അമ്പലവാസി

(കുരുക്കൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കേരളത്തിലെ അമ്പലങ്ങൾ, കാവുകൾ എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്ത് നിത്യവൃത്തി കഴിച്ചിരുന്ന ഹൈന്ദവജാതികളെ സൂചിപ്പിക്കുന്ന പൊതുസംജ്ഞയാണ് അമ്പലവാസികൾ.

അമ്പലവാസി സ്ത്രീകൾ - ഒരു പഴയകാല ചിത്രം

പൂജകൾ, പാഠശാലകളിലെ അധ്യാപനം, ക്ഷേത്രങ്ങളിലെ മാലകെട്ട്, സോപാനസംഗീതം, ശംഖുവിളിക്കൽ, മേളവാദ്യങ്ങൾ, അടിച്ചുവാരൽ തുടങ്ങി അമ്പലത്തിലെ വിവിധതരം ജോലികളാണ്‌ ഇവർ ചെയ്തു വന്നിരുന്നത്. പരമ്പരാഗതമായി ക്ഷേത്രസേവനങ്ങൾ അനുഷ്ഠിക്കുന്ന പുഷ്പകൻ (പുഷ്പകനുണ്ണി), തീയാട്ടുണ്ണി (തീയാടി, തിയാടി), നമ്പീശൻ, കുരുക്കൾ, നമ്പിടി, പൂപ്പള്ളി, പ്ലാപ്പള്ളി (പിലാപ്പള്ളി), ദൈവമ്പാടി (തെയ്യമ്പാടി), മൂത്തത് (മൂസ്സത്), ഇളയത്, ചാക്യാർ, നമ്പ്യാർ, അടികൾ, പിടാരർ, വാര്യർ, പിഷാരടി, മാരാർ, പൊതുവാൾ തുടങ്ങിയ ജാതികളെല്ലാം ചേർന്ന ജനവിഭാഗമാണ് അമ്പലവാസികൾ എന്ന് പൊതുവെ അറിയപ്പെടുന്നത്. കേരളത്തിലെ സാംസ്കാരികമേഖലയിൽ അമ്പലവാസികൾക്ക് മുഖ്യസ്ഥാനമുണ്ട്.

പേരു വന്ന വഴി

തിരുത്തുക

അമ്പലം, വാസി എന്ന രണ്ട് വാക്കുകളിൽ നിന്നാണ് അമ്പലവാസി എന്ന പേര് വന്നത്. അമ്പലവാസി സമുദായത്തിലുള്ളവർ അമ്പലങ്ങളുമായി ബന്ധപ്പെട്ട ജോലികൾ ചെയ്ത് നിത്യവൃത്തി കഴിച്ചിരുന്നു. അമ്പലങ്ങളുടെ സമീപത്തു വസിക്കുന്നവർ എന്ന അർത്ഥത്തിൽ അമ്പലവാസി എന്ന പേര് വന്നു.

അമ്പലവാസി ജാതികൾ

തിരുത്തുക

പുഷ്പകൻ ഉണ്ണി, തീയാട്ടുണ്ണി, നമ്പീശൻ, കുരുക്കൾ, നമ്പിടി, ചാക്യാർ, നമ്പ്യാർ, പൂപ്പള്ളി, പ്ലാപ്പള്ളി, ദൈവമ്പാടി (തെയ്യമ്പാടി), മൂത്തത് (മൂസ്സത്), ഇളയത്, അടികൾ, പിടാരർ, വാര്യർ, പിഷാരടി, മാരാർ, പൊതുവാൾ, മുതലായ ഒരുകൂട്ടം ജാതികൾ ചേർന്നാണ് അമ്പലവാസികൾ എന്നറിയപ്പെടുന്നത്.

അമ്പലവാസികളിൽ ഉപനയന സംസ്കാരമുള്ളവർ (പൂണൂൽ ധരിക്കുന്നവർ) എന്നും പൂണൂലില്ലാത്തവരെന്നും രണ്ടു വിഭാഗങ്ങളുണ്ട്.

പുഷ്പകൻ (പുഷ്പകനുണ്ണി), തീയാട്ടുണ്ണി (തീയാടി, തിയ്യാടി), നമ്പീശൻ, കുരുക്കൾ, നമ്പിടി, പൂപ്പള്ളി, പ്ലാപ്പള്ളി, ദൈവമ്പാടി (തെയ്യമ്പാടി), മൂത്തത് (മൂസ്സത്), ഇളയത്, ചാക്യാർ, നമ്പ്യാർ, അടികൾ, പിടാരർ എന്നിവരെ അമ്പലവാസി ബ്രാഹ്മണർ അഥവാ പൂണൂലുള്ള അമ്പലവാസികൾ എന്നും വാര്യർ, പിഷാരടി, മാരാർ, പൊതുവാൾ എന്നിവരെ പൂണൂൽ ഇല്ലാത്ത അമ്പലവാസികൾ എന്നും വിഭജിക്കുന്നു. അമ്പലവാസികളിൽപ്പെടുന്ന ബ്രാഹ്മണരെ തങ്ങളെക്കാൾ അല്പം താണനിലയിലുള്ള ബ്രാഹ്മണരായാണ് നമ്പൂതിരിമാർ കണക്കാക്കുന്നത്. നമ്പ്യാർ, നമ്പിടി, അടികൾ എന്നീ കുലനാമങ്ങളുള്ളവരിൽത്തന്നെ ഉപനയനസംസ്കാരമുള്ളവരും ഇല്ലാത്തവരും ഉണ്ട്.

പൂണൂലില്ലാത്ത വാര്യർ, പിഷാരടി, മാരാർ, പൊതുവാൾ എന്നീ ജാതിക്കാരുടെ സ്ത്രീനാമം കിട്ടാൻ പുരുഷനാമത്തോടൊപ്പം -സ്യാർ എന്ന് ചേർത്താൽ മതി; വാര്യർ-വാരസ്യാർ, പിഷാരടി-പിഷാരസ്യാർ, മാരാർ-മാരസ്യാർ, പൊതുവാൾ-പൊതുവാളസ്യാർ എന്നിങ്ങനെ.

പുഷ്പകൻ (പുഷ്പകൻ ഉണ്ണി)

തിരുത്തുക

അമ്പലങ്ങളിൽ പുഷ്പാലങ്കാരം, പൂജാപുഷ്പങ്ങൾ ഒരുക്കൽ, മാലകെട്ടൽ, നിവേദ്യവസ്തുക്കൾ തയ്യാറാക്കൽ, വിളക്കൊരുക്കുൽ, എഴുന്നള്ളത്തിനു വിളക്കെടുക്കുൽ, പാഠശാലകളിലെ അധ്യാപനം, ശംഖനാദം മുഴക്കൽ, എന്നിവയാണ് ഇക്കൂട്ടരുടെ കുലത്തൊഴിലുകൾ. പൂജാവിധികളും താന്ത്രികവിദ്യകളും അഭ്യസിക്കുമെങ്കിലും ക്ഷേത്രങ്ങളിലെ മുഖ്യതന്ത്രിമാരാകാറില്ല. മുഖ്യതന്ത്രിയുടെ നിർദേശാനുസരണം മാത്രം പൂജാകർമങ്ങൾ ചെയ്യുന്നു. വേദാധികാരികളാണ്. വേദഗ്രന്ഥങ്ങളും സംസ്കൃതവും പഠിപ്പിക്കാനുള്ള അധികാരമുണ്ട്. പുരുഷന്മാർ ഉപനയനം, 108 ഗായത്രീജപം, ബ്രഹ്മചര്യവ്രതം, സമാവർത്തനം എന്നിവ ഉള്ളവരാണ്. അഭിവാദ്യം ചെയ്യുന്ന സമയത്ത് ഗോത്രസൂത്രാദികൾ പറഞ്ഞ് പേരിനോട് കൂടെ ശർമ്മൻ എന്ന് ചേർത്ത് അഭിവാദ്യം ചെയ്യാറുണ്ട്. ഷോഡശസംക്സാരങ്ങൾ ആചരിക്കുന്നു. പൂണൂൽ ധരിക്കുകയും ഗായത്രീമന്ത്രം ചൊല്ലുകയും ചെയ്യുന്നു.

