരിക്കുമ്പോൾ തന്നെ പയ്യന്നൂരിലേക്കു വന്ന ഉപ്പുസത്യാഗ്രഹ ജാഥയെ സ്വീകരിക്കുവാൻ അടുത്ത ബന്ധു കൂടിയായ കെ.പി.ആർ.ഗോപാലന്റെ കൂടെ പോയി. അതിനുശേഷം കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങളെ സഹായിക്കാൻ തുടങ്ങി. കോഴിക്കോട് സാമൂതിരികോളേജിൽ സംഘടിപ്പിച്ച അഖിലകേരള വിദ്യാർത്ഥി സമ്മേളനത്തിന്റെ ഭാഗമായി രൂപംകൊണ്ട ഓൾ കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഓൾ കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ മുഖപത്രമായ സ്റ്റുഡന്റിന്റെ പത്രാധിപസമിതി അംഗമായി. ഉത്തരവാദ ഭരണം ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ വിദ്യാർത്ഥി ജാഥയുടെ നേതാവായിരുന്നു നായനാർ.[3]

കോൺഗ്രസ്സിൽ പ്രവർത്തിക്കുന്ന സമയത്താണ് അതിലെ ഇടതു പക്ഷ ചിന്താഗതിക്കാർ ചേർന്ന് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കുന്നത്. ഇടതുപക്ഷ ചിന്തകൾ വച്ചു പുലർത്തിയിരുന്ന നായനാർക്ക് അതിൽ ചേരാൻ രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല.[4] 1939 ൽ ആറോൺ മിൽ തൊഴിലാളിയൂണിയൻ നടത്തിയ പണിമുടക്കുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും ആറുമാസത്തെ തടവുശിക്ഷ ലഭിക്കുകയും ചെയ്തു.[5] ഈ സമയത്താണ് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ പാറപ്പുറം സമ്മേളനം, ആ സമ്മേളനത്തിൽ പങ്കെടുത്ത് നായനാരും കമ്മ്യൂണിസ്റ്റുകാരനായി. 1939ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന നായനാർക്ക് കയ്യൂർ-മൊറാഴ കർഷകലഹളകളിൽ വഹിച്ച പങ്കിനെ തുടർന്ന് അറസ്റ്റിൽനിന്ന് രക്ഷപെടാൻ ഒളിവിൽ പോകേണ്ടിവന്നു.[6][7][8] കമ്മ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ടതിന്റെ ശേഷം നടന്ന പ്രതിഷേധദിനവുമായി ബന്ധപ്പെട്ടായിരുന്നു മൊറാഴ സംഭവം നടന്നത്.

1940ൽ മിൽ തൊഴിലാളികളുടെ സമരത്തിന് നേതൃത്വം നൽകിയതിന് ജയിലിലായി. അതിനുശേഷം കയ്യൂർ സമരത്തിൽ പങ്കെടുത്തു. മൂന്നാം പ്രതിയായിരുന്ന നായനാർ ഒളിവിൽ പോയി. 1943 മാർച്ച് 29ന് മറ്റു പ്രതികളെ തൂക്കിക്കൊന്നു.[9] ഇന്ത്യയും ചൈനയുമായുള്ള യുദ്ധകാലത്ത് ചൈനാചാരനെന്ന് മുദ്രകുത്തി ജയിലിലടച്ചു. 1956ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 1964-ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ നായനാർ സി.പി.എം ഇൽ ചേർന്നു. 1964 ൽ ഏപ്രിലിലെ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങിപ്പോന്നവരിൽ നായനാരും ഉണ്ടായിരുന്നു. ഏഴാം കോൺഗ്രസ്സിൽ നായനാരെ കേന്ദ്ര കമ്മിറ്റിയിലേക്കു തിരഞ്ഞെടുത്തു. ഏഴാം കോൺഗ്രസ്സ് കഴിഞ്ഞ ഉടൻ അറസ്റ്റിലായി.[10]

1967ൽ പാലക്കാടുനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1972 മുതൽ 1980 വരെ സി.പി.എം. കേന്ദ്ര കമ്മറ്റി അംഗമായിരുന്നു. 1972ൽ സി.എച്ച്. കണാരന്റെ മരണത്തോടെ അദ്ദേഹം സി.പി.എം.ന്റെ സംസ്ഥാന സെക്രട്ടറിയായി. ഇരിക്കൂറിൽ നിന്നും ജയിച്ച ഉടൻ തന്നെ ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന് മറ്റു കമ്മ്യൂണിസ്റ്റ് നേതാക്കൾക്കൊപ്പം ഒളിവിൽ പോയി.[11]

