സ്വാതന്ത്ര്യ സമര ഭടൻ, രാഷ്ട്രീയ നേതാവ്, രാജ്യസഭാംഗം, സാഹിത്യകാരൻ എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്നു എൻ.സി. ശേഖർ എന്ന നാരായണൻപിള്ള ചന്ദ്രശേഖരൻപിള്ള (2 ജൂലൈ 1904 - 3 ഡിസബർ 1986). കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ ഗ്രൂപ്പിൽ അംഗമായിരുന്നു. 1931ൽ തിരുവനന്തപുരത്ത് നടന്ന കമ്യൂണിസ്റ്റ് ലീഗിന്റെ രൂപീകരണത്തിൽ പങ്കെടുത്ത ശേഖർ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ സ്ഥാപകനേതാക്കളായ നാലുപേരിൽ ഒരാളാണ്.[1]

എൻ.സി. ശേഖർ
N.C. Sekhar.png
എൻ.സി. ശേഖർ
ജനനം
നാരായണപിള്ള ചന്ദ്രശേഖരപിള്ള

(1904-07-02)ജൂലൈ 2, 1904
മരണംഡിസംബർ 3, 1986(1986-12-03) (പ്രായം 82)
ദേശീയതഭാരതീയൻ
അറിയപ്പെടുന്നത്സ്വാതന്ത്ര്യ സമര ഭടൻ, രാഷ്ട്രീയ നേതാവ്, രാജ്യസഭാംഗം, സാഹിത്യകാരൻ

വിദ്യാഭ്യാസ കാലഘട്ടത്തിൽതന്നെ ദേശീയപ്രസ്ഥാനത്തിലേക്കിറങ്ങി. ഗാന്ധിജിയുടെ ആദർശങ്ങൾ വല്ലാതെ ആകർഷിച്ചിരുന്നു. 1930 ലെ സിവിൽ നിയമലംഘനപ്രസ്ഥാനത്തിൽ പങ്കെടുത്ത് ജയിലിലായി. ജയിലിൽവെച്ച് ഭഗത് സിംഗിന്റെ സഹപ്രവർത്തകരുമായി പരിചയപ്പെട്ടു. സ്വാതന്ത്ര്യത്തിലേക്കുള്ള പുതുവഴികളെക്കുറിച്ച് ശേഖർ തീവ്രമായി ചിന്തിച്ചു തുടങ്ങി. 1934 ൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ പി. കൃഷ്ണപിള്ള ശേഖറുമായി ബന്ധപ്പെടുകയും, കോഴിക്കോട്ട് തൊഴിലാളിയൂണിയനുകൾ കെട്ടിപ്പടുക്കാനുള്ള ചുമതല ശേഖറിനെ ഏൽപ്പിക്കുകയും ചെയ്തു.

തിരുവിതാംകൂറിൽ ഉത്തരവാദ ഭരണത്തിനായുള്ള പ്രക്ഷോഭം അരങ്ങേറിയപ്പോൾ കോഴിക്കോടു നിന്നും ശേഖർ തിരുവിതാംകൂറിലെത്തി അതിൽ പങ്കെടുത്തു. 1949 ൽ ഒളിവിൽ പോവേണ്ടി വന്നു. 1954 ൽ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.എമ്മിന്റെയൊപ്പം നിന്നു. 1967 ൽ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടു. നക്സൽപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചുവെങ്കിലും വളരെ വേഗം അതിൽ നിന്നും പിൻവാങ്ങി സി.പി.ഐ.എമ്മിൽ തന്നെ തിരിച്ചു വന്നു. 1986 ഡിസംബർ 3 ന് അന്തരിച്ചു.

ആദ്യകാല ജീവിതംതിരുത്തുക

1904 ജൂലൈ 2 ന് തിരുവനന്തപുരത്തെ വെങ്ങാനൂരിൽ ജനിച്ചു. വില്ലേജ് അധികാരിയായിരുന്ന പിതാവ് നാരായണപിള്ള ഒരു യാഥാസ്ഥിതികൻ കൂടിയായിരുന്നു. അമ്മ ജാനകി. തൊട്ടടുത്തുള്ള കുടിപ്പള്ളിക്കൂടത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ബാലരാമപുരം മിഡിൽ സ്കൂളിലായിരുന്നു നാലാംക്ലാസ്സുമുതൽ പഠനം. അവിടെ നിന്നും പിന്നീട് നെയ്യാറ്റിൻകര ഇംഗ്ലീഷ് ഹൈസ്കൂളിലേക്കു മാറി.[2] വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ ദേശീയപ്രസ്ഥാനങ്ങളിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. സ്കൂൾ പഠനം കഴിഞ്ഞാൽ ബാലരാമപുരം സ്വരാജ് ആശ്രമത്തിൽ പോവുകയും തക്ലിയിൽ നൂൽ നൂൽക്കുക, അവിടത്തെ മറ്റു പ്രവർത്തനങ്ങളിൽ പങ്കെടുക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്തിരുന്നു.

