ഈഴവർ
കേരളത്തിലെ ഏറ്റവും അംഗസംഖ്യയുള്ള ജാതിയും വളരെ പ്രബലമായ ഹിന്ദു[3] വിഭാഗവുമാണ് ഈഴവർ. കേരള ജനസംഖ്യയുടെ ഏകദേശം 23% ഈഴവ ജാതിക്കാരാണ്. പ്രധാനമായും പഴയ തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങൾ നിലനിന്ന സ്ഥലങ്ങളിലാണ് ഈഴവർ കൂടുതലായും ഉള്ളത്. മദ്ധ്യ തിരുവിതാംകൂറിൽ “ചോവൻ“[4] എന്ന പേരിലാണ് അറിയപ്പെടുന്നത്. [5] അശോക ചക്രവർത്തിയുടെ കാലത്ത് ദക്ഷിണേന്ത്യയിൽ വന്ന ആര്യാധിനിവേശത്തോടെ ബുദ്ധ മിഷനറിമാർ കുറേയേറെ ആളുകളെ കേരളത്തിലും ബുദ്ധമതാനുയായികളാക്കി എന്നും ഇവർ ആര്യാധിനിവേശത്തിനു ശേഷം നൂറ്റാണ്ടുകൾ കൊണ്ട് മുഴുവനായും വീണ്ടും പഴയ കുലാചാരങ്ങളിലേക്ക് മടങ്ങി എന്നും കരുതപ്പെടുന്നു. ഇവരുടെ പിൻഗാമികൾ ആണ് ഈഴവർ [6] എന്നാൽ ബൗദ്ധപൂർവ്വ കാലത്ത് കുലാചാരങ്ങൾ (ദ്രാവിഡ/ശാക്തേയ വിശ്വാസങ്ങൾ) തന്നെയാകണം ഇവർ പിന്തുടർന്നിരുന്നത്. പ്രധാനമായും ഈഴത്ത്(ശ്രീ ലങ്ക) നിന്ന് വന്ന ബൗദ്ധമതത്തിലേക്ക് പരിവർത്തനം നടത്തിയത്, ഇവരെ ഈഴവരാക്കി മാറ്റി. നിലവിൽ കേരള രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിവുള്ള ഒരു വിഭാഗമാണ് ഈഴവർ. കേരളത്തിന്റെ സാമ്പത്തിക, കലാ-സാംസ്കാരിക മേഖലകളിൽ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ഈഴവർക്കായിട്ടുണ്ട്. സർക്കാർ ഈഴവരെ ഓ.ബി.സി വിഭാഗത്തിൽ ഉൾപെടുത്തിയിട്ടുണ്ട്. നായർ സമൂഹത്തിലെ ഉപജാതികളെപോലെ ചില അവാന്തരവിഭാഗങ്ങൾ ഇവരിലുണ്ട്. ആദിചേര മലബാറിൽ രാജാക്കന്മാരുടെ പടയാളികൾ ഇവരായിരിക്കാം അതിൽനിന്നും ആകാം ഇവർക്ക് കളരിപാരമ്പര്യവും പണിക്കർ എന്ന പേരും ലഭിച്ചത് എന്ന് കരുതുന്നു.
ഈഴവ | |
---|---|
Total population | |
ഏകദേശം. 8,000,000(2018)[1] | |
Regions with significant populations | |
കേരളം | |
Languages | |
മലയാളം | |
Religion | |
ഹിന്ദുമതം | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
ബില്ലവർ, സിംഹളർ |
പേരിനു പിന്നിൽ
ഈഴവൻ എന്ന വാക്കിന്റെ ഉദ്ഭവത്തെ പറ്റി പല വാദഗതികളുണ്ട്. ഈഴത്ത് (ഈഴം - ശ്രീലങ്ക പഴയ തമിഴ് നാമം) നിന്നും വന്നവർ ആയതുകൊണ്ട് ഈഴവർ എന്ന് ഒരു വാദഗതി. എന്നാൽ ഈഴത്തു നിന്നു വന്ന ബുദ്ധമതക്കാരോട് ഏറ്റവും കൂടുതൽ സഹകരിച്ചിരുന്നവരെയാണ് ഈഴുവർ എന്ന് വിളിച്ചിരുന്നത് എന്നാണ് പി.എം.ജോസഫ് അഭിപ്രായപ്പെടുന്നത്. [7] മുണ്ഡ ഭാഷയിലെ ഇളി എന്ന പദത്തിന്റെ സംസർഗ്ഗം കൊണ്ടായിരിക്കണം ഈ പേര് വന്ന് ചേർന്നത് എന്നുമാണ് അദ്ദേഹത്തിന്റെ നിഗമനം.
തമിഴ്നിഘണ്ടുവിൽ ഉള്ള “ചീവകർ“ എന്ന പദം ചോവനായി എന്നു സി.വി. കുഞ്ഞുരാമൻ അഭിപ്രായപ്പെടുന്നു. “ചീവകർ“ എന്നതിൻ ‘ധർമ്മം വാങ്ങിയുണ്ണുന്നവൻ‘എന്ന അർത്ഥവും കാണുന്നു.ബുദ്ധമതക്കാരായിരുന്ന ഇവരിൽ തികഞ്ഞ അഭ്യാസികളും ഭിഷഗ്വരൻമാരും ഉണ്ടായിരുന്നു. [8].
ഉല്പത്തി
ഈഴവരുടെ ഉല്പത്തിയെപ്പറ്റി രണ്ട് സിദ്ധാന്തങ്ങൾ നിലവിലുണ്ട്. അതിൽ ഒന്ന് അവർ ശ്രീലങ്കയിൽ നിന്ന് പുരാതനകാലത്ത് കുടിയേറിയവരായിരുന്നു എന്നുള്ളതും രണ്ടാമത്തേതു അവർ കേരളത്തിലെ ആദിമനിവാസികളാണെന്നുള്ളതുമാണ്. രണ്ട് സിദ്ധാന്തങ്ങളുടേയും ഉപജ്ഞാതാക്കൾ ഐതിഹ്യങ്ങളുടേയും ചരിത്രപരമായ തെളിവുകളുടേയും വെളിച്ചത്തിൽ അവയെ സമർത്ഥിക്കുന്നുണ്ട്.
ശ്രീലങ്കയിൽ നിന്ന് കുടിയേറിയെന്ന നിഗമനം
തെളിവുകളായുള്ള ഐതിഹ്യങ്ങൾ
- പാണ്ട്യ രാജാവിന്റെ ഒരു പുത്രിയാരിരുന്ന അല്ലിയും കർണ്ണാടകത്തിലെ രാജാവായിരുന്ന നരസിംഹനും വിവാഹശേഷം സിലോണിലേക്ക് പോയി എന്നും അവിടെ കുറേ കാലം ഭരിച്ചു എന്നു. പക്ഷേ സന്താനങ്ങൾ ഇല്ലാതെ വന്നതിനാൽ കുലം അന്യം വന്നതോടെ നാട്ടിലേക്ക് തിരിച്ചു വന്ന അവരുടെ ബന്ധുക്കളുടേയും സഹായികളുടേയും കഥ പറയുന്നു. എന്നാൽ സമൂഹത്തിലെ താഴ്ന്ന സ്ഥാനമാണ് അവർക്കും അവരുടെ കൂടെ വന്ന സഹായികൾക്കും ലഭിച്ചത് എന്നും അവരാണ് ഈഴവയരുടെ പൂർവ്വികർ എന്നു കരുതപ്പെടുന്നു എന്നാണ് എൽ. എ. അനന്ത കൃഷ്ണയ്യർ എഴുതുന്നത്. [9] ജാഫ്ഫ്നയിലെ ഒരു വെള്ളാള വിഭാഗമാഗത്തിന്റെ സ്ഥാനപ്പേരായ മുതലിയാർ എന്നത് ഈഴവന്മാർ ഉപയോഗിക്കുന്നു എന്നത് ഇതിനു ഉപോൽഫലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. [10]
- മറ്റൊരു കഥ പ്രകാരം ശിവൻ തനിക്ക് ഗംഗയിലുണ്ടായ മകനായ വീരഭദ്രനെ ഭൂമിയിലെ പ്രശ്നങ്ങൾ പരിഹരിക്കാനായി അയക്കുന്നു. വീരഭദ്രൻ ഈഴത്തു ( ശ്രീലങ്ക) പോകുകയും അവിടത്തെ രാജകുമാരിയായ കല്യാണമണിദേവിയെ വിവാഹം ചെയ്യുകയും ചെയ്യുന്നു. ഇവർക്കുണ്ടായ പുത്രനാണ് ശിവരുദ്രൻ. ശിവരുദ്രൻ ദക്ഷിണേന്ത്യയിൽ വന്ന് അവിടെയുള്ള നാല് സ്ത്രീകളെ വിവാഹം കഴിക്കുകയും നാല് ഇല്ലങ്ങൾ ( തറവാടുകൾ ) ഉണ്ടാകുകയും ചെയുതു.
- സിംഹളീസ് വിശ്വാസപ്രകാരം ചോളരും സിംഹളരുമായുള്ള നിരന്തര സമരത്തിലൂടെ കുറേയേറെ സിംഹളർ ദക്ഷിണേന്ത്യ പിടിച്ചടക്കി താമസമാക്കിയെന്നും അതിന്റെ പിന്തുടർച്ചകാരാാണ് ഇപ്പോഴത്തെ ഈഴവരെന്നും കരുതുന്നു. വില്യം ലോഗന്ന്റ്റെ മനബാർ മാനുവലിൽ ഈ കഥ വിവരിക്കുന്നുണ്ട്. [11]
- എൽ.എ. അനന്തകൃഷ്ണയ്യരുടെ ഗ്രന്ഥത്തിൽ പറയുന്ന മറ്റൊരു കഥ അനുസരിച്ച്, തമിഴ് പുരാണങ്ങളിൽ വിവരിക്കപ്പെട്ടിട്ടുള്ള സിംഹളീസ് രാജാവ് തന്റെ രാജ്യത്തെ ബുദ്ധമത പണ്ഡിതരുടേയും ദക്ഷിണേന്ത്യയിലെ ശൈവ പണ്ഡിതനായിരുന്ന മാണിക്യവാചകകരും തമ്മിലുണ്ടായ മതവ്യാഖ്യാനങ്ങളിൽ പങ്കെടുക്കുകയും മാണിക്യവാചകരുടെ പാണ്ഡിത്യത്തിൽ ആകർഷിക്കപ്പെട്ട് ശൈവ മതം സ്വീകരിക്കുകയും ചെയ്തു എന്നാണ്. അദ്ദേഹം ദക്ഷിണേന്ത്യയിൽ താമസമാക്കുകയും തന്റെ അനുയായികളും അനന്തരവംശവും ഇള്ളവർ അഥവാ ഇഴവർ എന്നറിയപ്പെടുകയും ചെയതതാവാം എന്ന് അനന്തകൃഷ്ണയ്യർ പ്രസ്താവിക്കുന്നു. [9]
തെളിവുകളായുള്ള ചരിത്ര രേഖകൾ
- ഫ്രാൻസിസ് ഡേ, തന്റെ പ്രസിദ്ധമായ ഗ്രന്ഥത്തിൽ പറയുന്നത് ഈഴവർ അഥ്വാ ഈലവർ എന്നത് ഇളനാട് എന്ന സിംഹളദേശത്തുനിന്നാണ് എന്നാണ്. ഇളനാടിനെ മുൻകാലങ്ങളിൽ വിളിച്ചിരുന്നത് ഇഴൂവെൻ ദ്വീപ് എന്നാൺ വിളിച്ചിരുന്നത്. ഈഴുവർ മലബാറിലെ തീയ്യരും വേണാടിലെ ചാന്നന്മാരുമായും ശ്രീലങ്കയിലെ കറുകപ്പട്ട വിളയിക്കുന്ന ജാതിക്കാരുമായും ബന്ധപെട്ടിരിക്കുന്നു എന്നദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. [12]
- വില്യം ലോഗൻ എന്ന ചരിത്രകാരൻ, പെരിപ്ലസ് എന്ന പ്രാചീന ഗ്രന്ഥത്തിന്റേയും കോസ്മോസ് ഇന്റികോപ്ലെയുസ്തുസിന്റെയും (ക്രി.വ. 522 /525-547) ഗ്രന്ഥങ്ങളെ വിശകലനം ചെയ്ത് ഈഴവർ കേരളത്തിലെത്തിയത് പെരിപ്ലസിന്റെ കാലത്തിനു ശേഷവും ഇന്റികോപ്ലെയുസ്തുസിന്റെ കാലത്തിനു മുൻപായിരിക്കണം എന്ന നിഗമനത്തിലെത്തുന്നു. [13]
- പെരുന്നാറ്റു പടൈ എന്ന സംഘ കൃതിയിൽ കരികാല ചോളൻ എന്ന തമിഴ് രാജാവ് 12000 സിംഹളീയരെ തടവുകാരായി തമിഴ്നാട്ടില്ലേക്ക് കൊണ്ടുവന്നതായി പറയുന്നുണ്ട്. [14]കരികാലന്റെ വിജയത്തെപ്പറ്റി നിരവധി ശിലാലിഖിതങ്ങളും ലഭ്യമായിട്ടുണ്ട്. [15]
ഈഴവർ ശ്രീലങ്കയിൽനിന്നു വന്നവരാണ് എന്ന് ടി.കെ. വേലുപ്പിള്ള, കെ.പി. പദ്‌മനാഭമേനോൻ, തേഴ്‌സ്റ്റൺ തുടങ്ങിയവർ അഭിപ്രായപ്പെടുന്നു. ഈഴവർ ശ്രീലങ്കയിൽ നിന്നു കേരളത്തിൽ എത്തിയതാണെന്നുള്ള ഐതിഹ്യത്തെ അടിസ്ഥാനമാക്കിയാണ് ഈ സിദ്ധാന്തം രൂപംകൊണ്ടത്. സംഘകാലത്ത് കേരളത്തിലുണ്ടായിരുന്ന ഉഴവർ, ചാന്റോർ, വില്ലോർ എന്നീ ഗോത്രങ്ങൾ പരിണമിച്ചുണ്ടായതാണ് ഈഴവസമുദായമെന്ന അഭിപ്രായത്തിന് ഇന്ന് പ്രാബല്യം സിദ്ധിച്ചിട്ടുണ്ട്.