കേരള നിയമസഭയിലേക്ക് 6 തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1974ൽ ഇരിക്കൂറിൽ നിന്നും മൽസരിച്ച് ആദ്യമായി നിയമസഭാ അംഗമായി. 1980ൽ മലമ്പുഴയിൽ നിന്നും ജയിച്ച് ആദ്യമായി മുഖ്യമന്ത്രിയായി. 1982ൽ മലമ്പുഴയിൽ നിന്നും വീണ്ടും ജയിച്ച് പ്രതിപക്ഷനേതാവായി. 1987, 1991 കാലഘട്ടങ്ങളിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്നും ജയിച്ച് യഥാക്രമം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായി.

1996ൽ അദ്ദേഹം മൽസരിച്ചില്ല. എന്നാൽ തിരഞ്ഞെടുപ്പിനുശേഷം ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രിയായി. അതിനു ശേഷം തലശ്ശേരിയിൽ നിന്നും ഉപതെരഞ്ഞെടുപ്പിലൂടേ ജയിച്ചു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്ന വി.എസ്. അച്യുതാനന്ദൻ മാരാരിക്കുളത്ത് തോറ്റതാണ് നായനാർക്ക് മൂന്നാമൂഴം ഉണ്ടാക്കിയത്. തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച സ്ഥലങ്ങളിൽ ഇരിക്കൂർ, മലമ്പുഴ, തൃക്കരിപ്പൂർ, തലശ്ശേരി എന്നിവ ഉൾപ്പെടും. കുറിക്കുകൊള്ളുന്ന വിമർശനത്തിനും നർമ്മത്തിനും പ്രശസ്തനായിരുന്നു നായനാർ. ‘അമേരിക്കയിൽ ചായകുടിക്കുന്നതുപോലെയാണ് ബലാത്സംഗങ്ങൾ നടക്കുന്നത്’ എന്നു സൂര്യനെല്ലി സംഭവത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞത് ഏറെ വിവാദങ്ങൾക്കു വഴി തെളിച്ചിരുന്നു. ഏഷ്യാനെറ്റിൽ ‘മുഖ്യമന്ത്രിയോടു ചോദിക്കാം’ എന്ന പേരിൽ ആഴ്ചയിലൊരിക്കൽ പൊതുജന സമ്പർക്ക പരിപാടി തന്റെ മൂന്നാം മുഖ്യമന്ത്രിപദത്തിന്റെ കാലയളവിൽ നായനാർ നടത്തിയിരുന്നു.

  • ദോഹ ഡയറി
  • സമരത്തിച്ചൂളയിൽ (മൈ സ്ട്രഗിൾസ് എന്ന സ്വന്തം ആത്മകഥയുടെ മലയാള വിവർത്തനം)
  • അറേബ്യൻ സ്കെച്ചുകൾ
  • എന്റെ ചൈന ഡയറി
  • മാർക്സിസം ഒരു മുഖവുര
  • അമേരിക്കൻ ഡയറി
  • വിപ്ലവാചാര്യന്മാർ
  • സാഹിത്യവും സംസ്കാരവും
  • ജെയിലിലെ ഓർമ്മകൾ
 
