കാടകം വനസത്യാഗ്രഹം
സ്വാതന്ത്ര്യ സമരകാലത്ത് പഴയ കാസർഗോഡ് താലൂക്കിൽ നടന്ന ശ്രദ്ധേയമായ ഒരു സമരമാണ് കാടകം വനസത്യാഗ്രഹം. കാസർഗോഡ് ജില്ലയുടെ കിഴക്ക് ഭാഗത്ത് കർണാടകയോട് ചേർന്നു കിടക്കുന്ന കാടകം എന്ന ഗ്രാമത്തിലാണ് ഈ സമരം നടന്നത്[1].
പശ്ചാത്തലം
തിരുത്തുകജനങ്ങളുടെ പരമ്പരാഗത ജീവിതരിതിക്കു തടയിടാനുള്ള ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ശ്രമങ്ങൾക്കെതിരെ ഉയർന്നുവന്ന പ്രതിഷേധം സ്വാതന്ത്ര്യസമരത്തിന്റെ സിരാകേന്ദ്രങ്ങളിലൊന്നായ മലബാറിൽ ശക്തമായിരുന്നില്ലെങ്കിലും കാടകം ഗ്രാമത്തിൽ ശക്തമായിരുന്നു. ബ്രിട്ടീഷ് ഭരണകൂടം നടപ്പാക്കിയ വനനിയമമായിരുന്നു കാടകം വനസത്യാഗ്രഹത്തിന്റെ അടിസ്ഥാനകാരണം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ തന്നെ വനസുരക്ഷയുടെ ഭാഗമായി സർക്കാർ വനനിയമം നടപ്പിലാക്കി. പരിസ്ഥിതി സംരക്ഷണമോ, വനസംരക്ഷണമോ ആയിരുന്നില്ല യഥാർത്ഥ ലക്ഷ്യം. കോളനിഭരണത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനു് വേണ്ടിയായിരുന്നു വനനിയമം നടപ്പിലാക്കിയത്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രധാന ശക്തിസ്രോതസ്സു് അവരുടെ നാവികപ്പടയായിരുന്നു. നാവികപ്പടയുടെ ശേഷിയാലാണ് അവർ യൂറോപ്പിലും മറ്റു ഭൂഖണ്ഡങ്ങളിലും ആധിപത്യം സ്ഥാപിച്ചിരുന്നതു്. നാവികസേനക്കു് യുദ്ധകപ്പൽ പണിയുവാൻ ഉറപ്പുള്ള മരങ്ങൾ ആവശ്യമായിരുന്നു. അതിനായി അവർ അയർലണ്ടിലൊക്കെ ലഭ്യമായിരുന്ന ഓക്കു് മരങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നതു്. എന്നാൽ പതിനെട്ടാം നൂറ്റാണ്ടിലും. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യവും യൂറോപ്പിൽ കാട്ടുതീപിടിച്ചതിനാൽ ഓക്കു് മരങ്ങളുടെ ലഭ്യത കുറഞ്ഞു.
മരങ്ങളുടെ ലഭ്യത ഉറപ്പുവരുത്താൻ ബ്രിട്ടീഷുകാർ ഏറെ കാര്യങ്ങൾ ആസൂത്രണം ചെയ്തു. മലബാറിലെ കോണോലി കളക്ടർ ഉത്തരവിട്ട നിലമ്പൂർ തേക്കിൻതോട്ടം അത്തരത്തിലുള്ള പദ്ധതികളിലൊന്നാണു്. തേക്കിൻതൈ കടത്താൻ പിന്നീടു് നിലമ്പൂരിലേക്ക് തീവണ്ടിപ്പാതയും പണിയുകയുണ്ടായി. വനസമ്പത്തു് തദ്ദേശവാസികൾ ഉപയോഗിക്കാതിരിക്കാൻ പത്തൊമ്പതാം നൂറ്റാണ്ടിൽ ആദ്യം തന്നെ വനനിയമവും ബ്രട്ടീഷുകാർ നടപ്പിലാക്കിയിരുന്നു. തങ്ങളുടെ ജീവിതോപാധികൾ നഷ്ടപ്പെടുന്നതിനാൽ ദീർഘകാലം ജനങ്ങൾ പ്രതിഷേധിച്ചിരുന്നു. സ്വാതന്ത്ര്യസമരം ശക്തമായതോടുകൂടി വനനിയമത്തിനെതിരേയുള്ള പ്രതിഷേധവും ശക്തമായി.