ഉഴവർ. കൃഷിചെയ്‌തു ജീവിച്ചിരുന്നവരാണ് ഉഴവർ. ഇവർക്ക് കുലമഹിമയും സ്ഥാനവലുപ്പവും ഉണ്ടായിരുന്നുവെന്ന് പതിറ്റുപ്പത്തിൽ നിന്നു വ്യക്തമാകുന്നു. ഈഴവരുടെയും പ്രധാന തൊഴിൽ കൃഷിയാണ്. "കേരളത്തിൽ സ്ഥിരമായി കൃഷി ആരംഭിച്ച ആദ്യത്തെ കർഷകർ ഈഴവരാണെന്നു തോന്നുന്നു' എന്ന് ഡോ. എ. അയ്യപ്പൻ അഭിപ്രായപ്പെടുന്നു. കേരളത്തിൽ തെങ്ങ് കൊണ്ടുവന്നത് ഈഴവരാണ് എന്ന് ലോഗൻ പ്രസ്‌താവിക്കുന്നുണ്ട്. ഈഴവരുടെ പ്രധാന തൊഴിൽ കൃഷിയാണെന്നും അവരിൽ പലരും ധനികരും സ്വാധീനശക്തിയുള്ളവരുമായ ഭൂപ്രഭുക്കന്മാരാണെന്നും തേഴ്‌സ്റ്റൺ പറയുന്നു. പൗരാണിക കേരളത്തിലെ കൃഷിക്കാരായ ഉഴവരിൽ നല്ലൊരു വിഭാഗം ഈഴവസമുദായത്തിൽ ലയിച്ചതുകൊണ്ടാകാം അവരിൽ ഭൂരിഭാഗം പേർ ഭൂവുടമകളായിത്തീർന്നത്.
ചാന്റോർ. ഈഴവരായിത്തീർന്ന മറ്റൊരു ജനവിഭാഗം ചാന്റോർ എന്നറിയപ്പെട്ടിരുന്ന മദ്യഹാരകന്മാരാണ്. പ്രാചീന തമിഴകത്ത് മദ്യഹാരകന്മാർക്ക് മാന്യമായ ഒരു സ്ഥാനം കല്‌പിക്കപ്പെട്ടിരുന്നു. അതിനാൽ ചാന്റോർ എന്ന പദത്തിന് മാന്യൻ എന്ന് അർഥമുണ്ടായി. ചാന്റോർ എന്ന പദമായിരിക്കണം പിന്നീട് ചാന്നാൻ ആയി രൂപാന്തരപ്പെട്ടത്. ഈഴവരിൽ ചാന്നാന്മാർ എന്നൊരു വിഭാഗമുണ്ട്. അവർ കുലമുഖ്യന്മാരെന്നാണ് സങ്കല്‌പം. ഈഴവരുടെ വിവാഹാടിയന്തിരങ്ങൾക്ക് ചാന്നാന്മാരുടെ അനുമതിയും സാന്നിധ്യവും ചില സ്ഥലങ്ങളിൽ മുൻകാലങ്ങളിൽ ആവശ്യമായിരുന്നു. തിരുനെൽവേലി ജില്ലയിലും കന്യാകുമാരി ജില്ലയിലും തിരുവനന്തപുരം ജില്ലയുടെ തെക്കൻ ഭാഗങ്ങളിലും ചാന്നാന്മാരുണ്ട്. അവർ 13-ാം നൂറ്റാണ്ടിൽത്തന്നെ ഈഴവർ എന്നാണ് അറിയപ്പെട്ടിരുന്നതെന്ന് എം. ശ്രീനിവാസയ്യങ്കാർ ചൂണ്ടിക്കാട്ടുന്നു. മദ്യഹാരകത്വം ഇന്നും ഈഴവരുടെ ഒരു തൊഴിലാണ്. പ്രാചീനകാലത്തെ മദ്യഹാരകന്മാരായ ചാന്റോർ ഈഴവരായി പരിണമിച്ചതിനു തെളിവാണിത്.
വില്ലോർ. വില്ലോർ ആണ് ഈഴവരായി പരിണമിച്ച മറ്റൊരു ജനവിഭാഗം. ഇവർ മികച്ച യോദ്ധാക്കളായിരുന്നു. ക്രിസ്‌ത്വബ്‌ദം രണ്ടാംശതകത്തിൽ കേരളം ഭരിച്ചിരുന്ന ചേരൻ ചെങ്കുട്ടുവൻ എന്ന കേരള ചക്രവർത്തിയുടെ പ്രധാനമന്ത്രി ഒരു വില്ലവനായിരുന്നു എന്ന് ചിലപ്പതികാരത്തിൽ പറയുന്നുണ്ട്. ചോവൻ എന്നത് സേവകൻ എന്ന പദത്തിന്റെ തദ്‌ഭവമാണെന്നും ഒരു അഭിപ്രായമുണ്ട്. അതിനെ എതിർത്ത സി.വി. കുഞ്ഞുരാമനും മറ്റും "ധർമം വാങ്ങിയുച്ചുന്നവൻ', "ബുദ്ധമതക്കാരൻ' എന്നീ അർഥങ്ങളുള്ള "ചീവകൻ' എന്ന തമിഴ് വാക്കിൽനിന്നാണ് ചോവൻ നിഷ്‌പന്നമായതെന്ന് പ്രസ്‌താവിക്കുന്നു.
മദ്ധ്യകേരളത്തിൽ ഈഴവരെ വിളിക്കുന്നത് “ചോവൻ“ എന്നാണ്. മലബാറിൽ സേവകൻ എന്ന അർത്ഥത്തിൽ ചേകവർ എന്നും വിളിച്ചു പോന്നിരുന്നു എന്നാണ് ഒരു കൂട്ടം ചരിത്രകാരന്മാർ പറയുന്നത്.[16][5] ചരിത്രകാല ഈഴവർ പൊതുവെ നായന്മാരോട് കൂറ് പുലർത്തിയിരുന്നവരായിരുന്നു. ചോവൻ എന്ന മദ്ധ്യ കേരളത്തിലെ ഈഴവർ രണശൂരന്മാരായിരുന്നു എന്നതിൽ സംശയമില്ല. മലബാറിലേ വടകരയിൽ ചേകവർ എന്ന വിഭാഗം തീയ്യരുടെ ഉപജാതിയായി കണക്കാക്കുന്നു. എന്നിരുന്നാലും തെക്കൻ കേരളത്തിലെ ഈഴവരിലും പല കുടുംബങ്ങൾ യോദ്ധാക്കൾ ആയിരുന്നു.[5] അവരിൽ ചില വിരളമായ കുടുംബങ്ങൾ വടക്കൻ കേരളത്തിലെ തീയ്യന്മാരെ പോലെ ചേകവർ എന്ന കുലനാമം ഉപയോഗിച്ചവരുണ്ട്.[16] യോധൃപാരമ്പര്യം അടുത്തകാലംവരെ ഈഴവർ പുലർത്തിവന്നിരുന്നു. അമ്പലപ്പുഴ രാജാവിന്റെ സൈന്യത്തിൽ ഏറിയകൂറും ചേക്കോന്മാരായിരുന്നു എന്ന് കാന്റർവിഷർ രേഖപ്പെടുത്തിയിട്ടുണ്ട്. അമ്പലപ്പുഴ താലൂക്കിലെ അമ്പനാട്ടു പണിക്കന്മാരായിരുന്നു ഈഴവസേനയുടെ നായകന്മാർ. ധർമരാജാവിന്റെ സൈന്യത്തിൽ നായന്മാരും ഈഴവരും ഉണ്ടായിരുന്നതായി എഫ്.ഡബ്ല്യു. ഡൗസൻ രേഖപ്പെടുത്തുന്നു.
ചില ഈഴവഭവനങ്ങളിൽ അടുത്തകാലംവരെ കളരികളുണ്ടായിരുന്നു. കളരികളിൽ ആയുധാഭ്യാസം നടത്തിയിരുന്നവർക്ക് ആശാൻ എന്നും പണിക്കർ എന്നും സ്ഥാനപ്പേരു നല്‌കിയിരുന്നു. കളരികൾ മിക്കതും അപ്രത്യക്ഷമായെങ്കിലും സ്ഥാനപ്പേരുകൾ ഇന്നും നിലനില്‌ക്കുന്നു. അങ്ങനെ കൃഷിക്കാരായ ഉഴവരും മദ്യഹാരകന്മാരായ ചാന്റോരും പടയാളികളായ വില്ലോരും ലയിച്ചു ചേർന്നായിരിക്കണം ഈഴവസമുദായമുണ്ടായത്. കേരളത്തിലെ പ്രാചീന ഗോത്രവർഗങ്ങളിൽ പലതും പരിണമിച്ചുണ്ടായ സമുദായമാണ് ഈഴവരുടേതെന്ന കാമ്പിൽ അനന്തന്റെ പ്രസ്‌താവന ഈ ചരിത്രവസ്‌തുതയിലേക്കാണ് വിരൽചൂണ്ടുന്നത്. ചെങ്കുട്ടുവന്റെ കാലം മുതൽക്ക് കേരളത്തിലെ പ്രധാന മതം ബുദ്ധമതമായിരുന്നു. ഈഴവരിൽ ഭൂരിപക്ഷവും ബുദ്ധമതക്കാരായിരുന്നു എന്നാണ് ഇളംകുളം കുഞ്ഞൻപിള്ള പറയുന്നത്. ബുദ്ധമത പ്രഭാവകാലത്ത് ഈഴവർക്ക് സമൂഹത്തിൽ ഉന്നതപദവിയുണ്ടായിരുന്നു. ഹൈന്ദവ വർണാശ്രമാചാരങ്ങളെ എതിർക്കുന്നതിൽ ബുദ്ധമത മിഷനറിമാർ നിർണായക പങ്കാണ് വഹിച്ചത്. എന്നാൽ ബ്രാഹ്മണരുടെ വരവോടെ വർണാശ്രമ ധർമങ്ങൾ ശക്തമായി പ്രതിഷ്‌ഠിക്കപ്പെട്ടു എന്നു മാത്രമല്ല ഈഴവരല്ലാത്ത മറ്റു സമുദായക്കാർ ബ്രാഹ്മണർക്കു അടിയറവ് പറഞ്ഞപ്പോൾ ബ്രാഹ്മണ മതം സ്വീകരിക്കാൻ വിസമ്മതിച്ച ഈഴവർ മ്ലേച്ഛരായി മുദ്രകുത്തപ്പെടുകയും ചെയ്‌തു.
നൂറ്റാണ്ടുകളോളം ബ്രാഹ്മണ മേധാവിത്വത്തോടു പൊരുതിയ പാരമ്പര്യമാണ് ഈഴവസമുദായത്തിന്റേത് എന്ന വി.ടി. ഭട്ടതരിപ്പാടിന്റെ അഭിപ്രായം ഇത്തരുണത്തിൽ ശ്രദ്ധേയമാണ്. ബ്രാഹ്മണ ആധിപത്യം ശക്തമായതോടെ ദുർബലരായിത്തീർന്ന ഈഴവർ സാമൂഹിക ശ്രണിയിൽ തരംതാഴ്‌ത്തപ്പെട്ടു എന്നാണ് ചരിത്രകാരന്മാരുടെ മതം. സാമൂഹികമായി അയിത്തംകല്‌പിച്ചു മാറ്റി നിർത്തപ്പെട്ട ഇവരുടെ ദുസ്ഥിതി 20-ാം ശതകത്തിന്റെ പൂർവാർധം വരെ തുടർന്നു.
ഈഴവർ കേരളത്തിന്റെ പല ഭാഗങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്നു. കൊല്ലത്തിനു തെക്ക് പൊതുവേ "ഈഴവർ' എന്നും, കൊല്ലത്തിനു വടക്കു കൊച്ചി വരെ ചോവന്മാർ എന്നും അറിയപ്പെടുന്നു. തമിഴ്‌നാട്ടിൽ തിരുനെൽവേലി ജില്ലയിലെ ചാന്നാന്മാരും തെക്കൻ കർണാടകത്തിലെ ബില്ലവരും ഈഴവസമുദായത്തിൽപ്പെടും. കൊ.വ. 1078-ൽ ഉണ്ടാക്കിയ എസ്.എൻ.ഡി.പി. യോഗ നിബന്ധനകളിൽ ഈഴവർ, ചോവന്മാർ, ഈഴുവർ, വില്ലവർ എന്നിവരെ ഒരു സമുദായമായിട്ടാണ് പരിഗണിച്ചിരിക്കുന്നത്. മധുര-തിരുനെൽവേലി ജില്ലകളിലെ ഇല്ലത്തുപിള്ളമാരും ഈഴവസമുദായത്തിന്റെ ഒരു അവാന്തരവിഭാഗമാണെന്നു കരുതപ്പെടുന്നു. പഴയ ദക്ഷിണതിരുവിതാംകൂറിലെ ഈഴവരെ മലയാളഈഴവർ, പാണ്ടിഈഴവർ, കൊല്ലക്കാർ, പുഴുക്കർ, പാച്ചല്ലിഈഴവർ, വാത്തികൾ എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായി തരംതിരിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഈഴവർ മലയാളഈഴവർ എന്നറിയപ്പെട്ടു. തമിഴ്‌നാട്ടിൽനിന്നു വന്ന പാണ്ടിഈഴവർ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ഭാഗത്താണ് കേന്ദ്രീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ പാച്ചല്ലൂർപ്രദേശത്തെ ഈഴവരാണ് പാച്ചില/പാച്ചൊട്ടികൾ. പുഴുക്കർ മലയാളിഈഴവരുടെ സിൽബന്ധികളായിരുന്നു. ഈഴവരിലെ എല്ലാ അവാന്തരവിഭാഗങ്ങളുടെയും ക്ഷുരക-പൗരോഹിത്യവൃത്തികളിൽ ഏർപ്പെട്ടുവന്നവരായിരുന്നു വാത്തികൾ.
