കേരളീയ ബ്രാഹ്മണവിഭാഗത്തിൽ പെട്ട ഊരാളൻമാണ് നമ്പിടിമാർ. ആചാരപരമായി നമ്പൂതിരിമാരുടെ അതേ ആചാരങ്ങളാണ് ഇവരുടേത്. മന, മഠം എന്നാണ് ഇവരുടെ ഭവനങ്ങളെ പറയാറ് പതിവ്. നമ്പിടിമാർ ബ്രാഹ്മണരാണ്. പുല പത്തു ദിവസവും പതിനൊന്നിനു പിണ്ഡവും നമ്പൂതിരിമാരും നമ്പിടിമാരും ആചരിച്ചുവരുന്നു. പന്ത്രണ്ടു കഴിഞ്ഞ് പതിമൂന്നിനേ ശുദ്ധമാകൂ. തലപ്പിള്ളി രാജവംശമായ മണക്കുളം,ചെറളയം എലിയങ്ങാട്ട്, കുമരപുരം എന്നിവർക്ക് രാജാധികാരമുണ്ടായിരുന്നതുകൊണ്ട് ബ്രാഹ്മണരായിരുന്നിട്ട്കൂടി അവർ ക്ഷത്രിയരാണെന്നു് പലരും ധരിച്ചിരുന്നു അത് തെറ്റിദ്ധാരണയാണ്. കേരളത്തിലെ ഹിന്ദുസമുദായത്തിൽ ഉൾപ്പെട്ട ഒരു വിഭാഗത്തെ നമ്പിടി എന്ന പേരിൽ അറിയപ്പെടുന്നു. നമ്പടി എന്നും പേരുണ്ട്. ഇവർക്ക് ശർമ്മ സംയോജം ഉണ്ട് . ജനസംഖ്യയിൽ ഏറെ പരിമിതമായ നമ്പിടി സമുദായക്കാർ പൊതുവേ തൃശൂർ‍, പാലക്കാട് ജില്ലകളിലാണു താമസമാക്കിയിട്ടുള്ളത്. ഒരു ഭൂതരായ പെരുമാളെ വധിച്ചതുമൂലം പതിത്വം സംഭവിച്ച നമ്പൂതിരിയുടെ പിൻമുറക്കാരോ അതിലെ തന്നെ ഒരു അവാന്തര വിഭാഗമോ ആണ് നമ്പിടിമാർ എന്നാണ് ഐതിഹ്യം. പെരുമാളെ വധിച്ച കുറ്റത്തിന് നമ്പൂതിരിയെ ശിക്ഷിക്കണമോ വേണ്ടയോ എന്നു മറ്റു നമ്പൂതിരിമാർ ചിന്തിക്കവേ കുറ്റബോധം തോന്നി അവരുടെ കൂടെ ഇരിക്കാതെ നേം പടിയിൽ ഇരുന്നോളാം എന്നു സമ്മതിച്ചവരാണത്രെ നമ്പിടിമാർ ആയത്. നമ്പി (ആശ്രയിക്കത്തക്കവൻ), അടികൾ (പാദങ്ങൾ) എന്നീ വാക്കുകളിൽ നിന്നാണ് നമ്പിടി വ്യുത്പന്നമായതെന്നും കരുതപ്പെടുന്നു. അമ്പലവാസികളിലെന്നപോലെ നമ്പിടിമാരിലും പൂണൂലുള്ളവരും ഇല്ലാത്തവരുമുണ്ട്. ആചാരാനുഷ്ഠാനങ്ങളിൽ നമ്പിടിമാരോടു സാദൃശ്യമുള്ള മറ്റൊരു സമുദായം ചെങ്ങഴി നമ്പ്യാർ[1], ആണ്. മരുമക്കത്തായം, ആഘോഷത്തോടുകൂടിയ തിരണ്ടുകല്യാണം, അമ്മാവന്റെ മകളെ വിവാഹം കഴിക്കൽ എന്നീ സവിശേഷതകൾ നമ്പൂതിരിമാരുടേതിൽ നിന്നും വ്യത്യസ്തമാണ്.കുലശേഖരപ്പെരുമാളുടെ ഭരണത്തിനെതിരെ ഇവിടത്തെ അഭിജാതവർഗം സംഘടിതരായപ്പോൾ അദ്ദേഹത്തെ വധിയ്ക്കുവാൻ തയ്യാറായ നമ്പൂതിരിയോദ്ധാക്കൾ ആ കൃത്യനിർവഹണശേഷം മടങ്ങി വന്നപ്പോൾ അവരെ സമുദായ ഭ്രഷ്ട് കൽപിച്ചു മാറ്റിനിർത്തി. അവരെ പ്രത്യേക വിഭാഗമായി മാറ്റി ചില ആചാരാനുഷ്ഠാനങ്ങൾ നിശ്ചയിച്ചു.ചാക്യാരും നമ്പ്യാരും നമ്പീശനും മുസതും എളേതും അടികളും ബ്രാഹ്മണർ തന്നെയാണ്. ആഭിജാത്യത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടെന്നു മാത്രം മൂസതും അടികളും ചില ക്ഷേത്രങ്ങളിൽ ശാന്തി നടത്താറുണ്ട്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ അടികളും മാടായിക്കാവിൽ പിടാരർ ആണ് ശാന്തി. നമ്പീശന് ക്ഷേത്രങ്ങളിൽ കഴകവൃത്തിയാണ്. നമ്പിടിമാരെ നമ്പൂതിരിമാരുടെ കൂട്ടത്തിൽ കൂട്ടുക പതിവുണ്ട്.