പുരുഷന്മാരെ പുഷ്പകൻ എന്നും സ്ത്രീകളെ പുഷ്പകത്തി എന്നും പറയുന്നു. പുരുഷന്മാരെ പേരിനൊപ്പം ഉണ്ണി എന്നു ചേർത്തു വിളിക്കുന്നു. സ്ത്രീകളെ ആത്തേരമ്മ എന്നോ ആത്തോലമ്മ എന്നോ ചുരുക്കത്തിൽ ആത്തേമ്മ എന്നോ വിളിക്കുന്നു. പുരുഷന്മാർ പേരിനൊപ്പം ഉണ്ണി എന്നോ ശർമ്മ എന്നോ കുലപ്പേര് ചേർക്കുന്നു. സ്ത്രീകൾ പേരിനൊപ്പം അമ്മ എന്നോ ദേവി എന്നോ ചേർക്കുന്നു. അധ്യാപനവൃത്തിയുള്ള പുഷ്പകരുടെ വീടുകൾ മഠങ്ങൾ എന്നും അല്ലാത്തവരുടേത് വീട് എന്നും അറിയപ്പെട്ടിരുന്നു.

തെക്ക് തിരുവനന്തപുരത്ത് പദ്മനാഭസ്വാമിക്ഷേത്രത്തിലും തിരുവട്ടാർ ആദികേശവക്ഷേത്രത്തിലും സവിശേഷാധികാരസ്ഥാനങ്ങൾ കല്പിച്ചു കിട്ടിയിട്ടുള്ള പുഷ്പകഉണ്ണിമാർ പേരിനൊപ്പം നമ്പി എന്നാണ് ചേർക്കുന്നത്. പുഷ്പക ഉണ്ണിമാരിൽ ഒരു വിഭാഗത്തെ പട്ടരുണ്ണി അഥവാ നാട്ടുപ്പട്ടർ എന്ന് വിളിക്കുന്നു. പട്ടർ എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്ന ഉണ്ണിമാരാണിവർ. തമിഴ് പട്ടരിൽ നിന്ന് തിരിച്ചറിയാനാണ് നാട്ടുപ്പട്ടർ എന്നു വിളിക്കുന്നത്. പട്ടരുണ്ണിമാരെ പ്രത്യേകജാതിയായും ചിലപ്പോൾ കണക്കാക്കാറുണ്ട്. ഇവരിൽത്തന്നെ ചേർത്തല (പഴയപേര്: കരപ്പുറം) ഭാഗത്തുള്ളവരെ കരപ്പുറം ഉണ്ണിമാർ എന്നും പറയാറുണ്ട്.

മൂത്തപുത്രൻ നിർബന്ധമായും സ്വജാതിയിൽ നിന്ന് മാത്രമേ വിവാഹം കഴിച്ചിരുന്നുള്ളൂ. അത് ഒന്നിലധികം ആകാമായിരുന്നു. ഇളയസഹോദരങ്ങൾ സ്വജാതിയിൽനിന്ന് വിവാഹം കഴിക്കുകയോ നായർ സ്ത്രീകളെ സംബന്ധം ചെയ്യുകയോ (അനുലോമവിവാഹം) ആയിരുന്നു പതിവ്. കുരുക്കൾ, നമ്പീശൻ എന്നീ സമാനജാതിക്കാരുമായും വൈവാഹികബന്ധങ്ങൾ ഉണ്ടാകാറുണ്ട്. സ്ത്രീകൾക്ക് സ്വജാതിയിലുള്ള ഭർത്താവു മരിച്ചാൽ, രണ്ടാം വിവാഹത്തിലേർപ്പെടാം. പക്ഷേ, ബ്രാഹ്മണരെ മാത്രമേ വിവാഹം ചെയ്യാൻ പാടുള്ളു. വിവാഹമോചനം അനുവദിച്ചിരുന്നു. പിതൃദായക്രമം അഥവാ മക്കത്തായം പിൻതുടരുന്നു. ഇവരുടെ പുല-ബാലായ്മ ചടങ്ങുകൾ പതിനൊന്ന് ദിവസം നീണ്ടു നില്ക്കുന്നതാണ്.

പുഷ്പകർക്ക് ക്ഷേത്രങ്ങളിലെ തന്ത്രിയാകാനുള്ള അധികാരം ലഭിച്ചിരുന്നില്ല. വേദപഠനത്തിനും പൂജയ്ക്കും മാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ. ഉണ്ണിമാർ ക്ഷേത്രങ്ങളിലെ പൂജാദികർമങ്ങൾ ചെയ്തിരുന്നത് തന്ത്രിയുടെ നിർദേശാനുസരണം മാത്രമായിരുന്നു. പണ്ടുകാലത്ത് നമ്പൂതിരിമാരുടെ ഇടയിൽ പെൺകുട്ടി ഋതുമതിയാകുന്നതിനു മുൻപുതന്നെ വേളികഴിച്ചിരിക്കണമെന്ന് നിർബന്ധമായിരുന്നു. എന്നാൽ, പെൺകുട്ടികൾ ഋതുമതികളായതിനു ശേഷം മാത്രമേ പുഷ്പകരുടെ ഇടയിൽ പണ്ടുകാലത്തും വിവാഹം നടന്നിരുന്നുള്ളൂ. നമ്പൂതിരിമാർ സാധാരണയായി ബ്രാഹ്മണർക്കു മാത്രമേ അദ്ധ്യാപനം ചെയ്തിരുന്നുള്ളൂ. എന്നാൽ പുഷ്പകഉണ്ണിമാർ അവരുടെ മഠത്തിൽ ഉപനയനസംസ്കാരമുള്ളവർക്കും ഇല്ലാത്തവർക്കും അക്ഷരാഭ്യാസവും വിദ്യാഭ്യാസവും നൽകിയിരുന്നു. ഇങ്ങനെയുള്ള വ്യത്യാസങ്ങളാൽ നമ്പൂതിരിമാർ പുഷ്പകരെ തങ്ങളെക്കാൾ താഴ്ന്നനിലയിലുള്ള ബ്രാഹ്മണരായാണ് കണക്കാക്കിയിരുന്നത്.

നമ്പീശൻ

തിരുത്തുക

പുഷ്പകഉണ്ണികളെപ്പോലെ പൂജാപുഷ്പങ്ങൾ ഒരുക്കുക, മാലകെട്ടുക, നിവേദ്യവസ്തുക്കൾ തയ്യാറാക്കിക്കൊടുക്കുക എന്നിവയൊക്കെയാണ് കുലത്തൊഴിൽ. എന്നാൽ വേദാധികാരമില്ല. ഇവരിൽ മക്കത്തായക്കാരും മരുമക്കത്തായക്കാരും ഉണ്ട്. മക്കത്തായക്കാരായ സ്ത്രീകൾക്കു സ്വജാതിയിലുള്ള ഭർത്താവു മരിച്ചാൽ, രണ്ടാം വിവാഹത്തിലേർപ്പെടാം. പക്ഷേ, ബ്രാഹ്മണരെ മാത്രമേ വിവാഹം ചെയ്യാൻ പാടുള്ളു. ഷോഡശസംക്സാരം പാലിക്കുന്നു. പൂണൂൽ ധരിക്കുകയും ഗായത്രീമന്ത്രം ചൊല്ലുകയും ചെയ്യുന്നു. നമ്പീശസ്ത്രീകളെ ബ്രാഹ്മണിയമ്മ എന്ന് പറയുന്നു. പുരുഷന്മാർ പേരിനൊപ്പം നമ്പീശൻ എന്നു ചേർക്കുന്നു. സ്ത്രീകൾ പേരിനൊപ്പം ബ്രാഹ്മണിയമ്മ എന്ന് ചേർത്തിരുന്നു. ഇപ്പോൾ സ്ത്രീകളും നമ്പീശൻ എന്നുതന്നെ ചേർക്കുന്നു. സ്ത്രീകൾക്കു പാട്ടുപാടി ദേവനെ സേവിക്കുക എന്നൊരു വിശേഷപ്രവൃത്തി കൂടിയുണ്ട്. ഇവർ പാടുന്ന പാട്ടുകളാണ് 'ബ്രാഹ്മണിപ്പാട്ടുകൾ'.[അവലംബം ആവശ്യമാണ്] ഇവർ ആചാരക്രമങ്ങളിലും മറ്റും പുഷ്പകരോട് സമാനരാണ്; പേരിൽ ഭേദമുണ്ടെങ്കിലും. വീട് പുഷ്പകം എന്നറിയപ്പെടുന്നു. ഇപ്പോൾ എല്ലാ നമ്പീശന്മാരും മക്കത്തായദായക്രമത്തിലേക്ക് മാറിയിട്ടുണ്ട്. നമ്പ്യാർ എന്ന് കുലനാമം സ്വീകരിച്ചിട്ടുള്ള ചില നമ്പീശകുടുംബങ്ങളും മധ്യകേരളത്തിലുണ്ട്.