വടക്കൻ കേരളത്തിൽ പാലക്കാട്, ഈഴവർ, ഇഴുവ, ഇല്ലവർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി അറിയപ്പെട്ടുപോന്നു. പാലക്കാട് പ്രദേശത്ത് ഈഴവരെ പൊതുവേ തണ്ടാന്മാർ എന്നും ഈഴവരെന്നും (ഈഴവപ്പണിക്കർ) രണ്ടായി തിരിച്ചിരിക്കുന്നു. പണിക്കർ എന്ന പദം ബഹുമാനസൂചകമായി പ്രായംചെന്ന ഈഴവരെ സംബോധനചെയ്യുവാനായിട്ടാണ് ഉപയോഗിച്ചിരുന്നത്. തണ്ടാന്മാർ പ്രധാനമായും വള്ളുവനാട്, ഏറനാട്, പൊന്നാനി, ചിറ്റൂർ, തലപ്പള്ളി എന്നീ പ്രദേശങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
കേരളത്തിലെ ആദിമ നിവാസികളെന്ന വാദം
ചില ചരിത്രകാരന്മാർ വില്യം ലോഗനും മറ്റും സ്വീകരിച്ചുവന്ന കുടിയേറ്റവാത്തെ എതിർക്കുന്നു. ഈ വാദത്തെ ന്യായീകരിക്കുവാനും ഇതേ പൊലെ ചരിത്രത്തേയും പാരമ്പര്യകഥകളേയും അവർ ഉപയോഗപ്പെടുത്തുന്നുണ്ട്.
മതം
ഈഴവർ ഹിന്ദുമതവിശ്വാസികളാണ്.മറ്റ് കേരളീയ ഹൈന്ദവരേപ്പോലെ ശാക്തേയ മതമാണ് അവർ പിന്തുടർന്നത്. ചാമുണ്ഡി, കാളി, മുത്തപ്പൻ, അയ്യപ്പൻ, മുരുകൻ തുടങ്ങിയ ദ്രാവിഡ കുല ദൈവങ്ങളെ ശാക്തേയ വിധിയിൽ കുലാചാരത്തോടെ ഈഴവർ ആരാധിച്ചുവന്നിരുന്നു.പിൽക്കാലത്ത് ഗണ്യമായ ബുദ്ധ മത സ്വാധീനം ഈഴവരിൽ വന്നതായി കരുതപ്പെടുന്നു.ആധുനിക കാലത്ത് ശ്രീനാരായണഗുരുവിന്റെ സ്വാധീനം ശാക്തേയ ആചാരങ്ങളെ ക്രമേണ ഇല്ലാതാക്കി. ഭദ്രകാളിയായിരുന്നു പ്രധാന കുല ദൈവം. ശബരിമല ശാസ്‌താവാണ് ഈഴവർക്കു പ്രിയങ്കരനായ മറ്റൊരു ദൈവം
ചരിത്രം
തെക്കൻ കേരളത്തിലെ ഒരു പ്രബല സമുദായമാണ് ഈഴവർ. പക്ഷെ മലബാറിലെ തിയ്യർ ആചാരംകൊണ്ടും സാംസ്കാരിക പാരമ്പര്യംകൊണ്ടും തിരുവാതാംകൂറിലെയും മദ്ധ്യകേരളത്തിലെയും ഈഴവരിൽ നിന്നും വിഭിന്നരാണ് എന്നും അഭിപ്രായമുണ്ട്. തെക്കുള്ള ഈഴവരെയും തിരുവാതാംകൂറിലെ ഈഴവരെയുംകാൾ മദ്ധ്യകേരളത്തിലെ തിയ്യർക്കും തണ്ടാൻ എന്ന ഒരു ഉപവിഭാഗവും ഇവരിൽ ഉണ്ടായിരുന്നു. മലബാറുലെ തീയ്യർക്കും ബില്ലവർക്കും ആഭിജാത്യം കല്പിക്കപ്പെട്ടിരുന്നു. മദ്ധ്യതിരുവിതാംകൂറിലെ റോമൻ കത്തോലിക്ക വിഭാഗത്തിലെ ആളുകളിൽ ഏറെയും ക്രിസ്തുമതപ്രചരണം നടന്ന സമയത്ത് മതംമാറിയ ഈഴവരാണ്.
തെങ്ങ് കൃഷി കേരളത്തിൽ പ്രചരിപ്പിച്ചത് ഇവരാണെന്ന് അഭിപ്രായമുണ്ട്. ബുദ്ധമതാനുയായികളായിരുന്ന ഇവർ പിന്നീട് തരം താഴ്ത്തപ്പെടുകയാണുണ്ടായതെന്നും ഒരു വാദഗതിയുണ്ട്. സ്ഥാണുരവിവർമ്മയുടെ കാലത്തെ (848-49) തരിസാപള്ളി ശാസനങ്ങൾ ഇവരെ പരാമർശിക്കുന്നുണ്ട്. ബുദ്ധമതസമ്പർക്കമായിരിക്കാം ഇവർക്ക് വൈദ്യപാരമ്പര്യം നൽകിയത്.
ശ്രീലങ്കയിൽ നിന്ന് കേരളത്തിലേക്കെത്തിയ ബുദ്ധസന്യാസിമാരുടെയൊപ്പമാണ് ഈഴവരും കേരളത്തിലെത്തിയതെന്ന് കരുതുന്നു. നമ്പൂതിരിമാരുടെ ആഗമനത്തിനു മുന്നേ തന്നെ ഈഴവർ കേരളത്തിൽ വേരുറപ്പിച്ചിരുന്നു. ഇവർ വടക്കേ മലബാറിലും കോഴിക്കോട്ടും തീയ്യർ എന്ന പ്രതേക ജാതിയായും പാലക്കാട്ടും വള്ളുവനാട്ടിലും ചേകവൻ എന്നും അറിയപ്പെട്ടു. തെക്കുള്ളവർ ഈഴവർ എന്നാണ് അറിയപ്പെടുന്നത്.[17]
നമ്പൂതിരിമാരുടെ വരവിന് ശേഷം, ചാതുർവർണ്യ സമ്പ്രദായം നിലവിൽ വന്നു. രാഷ്ട്രീയമായും സാമൂഹികമായും ബുദ്ധമതം വേട്ടയാടപ്പെട്ടു തുടങ്ങി. മേധാവിത്വത്തെ എതിർക്കാത്തവരെ സവർണ്ണർ ഉയർത്തുകയും എതിർത്തവരെ ഹീനജാതിക്കാരാക്കുകയുമാണുണ്ടായത്. സ്വന്തം മതം ത്യജിക്കാൻ തയ്യാറാവാഞ്ഞതിനാൽ ഈഴവരെ താഴ്ന്ന ജാതിക്കാരാക്കി മാറ്റി. സ്വാഭാവികമായും ജാതിയിൽ താണ ഈഴവർ ചൂഷണം ചെയ്യപ്പെട്ടു തുടങ്ങി. ബ്രാഹ്മണ്യത്തോട് എതിർത്തും സഹിച്ചും അവർ രാഷ്ട്രീയമായും സാമൂഹികമായുമുള്ള അവശതകൾ അനുഭവിച്ചു വന്നു. അവർണ്ണർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇവരുടെ സ്ഥാനം ചാതുർവർണ്യ സമ്പ്രദായത്തിന് പുറത്തായിട്ടായിരുന്നു അന്നത്തെ സവർണരായ ഭരണകർത്താക്കൾ കണക്കാക്കിയിരുന്നത്. ഇവരിൽ ബഹുഭൂരിപക്ഷത്തിന്റേയും തൊഴിൽ കൃഷി ആയിരുന്നു. എന്നിരുന്നാലും, സമ്പന്നരായിരുന്ന ചിലർ ആയുർവേദത്തിലും, കളരിപ്പയറ്റിലും, ജ്യോതിഷത്തിലും, സിദ്ധവൈദ്യത്തിലും അഗ്രഗണ്യരായി നിലനിന്നു. ആരാധനാ സമ്പ്രദായങ്ങൾ ബുദ്ധമതത്തിന്റെ ക്ഷയത്തോടെ നശിച്ചു പോയതിനെത്തുടർന്ന് ആരാലാണൊ ഹീന ജാതിയെന്ന് മുദ്രകുത്തപ്പെട്ടത്, അവരുടെ ദൈവങ്ങളേയും ക്ഷേത്രങ്ങളേയും (മുൻപ് ബുദ്ധവിഹാരമായിരുന്നു മിക്കതും) ഈഴവർക്ക് ആശ്രയിക്കേണ്ടതായി വന്നു. [18] "സവർണ' വിഭാഗത്തിൽപ്പെട്ട നായന്മാരുമായി "അവർണ'രായ ഈഴവർക്ക് പണ്ട് ഉറച്ച സാമൂഹികബന്ധങ്ങൾ ഉണ്ടായിരുന്നു. അടുത്തകാലം വരെ ഈഴവരുടെയും നായന്മാരുടെയും പൊതു ഉടമയിൽ പല ക്ഷേത്രങ്ങളുമുണ്ടായിരുന്നു. കരുനാഗപ്പള്ളിയിലെ ശക്തികുളങ്ങരക്ഷേത്രവും മാവേലിക്കരയിലെ ചെട്ടികുളങ്ങരക്ഷേത്രവും ഉദാഹരണങ്ങളാണ്. ചെമ്പഴന്തിയിലെ കാളീക്ഷേത്രത്തിൽ നായന്മാർക്കും ഈഴവർക്കും കൂട്ടായ ഉടമാവകാശം ഉണ്ടായിരുന്നു. ചേർത്തലയുള്ള കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിൽ, ചീരങ്കുഴി നായർ തറവാട്ടുകാർക്ക് ചില അധികാരാവകാശങ്ങൾ അനുവദിച്ചുകൊടുത്തിട്ടുണ്ട്; ക്ഷേത്രം ഈഴവരുടെ വകയാണ്. നായന്മാർ, നമ്പൂതിരിമാർ എന്നിവരുമായി ഈഴവർക്ക് പുലബന്ധമുണ്ടായിരുന്നുവെന്നത് ശ്രദ്ധേയമായ മറ്റൊരു വസ്‌തുതയാണ്. ചില നായർ, നമ്പൂതിരി കുടുംബങ്ങളുമായി ഈഴവകുടുംബങ്ങൾ അടുത്തകാലംവരെ പുല ആചരിച്ചിരുന്നു. ചേർത്തല താലൂക്കിൽ കൊക്കോതമംഗലത്ത് ചേങ്ങാട് എന്ന പുരാതന ഈഴവപ്രഭുകടുംബവും മൂവാറ്റുപുഴ താലൂക്കിൽ പിറവത്ത് ഒരു നമ്പൂതിരി ഇല്ലവും പരസ്‌പരം പുല ആചരിച്ചുവന്നിരുന്നു. കായംകുളത്ത് പുതുപ്പള്ളി ദേവികുളങ്ങര ക്ഷേത്ര ഉടമയായ നമ്പൂതിരി ഇല്ലവും അതിനടുത്ത് പന്തപ്ലാവിൽ എന്ന ഈഴവകുടുംബവും പരസ്‌പരം പുല ആചരിച്ചുവന്നിരുന്നു. ഈ കുടുംബക്കാർ തമ്മിൽ അയിത്തം ആചരിക്ക പതിവില്ലായിരുന്നു. അമ്പലപ്പുഴ താലൂക്കിൽ കോഴിമുക്കുപകുതിയിൽ "പാതാരശ്ശേരിൽ' എന്ന ഈഴവകുടുംബവും അതിനടുത്ത് "മുങ്ങേലി' എന്ന നായർകുടുംബവും പരസ്‌പരം പുല ആചരിക്കുന്ന പതിവ് കൊ.വ. 1106 (1930-31) വരെ നിലനിന്നു; ഒരു കുടുംബത്തിൽപ്പെട്ട ആൾ മരിച്ചാൽ മറ്റേ കുടുംബക്കാർ കോടിയുടുക്കുകയും അപരക്രിയകൾ നടത്തുകയും പതിവായിരുന്നു.
ശ്രീ മുത്തപ്പൻ ക്ഷേത്രം നടത്തിപ്പുകാർ ഈ സമുദായക്കാരാണ്. എല്ലാ ജാതി മതസ്ഥർക്കും പ്രവേശനമനുവദിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം ബുദ്ധമത ക്ഷേത്രങ്ങളെ അനുസ്മരിപ്പിക്കുന്നു. ഈ സമുദായവുമായി ബന്ധപ്പെട്ട ധാരാളം മഠങ്ങളും (മഠം) കളരികളും മലബാറിലുടനീളം കാണാം.