കണ്ണൂർ പയ്യാമ്പലം കടൽതീരത്തു് സ: ഇ കെ നായനാർ അന്ത്യവിശ്രമംകൊള്ളുന്നയിടം

വളരെക്കാലം പ്രമേഹരോഗിയായിരുന്ന നായനാരെ പ്രമേഹത്തിന് മെച്ചപ്പെട്ട ചികിത്സക്കായി 2004 ഏപ്രിൽ 25-ന് ദില്ലിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യദിവസങ്ങളിൽ വലിയ കുഴപ്പങ്ങളില്ലാതെ കഴിഞ്ഞ അദ്ദേഹത്തിന് മേയ് ആറിന് അതികഠിനമായ ഹൃദയാഘാതം അനുഭവപ്പെടുകയുണ്ടായി. മുമ്പും രണ്ടുതവണ ഹൃദയാഘാതം വന്ന നായനാരുടെ ആരോഗ്യനില തുടർന്ന് ഓരോ ദിവസം ചെല്ലുംതോറും മോശമായി വന്നു. ഒടുവിൽ മേയ് 19-ന് വൈകീട്ട് അഞ്ചുമണിയോടെ സംഭവിച്ച ഹൃദയസ്തംഭനത്തെത്തുടർന്ന് അദ്ദേഹം അന്തരിച്ചു.[12] മരണസമയത്ത് 85 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം വിമാനമാർഗ്ഗം തിരുവനന്തപുരത്തെത്തിച്ചു. അവിടെ സെക്രട്ടേറിയറ്റിലും എ.കെ.ജി. സെന്ററിലും പൊതുദർശനത്തിന് വച്ചശേഷം വിലാപയാത്രയായി ജന്മദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോയി. നിരവധിയാളുകൾ നായനാരെ അവസാനമായി ഒരുനോക്കുകാണാൻ വഴിയിൽ തടിച്ചുകൂടിയിരുന്നു. കണ്ണൂരിലെ പയ്യാമ്പലം കടൽത്തീരത്ത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എ.കെ.ജി., കെ.ജി. മാരാർ എന്നിവരുടെ ശവകുടീരങ്ങൾക്കടുത്താണ് നായനാരെ സംസ്കരിച്ചത്.

അവലംബങ്ങൾ

തിരുത്തുക
  1. ഇ.കെ. നായനാർ, ഇ.കെ. നായനാർ. "ഇ.കെ.നായനാർ". കേരള നിയമസഭ. കേരള നിയമസഭ. Retrieved 2011 നവംബർ 24. {{cite web}}: Check date values in: |accessdate= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-09-10.
  3. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 377. ISBN 81-262-0482-6. ഇ.കെ.നായനാർ- വിദ്യാർത്ഥി പ്രസ്ഥാനത്തിലേക്ക്
  4. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 378. ISBN 81-262-0482-6. ഇ.കെ.നായനാർ- കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലേക്ക്
  5. "ഇ.കെ.നായനാർ". കേരളസ്റ്റേറ്റ്.ഇൻ. Archived from the original on 2013-09-08. Retrieved 2013 സെപ്തംബർ 08. ആറോൺ മിൽ തൊഴിൽ പണിമുടക്ക് {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  6. "മൊറാഴ സംഭവം" (PDF). കേരള നിയമസഭ. Retrieved 2013 സെപ്തംബർ 08. {{cite web}}: Check date values in: |accessdate= (help)
  7. ആർ., കൃഷ്ണകുമാർ (2004 ജൂൺ 18). "ദ പീപ്പിൾസ് ലീഡർ". ഫ്രണ്ട്ലൈൻ. Archived from the original on 2013-09-08. Retrieved 2013-09-08. {{cite web}}: Check date values in: |date= (help)CS1 maint: bot: original URL status unknown (link)
  8. "ഇ.കെ.നായനാർ". കേരള നിയമസഭ. Archived from the original on 2013-09-08. Retrieved 2013 സെപ്തംബർ 08. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  9. ഇ.കെ., നായനാർ (1982). മൈ സ്ട്രഗ്ഗിൾ - ആൻ ഓട്ടോബയോഗ്രഫി. വികാസ് പബ്ലിഷിംഗ് ഹൌസ്. ISBN 978-0706919738.
  10. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 381. ISBN 81-262-0482-6. ഇ.കെ.നായനാർ- മുഴുവൻ സമയ കമ്മ്യൂണിസ്റ്റ്
  11. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 380-381. ISBN 81-262-0482-6. ഇ.കെ.നായനാർ- നിയമസഭാ സാമാജികൻ
  12. "Balarama Digest 2011 June 11 issue കേരളത്തിലെ മുഖ്യമന്ത്രിമാർ" | Subscribe Balarama Digest Online | https://subscribe.manoramaonline.com/home-digital.html


സ്രോതസ്സുകൾ

തിരുത്തുക


മുൻഗാമി കേരളത്തിലെ മുഖ്യമന്ത്രിമാർ
1980– 1981
പിൻഗാമി
മുൻഗാമി കേരളത്തിലെ മുഖ്യമന്ത്രിമാർ
1987– 1991
പിൻഗാമി
മുൻഗാമി കേരളത്തിലെ മുഖ്യമന്ത്രിമാർ
1996– 2001
പിൻഗാമി


"https://ml.wikipedia.org/w/index.php?title=ഇ.കെ._നായനാർ&oldid=4144399" എന്ന താളിൽനിന്ന് ശേഖരിച്ചത്