സി. കേശവൻ
പ്രമുഖ കോൺഗ്രസ്സ് നേതാവും തിരുക്കൊച്ചിയിലെ മുഖ്യമന്ത്രിയുമായിരുന്ന സി. കേശവൻ കേരളത്തിലെ സ്വാതന്ത്ര്യസമരപ്രക്ഷോഭങ്ങളിലും നവോത്ഥാനമുന്നേറ്റങ്ങളിലും സുപ്രധാന പങ്ക് വഹിച്ചു. എസ്.എൻ.ഡി.പി. യോഗം സെക്രട്ടറിയായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു നിവർത്തന പ്രക്ഷോഭം നടന്നത്. 1891 മെയ് 23-നു ജനിച്ച അദ്ദേഹം 1969 ജൂലൈ 7-ന് അന്തരിച്ചു.
സി. കേശവൻ | |
---|---|
തിരു-കൊച്ചി മുഖ്യമന്ത്രി | |
ഓഫീസിൽ 1951–1952 | |
ഗവർണ്ണർ | ചിത്തിരതിരുനാൾ ബാലരാമവർമ (രാജപ്രമുഖൻ) |
മുൻഗാമി | പറൂർ ടി.കെ. നാരായണപിള്ള |
പിൻഗാമി | എ.ജെ. ജോൺ, ആനാപ്പറമ്പിൽ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മേയ് 23, 1891 |
മരണം | ജൂലൈ 7, 1969 മയ്യനാട്ട് | (പ്രായം 78)
ദേശീയത | ഭാരതീയൻ |
കുട്ടികൾ | കെ. ബാലകൃഷ്ണൻ |
അറിയപ്പെടുന്നത് | എഴുത്തുകാരൻ, വാഗ്മി, ഭരണകർത്താവ് |
അദ്ദേഹം 1951 മുതൽ 1952 വരെ തിരുക്കൊച്ചിയുടെ മുഖ്യമന്ത്രിയായിരുന്നു.
ജീവിത രേഖ
തിരുത്തുക- 1891 ജനനം
- 1913 പത്താംക്ലാസ് ജയിച്ചു
- 1916 ഇന്റർമീഡിയറ്റ്
- 1917 പാലക്കാട് ബാസൽ സ്കൂളിൽ ബോട്ടണി അധ്യാപകൻ
- 1920 വിവാഹം
- 1935 ക്രൈസ്തവ മഹാസമ്മേളനം കോഴഞ്ചേരിയില്; ജയിലിലടയ്ക്കപ്പെട്ടു.
- 1937 ജയിൽ മോചിതനായി
- 1938 സ്റ്റേറ്റ് കോൺഗ്രസ് രൂപീകരണം
- 1948 മന്ത്രിസഭാംഗം
- 1951 തിരു-കൊച്ചി മുഖ്യമന്ത്രിയായി
- 1969 മരണം
കൊല്ലം ജില്ലയിലെ മയ്യനാട് ഗ്രാമത്തിൽ ഒരു സാധാരണ ഈഴവ കുടുംബത്തിലാണ് സി. കേശവൻ ജനിച്ചത്. അദ്ദേഹം കൊല്ലം, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായി തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. കുറച്ചുനാൾ അദ്ധ്യാപകനായി ജോലി നോക്കിയ ശേഷം അദ്ദേഹം തിരുവനന്തപുരത്തു നിന്ന് നിയമത്തിൽ ബിരുദം കരസ്ഥമാക്കി. കൊല്ലം ജില്ലാ കോടതിയിൽ അദ്ദേഹം ഒരു വക്കീലായി ജോലി ചെയ്തു. .