1853-ൽ അവർണ്ണർക്കായി തൃക്കുന്നപ്പുഴ മംഗലത്ത് ഇടയ്ക്കാട്ട് ശിവക്ഷേത്രം പണിയിച്ചു് പ്രസിദ്ധനായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ യഥാർത്ഥ പേര് കല്ലിശ്ശേരി വേലായുധൻ ചേകവർ എന്നായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഈഴവസമുദായ പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു ടി.കെ. മാധവൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായത് അദ്ദേഹത്തിന്റെ അമ്മാവനായ കോമളേഴത്ത് കുഞ്ഞുപിള്ള ചേകവരുടെ മരണത്തെ തുടർന്നായിരുന്നു.
ചടങ്ങുകൾ
കെട്ടുകല്യാണം. ദശാബ്‌ദങ്ങൾക്കുമുമ്പ് ഈഴവർക്കിടയിൽ നിലനിന്നിരുന്ന ഒരു ചടങ്ങാണ് കെട്ടുകല്യാണം (നായന്മാർ, നമ്പൂതിരിമാർ എന്നീ സമുദായങ്ങളിലും ഈ സമ്പ്രദായമുണ്ടായിരുന്നു). പെൺകുട്ടികൾ ഋതുവാകുന്നതിനുമുമ്പ് നടത്തപ്പെട്ടിരുന്ന താലികെട്ടുകല്യാണം ആദ്യത്തെ വിവാഹമെന്ന നിലയിലാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ താലികെട്ടുന്ന ചെറുക്കനും താലികെട്ടപ്പെടുന്ന പെണ്ണും തമ്മിൽ പിന്നീട് യാതൊരു ബന്ധവും ഉണ്ടാവണമെന്നില്ല. അർഥശൂന്യവും ദുർവ്യയഹേതുകവുമായ ഈ ആചാരം സാമൂഹ്യപരിഷ്‌കരണപ്രസ്ഥാനങ്ങൾ ശക്തിപ്പെട്ടതോടെ തികച്ചും അപ്രത്യക്ഷമായി. വിവാഹം. രണ്ടോ അതിലധികമോ സഹോദരന്മാർ ഒരേ സ്‌ത്രീയെ ഭാര്യയായി സ്വീകരിക്കുന്ന ("സഹോദര ഭർത്തൃത്വ') സമ്പ്രദായം പണ്ടുകാലത്ത് അപൂർവമായെങ്കിലും നിലനിന്നിരുന്നു; ബഹുഭാര്യാത്വവും പതിവായിരുന്നു.
വിവാഹരീതി പല സ്ഥലങ്ങളിൽ പല തരത്തിലായിരുന്നു അനുഷ്‌ഠിച്ചിരുന്നത്. വരന്റെ സഹോദരി വധുവിന് പുടവ കൊടുത്ത് കൂട്ടിക്കൊണ്ടുപോകുന്ന രീതിയായിരുന്നു തെക്കൻ തിരുവിതാംകൂറിൽ പതിവ്. വിവാഹത്തിന് ചാന്നാന്മാരുടെ അനുമതി തേടുന്ന സമ്പ്രദായവും പഴയകാലത്ത് ഈ പ്രദേശത്ത് നിലവിലിരുന്നു. ഉത്തര തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും തണ്ടാന്മാരുടെ അനുമതിയാണ് വേണ്ടിയിരുന്നത്. വരന് തണ്ടാൻ വെറ്റിലമുറുക്കാൻ കൊടുത്തതിനുശേഷം മാത്രമാണ് വിവാഹപ്പാർട്ടി പുറപ്പെട്ടിരുന്നത്. ഉത്തരമലബാറിൽ വാളും പരിചയും ചുഴറ്റിക്കൊണ്ടായിരുന്നു വിവാഹപ്പാർട്ടിയുടെ യാത്ര. വധൂഗൃഹത്തിലെത്തിയാൽ ആ ദേശത്തിലെ തണ്ടാനാണ് ഈ ആയുധങ്ങൾ ഏറ്റുവാങ്ങുന്നത്. വരന്റെ സഹോദരിമാരും തണ്ടാന്റെ ഭാര്യയും ചേർന്ന് വധുവിനെ വിവാഹവസ്‌ത്രം അണിയിച്ചശേഷം വരന്റെ സഹോദരി വധുവിനെ വിവാഹമണ്ഡപത്തിലേക്ക് ആനയിച്ച് വരന്റെ പിന്നിലായി ഇരുത്തുന്നു. വധുവിനെ അണിയിക്കാനുള്ള വസ്‌ത്രങ്ങൾ കൂടാതെ നാലു വസ്‌ത്രങ്ങൾകൂടി വരൻ കൊണ്ടുവന്നിട്ടുണ്ടാകും. വധുവിന്റെ അമ്മയ്‌ക്കു "കാണപ്പണം' കൂടി കൊടുത്തുകഴിഞ്ഞാൽ വിവാഹസദ്യയായി. ഇത്രയുമാണ് വിവാഹത്തിന്റെ പ്രധാന ചടങ്ങുകൾ.
ഇപ്പോൾ ഈ ചടങ്ങുകളൊന്നും ഇല്ല. മുഹൂർത്തത്തിൽ വരനെ വധു പൂമാല ചാർത്തുകയും വരൻ വധുവിന്റെ കഴുത്തിൽ താലികെട്ടി മാല ചാർത്തുകയും ചെയ്യുന്നതാണ് പ്രധാന ചടങ്ങ്. വിവാഹസദ്യയ്‌ക്കുശേഷം വധുവിനെ കൂട്ടിക്കൊണ്ട് വരനും പാർട്ടിയും വരന്റെ ഗൃഹത്തിലേക്ക് മടങ്ങുന്നു.
ദായക്രമം. അടുത്തകാലം വരെ മൂന്നുരീതിയിലുള്ള ദായക്രമം നിലനിന്നിരുന്നു. വടക്കേ മലബാറിൽ മരുമക്കത്തായവും തെക്കേ മലബാറിലും കൊച്ചിയിലും മക്കത്തായവും തിരുവിതാംകൂറിൽ മിശ്രദായക്രമവുമാണുണ്ടായിരുന്നത്. മക്കത്തായസമ്പ്രദായമാണ് ഇപ്പോൾ നിലവിലുള്ളത്.
നവോത്ഥാന ചരിത്രത്തിലെ സംഭാവനകൾ
ശ്രീ നാരായണ ഗുരുവിനും വര്ഷങ്ങൾക്ക് മുൻപ് ഈഴവ സമുദായത്തെ പ്രധിനിഥികരിച്ചു കൊണ്ട് മൂക്കുത്തി വിളംബരവും അച്ചിപ്പുടവ സമരവും ഉൾപ്പടെ കേരള നവോത്ഥാന ചരിത്രത്തിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു പാട് സമരങ്ങൾക്കും സംഭവങ്ങൾക്കും നേതൃത്വം നൽകിയ വ്യക്തിയാണ് ആറാട്ടുപുഴ വേലായുധ പണിക്കർ.[19] അതിൽ ചിലത് താഴെ വിവരിക്കുന്നു.
ശിവപ്രതിഷ്ഠ
ബ്രാഹ്മണവേഷത്തിൽ വൈക്കം മഹാാദേവക്ഷേത്രത്തിൽ താമസിച്ച് ആണ് ക്ഷേത്രനിർമ്മാണവും ആചാരങ്ങളും പഠിച്ചത്.[5] അതിന് ശേഷം 1852 ൽ വേലായുധപ്പണിക്കർ അവർണർക്ക് ആരാധിക്കാനായി ശിവ ക്ഷേത്രം നിർമ്മിച്ചു. കാർത്തികപ്പള്ളിയിലെ ഇടയ്ക്കാട് മംഗലത്ത് കേരളീയ വാസ്തുവിദ്യാ ശൈലിയിൽ നിർമിച്ച ജ്ഞാനേശ്വരം ക്ഷേത്രമാണ് അത്.[5] മാവേലിക്കര കണ്ടിയൂർ മറ്റത്തിൽ വിശ്വനാഥൻ ഗുരുക്കൾ എന്ന അബ്രാഹ്മണനായ തന്ത്രിയാണ് ഈ പ്രതിഷ്ഠനടത്തിയത്.ഇവിടെ നിത്യപൂജയ്ക്ക് തീരുമാനിച്ചതും അബ്രാഹ്മണനെ ആയിരുന്നു. എല്ലാ ജാതി മതസ്ഥഥർക്കും അവിടെ ആരാധനാ സ്വാതന്ത്ര്യവും നൽകിയിരുന്നു അദ്ദേഹം. ഇതിൻ്റെെ ചുവടുപിടിച്ച് 1853 ൽ ആലപ്പുഴ ജില്ലയിൽ ചേർത്തല തണ്ണീർമുക്കം ചെറുവാരണംകരയിലും പണിക്കർ ഒരു ശിവക്ഷേത്ര നിർമ്മാണം നടത്തിയിട്ടുണ്ട്.[5] ക്ഷേത്ര നിർമ്മാണവും വിഗ്രഹ പ്രതിഷഠയും അവർണരുടെ ധർമ്മാചരണത്തിന് എതിരാണെന്നു പറഞ്ഞ് ഇത് മുടക്കാൻ സവർണർ ശ്രമിച്ചിരുന്നു. ഒരു അബ്രാഹ്മണൻ്റെ കാർമ്മികത്വത്തിൽ മംഗലത്ത് ആദ്യം നടത്തിയ ശിവ പ്രതിഷ്ഠ ദിവാനുമുന്നിൽ തെളിവായി ചൂണ്ടിക്കാണിച്ച് ഈ എതിർപ്പുകൾ അദ്ദേഹം മറികടന്നു.
അച്ചിപ്പുടവ സമരം
അച്ചിപ്പുടവയെന്ന പേരിൽ തിരുവിതാംകൂറിൽ അറിയപ്പെട്ടിരുന്ന മുണ്ടുകൾ ഈഴവ സ്ത്രീകൾ നെയ്തിരുന്നതായിരുന്നുവെങ്കിലും അവ ഉടുക്കാൻ അവർക്ക് അനുവാദമില്ലായിരുന്നു. മാത്രമല്ല, സവർണ്ണ വിഭാഗം പിന്നാക്ക വിഭാഗക്കാരെ സ്ത്രീപുരുഷ ഭേദമന്യേ മുട്ടിനുതാഴെ മുണ്ടുടുക്കാൻ അനുവദിച്ചിരുന്നില്ല. ഈ ആചാരത്തെ അംഗീകരിക്കാതെ അച്ചിപ്പുടവ നീട്ടിയുടുത്ത് കായംകുളത്തിനടുത്തുള്ള പത്തിയൂർ വയൽവരമ്പിലൂടെ യാത്ര ചെയ്ത യുവതിയെ മേൽജാതിക്കാർ അധിക്ഷേപിച്ചു വിട്ടു. ഇതറിഞ്ഞ പണിക്കർ തൊഴിലാളികൾക്ക് ചിലവിന് പണം നൽകി, ജൻമിമാരുടെ കൃഷിപ്പണിയും തേങ്ങാപ്പണിയും ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്തു. പണി മുടങ്ങി സാമ്പത്തിക നില തകരാറിലായതോടെ സവർണപ്രമാണിമാർ സമരത്തിനു മുമ്പിൽ മുട്ടുമടക്കി.
1866 ൽ കർഷക തൊഴിലാളികളെ സംഘടിപ്പിച്ചു വേലായുധ പണിക്കർ നടത്തിയ ഈ പണിമുടക്കാണു ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യത്തെ കർഷക തൊഴിലാളി സമരം.[5]
മൂക്കുത്തി വിളംബരം
1859 വരെ ബ്രാഹ്മണർക്ക് മാത്രമേ മൂക്കുത്തി ധരിക്കാനുള്ള അവകാശം ഉണ്ടായിരുന്നുള്ളൂ. 1859 ഇൽ അന്നത്തെ തിരുവിതാംകൂർ റീജൻറ് റാണിയോട്, തങ്ങൾകും മൂക്കുത്തി ധരിക്കാൻ അവകാശം നൽകണമെന്ന് നായന്മാർ അപേക്ഷിച്ചു. 1859 അവസാനം നായൻമാർകും ബ്രാഹ്മണരെ പോലെ മൂക്കുത്തി ധരിക്കാമെന്ന് റീജൻറ് മഹാറാണി ഉത്തരവു പുറപ്പെടുവിച്ചു. ഇതറിഞ്ഞ ഈഴവരിലെ സമ്പന്ന കുടുംബ സ്ത്രീകളും മൂകുത്തി ധരിക്കാൻ തുടങ്ങി. പന്തളത്തിനടുത്തു മൂക്കുത്തി ധരിച്ച ഒരു ഈഴവ സ്ത്രീയുടെ മൂക്കുത്തി ഒരു ബ്രാഹ്മണൻ പറിച്ചു ചോരചിന്തിയ വിവരമറിഞ്ഞ പണിക്കർ സ്വർണ്ണപണിക്കാരെ വിളിച്ച്, സ്വർണം, വെള്ളി, ചെമ്പ് എന്നിവയിൽ നിരവധി മൂക്കുത്തികൾ നിർമ്മിക്കാൻ നിർദ്ദേശിച്ചു. ആയിരം സ്ത്രീകളെ വിളിച്ചുകൂട്ടി മൂക്കുത്തി ധരിപ്പിച്ചു[20][21][22][23][24]. എന്നിട്ട് പന്തളത്തുവച്ച് ഒരു വിളംബരം നടത്തി.