പഴയകാല ആചാരങ്ങൾ

തിരുത്തുക

പൂണൂലുള്ള നമ്പിടിമാരുടെ ആസ്ഥാനം തലപ്പിള്ളി താലൂക്കാണ്. ഇവരെ അയിനിക്കൂർ നമ്പിടിമാർ എന്നു വിളിച്ചുപോന്നു. എല്ലാ ശാഖകളിലും പെട്ടവരിൽ ഏറ്റവും മൂത്തയാളെ കക്കാട്ടു കാരണവപ്പാട് എന്നു പറയും. നമ്പിടിമാരിൽ പ്രബലർ പുന്നത്തൂർ നമ്പിടിമാരത്രെ. ഇവർ സാമൂതിരിപക്ഷക്കാരായിരുന്നു. എന്നാൽ കുമാരപുരം, ചിറളയം താവഴിക്കാർ സാമൂതിരിമാർക്ക് എതിരായിരുന്നു. അയിനിക്കൂറ്റു നമ്പിടിക്കു പൂണൂലുണ്ട്, എന്നാൽ ഓത്തില്ല. ക്ഷേത്രമണ്ഡപത്തിൽ കയറാനും മണിയടിച്ചു തൊഴാനും അവകാശമുണ്ട്. വിവാഹത്തിനു പൌരോഹിത്യം നമ്പൂതിരിക്കായിരുന്നു. പൂണൂലില്ലാത്ത നമ്പടിക്കാർക്ക് ഇളയതാണ് പുരോഹിതൻ. മറ്റൊരു വിഭാഗമായ നാഗനമ്പിടിമാർ അമ്പലവാസികളാണ്. മറുദേശത്തു നമ്പിടി എന്നും അവർ അറിയപ്പെടുന്നു. നമ്പിടിസ്ഥാനം മഹാരാജാവ് നൽകുന്ന പദവിയാണ് എന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. സ്ത്രീകളെ മാണ്ടാൾ/മോണ്ടാൾ എന്നു വിളിക്കും. പണ്ടുകാലത്ത് മാണ്ടൾമാരെ നാലുകെട്ടിന്റെ അകത്തു മാത്രമായിരുന്നു സ്ഥാനം. ആത്തേമ്മാരുടെ അതേ വസ്ത്രശൈലിയും പേരുകളുമാണ് ഇവരുടേത്. ചെറുതാലിയും പതിവുണ്ട്. കർമങ്ങൾ ചെയ്യുമ്പോൾ സ്ത്രീകൾ വസ്ത്രം ഞൊറിഞ്ഞുടുക്കുകയും മറ്റവസരങ്ങളിൽ ചുറ്റിയുടുക്കുകയും ചെയ്തിരുന്നു. അഗ്നിസാക്ഷിയായിട്ടായിരുന്നു വേളി. അച്ഛനാണ് താലികെട്ടുക. നമ്പൂതിരിമാരായിട്ടും വേളി പതിവുണ്ട്.നമ്പിടി പുരുഷന്മാർക്ക് ഉപനയനവും സന്ധ്യാവന്ദനവുമൊക്കെയുണ്ട്. അവർ നായർ,അമ്പലവാസികൾ(വാര്യർ, മാരാർ, പൊതുവാൾ, പിഷാരടി)സ്ത്രീകളെ സംബന്ധം ചെയ്തിരുന്നു. പത്തു ദിവസമായിരുന്നു പുല.

കൊല്ലങ്കോട്ടെ നാടുവാഴി വേങ്ങനാട്ടു നമ്പിടിയാണ്. നമ്പിടി എന്നുതന്നെയായിരുന്നു രാജവംശത്തിന് പേര്. ചേരവംശവുമായുള്ള ബന്ധം സൂചിപ്പിക്കുന്ന കണ്ടൻ കോത എന്ന സ്ഥാനപ്പേരും ഇവർക്കുണ്ട്. ഉപനയനമില്ല. സ്ത്രീകൾ അപ്പിശ്ശികൾ എന്നറിയപ്പെടുന്നു.

നമ്പിടിമാർ ജന്മികളും ഊരാളന്മാരും നാടുവാഴികളുമായിരുന്നതിനാൽ കുലത്തൊഴിൽ എന്നു പറയാൻ ഒന്നുമില്ല. കേരളത്തിന്റെ ജാതിശ്രേണിയിൽ നമ്പൂതിരിമാരുടെ തൊട്ടുപിറകെയുള്ള ഉന്നതകുലസ്ഥരാണിവർ. നവോത്ഥാനത്തിന്റെ ഭാഗമായി ജാതിവേർതിരിവുകളിൽ മാറ്റം വരികയും എന്നാൽ ആചാരാനുഷ്ഠാനങ്ങൾ ചിട്ടയായി ചെയ്യുകയും ആധുനിക വിദ്യാഭ്യാസം സിദ്ധിക്കുകയും ചെയ്തതിനെത്തുടർന്ന‌ സഹവർത്തിത്തത്തോടെ കഴിയാൻ നമ്പിടിമാർക്കു സാധിക്കുന്നു.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നമ്പിടി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

കേരളീയ ജാതികൾ [[നമ്പി}]

  1. "വേലൂർ ഗ്രാമപഞ്ചായത്ത് - ചരിത്രം". Archived from the original on 2019-12-21.
"https://ml.wikipedia.org/w/index.php?title=നമ്പിടി&oldid=4070628" എന്ന താളിൽനിന്ന് ശേഖരിച്ചത്