തീയാട്ടുണ്ണി

തിരുത്തുക

തീയാടികൾ, തിയ്യാടികൾ എന്നുമൊക്കെ അറിയപ്പെടുന്ന ഇവർ ക്ഷേത്രങ്ങളിലും കാവുകളിലും തീയാട്ടും കളമെഴുതിപ്പാട്ടും നടത്തുന്നു. മക്കത്തായക്കാരാണ്. ഷോഡശസംക്സാരം പാലിക്കുന്നു. പൂണൂൽ ധരിക്കുകയും ഗായത്രീമന്ത്രം ചൊല്ലുകയും ചെയ്യുന്നു. താന്ത്രികപൂജാധികാരങ്ങൾ ഇവർക്കുണ്ട്. പാരമ്പര്യകലാരൂപമായ ഭദ്രകാളിതീയ്യാട്ട് അനുഷ്ഠിക്കുന്നു. സ്ത്രീകൾക്കു സ്വജാതിയിലുള്ള ഭർത്താവു മരിച്ചാൽ, രണ്ടാം വിവാഹത്തിലേർപ്പെടാം. പക്ഷേ, ബ്രാഹ്മണരെ മാത്രമേ വിവാഹം ചെയ്യാൻ പാടുള്ളു.[അവലംബം ആവശ്യമാണ്] ഈ ജാതിയിലുള്ള ആളുകളെ തീയാടി എന്ന് വിശേഷിപ്പിക്കപ്പെടുന്നു. പുരുഷന്മാർ പേരിനൊപ്പം ഉണ്ണി എന്നു ചേർക്കുന്നു. സ്ത്രീകൾ പേരിനൊപ്പം അമ്മ എന്നോ അന്തർജനം എന്നോ ചേർക്കുന്നു. ഇവരുടെ വീടുകൾ മഠം എന്നോ ഇല്ലം എന്നോ അറിയപ്പെടുന്നു. ഐതിഹ്യമാലയുടെ കർത്താവായ കൊട്ടാരത്തിൽ ശങ്കുണ്ണി തീയാട്ടുണ്ണി ആയിരുന്നു.

കുരുക്കൾ

തിരുത്തുക

കുരുക്കൾ (കുരിക്കൾ, ഗുരുക്കൾ) കേരളത്തിന്റെ തെക്കുഭാഗത്ത് കൂടുതലായുള്ളവരാണ്. പൂണൂൽ ധാരികൾ. തമിഴ് പാരമ്പര്യമുള്ളവരായി കരുതപ്പെടുന്നു. പൂണൂൽ ധരിക്കുകയും ഷോഡശസംസ്കാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നു. ശൈവ-ശാക്തേയക്ഷേത്രങ്ങളിൽ താന്ത്രികപൂജാധികാരങ്ങൾ ഉണ്ട്. കേരളോത്പത്തിയിൽ ഇവരെ ചിലമ്പാണ്ടികൾ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. തമിഴ് ബ്രാഹ്മണരിലെ ഒരു താണവിഭാഗമാണ് ചിലമ്പാണ്ടികൾ. പുരുഷന്മാരെ കുരുക്കൾ എന്നും സ്ത്രീകളെ കുരുക്കത്തി എന്നും പറയുന്നു. സ്ത്രീകളെ നാച്ചിയാർ എന്നാണ് വിളിച്ചിരുന്നത് എന്നഭിപ്രായപ്പെടുന്നവരുണ്ട്.

കുരുക്കന്മാരിൽത്തന്നെ പള്ളിത്തേവാരക്കുരുക്കൾ കോലിയക്കുരുക്കൾ എന്നിങ്ങനെ അവാന്തരവിഭാഗങ്ങളുണ്ട്. പദ്മനാഭസ്വാമിക്ഷേത്രത്തിലെയും തിരുവിതാംകൂർ രാജകുടുംബക്ഷേത്രങ്ങളിലെയും സേവനങ്ങൾക്കായി പാണ്ഡ്യനാട്ടിലെ ചിലകുടുംബങ്ങളെ തിരുവിതാംകൂറിലേക്ക് കൊണ്ടുവന്നുവെന്നും ഇങ്ങനെ തമിഴ് മേഖലയിൽ നിന്ന് തിരുവിതാംകൂറിലേക്ക് കൊണ്ടുവന്ന ഇരുപതു കുടുംബങ്ങളും അവരുടെ പിന്മുറക്കാരുമാണ് ഇന്നത്തെ അമ്പലവാസി കുരുക്കന്മാർ എന്നും വിശ്വസിക്കപ്പെടുന്നു. പാണ്ഡ്യനാട്ടിലെ വെള്ളാളക്കോവിലുകളിലെ പൂജാരിമാരായിരുന്നു ഇവർ എന്നാണ് കരുതപ്പെടുന്നത്. ഇറക്കുമതി ചെയ്ത കുടുംബങ്ങളിൽ പത്ത് മഠക്കാരെ പദ്മനാഭസ്വാമിക്ഷേത്രത്തിലും മറ്റ് പത്ത് മഠക്കാരെ തിരുവിതാംകൂർ രാജകൊട്ടാരത്തിന്റെ സേവനത്തിനും നിയമിച്ചു. അവർ പദ്മനാഭസ്വാമിക്ഷേത്രത്തിലെ സേവകരും ആയിരുന്നു. കൂപക്കരപോറ്റിമാരുടെ മേൽനോട്ടത്തിലാണ് ഇവർ പ്രവർത്തിച്ചിരുന്നത്. (തിരുവനനന്തപുരം കോട്ടയ്ക്കകത്തെ കൂപക്കരമഠത്തിലെ പോറ്റിമാരാണ് കൂപക്കര പോറ്റിമാർ. എട്ടരയോഗത്തിലെ പ്രധാനികളായിരുന്നു കൂപക്കര പോറ്റിമാർ.) കൂപക്കരപ്പോറ്റിയാണ് കേരളത്തിലെ മറ്റ് അമ്പലവാസിബ്രാഹ്മണരുടേതിനു തുല്യമായ കർമ്മങ്ങൾ ഇവർക്ക് നൽകിയത്. എട്ടാം നൂറ്റാണ്ടിൽ ഉമയമ്മറാണിയുടെ കാലം വരെ ഇവർക്ക് പദ്മനാഭസ്വാമിക്ഷേത്രത്തിൽ കഴകവൃത്തി ഉണ്ടായിരുന്നു. പദ്മനാഭസ്വാമിക്ഷേത്രത്തിലെ ഉത്സവസംബന്ധമായ സന്ദേശം തരണനല്ലൂർ നമ്പൂതിരിപ്പാടിന് എത്തിക്കാൻ കുരുക്കളിൽ ഒരാളെ കൂപക്കര പോറ്റി വിശ്വസിച്ചേൽപ്പിച്ചിരുന്നു. എന്നാൽ കുരുക്കൾ അതിൽ വീഴ്ചവരുത്തിയതിനാൽ മഹാരാജാവ് പ്രകോപിതനാവുകയും തത്ഫലമായി ഇവരെ പദ്മനാഭസ്വാമിക്ഷേത്രത്തിലെ സേവനങ്ങളിൽ നിന്ന് പുറത്താക്കുകയും ചെയ്തു. കൊല്ലവർഷം 907 (CE: 1732) കാലഘട്ടത്തിലാണ് ഈ പുറത്താക്കൽ നടന്നതെന്ന് വിശ്വസിക്കപ്പെടുന്നു. ഇങ്ങനെ പുറത്താക്കപ്പെട്ടവരിൽ പല കുടുംബങ്ങളും ഇന്നത്തെ തിരുവനന്തപുരത്തിന്റെ വടക്കു ഭാഗങ്ങളിലും കൊല്ലത്തും കൊല്ലത്തിനു വടക്ക്, ചവറ, പന്മന, തേവലക്കര എന്നിവിടങ്ങളിലും താമസമാക്കി. അവരെ കോലിയക്കുരുക്കൾ എന്നാണ് വിളിച്ചിരുന്നത്. തിരുവനന്തപുരത്ത് പദ്മനാഭസ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളെ ആശ്രയിച്ചു നിന്ന കുടുംബങ്ങളിലുള്ളവരെ പള്ളിത്തേവാരക്കുരുക്കൾ എന്നും വിളിച്ചുവന്നു. പള്ളിത്തേവാരക്കുരുക്കൾ കോലിയക്കുരുക്കളെ അവരുടെ കൂട്ടത്തിൽ കൂട്ടിയിരുന്നില്ല.

