മന്ദാകിനി നാരായണൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക

1968-ൽ നടന്ന കേരളത്തിലെ ആദ്യത്തെ നക്സലൈറ്റ് ആക്ഷനുകളിലൊന്നായ തലശ്ശേരി - പുൽപ്പള്ളി സംഭവങ്ങളിൽ പങ്കെടുത്ത ഒരു വനിതയാണ് മന്ദാകിനി നാരായണൻ. ഭർത്താവ് കുന്നിക്കൽ നാരായണനും, ഏക മകൾ കെ. അജിതയും നക്സൽ പ്രസ്ഥാനത്തിൽ മന്ദാകിനി നാരായണനോടൊപ്പം സജീവമായിരുന്നു.[1]

മന്ദാകിനി നാരായണൻ

ജീവിതരേഖ

തിരുത്തുക

1925 ഒക്ടോബർ 25-ന് ഗുജറാത്തിലെ ഭാവനഗറിൽ ഒരു ബ്രാഹ്മണ കുടുംബത്തിൽ ഉർവ്വശി ഓസയുടെയും നവീൻ ചന്ദ്ര ഓസയുടെയും ഇളയ മകളായിട്ടാണ്[2][3] മന്ദാകിനി നാരായണൻ ജനിച്ചത്. 1940-കളിൽ ഭാവനഗറിൽ നിന്നും മുംബൈയിലേക്ക് മന്ദാകിനിയുടെ കുടുംബം കുടിയേറി.[4] സ്കൂൾ കുട്ടി ആയിരിക്കെ തന്നെ ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്തുകൊണ്ടാണ് മന്ദാകിനി നാരായണൻ രാഷ്ട്രീയജീവിതത്തിൽ പ്രവേശിച്ചത്.[3] മുംബൈയിലെ എൽഫിൻസ്റ്റോൺ കോളേജിൽ കുറച്ചു നാൾ കോൺഗ്രസ്സ് അനുഭാവത്തോടെ പ്രവർത്തിച്ചുവെങ്കിലും,[4] പിന്നീട് സ്റ്റുഡന്റ് ഫെഡറേഷനിലും ഫ്രണ്ട് ഓഫ് സോവിയറ്റ് യൂണിയനിലും പ്രവർത്തിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയാവുകയും,[3] മലയാളിയായ കുന്നിക്കൽ നാരായണനെ പരിചയപ്പെടുകയും ചെയ്തു. പിൽക്കാലത്ത് ഇവർ വിവാഹിതരായി.[1]

വിവാഹത്തിന് ശേഷം കുന്നിക്കൽ നാരായണനുമൊത്ത് കോഴിക്കോട് ആയിരുന്നു താമസിച്ചിരുന്നത്. പതിനെട്ട് വർഷത്തോളം കോഴിക്കോട്ടെ ഒരു ഗുജറാത്തി സ്കൂളിൽ അദ്ധ്യാപികയായും പ്രധാന അദ്ധ്യാപികയായും ജോലി നോക്കിയിരുന്നു.[1][3]

1970-കളുടെ അവസാനത്തിൽ കേരളത്തിൽ നടന്ന നക്സൽ പ്രക്ഷോഭത്തോടനുബന്ധിച്ച്, പുൽപ്പള്ളി പോലീസ് സ്റ്റേഷനാക്രമിച്ച കേസിൽ 1968-ൽ അറസ്റ്റ് ചെയ്യപ്പെട്ടു. അനാരോഗ്യം നിമിത്തം ഈ കേസിൽ 1971-ൽ ജയിലിൽ നിന്ന് വിട്ടയയ്ക്കപ്പെടുകയുണ്ടായി.[3] പിന്നീട് അടിയന്തരാവസ്ഥക്കാലത്ത് 1975-ലും മന്ദാകിനിയെ അറസ്റ്റ് ചെയ്യുകയുണ്ടായി.[1] 1977-ൽ അവർ ജയിൽ മോചിതയായി.[3]

2006 ഡിസംബർ 16-ആം തീയതി തന്റെ 81-ആം വയസ്സിൽ മന്ദാകിനി നാരായണൻ അന്തരിച്ചു.[1][4][2]

  1. 1.0 1.1 1.2 1.3 1.4 Times of India, Naxalite pioneer Mandakini Narayanan dies.
  2. 2.0 2.1 The Hindu[പ്രവർത്തിക്കാത്ത കണ്ണി], Mandakini dead.
  3. 3.0 3.1 3.2 3.3 3.4 3.5 MB4eves[പ്രവർത്തിക്കാത്ത കണ്ണി], എന്റെ പ്രിയപ്പെട്ട അജി ബേട്ടാ... .
  4. 4.0 4.1 4.2 Indian Express, Kerala’s Naxalite icon passes away.
"https://ml.wikipedia.org/w/index.php?title=മന്ദാകിനി_നാരായണൻ&oldid=3806831" എന്ന താളിൽനിന്ന് ശേഖരിച്ചത്