പിടാരർ
അമ്പലവാസി ബ്രാഹ്മണരിൽപ്പെട്ട ഒരു ജാതിയാണ് പിടാരൻ അഥവാ പിടാരർ. ഇവരെ കാവിൽ മൂസ്സത് എന്നും വിളിക്കാറുണ്ട്. ശാക്തേയബ്രാഹ്മണരാണ് ഇവർ. വടക്കൻ കേരളത്തിലാണ് പിടാരർ കൂടുതലായി ഉള്ളത്. ശാക്തേയക്ഷേത്രങ്ങളിൽ പൂജാദികർമങ്ങൾ ചെയ്യുകയാണ് ഇവരുടെ കുലത്തൊഴിൽ. ബിംബാരാധനയ്ക്കാവശ്യമായ പൂക്കളൊരുക്കുന്നതും ഇവർതന്നെ.
ഭിക്ഷ്വാരകൻ എന്ന പദം പരിണമിച്ച് പിഷാരകൻ എന്നും പിന്നീട് പിടാരൻ എന്നുമായെന്ന് കരുതപ്പെടുന്നു.
ശാക്തേയപൂജനടത്താൻ പരശുരാമനാൽ നിയോഗിക്കപ്പെട്ടവരാണ് ഇവർ എന്നാണ് ഐതിഹ്യം. മദ്യവും മാംസവും ഉപയോഗിച്ചുള്ള ശാക്തേയപൂജനടത്തുന്ന ഇവർക്ക് മദ്യമാംസാദികൾ ഭക്ഷണത്തിനും നിഷിദ്ധമല്ല. ജനനം മുതൽ മരണം വരെയുള്ള എല്ലാ ചടങ്ങുകളിലും മത്സ്യമാംസാദികൾക്ക് മുഖ്യസ്ഥാനമുണ്ട്. ഉപനയനമുൾപ്പടെയുള്ള ഷോഡശസംസ്കാരക്രിയകൾ അനുഷ്ഠിക്കുന്നു. പിടാരർക്ക് പതിനൊന്നു ദിവസമാണ് പുല. ഭദ്രകാളീക്ഷേത്രങ്ങളിൽ രക്തതർപ്പണം, കോഴിബലി മുതലായവ നടത്തുന്നു. ക്ഷേത്രപരിസരത്തുവച്ചുതന്നെ മാസം പാകംചെയ്ത് നിവേദിച്ച് ഭക്തന്മാർക്ക് പ്രസാദമായി നൽകുന്നു. പൂജാദികർമങ്ങൾ ചെയ്യുമെങ്കിലും ക്ഷേത്രങ്ങളിലെ തന്ത്രിസ്ഥാനം ഉണ്ടാകാറില്ല.
കൊയിലാണ്ടിയിലെ പിഷാരിക്കാവിൽ പൂജനടത്തുന്നത് പിടാരന്മാർ (പിഷാരകന്മാർ) ആണ്. മാടായിക്കാവിലും പിടാരന്മാരാണ് പൂജാരികൾ. കളരിവാതുക്കൽ, തിരുവർകാട്ടുകാവ്, നീലേശ്വരം മന്നമ്പുറത്തികാവ്, കടത്തനാട് ശ്രീപോർക്കലിക്കാവ്, ഇരിക്കൂർക്കാവ് എന്നിവിടങ്ങളിലും പിടാരന്മാരാണ് പൂജാദികർമങ്ങൾ ചെയ്യുന്നത്.