അമ്പലവാസികളല്ലാത്ത കുരുക്കൾ

തിരുത്തുക

കുരുക്കൾ അഥവാ ഗുരുക്കൾ എന്ന വിളിപ്പേര് കേരളത്തിലും തമിഴ്നാട്ടിലും വിവിധജാതികൾ ഉപയോഗിക്കാറുണ്ട്. പാരമ്പര്യമായി പപ്പടനിർമാണം കുലത്തൊഴിലായി സ്വീകരിച്ച കുരുക്കൾ എന്ന് വിളിപ്പേരുള്ള ഒരു ജാതി മധ്യകേരളത്തിലുണ്ട്. ഇവർ ഇപ്പോൾ സാമാന്യമായി വീരശൈവർ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. പണ്ടാരക്കുരുക്കൾ എന്നാണ് ഇവർ തെക്കൻ കേരളത്തിൽ അറിയപ്പെടുന്നത്. അമ്പലവാസികളായ കുരുക്കളെ ബ്രാഹ്മണരായും പണ്ടാരക്കുരുക്കളെ വൈശ്യരായുമാണ് പാരമ്പര്യമായി കണക്കാക്കുന്നത്. കേരളസർക്കാർ അമ്പലവാസിക്കുരുക്കളെ മുന്നോക്കസമുദായം എന്നാണ് കണക്കാക്കിയിരിക്കുന്നത്. പണ്ടാരക്കുരുക്കളെ പപ്പടച്ചെട്ടി, പപ്പടച്ചെട്ടിയാർ തുടങ്ങിയ ജാതികൾക്കൊപ്പം വീരശൈവസമുദായത്തിന്റെ അവാന്തരസമുദായമായി മറ്റു പിന്നോക്ക സമുദായങ്ങൾ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എങ്കിലും രണ്ടുകൂട്ടരും ശൈവപാരമ്പര്യം അവകാശപ്പെടുന്നവരാണ് എന്ന സാമ്യവുമുണ്ട്. ഇവരെക്കൂടാതെ വടക്കൻ കേരളത്തിൽ കളരി നടത്തിയിരുന്ന പലസമുദായക്കാരും കുരുക്കൾ എന്ന സ്ഥാനപ്പേര് സ്വീകരിച്ചിട്ടുണ്ട്.

നമ്പിടി

തിരുത്തുക

ജന്മികളും നാടുവാഴികളുമായിരുന്നു നമ്പിടിമാർ. അതിനാൽത്തന്നെ കുലത്തൊഴിൽ എന്നു പറയാൻ ഒന്നുമില്ല. എങ്കിലും ഷോഡശസംസ്കാരങ്ങളുള്ളതിനാലും നമ്പൂതിരിമാരിൽനിന്ന് വേറിട്ടു വന്നവർ എന്നതിനാലും അമ്പലവാസിബ്രാഹ്മണരായി കണക്കാക്കുന്നു. ഇവരെ ക്ഷത്രിയരായി കണക്കാക്കുന്നവരും ഉണ്ട്. നമ്പടി എന്നും എഴുതാറുണ്ട്. നമ്പിടി സ്ത്രീകളെ മാണ്ടാൾ എന്നു വിളിക്കുന്നു. ആചാരപരമായി നമ്പൂതിരിമാരുടെ അതേ ആചാരങ്ങളാണ് ഇവരുടേത്. എന്നാൽ വേദാധികാരമില്ല. ക്ഷേത്രമണ്ഡപത്തിൽ കയറാനോ മണിയടിച്ചു തൊഴുന്നതിനോ അധികാരമില്ല. മന, മഠം എന്നാണ് ഇവരുടെ ഭവനങ്ങളെ പറയാറ് പതിവ്. പുല പത്തു ദിവസവും പതിനൊന്നിനു പിണ്ഡവും ആചരിച്ചുവരുന്നു. പന്ത്രണ്ടു കഴിഞ്ഞ് പതിമൂന്നിനേ ശുദ്ധമാകൂ. ജനസംഖ്യയിൽ ഏറെ പരിമിതമായ നമ്പിടി സമുദായക്കാർ പൊതുവേ തൃശൂർ‍, പാലക്കാട് ജില്ലകളിലാണു താമസമാക്കിയിട്ടുള്ളത്. ദായക്രമം നോക്കിയാൽ ഇവരിൽ മക്കത്തായക്കാരും മരുമക്കത്തായക്കാരും ഉണ്ട്.

നമ്പിടിമാരിൽ പൂണൂലുള്ളവരും പൂണൂലില്ലാത്തവരും ഉണ്ട്. പൂണൂലുള്ള നമ്പിടിമാർക്ക് നമ്പൂതിരിമാരുടെ പൗരോഹിത്യമാണ്. കർമങ്ങൾ ചെയ്യുമ്പോൾ സ്ത്രീകൾ വസ്ത്രം ഞൊറിഞ്ഞുടുക്കുകയും മറ്റവസരങ്ങളിൽ ചുറ്റിയുടുക്കുകയും ചെയ്തിരുന്നു. പൂണൂലില്ലാത്ത നമ്പിടിമാർക്ക് ഇളയതാണ് പുരോഹിതൻ. നമ്പിടിമാരോട് സാദൃശ്യം പുലർത്തുന്ന ജാതിയാണ് ചെങ്ങഴി നമ്പി അഥവാ ചെങ്ങഴി നമ്പ്യാർ.

പൂപ്പള്ളി

തിരുത്തുക

പൂണൂൽ ധാരികൾ. ഷോഡശസംക്സാരമുള്ള ജാതി. മാലകെട്ട് കുലത്തൊഴിൽ. തിരുവിതാംകൂറിൽ കാണപ്പെടുന്നു.

പ്ലാപ്പള്ളി

തിരുത്തുക

പ്ലാപ്പള്ളി അഥവാ പിലാപ്പള്ളി. പൂണൂൽ ധാരികൾ. ഷോഡശസംക്സാരമുള്ള ജാതി.

ദൈവമ്പാടി

തിരുത്തുക

ദൈവമ്പാടി (തെയ്യമ്പാടി) അഥവാ ബ്രാഹ്മണി. ക്ഷേത്രങ്ങളിൽ കളമെഴുത്തുപാട്ട് നടത്തുന്നു. മലബാറിൽ കാണപ്പെടുന്നു.

മൂത്തത്

തിരുത്തുക

മൂത്തതിനെ 'മൂസ്സത്' എന്നും പറഞ്ഞുവരുന്നു. ക്ഷേത്രങ്ങളിലെ തിടമ്പെഴുന്നള്ളിക്കുന്നതിനും ശ്രീകോവിൽ കഴുകി വൃത്തിയാക്കുന്നതിനും അധികാരമുള്ളവരാണിവർ. ഇവരുടെ സ്ത്രീകളെ മനയമ്മ എന്ന് പറയുന്നു. ദായക്രമം മക്കത്തായം; പൂണൂലുണ്ട്.

ഇളയത് എന്നത് ഉച്ചാരണത്തിലും എഴുത്തിലും എളയത് എന്നും കാണുന്നു. നായന്മാരുടെ ശ്രാദ്ധാദികർമങ്ങളിൽ പൗരോഹിത്യവും നായന്മാരുടെ ക്ഷേത്രങ്ങളിൽ പൂജയുമാണ് ഇവരുടെ കുലവൃത്തി. ഇളയതു ജാതിയിൽപ്പെട്ട സ്ത്രീകളെ ഇളയോരമ്മ, ഇളോരമ്മ, ഇളോർമ, എളോർമ, ഇളയമ്മ, കുഞ്ഞമ്മ എന്നെല്ലാം പറയുന്നു. ഇളയത് ജാതിയിലെ പുരുഷന്മാർ തങ്ങളുടെ സ്ത്രീകളെ അകത്തുള്ളവർ എന്നാണ് പറയാറ്. ഇളയതിന്റെ വീട് ഇല്ലം എന്നാണ് അറിയപ്പെടുന്നത്.

