ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ബംഗാൾ നേറ്റീവ് ഇൻഫന്ററിയിലെ 34-ആം റജിമെന്റിൽ ശിപായി ആയി ജോലി ചെയ്തിരുന്ന വ്യക്തിയാണ് മംഗൽ പാണ്ഡേ (19 ജൂലൈ 1827 – 8 ഏപ്രിൽ 1857) (Hindi: मंगल पांडे). ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യസമരസേനാനിയായി പലരും കണക്കാക്കുന്നത് ഇദ്ദേഹത്തെയാണ്.[1]

മംഗൾ പാണ്ഡേ
Mangal pandey gimp.jpg
ജനനം(1827-07-19)19 ജൂലൈ 1827
മരണം8 ഏപ്രിൽ 1857(1857-04-08) (പ്രായം 29)
തൊഴിൽ34 ആം ബംഗാൾ റെജിമെന്റിലെ ശിപായി
അറിയപ്പെടുന്നത്കലാപകാരി/ ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനി

ജീവിതംതിരുത്തുക

ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലുള്ള നഗ്‌വ എന്ന ഗ്രാമത്തിൽ 1827 ജൂലൈ 19-ന്, ഒരു ഭുമിഹർ ബ്രാഹ്മണ കുടുംബത്തിലായിരുന്നു മംഗൽ പാണ്ഡേയുടെ ജനനം.[2]

1849-ൽ തന്റെ 22-ആം വയസ്സിൽ മംഗൽ പാണ്ഡേ ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ചേർന്നു. 34-ആം ബംഗാൾ നേറ്റീവ് ഇൻഫന്ററിയിലെ അഞ്ചാം കമ്പനിയിലാണ് ശിപായി ആയി മംഗൽ പാണ്ഡേ ഉദ്യോഗത്തിൽ പ്രവേശിച്ചത്.[3] ഒരു സാധാരണ ശിപായി ആയിരുന്ന മംഗൽ പാണ്ഡേ, പിൽകാലത്ത് ശിപായി ലഹള എന്നറിയപ്പെട്ട ഒരു സംഭവവുമായി ബന്ധപ്പെട്ടാണ് രാജ്യം മുഴുവൻ അറിയുന്ന ഒരു വ്യക്തിയായത്. 1857-ൽ നടന്ന് ഈ ലഹള ഇന്ത്യയിലെ ആദ്യ സ്വാതന്ത്ര്യ സമരമായി കണക്കാക്കപ്പെടുന്നു. ഒരു തികഞ്ഞ ഹിന്ദു വിശ്വാസിയായ മംഗൽ പാണ്ഡേ, തന്റെ മതത്തിന്റെ വിശ്വാസങ്ങളെ ഹനിക്കുന്നരീതിയിലുള്ള ബ്രിട്ടീഷ് സർക്കാരിന്റെ നയങ്ങൾക്കെതിരേ പ്രതിഷേധിച്ചതാണ് ഈ സമരത്തിന്റെ മൂലകാരണം.

1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരംതിരുത്തുക

1857-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണത്തിന് എതിരെ അതേ കമ്പനി സൈന്യത്തിലെ ശിപായിമാർ എന്നു വിളിച്ചിരുന്ന ഇന്ത്യക്കാരായ ഭടന്മാർ തുടങ്ങുകയും മുഗൾ രാജാവ് ബഹദൂർഷായെ നേതൃത്വത്തിൽ അവരോധിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും, ഉത്തര-മദ്ധ്യേന്ത്യയിൽ ആകെ പരക്കുകയും ചെയ്ത ഒരു സായുധസമരമാണ് 1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്ന് അറിയപ്പെടുന്നത്[4]. ശിപായിലഹള എന്നാണ് ബ്രിട്ടീഷുകാർ ഈ സമരത്തെ വിളിച്ചിരുന്നത്[5]. മഹാവിപ്ലവം, ഇന്ത്യൻ ലഹള, 1857ലെ കലാപം എന്നിങ്ങനെ പല പേരുകളിലും ഈ കലാപം അറിയപ്പെടുന്നു.

