തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ്

നാട്ടുരാജ്യമായ തിരുവിതാംകൂറിൽ ഉത്തരവാദഭരണം സ്ഥാപിക്കണമെന്നു് ആവശ്യപ്പെട്ടു് 1938-ൽ രൂപവത്‍കരിച്ച സ്വതന്ത്ര രാഷ്ട്രീയ കക്ഷി. സ്റ്റേറ്റ് കോൺഗ്രസ്, സംസ്ഥാന കോൺഗ്രസ് എന്നീ പേരുകളിലും ഇതു് അറിയപ്പെട്ടു.

പശ്ചാത്തലം

തിരുത്തുക

1935-ലെ ഇന്ത്യാ ആക്റ്റ് അനുസരിച്ചു് ബ്രിട്ടീഷ് ഇന്ത്യയിൽ ജനകീയമന്ത്രിസഭകളുണ്ടായതിനെ തുടർ‍ന്നു് നാട്ടുരാജ്യങ്ങളിൽ പ്രായപൂർ‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ‍ ഉത്തരവാദഭരണം വേണമെന്ന ആവശ്യം ശക്തിയാർ‍ജിച്ചു.1938-ലെ എ ഐ സി സിയ്ക്കു് മുമ്പു് തിരുവനന്തപുരത്തു് പട്ടാഭി സീതാരാമയ്യയുടെ അദ്ധ്യക്ഷതയിൽ‍ കൂടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവിതാംകൂർ‍ ഘടകത്തിന്റെ സമ്മേളനം എത്രയും പെട്ടെന്നു് കൊച്ചിയിലും തിരുവിതാംകൂറിലും ഉത്തരവാദഭരണം സ്ഥാപിക്കണമെന്നു് ആവശ്യപ്പെട്ടു.

1938-ഫെബ്രുവരിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഹരിപുര സമ്മേളനം നാട്ടുരാജ്യങ്ങളിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മറ്റികൾ നാട്ടുരാജ്യങ്ങളിലെ രാഷ്ട്രീയ മുന്നേറ്റങ്ങളിൽ സജീവമായി ഇടപെടേണ്ടതില്ലെന്നും രാഷ്ട്രീയ പ്രക്ഷോഭങ്ങൾ‍ മുന്നോട്ടുകൊണ്ടുപോകാൻ സ്വതന്ത്ര രാഷ്ട്രീയ സംഘടനകൾക്കു് പ്രോത്സാഹനം നൽകാമെന്നും തീരുമാനിച്ചു.

ഹരിപുര എ ഐ സി സി തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ 1938-ഫെബ്രുവരിയിൽ തന്നെ തിരുവനന്തപുരത്തു് എ നാരായണപിള്ളയുടെ വക്കീലാഫീസിൽ സി. വി. കുഞ്ഞിരാമന്റെ അദ്ധ്യക്ഷതയിൽ‍ കൂടിയ രാഷ്ട്രീയ നേതൃയോഗം തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് എന്ന പേരിൽ സ്വതന്ത്ര രാഷ്ട്രീയ കക്ഷി രൂപവത്‍കരിക്കാൻ തീരുമാനിച്ചു. പട്ടം എ. താണുപിള്ളയെ അതിന്റെ പ്രസിഡന്റായും പി. എസ് നടരാജപിള്ളയെ സെക്രട്ടറിയായും തെരഞ്ഞെടുത്തു് കൊണ്ടു് താല്ക്കാലിക സമിതിയും രൂപവത്‍കരിച്ചു. തിരുവിതാംകൂറിൽ ഉത്തരവാദഭരണത്തിനായുള്ള പ്രക്ഷോഭം തുടങ്ങാനുള്ള തീരുമാനത്തോടെ സ്റ്റേറ്റ് കോൺഗ്രസ് നിലവിൽ വന്നു.