“ | ഇന്നുമുതൽ തിരുവിതാംകൂറിലെ മുഴുവൻ സ്ത്രീകൾകും മൂക്കുത്തി ധരിച്ചുകൊള്ളാമെന്ന് നാം മംഗലം വേലായുധപ്പെരുമാൾ ഉത്തരവ്. ഈ ഉത്തരവിനെതിരെ പ്രവർത്തിക്കുന്നവന്റെ തല നാം എടുത്തിരിക്കും | ” |
1860-ലെ[25] ഈ പ്രഖ്യാപനത്തെ മൂക്കുത്തി വിളംബരം എന്നു വിളിക്കപ്പെടുന്നു. ഇവരെ ആരും അപമാനിക്കാതിരിക്കാൻ ദിവസങ്ങളോളം പണിക്കർ പന്തളത്തു തങ്ങി. കുതിരപ്പുറത്ത് ആയുധങ്ങളുമേന്തി റോന്തുചുറ്റുന്ന പണിക്കരുടെയും സൈന്യത്തിൻറെയും മുന്നിലൂടെ നാട്ടിലെ പെണ്ണുങ്ങളെല്ലാം സ്വർണ്ണ മൂക്കുത്തിയിട്ടു സുന്ദരികളായി നടന്നു. ഇങ്ങനെയാണ് തിരുവതാംകൂറിലെ എല്ലാ സ്ത്രീകൾകും മൂകുത്തി ധരിക്കാൻ അവകാശം കിട്ടിയത്.
ഏത്താപ്പുസമരം
കായംകുളത്ത് അവർണസ്‌ത്രീ നാണം മറയ്‌ക്കാൻ മാറിൽ ഏത്താപ്പിട്ടതു സഹിക്കാത്ത പ്രമാണിമാർ പൊതുനിരത്തിൽ അവരുടെ മേൽമുണ്ടു വലിച്ചു കീറി മാറിൽ മച്ചിങ്ങത്തൊണ്ടു പിടിപ്പിച്ച് കൂവിവിട്ടു. വിവരമറിഞ്ഞു കുറെ മേൽമുണ്ടുമായി പണിക്കർ തണ്ടുവച്ച വള്ളത്തിൽ കായംകുളത്തേക്കു കുതിച്ചു. അവിടത്തെ തൊഴിലാളി സ്‌ത്രീകൾക്കിടയിൽ മേൽമുണ്ടു വിതരണം ചെയ്‌തു. ഇതാണ് എത്താപ്പു സമരം എന്നറിയപ്പെടുന്നത്. 1859-ലാണ് ഏത്താപ്പുസമരം നടന്നത്.
കഥകളിയോഗം
ആദ്യമായി കഥകളി പഠിച്ച അബ്രാഹ്മണൻ ആറാട്ടുപുഴ വേലായുധ പണിക്കർ ആണ്[അവലംബം ആവശ്യമാണ്]. 1862 ൽ ഈഴവ സമുദായാംഗങ്ങളെ ചേർത്ത് അദ്ദേഹം സ്ഥാപിച്ച കഥകളിയോഗം, ഈഴവരുടെ ആദ്യത്തെ കഥകളിയോഗമാണ്.[26] പച്ചകുത്തി ദേവന്മാരുടെയും രാജാക്കന്മാരുടെയും വേഷങ്ങളാടാൻ അവർണർക്ക് അവകാശമില്ലെന്നു ബോധിപ്പിച്ച് ഗവൺമെന്റിൽ പരാതികിട്ടിയപ്പോൾ ദിവാൻ ടി. മാധവറാവുവാണ് പണിക്കരെയും പരാതിക്കാരെയും വിളിച്ചു ചേർത്തത്. അന്നത്തെ വാദംകേട്ടു പ്രഖ്യാപിക്കപ്പെട്ട തീർപ്പിലാണു അവർണ ജാതിക്കർക്കു കഥകളി പഠിച്ച് അവതരിപ്പിക്കാനുള്ള അവകാശം നിയമംമൂലം പണിക്കർ സമ്പാദിച്ചത്. അവർണ്ണരുടെ കഥകളിയോട് ഏറ്റവും എതിർപ്പുള്ള പ്രദേശങ്ങൾ തിരഞ്ഞുപിടിച്ചു കഥകളി അവതരിപ്പിക്കാനായിരുന്നു അദ്ദേഹത്തിനു താൽപര്യം[അവലംബം ആവശ്യമാണ്].
വഴി നടക്കൽ
നംപൂതിരിമാരും, രാജാക്കന്മാരും സഞ്ചരിക്കുന്ന വഴിയിൽ നിന്ന് അവർണ്ണരെ തീണ്ടാപ്പാടകലെ നിർത്താൻ 'ഹൊയ്' വിളിക്കുമായിരുന്നു. ഒരു ദിവസം വേലായുധപ്പണിക്കർ പരിവാരങ്ങളോടൊത്ത് പല്ലക്കിൽ മംഗലത്തുകൂടി സഞ്ചരിക്കുമ്പോൾ, ഇടപ്പള്ളി രാജാവിൻറെ മകൻ രാമൻ മേനോനെയും ചുമന്ന് വരുന്നവരുടെ 'ഹോയ്' വിളി കേട്ടു മറുവശത്തു നിന്ന് കേട്ടു. പണിക്കരുടെ നിർദ്ദേശപ്രകാരം അതിനെക്കാൾ ഉച്ചത്തിൽ ഹൊയ് വിളിച്ച് കടന്നു വന്ന പണിക്കരോട് വഴി മാറാൻ രാമൻ മേനോൻ പറഞ്ഞു, മേനവാനാണ് മാറേണ്ടതെന്ന് പണിക്കരും പറഞ്ഞു. ഇതിനെത്തുടർന്നുണ്ടായ വഴക്കിൽ പണിക്കർ രാമൻ മേനവനെ അടിച്ചു തൊട്ടിൽ എറിഞ്ഞു .
ജന്മിത്വത്തിനെതിരെ
പാവപ്പെട്ട ഈഴവരുടെയും , ക്രിസ്ത്യാനികളുടെയും , മുസ്ലിങ്ങളുടെയും കീഴ്ജാതിക്കാരുടെയും വീട്ടിൽ നിന്നും പശുവിനേയും കിടാവിനേയും കയ്യൂക്കിൻ്റെ പുറത്ത് സ്വന്തമാക്കി കറവ വറ്റുമ്പോൾ മാത്രം തിരികെ നല്കിയിരുന്ന , കൃഷിഫലങ്ങൾ കൈകലാക്കിയിരുന്ന, അമിത കാരം പിരിച്ചിരുന്ന മാംബുഴക്കരിക്കാരൻ കരപ്രമാണിയെ വേലായുധപ്പണിക്കർ തൻറെ സൈന്യവുമായിച്ചെന്ന് , കഴുത്തിൽ വാൾ വച്ച്, , മേലിൽ ആവർത്തിച്ചാൽ തലയെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ദുഷ്ടൻ മാരായ ചില മാടംപിമാരെ പണിക്കർ വധിച്ചിട്ടുണ്ട്.
കലകൾ
അർജ്ജുന നൃത്തം
("അർജുനന്റെ നൃത്തം") ഈഴവ പുരുഷന്മാർ അവതരിപ്പിക്കുന്ന ഒരു അനുഷ്ഠാന കലയാണ്, ഇത് തെക്കൻ കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളിൽ, പ്രധാനമായും കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ പ്രചാരത്തിലുണ്ട്. ഈ ആചാരത്തെ "മയിൽപ്പീലി തൂക്കം" എന്നും വിളിക്കുന്നു, കാരണം വസ്ത്രത്തിൽ മയിൽപ്പീലി (മയിൽ തൂവലുകൾ) കൊണ്ട് നിർമ്മിച്ച ഒരു പ്രത്യേക വസ്ത്രം ഉൾപ്പെടുന്നു. ഈ വസ്ത്രം കഥകളിയിലെ "ഉടുത്തുകെട്ട്" പോലെ തന്നെ അരയിൽ ധരിക്കുന്നു. വിവിധ നൃത്ത ചലനങ്ങൾ കളരിപ്പയറ്റ് വിദ്യകൾക്ക് സമാനമാണ്. അവതാരകർ അവരുടെ മുഖത്ത് പച്ച ചായം പൂശി, വ്യതിരിക്തമായ ശിരോവസ്ത്രങ്ങൾ ധരിക്കുന്നു. നൃത്തത്തിന്റെ മുഴുവൻ രാത്രിയും പ്രകടനം സാധാരണയായി ഒറ്റയ്‌ക്കോ ജോഡികളായോ അവതരിപ്പിക്കപ്പെടുന്നു.[27]
മക്കചുറ്റ്
തിരുവനന്തപുരം , ചിറയിൻകിഴു എന്നീ താലൂക്കുകളിലും കിളിമാനൂർ, പഴയകുന്നുമ്മൽ, തട്ടത്തുമല പ്രദേശങ്ങളിലും ഈഴവർക്കിടയിൽ മക്കച്ചൂട്ട് കല ജനപ്രിയമാണ്. ഇതിൽ, രണ്ട് പേർ വീതമുള്ള എട്ട് കലാകാരന്മാരുടെ ഒരു സംഘം, സർപ്പങ്ങളെപ്പോലെ പരസ്പരം പിണയുകയും വടികളുമായി പോരാടുകയും ചെയ്യുന്നു. ടെക്നിക്കുകൾ നിരവധി തവണ ആവർത്തിക്കുന്നു. നെറ്റിയിൽ ചന്ദനത്തിരി, തലയ്ക്ക് ചുറ്റും ചുവന്ന തൂവാല, അരയിൽ ചുവന്ന പട്ട്, കണങ്കാലിന് ചുറ്റും മണികൾ എന്നിവയാണ് വേഷവിധാനം. ഇത് സർപ്പപൂജയും കളരിപ്പയറ്റും ചേർന്നതാണ്.[27][28]
അവർണർ
ചരിത്രപരമായി, വർണാശ്രമവ്യവസ്ഥയ്ക്കു് (ചാതുർവർണ്യ സമ്പ്രദായത്തിന്) പുറത്തായാണ് ഈഴവ സമൂഹത്തെ കണക്കാക്കിയിരുന്നത്. ബുദ്ധമതക്കാരായിരുന്ന ഈ സമൂഹം, ആര്യഅധിനിവേശത്തെ പ്രതിരോധിച്ചിരുന്നതിനാലാകണം ഇത് എന്ന് കരുതുന്നു. ആയുർവേദത്തിലും, യുദ്ധകലയിലും, വാണിജ്യത്തിലും ഈഴവർ പണ്ടു തൊട്ടേ നിപുണരായിരുന്നു. അമ്പല പൂജാരികളും രാജ്യം ഭരിച്ചിരുന്നവരും ഈഴവരെ അവർണ്ണരായി കണക്കായിരുന്നു. അവരുടെ പൂർവികർ ക്ഷത്രിയരായിരുന്നുവെന്ന വസ്തുത സവർണ്ണർ വിസ്മരിക്കുകയും ചെയ്തിരുന്നു. അവരെ അവർണ്ണരായി കണക്കാക്കാൻ കാരണം അനേകർ ബുദ്ധമതം സ്വീകരിക്കുകയും പിന്നീട് ഹിന്ദുമതത്തിൽ മടങ്ങി വരുകയും ചെയ്തതുകൊണ്ടായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഈഴവ സ്ത്രീകളെ മാറിടം മറയ്ക്കാൻ അനുവദിച്ചിരുന്നില്ല. ആഭരണങ്ങളോ ചെരിപ്പുകളോ ധരിക്കുന്നത് നിരോധിച്ചിരുന്നു. ധനികരായ ചേകവർക്കോ, ചാന്നാർമാർക്കോ പണിക്കർമാർക്കോ താണ്ടാൻ സ്ത്രീകൾക്കോ മാറിടം മറക്കുന്നതിൽ പ്രശ്‌നമുണ്ടായിരുന്നില്ല.[29]
നായന്മാരെപ്പോലെയും ബ്രാഹ്മണരെപ്പോലെയും ഈഴവർ സാധാരണ പേരിന്റെകൂടെ ജാതിപ്പേര് ഉപയോഗിക്കാറില്ല. എന്നിരുന്നാലും ചെയ്യുന്ന തൊഴിൽ അവർ പേരിന്റെ കൂടെ വെക്കാറുണ്ട്. പണിക്കർ, ആശാൻ, ചാന്നാർ, വൈദ്യർ, മുതലാളി, ചേകോൻ, പണിക്കത്തി, കാരണവർ, എന്നിങ്ങനെ പേരുകൾ കൂട്ടി ഈഴവരെ വിളിച്ചിരുന്നു. 'ഈഴവ' എന്ന പദം വേദങ്ങളിലെ പദങ്ങളുമായി യാതൊരു സാമ്യവുമില്ല. ബുദ്ധമതക്കാരുടെ ആചാരരീതികളുമായിട്ടുള്ള വാക്കുകളുമായിട്ടാണ് കൂടുതൽ സാമ്യം. ഈഴവരുടെ ഒരു ഉപവിഭാഗമാണ് ചാന്നാർ. ചാന്നാർമാർ ഈഴവരേക്കാളും കൂടിയ ജാതിയായി കരുതുന്നു. ഈഴവരിലെ ഉപവിഭാഗങ്ങൾ എല്ലാം അസ്തമിച്ചുകൊണ്ടിരിക്കുന്നു.[30]