1857 മാർച്ച് 29ന് കൽക്കട്ടക്കടുത്തുള്ള ബാരഖ്പൂർ എന്ന സൈനികതാവളത്തിൽ മംഗൽ പാണ്ഡേ തന്റെ മേധാവിയും, 34 ആം റെജിമെന്റിന്റെ ഓഫീസറുമായ ലഫ്ടനന്റ്, ബോഗിനെതിരേ വെടിയുതിർത്തു. എന്നാൽ മംഗൽ പാണ്ഡേക്ക് ലക്ഷ്യം കണ്ടെത്താനായില്ല. തിരികെ വെടിവെച്ച ബോഗിന്റെ ലക്ഷ്യവും പാഴായി. എന്നാൽ ബോഗിന്റ കുതിരക്ക് വെടിയേറ്റിരുന്നു. താഴെ വീണ ബോഗിനെ മംഗൽ തന്റെ വാളുകൊണ്ട് പരുക്കേൽപ്പിക്കാൻ ശ്രമിച്ചു. ഈ സമയം അടുത്തുണ്ടായിരുന്നു മറ്റൊരു സൈനികനായിരുന്ന ഷെയ്ക് പാൾത്തു മംഗൽ പാണ്ഡേയെ തടയുകയുണ്ടായി. ഈ വിവരം അറിഞ്ഞ് പരേഡ് മൈതാനത്തെത്തിയ സെർജന്റ് മേജർ ജോയ്സി ഹെർസെ ഇന്ത്യാക്കാരനായ ഇഷാരി പാണ്ഡേയോട് മംഗൽ പാണ്ഡേയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. എന്നാൽ ഇഷാരി തന്റെ മേലധികാരിയുടെ ഉത്തരവിനെ നിരസിച്ചു.[6] മറ്റു ശിപായിമാർ മംഗൽ പാണ്ഡേയെ വിട്ടയക്കാൻ ഷെയ്ക്ക് പാൾത്തുവിനോട് ആവശ്യപ്പെട്ടെങ്കിലും അയാൾ തയ്യാറായില്ല. ഉടൻ തന്നെ അവർ അയാൾക്കു നേരെ കല്ലുകൾ വലിച്ചെറിയാൻ തുടങ്ങി. ജോയ്സിയുടെ ഉത്തരവിനെ ആരും തന്നെ അനുസരിക്കാൻ തയ്യാറായില്ല, തന്റെ ആജ്ഞയെ അനുസരിക്കാത്തവരെ വെടിവെക്കുമെന്ന് അയാൾ ആക്രോശിക്കാൻ തുടങ്ങി. ഈ സമയത്ത് തന്റെ തോക്കിൽ നിന്ന് മംഗൽ സ്വയം വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. നിസ്സാരമായ പരുക്കേറ്റ മംഗൽ പാണ്ഡേയെ അറസ്റ്റ് ചെയ്തു.

കാരണംതിരുത്തുക

ബംഗാൾ സൈന്യത്തിൽ പുതിയതായി എത്തിയ എൻഫീൽഡ്-പി-53 തോക്കുകളിൽ ഉപയോഗിക്കുന്ന തിരകളെക്കുറിച്ചുള്ള ദുരീകരിക്കാത്ത സംശയങ്ങളായിരുന്നു മംഗൽ പാണ്ഡേയുടെ പെരുമാറ്റത്തിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. തോക്കുകളിൽ ഉപയോഗിക്കുന്നതിനു മുമ്പായി തിരകൾ പൊതിഞ്ഞിരിക്കുന്ന കടലാസുകൊണ്ടുള്ള ആവരണം പട്ടാളക്കാർ കടിച്ചു തുറക്കേണ്ടിയിരുന്നു. ഈ കടലാസ് ആവരണത്തിൽ പന്നിയുടേയും, പശുവിന്റേയും കൊഴുപ്പ് ഉപയോഗിച്ചിട്ടുണ്ടെന്ന കിംവദന്തി പട്ടാളക്കാർക്കിടയിൽ പെട്ടെന്നു പടർന്നു. ഹിന്ദു മതത്തിൽ പശു ഒരു വിശുദ്ധ മൃഗമായി കണക്കാക്കിയിരുന്നു, മുസ്ലിം സമുദായത്തിൽ പന്നി ഒരു വർജ്ജിക്കപ്പെട്ട മൃഗവുമായിരുന്നു. തങ്ങളുടെ മതവികാരങ്ങളെ ഹനിക്കാനുള്ള ബ്രിട്ടീഷുകാരുടെ മനപൂർവ്വമുള്ള ഒരു ശ്രമമായി യാഥാസ്ഥിതിക ഹിന്ദു, മുസ്ലിം സമുദായക്കാർ കരുതി.[7] ഈ കടലാസ് ആവരണത്തിൽ മെഴുകും, ആടിന്റെ മാംസത്തിൽ നിന്നെടുക്കുന്ന കൊഴുപ്പും മാത്രമേ ഉപയോഗിച്ചിരുന്നുള്ളു. ഹിന്ദുക്കളേയും, മുസ്ലിങ്ങളേയും തങ്ങളുടെ മതത്തെ ധിക്കരിക്കുക വഴി, ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം നടത്താനുള്ള ശ്രമമായി പോലും ഈ സംഭവം വ്യാഖ്യാനിക്കപ്പെട്ടു. അതുപോലെ, പട്ടാളക്കാർക്കു ഭക്ഷണത്തിനായി നൽകിയ ഗോതമ്പു പൊടിയിൽ പശുവിന്റെ എല്ലു പൊടിച്ചു ചേർത്തിരുന്നുവെന്ന വ്യാജവാർത്തയും പ്രചരിക്കപ്പെട്ടു.[8]