രാഷ്ട്രീയത്തിലേക്ക്തിരുത്തുക

1921 ലെ നിസ്സഹകരണ പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്ത് രാഷ്ട്രീയത്തിലേക്കിറങ്ങി. പതിനാറാമത്തെ വയസ്സിൽ കോൺഗ്രസ്സ്‌ അംഗത്വം നേടി. 1930 ൽ സിവിൽ നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുക്കാൻ ഒരു ജാഥ തിരുവനന്തപുരത്തു നിന്നും കെ.പി.സി.സി ആസ്ഥാനമായ കോഴിക്കോട്ടേക്കു തിരിച്ചു. പൊന്നറ ശ്രീധർ ആയിരുന്നു ജാഥാ തലവൻ. ഈ ജാഥയിൽ അംഗമായിരുന്ന എൻ.സി.ശേഖർ കോഴിക്കോട് വെച്ച് നിയമലംഘനപ്രസ്ഥാനത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. തലശ്ശേരി സബ് ജയിലിൽ ആയിരുന്നു ജയിൽവാസം തുടങ്ങിയതെങ്കിലും, പിന്നീട് കണ്ണൂർ ജയിലിലേക്ക് മാറ്റി. ഇവിടെ വെച്ച് ദേശീയ വിപ്ലവകാരികളുമായി ബന്ധപ്പെടാൻ ഇടയായി. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്തവരിൽ പ്രധാനിയായ ബാട്ലിവാലയുമായി കണ്ണൂർ ജയിലിൽ വെച്ച് പരിചയപ്പെട്ടു.

1931 ൽ ജയിൽ മോചിതനായി. ഭഗത് സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരുടെ വധശിക്ഷയെ അപലപിച്ച് തിരുവനന്തപുരത്ത് ശേഖറിന്റെ നേതൃത്വത്തിൽ പ്രതിഷേധയോഗം നടന്നു. ബാലരാമപുരത്തെ യുവാക്കളെ സംഘടിപ്പിച്ച് ശേഖർ യൂത്ത് ലീഗ് ആരംഭിച്ചു. യൂത്ത് ലീഗിന് തിരുവിതാകൂറിലും രൂപീകരിച്ചു. യുവാക്കളുടെ ഇടയിൽ ഒരാവേശമായി മാറി ഈ യൂത്ത് ലീഗ്. ഈ സമയത്ത് ശേഖർ കമ്മ്യൂണിസത്തിന്റെ വഴിയിലേക്കു സാവധാനം തിരിഞ്ഞിരുന്നു.

കമ്മ്യൂണിസ്റ്റ് ലീഗ്തിരുത്തുക

കണ്ണൂർ ജയിലിൽ നിന്ന്‌ മറ്റ്‌ തടവുകാരുമായും ഹിന്ദുസ്ഥാൻ സേവാദൾ വാളന്റിയർമാർമാരുമായുള്ള അടുപ്പത്തെത്തുടർന്ന് രഹസ്യ കമ്മ്യൂണിസ്റ്റ്‌ സംഘടന എന്ന ആശയം അദ്ദേഹത്തിൽ ഉടലെടുത്തു. 1931 ൽ കമ്മ്യൂണിസ്റ്റ്‌ ലീഗ്‌ എന്ന രഹസ്യസംഘടന രൂപീകരിച്ചു.[3] പൊന്നറ ശ്രീധർ, എൻ.പി.കുരുക്കൾ, തിരുവട്ടാർ താണുപിള്ള, ശിവശങ്കരപിള്ള, ആർ.പി.അയ്യർ, തൈക്കാട് ഭാസ്കരൻ, എൻ.സി.ശേഖർ എന്നിവരായിരുന്നു കമ്മ്യൂണിസ്റ്റ് ലീഗിലെ അംഗങ്ങൾ. റഷ്യയിൽ നടന്നതുപോലുള്ള ഒരു വിപ്ലവമുന്നേറ്റം ഇന്ത്യൻ പരിതഃസ്ഥിതിയിൽ അനിവാര്യമാണെന്ന തിരിച്ചറിവാണ് കമ്മ്യൂണിസ്റ്റ് ലീഗ് തുടങ്ങാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് ശേഖർ പിന്നീട് രേഖപ്പെടുത്തിയിരുന്നു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി അന്ന് നിലവിലുണ്ടായിരുന്നുവെങ്കിലും അവരുമായി ബന്ധം പുലർത്താൻ പുതിയ പാർട്ടി ശ്രമിച്ചില്ല. ചില കമ്മ്യൂണിസ്റ്റ് സാഹിത്യങ്ങൾ മലയാളത്തിലേക്കു വിവർത്തനം ചെയ്യുക, പ്രാദേശികമായി തൊഴിലാളി യൂണിയനുകൾ സംഘടിപ്പിക്കുക എന്നതൊക്കെയായിരുന്നു അവരുടെ പ്രവർത്തനങ്ങൾ. തിരുവനന്തപുരം വിട്ട് പുറത്തേക്ക് കമ്മ്യൂണിസ്റ്റ് ലീഗിന്റെ പ്രവർത്തന മേഖല വ്യാപിച്ചിരുന്നില്ല.[4]

കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക്തിരുത്തുക

1934ൽ കൃഷ്ണപിള്ളയുടെ നിർദ്ദേശപ്രകാരം പ്രവർത്തനകേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റി. കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയുടെ നേതൃസ്ഥാനത്ത്‌ പ്രവർത്തിച്ചു. തൊഴിലാളിരംഗത്താണ് അദ്ദേഹം സജീവമായി നിലകൊണ്ടത്. ട്രേഡ്‌ യൂണിയൻ കെട്ടിപ്പടുക്കുവാനുള്ള ചുമതല ഏറ്റെടുത്ത്, മലബാറിൽ ബീഡി-സിഗാർ, ഓട്ടുകമ്പനി, ഈർച്ചക്കമ്പനി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഇക്കാലഘട്ടത്തിലാണ് പി. സുന്ദരയ്യ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിക്കുന്നതിനായി കേരളത്തിലെ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി നേതാക്കളുമായി ചർച്ച നടത്തുന്നത്. 1937 ൽ ഘാട്ടെയും കേരളം സന്ദർശിച്ചു. കേരളത്തിൽ നിന്നുമുള്ള നാലുപേരടങ്ങിയ ഒരു സംഘം ഘാട്ടെയുടെ സാന്നിദ്ധ്യത്തിൽ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് രൂപീകരിച്ചു.[5] എൻ.സി.ശേഖർ അവരിലൊരാളായിരുന്നു. അങ്ങനെ അദ്ദേഹം കേരളത്തിലെ കമ്മ്യൂണിസത്തിന്റെ സ്ഥാപകനേതാക്കളിലൊരാളിയ മാറി.[6] 1938 ൽ തിരുവിതാംകൂറിൽ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപീകരിച്ചു. അതിന്റെ നേതൃത്വത്തിൽ ഉത്തരവാദഭരണത്തിനുവേണ്ടി നടന്ന പ്രക്ഷോഭത്തിൽ ശേഖർ പങ്കെടുത്തു. ഇതിന്റെ പേരിൽ 1000 രൂപ പിഴയും, 19 മാസത്തെ തടവും വിധിച്ചു. ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തുവന്നപ്പോൾ കോയമ്പത്തൂരിൽ പാർട്ടി കെട്ടിപ്പടുക്കാൻ നിർദ്ദേശം കിട്ടി. കോയമ്പത്തൂരിലെ പ്രവർത്തനങ്ങൾക്കിടയിൽ കോയമ്പത്തൂർ ഗൂഢാലോചനാ കേസിൽ പ്രതിയായി ജയിൽവാസമനുഷ്ഠിച്ചു.[7]

