ടി.എം. വർഗ്ഗീസ്
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ സ്ഥാപകരിലൊരാളും തിരു-കൊച്ചി സംസ്ഥാനത്തിലെ 1952-ലെ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്നു ടി.എം. വർഗീസ്.
ജീവിതരേഖ
തിരുത്തുകആലപ്പുഴ ജില്ലയിലെ കായംകുളത്തിനു സമീപം പള്ളിക്കലിൽ 1885 ഏപ്രിൽ 22-ന് ജനിച്ചു. കോട്ടയം സി.എം.എസ്. കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം ലോ കേളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നടത്തി. കൊല്ലം ബാറിൽ അഭിഭാഷകനായി പ്രവർത്തിച്ചു. തുടർന്നാണ് ഇദ്ദേഹം പൊതുപ്രവർത്തനം ആരംഭിച്ചത്. 1931 മുതൽ 1938 വരെ നടന്ന നിവർത്തനപ്രക്ഷോഭമാണ് ഇദ്ദേഹത്തെ ഒരു രാഷ്ട്രീയക്കാരനാക്കി മാറ്റിയത്. 1934-ൽ തിരുവല്ലായിൽ നിവർത്തനപ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന സംയുക്ത രാഷ്ട്രീയ സമ്മേളനത്തിന്റെ അദ്ധ്യക്ഷനായിരുന്നു വർഗ്ഗീസ്. സമ്മേളത്തിൽ നിന്നും ഉരുത്തിരിഞ്ഞ തീരുമാനത്താൽ സംയുക്ത രാഷ്ട്രീയ കക്ഷി പ്രതിനിധിയായി പത്തനംതിട്ടയിൽ നിന്നും വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് ശ്രീമൂലം അസംബ്ലിയിലെത്തി.
ഈ അസംബ്ലിയിൽ പട്ടം താണുപിള്ളയെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി ഡപ്യൂട്ടി പ്രസിഡന്റായി. 1938 ഫെബ്രുവരി 2-ന് പ്രസിദ്ധമായ ഉത്തരവാദഭരണ പ്രമേയം തിരുവിതാംകൂർ നിയമസഭയിൽ അവതരിപ്പിച്ചു. ഈ പ്രമേയം നിയമസഭയിൽ പരാജയപ്പെട്ടു. എങ്കിലും ഈ പരാജയം തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന് വഴിയൊരുക്കി. ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ ഇദ്ദേഹം പലതവണ ജയിലിലടക്കപ്പെട്ടു.
ജവഹർലാൽ നെഹ്രു പ്രസിഡന്റായ നാട്ടുരാജ്യ പ്രജാ സമ്മേളനത്തിന്റെ 1946-ലെ ഉദയ്പൂർ സമ്മേളനത്തിൽ വൈസ് പ്രസിഡന്റായി വർഗ്ഗീസ് ദേശീയരാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചു. പട്ടം താണുപിള്ള അറസ്റ്റുചെയ്യപ്പെട്ടതിനെത്തുടർന്ന് 1947 ജൂലൈയിൽ വർഗീസ് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രസിഡന്റായി. പത്തനാപുരം മണ്ഡലത്തിൽ നിന്ന് 1948 ഫെബ്രുവരിയിൽ കമ്മ്യൂണിസ്റ്റ് നേതാവ് പി.ടി. പുന്നൂസിനെ പരാജയപ്പെടുത്തി തിരുവിതാംകൂർ നിയമസഭയിൽ പ്രവേശിച്ചു.
പട്ടം താണുപിള്ളയുടെ മന്ത്രിസഭ പാതി വഴിയിൽ തകരുകയും തിരുവിതാംകൂർ-കൊച്ചി (1949 ജൂലൈ 1) സംയോജനശേഷം പുതിയ മന്ത്രിസഭ നിലവിൽ വരുകയും ചെയ്തു. ടി.എം. വർഗ്ഗീസായിരുന്നു മന്ത്രി സഭയിലെ ആദ്യ അദ്ധ്യക്ഷൻ. 1952-ലെ എ.ജെ. ജോൺ മന്ത്രിസഭയിൽ ഇദ്ദേഹം ആഭ്യന്തരമന്ത്രിയായി. ഈ സഭയു/ടെ പതനത്തോടെ വർഗ്ഗീസ് സജീവ രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങി. 1961 ഡിസംബർ 31-ന് വർഗ്ഗീസ് അന്തരിച്ചു.
അവലംബം
തിരുത്തുക- മനോരമ ദിനപത്രം, 2011 ഡിസംബർ 31, പേജ് 10.