ലാലാ ലജ്പത് റായ്

ഇന്ത്യൻ എഴുത്തുകാരനും രാഷ്ട്രീയക്കാരനും

ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രവർത്തകനായിരുന്നു ലാലാ ലജ്പത് റായ് (ജനനം 28 ജനുവരി 1865 - മരണം 17 നവംബർ 1928).[2] ബ്രിട്ടീഷ് രാജിനെതിരെയുള്ള രാഷ്ട്രിയപടനീക്കത്തിൽ പ്രധാനിയായിരുന്നു അദ്ദേഹം. അടുപ്പമുള്ളവർ ലാലാജി എന്നാണ്‌ ഇദ്ദേഹത്തെ വിളിച്ചിരുന്നത്. പഞ്ചാബിലെ സിംഹം[3] എന്ന അപരനാമത്തിലും അറിയപ്പെട്ടിരുന്ന ഇദ്ദേഹം, പഞ്ചാബ് നാഷണൽ ബാങ്ക്, ലക്ഷ്മി ഇൻഷുറൻസ് കമ്പനി എന്നീ സ്ഥാപനങ്ങളുടെ സ്ഥാപക നേതാക്കളിലൊരാളാണ്.[4] ലാൽ-പാൽ-ബാൽ ത്രയത്തിലെ ഒരംഗം ലാലാ ലജ്പത് റായ് ആയിരുന്നു.

ലാലാ ലജ്പത് റായ്
Lala lajpat Rai.jpg
പ്രസിഡന്റ് - ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
ഓഫീസിൽ
1920–1921
മുൻഗാമിമോത്തിലാൽ നെഹ്രു
പിൻഗാമിസി. വിജയരാഘവാചാര്യർ
സ്ഥാപക നേതാവ് - സർവ്വന്റ്സ് ഓഫ് പീപ്പിൾസ് സൊസൈറ്റി
ഓഫീസിൽ
മേയ് 1921 – 11 ജൂലൈ 1928 [1]
മുൻഗാമിഇല്ല
പിൻഗാമിപുരുഷോത്തം ദാസ് ടാണ്ടൻ
വ്യക്തിഗത വിവരങ്ങൾ
ജനനം(1865-01-28)28 ജനുവരി 1865
പഞ്ചാബ്, ബ്രിട്ടീഷ് ഇന്ത്യ
മരണം17 നവംബർ 1928(1928-11-17) (പ്രായം 63)
ലാഹോർ, പഞ്ചാബ്, ബ്രിട്ടീഷ് ഇന്ത്യ
ദേശീയതഇന്ത്യ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
ജോലിസ്വാതന്ത്ര്യ സമരസേനാനി
പൊതുപ്രവർത്തകൻ

സൈമൺ കമ്മീഷനെതിരേ നടത്തിയ ഒരു സമാധാനപരമായ സമരത്തിൽവെച്ച് ബ്രിട്ടീഷ് പോലീസിനാൽ ക്രൂരമായി മർദ്ദിക്കപ്പെട്ടു. ഈ സംഭവത്തോടുകൂടി തീരെ അവശനായ ലാലാ ലജ്പത് റായ് മൂന്നാഴ്ചയ്ക്കുശേഷം മരണമടയുകയാണുണ്ടായത്. അദ്ദേഹത്തിന്റെ ചരമ ദിനമായ നവംബർ 17 ഇന്ത്യയിൽ രക്തസാക്ഷി ദിനമായി ആചരിക്കാറുണ്ട്.[5]

ആദ്യകാല ജീവിതംതിരുത്തുക

1865 ജനുവരി 28 ന് ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിലുള്ള ദുധികെ എന്ന സ്ഥലത്താണ് ലാലാ ജനിച്ചത്.[6][7][8] രാധാ കിഷൻ ആസാദും, ഗുലാബ് ദേവിയുമായിരുന്നു മാതാപിതാക്കൾ.[9] ഹിന്ദു മതത്തിലെ പ്രമുഖരായവരുടെ പേരിനു കൂടെ ചേർക്കുന്ന പദമായിരുന്നു ലാലാ എന്നത്. ഇപ്പോഴത്തെ ഹരിയാന സംസ്ഥാനത്തിലുള്ള രെവാരി എന്ന സ്ഥലത്തുള്ള സ്കൂളിലായിരുന്നു ലാലാ ലജ്പത്റായിയുടെ പ്രാഥമിക വിദ്യാഭ്യാസം. ഈ പ്രദേശം മുമ്പ് പഞ്ചാബിലായിരുന്നു. ഈ സ്കൂളിലെ ഒരു ഉറുദു അധ്യാപകനായിരുന്നു അദ്ദേഹത്തിന്റെ പിതാവ് രാധാ കിഷൻ. ഹിന്ദു മതത്തിന്റെ മൂല്യങ്ങളിലും, വിശ്വാസങ്ങളിലും അതീവ ആകൃഷ്ടനായിരുന്നു റായ്.