56ആം ബംഗാൾ ഇൻഫൻട്രിയിലെ ക്യാപ്ടനായിരുന്ന വില്ല്യം ഹാലിഡേയുടെ ഭാര്യ, ഉറുദുവിൽ അച്ചടിച്ച ബൈബിൾ ശിപായിമാർക്കിടയിൽ വിതരണം ചെയ്തിരുന്നു. ഇത്തരം നടപടികൾ, ബ്രിട്ടീഷുകാരെക്കുറിച്ചുള്ള ശിപായിമാരുടെ സംശയം കൂടുതൽ വർദ്ധിപ്പിച്ചു.

അനന്തരഫലങ്ങൾതിരുത്തുക

 
1857 ലെ കലാപത്തിന്റെ ഒരു ചിത്രം

34 ആം ബംഗാൾ നേറ്റീവ് ഇൻഫെൻട്രി പിരിച്ചുവിട്ടു. തങ്ങളുടെ മേലധികാരിക്കെതിരായി ഉണ്ടായ ഒരു ആക്രമണത്തെ ചെറുക്കുന്നതിൽ ശിപായിമാർ പരാജയപ്പെട്ടു എന്നതായിരുന്നു കാരണം. ബ്രിട്ടീഷ് സർക്കാർ ഉപയോഗിച്ച ഒരു അന്വേഷണകമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. മംഗൾ പാണ്ഡേയെ പിടികൂടിയ ഷെയ്ക്ക് പാൾത്തുവിന് ഉടനടി തന്നെ ഹവിൽദാർ എന്ന തസ്തികയിലേക്ക് ഉദ്യോഗകകയറ്റം നൽകി. 34 ആം ബംഗാൾ നേറ്റീബ് ഇൻഫെൻട്രിയെക്കുറിച്ച് വളരെ നല്ല അഭിപ്രായം തന്നെയാണ് സർക്കാരിനുണ്ടായിരുന്നതെങ്കിലും, മംഗൾ പാണ്ഡേ സംഭവം ആ റെജിമെന്റിൽ ബ്രിട്ടീഷുകാർക്കുണ്ടായ വിശ്വാസത്തെ തല്ലിക്കെടുത്തി.

മംഗൽ പാണ്ഡേയുടെ പ്രവൃത്തി അപ്രതീക്ഷിമായിരുന്നു. അത്തരമൊരു നടപടിക്കു തുനിയുന്നതിനു മുമ്പ് പാണ്ഡേ, തന്റെ സഹപ്രവർത്തകരുമായി ഒരു വട്ടം പോലും ആലോചിച്ചിരുന്നില്ല. മംഗൾ പാണ്ഡേയുടെ പ്രവർത്തിയോടുള്ള പിന്തുണക്കുപരി ബ്രിട്ടീഷ് മേധാവികളോടുള്ള ദേഷ്യമായിരുന്നു മറ്റു ശിപായിമാരെ വെറും കാഴ്ചക്കാരായി മാറ്റാനുള്ള കാരണമായി ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നത്.[9]

വിവാദംതിരുത്തുക

1857 മേയിൽ മീറഠിൽ നടന്ന ലഹളയുടെ പൊട്ടിപ്പുറപ്പെടലിന് മംഗൽ പാണ്ഡെക്ക് യഥാർത്ഥത്തിൽ ഒരു ബന്ധവുമുണ്ടായിരുന്നില്ലെന്ന് സമർത്ഥിക്കപ്പെടുന്ന വാദമുഖങ്ങളുണ്ട്. പക്ഷെ ഭൂരിഭാഗം സ്വാതന്ത്ര്യ സമര അനുബന്ധ രചനകളിലും 1857-ലെ ശിപായി ലഹളയുണ്ടായതിൻ്റെ പല വിധ സാഹചര്യങ്ങളിൽ ഒന്നായി മംഗൾ പാണ്ഡെയുടെ വധശിക്ഷ ചൂണ്ടിക്കാട്ടുന്നുണ്ട്. [10][11][12]