1939 മുതൽ 1954 വരെ അഖില കേരള ട്രേഡ് യൂണിയൻ സംഘടനയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു. 1936ൽ ബോംബെയിൽ ചേർന്ന എ.ഐ.ടി.യു.സി സമ്മേളനത്തിൽ കേരളത്തിൽനിന്ന് പങ്കെടുത്ത ഏക പ്രതിനിധി എൻ. സി.യായിരുന്നു. അതിനെത്തുടർന്ന്‌ ആറര വർഷക്കാലം ജയിലിലടക്കപ്പെട്ടു. കൽക്കത്ത തീസിസ്സിനെത്തുടർന്ന് കമ്യൂണിസ്റ്റ് പാർടി നിരോധിച്ച കാലത്ത് മൂന്നുവർഷം ഒളിവിലായിരുന്നു. 1954 മുതൽ 1960 വരെ രാജ്യസഭാംഗമായി ആറുവർഷം പ്രവർത്തിച്ചു. 1960ൽ പാർടിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. 1964ൽ പാർടി പിളർന്നപ്പോൾ സി.പി.ഐ. എമ്മിലേക്ക് പോയി. നക്സൽബന്ധത്തിന്റെ അടിസ്ഥാനത്തിൽ "67ൽ പാർടിയിൽനിന്ന് പുറത്തായി. നക്സൽ വാസം അധികം നീണ്ടു നിന്നില്ല, പിന്നീട് പാർട്ടിയുമായി നല്ല രീതിയിലുള്ള ബന്ധം പുലർത്തി. 1986 ഡിസംബർ മൂന്നിന് കണ്ണൂരിൽ വെച്ച്‌ അന്തരിച്ചു.

രാജ്യസഭാംഗത്വംതിരുത്തുക

  • 1954-1960 : സി.പി.ഐ., തിരു-കൊച്ചി

സാഹിത്യസംഭാവനകൾതിരുത്തുക

മാർക്സും ട്രേഡ് യൂണിയനുകളും എന്ന പുസ്തകം മലയാളത്തിലേക്ക് തർജ്ജമ ചെയ്തു. ചിന്ത വാരിക തുടങ്ങിയപ്പോൾ അതിൽ പ്രഭാ ശങ്കർ ബോംബെ എന്ന പേരിൽ ലേഖനങ്ങൾ എഴുതിയിരുന്നു. കൊച്ചിൻ ഹാർബർ പ്രദേശത്തെ തൊഴിലില്ലായ്മയെക്കുറിച്ച് പതിനായിരം കുടുംബങ്ങൾ പെരുവഴിയിൽ എന്ന ലേഖനമെഴുതി. കേരളത്തിൽ വിദേശമൂലധനം എന്ന പേരിൽ ലഘുലേഖ പ്രസിദ്ധീകരിച്ചു.

പുരസ്കാരങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. "കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - സ്ഥാപകനേതാക്കൾ". സി.പി.ഐ(എം) കേരളഘടകം. ശേഖരിച്ചത് 11-സെപ്തംബർ-2013. {{cite web}}: Check date values in: |accessdate= (help)
  2. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. പുറം. 504. ISBN 81-262-0482-6. എൻ.സി.ശേഖർ - വിദ്യാഭ്യാസം
  3. തോമസ് ജോൺസൺ, നൊസ്സിദർ (1983). കമ്മ്യൂണിസം ഇൻ കേരള - എ സ്റ്റഡി ഇൻ പൊളിറ്റിക്കൽ അഡാപ്ടേഷൻ. കാലിഫോർണിയ സർവ്വകലാശാല പ്രസ്സ്. പുറം. 65. ISBN 978-0520046672.
  4. ടി.വി., കൃഷ്ണൻ (1971). കേരളാസ് ഫസ്റ്റ് കമ്മ്യൂണിസ്റ്റ് ലൈഫ് ഓഫ് സഖാവ് കൃഷ്ണപിള്ള. പീപ്പിൾസ് പബ്ലിഷിംഗ് ഹൗസ്.
  5. എ., പാസ്ലിത്തിൽ (2006). പബ്ലിക്ക് ലൈബ്രറി മൂവ്മെന്റ്-കേരള. കാൽപാസ് പബ്ലിക്കേഷൻസ്. പുറം. 59. ISBN 978-8178355795.
  6. കെ.കെ.എൻ, കുറുപ്പ് (1988). മോഡേൺ കേരള - സ്റ്റഡീസ് ഇൻ സോഷ്യൽ ആന്റ് അഗ്രേറിയൻ റിലേഷൻസ്. സൗത്ത് ഏഷ്യ ബുക്സ്. പുറം. 120. ISBN 978-8170990949.
  7. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. പുറം. 528. ISBN 81-262-0482-6. എൻ.സി.ശേഖർ - കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ

അധിക വായനയ്ക്ക്തിരുത്തുക

പുറം കണ്ണികൾതിരുത്തുക

  • എൻ.സി. ശേഖർ - സി. ഭാസ്കരൻ
"https://ml.wikipedia.org/w/index.php?title=എൻ.സി._ശേഖർ&oldid=3800291" എന്ന താളിൽനിന്ന് ശേഖരിച്ചത്