ആയുർവേദ വൈദ്യവുമായുള്ള ബന്ധം
വൈദ്യശാസ്‌ത്രത്തിൽ ഈഴവരുടെ സംഭാവന വളരെ പ്രാധാന്യമർഹിക്കുന്നു. ഈഴവ സമൂഹത്തിൽ വളരെ പ്രസിദ്ധരായ ആയുർവേദ വൈദ്യന്മാർ ഉണ്ടായിരുന്നു. ഈഴവനായ 'ഉപ്പൊട്ട് കണ്ണൻ' യോഗാമൃതം വ്യഖ്യാനം എഴുതി. അത് സംസ്കൃതത്തിൽ അഷ്ടവൈദ്യന്മാർ ആയുർവേദത്തെപ്പറ്റി രചിച്ച പുസ്തകമായിരുന്നു. [30]ആലപ്പുഴ തയ്യിൽ കൃഷ്‌ണൻ വൈദ്യൻ രചിച്ച ഔഷധനിഘണ്ടു വൈദ്യശാസ്‌ത്രത്തിനു ലഭിച്ച ഒരു അമൂല്യഗ്രന്ഥമാണ്. ഇതിൽ ഔഷധങ്ങളുടെ സംസ്‌കൃത നാമങ്ങളും അവയുടെ മലയാളപദങ്ങളും ഔഷധദ്രവ്യങ്ങളുടെ സ്വഭാവവും ഗുണവും മറ്റും സവിസ്‌തരം പ്രതിപാദിച്ചിരിക്കുന്നു. 1906-ൽ ആണ് ഇത് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. ഇന്ത്യാ ഗവൺമെന്റ് ഈ ബൃഹദ്‌ഗ്രന്ഥം സംസ്‌കൃതത്തിൽ പ്രകാശനം ചെയ്‌തിട്ടുണ്ട്. 1675-ൽ ഡച്ചുകാർ അച്ചടിച്ചിറക്കിയ "ഹോർത്തുസ് ഇൻഡിക്കസ് മലബാറിക്കുസ്" (മലബാറിലെ സസ്യജാലങ്ങൾ) എന്ന ലാറ്റിൻ പുസ്തകത്തിന്റെ ആമുഖത്തിൽ കരപ്പുറം കടക്കരപ്പള്ളി കൊല്ലാട്ട് വീട്ടിൽ ഇട്ടി അച്ചുതൻ എന്ന പ്രസിദ്ധനായ ഈഴവ വൈദ്യനെ പറ്റി പ്രതിപാദിക്കുന്നുണ്ട്. ആ പുസ്തകത്തിന്റെ രചനയിൽ പ്രധാന പങ്ക് വഹിച്ച ഒരാൾ ഇട്ടി അച്യുതൻ വൈദ്യർ ആണെന്ന്, അതിൽ അദ്ദഹം തന്നെ നൽകിയിരിക്കുന്ന സർട്ടിഫിക്കറ്റിൽ നിന്ന് വ്യക്തമാകും.ഇട്ടി അച്യുതൻ വൈദ്യർ ചേർത്തലയിലെ കടൽത്തീര ഗ്രാമമായ കടക്കരപ്പള്ളിക്കാരനാണ്. [31]കടക്കരപ്പള്ളി ‘കൊടകരപ്പള്ളി’ (Codda Carapalli, page- 13) എന്നാണ് ഹോർത്തൂസിൽ അച്ചടിച്ചിരിക്കുന്നത്. കേരളത്തിലെ സസ്യ സമ്പത്തിനെകുറിച്ചു ആധികാരികമായി തയ്യാറാക്കിയ ആദ്യഗ്രന്ഥമാണ് ഹോർത്തൂസ് ഇൻഡിക്കൂസ് മലബാറിക്കൂസ്. മലയാളലിപികൾ ആദ്യമായി അച്ചടിച്ചതും ഈ ഗ്രന്ഥത്തിലാണ്.[31]
ചന്ദ്രിക സോപ്പിന്റെ നിർമ്മാതാവായ ശ്രീ സി. ആർ. കേശവൻ വൈദ്യർ ഈഴവകുലജാതനാണ്. 1953-ൽ, കോഴിക്കോട്ടെ മാനവിക്രമൻ, അദ്ദേഹത്തെ "വൈദ്യരത്നം" ബഹുമതി നല്കി ആദരിച്ചതായും ചരിത്ര രേഖകൾ പറയുന്നു. പ്രസിദ്ധ ആംഗ്ലേയ പണ്ഡിതനും മലയാളം ഡിക്ഷ്ണറിയിലെ രചയിതാവുമായ ഹെർമൻ ഗുണ്ടർട്ടിനെ ഈഴവ ഗുരു 'ഉരച്ചെരിൽ ഗുരുക്കൾ സംസ്കൃതവും ആയുർവേദവും പഠിപ്പിച്ചിരുന്നു.[30] കോട്ടയ്ക്കൽ കെളിക്കൊടൻ അയ്യപ്പൻ വൈദ്യർ മർമ്മ ചികിത്സയിലെ പ്രസിദ്ധനായ ഒരു ആയുർവേദ വൈദ്യനായിരുന്നു. [30]ഇടുക്കിയിലെ പ്രസിദ്ധമായ തിരുമനക്കൽ വൈദ്യശാലയും, കണ്ണൂരിലെ ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും ഈഴവരുടെ സംഭാവനയാണ്. 1960-കളിൽ കൊച്ചിയിൽ ന്യൂ ഉദയ ഫാർമസി & ആയുർവേദിക് ലാബോറട്ടറീസ് സ്ഥാപിച്ച പ്രശസ്ത ആയുർവേദ വിചക്ഷണൻ ശ്രീ എൻ. കെ. പദ്മനാഭൻ വൈദ്യർ ഒരു പാരമ്പര്യ വൈദ്യ കുടുംബാംഗമാണ്. പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിലും കൊല്ലത്തുള്ള ചാവർക്കോട് കുടുംബം തിരുവിതാംകൂർ രാജകുടുംബത്തിലെ പ്രസിദ്ധ ഭിഷ്വഗരന്മാരായിരുന്നു. വെണ്മണി കുടുംബ വൈദ്യന്മാർ സംസ്കൃതത്തിൽ നിന്നുള്ള ആയുവേദ പഠനം കൂടാതെ പാലി ഭാഷയിൽ നിന്നും ആദ്യമായി ആയുർവേദത്തിൽ പാണ്ഡിത്യം നേടിയിരുന്നു.[30] ഈഴവരായ മറ്റ് ആയുർവേദവൈദ്യന്മാരെപ്പറ്റി മഹാകവി ഉള്ളൂർ കേരള സാഹിത്യചരിത്രത്തിൽ പ്രസ്‌താവിക്കുന്നുണ്ട്. തൃക്കുന്നപ്പുഴയിലെ നാണുവൈദ്യൻ, ചിറയിൻകീഴ് പാണാവള്ളിൽ കൃഷ്‌ണൻ വൈദ്യർ, മാർത്താണ്ഡം വൈദ്യൻ, വലപ്പാട് ചോലയിൽ കുഞ്ഞുമാമിവൈദ്യൻ തുടങ്ങിയവരാണ് പ്രധാനികൾ.
സംസ്കൃതത്തിൽ രചിക്കപ്പെട്ട അഷ്ടാംഗഹൃദയത്തിന്റെ ആദ്യകാല മലയാള തർജ്ജമ നടത്തിയത്, പ്രശസ്തനായ ഒരു ഈഴവ വൈദ്യനായ കായിക്കര ഗോവിന്ദൻ വൈദ്യരാണ്. തിരുവിതാംകൂർ രാജകുടുംബത്തിന്റെ പ്രധാന ആയുർവേദ വൈദ്യർ ഈഴവരായിരുന്നു. പാലി ഭാഷയിൽ നിന്നും ആയുർവേദം ആദ്യം പഠിച്ചത് വെൺമണക്കൽ കുടുംബം ആണ്.[32]ഈഴവരിൽനിന്നും അനേകർ വിഷചികിത്സയ്ക്കും പ്രസിദ്ധരായിരുന്നു. പാമ്പ്, തേള് മുതലായ വിഷജീവികളുടെ കടികളിൽ നിന്നും ചികിത്സ നൽകുന്ന വിഷചികിത്സാ കേന്ദ്രങ്ങൾ ഈഴവ വൈദ്യന്മാരുടെ മേൽനോട്ടങ്ങളിലുണ്ടായിരുന്നു. ഹോസ്പിറ്റലുകളുടെ വളർച്ചയോടെയും നിയമം അനുവദിക്കാത്തതിനാലും പല കുടുംബങ്ങളും വിഷ ചികിത്സാ കേന്ദ്രങ്ങൾ നിറുത്തൽ ചെയ്തു.[30]
ശ്രീനാരായണ ഗുരു
ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശ്രീനാരായണ ഗുരുവിന്റെ പ്രവർത്തനങ്ങൾ ഈഴവ സമുദായത്തിന്റെ സാമൂഹികമായ ഉയർച്ചയും മതവിശ്വാസ സ്വാതന്ത്ര്യവും ഉറപ്പിയ്ക്കുന്നതിന് കാരണമായതായി കാണാം. കേരള സമൂഹത്തെ ആഴത്തിൽ സ്വാധീനിച്ച നാരായണഗുരുവിന്റെ പ്രവർത്തനങ്ങളും ഉദ്ബോധനങ്ങളും അദ്ദേഹം ജനിച്ച ഈഴവ സമുദായത്തിന്റെ നവോത്ഥാനത്തിനും കാരണമായിത്തീർന്നു.[33][34] 1903-ൽ, പൽപ്പുവിന്റെ നേതൃത്വത്തിൽ ഈഴവരുടെ ഒരു ചെറിയ സംഘം, ഈ പ്രദേശത്തെ ആദ്യത്തെ ജാതി സംഘടനയായ ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്എൻഡിപി) സ്ഥാപിച്ചു. "ഒരു ജാതി, ഒരു മതം, ഒരു ദൈവം" എന്ന തന്റെ സന്ദേശവും സ്വയം സഹായത്തെക്കുറിച്ചുള്ള വിക്ടോറിയൻ സങ്കൽപ്പത്തിന്റെ സംസ്കൃത പതിപ്പും പ്രസംഗിച്ച നാരായണ ഗുരുവിന്റെ പേരിലാണ് ഈ പേര് ലഭിച്ചത്. പ്രാദേശികമായി അദ്ദേഹത്തിന്റെ സ്വാധീനം സ്വാമി വിവേകാനന്ദനുമായി താരതമ്യപ്പെടുത്തിയിട്ടുണ്ട്.[35][36][37]
എസ്.എൻ.ഡി.പി. യോഗം
ശ്രീനാരായണ ധർമ്മ പരിപാലന യോഗം എന്നതിന്റെ ചുരുക്കെഴുത്താണ്‌എസ്.എൻ.ഡി.പി. യോഗം. കേരളത്തിന്റെ നവോത്ഥാനത്തിൽ പ്രധാന പങ്ക് വഹിച്ച ശ്രീനാരായണ ധർമ്മ പരിപാലന യോഗം 1903 മെയ് 15-നു കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തു. ശ്രീനാരായണഗുരു യോഗത്തിന്റെ ആദ്യ അദ്ധ്യക്ഷനും കുമാരനാശാൻ ആദ്യ സെക്രട്ടറിയും ആയിരുന്നു. സാമുദായികസമത്വത്തിനുവേണ്ടിയുള്ള സംഘടിതയത്നം കേരളത്തിൽ ആദ്യമായുണ്ടായത് എസ്.എൻ.ഡി.പി യോഗത്തിന്റെ ആരംഭത്തോടെയാണ്. ഒരു വലിയ സംഘടന രൂപവത്കരിച്ച് ശക്തിയായ ഒരു പ്രക്ഷോഭണം തുടങ്ങാൻ വേണ്ടി ‘ഈഴവ മഹാജനസഭ’ എന്ന പേരിൽ ഒരു സംഘടന തുടങ്ങുവാൻ ഡോ. പല്പു തീരുമാനിച്ചു. അതിലേക്ക് ആവശ്യമായ നിയമാവലി രൂപപ്പെടുത്തി തങ്കശ്ശേരിയിൽ നിന്നും പുറപ്പെടുന്ന ‘മലയാളി’ പത്രത്തിൽ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. മയ്യനാട്, പരവൂർ മുതലായ പ്രദേശങ്ങളിൽ ഡോ. പല്പുവും അദ്ദേഹത്തിന്റെ സ്നേഹിതരും ചില യോഗങ്ങൾ വിളിച്ചു കൂട്ടിയെങ്കിലും അവയൊന്നും ഫലപ്രാപ്തിയിലെത്തിയില്ല. അക്കാലത്താണ് അരുവിപ്പുറത്ത് നാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയതും ശിവക്ഷേത്രം സ്ഥാപിക്കുന്നതും. അതിന്റെ ഭരണത്തിനും മറ്റ് ഉത്തരവാദിത്വങ്ങൾക്കുമായി ഒരു “വാവൂട്ട് യോഗം” നന്നായി പ്രവർത്തിക്കുന്നതായി ഡോ. പല്പു മനസ്സിലാക്കി. സമുദായോദ്ധരണത്തിനായുള്ള സംഘടന വിജയകരമായി നടത്താൻ അതിനെ മതത്തോട് ബന്ധിപ്പിക്കുകയും ഗുരുവിന്റെ അധ്യക്ഷതയിൽ ആ സ്ഥാപനം പ്രവർത്തിപ്പിക്കുകയും ചെയ്യണമെന്ന് ഡോ. പല്പു മനസ്സിലാക്കി. നാരായണഗുരുവുമായും അദ്ദേഹത്തിന്റെ അനുയായികളുമായും മറ്റും ചർച്ചകൾ നടത്തി ഗുരുവിന്റെ പൂർണ്ണ അനുഗ്രഹവും അനുയായികളുടെ പിന്തുണയും സമ്പാദിച്ചു.[38]