രാഷ്ട്രീയംതിരുത്തുക

ആര്യസമാജത്തിന്റെ ഒരു പ്രവർത്തകനായിരുന്നു ലാലാ. സമാജത്തിന്റെ മുഖപത്രമായിരുന്ന ആര്യ ഗസറ്റിന്റെ പത്രാധിപരും കൂടിയായിരുന്നു. ലാഹോറിൽ നിയമപഠനത്തിനുശേഷമായിരുന്നു ലാലാ കോൺഗ്രസ്സിൽ പ്രവർത്തകനായി ചേരുന്നത്. നിയമപഠന സമയത്തു തന്നെ, ലാല ഹൻസ്രാജ്, പണ്ഡിറ്റ് ഗുരുദത്ത് വിദ്യാർത്ഥി തുടങ്ങിയ ഭാവി സ്വാതന്ത്ര്യ പ്രവർത്തകരുമായി റായ് അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന പ്രക്ഷോഭങ്ങളിൽ പഞ്ചാബിൽ നിന്നുമുള്ള മുന്നേറ്റങ്ങളെ നയിച്ചിരുന്നത് ലാലാ ആയിരുന്നു. 1907 മേയിൽ ബ്രിട്ടീഷുകാർ അദ്ദേഹത്തെ വിചാരണ കൂടാതെ ബർമ്മയിലേക്കു നാടുകടത്തി. റായ്ക്കെതിരേ തെളിവുകളില്ലെന്നു പറഞ്ഞ് വൈസ്രോയി ആയിരുന്ന മിന്റോ പ്രഭു അദ്ദേഹത്തെ പഞ്ചാബിലേക്കു തിരിച്ചു വരാൻ അനുവദിച്ചു.

ബിപിൻ ചന്ദ്രപാൽ, ലാലാ ലജ്പത് റായ്, ബാല ഗംഗാധര തിലകൻ ഈ മൂന്നു പേരും കോൺഗ്രസ്സിലെ തീവ്ര ഇടതു പക്ഷമായി അറിയപ്പെട്ടു. ഗോപാലകൃഷ്ണ ഗോഖലെയുടെ നേതൃത്വത്തിനെതിരേ ശബ്ദമുയർത്തി കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ പാത വെട്ടിത്തുറക്കുവാൻ ശ്രമിക്കുകയായിരുന്നു ഈ മൂന്നുപേരും. അരബിന്ദോ ഘോഷ്, സുരേന്ദ്രനാഥ ബാനർജി, ബിപിൻ ചന്ദ്രപാൽ എന്നിവരോടൊപ്പം റായ്, ബംഗാൾ വിഭജനത്തിനെതിരേ ശക്തമായി പ്രതിഷേധിച്ചു.

വിദേശയാത്രകൾതിരുത്തുക

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വിദേശ ഇന്ത്യാക്കാരുടെ പിന്തുണ അത്യന്താപേക്ഷിതമാണെന്ന് മനസ്സിലാക്കിയ റായ്, വിദേശ രാജ്യങ്ങൾ സന്ദർശിച്ച് പ്രവാസികളായ ഇന്ത്യക്കാരെ ദേശീയ പ്രസ്ഥാനത്തിലേക്കാകർഷിക്കാൻ ശ്രമമാരംഭിച്ചു. ഈ ഒരു ലക്ഷ്യവുമായി റായ്, 1914 ഏപ്രിലിൽ ബ്രിട്ടൻ സന്ദർശിച്ചു. എന്നാൽ ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന് ഇന്ത്യയിലേക്ക് തിരികെ വരാൻ കഴിഞ്ഞില്ല. റായ് ഇന്ത്യയിലേക്കു തിരികെ വരാനുള്ള ശ്രമമുപേക്ഷിച്ച് അമേരിക്കയിലേക്ക് യാത്ര തിരിച്ചു. റായ്, ഇന്ത്യൻ ഹോം ലീഗ് സൊസൈറ്റി ഓഫ് അമേരിക്ക സ്ഥാപിക്കുന്നതിൽ മുൻകൈയ്യെടുത്തു. അമേരിക്കയിൽ വെച്ച് അദ്ദേഹം യങ് ഇന്ത്യ എന്നൊരു പുസ്തകം രചിക്കുകയുണ്ടായി.[10] ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെക്കുറിച്ചുള്ള നിശിത വിമർശനമായിരുന്നു പുസ്തകത്തിന്റെ ഉള്ളടക്കം. പുസ്തകം പുറത്തിറങ്ങുന്നതിനു മുമ്പു തന്നെ ഇന്ത്യയിലും ബ്രിട്ടനിലും പുസ്തകം നിരോധിക്കുകയുണ്ടായി.