ഉത്തരവാദ ഭരണത്തിനായുള്ള പ്രക്ഷോഭം

തിരുത്തുക

ഉത്തരവാദ ഭരണത്തിനായുള്ള പ്രക്ഷോഭം തുടങ്ങാനുള്ള നീക്കത്തെ അത്യന്തം ജനാധിപത്യവിരുദ്ധമായരീതിയിൽ ദിവാൻ സർ സി പി നേരിട്ടു.1938 ഓഗസ്റ്റ് 26-ന്‌ സ്റ്റേറ്റ്‌ കോൺഗ്രസ്സ്‌ പ്രത്യക്ഷസമരം ആരംഭിച്ചു. രാമസ്വാമി അയ്യർ സ്റ്റേറ്റ്‌ കോൺഗ്രസ്സിനേയും യുവജന സംഘടനയായ യൂത്ത്‌ ലീഗിനേയും നിയമവിരുദ്ധമായി പ്രഖ്യാപിച്ചു.

എന്നാൽ ഇതോടെ സ്റ്റേറ്റ്‌ കോൺഗ്രസ്സ്‌ പ്രവർത്തനരീതി മാറ്റി. സമരതന്ത്രത്തിന്റെ ഭാഗമെന്ന നിലയിൽ പ്രവർത്തകസമിതി പിരിച്ചു് വിട്ടു, പ്രസിഡന്റിന്‌ സർവ്വാധികാരവും നൽകി നിയമലംഘനസമരം തുടങ്ങാൻ അവർ തീരുമാനിച്ചു. 1938 ഓഗസ്റ്റ് 26-ന്‌ കോൺഗ്രസ്സ്‌ പ്രസിഡന്റ്‌ പട്ടം താണുപിള്ള അറസ്റ്റ്‌ ചെയ്യപ്പെട്ടു. തുടർന്നു വന്ന സർവ്വാധികാരികളായ 10 പ്രസിഡന്റുമാരും (അക്കാമ്മ ചെറിയാനും ഉൾപ്പെടെ) തുടരെ തുടരെ അറസ്റ്റ്‌ ചെയ്യപ്പെട്ടു. നൂറുകണക്കിനു‌ പ്രവർത്തകർ നിയമലംഘനത്തിന്‌ അറസ്റ്റിലായി. പലയിടത്തും ലാത്തിച്ചാർജ്ജ്‌, വെടിവെയ്പ്‌ എന്നിവ അരങ്ങേറി.

അവസാനം, 1947 സെപ്തംബർ‍ 4-നു് രാജാവു് ശ്രീ ചിത്തിര തിരുന്നാൾ ഉത്തരവാദഭരണം ഏർ‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവു് പുറപ്പെടുവിക്കാൻ‍ നിർബന്ധിതനായി. സംസ്ഥാനഭരണഘടനയ്ക്കു് രൂപം കൊടുക്കുന്നതിനുള്ള പ്രതിനിധിസഭ പ്രായപൂർ‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ‍ 1948 ഫെബ്രുവരിയിൽ ഉണ്ടായി.1948 മാർ‍ച്ച് 24നു് പ്രതിനിധിസഭ നിയമനിർ‍മാണസഭയെന്നപേരിൽ‍ നിലവിൽ ‍വന്നു. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷംനേടിയ സ്റ്റേറ്റ് കോൺഗ്രസ് 1948 മാർ‍ച്ച് 24നു് തന്നെ പട്ടം എ. താണുപിള്ള പ്രധാനമന്ത്രിയും സി. കേശവൻ, ടി. എം. വർഗ്ഗീസ് തുടങ്ങിയവർ മന്ത്രിമാരുമായുള്ള മന്ത്രി സഭ രൂപവൽ‍ക്കരിച്ചു് ചുമതലയേറ്റു.

1949 ജൂലൈ 1നു് തിരുവിതാംകൂറും കൊച്ചിയും ചേർ‍ന്നു് തിരു-കൊച്ചിയായപ്പോൾ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് എന്ന കക്ഷി തിരു -കൊച്ചി സ്റ്റേറ്റ്‌ കോൺഗ്രസ്സ് ആയി മാറി. ഈ കക്ഷി വിഘടിക്കുകയും ഒരു വിഭാഗം പട്ടം എ. താണുപിള്ളയുടെ നേതൃത്വത്തിൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലും മറുവിഭാഗം എ.ജെ. ജോൺ ആനാപ്പറമ്പിൽ, സി. കേശവൻ, ടി.എം. വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിലും ചേർ‍ന്നു് ഇല്ലാതാവുകയും ചെയ്തു.