ഇളയതുമാർ നായന്മാർക്ക് പൗരോഹിത്യം വഹിക്കുന്നു എന്ന കാരണത്താൽ നമ്പൂതിരിമാർ ഇളയതുമാരെ തങ്ങളെക്കാൾ കുറഞ്ഞ ബ്രാഹ്മണരായി കണക്കാക്കുകയും ന്യൂനജാതി, പതിതജാതി എന്നൊക്കെ വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ഇളയതുമാർ നമ്പൂതിരിമാരുടെ ഈ തരംതിരിവിനെ അവഗണിച്ചിരുന്നെങ്കിലും ഇളയതുമാരിൽത്തന്നെ ഒന്നാം പരിഷ, രണ്ടാം പരിഷ എന്നീ തരംതിരിവുണ്ടായിരുന്നു. ഉയർന്ന നായന്മാർക്ക് പൗരോഹിത്യം ചെയ്തിരുന്ന ഒന്നാം പരിഷക്കാർ താണ നായന്മാർക്ക് പൗരോഹിത്യം ചെയ്തിരുന്ന രണ്ടാം പരിഷക്കാരെ താണവിഭാഗമായി കണക്കാക്കിയിരുന്നു. ഒന്നാം പരിഷക്കാർ രണ്ടാം പരിഷക്കാരെ വിവാഹം ചെയ്യുകയോ രണ്ടാം പരിഷക്കാർക്കൊപ്പം ഭോജനം ചെയ്യുകയോ പതിവില്ലായിരുന്നു.

ഇളയതുമാർ പൗരോഹിത്യം വഹിക്കുന്ന ചില ക്ഷേത്രങ്ങളിൽ മദ്യം നേദിക്കാറുണ്ടെങ്കിലും ഇവർ സസ്യാഹാരികളും മദ്യം പൂർണമായും വർജിക്കുന്നവരും ആയിരുന്നു. പുണ്യാഹകർമങ്ങൾക്ക് നമ്പൂതിരിമാരുടെ സേവനം ആവശ്യപ്പെടുമായിരുന്നില്ല. എന്നാൽ ഈശ്വരസേവ, സർപ്പബലി എന്നിവയ്ക്ക് നമ്പൂതിരിമാരുടെ സഹായം തേടിയിരുന്നു. വിധവകൾ മുണ്ഡനം ചെയ്യുന്ന പതിവ് ഇല്ലെങ്കിലും തങ്ങളുടെ വിവാഹാഭരണങ്ങൾ ചിതയിൽ ഉപേക്ഷിച്ചിരുന്നു. മൂന്നു നേരം ഗായത്രീജപം ഉണ്ട്. ഗായത്രീജപം 24 ആണ്. ഇളയതുമാർ യജുർവേദികളാണ്. മൂത്തതുമാരെക്കാൾ ബ്രാഹ്മണാചാരങ്ങൾ താരതമ്യേന കൂടുതലുള്ളത് ഇളയതുമാർക്കാണ്.

ചാക്യാർ

തിരുത്തുക

പഴയ എഴുത്തിൽ ചാക്കിയാർ. സ്ത്രീകൾ ഇല്ലോടിയമ്മ അല്ലെങ്കിൽ ഇല്ലോട്ടമ്മ. തനി കേളീയവും മുൻപ് അമ്പലങ്ങളിൽ വച്ചുമാത്രം പ്രത്യേകാവസരങ്ങളിൽ പ്രയോഗിച്ചിരുന്നതും ആയ കൂത്ത്, കൂടിയാട്ടം എന്നീ പ്രകടനങ്ങൾ നടത്തുന്നവർ. പൂണൂലുണ്ട്;[അവലംബം ആവശ്യമാണ്] മരുമക്കത്തായമാണ് ദായക്രമം. ബുദ്ധന്മാരിൽ നിന്ന് വന്നവർ എന്ന് കരുതപ്പെടുന്നു. ബുദ്ധപാരമ്പര്യത്തിലെ ശാക്യ എന്ന പദത്തിൽ നിന്നാണ് ചാക്യാർ എന്ന പേരു വന്നത് എന്നു കരുതപ്പെ|ടുന്നു. ആചാരങ്ങളിൽ നമ്പൂതിരി സമുദായത്തോട് അടുത്ത ബന്ധമുള്ളവരും ആകുന്നു.

നമ്പ്യാർ

തിരുത്തുക

മിഴാവു നമ്പ്യാർ

തിരുത്തുക

പഴയ എഴുത്തിൽ നമ്പിയാർ. സ്ത്രീകൾ നങ്ങിയാർ അല്ലെങ്കിൽ നങ്ങ്യാർ. ചാക്യാർകൂത്തിൽ മിഴാവു കൊട്ടുകയാണു പ്രവൃത്തി. മരുമക്കത്തായക്കാരാണ് ഇവർ. സ്ത്രീകൾ സ്വജാതിക്കാരെയും ബ്രാഹ്മണരെയും വിവാഹം കഴിച്ചുവരുന്നു.[അവലംബം ആവശ്യമാണ്] പൂണൂൽ ഇല്ല. പുഷ്പകന്മാരിൽ ചിലരെ നമ്പിയാരെന്നു വിളിക്കാറുണ്ട്. അവർക്കു പൂണൂലുണ്ടായിരിക്കും.

ചെങ്ങഴി നമ്പ്യാർ

തിരുത്തുക

കേരളത്തിലെ തൃശൂർ ജില്ലയിൽപെട്ട തലപ്പിള്ളി താലൂക്കിലെ ചെങ്ങഴിനാട് (ചെങ്ങഴിക്കോട് ) പ്രദേശം കേന്ദ്രമാക്കിയുള്ള ഒരു ചെറുസമുദായമാണ് ചെങ്ങഴിനമ്പി എന്ന ചെങ്ങഴി നമ്പ്യാർ. ശുകപുരം ആഴ്‌വാഞ്ചേരിതമ്പ്രാക്കളുടെ വംശത്തിൽപ്പെട്ടവർ ആണെന്നും, പന്നിയൂർ , ശുകപുരം ഗ്രമങ്ങൾ തമ്മിലുള്ള വഴക്കിൽ ഇടപെട്ട് ആയുധം ഉപയോഗിച്ച് യുദ്ധം ചെയ്തതിനാൽ ആഭിജാത്യത്തിൽ ന്യൂനത സംഭവിച്ചു എന്നുമുള്ള ഒരു ഐതിഹ്യം ഇവർക്കുണ്ട്.