ഒരു നിരീശ്വരവാദിയായിരുന്ന[1] കേശവനെ ശ്രീനാരായണ ഗുരുവിന്റെയും ഗാന്ധിജിയുടെയും കാൾ മാർക്സിന്റെയും ചിന്തകൾ സ്വാധീനിച്ചിരുന്നു. സമൂഹത്തിലെ അയിത്തം തുടച്ചുമാറ്റുവാനായി അദ്ദേഹം പ്രയത്നിച്ചു. എസ്.എൻ.ഡി.പി. യുടെ ജനറൽ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. തിരുവിതാംകൂറിലെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. പൊതു സ്ഥലത്ത് സർക്കാരിനെതിരായി പ്രസംഗിച്ചു എന്ന കുറ്റത്തിന് അദ്ദേഹം 1935 ജൂലൈ 7-നു അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ട് വർഷത്തേക്ക് തടവിലടയ്ക്കപ്പെട്ടു. 1935 മെയ് 13 ന് കോഴഞ്ചേരി എന്നസ്ഥലത്താണ് ഇദ്ദേഹം വിവാദമുണ്ടാക്കിയ ഈ പ്രസംഗം നടത്തിയത്. ആരാധനാ സ്വാതന്ത്ര്യം, വോട്ടവകാശം, സർക്കാർ ജോലി തുടങ്ങിയ പൗരാവകാശങ്ങൾ ഈഴവർക്കും മറ്റു പിന്നാക്കക്കാർക്കും നിഷേധിച്ചു സവർണഭരണം കാഴ്ചവെച്ച ദിവാനെതിരെ സർ സി.പി. എന്ന ജന്തുവിനെ നമുക്കാവശ്യമില്ല എന്ന് ഇദ്ദേഹം പ്രസംഗിക്കുകയുണ്ടായി.[2]
നിവർത്തന പ്രക്ഷോഭണം (1933-37)
തിരുത്തുകനിവർത്തന പ്രക്ഷോഭണത്തിനു വഴി മരുന്നിട്ട ശക്തമായ കാരണങ്ങളിലൊന്ന്, ഗവൺമെന്റു ഉദ്യോഗങ്ങളിൽ ഈഴവ - ക്രൈസ്തവ- മുസ്‌ലീം ജനവിഭാഗങ്ങൾക്കു അർഹമായ അംഗീകാരവും പ്രവേശനവും ബോധപൂർവം നിഷേധിച്ചതായിരുന്നു. 1932-ൽ പ്രഖ്യാപിച്ച പുതിയ ഭരണപരിഷ്‌ക്കാരം, ഭൂമിയുടെ കുത്തകാവകാശം കയ്യടക്കിയിരുന്നവരിൽ നിന്ന് ഇതരരിലേക്കും കൈവശാവകാശം മാറിയെങ്കിലും അവരുടെ ഭൂമിയുടെയും കരം കെട്ടിയിരുന്നത് പഴയ ജന്മിമാരുടെ പേരിലായിരുന്നു. പാരമ്പര്യത്തിലധിഷ്‌ഠിതമായ 1932-ലെ ഭരണപരിഷ്‌കാരത്തെ നിരാകരിച്ചുകൊണ്ടും ഈഴവ - ക്രൈസ്തവ- മുസ്‌ലീം സമുദായങ്ങൾ ശക്തമായ ഒരു പ്രക്ഷോഭണത്തിനു രൂപം നല്‌കി. അതിനായവർ ഒരു "സംയുക്ത രാഷ്‌ട്രീയസമിതി" രൂപവത്‌കരിച്ചു. പുതിയ പരിഷ്‌ക്കാരത്തിനു തുടക്കം കുറിക്കാനുദ്ദേശിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പിൽ നിന്നു വിട്ടൂനില്‌ക്കുന്ന തന്ത്രമാണവർ സ്വീകരിച്ചത്. ഈ തന്ത്രം പിന്നീട് പ്രക്ഷോഭണത്തിൻറെ സമ്പൂർണരൂപമായി മാറി. അങ്ങനെയാണ് നിവർത്തനപ്രക്ഷോഭം എന്ന് അറിയാനിടയായത്. [3]
1938-ൽ കേശവൻ, ടി.എം. വർഗ്ഗീസ്, പട്ടം താണുപിള്ള എന്നിവരുടെ നേതൃത്വത്തിൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപവത്കരിക്കപ്പെട്ടു. ഉത്തരവാദിത്ത ഭരണത്തിനായി ഉള്ള പ്രക്ഷോഭത്തിനിടയിൽ അദ്ദേഹം പല തവണ അറസ്റ്റ് ചെയ്യപ്പെട്ടു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിനിടയിൽ 1942-ൽ അദ്ദേഹം ഒരുവർഷത്തേയ്ക്ക് തടവിൽ അടയ്ക്കപ്പെട്ടു. 1943 ജൂലൈ 19-നു അദ്ദേഹം ജയിൽ മോചിതനായി.
സ്വാതന്ത്ര്യ ലബ്ധിക്കുശേഷം അദ്ദേഹം തിരുവിതാംകൂർ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ വന്ന മന്ത്രിസഭയിലെ ഒരു അംഗമായിരുന്നു അദ്ദേഹം. ഏതാനും മാസങ്ങൾക്കു ശേഷം അദ്ദേഹം മന്ത്രിസഭയിൽ നിന്നും രാജിവെച്ചു. തിരുക്കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി അദ്ദേഹം 1951-ൽ തിരഞ്ഞെടുക്കപ്പെട്ടു. 1952-ൽ അദ്ദേഹം നീയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1969 ജൂലൈ 7-നു അദ്ദേഹം മയ്യനാട്ട് വെച്ച് അന്തരിച്ചു.
അദ്ദേഹത്തിന്റെ കൃതികളിൽ ആത്മകഥയായ ജീവിത സമരം പ്രശസ്തമാണ്.
അവലംബം
തിരുത്തുക- ↑ "നിരീശ്വരവാദി". Retrieved ഫെബ്രുവരി 23, 2011.
- ↑ എം.എ., ബേബി. "മാറ്റത്തിന് വഴിമരുന്നിട്ട കോഴഞ്ചേരി പ്രസംഗം". മാതൃഭൂമി. Archived from the original on 2011-01-20. Retrieved 10 മാർച്ച് 2013.
- ↑ http://ckesavan.com/Nivarthanas_Prakshobham_(Malayalam).php
സ്രോതസ്സ്
തിരുത്തുക- "സി. കേശവൻ". മയ്യനാട് വെബ് വിലാസം. Archived from the original on 2006-02-09. Retrieved 2006-02-06.