മറ്റ് വിവരങ്ങൾതിരുത്തുക

 • മംഗൽ പാണ്ഡയോടുള്ള ആദര സൂചകമായി ഭരതസർക്കാർ തപാൽ സ്റ്റാമ്പ് 1984-ൽ പുറത്തിറക്കി.
 • ഇദ്ദേഹത്തിന്റെ ജീവിതം, മംഗൽ പാണ്ഡേ: ദ റൈസിങ്ങ് എന്ന പേരിൽ കേതൻ മേത്ത സിനിമയാക്കിയിട്ടുണ്ട്. ആമിർ ഖാൻ ആയിരുന്നു ഈ ചിത്രത്തിൽ മംഗൽ പാണ്ഡേ ആയി അഭിനയിച്ചത്.[13]

അവലംബംതിരുത്തുക

 1. എം.ജി., അഗ്രവാൾ. ഫ്രീഡം ഫൈറ്റേഴ്സ് ഓഫ് ഇന്ത്യ (വോള്യം 3). ഇഷ ബുക്സ്. p. 144. ISBN 81-8205-471-0. ഭാരതത്തിലെ ആദ്യസ്വാതന്ത്ര്യസമരസേനാനി
 2. മിശ്ര, അമരേഷ്, മംഗൽ പാണ്ഡേ: ട്രൂ സ്റ്റോറി ഓഫ് ആൻ ഇന്ത്യൻ റെവല്യൂഷണറി, 2005, രൂപാ & കമ്പനി പബ്ലിഷർ. ഡൽഹി
 3. എം.ജി., അഗ്രവാൾ. ഫ്രീഡം ഫൈറ്റേഴ്സ് ഓഫ് ഇന്ത്യ (വോള്യം 3). ഇഷ ബുക്സ്. p. 144. ISBN 81-8205-471-0.
 4. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 730. 2012 ഫെബ്രുവരി 20. ശേഖരിച്ചത് 2013 മെയ് 05. Check date values in: |accessdate= (help)
 5. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 718. 2011 നവംബർ 28. ശേഖരിച്ചത് 2013 ഏപ്രിൽ 07.
 6. എം.ജി., അഗ്രവാൾ. ഫ്രീഡം ഫൈറ്റേഴ്സ് ഓഫ് ഇന്ത്യ (വോള്യം 3). ഇഷ ബുക്സ്. p. 145. ISBN 81-8205-471-0. മംഗൽ പാണ്ഡേ ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥനെ ആക്രമിക്കുന്നു
 7. വിനായക് ദാമോദർ, സവർക്കർ (1986). ഇന്ത്യൻ വാർ ഓഫ് ഇൻഡിപെൻഡൻസ്. എ.ബി.ഇ.ബുക്സ്. Unknown parameter |coauthors= ignored (|author= suggested) (help)
 8. എം.ജി., അഗ്രവാൾ. ഫ്രീഡം ഫൈറ്റേഴ്സ് ഓഫ് ഇന്ത്യ (വോള്യം 3). ഇഷ ബുക്സ്. p. 147. ISBN 81-8205-471-0. തിരകളുടെ ആവരണത്തിൽ ചേർത്തിരിക്കുന്ന കൊഴുപ്പിനെക്കുറിച്ചുള്ള വ്യാജവാർത്ത
 9. ദുരേന്ദ്രനാഥ് സെൻ, പുറം 50 എയ്റ്റീൻ ഫിഫ്ടി സെവൻ, പബ്ലിക്കേഷൻ ഡിവിഷൻ, മിനിസ്ട്രി ഓഫ് ഇൻഫോർമേഷൻ & ബ്രോഡ്കാസ്റ്റിങ്, ഭാരത സർക്കാർ, മേയ് 1957
 10. വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (ഭാഷ: ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. p. 20. ISBN 9780670999255. ശേഖരിച്ചത് 2013 ജൂലൈ 4. ഗൂഗിൾ ബുക്സ് കണ്ണി
 11. രുദ്രാംശു മുഖർജി (2005). മംഗൽ പാണ്ഡെ: ബ്രേവ് മാർട്ടിർ ഓർ ആക്സിഡെന്റൽ ഹീറോ? (ഭാഷ: ഇംഗ്ലീഷ്). p. 63. ISBN 978-0143032564.
 12. "മംഗൾ പാണ്ഡേ എ ഹീറോ ഓർ സീറോ". ടൈംസ്ഓഫ് ഇന്ത്യ. 28-ജൂലൈ-2005. ശേഖരിച്ചത് 26-ജനുവരി-2014. Check date values in: |accessdate=, |date= (help)
 13. "ദ റൈസിംഗ് ബല്ലാഡ് ഓഫ് മംഗൾ പാണ്ഡേ". ഐ.എം.ഡി.ബി.


       ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ            
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...
"https://ml.wikipedia.org/w/index.php?title=മംഗൽ_പാണ്ഡേ&oldid=3334549" എന്ന താളിൽനിന്ന് ശേഖരിച്ചത്