സത്യഗ്രഹ സമരം
തിരുത്തുകകാടകം മേഖലയിലെ ഗ്രാമീണർക്ക് പരമ്പരാഗതമായി വനത്തിൽ നിന്നും വിറകും പച്ചിലകളും ശേഖരിക്കാൻ അനുവാദമുണ്ടായിരുന്നു. ബ്രിട്ടീഷ് സർക്കാർ നടപ്പാക്കിയ വനനിയമത്തിലൂടെ ഈ അവകാശങ്ങൾ നീക്കം ചെയ്യപ്പെട്ടു. ഇതുകൂടാതെ ഇതുപോലുള്ള പല പരമ്പരാഗത അവകാശങ്ങളും ബ്രീട്ടീഷ് സർക്കാർ ഇല്ലാതാക്കി. [2] ഈ നീതിനിഷേധത്തിനെതിരായാണ് കോൺഗ്രസ്സ് കാടകം വനത്തിൽ സമരം ആരംഭിച്ചത്. നിയമം ലംഘിച്ച് വനത്തിൽ കടന്ന് മരംമുറിക്കുക, മുറിച്ച മരങ്ങൾ വിറ്റു കാശാക്കുക എന്നതായിരുന്നു സമരരീതികൾ. സമരക്കാർ സർക്കാർ വക വനത്തിൽ കയറി ചന്ദനം ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചു. സർക്കാർ ഇതിനെ വളരെ ഗൗരവമായി കണ്ടു. മലബാർ കളക്ടറുടെ നിർദ്ദേശപ്രകാരം സമരക്കാരെ അടിച്ചമർത്താൻ പോലീസ് കാടകം ഭാഗത്തേക്കു നീങ്ങി.[3] സമരം വേണ്ടത്ര ആളുകളുടെ കുറവു മൂലം ഒരു മന്ദഗതിയിൽ പോവുകയായിരുന്നു, ഈ സമയത്താണ് പി.കൃഷ്ണപിള്ളയും, കേരളീയനും സമരത്തിന്റെ ചൂട് വർദ്ധിപ്പിക്കാൻ ഒരു ഉൽപ്രേരകം പോലെയെത്തുന്നത്. കൃഷ്ണപിള്ളയുടെ സന്ദർശനം സമരത്തിന് ഒരു ഉണർവ്വ് നൽകി. മലബാറിൽ നിന്നും കാടകസമരമുഖത്തേക്ക് ജാഥകൾ പുറപ്പെട്ടു.
പോലീസ് നടപടി
തിരുത്തുകആഗസ്റ്റ് രണ്ടാംവാരം മുതൽ കാടകത്തേക്ക് സന്നദ്ധപ്രവർത്തകർ എത്തിത്തുടങ്ങി. അവർ ആഗസ്റ്റ പതിനഞ്ചിന് ഒരു ഫോറസ്റ്റ് ബംഗ്ലാവ് കയ്യേറുകയും അവിടെ നിന്ന് ചന്ദനമരങ്ങൾ വെട്ടിമുറിച്ച് വിൽക്കുകയും ചെയ്തു. വനസത്യാഗ്രഹം തുടങ്ങി രണ്ടുമാസം തികയുന്ന ദിവസം സത്യഗ്രഹികൾ വനനിയമലംഘനദിനമായി കൊണ്ടാടി. പോലീസ് ക്രൂരമായ മർദ്ദനം അഴിച്ചുവിട്ടു. ആഗസ്റ്റ് ഇരുപത്തിനാലിനു പോലീസ് നിയമം ലംഘിച്ച നാലുപേരെ അറസ്റ്റ് ചെയ്തു. അറസ്റ്റു ചെയ്തവരിൽ കെ.എൻ.കുഞ്ഞിക്കണ്ണൻ നായർക്ക് കോടതി പിരിയുന്നവരെ തടവു വിധിച്ചു. സി.കൃഷ്ണൻനായർ, കെ.വി.കണ്ണൻ എന്നിവർക്ക് നാലുമാസത്തെ കഠിന തടവും വിധിച്ചു. ഇതുകൊണ്ടൊന്നും സമരത്തെ തോൽപ്പിക്കാൻ സർക്കാരിനു കഴിഞ്ഞില്ല. ആഗസ്റ്റ് 31 ബംടാജ് എന്ന സ്ഥലത്തും വനസമരം അരങ്ങേറി, സമരാനുകൂലികൾ 45 മരങ്ങൾ മുറിച്ചു.
അവലംബം
തിരുത്തുക- ഡോക്ടർ.ചന്തവിള, മുരളി (2009). സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്ര പഠനം. ചിന്ത പബ്ലിഷേഴ്സ്. ISBN 81-2620226-2. Archived from the original on 2016-03-04. Retrieved 2013-04-13.
- ↑ വടക്കൻ പെരുമ; പ്രസിദ്ധീകരിച്ചത് ഇ.എം.എസ് പഠനകേന്ദ്രം, കാസർഗോഡ് പേജ് 53
- ↑ പി.കൃഷ്ണപിള്ളയുടെ ജീവചരിത്രം -ഡോക്ടർ.ചന്തവിള മുരളി പുറം 87
- ↑ പി.കൃഷ്ണപിള്ളയുടെ ജീവചരിത്രം -ഡോക്ടർ.ചന്തവിള മുരളി പുറം 87-88