1920 ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിനു ശേഷമാണ് റായ് ഇന്ത്യയിലേക്ക് തിരികെ വന്നത്. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്കെതിരെ നടന്ന സമരങ്ങളിലും, നിസ്സഹകരണ പ്രസ്ഥാനത്തെ പഞ്ചാബിൽ ശക്തിപ്പെടുത്തുന്നതിലും മുമ്പിൽ നിന്നത് റായ് ആയിരുന്നു.

മരണംതിരുത്തുക

എന്റെ ശരീരത്തിലേൽക്കുന്ന ഓരോ പ്രഹരവും, ബ്രിട്ടന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ്

റായ്, ലാഹോർ പ്രക്ഷോഭത്തിൽവെച്ച് പോലീസിന്റെ മർദ്ദനത്തിനിടയിൽ [11][12]

ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതിയെക്കുറിച്ച് പഠിക്കാൻ 1928 ൽ സർ ജോൺ സൈമന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് സർക്കാർ ഒരു കമ്മീഷനെ നിയോഗിച്ചു. കമ്മീഷനിൽ ഒരു ഇന്ത്യാക്കാരൻ പോലും അംഗമായി ഉണ്ടായിരുന്നില്ല, ഇക്കാരണത്താൽ സൈമൺ കമ്മീഷൻ ബഹിഷ്കരിക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ തീരുമാനിച്ചു.[13] സൈമൺ കമ്മീഷനെതിരേ രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിച്ചു. 1928 ഒക്ടോബർ 30 ന് കമ്മീഷൻ ലാഹോർ സന്ദർശിച്ചപ്പോൾ, ലാലാ ലജ്പത് റായിയുടെ നേതൃത്വത്തിൽ ഒരു സമാധാനപരമായി ഒരു ജാഥ സംഘടിപ്പിക്കുകയുണ്ടായി. സമാധാനപരമായ നീങ്ങിക്കൊണ്ടിരുന്ന ജാഥക്കെതിരേ ലാത്തിച്ചാർജ് നടത്താൻ പോലീസ് സൂപ്രണ്ടായിരുന്ന ജെയിംസ്.എ.സ്കൗട്ട് ഉത്തരവിട്ടു. ലാത്തിച്ചാർജിൽ റായിക്ക് ക്രൂരമായ മർദ്ദനമേൽക്കുകയും, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. പോലീസ് മർദ്ദനത്തിൽ നിന്നേറ്റ മുറിവുകൾ കാരണം അദ്ദേഹത്തിന് അധികനാൾ ജീവിച്ചിരിക്കാൻ കഴിഞ്ഞില്ല. 1928 നവംബർ 17ന് അദ്ദേഹം അന്തരിച്ചു. സ്കൗട്ടിന്റെ മർദ്ദനത്തെത്തുടർന്നാണ് റായ് ഗുരുതരാവസ്ഥയിലായതെന്നും, ഇതിനെക്കുറിച്ച് അന്വേഷികണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കൾ ബ്രിട്ടീഷ് പാർലിമെന്റിൽ പരാതി നൽകിയെങ്കിലും, റായിയുടെ മരണത്തിൽ യാതൊരു പങ്കുമില്ലെന്നു പറഞ്ഞ് അവർ പരാതി തള്ളിക്കളഞ്ഞു.[14]

രചനകൾതിരുത്തുക

 • ദ സ്റ്റോറി ഓഫ് മൈ ഡീപോർട്ടേഷൻ (1908)
 • ആര്യ സമാജ് (1915)
 • ദ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക: എ ഹിന്ദൂസ് ഇംപ്രഷൻ (1916)
 • അൺഹാപ്പി ഇന്ത്യ (1928)
 • ഓട്ടോബയോഗ്രഫിക്കൽ റൈറ്റിംങ്സ് .