യോഗം രുപീകരണം
ശ്രീനാരായണഗുരുവിനു വേണ്ടി കുമാരനാശാൻ പേരുവച്ചയച്ച ഒരു ക്ഷണക്കത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിന്റെ നാനാഭാഗത്തുനിന്നും എത്തിയ കുറേ ഈഴവപ്രമാണിമാർ 1902 ഡിസംബറിൽ തിരുവനന്തപുരത്തെ കമലാലയം ബംഗ്ലാവിൽ യോഗം ചേർന്നു. നാരായണഗുരു ആദ്യം പ്രതിഷ്ഠിച്ച അരുവിപ്പുറം ക്ഷേത്രത്തോടനുബന്ധിച്ചു നടന്നിരുന്ന “വാവൂട്ട് യോഗം” കേരളത്തിലാകെ പ്രവർത്തിക്കുന്ന ശ്രീനാരായണ ധർമ്മ പരിപാലന യോഗമാക്കി വളർത്താൻ അന്നവർ തീരുമാനിച്ചതിന്റെ ഫലമായാണ് യോഗം സ്ഥാപിച്ചത്. ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ പ്രചരിപ്പിക്കുക, എല്ലാ ഈഴവരായ അവശ സമുദായത്തെ സാമൂഹികവും ആത്മീയവുമായ പുരോഗതിയിലേക്ക് നയിക്കുക, സന്യാസമഠങ്ങളും വിദ്യാഭാസ സ്ഥാപനങ്ങളും സ്ഥാപിക്കുക, തുടങ്ങിയവയായിരുന്നു യോഗത്തിന്റെ മുഖ്യ ലക്ഷ്യങ്ങൾ. യോഗത്തിന്റെ മുഖപത്രമായി വിവേകോദയം എന്ന ദ്വൈമാസിക കുമാരനാശാന്റെ പത്രാധിപത്യത്തിൽ 1904ൽ ആരംഭിച്ചു. ഡോ. പല്പുശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ പ്രചരിപ്പിച്ചു. ഈ പ്രവർത്തനങ്ങളുടെയും പല പല നിവേദനങ്ങളുടെയും ഫലമായി പല സർക്കാർ വിദ്യാലയങ്ങളും ഈഴവർക്ക് തുറന്നുകൊടുക്കപ്പെട്ടു. ശ്രീനാരായണഗുരുവിന്റെ ക്ഷേത്രനിർമ്മാണ പ്രവർത്തനങ്ങൾക്ക് യോഗം പരിപൂർണ്ണ പിന്തുണ നൽകി.[38]
കുമാരനാശാന്റെ നേതൃത്വം
1903 ൽ എസ്.എൻ.ഡി.പി യോഗത്തിന്റെ രൂപീകരണത്തോടെ സമുദായോദ്ധാരണ പ്രവർത്തനത്തിന്റെ മുഖ്യ ചുമതലകൾ ആശാനിൽ നിക്ഷിപ്തമായി. [39]അന്നു മുതൽ 16 വർഷത്തോളം ജനറൽ സെക്രട്ടറി എന്ന നിലയിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ സാരഥ്യം വഹിച്ചു. യാത്രാസൗകര്യം തീരെ പരിമിതമായിരുന്ന അക്കാലത്ത് വള്ളത്തിലും ബോട്ടിലും കാളവണ്ടിയിലും കാൽനടയായുമൊക്കെയാണ് ജനറൽ സെക്രട്ടറി സഞ്ചരിച്ചിരുന്നത്. [39] ഈഴവ സമുദായത്തെ പ്രതിനിധീകരിച്ച് പ്രജാസഭാംഗമായ കുമാരനാശാൻ നന്ദി പ്രകടിപ്പിച്ചു കൊണ്ട് ആദ്യമായി സഭയിൽ നടത്തിയ പ്രസംഗത്തിൽ സ്വസമുദായത്തെക്കാൾ പിന്നാക്കം നിൽക്കുന്നവർക്ക് പ്രാതിനിദ്ധ്യം നൽകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. ഈഴവ സമുദായത്തിന്റെ അംഗസംഖ്യയുടെ തോത് അനുസരിച്ച് കൊല്ലംതോറും പുതിയ പ്രതിനിധികളെ നിയമിക്കണമെന്ന ആശാന്റെ നിവേദനം സർക്കാർ അംഗീകരിക്കുകയും ചെയ്തു.[39] അതിനൊപ്പം, തിരുവിതാംകൂറിലെ വെറുമൊരു സമുദായ സംഘടന മാത്രമല്ല ശക്തമായ രാഷ്ട്രീയ സംഘടന കൂടിയാണ് എസ്.എൻ.ഡി.പി യോഗമെന്ന് തെളിയിക്കുകയും ചെയ്തു.[39]
എൻ.കുമാരന്റെ നേതൃത്വം
ടി.കെ. മാധവന്റെ നേതൃത്വം
1928ൽ യോഗം സെക്രട്ടറിയായി ടി.കെ. മാധവൻ തിരഞ്ഞെടുക്കപ്പെട്ടതോടെ യോഗം ഒരു കെട്ടുറപ്പുള്ള സംഘടനയായി മാറി. ഇന്നു കാണുന്ന എസ്.എൻ.ഡി.പിയുടെ സ്ഥാപനപരമായ അസ്ഥിവാരം അദ്ദേഹം സൃഷ്ടിച്ചതാണ്. ഈ കാലഘട്ടം സംഘടനാഘട്ടമെന്നും പ്രക്ഷോഭണഘട്ടമെന്നും അറിയപ്പെടുന്നു. യോഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ സമുദായസംഘടനയാക്കി തീർത്തതും, സാമുദായിക അവശതകൾ പരിഹരിക്കാനുള്ള പ്രക്ഷോഭണങ്ങളെ അഖിലേന്ത്യാ തലത്തിൽ ശ്രദ്ധേയമാക്കിയതും അദ്ദേഹത്തിന്റെ നേട്ടങ്ങളാണ്. മുൻപ് നടന്ന വൈക്കം സത്യാഗ്രഹം അദ്ദേഹത്തിന്റെ സൃഷ്ടിയായിരുന്നു.[38]
ആർ.ശങ്കറും അതിനു ശേഷവും
സാന്ത്വന്ത്ര്യ സമരത്തിൽ യോഗം കോൺഗ്രസിനോടൊപ്പം ചേർന്നു നിന്നു. യോഗം വിദ്യാഭ്യാസ കാര്യത്തിൽ വീണ്ടും ശ്രദ്ധപതിപ്പിച്ചത് ആർ. ശങ്കർ യോഗം സെക്രട്ടറിയായതോടുകൂടെയാണ്.
1944 ഡിസംബർ 20ന് ആർ.ശങ്കർ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയാകുമ്പോൾ സംസ്ഥാനത്തു കോളജിൽ പഠിക്കുന്ന ഈഴവക്കുട്ടികളുടെ എണ്ണം കേവലം 499. (359 ആൺകുട്ടികളും 140 പെൺകുട്ടികളും )(1941ലെ സെൻസസ് റിപ്പോർട്ട്). തിരുവിതാംകൂറിൽ സാക്ഷരതാ നിരക്കിൽ ഈഴവർ 17–ാം സ്ഥാനത്തും. എസ്എൻഡിപി യോഗം അതിന്റെ എല്ലാ ശ്രദ്ധയും വിദ്യാഭ്യാസരംഗത്തു കേന്ദ്രീകരിക്കണമെന്ന പ്രഖ്യാപനത്തോടെ, ശ്രീനാരായണ ഗുരു ഉദ്ഘാടനം ചെയ്ത വിദ്യാഭ്യാസനിധി എന്ന ആശയം ശങ്കർ പുനരുജ്ജീവിപ്പിച്ചു. ഒറ്റ ദിവസംകൊണ്ടു ഒരു ലക്ഷം രൂപ പിരിച്ചെടുക്കുക എന്ന അക്കാലത്തെ മഹാദൗത്യവുമായി ശങ്കർ രംഗത്തിറങ്ങി. ഒന്നര ലക്ഷത്തോളം രൂപ പിരിച്ചെടുത്തു.[40] ദിവാനായിരുന്ന സർ സി.പിയുടെ ഉത്തരവിലൂടെ കൊല്ലം നഗരത്തിന്റെ കണ്ണായ ഭൂമിയിൽ 27.10 ഏക്കർ അനുവദിപ്പിച്ചെടുക്കാൻ എല്ലാ എതിർപ്പുകളും അതിജീവിച്ച് ശങ്കർ നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് 1948ൽ ആരംഭിച്ച എസ്എൻ കോളജ്. 1951ൽ വനിതാ കോളജും തുടങ്ങി. തൊട്ടടുത്ത വർഷം ശങ്കർ സെക്രട്ടറിയായി എസ്എൻ ട്രസ്റ്റും നിലവിൽ വന്നു. പടിപടിയായി സംസ്ഥാനത്തെമ്പാടുമായി 13 കോളജുകൾ സ്ഥാപിച്ചു.[40] തുടർന്ന് നാടിന്റെ പലഭാഗങ്ങളിലായി സ്ഥാപിക്കപ്പെട്ട കോളേജുകളുടെ ഭരണം 1952ൽ എസ്.എൻ ട്രസ്റ്റിനു കീഴിലാക്കി.
ശങ്കറിന്റെ കാലശേഷം ചില ആഭ്യന്തരപ്രശ്‌നങ്ങളുടെ പേരിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനം അൽപമൊന്ന് മന്ദീഭവിച്ചു. 1973ൽ എൻ. ശ്രീനിവാസൻ പ്രസിഡൻറും പി.എസ്. വേലായുധൻ ജനറൽ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടതോടെ യോഗത്തിന്റെ ജനകീയസമരങ്ങൾ പുനരാരംഭിച്ചു. അതിനിടെയാണ് നിലവിലുള്ള വ്യവസ്ഥഭേദഗതി ചെയ്ത് സാമ്പത്തികാടിസ്ഥാനത്തിൽ സംവരണം ശിപാർശ ചെയ്തു നെട്ടൂർ കമീഷൻ റിപ്പോർട്ട് ഉണ്ടാകുന്നത്. ഇത് അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് യോഗം രംഗത്തുവന്നു. ഈ അവസരത്തിലാണ് പിന്നാക്ക സമുദായ ഫെഡറേഷൻ രൂപവത്കരിക്കാൻ എസ്.എൻ.ഡി.പി യോഗം നേതൃത്വം നൽകിയത്.[41]
കുല നാമങ്ങൾ
ഇന്നത്തെ കാലത്ത് സാധാരണയായി ഈഴവർ കുലനാമങ്ങൾ അധികം ഉപയോഗിച്ചുകാണാറില്ല. 20-ആം നൂറ്റാണ്ടിന്റെ മുമ്പ് വരെ പണിക്കർ, ചേകവർ, ആശാൻ, ചാന്നാർ, വൈദ്യർ തുടങ്ങിയ കുലനാമങ്ങൾ ഉപയോഗിച്ചിരുന്നു. കേരളത്തിലെ തെക്കൻഭാഗങ്ങളിലെ ചിലയിടങ്ങളിൽ ഇപ്പോഴും വൈദ്യർ, പണിക്കർ കുലനാമങ്ങൾ ഉപയോഗിച്ചു കാണുന്നുണ്ട്.
