സി. ശങ്കരൻ നായർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
(സി.ശങ്കരൻ നായർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ ഏക മലയാളിയാണ് ചേറ്റൂർ ശങ്കരൻ നായർ എന്ന സർ സി.ശങ്കരൻ നായർ(15 ജൂലായ് 1857 -24 ഏപ്രിൽ 1934).

സി. ശങ്കരൻ നായർ
പ്രസിഡന്റ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
ഓഫീസിൽ
1897–1898
വ്യക്തിഗത വിവരങ്ങൾ
ജനനംജൂലൈ 11, 1857
മങ്കര, പാലക്കാട്, കേരളം, ഇന്ത്യ
മരണംഏപ്രിൽ 24, 1934(1934-04-24) (പ്രായം 76)
ചെന്നൈ, തമിഴ്നാട്
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
പങ്കാളിപാലാട്ട് കുഞ്ഞിമാളു അമ്മ (ലേഡി ശങ്കരൻ നായർ)
കുട്ടികൾആറുപേർ - അഞ്ച് പെണ്മക്കളും ഒരു മകനും
തൊഴിൽഅഭിഭാഷകൻ
രാഷ്ട്രീയപ്രവർത്തകൻ

ജീവിതരേഖ തിരുത്തുക

  • 1857 ജനനം
  • 1877 ബിരുദം
  • 1879 നിയമബിരുദം
  • 1880 അഭിഭാഷകൻ
  • 1893 മദ്രാസ് നിയമസഭയിൽ
  • 1897 കോൺഗ്രസ് അധ്യക്ഷൻ
  • 1899 മദ്രാസ് അഡ്വക്കേറ്റ് ജനറൽ
  • 1908 ഹൈക്കോടതി ജഡ്ജി
  • 1912 'സർ' സ്ഥാനം
  • 1915 വൈസ്രോയിയുടെ കൗൺസിലിൽ
  • 1919 രാജി, ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ തുടർന്ന്
  • 1920 ബ്രിട്ടനിലേക്ക്
  • 1921 ഇന്ത്യയിലേക്ക് മടങ്ങി
  • 1932 മദ്രാസ് സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്
  • 1934 മരണം

പാലക്കാട് ജില്ലയിലെ മങ്കരയിലെ ചേറ്റൂർ തറവാട്ടിൽ 1857 ജൂലായ് 11-ന് (കൊല്ലവർഷം 1032 മിഥുനം 29, ചതയം നക്ഷത്രം) ശങ്കരൻ നായർ ജനിച്ചു. ബ്രിട്ടീഷ് സർക്കാരിൽ തഹസിൽദാരായിരുന്ന ഗുരുവായൂർ മമ്മായിൽ രാമുണ്ണിപ്പണിക്കരും ചേറ്റൂർ പാർവ്വതിയമ്മയുമായിരുന്നു മാതാപിതാക്കൾ. കോഴിക്കോട്ടും മദ്രാ‍സിലുമായി വിദ്യാഭ്യാസം പൂർത്തിയക്കി. 1879-ൽ നിയമബിരുദം നേടി അഭിഭാഷകനായ അദ്ദേഹം പിന്നീട് മുൻസിഫ് ആയും ജോലി നോക്കി. മദ്രാസ് സർക്കാരിന്റെ മലബാർ അന്വേഷണ കമ്മിറ്റിയംഗം, മദ്രാസ് നിയമസഭാംഗം, മദ്രാസ് ഹൈക്കോടതി ജഡ്ജി, ഇൻ‌ഡ്യൻ യൂണിവേഴ്സിറ്റി കമ്മീഷൻ അംഗം, സൈമൺ കമ്മീഷനുമായി സഹകരിക്കാ‍നുള്ള ഇൻഡ്യൻ സെൻ‌ട്രൽ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ, തുടങ്ങിയ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. 1904-ൽ കമാൻഡർ ഓഫ് ഇൻ‌ഡ്യൻ എമ്പയർ എന്ന ബഹുമതി അദ്ദേഹത്തിനു നൽകിയ ബ്രിട്ടീഷ് സർക്കാർ 1912-ൽ സർ പദവിയും നൽകി.

1897-ൽ അമരാവതിയിൽ വെച്ചു കൂടിയ ഇൻ‌ഡ്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ശങ്കരൻ നായർ ആ പദവിയിലെത്തുന്ന ഏക മലയാളിയാണു്. വിദേശ മേധാവിത്വത്തെ ഏറ്റവും അധികം വിമർശിക്കുകയും ഇൻ‌ഡ്യക്ക് പുത്രികാരാജ്യ പദവിയോടുകൂടി സ്വയം ഭരണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. 1919-ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് ആ ദേശസ്നേഹി വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൌൺസിലിൽ നിന്നു രാജിവച്ചു. ജാലിയൻവാലാബാഗ് സംഭവത്തിന്റെ ഉത്തരവാദിയായ ജനറൽ മൈക്കിൾ ഡയറിനെതിരെയും, ക്രൂരമായ മാർഷൽ നിയമത്തിനെതിരെയും സർ ചേറ്റൂർ ശങ്കരൻ നായർ ഇംഗ്ലണ്ടിൽ ചെന്ന് കേസ് വാദിക്കുകയുണ്ടായി.[1] ഗാന്ധി യുഗത്തിന്റെ ആരംഭത്തോടെ അദ്ദേഹം കോൺഗ്രസിൽ നിന്നും അകന്നു. ഗാന്ധിജിയുടെ നിലപാടുകളെ, പ്രത്യേകിച്ച് നിസ്സഹകരണപ്രസ്ഥാനങ്ങളെ അദ്ദേഹം നിശിതമായി വിമർശിച്ചു. സൈമൺ കമ്മീഷനു മുൻപിൽ ഭാരതത്തിന്റെ പുത്രികാരാജ്യപദവിക്കു വേണ്ടി ശക്തമായി വാദിച്ച അദ്ദേഹം അതു സംബന്ധിച്ച വൈസ്രോയിയുടെ പ്രഖ്യാപനം വന്നതോടെ സജീവരാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു. 1934 മാർച്ച് മാസത്തിലുണ്ടായ ഒരു കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അദ്ദേഹം ഏപ്രിൽ 24-ന് മകളുടെ വീട്ടിൽ വച്ച് അന്തരിച്ചു. അദ്ദേഹത്തിന്റെ ഭൗതികശരീരം ജന്മനാടായ മങ്കരയിലെത്തിച്ച് അവിടെയുള്ള തറവാട്ട് ശ്മശാനത്തിൽ സംസ്കരിച്ചു.

ഗാന്ധി ആൻഡ് അനാർക്കി തിരുത്തുക

ഗാന്ധിയുടെ നിയമലംഘനസമരമുറയെ ശങ്കരൻ നായർക്ക് അംഗീകരിക്കാനായില്ല. ഭരണഘടനാധിഷ്ഠിത മാർഗ്ഗങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ മമത. ഗാന്ധി ആൻഡ് അനാർക്കി (Gandhi and Anarchy) എന്ന പേരിൽ എഴുതിയ ഗ്രന്ഥത്തിൽ ഗാന്ധിയൻ രീതികളെ ശക്തിയായി വിമർശിച്ചിരിക്കുന്നു. മഹാത്മജിയുടെ നിസ്സഹകരണ സമരത്തെയും ഖിലാഫത്ത്‌ സമരം സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെടുത്തിയതിനെയും രൂക്ഷമായി ഈ പുസ്തകത്തിൽ ശങ്കരൻനായർ വിമർശിച്ചു.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-07. Retrieved 2013-02-21.

പുറം കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=സി._ശങ്കരൻ_നായർ&oldid=4069921" എന്ന താളിൽനിന്ന് ശേഖരിച്ചത്