അവലംബംതിരുത്തുക

 1. "സ്ഥാപക നേതാക്കൾ". പീപ്പിൾസ് ഓഫ് സെർവന്റ്സ് സൊസൈറ്റി. ശേഖരിച്ചത് 2014-09-02.
 2. "ലാലാ ലജ്പത് റായ് (1865-1928) പ്രസിഡന്റ് - കൽക്കട്ട, 1920 (പ്രത്യേക സമ്മേളനം)". വി.എൻ.ദത്ത. കോൺഗ്രസ്സ് സന്ദേശ്. ശേഖരിച്ചത് 2013-10-03.
 3. "പഞ്ചാബ് സിംഹം". വി.എൻ.ദത്ത. കോൺഗ്രസ്സ് സന്ദേശ്. ശേഖരിച്ചത് 2013-10-03.
 4. "പഞ്ചാബ് നാഷണൽ ബാങ്ക് - സ്ഥാപക നേതാക്കൾ". പഞ്ചാബ് നാഷണൽ ബാങ്ക്. ശേഖരിച്ചത് 2014-09-03.
 5. "ലാല ലജ്പത് റായ്" (PDF). ഒറീസ്സ സർക്കാർ. ശേഖരിച്ചത് 2014-09-03.
 6. കാതറിൻ ടിഡ്രിക്ക് (2006) ഗാന്ധി: എ പൊളിറ്റിക്കൽ ആന്റ് സ്പിരിച്വൽ ലൈഫ് ഐ.ബി.ടോറിസ് ISBN 978-1-84511-166-3 പുറങ്ങൾ 113-114
 7. കെന്നത്ത്.ജോൺസ് (1976) ആര്യ ധർമ്മ: ഹിന്ദു കോൺഷ്യസ്നെസ്സ് ഇൻ 19-സെഞ്ച്വറി പഞ്ചാബ് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ പ്രസ്സ് ISBN 9788173047091 പുറം.52
 8. പുരുഷോത്തം നഗർ (1977) ലാലാ ലജ്പത് റായ്: ദ മാൻ ആന്റ് ഹിസ് ഐഡിയാസ് മനോഹർ ബുക് സർവ്വീസ് പുറം.161
 9. "ലാലാ ലജ്പത് റായ്". ആര്യസമാജ്. ശേഖരിച്ചത് 2014-09-03.
 10. ലാലാ ലജ്പത് റായ് (1916). യങ് ഇന്ത്യ. ഹിന്ദുസ്ഥാൻ ബുക്സ്.
 11. യശ്പാൽ (1981). യശ്പാൽ ലുക്സ് ബാക്ക്, സെലക്ഷൻ ഫ്രം ആൻ ഓട്ടോബയോഗ്രഫി. വികാസ് പബ്ലിഷിങ് ഹൗസ്. പുറം. 33. ISBN 978-0706913507.
 12. എം.ജി., അഗർവാൾ (2008). ഫ്രീഡം ഫൈറ്റേഴ്സ് ഓഫ് ഇന്ത്യ. ഇഷ ബുക്സ്. പുറം. 138. ISBN 978-8182054684.
 13. ബ്രിജ് കിഷോർ, ശർമ്മ (2005). ഇൻട്രൊഡക്ഷൻ ടു ദ കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ത്യ. പ്രെന്റീസ് ഹാൾ ഓഫ് ഇന്ത്യ. പുറം. 8. ISBN 978-8120328907.
 14. ഡോ.ഭവാൻസിംഗ്, റാണ (2005). ഭഗത് സിംഗ് - ആൻ ഇമ്മോർട്ടൽ റെവല്യൂഷണറി ഓഫ് ഇന്ത്യ. ഡെൽഹി: ഡയമണ്ട് ബുക്സ്. പുറം. 36. ISBN 978-8128808272.


       ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ            
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ..."https://ml.wikipedia.org/w/index.php?title=ലാലാ_ലജ്പത്_റായ്&oldid=3763835" എന്ന താളിൽനിന്ന് ശേഖരിച്ചത്