ഈഴവർ ഇന്ന്
നാനാവിധ ജീവിതവൃത്തിയിലേർപ്പെട്ടുവന്നിരുന്ന ഈഴവരാകട്ടെ, കോളനിവത്ക്കരണത്തിൻറെയും ഭൂബന്ധങ്ങളിലുണ്ടായ മാറ്റങ്ങളുടെയും വാണിജ്യവത്ക്കരണത്തിൻറെയും അഭ്യസ്തവിദ്യരായ ഒരു പുതുമധ്യവർഗ്ഗത്തിൻറെ ഉയർച്ചയുടെയും ഫലമായി തങ്ങൾക്കു മുന്നിൽ പുതുതായി വന്നുപെട്ട അവസരങ്ങളെ വേണ്ടുംവിധം പ്രയോജനപ്പെടുത്തുകയും ചെയ്തു. പല ചെറുകിട സംരംഭകരും വ്യാപാരികളും അവരുടെ ഇടയിൽ നിന്നും ഉയർന്നുവന്നു. ഒരു ചെറുവിഭാഗം പാട്ടക്കുടിയായ്മാവകാശവും ഭൂമിയും സ്വന്തമാക്കി. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ഒരു മധ്യവർഗ്ഗം എന്നതുപോലെ തന്നെ, വിശാലമായൊരു തൊഴിലാളിവർഗ്ഗവും അവരുടെയിടയിൽ നിന്നുണ്ടായി. ഇങ്ങനെ, തിരുവിതാംകൂറിലെ അധീശവിഭാഗമല്ലാതിരുന്ന ജാതി-സമുദായങ്ങൾക്കിടയിൽ നിന്നും പുതിയ സാമൂഹിക വർഗ്ഗങ്ങൾ ഉദയം കൊണ്ടതിൻറെ പശ്ചാത്തലത്തിലാണ്, തിരുവിതാംകൂർ കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ പ്രചാരം ലഭിച്ച ബഹുജനപ്രസ്ഥാനമായ ഈഴവസാമൂഹ്യപരിഷ്ക്കരണപ്രസ്ഥാനത്തിൻറെ ആവിർഭാവം, എന്ന് നിസ്സംശയം പറയാം. [42]
നവോത്ഥാന പ്രസ്ഥാനങ്ങളുടെ സ്വാധീനം മൂലം ഈഴവസമുദായത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടായി. കേരളത്തിലെ ജാതിവ്യവസ്ഥയ്‌ക്കകത്ത് കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങിയ ജനവിഭാഗങ്ങളിലൊന്നായിരുന്നു ഈഴവർ. ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിൽ ഈഴവർക്കിടയിൽ ആവിർഭവിച്ച പരിഷ്‌കരണ പ്രസ്ഥാനമാണ് ഈഴവരെ മനുഷ്യരായി ജീവിക്കാൻ പ്രാപ്‌തരാക്കിയത്. ശ്രീനാരായണ ഗുരുവും, അദ്ദേഹം 1903-ൽ സ്ഥാപിച്ച എസ്.എൻ.ഡി.പി.യും ഈഴവരുടെ ജീവിതത്തെ മാറ്റിമറിക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ചു. കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങൾക്കെല്ലാം നേതൃത്വം നല്‌കിയതും യോഗമാണ്. ഡോ. പൽപ്പു, കുമാരനാശാൻ, ടി.കെ. മാധവൻ, സി. കൃഷ്‌ണൻ, സി.വി. കുഞ്ഞുരാമൻ, സി. കേശവൻ, സഹോദരൻ അയ്യപ്പൻ എന്നിവർ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ മുൻനിര നേതാക്കാന്മാരായിരുന്നു. അതോടൊപ്പം കേരളത്തിൽ വളർന്നുവന്ന ഇതര സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളും രാഷ്‌ട്രീയ സംഘടനകളും ദേശീയ പ്രസ്ഥാനവും ഒക്കെ ചേർന്ന സവിശേഷ സാമൂഹിക സാഹചര്യത്തിൽ ഈഴവർ വിദ്യാഭ്യാസത്തിലും തൊഴിലിലും സാമ്പത്തിക മേഖലകളിലും സാമൂഹിക പദവിയിലും ഗണ്യമായ സ്ഥാനം നേടി. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉണ്ടായിരുന്ന സാമൂഹിക ജീവിതാവസ്ഥയിൽനിന്ന് വിപ്ലവകരമായ മുന്നേറ്റമാണ് ഈഴവ ജനതയ്‌ക്ക് ഉണ്ടായിട്ടുള്ളത്.
ഗവേഷണങ്ങൾ
കേരളത്തിൽ അടുത്തിടെ നടന്ന ഗവേഷണങ്ങളിലൊന്നിൽ ഈഴവർക്ക് പഞ്ചാബിലെ ജാട്ട് വർഗ്ഗക്കാരുമായുള്ള ബന്ധം കണ്ടെത്തിയിരുന്നു. ക്രൊയേഷ്യൻ മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ വൈ ക്രോമോസോമിന്റെ ഷോർട്ട് ടെം റാൻഡം റിപീറ്റ് പ്രൊഫൈൽ ആണ് പഠനവിധേയമാക്കിയത്. തമ്മിൽ ബന്ധമില്ലാത്ത 104 ഈഴവരുടെ രക്തപരിശോധന നടത്തി അതിലെ അല്ലേലുകളുടെ ഫ്രീക്വൻസി ഡിസ്ട്രിബൂഷൻ പഠനമാക്കുക വഴി ഈഴവർക്ക് യൂറോപ്യൻ, മധേഷ്യൻ, പശ്ചിമേഷ്യൻ ജീൻസംഭരണികളുമായിട്ടാണ് കൂടുതൽ ബന്ധമെന്ന് കണ്ടെത്തി. [43]ഒടുവിൽ നടന്ന പഠനങ്ങളിൽ ഈഴവ,തീയ,നായർ, ഗുജ്ജർ,ജാട്ട് സമുദായങ്ങൾക്ക് പൊതുവായ ഇറാനിയൻ പൈതൃകം ഉള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട് [1]
അവലംബം
- ↑ https://www.ecostat.kerala.gov.in/images/pdf/publications/Vital_Statistics/data/vital_statistics_2018.pdf Archived 2022-05-11 at the Wayback Machine. [bare URL PDF]
- ↑ https://www.ecostat.kerala.gov.in/images/pdf/publications/Vital_Statistics/data/vital_statistics_2018.pdf Archived 2022-05-11 at the Wayback Machine. [bare URL PDF]
- ↑ മറ്റു് പിന്നാക്ക ജാതികളുടെ(O B C)കൂട്ടത്തിലാണ് ഈഴവർ.
- ↑ കെ.ജി. നാരായണൻ - ഈഴവ തീയ്യ ചരിത്ര പഠനം (പ്രസിദ്ധീകരണം: 1986), പേജ് നമ്പർ 4, 5
- ↑ 5.0 5.1 5.2 5.3 5.4 5.5 5.6 Padmanabha Menon, K.P (1933). . History of Kerala. Vol. III, p. Ernakulam. pp. 398–402.
{{cite book}}
: line feed character in|title=
at position 21 (help)CS1 maint: location missing publisher (link) - ↑ S. C. Bhatt, Gopal, K. Bhargav (2006). Land and People of Indian States and Union Territories:a. Gyan Publishing House,.
{{cite book}}
: CS1 maint: extra punctuation (link) - ↑ പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ പി.കെ. ഗോപാലകൃഷ്ണൻ രചിച്ച “കേരളത്തിന്റെ സാംസ്കാരികചരിത്രം”-ഏഴാം അദ്ധ്യായം
- ↑ 9.0 9.1 എൽ. എ., അനന്ത കൃഷ്ണയ്യർ (1981). The Tribes and Castes of Cochin , Vol . I Reprint,. (New Delhi: Cosmo Publications. p. 278.
- ↑ Edgar Thurston ,, K. Rangachari (1909). Castes and Tribes of Southern India, Vol.II Reprint,. Madras: Government Press, Madras. p. 393.
{{cite book}}
: CS1 maint: extra punctuation (link) - ↑ William, Logan (198). Malabar Manual, Vol.I, Reprint. Trivandrum: Charithram Publications,. p. 172.
{{cite book}}
: CS1 maint: extra punctuation (link) - ↑ Francis, Day (1863). , The Land of the Perumals or Cochin, Its Past and Its Present. Madras:: Gantz Brothers. p. 319.
{{cite book}}
: CS1 maint: extra punctuation (link) - ↑ William, Logan (1981). Malabar Manual Vol.I, Reprint, p.172. Trivandrum: Charithram Publications. pp. 143, 172.
{{cite book}}
: soft hyphen character in|publisher=
at position 17 (help) - ↑ K.K., Pillay (1963). South India and Ceylon. Madras: University of Madras,. p. 134.
{{cite book}}
: CS1 maint: extra punctuation (link) - ↑ Census of India, 1931, Vol . XXVIII: Travancore Report, p.382.
- ↑ 16.0 16.1 Robin Jeffrey (1976). The Decline of Nayar Dominance Society and Politics in Travancore, 1847-1908. Homles. p. 331. ISBN 9780841901841.
{{cite book}}
: line feed character in|title=
at position 31 (help) - ↑ കെ.ബാലകൃഷ്ണ കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം മിത്തുകളും യാഥാർഥ്യങ്ങളും. ഏട് 21., മാതൃഭൂമി പ്രിന്റ്റിങ് അൻറ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000.
- ↑ വേലായുധൻ പണിക്കശ്ശേരി. -ജൈനബുദ്ധമതങ്ങൾ കേരളത്തിൽ- കേരള ചരിത്രപഠനങ്ങൾ കറന്റ് ബുക്സ്. 2007
- ↑ SNDP Yogam (1953). 1953 - ശ്രീനാരായണ ധർമ്മപരിപാലനയോഗം - കനകജൂബിലി സ്മാരക ഗ്രന്ഥം. p. 231.
- ↑ "ആളെകൊല്ലും ഈ മൂക്കുത്തി ചന്തം". Retrieved 2020-10-10.
- ↑ "മൂക്കുത്തി ഒരു കുഞ്ഞൻ ആഭരണമല്ല; ഇമ്മിണി വല്യ മൂക്കുത്തിക്കഥ ഇതാ; വിഡിയോ" (in ഇംഗ്ലീഷ്). Retrieved 2020-10-10.
- ↑ "മൂക്കുത്തി പറിച്ചെടുത്തു ചോരചിന്തി മുഖം". Retrieved 2020-10-10.
- ↑ "കേരളപ്പിറവി: ചരിത്ര നിമിഷങ്ങളിലൂടെ ഒരു യാത്ര | Kerala Piravi Special 2018 | Manorama Online" (in ഇംഗ്ലീഷ്). Retrieved 2020-10-10.
- ↑ Devi, P Nirmala. "A study of reflection of social and political elements in the works of Mooloor മൂലൂർക്കൃതികളിലെ സാമൂഹിക രാഷ്ട്രീയ പ്രതിഫലനം - ഒരു പഠനം" (PDF). Shodhganga. Department of Malayalam Literature, Mahatma Gandhi University. Retrieved 04 October 2020.
{{cite web}}
: Check date values in:|access-date=
(help) - ↑ Jan 14, Sajimon P. S. / TNN /; 2020; Ist, 15:46. "People of Karthikapally demand a memorial for social reformer Arattupuzha Velayudha Panicker | Kochi News - Times of India" (in ഇംഗ്ലീഷ്). Retrieved 2020-10-04.
{{cite web}}
:|last2=
has numeric name (help)CS1 maint: numeric names: authors list (link) - ↑ "ആറാട്ടുപുഴ വേലായുധപണിക്കർ ചരിത്രം സൃഷ്ടിച്ച ചരിത്രപുരുഷൻ" (in അമേരിക്കൻ ഇംഗ്ലീഷ്). 2019-01-12. Archived from the original on 2020-10-07. Retrieved 2020-10-04.
- ↑ 27.0 27.1 Bernier, Ronald M. (1982). Temple Arts of Kerala: A South Indian Tradition. Asia Book Corporation of America. ISBN 978-0-940500-79-2.
- ↑ Krishna Chaitanya, Temple Arts of Kerala: A South Indian Tradition (Abhinav Publications, 1987,ISBN 8170172098)
- ↑ "ഈഴവ സമുദായത്തിന്റെ ഉത്ഭവവും ചരിത്രാന്വേഷണങ്ങളും (ജോസഫ് പടന്നമാക്കൽ)" (in ഇംഗ്ലീഷ്). 2017-09-15. Retrieved 2022-12-06.
- ↑ 30.0 30.1 30.2 30.3 30.4 30.5 "ഈഴവ സമുദായത്തിന്റെ ഉത്ഭവവും ചരിത്രാന്വേഷണങ്ങളും (ജോസഫ് പടന്നമാക്കൽ)" (in ഇംഗ്ലീഷ്). 2017-09-15. Retrieved 2022-12-06.
- ↑ 31.0 31.1 "ഇട്ടി അച്യുതൻ വൈദ്യരും ഹോർത്തൂസ് മലബാറിക്കൂസും ചില സത്യങ്ങളും |" (in അമേരിക്കൻ ഇംഗ്ലീഷ്). 2018-08-20. Retrieved 2022-12-06.
- ↑ Travancore State Manual
- ↑ Diane P. Mines, Sarah Lamb (2010). Everyday Life in South Asia. Front Cover. p. 209. ISBN 0253354730.
- ↑ Social Civil War". The Decline of Nair Dominance: Society and Politics in Travancore 1847-1908, Robin Jeffrey, Manohar Classics. p. 187-190
- ↑ Nossiter (1982) pp. 30–32
- ↑ Wilson, Caroline (2011). "The social transformation of the medical profession in urban Kerala : Doctors, social mobility and the middle classes". In Donner, Henrike (ed.). Being Middle-class in India: A Way of Life. Abingdon, Oxon: Routledge. pp. 143–144. ISBN 978-0-415-67167-5.
- ↑ Nossiter, Thomas Johnson (1982). "Kerala's identity: unity and diversity". Communism in Kerala: a study in political adaptation. University of California Press. pp. 25–27. ISBN 978-0-520-04667-2.
- ↑ 38.0 38.1 38.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;:2
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 39.0 39.1 39.2 39.3 Daily, Keralakaumudi. "ഗ്രാമവൃക്ഷത്തിലെ കുയിൽ പാടിക്കൊണ്ടിരിക്കുന്നു" (in ഇംഗ്ലീഷ്). Retrieved 2022-12-06.
- ↑ 40.0 40.1 "വിദ്യാവിപ്ലവത്തിന്റെ രസതന്ത്രം". Retrieved 2022-12-06.
- ↑ ഡെസ്ക്, വെബ് (2020-05-16). "ഇൗഴവർക്ക് ആത്മാഭിമാനം പകർന്ന യോഗം | Madhyamam". Retrieved 2022-12-06.
{{cite web}}
: zero width space character in|title=
at position 10 (help) - ↑ വേലായുധൻ, മീര (2021-09-01). "തിരുവിതാംകൂർ ഈഴവരുടെ ഇടയിലെ സാമൂഹ്യപരിഷ്ക്കരണം, നിയമം, ലിംഗാധിഷ്ഠിത സ്വത്വനിർമ്മിതി" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-12-06.
- ↑ Radhakrishnan, Kuttoor (2017 മാർച്ച് 4). "Ezhavas has got a paternal lineage of European origin: Study".
{{cite news}}
: Check date values in:|date=
(help)
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഈഴവർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |