യു എൻ ജനറൽ അസംമ്പ്ളിയുടെ ആദ്യവനിതാ അധ്യക്ഷയും ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളികളിലൊരാളുമായിരുന്നു വിജയലക്ഷ്മി പണ്ഡിറ്റ്( 18 ഓഗസ്റ്റ് 1900- 1 ഡിസംബർ 1990).ജവഹർലാൽ നെഹ്‌റുവിന്റെ സഹോദരിയും ഇന്ത്യൻ നയതന്ത്രജ്ഞയും ആണ്.[1] ഒന്നും മൂന്നും നാലും ലോക്‌സഭകളിലെ അംഗമായിരുന്നു[2]

വിജയലക്ഷ്മി പണ്ഡിറ്റ്
ജനനം18 ഓഗസ്റ്റ്‌ 1900
മരണം1 ഡിസംബർ 1990
ദേശീയതഇന്ത്യൻ

ജീവിതരേഖ

തിരുത്തുക

മോത്തിലാലിന്റെയും സ്വരൂപ്റാണിയുടെയും പുത്രിയായി 1900 ഓഗസ്റ്റ് 18-ന് ജനിച്ചു. സ്വരൂപ് കുമാരി എന്നായിരുന്നു ആദ്യ പേര്. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ രാഷ്ട്രീയത്തിൽ മുങ്ങിയ ഗൃഹാന്തരീക്ഷത്തിൽ സാധിച്ചില്ല. മുപ്പത്തഞ്ചാംവയസിൽ അലഹബാദ് മുനിസിപ്പൽ ബോർഡിൽ കോൺഗ്രസ് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ രാഷ്ട്രീയത്തിൽ ശ്രദ്ധേയയായി. ആ വർഷം മുൻസിപ്പൽ ബോർഡ് പ്രസിഡന്റായി വിജയലക്ഷ്മിയെത്തന്നെ തിരഞ്ഞെടുത്തു. മുപ്പത്തഞ്ചാമത്തെ വയസിൽ അലഹബാദ് മുനിസിപ്പൽ ബോർഡ് പ്രസിഡന്റായാണ് ജനസേവനം ആരംഭിച്ചത്.

ബാരിസ്റ്ററായ രൺജിത് സിതാറാം പണ്ഡിറ്റിനെ ഇരുപത്തിയൊന്നാം വയസിൽ വിവാഹം കഴിച്ചതോടെ, പേരുമാറ്റി വിജയലക്ഷ്മി പണ്ഡിറ്റായി. സ്വാതന്ത്ര്യ സമരത്തിന്റെ വിവിധ ഘട്ടങ്ങളിൽ ജയിലിൽ കഴിയേണ്ടി വന്ന രൺജിത്ത് പണ്ഡിറ്റിന്റെ ആരോഗ്യം തകർന്നു. അദ്ദേഹം 1944 ജനുവരി 14 ന് അന്തരിച്ചു. ഈ ദമ്പതികൾക്കു മൂന്നു പുത്രിമാരുണ്ട് - ചന്ദ്രലേഖ, പ്രസിദ്ധ നോവലിസ്റ്റ് നയൻതാര സെഹ്ഗാൾ, മനുഷ്യാവകാശ പ്രവർത്തകയായ ഗീതാസഗാൾ. 1980-ൽ സാമൂഹികജീവിതത്തിൽ നിന്നു വിരമിച്ചു. 1990 ഡിസംബർ 1 ന് അന്തരിച്ചു.

രാഷ്ട്രീയത്തിൽ

തിരുത്തുക

1930-ൽ നെഹ്റു അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ അവർ നടത്തിയ ഉജ്ജ്വലമായ പ്രസംഗങ്ങൾ അലഹബാദിൽ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിനു വീര്യം പകർന്നു.നിരോധനാജ്ഞ ലംഘിച്ചു യോഗങ്ങളിൽ പ്രസംഗിച്ചതിനു 1932-ൽ അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ടുവർഷം കഠിനതടവും പിഴയും ആയിരുന്നു ശിക്ഷ. അന്നു വിജയലക്ഷ്മി ജയിലിൽ പോകുമ്പോൾ ഒക്കത്തു രണ്ടരവയസായ പുത്രി റീത്തയും ഉണ്ടായിരുന്നു. ഒരു വർഷത്തിനുശേഷം മോചിതയായ അവർ 1941, 1942 വർഷങ്ങളിൽ വീണ്ടും ജയിലിൽ കിടക്കേണ്ടിവന്നു.

യു.പി അസംബ്ളിയിലേക്കു 1937-ലും 1946-ലും തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു പ്രാവശ്യവും സ്വയംഭരണം, പൊതുജനാരോഗ്യം എന്നീ വകുപ്പുകളുടെ മന്ത്രിയായി. അമേരിക്കയിലെ പസഫിക് റിലേഷൻസ് കോൺഫറൻസിലുള്ള ഇന്ത്യയുടെ അനൌദ്യോഗിക പ്രതിനിധി സംഘത്തെ നയിച്ചുകൊണ്ടായിരുന്നു 1944-ൽ നയതന്ത്രരംഗത്ത് അവരുടെ അരങ്ങേയറ്റം. അന്നു യൂറോപ്പിലും പര്യടനം നടത്തിയ അവർ ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി ശക്തിയായി വാദിച്ചു. ഐക്യരാഷ്ട്രസഭ സ്ഥാപിക്കാൻ 1945-ൽ സാൻഫ്രാൻസിസ്കോയിൽ നടന്ന സാർവദേശീയ സമ്മേളനത്തിൽ അമേരിക്കയിലെ ഇന്ത്യാലീഗ്. നാഷനൽ കമ്മിറ്റി എന്നിവയുടെ പ്രതിനിധിയായി പങ്കെടുത്തു. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന പ്രമേയം അവിടെ അവതരിപ്പിച്ചു.

ഐക്യരാഷ്ട്ര സഭയിൽ

തിരുത്തുക

സ്വാതന്ത്ര്യത്തിനുശേഷം 1947, 1948, 1952, 1953 വർഷങ്ങിൽ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധിസംഘത്തിന്റെ നേതാവായി വിജയലക്ഷ്മി നിയോഗിക്കപ്പെട്ടു. 1953 സെപ്റ്റംബർ 15-നു യു എൻ ജനറൽ അസംബ്ളിയുടെ പ്രസിഡന്റായി വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു.ആ സ്ഥാനം വഹിക്കുന്ന ആദ്യവനിതയും പ്രഥമ ഇന്ത്യൻ പൗരനും വിജയലക്ഷ്മി പണ്ഡിറ്റ് ആയിരുന്നു.[3] നയതന്ത്ര രംഗത്ത് ഇന്ത്യ ഇന്നു കൈവരിച്ച എല്ലാ നേട്ടങ്ങളുടെയും തുടക്കവും അവിടെനിന്നായിരുന്നു.റഷ്യയിലെ അംബാസഡർ (1947-1949), അമേരിക്കയിലെ അംബാസഡർ (1949-1951), ബ്രിട്ടനിലെ ഹൈകമ്മീഷണർ (1954-1961) എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.

1964 ൽ സജീവരാഷ്ട്രീയത്തിലേക്കു തിരിച്ചുവന്ന അവർ നെഹ്റുവിന്റെ മരണംമൂലം ഉണ്ടായ ഒഴിവിൽ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. അൽപകാലത്തിനുശേഷം രാഷ്ട്രീയത്തിൽ നിന്നു ക്രമേണ പിന്നോട്ടുപോയെങ്കിലും അടിയന്തരാവസ്ഥയ്ക്കു തൊട്ടുമുമ്പും പിമ്പും സഹോദരപുത്രി ഇന്ദിരാഗാന്ധിയുടെ കടുത്ത വിമർശകരിലൊരാളായി. 1977-ൽ ജനതാപാർട്ടിക്കുവേണ്ടി അവർ പ്രചാരണരംഗത്തുണ്ടായിരുന്നു.

വഹിച്ച പദവികൾ

തിരുത്തുക

യുണൈറ്റഡ് പ്രോവിൻസിലെ ആരോഗ്യമന്ത്രി, യു എൻലെ ഇന്ത്യൻ പ്രതിനിധി സംഘ നേതാവ്, അഖിലേന്ത്യാ വിമൻസ് കോൺഫറൻസിന്റെ അധ്യക്ഷ, യു എൻ ചാർട്ടർ കോൺഫറൻസിലെ ഇന്ത്യൻ അംബാസഡർ, ലണ്ടനിലെ ഹൈക്കമ്മീഷണർ, മഹാരാഷ്ട്ര ഗവർണർ, ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധിസംഘത്തിന്റെ നേതാവ്,

  • So I Became a Minister (1939)[4]
  • Prison Days (1946); a touching essay
  • "The Family Bond, " in Rafiq Zakaria, ed.,
  • A Study of Nehru (1959)

പുരസ്കാരം

തിരുത്തുക
  • പത്മവിഭൂഷൺ
  1. Gupta, Indra. India’s 50 Most Illustrious Women. ISBN 81-88086-19-3.
  2. http://www.parliamentofindia.nic.in/ls/comb/combalpha.htm#13lsv
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-08-19. Retrieved 2012-07-27.
  4. http://www.answers.com/topic/vijaya-lakshmi-pandit

അധിക വായനയ്ക്ക്

തിരുത്തുക

Gupta, Indra. India’s 50 Most Illustrious Women. ISBN 81-88086-19-3.

പുറം കണ്ണികൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


       ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ            
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...
"https://ml.wikipedia.org/w/index.php?title=വിജയലക്ഷ്മി_പണ്ഡിറ്റ്&oldid=3645054" എന്ന താളിൽനിന്ന് ശേഖരിച്ചത്