ഷോഡശസംസ്കാരത്തോടുകൂടിയ വിശ്വാമിത്ര (അഘമർഷണ കൗശീക) ഗോത്രക്കാരായ ഇവർ നാല് താവഴിയാണ്. ചെങ്ങഴി നമ്പ്യാർക്ക് ചെങ്ങഴിനാട് നാടുവാഴി (യാഗാധികാരി) എന്നീ പദവി ഉണ്ടായിരുന്നതിനാൽ ക്ഷേത്രത്തിൽ അമ്പലവാസികളെപ്പോലെ പ്രവർത്തികൾ ഒന്നും തന്നെ ഇല്ല. ആചാരാനുഷ്ഠാനങ്ങൾക്ക് ബ്രഹ്മക്ഷത്രിയ (വാൾനമ്പി, നമ്പിടി, നമ്പ്യാതിരി) സമുദായാചാരങ്ങളുമായി ചില സാമ്യതകളുണ്ട്. എന്നാൽ ഇതിൽ മൂത്തതാവഴി തെക്കെപ്പാട്ട് നമ്പിമാർക്ക് നമ്പൂതിരി വിധിപ്രകാരം ഉള്ള (പകഴിയൻ) ആചാരാനുഷ്ഠാനങ്ങളും, ക്രിയാസ്ഥാനത്തിന് നമ്പൂതിരിമാരുമാണ്. മൂത്തതാവഴിക്ക് ചെങ്ങഴിക്കോട് യാഗാധികാരി, നാടുവാഴി എന്നീ സ്ഥാനങ്ങളുമുണ്ട്. എന്നാൽ ഓത്തില്ല. ക്ഷേത്രമണ്ഡപത്തിൽ കയറാനും മണിയടിച്ചു തൊഴാനും അധികാരമുണ്ട്. മറ്റ്‌ മൂന്ന് താവഴികൾക്കും തന്ത്രം മാത്രമേ ഉള്ളു. അവർക്ക് യോഗാധികാരി ഊരാളൻ (മൂപ്പിൽ) എന്നീ സ്ഥാനമുണ്ട്. ഇവരുടെ പൌരോഹിത്യം മുത്തമനനമ്പൂതിരിക്കായിരുന്നു, പെൺകുട്ടികൾക്ക് ഋതുകല്യാണമെന്ന തിരണ്ടുകല്യാണാഘോഷമുണ്ട്. വിവാഹം അഗ്നിസാക്ഷിയായിട്ടുള്ള വേളിയാണ് മറ്റ് അനുബന്ധ ആചാരങ്ങളായ ആയനി ഊണ്; എണ്ണ തേച്ച് കുളിച്ച് പിറന്നാൾ പോലെ ഊണ് കഴിക്കുക. വധുവിൻറെ ഗ്രഹത്തിൽ എല്ലാവരുംകൂടി "മംഗലയാതിര" പാടി വധുവിന്റെ ബാധാമാലിന്യങ്ങളെ നീക്കി ഉഴിയാനുള്ള ആയിരം തിരി തെറുക്കൽ , കുടിവെപ്പ് മുതലായവയും ഉണ്ടായിരുന്നു . സ്ത്രീകൾക്ക് കുലത്തൊഴിലൊന്നുമില്ല. പുറത്തിറങ്ങുമ്പോൾ അവർക്ക് അന്തർജനങ്ങളെപ്പോലെ പുതപ്പും മറക്കുടയും മറ്റും വേണമായിരുന്നു. വേളികഴിച്ചയാൾ മരിച്ചു കഴിഞ്ഞാൽ , വിധവാ വിവാഹം സ്വജാതിയിലോ നമ്പൂതിരിജാതിയിൽ പെട്ടവരൊയൊ നടത്താൻ അനുവദിച്ചിരുന്നു. ചെങ്ങഴി നമ്പിയെ നാടുവാഴിആയതിനാൽ നമ്പ്യാർ എന്ന് ബഹുമാന സൂചകമായി വിളിക്കുന്നു എന്നതല്ലാതെ, അന്തരാളജാതി നമ്പ്യാർ, നായരുനമ്പ്യാർ , എന്നീ വിഭാഗങ്ങളുമായി സമാനതകൾ ഒന്നും തന്നെ ഇല്ല.

തിയ്യാടി നമ്പ്യാർ

തിരുത്തുക

നമ്പ്യാരിൽ ഒരു കൂട്ടരാണ് തിയ്യാടി നമ്പിയാർ. സ്ത്രീകൾ മരുമകളമ്മ. വിവിധവർണങ്ങളിലുള്ള ചില നാടൻചൂർണങ്ങൾകൊണ്ട് അയ്യപ്പന്റെ രൂപം വരച്ചു വാദ്യമേളങ്ങളോടും പൂജാദിചടങ്ങുകളോടും കൂടി നടത്താറുള്ള തിയ്യാട്ട് എന്ന വഴിപാടിന്റെ നിർവഹണമാണ് ഇവരുടെ കുലത്തൊഴിൽ.[അവലംബം ആവശ്യമാണ്] ഇവർ മക്കത്തായമാണ് പൂണൂൽക്കാരുമാണ്. തീയ്യാട്ടുണ്ണികൾ എന്നപോലെ ഇവരെയും തിയ്യാടികൾ എന്ന് വിളിക്കാറുണ്ട്.

അമ്പലവാസികളല്ലാത്ത നമ്പ്യാന്മാർ

തിരുത്തുക

അമ്പലവുമായി യാതൊരു ബന്ധവുമില്ലാത്ത നമ്പിയാന്മാരുണ്ട്. നായരുനമ്പ്യാന്മാർ അതിൽപ്പെടുന്നു. അവരെ അമ്പലവാസികൾ എന്ന് കൂട്ടാറില്ല. അമ്പലവുമായി ബന്ധമില്ലാത്തവരുടെ സ്ത്രീകളെ നങ്ങിയാരെന്നു വിളിക്കാറില്ല. നായരുനമ്പ്യാന്മാരിൽ വളരെ സ്ഥാനികളുണ്ട്. അവരിൽ പല കുടുംബങ്ങളിലെയും സ്ത്രീകൾ പല പേരുകളിലായി അറിയപ്പെടുന്നു. 'അപ്പിശ്ശി', 'കുഞ്ഞമ്മ', 'കുട്ടിയമ്മ' എന്നിവ അത്തരം ചില പേരുകളാണ്.[അവലംബം ആവശ്യമാണ്]

ഭദ്രകാളിക്ഷേത്രങ്ങളായ കാവുകളിൽ അർച്ചനയാണ് ഇവരുടെ പ്രവൃത്തി. സ്ത്രീകൾ അടിയമ്മ. മക്കത്തായമാണ് ദായക്രമം. ഇവരുടെ സ്ത്രീകളെ ബ്രാഹ്മണർ വിവാഹം ചെയ്യാറുണ്ട്. ദാരികവധം കഴിഞ്ഞുനില്ക്കുന്ന ഭദ്രകാളിയുടെ കോപാഗ്നിയെ കെടുത്തുന്നതിന് ഇളനീരിന്റെ മൂടുവെട്ടി ആടിയഭിഷേചിച്ചതിനു 'പാതിത്യം' കല്പിക്കപ്പെട്ട ബ്രാഹ്മണരുടെ വംശപരമ്പരയാണ് ഇവർ എന്നും ഐതിഹ്യമുണ്ട്.

എന്നാൽ മുൻപറഞ്ഞ പ്രവൃത്തി ഇല്ലാതെ ഈ പേരിൽ അറിയപ്പെടുന്നവരുമുണ്ട്. അവർക്കു പൂണൂൽ ഇല്ല. പൂണൂലില്ലാത്ത അടികളുടെ സ്ത്രീകളെ അടിസ്യാർ എന്ന് പറയുന്നു.

ശാക്തേയരാണ്. ശാക്തേയമായ പൂജാദികർമങ്ങൾ ചെയ്യുന്നു.

വാരിയർ എന്ന് പഴയ എഴുത്തിൽ. സ്ത്രീകൾ വാരസ്യാർ . ക്ഷേത്രകണക്കുകൾ നോക്കുന്നവരും ക്ഷേത്രകാര്യങ്ങളുടെ മേൽനോട്ടമാണ് പുരുഷന്മാരുടെ ജോലി. അടിച്ചുതളി, മാലകെട്ട് എന്നിവയാണ് സ്ത്രീകളുടെ തൊഴിൽ. ബലിക്കു യോഗ്യമായ കാര്യങ്ങൾ ഒരുക്കുന്നതിനാൽ ബാലേയ- എന്ന സംസ്കൃതശബ്ദത്തിൽ നിന്ന് വാര്യ- എന്ന പദം നിഷ്പാദിപ്പിക്കുന്നവരുമുണ്ട്. പൂണൂൽ ഇല്ല. വേദാധികാരം ഇല്ല. മരുമക്കത്തായികളും ന്യൂനപക്ഷം മക്കത്തായികളും ഉണ്ട്. [അവലംബം ആവശ്യമാണ്] വാര്യരുടെ വീട് വാര്യം അല്ലെങ്കിൽ വാര്യത്ത് എന്നറിയപ്പെടുന്നു. സ്ത്രീകളെ വാരസ്യാർ എന്ന് വിളിക്കുന്നു. ശൈവരാണ്. തിരുവിതാംകൂറിലെ വാര്യന്മാർ ഓണാട്ടുകര, വേണാട്ടുകര, ഇളയേടത്തുനാട്, തെക്കുംകൂർ എന്നിങ്ങനെ നാലു വിഭാഗം ഉണ്ട്. സംസ്കൃതം, ജ്യോതിഷം തുടങ്ങിയവയിലെ പണ്ഡിതർ എന്ന നിലയിൽ പ്രശസ്തരാണ് ഈ സമൂഹം.

പിഷാരടി

തിരുത്തുക

സ്ത്രീകൾ പിഷാരസ്യാർ . പ്രവൃത്തിയിലും ദായക്രമത്തിലും എല്ലാം വാരിയന്മാരെപ്പോലെയാണ് ഇവരും. എന്നാൽ പിഷാരോടിമാർക്കിടയിൽ മരണം കഴിഞ്ഞുള്ള ശേഷക്രിയയിൽ പിണ്ഡമില്ല; ആരാധനയേയുള്ളു. മരിച്ചയാളുടെ ആത്മാവിനെ വിഷ്ണുവിങ്കൽ സമർപ്പിക്കുന്നു എന്നത്രെ ഇതിന്റെ സങ്കല്പം. പിഷാരോടിമാർ പരിപൂർണ വൈഷ്ണവരാണെന്നു പറയാം.[അവലംബം ആവശ്യമാണ്] അവർ കുറിയിടാൻ ഭസ്മം ഉപയോഗിക്കാറില്ല; ചന്ദനമേ ഉപയോഗിക്കൂ. ബുദ്ധപാരമ്പര്യം കല്പിക്കുന്നു. ഭിക്ഷ്വാരടികൾ എന്നതിൽ നിന്ന് പിഷാരടികൾ എന്ന പേരു സിദ്ധിച്ചു എന്ന് കരുതുന്നു. പിഷാരടികളുടെ വീടുകൾ പിഷാരം അല്ലെങ്കിൽ പിഷാരോത്ത് എന്നോ ചുരുങ്ങി, ഷാരം അല്ലെങ്കിൽ ഷാരോത്ത് എന്നോ അറിയപ്പെടുന്നു.

പൂണൂലില്ലാത്ത അമ്പലവാസി ജാതി. സ്ത്രീകൾ മാരസ്യാർ എന്നറിയപ്പെടുന്നു. അമ്പലങ്ങളിൽ സോപാനസംഗീതം, ഗീതവാദ്യങ്ങളുടെ ആവിഷ്കരണങ്ങളാണ് കുലത്തൊഴിൽ. മരുമക്കത്തായികളാണ് അധികവും. വീട് മാരാത്ത് എന്ന് അറിയപ്പെടുന്നു. വാരിയർ ചെയ്യാറുള്ള പ്രവൃത്തികൾ മാത്രം ചെയ്യുന്നവരും ഇവർക്കിടയിലുണ്ട്. മാരാർ ഊരാളന്മാർ ആയിട്ടുള്ള വിവിധ ക്ഷേത്രങ്ങൾ കേരളത്തിൽ ഉണ്ട്.[അവലംബം ആവശ്യമാണ്]

പൊതുവാൾ

തിരുത്തുക

ക്ഷേത്രങ്ങളുടെ പൊതുകാര്യങ്ങൾ നോക്കുക, കാവൽ നിൽക്കുക തുടങ്ങിയവയാണ് കുലത്തൊഴിൽ. സ്ത്രീകൾ പൊതുവാളസ്യാർ എന്നറിയപ്പെടുന്നു. വീട് പൊതുവാട്ട് എന്നറിയപ്പെടുന്നു.

പൊതുവാളൻമാരിൽ പലവിഭാഗങ്ങളുണ്ട്. അകം പൊതുവാൾ, പുറം പൊതുവാൾ എന്ന് രണ്ട് വിഭാഗങ്ങൾ. മാലപ്പൊതുവാൾ, ചെണ്ടപ്പൊതുവാൾ എന്നും വിഭജനം ഉണ്ട്. ഒരു വിഭാഗം മൂത്തതിന്റെ വർഗത്തിൽപ്പെട്ടവരാണ്. വടക്കൻ കേരളത്തിലാണ് ഇവരെ അധികമായി കണ്ടുവരുന്നത്. പയ്യന്നൂർ ഗ്രാമക്കാർ ആയ ഈ പൊതുവാൾ വിഭാഗത്തെ അക പൊതുവാൾ എന്ന് പറയുന്നു. ക്ഷേത്രത്തിൽ കഴകവൃത്തിയുള്ള ഒരു വിഭാഗം പൊതുവാളന്മാരുണ്ട്. ഇവരെ മാലപ്പൊതുവാളന്മാർ എന്നു പറഞ്ഞുവരുന്നു. ചെണ്ടകൊട്ടുകൊണ്ട് ഉപജീവനം കഴിക്കുന്ന ഒരു വിഭാഗത്തിനു ചെണ്ടപ്പൊതുവാളന്മാർ എന്നാണു പേര്. ഇവരും അമ്പലവാസികളുടെ കൂട്ടത്തിൽപ്പെടുന്നു.

(നായർ സമുദായത്തിൽപ്പെട്ട പൊതുവാളന്മാർ വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ഉണ്ട്. ഇവരെ അമ്പലവാസികളായി കൂട്ടാറില്ല.)

കുറുപ്പ്

തിരുത്തുക

ക്ഷേത്രങ്ങളിൽ പാരമ്പര്യമായി കളമെഴുത്തും പാട്ടും നടത്തിവരുന്ന സമുദായമാണിവർ. ഇവരെ പലപ്പോഴും അമ്പലവാസികളായി കൂട്ടാറില്ല. വടക്കൻകേരളത്തിലും മധ്യകേരളത്തിലുമുള്ളവർ കളമെഴുത്തും പാട്ടും മാത്രമായും തെക്കൻകേരളത്തിലുള്ളവർ അതിൻ്റെ കൂടെ വാദ്യമേളങ്ങളും ചെയ്തുവരുന്നു.

കാസർഗോഡ്,കണ്ണൂർ ജില്ലകളിൽ തെയ്യമ്പാടി നമ്പ്യാന്മാർ എന്ന വിഭാഗമാണ് കളമെഴുത്തും പാട്ടും നടത്തിവരുന്നത്.[അവലംബം ആവശ്യമാണ്] ഇവരുടെ വീട് വടക്കൻ കേരളത്തിൽ വീട്ടുപേരിൻ്റെ കൂടെ വീട് എന്നും മധ്യകേരളത്തിൽ കല്ലാറ്റ് എന്നും തെക്കൻ കേരളത്തിൽ പുതുശ്ശേരി എന്നും കണ്ടുവരുന്നു. പുരുഷന്മാർ കുറുപ്പ് എന്നും സ്ത്രീകൾ കുറുപ്പസ്യാർ അല്ലെങ്കിൽ അമ്മ എന്നും അറിയപ്പെടുന്നു.

ജാതി പുരുഷ
കുലനാമം
സ്ത്രീ
കുലനാമം
തൊഴിൽ വീട് കുറിപ്പ്
പുഷ്പകർ (പുഷ്പകനുണ്ണി) ഉണ്ണി, നമ്പി ആത്തേരമ്മ, ആത്തേമ്മ, അമ്മ, ദേവി അദ്ധ്യാപനം, വിളക്കെടുപ്പ്, വിളക്കുകൊളുത്ത്, പുഷ്പാലങ്കാരം, പൂമാല നിർമ്മാണം, പൂക്കൾ ശേഖരിക്കൽ, ശംഖുവിളി, തിടമ്പേറ്റ്, പ്രസാദവിതരണം മഠം പൂജയ്ക്ക് പൂക്കളൊരുക്കുന്നവരായതിനാൽ പുഷ്പകന്മാർ എന്നറിയപ്പെടുന്നു.
നമ്പീശൻ നമ്പീശൻ ബ്രാഹ്മണിയമ്മ അദ്ധ്യാപനം, വിളക്കെടുപ്പ്, വിളക്കുകൊളുത്ത്, പുഷ്പാലങ്കാരം, പൂമാല നിർമ്മാണം, പൂക്കൾ ശേഖരിക്കൽ, പ്രസാദവിതരണം പുഷ്പകം
തീയാട്ടുണ്ണി ഉണ്ണി അമ്മ, അന്തർജ്ജനം തീയാട്ട് മഠം, ഇല്ലം തീയാട്ടുണ്ണികൾ ഭദ്രകാളി തീയാട്ട് എന്ന കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു.
കുരുക്കൾ കുരുക്കൾ അമ്മ ശിവ-ശാക്തേയക്ഷേത്രങ്ങളിൽ തന്ത്രവും പൂജയും, ക്ഷേത്രങ്ങളിൽ പാല്, തൈര്, മോര്, നെയ്യ്, മുതലായവ എത്തിക്കൽ, മാലകെട്ട്, വിളക്കെടുപ്പ്, തിടമ്പേറ്റ് മഠം, വീട് തമിഴ് പാരമ്പര്യം. ഗുരുക്കൾ എന്നതിന്റെ തമിഴെഴുത്തിൽ നിന്നും കുരുക്കൾ എന്ന പേര്.
നമ്പിടി നമ്പിടി മാണ്ടാൾ നാടുവാഴികൾ മന, മഠം
പൂപ്പള്ളി
പ്ലാപ്പള്ളി
അടികൾ അടികൾ അടിയമ്മ അഥവാ അടിസ്യാർ ഭഗവതിക്ഷേതങ്ങളിൽ ശാക്തേയപൂജ ചെയ്യുന്നു. നായന്മാരുടെ കർമങ്ങൾക്ക് പൗരോഹിത്യം വഹിക്കുന്നു മഠം പൂണൂലുള്ള അടികളുടെ സ്ത്രീകൾ അടിയമ്മ എന്നും പൂണൂലില്ലാത്ത അടികളുടെ സ്ത്രീകൾ അടിസ്യാർ എന്നും അറിയപ്പെടുന്നു.
മൂത്തത് മൂത്തത് മനയമ്മ തൃക്കോൽ ശാന്തി ഇല്ലം ഉത്സവത്തിന് തിടമ്പ് എഴുന്നളിക്കുകയും നിവേദ്യം തയ്യാറാക്കുകയും ചെയ്യുക, ക്ഷേത്രത്തിന്റെ താക്കോൽ കൈസ്ഥാനികത്വം കയ്യാളുക എന്നിയെല്ലാം തൃക്കോൽ ശാന്തിയിൽ ഉൾപ്പെടുന്നു. പലപ്പോഴും അമ്പലവാസികളിൽ പെടുത്താറില്ല.
ചാക്യാർ ചാക്യാർ ഇല്ലോട്ടമ്മ കൂത്ത് അവതാരകർ മഠം
നമ്പ്യാർ നമ്പ്യാർ നങ്യാർ തീയാട്ട്, കൂത്ത്, തുള്ളൽ മഠം തീയാട്ട് നമ്പ്യാർ അയ്യപ്പൻ തീയാട്ട് നടത്തുന്നു. മിഴാവ് നമ്പ്യാർ കൂത്തിന് മിഴാവ് കൊട്ടുന്നു, തുള്ളൽ നടത്തുന്നു.
വാര്യർ വാര്യർ വാരസ്യാർ അമ്പലത്തിലെ കണക്കെഴുത്തുകാർ, കാര്യക്കാർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. വാരിയം
പിഷാരടി പിഷാരടി അല്ലെങ്കിൽ ഷാരടി പിഷാരസ്യാർ അല്ലെങ്കിൽ ഷാരസ്യാർ മാലകെട്ട്,വിളക്കുപിടി,പൂക്കളൊരുക്കൽ, അടിച്ചുതളി,പൂജാപാത്രങ്ങൾ വൃത്തിയാക്കൽ പിഷാരം ഉത്തര-വേദകാലഘട്ടത്തിൽ ബുദ്ധമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരാണ് പിഷാരടികൾ എന്ന് വിശ്വസിക്കപ്പെടുന്നു
മാരാർ മാരാർ മാരസ്യാർ സോപാന സംഗീത അവതാരകർ, പാണി കൊട്ട്, ഇടക്ക, ക്ഷേത്ര അടിയന്തരം, ചെണ്ട കൊട്ട് മാരാത്ത്
പൊതുവാൾ പൊതുവാൾ പൊതുവാളസ്യാർ ക്ഷേത്രങ്ങളിലെ വാദ്യകലാകാർനമാർ പൊതുവാട്ട് ഉത്തര-വേദകാലഘട്ടത്തിൽ ജൈനമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരാണ് പൊതുവാൾ എന്ന് വിശ്വസിക്കപ്പെടുന്നു
കുറുപ്പ് കുറുപ്പ് കുറുപ്പസ്യാര് അല്ലെങ്കിൽ അമ്മ ക്ഷേത്രങ്ങളിൽ കളം എഴുത്തും പാട്ടും കുറുപ്പത്ത്

ക്ഷേത്രകലകൾ

തിരുത്തുക

പണ്ടു കാലത്തു ബ്രാഹ്മണഅമ്പലവാസികൾക്കു മാത്രമായിരുന്നു ക്ഷേത്രവുമായി ബന്ധപ്പെട്ട അധികാരങ്ങൾ ഉണ്ടായിരുന്നത്. മേല്പറഞ്ഞ പൂജ, മാലകെട്ട്, ചെണ്ട, ഇടയ്ക്ക, ചാക്യാർ കൂത്ത്, നങ്ങ്യാർ കൂത്ത്, സോപാനസംഗീതം തുടങ്ങിയ ക്ഷേത്രകലകൾ  നാലമ്പലത്തിനകത്തുമാത്രം ഒതുങ്ങി നിന്നവയായിരുന്നു. ക്ഷേത്രത്തിനു പുറത്ത് ഇവ അനുവദിച്ചിരുന്നില്ല. ഇവയൊന്നും ആസ്വാദനകലകളും ആയിരുന്നില്ല. ക്ഷേത്രാനുഷ്ഠാനങ്ങളുടെ മാത്രം ഭാഗം ആയിരുന്നു. പിൽക്കാലത്തു ഇവയിൽ നിന്നും കഥകളി, ഓട്ടൻ തുള്ളൽ പോലുള്ള ആസ്വാദനകലകൾ രൂപപ്പെട്ടു.

വിനോദങ്ങൾ

തിരുത്തുക

പണ്ടുകാലത്ത്, അന്നപ്രാശനം, ഉപനയനം, സമാവർത്തനം, വിവാഹം, തുടങ്ങിയ ചടങ്ങുകളോടനുബന്ധിച്ച് അമ്പലവാസികൾ ഏർപ്പെട്ടിരുന്ന ചില വിനോദകേളികൾ ഉണ്ടായിരുന്നു. ഏഴാമത്തുകളി, കൂട്ടപ്പാഠകം, സംഘക്കളി എന്നിവ അവയിൽപ്പെടുന്നു.

വർണവ്യവസ്ഥാപ്രകാരമുള്ള സ്ഥാനം

തിരുത്തുക

ബ്രാഹ്മണർക്കും ക്ഷത്രിയർക്കും അല്ലെങ്കിൽ ഷത്രിയർക്കും ശൂദ്രർക്കും ഇടയിൽ ഉളള അന്തരാള[അവലംബം ആവശ്യമാണ്] വിഭാഗങ്ങൾ. പൂണൂലുള്ളവരും ഷോഡശസംസ്കാരങ്ങളുള്ളതുമായ ജാതികളെ ബ്രാഹ്മണരുടെയും ക്ഷത്രിയരുടെയും ഇടയ്ക്കുള്ള അന്തരാളജാതികളായും പൂണൂലില്ലാത്ത ജാതികളെ ബ്രാഹ്മണ-ക്ഷത്രിയ വിഭാങ്ങളുടെയും[അവലംബം ആവശ്യമാണ്] ശൂദ്രരുടെയും ഇടയിലുള്ള അന്തരാളജാതികളായും കണക്കാക്കുന്നു.

ആചാരങ്ങളും ആഘോഷങ്ങളും

തിരുത്തുക

അമ്പലവാസികളിൽ മക്കത്തായികളും മരുമക്കത്തായികളും ഉണ്ട് ഇവരെല്ലാം പൊതുവേ പന്ത്രണ്ട് പുലക്കാരാണ് വാര്യര് മാരാര് തുടങ്ങിയവർ ശിവദീക്ഷ എന്നൊരു ചടങ്ങ് നടത്തിയിരുന്നു വാര്യർ മുതലായവർ വിവാഹത്തിന് അയനിയൂണ് മുതലായവ നടത്താറുണ്ട്

പ്രശസ്തരായ അമ്പലവാസികൾ

തിരുത്തുക

എന്നിവർ പ്രസിദ്ധരായ അമ്പലവാസികളാണ്.

ബാഹ്യകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമ്പലവാസികൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അമ്പലവാസി&oldid=4136464#കുരുക്കൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്